ഇന്ദുലേഖ (1889): ഒ. ചന്തുമേനോൻ

ഇന്ദുലേഖ (1889): ഒ. ചന്തുമേനോൻ

“ആദ്യമായി  രസിപ്പിക്കുക, ചിന്തിപ്പിക്കുക, ഗുണദോഷിക്കുക എന്നതാണ് ചന്തുമേനോൻ്റെ ഉന്നം” എന്ന് എൻ. കൃഷ്ണപ്പിള്ള എന്ന പ്രശസ്തനിരൂപകൻ തൻ്റെ സാഹിത്യ ചരിത്രമായ കൈരളിയുടെ കഥയിൽ അഭിപ്രായപ്പെടുന്നു. പി.കെ. രാജശേഖരൻ പറയുന്നത് ഇപ്രകാരമാണ്: '’സ്ത്രീ മോചകമായ ഒരു പ്രസ്താവമാണ് ഇന്ദുലേഖ. പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസത്തിൻ്റെയും കൊളോണിയൽ ആധുനികത്വത്തിൻ്റെയും രാഷ്ട്രീയ സാമൂഹിക പരിവർത്തനങ്ങളുടെയും ഫലമായി രൂപപ്പെട്ട കേരളാധുനികത്വത്തിൻ്റെയും ആധുനികഗദ്യത്തിൻ്റെയും മതനിരപേക്ഷമായ സാഹിത്യബോധത്തിൻ്റെയും വിപ്ലവസന്താനമായ ഇന്ദുലേഖ, മലയാളത്തിൽ ഒരു പക്ഷേ, ഇന്ത്യയിൽത്തന്നെയും മറ്റൊരു സാഹിത്യകൃതിയും മുമ്പെങ്ങും സംസാരിച്ചിട്ടില്ലാത്ത വിധം സ്ത്രീയെക്കുറിച്ചു സംസാരിച്ചു”

മൂന്നു തരത്തിലുള്ള കഥാപാത്രങ്ങളാണ് ചന്തുമേനോൻ്റെ നോവലിലുള്ളതെന്ന് കെ.പി.ശരച്ചന്ദ്രൻ പറയുന്നു. (ചന്തുമേനോൻ- അരങ്ങും അണിയറയും). ഒന്ന്, പാരമ്പര്യത്തെ ധിക്കരിച്ച് പുരോഗാമിത്വത്തെ അഭിലഷിക്കുന്നവർ. രണ്ട്, പാരമ്പര്യത്തിൻ്റെ അടിമകൾ. മൂന്ന്, പാരമ്പര്യത്തെയും പുരോഗാമിത്വത്തെയും സമന്വയിപ്പിക്കാൻ ശ്രമിക്കുന്നവർ.

മരുമക്കത്തായം, കൂട്ടുകുടുംബ വ്യവസ്ഥ, ജാതീയത, അജ്ഞാനം, അന്ധവിശ്വാസം, പുരുഷാധികാരം സംബന്ധ വിവാഹം എന്നിങ്ങനെയുള്ള തലങ്ങളെ ഈ കൃതി എതിർക്കുന്നു. സ്വാതന്ത്ര്യത്തിനും സ്ത്രീപുരുഷ സമത്വത്തിനും ഊന്നൽ നല്കുന്നു.

വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ പ്രശ്നങ്ങൾ, സ്ത്രീസ്വത്വ നിഷേധത്തിൻ്റെ പ്രശ്നങ്ങൾ, വിവാഹമെന്ന സ്ഥാപനത്തിൻ്റെ അധാർമികതയും ജനാധിപത്യരാഹിത്യവും , ലൈംഗിക അരാജകത്വത്തിലേക്കു പതിക്കുന്ന സമുദായാചാരങ്ങളുടെ പ്രശ്നങ്ങൾ ഇവയെല്ലാം അന്തർലീനമായ സാമൂഹിക ക്രമക്കേടിൻ്റെ വസ്തുതാ വിവരണമാണ് ഇന്ദുലേഖയിലെ കല്യാണിക്കുട്ടിയുടെ സംബന്ധക്രിയയിലൂടെ കേരള സമൂഹത്തിൽ അവതരിപ്പിക്കപ്പെടുന്നത്’’

(ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ - ഇന്ദുലേഖ വിമർശനവും വിധിയെഴുത്തും)

ഇന്ദുലേഖയിലെ മുഖ്യകഥാപാത്രങ്ങളെ പരിചയപ്പെടാം:

മാധവൻ

നായകൻ. പഞ്ചുമേനോൻ്റെ മരുമകൻ, ഇന്ദുലേഖയുടെ കാമുകൻ. പരമ്പരാഗത ഫ്യൂഡൽ ചിന്തയ്ക്കെതിരെ പ്രതികരിക്കാനുള്ള അറിവും കഴിവും മാധവനുണ്ടായിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹം വളരുകയുള്ളൂ. അടിമത്തം അവസാനിക്കൂ. അതിനാൽ ശിന്നനെ മദിരാശിയിൽ കൊണ്ടുപോയി ഇംഗ്ലീഷ് പഠിപ്പിക്കാനൊരുങ്ങുന്നു. ഇത് കാരണവർ എതിർക്കുന്നു. സംബന്ധക്കാരൻ്റെ മകനാണ് ശിന്നൻ. അവനായി കൂടുതൽ പണം ചെലവഴിക്കാനാകില്ല. ഇതിനെ മാധവൻ ചോദ്യം ചെയ്യുന്നു. അമ്മാവനായ ശങ്കരമേനോൻ ഉപദേശിച്ചിട്ടും ഇതിൽ നിന്നും പിന്മാറുന്നില്ല. 

ഇന്ദുലേഖയോട് മാധവന് ആഴത്തിലുള്ള സ്നേഹമുണ്ട്. പക്ഷേ, ഇന്ദുലേഖയ്ക്ക് തന്നോട് അപ്രകാരമുണ്ടോ എന്നു സംശയിക്കുന്നു. കാരണം, പ്രഭുക്കന്മാരും രാജാക്കന്മാരുമൊക്കെ ഇന്ദുലേഖയെ ഭാര്യയായി കിട്ടാൻ ആഗ്രഹിക്കുന്നു. ഈ ചിന്താഗതി പറഞ്ഞപ്പോളാണ് ഇന്ദുലേഖ മാധവനെ ശപ്പൻ എന്നു വിളിച്ചത്. മദിരാശിയിലേക്കെത്തുന്ന മാധവൻ ബി.എൽ. പാസ്സാവുകയും നല്ലൊരു ജോലിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇന്ദുലേഖയ്ക്ക് ഇത് സന്തോഷം നല്കുന്നു. സൂരി നമ്പൂതിരി ഇന്ദുലേഖയെ സംബന്ധം ചെയ്തുവെന്ന വ്യാജവാർത്ത നാട്ടിലേക്കെത്തുന്ന സന്ദർഭത്തിൽ മാധവൻ കേൾക്കുകയും നിരാശനായി നാടുവിടുകയും ചെയ്യുന്നു. കൊൽക്കത്തയിൽ വെച്ച് ധനികരായ ചില സുഹൃത്തുക്കളെ ലഭിക്കുന്നു. അവരുടെ ആതിഥ്യം സ്വീകരിച്ച് കുറച്ചു നാൾ തങ്ങി ബോംബെയിലേക്ക് വരുമ്പോൾ ഒരു കള്ളൻ മാധവനെ കൊള്ളയടിക്കുന്നു. എന്നാൽ, ഭാഗ്യവശാൽ ആ പ്രതിസന്ധി പരിഹരിക്കപ്പെടുകയും കേശബ്ചന്ദ്രസെന്നിൻ്റെ വസതിയിൽ കഴിയുകയും ചെയ്യുന്നു. അപ്പോഴേക്കും നാട്ടിൽ സംഭവങ്ങളുടെ ഗതി എല്ലാർക്കും ബോദ്ധ്യപ്പെട്ടു. മാധവനെ അന്വേഷിച്ച് ഗോവിന്ദൻകുട്ടിമേനവനും (പഞ്ചുമേനോൻ്റെ മകൻ) ഗോവിന്ദപ്പണിക്കരും പുറപ്പെടുകയും ബോംബെയിൽ, മേൽപ്പറഞ്ഞ ഇടത്തു വെച്ച് കണ്ടുമുട്ടുകയും ചെയ്യുന്നു. നാട്ടിലെത്തിയതോടെ ഇന്ദുലേഖയുടെ കണ്ണീർ തോർന്നു. നല്ല ജീവിതത്തിലേക്ക് അവർ പ്രവേശിച്ചു.

മാധവൻ ഉത്പതിഷ്ണുത്വമുള്ള -പുരോഗമനാശയങ്ങൾ വെച്ചു പുലർത്തുന്ന യുവതയുടെ പ്രതീകമാണ്. യാഥാസ്ഥിതികതയും ഉത്പതിഷ്ണുത്വവും തമ്മിലുള്ള, പഴമയും പുതുമയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഉത്പതിഷ്ണുത്വത്തിൻ്റെ, പുതുമയുടെ, പുരോഗമനാശയങ്ങളുടെ വിജയമാകുന്നു ഇന്ദുലേഖ എന്ന നോവൽ.

ഇന്ദുലേഖ

പഞ്ചുമേനോൻ്റെ മകളായ ലക്ഷ്മിക്കുട്ടിയമ്മയുടെയും കിളിമാനൂർ തമ്പുരാൻ്റെയും മകൾ. ശൈശവത്തിൽ തന്നെ പിതാവിനെ നഷ്ടമായി. തുടർന്ന് കൊച്ചുകൃഷ്ണമേനോനാണ് (തറവാട്ടു കാരണവരായ പഞ്ചുമേനോൻ്റെ മൂത്ത മകൻ) ഇന്ദുലേഖയെ വളർത്തിയത്.

അവൾ സുന്ദരിയും സുശീലയുമാണ്. ഇംഗ്ലീഷ് പഠിച്ചവളാണ്.

ചന്തുമേനോൻ എഴുതുന്നു:”ഇംഗ്ലീഷ് പഠിച്ചതിനാൽ താൻ ഒരു മലയാള സ്ത്രീയാണെന്നുള്ള നില ലേശം വിട്ടിട്ടില്ല. ഹിന്തുമതദ്വേഷമാകട്ടെ, നിരീശ്വര മതമാകട്ടെ, നിർഭാഗ്യവശാൽ ചിലപ്പോൾ ചില പഠിപ്പുള്ള ചെറുപ്പക്കാർക്ക് ഉണ്ടാകുന്ന പോലെ സർവരിലും ഉള്ള ഒരു പുച്ഛരസമാവട്ടെ ഇന്ദുലേഖയെ കേവലം ബാധിച്ചിട്ടേ ഇല്ല.”

എഴുത്തുകാരൻ്റെ ഉദാരമായ പ്രശംസയാണിത്. താൻ ഒരു മാതൃകാ മലയാള വനിതയെയാണ് അവതരിപ്പിക്കുന്നതെന്ന ബോദ്ധ്യമാകാം ഈ വർണ്ണനയ്ക്കു പിന്നിൽ. ഇംഗ്ലീഷിനൊപ്പം ഇന്ദുലേഖ സംഗീതവിജ്ഞാനവും നന്നായി നേടിയിട്ടുണ്ട്. തൻ്റേടം വേണ്ടത്ര കൈമുതലായിട്ടുള്ളവളാണ് ഇന്ദുലേഖ. അവൾക്ക് തൻ്റേതായ നിലപാടുകളുണ്ട്. 

“എൻ്റെ മനസ്സ് സാദ്ധ്യമല്ലാത്തതിൽ ആഗ്രഹിക്കാറില്ല” എന്ന് അവൾ മാധവനോട് പറയുന്നു. മറ്റൊരു സന്ദർഭത്തിൽ,” ഞാൻ സുന്ദരനായ ഒരു യുവാവെ കാണുന്നു. ആ യുവാവ് എൻ്റെ ഭർത്താവായിരിപ്പാൻ യോഗ്യനോ എന്ന് എൻ്റെ മനസ്സിനു ബോദ്ധ്യപ്പെടുന്നതിനു മുമ്പ് ആ പുരുഷനിൽ എൻ്റെ മനസ്സു പ്രവേശിക്കയില്ല” എന്നു പറയുന്നു. തനിക്ക് ബോദ്ധ്യപ്പെട്ടാൽ മാത്രമേ താൻ സ്വീകരിക്കൂ എന്ന് പറയുക വഴി തന്നിൽ വിശ്വാസമർപ്പിക്കുന്ന പുതുവഴി സ്ത്രീകളിൽ തുറക്കാൻ സാധിക്കുന്നു. സ്ത്രീയുടെ വിവാഹാദി കാര്യങ്ങൾ പുരുഷാധികാരത്തിൻ്റെ പരിധിയിൽ വരുന്നതിനെതിരായ എതിർപ്പ് ഇവിടെ കാണാം.

ഒരു സന്ദർഭത്തിൽ തന്നെ വെറുതെ സംശയിച്ച മാധവനെ ശപ്പൻ എന്ന് അവൾ വിളിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് വളരെ വ്യക്തമായ നിലപാടുകൾ അവൾ പ്രകടിപ്പിക്കുന്നു. മാധവൻ നായർ സ്ത്രീകളുടെ സംബന്ധാചാരത്തെ മുൻനിർത്തി അവരുടെ പാതിവ്രത്യത്തെ സംശയിക്കുമ്പോൾ, ആ വാദം അസംബന്ധമാണെന്ന് അവൾ സമർത്ഥിക്കുന്നു. മലയാളത്തിലെ സ്ത്രീകൾ അന്യരാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ പാതിവ്രത്യധർമ്മം ആചരിക്കുന്നില്ലെന്നാണ് മാധവൻ പറയുന്നത്. അവർ യഥേഷ്ടം ഭർത്താക്കന്മാരെ എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനു മറുപടിയായി, മലയാള സ്ത്രീകൾ പതിവ്രതാധർമ്മം വെടിഞ്ഞിട്ടില്ലെന്ന് ഇന്ദുലേഖ സമർത്ഥിക്കുന്നു. ഭർത്താക്കന്മാരെ എടുക്കാനും ഉപേക്ഷിക്കാനുമുള്ള സ്വതന്ത്രത വളരെ ശ്ലാഘനീയമായ അവസ്ഥയാണെന്ന് അവൾ നിലപാടെടുക്കുന്നു. യൂറോപ്പിൽക്കൂടി ഈ സ്വതന്ത്രത ഇല്ല. ഈ സ്വതന്ത്രത നല്ലതാണ്. അമേരിക്ക രാജ്യത്തിലുള്ള വളരെ മഹാന്മാരും ഈ സ്വതന്ത്രത എല്ലായ്പ്പോഴും ഉണ്ടായിരിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടതായി ഞാൻ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് തൻ്റെ കാഴ്ച്ചപ്പാടിനെ സാധൂകരിക്കുന്നത്.

മാധവനോടുള്ള സ്നേഹം തുറന്നു പറയേണ്ട സമയത്തു മാത്രം പറയാനുള്ള ആർജ്ജവവും അവൾ കാട്ടുന്നു. 

സൂരി നമ്പൂതിരിപ്പാടിനോട് ഞാൻ എന്ന് പറഞ്ഞു സംസാരിക്കാൻ അവൾക്ക് ധൈര്യമുണ്ട്. നമ്പൂതിരിപ്പാടിൻ്റെ മുന്നിൽ അടിയൻ എന്നും മറ്റും ഉപചാരവാക്കുകൾ പറയുന്നതിനു പകരമായാണ് ഈ പ്രയോഗം. തൻ്റെ സ്വത്വത്തെ നമ്പൂതിരിപ്പാടിനു മുന്നിൽ ഉയർത്തിക്കാട്ടുകയാണ് ഇന്ദുലേഖ. ഞാൻ എന്നു പറഞ്ഞപ്പോൾ നമ്പൂതിരിപ്പാട് ഞെട്ടുന്നുണ്ട്. ഇങ്ങനെ ആഢ്യത്വത്തെയാകെ ഞെട്ടിക്കുകയാണല്ലോ ചന്തുമേനോൻ ചെയ്യുന്നത്. നമ്പൂതിരിപ്പാടിൻ്റെ ആഭാസകരമായ സംസാരം സരസതയോടെ കേട്ടു നില്ക്കാനും വേണ്ടിടത്തെല്ലാം ചുട്ട മറുപടി നല്കാനും അവൾക്കു സാധിക്കുന്നുണ്ട്. നമ്പൂതിരിപ്പാട് ഒരു ശ്ലോകം ചൊല്ലാൻ ശ്രമിച്ചു ദയനീയമായി പരാജയപ്പെടുന്നതൊക്കെ രസകരമായ രംഗങ്ങളാണ്. ഇന്ദുലേഖയ്ക്ക് കളിഭ്രാന്തുണ്ടോ എന്ന ചോദ്യത്തിന്, എനിക്ക് ഒരു വകയായും ഭ്രാന്ത് ഇതുവരെ ഒന്നും ഉണ്ടായിട്ടില്ലെന്ന് അവൾ മറുപടി പറയുന്നു. രണ്ടാമത്തെ കൂടിക്കാഴ്ച്ചയോടെ ഇന്ദുലേഖ തനിക്കു പറ്റിയവളല്ലെന്ന് സൂരിക്കു തീരുമാനിക്കേണ്ടിവന്നു. മാധവനുമായുള്ള സമാഗമത്തിന് ചില പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും ഇരുവരുടെയും ആഗ്രഹത്തിനൊത്ത് കാര്യങ്ങൾ സാധിക്കുന്നു.

പഞ്ചുമേനോൻ, കുഞ്ഞുക്കുട്ടിയമ്മ

പഞ്ചുമേനോൻ: പൂവള്ളി ചെമ്പാഴിയോട്ടു തറവാട്ടു കാരണവർ, ക്ഷിപ്രകോപി. ഇന്ദുലേഖയെ മാധവനു കൊടുക്കില്ലെന്നു ശപഥം ചെയ്തു. ഇന്ദുലേഖ പ്രിയപ്പെട്ട പേരമകൾ. 

എൻ്റെ ശ്രീ പോർക്കലി ഭഗവതിയാണെ, ഞാൻ മാധവനെ ഇന്ദുലേഖയ്ക്ക് കൊടുക്കയില്ല എന്ന് അദ്ദേഹം ശപഥം ചെയ്തു. എന്നാൽ ഈ ശപഥത്തിൽ നിന്നും കഥാന്ത്യത്തിൽ അദ്ദേഹത്തിനു പിന്തിരിയേണ്ടി വരുന്നു. ശിന്നനെ മാധവൻ ഇംഗ്ലീഷ് പഠിപ്പിക്കാൻ മദിരാശിയിൽ കൊണ്ടുപോയതിൻ്റെ കോപം മുഴുവൻ ശിന്നൻ്റെ അച്ഛനായ ശീനുപട്ടരോടും മക്കളോടും തീർക്കുകയാണ്. അവരെ ചീത്ത പറയാനും അടിക്കാനും അദ്ദേഹത്തിന് മടിയില്ല. ശീനുപട്ടരെ കോമട്ടിയെന്നു വിളിച്ച് അധിക്ഷേപിക്കുന്നു. യഥാർത്ഥത്തിൽ ഇന്ദുലേഖയെ അദ്ദേഹത്തിനു ഭയമാണ്. പരമ്പരാഗത ഹൈന്ദവ പുരുഷാധികാര പ്രതീകമാണ് പഞ്ചുമേനോൻ.

ഭാര്യ- കുഞ്ഞുക്കുട്ടിയമ്മ

കുഞ്ഞുക്കുട്ടിയമ്മ ഭർത്തൃഹിതം നോക്കി നടക്കുന്ന സ്ത്രീയാണ്. പുരുഷാധികാരത്തിന് വിധേയയാണ്. തൻ്റെ ഭർത്താവായ പഞ്ചുമേനോൻ തനിക്കും മക്കൾക്കും ജീവിക്കാൻ വേണ്ടതൊക്കെ തന്നിട്ടുണ്ടെന്നുള്ളതിൽ കൃതജ്ഞയാണ് കുഞ്ഞുക്കുട്ടിയമ്മ. ഇന്ദുലേഖയ്ക്ക് നല്ല സംബന്ധം വരുന്നതിൽ അവർക്ക് സന്തോഷമുണ്ട്. പണവും പ്രതാപവുമാണ് നോക്കേണ്ടത്, പ്രായമല്ല എന്നാണ് കുഞ്ഞുക്കുട്ടിയമ്മ പറയുന്നത്. പെണ്ണ് സുഖിക്കണമെങ്കിൽ ഭർത്താവിനു പണം വേണമെന്ന സാമാന്യബോധം അവർ പ്രകടിപ്പിക്കുന്നു.

ഗോവിന്ദപ്പണിക്കരും പാർവതിയമ്മയും

മാധവൻ്റെ അച്ഛനമ്മമാരാണ്. ഗോവിന്ദപ്പണിക്കർ സാത്വികനായ, നന്മയുള്ള കഥാപാത്രമാണ്. മകനെ നല്ലവണ്ണം സ്നേഹിക്കുന്നു. പഞ്ചുമേനോൻ്റെ ദൗർബല്യമൊക്കെ മനസ്സിലാക്കി വെച്ചിട്ടുണ്ട്. 

പാർവതിയമ്മ പുരുഷാധികാരം വക വെച്ചു കൊടുക്കുന്നവരാണ്. ഭർത്താവിനെയും മകനെയും സ്നേഹിക്കുന്നു. തറവാട്ടു കാരണവരുടെ അധികാരത്തെ ഭയക്കുന്നു. വലിയമ്മാവൻ പഠിപ്പിക്കാതിരുന്നാൽ ശിന്നൻ പഠിക്കണ്ട എന്നാണ് പാർവതിയമ്മ മാധവനോടു പറയുന്നത്. സ്ത്രീകൾ അടുക്കളയിലും അമ്പാത്തും ഒതുങ്ങിക്കഴിയണമെന്ന സിദ്ധാന്തത്തിൻ്റെ വക്താവാണ് അവർ.

ശീനുപട്ടരും കുമ്മിണിയമ്മയും

ശീനുപട്ടർ കുമ്മിണിയമ്മയുടെ സംബന്ധക്കാരനാണ്. കുമ്മിണിയമ്മ പഞ്ചുമേനോൻ്റെ വകയിൽ ഒരു സഹോദരിയാണ്. തറവാട്ടിൽ തന്നെയാണ് താമസിക്കുന്നത്. ശീനുപട്ടർ അവിടെത്തന്നെ കഴിയുന്നു. പഞ്ചുമേനോന് ഇവരെ പുച്ഛമാണ്. ഇവരുടെ മകനായ ശിന്നനെ മദിരാശിയിൽ ഇംഗ്ലീഷു പഠിപ്പിക്കാൻ മാധവൻ കൊണ്ടു പോകുന്നതാണ് തർക്കത്തിന് കാരണമാകുന്നത്. ഏറ്റവും ഇളയവനായ ശിന്നനെക്കൂടാതെ ചാത്തിരൻ, ഗോപാലൻ, കല്യാണിക്കുട്ടി എന്നിങ്ങനെ മൂന്നു മക്കൾ കൂടി അവർക്കുണ്ട്. ചാത്തിരൻ മുതിർന്നവരോടു ബഹുമാനം ഉള്ളയാളാണ്. “ കാരണവർക്ക് നാം കീഴടങ്ങേണ്ടേ?” എന്നാണ് മാധവനോട് ചാത്തിരമേനോൻ ചോദിക്കുന്നത്.

ഗോപാലൻ പുതിയ തലമുറയുടെ പ്രതിനിധിയാണ്. കാരണവരെ എതിർക്കാൻ അവൻ മടിക്കുന്നില്ല. തൻ്റെ മക്കളുടെ വളർച്ചയ്ക്കെതിരു നില്ക്കുന്ന കാരണവരെ ശീനു പട്ടരും എതിർക്കുന്നു. കല്യാണിക്കുട്ടി ഇരയാണ്. അവൾ പഠിപ്പില്ലാത്തവളാണ്. അതിനാൽ തൻ്റെ സംബന്ധത്തിൽ അഭിപ്രായം പറയാൻ കഴിയുന്നില്ല.

കുമ്മിണിയമ്മ കാരണവരുടെ തീരുമാനത്തെ ധിക്കരിക്കാൻ ശക്തിയില്ലാത്തവളാണ്. അതൊക്കെ വിധിയെന്ന് ചിന്തിക്കുന്നവരാണ്.

ലക്ഷ്മിക്കുട്ടിയമ്മ, കറുത്തേടത്ത് കേശവൻ നമ്പൂതിരി

ലക്ഷ്മിക്കുട്ടിയമ്മ ഇന്ദുലേഖയുടെ അമ്മയാണ്. പഞ്ചുമേനോൻ്റെ മകളാണ്. അവരുടെ ആദ്യഭർത്താവ് കിളിമാനൂർ തമ്പുരാനാണ്. ഇന്ദുലേഖയുടെ ശൈശവത്തിൽ തന്നെ അദ്ദേഹം അന്തരിച്ചു. അതിനുശേഷം കറുത്തേടത്ത് കേശവൻ നമ്പൂതിരി അവരെ സംബന്ധം ചെയ്തു. ലക്ഷ്മിക്കുട്ടിയമ്മ തൻ്റെ മകളായ ഇന്ദുലേഖയുമായുള്ള സംസർഗ്ഗത്താൽ കുറച്ചൊക്കെ ലോകബോധവും ശാസ്ത്രസംബന്ധിയായ അറിവും സിദ്ധിച്ചവളാണ്. അതിനാൽ പഞ്ചുമേനോനോട് ‘ഞാൻ’ എന്ന് സ്വയം സംബോധന ചെയ്തു സംസാരിക്കാനുള്ള തൻ്റേടം ഉള്ളവളാണ്. കറുത്തേടത്തിൻ്റെ അബദ്ധധാരണകളെ തിരുത്താൻ പോന്ന മിടുക്കിയാണ്. 

കറുത്തേടം ശാസ്ത്രബോധമോ യുക്തിയോ തൊട്ടുതെറിപ്പിക്കാത്ത ചിന്താഗതിയുള്ളയാളാണ്. സാമ്പ്രദായികമായ ജാതി ജന്മി വാഴ്ച നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. തുണിമില്ലിൻ്റെ പ്രവർത്തനത്തെക്കുറിച്ചും, എല്ലാം പുകകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നും തെറ്റായ ധാരണയുള്ളയാളാണ്.

സൂരിനമ്പൂതിരിപ്പാടിനെ ക്ഷണിച്ചു കൊണ്ടുവരുന്നത് കറുത്തേടമാണ്. എന്നാൽ സൂരി ഇന്ദുലേഖയെ കിട്ടാതെ വന്നാൽ തൻ്റെ ഭാര്യയെത്തന്നെ സംബന്ധം ചെയ്തുകളയുമെന്ന് ഭയക്കുകയും ചെയ്യുന്നു. സ്വന്തം ഇല്ലത്ത് ഇത്തിരി വകയുള്ള കൂട്ടത്തിലാണ് കറുത്തേടം. യുക്തിബോധമില്ലാത്ത, പരമ്പരാഗത ചട്ടക്കൂടിൽ കഴിയുന്ന യാഥാസ്ഥിതിക നമ്പൂതിരി വിഭാഗത്തെ കറുത്തേടം പ്രതിനിധീകരിക്കുന്നു.

സൂരിനമ്പൂതിരിപ്പാട്

കഥയിലെ പ്രതിനായനായി സൃഷ്ടിക്കപ്പെടുന്ന ഈ കഥാപാത്രം സവിശേഷസ്വഭാവത്താൽ ശ്രദ്ധേയമാണ്. ഹാസ്യത്തിനാണ് ഇവിടെ നോവലിസ്റ്റ് ഊന്നൽ നല്കുന്നത്. നാല്പത്തഞ്ച് വയസ്സാണ് പ്രായം. ഫ്യൂഡൽ ആഢ്യജന്മിവർഗ്ഗത്തെ ഇദ്ദേഹം പ്രതിനിധീകരിക്കുന്നു. ആഢ്യനമ്പൂതിരിമാരിൽ കാണുന്ന യാഥാസ്ഥിതികബോധം ഇദ്ദേഹത്തിൽ രൂഢമൂലമാണ്. ഇന്ദുലേഖയെ സംബന്ധം ചെയ്യാൻ കൊതിച്ചിറങ്ങുന്നു. ആകെ സുവർണ്ണനിറത്തിൽ കുളിച്ചെന്ന പോലെയാണ് പുറപ്പാട്. ഈ വിഡ്ഢി നമ്പൂതിരിയെ ഇന്ദുലേഖ കണക്കിന് കളിയാക്കുന്നു. സഹജമായ തമാശപ്രിയത കൊണ്ട് നമ്പൂതിരി പറയുന്ന വാക്കുകളെല്ലാം അബദ്ധമാവുകയും ചെയ്യുന്നു. ഇന്ദുലേഖയെ സംബന്ധം ചെയ്യാനാണ് വന്നതെങ്കിലും കാണുന്ന സ്ത്രീകളെയൊക്കെ മോഹിക്കുന്നു. അതിൽ ലക്ഷ്മിക്കുട്ടിയമ്മയും പെടും. ഇന്ദുലേഖയുടെ ദാസിയായ അമ്മുവിനെയും വശത്താക്കാൻ ശ്രമിക്കുന്നുണ്ട്. അതൊന്നും വിജയിക്കുന്നില്ല. സൂരിനമ്പൂതിരിയുടെ വിഷയലമ്പടത്വത്തിന് ഉദാഹരണം മാത്രമായി ആ മോഹങ്ങൾ പരിണമിക്കുന്നു. ഇന്ദുലേഖ കളിയാക്കുമ്പോഴും അതു മനസ്സിലാക്കാനുള്ള ശേഷി ഈ പാവം ആഢ്യനമ്പൂതിരിക്കില്ല. മക്ഷാമൻസായ് വിൻ്റെ ഭാര്യ കൈ പിടിച്ചപ്പോൾ കോരിത്തരിപ്പുണ്ടായ അനുഭവം സൂരി പറയുന്നുണ്ട്. ഇങ്ങനെ വല്ലാതെ പരിഹാസ്യമായ സമീപനമാണ് അദ്ദേഹത്തിൻ്റേത്. ഇന്ദുലേഖയെ കിട്ടില്ലെന്ന് ഉറപ്പായപ്പോൾ പതിനാലുവയസ്സുള്ള കല്യാണിക്കുട്ടിയെ സംബന്ധം ചെയ്തു കൊണ്ടു പോകാൻ അദ്ദേഹത്തിന് മടിയുണ്ടായില്ല.

ചെറുശ്ശേരി നമ്പൂതിരിയും ഗോവിന്ദനും

സൂരി നമ്പൂതിരിപ്പാടിൻ്റെ ഉപദേശകരിൽ പ്രമുഖസ്ഥാനമുള്ളയാളാണ് ചെറുശ്ശേരി നമ്പൂതിരി. ചെറുശ്ശേരി നമ്പൂതിരി സൂരിക്ക് നല്ല ഉപദേശങ്ങൾ നല്കുന്നു. സൂരിയുടെ മനസ്സിൻ്റെ ചാഞ്ചല്യത്തോട് അദ്ദേഹത്തിനു യോജിപ്പില്ല. ഇന്ദുലേഖയെയും മാധവനെയും ചെറുശ്ശേരി നന്നായി അറിയും. അവർ തമ്മിലുള്ള അടുപ്പവും അറിയും. സൂരിക്ക് ഇന്ദുലേഖയെ കിട്ടില്ലെന്ന് ചെറുശ്ശേരി മനസ്സിലാക്കിയിട്ടുണ്ട്. പാണ്ഡിത്യവും ബോധവുമുള്ള, ലോകപരിചയമുള്ള നമ്പൂതിരിമാരിലൊരാളായാണ് അദ്ദേഹം ഇടംപിടിച്ചിട്ടുള്ളത്. നന്മയുള്ള നമ്പൂതിരിമാരിൽ ഒരാൾ. നിവൃത്തികേടുകൊണ്ടാണ് സൂരിയുടെ വികൃതികൾക്ക് കൂട്ടുനില്ക്കേണ്ടി വരുന്നത്.

എന്നാൽ, ഗോവിന്ദൻ സൂരി നമ്പൂതിരിപ്പാടിൻ്റെ ഭൃത്യനാണ്. അനുസരണ കുറച്ചധികമുള്ള, യജമാനൻ പറഞ്ഞതിനപ്പുറം കടന്നു പ്രവർത്തിക്കുന്ന ഭൃത്യൻ. കല്യാണിക്കുട്ടിയെ സംബന്ധം ചെയ്തു കൊണ്ടു പോകുമ്പോൾ, സംബന്ധം ചെയ്തത് ഇന്ദുലേഖയെയാണെന്ന് പറഞ്ഞു പരത്തുന്നത് ഗോവിന്ദനാണ്.

ഇന്ദുലേഖയിലെ പതിനെട്ടാമദ്ധ്യായം

ഇന്ദുലേഖയിൽ 20 അദ്ധ്യായങ്ങളാണുള്ളത്. പതിനെട്ടാമദ്ധ്യായം വളരെ കാലികമായ ഒരു ചർച്ച അവതരിപ്പിക്കുന്നു. ആ ചർച്ചയിൽ പങ്കെടുക്കുന്നത് ഗോവിന്ദൻകുട്ടിമേനോൻ, ഗോവിന്ദപ്പണിക്കർ, മാധവൻ എന്നീ മൂന്നു പേരാണ്. ബോംബെയിൽ ബാബു കേശബ്ചന്ദ്രസെന്നിൻ്റെ വസതിയിലെ മട്ടുപ്പാവിൽ വെച്ചാണ് സംസാരം. ഈ സംവാദത്തിൽ ഭാരതത്തിലാകെ ഉയർന്നുവരുന്ന ശാസ്ത്രബോധത്തെയും രാഷ്ട്രീയോന്മുഖതയെയും പരാമർശിക്കുന്നുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ഈശ്വരവിശ്വാസം, പരിണാമവാദം ഇംഗ്ലീഷ് പഠിപ്പ്  മുതലായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. 

ഇംഗ്ലീഷ് പഠിപ്പ് പുതിയ തലമുറയുടെ ദൈവവിശ്വാസം, ഗുരുഭക്തി എന്നിവയെ ബാധിച്ചുവെന്ന് ഗോവിന്ദപ്പണിക്കർ എന്ന പഴമയോട് ആരാധനയുള്ള, സാത്വികനായ, മനുഷ്യൻ അഭിപ്രായപ്പെടുന്നു. ഗോവിന്ദൻകുട്ടിമേനവനാകട്ടെ, ഉണ്ടെന്ന് ഉറപ്പില്ലാത്ത ഒരു സാധനം ഉണ്ടെന്നു പറയാനാവില്ലെന്നും ദൈവമുണ്ടെങ്കിൽ മനുഷ്യരെ ഇങ്ങനെ കഷ്ടപ്പെടുത്തുകയില്ലായിരുന്നുവെന്നും വാദിക്കുന്നു. മാധവനാകട്ടെ, മനുഷ്യന് ഒരു ഭയം ജനിപ്പിക്കാനെങ്കിലും ഈശ്വരവിശ്വാസം സഹായിക്കും എന്ന് അപ്പുറവും ഇപ്പുറവുമല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. താൻ നിരീശ്വരവാദിയല്ലെന്നും പ്രപഞ്ചശക്തി തന്നെയാണ് ഈശ്വരൻ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

ഗോവിന്ദൻകുട്ടിമേനവൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ എതിർക്കുന്നു. അതേ സമയം ബ്രിട്ടീഷുകാരെ അനുകൂലിക്കുന്നു. ജാതിഭേദം സമ്പൂർണ്ണമായും ഉന്മൂലനം ചെയ്യണമെന്ന കാര്യത്തിലൊഴിച്ച് മറ്റു കാര്യങ്ങളിൽ ഗോവിന്ദൻകുട്ടിമേനോനോട് യോജിക്കുകയാണ് ഗോവിന്ദപ്പണിക്കർ. മാധവൻ കോൺഗ്രസ്സിനെ അനുകൂലിക്കുന്നു. ഇത്ര യോഗ്യമായ ഒരു സഭ വേറെ ഭാരതത്തിൽ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. ജാതിഭേദം ഉടൻ ഇല്ലാതാക്കാൻ സാധിക്കുന്ന ഒന്നല്ല. ഇന്ത്യയുടെ ഭാഗ്യത്താൽ കിട്ടിയിട്ടുള്ള ഇംഗ്ലീഷ് ഗവ: നെ ദുഷിക്കാതെ,[അതായത്, കുറ്റപ്പെടുത്താതെ ] ഇന്ത്യയുടെ അഭിവൃദ്ധിക്കായുള്ള യത്നങ്ങൾ ചെയ്ത് ഇന്ത്യയെ ഇംഗ്ലണ്ടു പോലെ സ്വതന്ത്രതയുള്ള രാജ്യമാക്കണം” എന്നാണ് മാധവൻ്റെ നിലപാട്. ഇംഗ്ലീഷുകാരെ കുറ്റപ്പെടുത്താൻ മാധവൻ തയ്യാറല്ല. അതിനാൽ 1857 ലെ കലാപത്തോടു യോജിക്കാനും അദ്ദേഹത്തിനു സാധിക്കുന്നില്ല.

നിരവധി പുസ്തകങ്ങൾ ഇംഗ്ലണ്ടിൽ നിന്നും വരുത്തിയെഴുതിയതാണ് പതിനെട്ടാമദ്ധ്യായം. അത് വളരെ പ്രധാനപ്പെട്ട ഒരു സൂചനയാണ്. എത്രത്തോളം ഗൗരവം ഈ അദ്ധ്യായത്തിന് എഴുത്തുകാരൻ നല്കിയെന്നത് ഇതു ചൂണ്ടിക്കാട്ടുന്നു.

പതിനേഴ് അദ്ധ്യായങ്ങൾ  യാതൊരു തടസ്സവുമില്ലാതെ കഥ പറയുമ്പോൾ നിരവധി പേജുകളുള്ള പതിനെട്ടാമദ്ധ്യായത്തിലെ കൂലങ്കഷമായ ചർച്ച വായനയിൽ ഒരു കീറാമുട്ടിയായി, തടസ്സമായി നിലകൊണ്ടു. അതിനാൽ നിരൂപകനായ എം.പി.പോൾ ഈ അദ്ധ്യായം ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിനെപ്പോലുള്ള നിരൂപകർ അന്നത്തെ കാലഘട്ടത്തെ സമഗ്രമായി വിലയിരുത്തുന്ന ഈ അദ്ധ്യായം നോവലിസ്റ്റിൻ്റെ പ്രതിബദ്ധത തുറന്നുകാട്ടുന്നതാണെന്നും അതിനാലത് ഒഴിവാക്കാനാകില്ലെന്നും വാദിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാരതത്തിൻ്റെ രാഷ്ട്രീയ സാമൂഹിക ചിത്രം വളരെ വ്യക്തമാക്കുന്ന അദ്ധ്യായമാണിത്. ഇതിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഗോവിന്ദൻകുട്ടി മേനോൻ തീവ്രവാദപരമായ നിലപാടുകൾ സ്വീകരിക്കുന്നു. ഈശ്വരവിശ്വാസം അനിവാര്യമല്ല എന്ന് അദ്ദേഹം വാദിക്കുന്നു. എന്നാൽ ഗോവിന്ദപ്പണിക്കർ യാഥാസ്ഥിതികപക്ഷത്തെ ന്യായീകരിക്കുന്നു. മാധവൻ മിതവാദിയാണ്. ഗോവിന്ദപ്പണിക്കർ ഈശ്വരവിശ്വാസം ആൾക്കാർക്ക് വേണമെന്നും, അതില്ലെങ്കിൽ സമൂഹം മോശമാകുമെന്നും ചിന്തിക്കുന്നു. ദൂഷ്യങ്ങൾ ഒഴിവാക്കി ജാതിശ്രേണി തുടരുന്നത് നല്ലതാണെന്നും കരുതുന്നു. ഭാരതീയ സമൂഹത്തിൻ്റെ വളർച്ചയെ അടയാളപ്പെടുത്തുന്ന ഒന്നാണ് പതിനെട്ടാമദ്ധ്യായം. കേരളത്തിൻ്റെ ബോധനിലവാരത്തെ അടയാളപ്പെടുത്താനും ഉയർത്താനും അതുവഴി ചന്തുമേനോന് സാധിച്ചു. അതിനാൽ നോവലിൽ നിന്നും പടിയിറക്കേണ്ട ഒന്നല്ല ഈ അദ്ധ്യായം.

ശങ്കരശാസ്ത്രികൾ

മാധവൻ്റെയും ഇന്ദുലേഖയുടെയും കൂട്ടുകാരനാണ് ശങ്കരശാസ്ത്രികൾ. ഇന്ദുലേഖയ്ക്ക് മാധവനോടുള്ള സ്നേഹം ഉറച്ചതാണെന്ന് അദ്ദേഹത്തിനു ബോദ്ധ്യമുണ്ട്. പക്ഷേ, അവിചാരിതമായി ഗോവിന്ദനും ഗോവിന്ദനിലൂടെ നാട്ടുകാരിൽ ചിലരും ഇന്ദുലേഖയെ സൂരി സംബന്ധം ചെയ്തുവെന്ന് പറഞ്ഞു പരത്തിയത് വിശ്വസിക്കാനിടയായി. അത് മദിരാശിയിൽ നിന്നും വന്ന മാധവനെ നേരിൽ കണ്ടു പറയുകയും, മാധവൻ ദു:ഖിതനും നിരാശനുമായി നാടുവിടുകയും ചെയ്തു.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ