ഒരു തീയക്കുട്ടിയുടെ വിചാരം: എൻ. കുമാരനാശാൻ

ഒരു തീയക്കുട്ടിയുടെ വിചാരം ഉയര്‍ത്തുന്ന സാമൂഹിക ചിന്തകള്‍ 

മഹാകവി എന്‍. കുമാരനാശാന്‍ 1908 ല്‍ എഴുതിയ കവിതയാണ്‌ ഒരു തീയക്കുട്ടിയുടെ വിചാരം. സ്‌നേഹോപാസകനായ കവി, ദാര്‍ശനികനായ കവി മുതലായ വിശേഷണങ്ങള്‍ ആശാന്റെ കവിത്വസപര്യയെ വിശേഷിപ്പിക്കാന്‍ ആരംഭിക്കുന്നതിനു മുന്നേയുള്ള കാലം. വീണപൂവ്‌ എഴുതിക്കഴിഞ്ഞിരുന്നു. സഹൃദയശ്രദ്ധ നേടിയെടുക്കാന്‍ അതിനാകുന്നതേയുള്ളൂ. നാരായണഗുരുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ട്‌ സമുദായത്തില്‍ പ്രചരിപ്പിക്കാന്‍ ആശാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയില്‍ എഴുതിയ കാവ്യമാണല്ലോ വീണപൂവ്‌. ഗുരുവിന്റെ സമത്വവീക്ഷണം ആശാന്‍ അതില്‍ പ്രചരിപ്പിക്കുകയുണ്ടായി. ഉദാഹരണം:

``ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ/ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം''

ഒരു ജീവിയും മറ്റൊന്നിനെ അപേക്ഷിച്ച്‌ ശ്രേഷ്‌ഠജന്മമാകുന്നില്ല. എല്ലാം സമാനമാണ്‌. എല്ലാം സൃഷ്‌ടിച്ചത്‌ സാക്ഷാല്‍ സര്‍വേശ്വരനുമാണ്‌. വരേണ്യവിഭാഗത്തിന്റെ ധാര്‍ഷ്‌ട്യത്തിന്‌ പ്രഹരമാകുന്ന ആശയമാണിത്‌. മാനവികതയുടെ ഉദ്‌ഘോഷണം വീണപൂവ്‌ സാധിക്കുന്നു. ഗുരുവിന്റെ ആശയങ്ങള്‍ സമൂഹത്തിലേക്കെത്തിക്കാന്‍ സാമുദായികപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാവ്യങ്ങളേയും ആശാന്‍ ഉപയോഗപ്പെടുത്തി. തന്റെ സമുദായം ജാതി മൂലം അനുഭവിച്ച ദുരിതങ്ങള്‍ അതിനെതിരെ പൊരുതുവാനുള്ള ഊര്‍ജ്ജം ആശാനു പകര്‍ന്നു. സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാക്കുന്നതില്‍ കവിതയ്‌ക്ക്‌ വലിയ പ്രാധാന്യമുണ്ടെന്ന്‌ തിരിച്ചറിഞ്ഞ കവിയാണദ്ദേഹം. 1903 ല്‍ രൂപീകൃതമായ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു കുമാരനാശാന്‍. അതിനാല്‍ സമുദായക്ഷേമം അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയായിരുന്നു.

മനുഷ്യത്വത്തിന്റെ മാനദണ്‌ഡം കൊണ്ടാണ്‌ സമൂഹികവും സാമുദായികവുമായ വിഷയങ്ങളെ ആശാന്‍ അഭിമുഖീകരിച്ചത്‌. സമുദായത്തിന്റെ അഭിവൃദ്ധിയായിരുന്നു അതിന്റെ ലക്ഷ്യം. ഈഴവനായതുകൊണ്ട്‌ അനുഭവിക്കേണ്ടി വന്ന അവഗണനയും നിന്ദയും ശ്വാസം മുട്ടിക്കുന്നതായിരുന്നു. സാമൂഹികജീവിതത്തില്‍ പ്രമാണികളായ ഈഴവര്‍ക്ക്‌ വലിയസ്വാതന്ത്ര്യമൊന്നും ലഭിച്ചിരുന്നില്ല. സാധാരണക്കാരായ ഈഴവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചൊന്നും കൂടുതല്‍ ചിന്തിച്ചതുമില്ല. ശ്രീനാരായണഗുരുവിന്റെ മാനസപുത്രനായി അറിയപ്പെട്ട, ചിന്നസ്വാമിയെന്നു വിളിക്കപ്പെട്ട, കുമാരനാശാന്‌ എസ്‌.എന്‍.ഡി.പി.(ശ്രീ.നാ.ധ.പ) യെന്നാല്‍ നാരായണഗുരുവിന്റെ പാദങ്ങള്‍ തന്നെയായിരുന്നു. അതുല്യമായ ഗുരുഭക്തിയായിരുന്നു അതിലേക്ക്‌ ആശാനെ നയിച്ചതെന്നര്‍ത്ഥം. അക്കാലത്ത്‌ ഈഴവന്‌ സ്വതന്ത്രമായി പൊതു നിരത്തിലൂടെ നടക്കാനും, വിദ്യാഭ്യാസം നിര്‍വഹിക്കാനും, പൊതുഇടങ്ങള്‍ ഉപയോഗിക്കാനും സാദ്ധ്യമല്ലായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചിരുന്നില്ല. പഠിക്കാന്‍ പറ്റിയിരുന്നില്ല. വിലക്കുകള്‍ സമൃദ്ധമായിരുന്നു. ഇങ്ങനെ വലഞ്ഞ ഈഴവര്‍ക്ക്‌ സംഘടന വലിയ ആശ്വാസമായിരുന്നു. 1903 ല്‍ എസ്‌.എന്‍.ഡി.പി യോഗത്തിന്റെ നിയമാവലിയുടെ ആദ്യപതിപ്പിന്റെ മുഖവുരയില്‍ ആശാന്‍ ഇപ്രകാരം എഴുതി:

``നമ്മുടെ ധര്‍മ്മപരിപാലന യോഗം വന്ദ്യനായ അരുവിപ്പുറം മഠത്തില്‍ ബ്രഹ്മശ്രീ നാരായണഗുരുസ്വാമി അവര്‍കളുടെ നിര്‍മ്മലമായ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ടതാകുന്നു. സ്വജാതിയില്‍ ഇത്ര യോഗ്യനായ ഒരു മതാചാര്യനെ ലഭിച്ചത്‌ നമ്മുടെ സമുദായത്തിന്‌ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഭാഗ്യങ്ങളില്‍ വെച്ച്‌ ഏറ്റവും പ്രധാനമായിട്ടുള്ള ഒന്നാണെന്ന്‌ അദ്ദേഹത്തെ സംബന്ധിച്ച്‌ അല്‌പജ്ഞാനമുള്ളവരും സമ്മതിക്കാതിരിക്കില്ല.''

ആശാന്‌ ഗുരുവിനോടുള്ള അകൈതവമായ ആദരവ്‌ ഇവിടെ പ്രകടമാണല്ലോ. അതിന്റെ പ്രകാശനമെന്ന നിലയിലും സമുദായം അനുഭവിക്കുന്ന ശോച്യവസ്ഥ പരിഹരിക്കണമെന്ന ആഗ്രഹം വെച്ചുപുലര്‍ത്തിക്കൊണ്ടും എഴുതിയ കാവ്യമെന്ന്‌ ഒരു തീയക്കുട്ടിയുടെ വിചാരത്തെ വിശേഷിപ്പിക്കാം. ഈഴവരുടെ ഉന്നമനം തടസ്സപ്പെടുത്തുന്ന ഘടകങ്ങളെ ഈ കവിതയില്‍ വിശകലനം ചെയ്യുവാനുള്ള അവസരം വായനക്കാരില്‍ സൃഷ്‌ടിക്കുകയാണദ്ദേഹം. മനുഷ്യന്റെ അടിസ്ഥാനസ്വഭാവത്തിന്‌ വലിയ പരിവര്‍ത്തനം സംഭവിച്ചിരിക്കുകയാണ്‌. പരസ്‌പരമുള്ള ആക്ഷേപങ്ങളും അവഹേളനങ്ങളും ചെളിവാരിയെറിയലും വിവിധജാതിക്കാര്‍ തമ്മില്‍ മാത്രമല്ല, ജാതിക്കുള്ളില്‍ തന്നെ നടക്കുന്നു. ഇത്‌ സാമൂഹികാന്തരീക്ഷത്തെയാകെ മലിനമാക്കുന്നു. പാവം സമുദായക്കാര്‍ക്ക്‌ പഠിക്കാനും വളരാനും അവസരം ലഭിക്കുന്നില്ല. വരേണ്യരും സാമ്പത്തികശേഷിയുള്ളവരും സ്ഥാനമാനങ്ങളും അവസരങ്ങളും തട്ടിയെടുക്കുന്നു. ഭാരതത്തിന്റെ ഭാവി ജാതിയുടെ പേരില്‍ മത്സരിക്കുന്ന കൂട്ടരുടെ കയ്യിലാണെങ്കില്‍ സംഭവിക്കുക അധോഗതിയായിരിക്കും. ഇപ്രകാരമുള്ള ആശയങ്ങളുമായി ചേര്‍ത്തുവായിക്കാന്‍ സാധിക്കുന്ന കാവ്യമാണ്‌ ഒരു തീയക്കുട്ടിയുടെ വിചാരം.

ആശാനെഴുതിയ സമുദായകവിതകളിലൊന്ന്‌ എന്ന്‌ അറിയപ്പെടുന്ന കവിതയാണ്‌ ഒരു തീയക്കുട്ടിയുടെ വിചാരം. ഈഴവസമുദായത്തിന്റെ ഐക്യവും ഭദ്രതയും ഉറപ്പുവരുത്താനും, വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമുദായികപുരോഗതി കൈവരിക്കാനാവുകയുള്ളൂ എന്ന ആശയം ഊട്ടിയുറപ്പിക്കാനും ഈ കവിത പ്രയോജനപ്പെടും. എസ്‌.എന്‍.ഡി.പി.യില്‍ വിശ്വാസമര്‍പ്പിക്കാനും അതില്‍ അംഗങ്ങളാകാനും ഈഴവര്‍ക്ക്‌ പ്രചോദനമേകാനും ഗുരുവിന്റെ ആശയങ്ങള്‍ക്ക്‌ പ്രചാരം നല്‌കാനും ഈ കവിത വഴി ആശാന്‍ ഉദ്ദേശിക്കുന്നു. പത്തു ശ്ലോകങ്ങളിലാണ്‌ കവിതയിലെ ആശയം ഇതള്‍ വിരിയുന്നത്‌. ആശാന്റെ സാമുദായികപ്രതിബദ്ധതയ്‌ക്ക്‌ ഉത്തമ ഉദാഹരണമെന്ന നിലയില്‍ ഒരു തീയക്കുട്ടിയുടെ വിചാരത്തെ കാണാം. പത്തുശ്ലോകങ്ങളിലൂടെ ഈഴവസമുദായം അനുഭവിക്കുന്ന പ്രയാസങ്ങളും അതിന്‌ പരിഹാരമെന്ന കണക്കെ ഉയര്‍ന്നുവന്ന സംഘത്തെ പ്രത്യാശയോടെ സമീപിക്കുന്നതും ഈ കവിതയുടെ പ്രത്യേകതകളാണ്‌.

ശ്ലോകങ്ങളിലെ മുഖ്യാശയം:

1.മനുഷ്യവംശത്തിനു സംഭവിച്ച മൂല്യച്യുതി പരാമര്‍ശിച്ചുകൊണ്ടാണ്‌ കവിതയാരംഭിക്കുന്നത്‌. മനുഷ്യര്‍ ഈശ്വരന്റെ വരദാനമാണ്‌. ഈശ്വരബന്ധുക്കളാണ്‌ എന്ന കഥയൊക്കെ വിസ്‌മരിച്ചിരിക്കുന്നു. പലവിധ അസൂയകള്‍ വളര്‍ന്ന്‌, മനുഷ്യരുടെ സ്വഭാവത്തില്‍ പണ്ടുണ്ടായിരുന്ന ശുദ്ധഗതി പൂര്‍ണ്ണമായും കൈമോശം വന്ന്‌ കാപട്യം വശത്താക്കിയ ഓരോ കൂട്ടരും പരസ്‌പരം മത്സരിക്കുകയാണ്‌.

ജാതി,മതമാത്സര്യം മാത്രമല്ല ആശാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്‌. ജാതിക്കുള്ളില്‍ തന്നെ സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള അന്തരം വളരെവലുതാണ്‌. സാധാരണക്കാരനു ലഭിക്കേണ്ട പലവിധ ആനുകൂല്യങ്ങളും സമ്പന്നര്‍ കൈക്കലാക്കുകയാണ്‌. മറ്റുള്ളവരെ തുലച്ചിട്ടായാലും തന്റെ കാര്യം നേടണമെന്നാഗ്രഹിക്കുന്നവരെക്കൊണ്ട്‌ ഭൂമി നിറഞ്ഞിരിക്കുന്നു.

2. എളിമയുള്ളവനെ എങ്ങനെ ചവിട്ടിത്താഴ്‌ത്താമെന്ന്‌ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഒരു കൂട്ടര്‍. അതിനായി സഭകളില്‍ വെറും ഭംഗിവാക്കുകള്‍ മാത്രം പറയുന്നു. ചതിയില്‍ സാമര്‍ത്ഥ്യം കൂടിയവന്‍ എവിടെയും വിജയിക്കുന്നു. പാവങ്ങള്‍ പരാജിതരും നിരാശയുള്ളവരുമാകുന്നു.

പതമുള്ളിടത്തു പാതാളം കുഴിക്കുവാനൊരുങ്ങുകയാണ്‌ മനുഷ്യര്‍. ഭംഗിയുള്ള വാക്കുകള്‍ വിതറുന്നു. വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു പൊരുത്തവും കാണാനുമില്ല. ജാതിക്കെതിരായി പറയുന്നവന്‍ തന്നെ ഗോപ്യമായും അല്ലാതെയും അതു ദീക്ഷിക്കുന്നു. നമ്മുടെ ചുറ്റിലും വഞ്ചിക്കുന്നവര്‍ പെരുകുകയാണ്‌. ഇവിടെ പാവപ്പെട്ടവര്‍ക്ക്‌ രക്ഷയില്ലാതെയാകുന്നു. അവര്‍ക്ക്‌ വിദ്യാഭ്യാസവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു.

3. പണ്ട്‌ പണ്‌ഡിതന്‍ ദാരിദ്രനാവുകയെന്നത്‌ സ്വാഭാവികമായിരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍, ഈ ലോകത്തില്‍ ആ ദാരിദ്ര്യം വിദ്യാഭ്യാസമില്ലാത്തവന്‌ അനുഭവിക്കേണ്ടി വന്നു. അതും സ്വാഭാവികം തന്നെ. എന്നാല്‍ പണ്ട്‌ അറിവ്‌ നേടാന്‍ ആരും പണം ചെലവഴിച്ചിരുന്നില്ല. എന്നാല്‍, ഇന്ന്‌ പണം ചെലവഴിക്കാതെ വിദ്യ അഭ്യസിക്കാനാകാത്ത അവസ്ഥയാണ്‌.

കാലത്തിനു വന്ന മാറ്റത്തെക്കുറിച്ചു വാചാലനാവുകയാണ്‌ കവി. അതോടൊപ്പം വിദ്യാഭ്യാസമെന്ന മുഖ്യവിഷയത്തില്‍ ഊന്നുകയും ചെയ്യുന്നു. വിദ്യാഭ്യാസം സമൂഹത്തിന്റെ ഉന്നമനത്തിന്‌ അനിവാര്യഘടകമാണ്‌. കാശുള്ളവനേ ഇന്നത്തെ കാലഘട്ടത്തില്‍ പഠിക്കാനാകൂ എന്നാണ്‌ ആശാന്‍ ഉദ്ദേശിച്ചത്‌. കാശില്ലാത്ത പാവങ്ങള്‍ക്ക്‌ വിദ്യയും അന്യം.

4. ഇംഗ്ലീഷു വിദ്യാഭ്യാസമാണ്‌ സമുദായപുരോഗതിക്ക്‌ അവശ്യം വേണ്ടത്‌. എന്നാല്‍ അങ്ങനെ ഉയരാമെന്നു വിചാരിച്ചാല്‍ ഇന്ന്‌ അതും അസാദ്ധ്യം തന്നെ. ഇംഗ്ലീഷുവിദ്യാഭ്യാസം നേടണമെങ്കില്‍ ധാരാളം ധനം വേണം. ചിന്തിച്ചു നോക്കിയാല്‍ നമ്മുടെ കൂട്ടര്‍, സമുദായക്കാര്‍, ഭൂരിഭാഗവും ദരിദ്രര്‍ തന്നെ. 

ഇംഗ്ലീഷുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ കവി ബോധവാനാണ്‌. ബാംഗ്ലൂര്‍, കല്‍ക്കട്ട മുതലായ ഇടങ്ങളില്‍ വെച്ച്‌ ഇംഗ്ലീഷുപഠനത്തിന്റെ മേന്മ അനുഭവിച്ചറിയാന്‍ ആശാനു സാധിച്ചിട്ടുണ്ട്‌. കൂടുതല്‍ പഠിക്കുന്നതിലൂടെ ഈഴവസമുദായം വലിയ പുരോഗതി കൈവരിക്കുമെന്ന്‌ ആശാന്‍ പ്രതീക്ഷിക്കുന്നു.

5. വിദ്യാഭ്യാസം കരഗതമാക്കിയ തറവാടുകള്‍ ഈഴവസമുദായത്തില്‍ വളരെ കുറവാണ്‌. സമുദായത്തില്‍ നിന്നും സര്‍ക്കാര്‍ സര്‍വീസിലും മറ്റും ഉയര്‍ന്ന ജോലിയുള്ളവരും വളരെ വളരെ തുച്ഛമാണ്‌. ആരെങ്കിലും വിചാരിച്ചാല്‍ ചില നേട്ടമൊക്കെ കൈവരിക്കാനാകും. ഒന്നു രണ്ടാള്‍ കൂടിഉന്നതനിലയിലെത്തും. അതു മാത്രം മതിയോ? ഇത്‌ വലിയ സമുദായമാണല്ലോ.

സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള സത്യസന്ധമായ കഥനമാണ്‌ ആശാന്റെ ഈ കവിത. ഇത്‌ സാമുദായിക കവിതയാണ്‌. ബഹുഭൂരിപക്ഷം ജനവും ഈഴവവിഭാഗത്തില്‍ പെടുന്നവരാണ്‌. എന്നിട്ടും ചിലര്‍ക്കെങ്കിലും സ്ഥാനലബ്‌ധി കിട്ടാന്‍ സമുദായസ്‌നേഹികളായ ആരുടെയെങ്കിലും കാരുണ്യം വേണമെന്നായിരിക്കുന്നു.

6. അങ്ങനെ നമ്മുടെ ഭാവി ആശങ്കാകുലമായിരിക്കുന്നു. ചിലര്‍ നമ്മുടെ ഈ കഷ്‌ടത കണ്ട്‌ സന്തോഷിക്കാനിടയുണ്ട്‌. അത്‌ നാം കാര്യമാക്കേണ്ട. ഭാഗ്യം(ദിഷ്‌ടം) നമുക്ക്‌ കുറവാണ്‌. അതോടൊപ്പം സമുദായകാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരും ഇഷ്‌ടപ്പെടുന്നവരും നമ്മുടെ കൂട്ടത്തില്‍ കുറവുതന്നെ.

സമുദായം നേരിടുന്ന പ്രതിസന്ധികളിലേക്കു വായനക്കാരനെ നയിക്കാന്‍ പര്യാപ്‌തമാണ്‌ ആശാന്റെ വരികള്‍. ഭൂരിപക്ഷ വിഭാഗമാണെങ്കിലും സമൂഹത്തില്‍ ഏറ്റവുമധികം അലസരും അതിലുണ്ട്‌.

7. ഈഴവര്‍ വിദ്യാഭ്യാസമില്ലാത്തവരാകട്ടെ, ഇക്കൂട്ടര്‍ക്ക്‌ ഉദ്യോഗവും ബലവും ഇല്ലാതെ പോകട്ടെ എന്നിങ്ങനെയുള്ള ചീത്തമോഹത്താല്‍ ചില ദയാശൂന്യരായിട്ടുള്ള ദുഷ്‌ടന്മാര്‍ പാവപ്പെട്ടവരുടെ വിദ്യാലയപ്രവേശനത്തെയും അവർക്കായുള്ള  വിദ്യാലയസ്ഥാപനത്തെയും തടയുന്നു.

വിദ്യാലയപ്രവേശനത്തിലൂടെ മാത്രമേ അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അകറ്റാനാവുകയുള്ളൂ. ഈഴവര്‍ ഉയരാന്‍ പാടില്ലെന്നാഗ്രഹിക്കുന്ന ഒരു വരേണ്യവിഭാഗം സമുദായത്തിന്റെ അഭിവൃദ്ധിസാദ്ധ്യതകളെ തുരങ്കം വെക്കുന്നുവെന്ന ആരോപണമല്ലേ കവി ഉയര്‍ത്തുന്നത്‌?

8. അല്ലയോ ഭാരതമാതാവേ, നീയെന്തിനാണ്‌ വിലപിക്കുന്നത്‌? നിന്റെ ഈ പാരതന്ത്ര്യം, സ്വാതന്ത്ര്യമില്ലാത്ത നിന്റെ ഈ അവസ്ഥ, നിനക്ക്‌ വിധി തന്നെ കല്‌പിച്ചുതന്നതാണ്‌. അമ്മേ, ചിന്തിക്കൂ, ജാതിയാകുന്ന മദിരയാല്‍ അന്ധരായി തമ്മില്‍ പോരടിച്ച്‌ തുലയുന്ന നിന്റെ മക്കള്‍ക്ക്‌ എന്തിനാണ്‌ സ്വരാജ്യം?

വളരെ പ്രശസ്‌തമായ ആശാന്റെ വരികളാണിവ. ആശാന്‍ ഏറെ പഴി കേട്ടിട്ടുള്ളതും ഈ വരികളെമുന്‍നിര്‍ത്തിയാണ്‌. കാര്യബോധമില്ലാത്ത സമയത്താണിതിന്റെ രചന എന്നൊന്നും പറയുവാനാകില്ല.

ഇതേ കാലത്തെഴുതിയ `വീണപൂവ്‌' ഇന്നും വായിക്കപ്പെടുന്നുണ്ടല്ലോ. തികഞ്ഞ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ കവിതയിലെ വരികള്‍ എഴുതിയിട്ടുള്ളത്‌. ജാതിചിന്ത ഒഴിവാകാത്ത നാട്ടില്‍ സ്വാതന്ത്ര്യം കൊണ്ട്‌ എന്തു പ്രയോജനമെന്ന ചോദ്യമാണ്‌ ആശാന്‍ ഉയര്‍ത്തുന്നത്‌. കാരണം, `സ്വരാജ്‌' നേടിയാലും ജാതി പാവം ജനതയെ ബന്ധനത്തിലാക്കുമെന്ന്‌ ആശാനറിയാമായിരുന്നു. ആദ്യം ജാതിയുടെ പേരില്‍ തമ്മില്‍ത്തല്ലുന്നത്‌ നിര്‍ത്തലാണ്‌. അത്‌ അസാദ്ധ്യവുമാണ്‌, അന്ന്‌. ആശാന്‍ സ്വാതന്ത്ര്യപോരാട്ടത്തെ പിന്തുണച്ചില്ലെന്നായിരുന്നല്ലോ വിമര്‍ശനം.

9. നമ്മള്‍ നമ്മുടെ നന്മയ്‌ക്കായി ഒന്നിക്കണം. പ്രയത്‌നിച്ചു കഴിഞ്ഞാല്‍ വേണ്ടത്ര ഐശ്വര്യം ആര്‍ക്കും ഉളവാകും. ഈശ്വരകൃപയാല്‍ നമ്മുടെ മദ്ധ്യത്തില്‍ `ശ്രീ-നാ-ധ-പ' (ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം) എന്ന ശ്രേഷ്‌ഠമായ, വളരെയേറെ വിലമതിക്കാവുന്ന ഒരു സംഘടന രൂപം കൊണ്ടിരിക്കുന്നു.

ഈശ്വരകൃപയെന്നതു കൊണ്ട്‌ നാരായണഗുരുവിന്റെ കൃപ എന്നുതന്നെയാകാം ആശാന്‍ ഉദ്ദേശിച്ചത്‌. മഹത്തായ ഈ സംഘടനയെ വാഴ്‌ത്തുകയും അതിനെക്കുറിച്ചുള്ള അറിവ്‌ സൃഷ്‌ടിക്കുകയും ചെയ്യുകയാണ്‌ കവി.

10. കൂടപ്പിറപ്പുകളേ, മനസ്സില്‍ ഐക്യത്തിന്റെ ബലം ഉള്ളവരായി മാറണം. യോജിപ്പുള്ളവരാകണം. അങ്ങനെ പരിശ്രമിച്ചാല്‍ എല്ലാം ഭംഗിയാകും. പരസ്‌പരം സഹായിക്കാന്‍ മനഃസ്ഥിതി കാട്ടുന്നവര്‍ക്കൊപ്പമാണ്‌ ദയാലുവായ ദേവന്‍ നില്‌ക്കുക. അവരെയാണ്‌ സഹായിക്കുക.

ഇവിടെയും നാരായണഗുരുവിന്റെ പാവനതയാണ്‌ ആശാന്‍ വിഷയമാക്കുന്നത്‌. സമുദായം ഐക്യപ്പെടണമെന്നും നാരായണസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നുമുള്ള തീവ്രമായ ആഗ്രഹം ഈ കവിതയില്‍ പ്രകടമാണ്‌.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ