പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ലോംഗിനസ്സ്

 പ്ലേറ്റോ

ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസിൻ്റെ (ബി.സി.469-399) ശിഷ്യനായിരുന്നു പ്ലേറ്റോ. അറിവാണ് നന്മ എന്ന് സോക്രട്ടീസ് അഭിപ്രായപ്പെട്ടു. തത്ത്വചിന്ത, ശാസ്ത്രം, ഗണിതം എന്നീ മേഖലകളിലാണ് പ്ലേറ്റോയുടെ പ്രധാന സംഭാവനകളുള്ളത്. ബി.സി.427 ൽ അദ്ദേഹം ആതൻസിൽ ജനിച്ചു. പ്ലേറ്റോവിൻ്റെ ഏറ്റവും മഹത്തായ ഗ്രന്ഥം റിപ്പബ്ലിക്ക് ആണ്. അപ്പോളജി, ക്രിട്ടോ, ഫേയ്ഡോ, സിംപോസിയം എന്നിവയും ശ്രദ്ധേയങ്ങളായ ഗ്രന്ഥങ്ങൾ തന്നെ. പ്ലേറ്റോവിൻ്റെ ആശയങ്ങളുടെ അടിക്കുറിപ്പുകളാണ് പടിഞ്ഞാറുണ്ടായിട്ടുള്ള എല്ലാ തത്ത്വചിന്തകളുമെന്ന എ.എൻ.വൈറ്റ്ഹെഡിൻ്റെ പരാമർശം ചിന്താർഹമാണ്.

ശാശ്വതസത്യം കണ്ടെത്താനുള്ള അന്വേഷണമാണ് ഒരു തത്ത്വചിന്തകൻ നടത്തുന്നത്. ആശയങ്ങൾ അനശ്വരവും അമൂർത്തവും സൂക്ഷ്മവുമാണ്. ആശയപ്രപഞ്ചം സത്യം(Truth), സൗന്ദര്യം (Beauty), നന്മ (virtue) എന്നിവയിൽ അടിയുറച്ചതാണ്. നന്മ ജ്ഞാനമാകുന്നു. അനശ്വരമായ, അമൂർത്തമായ, ആശയപ്രപഞ്ചമാണ് ആത്മാവിൻ്റെ ഉറവിടം. യുക്തിപൂർവം പരമസത്യത്തെ അന്വേഷിക്കുമ്പോൾ ഉൾക്കാഴ്ച്ച (അനുഭൂതി, പ്രചോദനം - Intuition) ഉണ്ടാകുന്നു. പ്ലേറ്റോയുടെ സാഹിത്യദർശനം പരമമായ സത്യം, (ആത്യന്തികമായ സത്യം), അതിൻ്റെ അനുകരണമായ ബാഹ്യലോകം, ശക്തിയുള്ള മനസ്സിനുമാത്രം ലഭ്യമാകുന്ന വിജ്ഞാനം എന്നിവയെ കേന്ദ്രീകരിച്ചാണ് രൂപപ്പെട്ടിട്ടുള്ളത്.


പ്ലേറ്റോവിൻ്റെ കലാചിന്തകൾ

ഗ്രീസിൽ തൻ്റെ കാലഘട്ടത്തിൽ അമ്പരക്കും മട്ടിൽ നിയമവും സദാചാരമൂല്യങ്ങളും അധ:പതിക്കുകയായിരുന്നുവെന്ന് റിപ്പബ്ലിക്കിൽ പ്ലേറ്റോ എഴുതി. ധാർമ്മികാധ:പതനത്തിന് സാഹിത്യാദികലകളും കാരണമായിട്ടുണ്ടെന്ന് പ്ലേറ്റോ ചിന്തിച്ചു. സമൂഹത്തിന് മാർഗ്ഗനിർദ്ദേശം ചെയ്യാൻ ദാർശനികർ

ആവശ്യമാണ്.

അക്കാലത്ത് മികവുറ്റ സാഹിത്യകാരന്മാരുടെ കാലം കഴിയുകയും ക്ഷുദ്രമനോഭാവമുള്ളവർ ഇടപെട്ട് രംഗം വഷളാക്കുകയും ചെയ്തു. ദാർശനികരും സാഹിത്യകാരന്മാരും രണ്ടു തട്ടിലായി. സാഹിത്യം അധ:പതിക്കുന്നത് സമൂഹത്തിന് ദോഷം ചെയ്യും. തെറ്റായ സന്ദേശങ്ങളും ചിന്തകളും സമൂഹത്തിൽ വളരും. അതിനാൽ സ്വയം തത്ത്വജ്ഞാനികളുടെ അഭിഭാഷകനായി പ്രഖ്യാപിച്ചുകൊണ്ട് സാഹിത്യത്തിനെതിരെ പ്ലേറ്റോ ആരോപണങ്ങൾ ഉന്നയിച്ചു.

അതിനുവേണ്ടി സാഹിത്യമെന്താണെന്ന് ഗഹനമായി അദ്ദേഹം പഠിച്ചു.

റിപ്പബ്ലിക്ക് എന്ന കൃതിയിൽ ആദർശസുന്ദരമായ ഒരു സ്വതന്ത്രരാജ്യം അദ്ദേഹം വിഭാവനംചെയ്തു. അതിൻ്റെ സവിശേഷതകൾ കൂലങ്കഷമായി ചർച്ചചെയ്തു. അതിൻ്റെ ഭാഗമായി, തൻ്റെ ആദർശലോകത്തിൽ നിന്നും (റിപ്പബ്ലിക്കിൽ നിന്നും) അദ്ദേഹം കലാസാഹിത്യാദികളെ പുറന്തള്ളി. കല സത്യത്തിൽ നിന്നും അകന്നു നില്ക്കുന്നുവെന്ന് പ്ലാറ്റോ പറയുന്നു. 

കല ജീവിതത്തിൻ്റെ അനുകരണമാണെന്ന ചിന്ത പ്ലാറ്റോവിനു മുമ്പേ ഉണ്ട്. , കല ജീവിതാനുകരണമാണെങ്കിൽ അത് അസത്യമാണെന്ന് പ്ലേറ്റോ സ്ഥാപിക്കുന്നു. പ്ലേറ്റോ അതീന്ദ്രിയപ്രപഞ്ചത്തെ മാത്രമാണ് പരമസത്യമായി അംഗീകരിക്കുന്നത്.  

അതീന്ദ്രിയലോകത്തിൻ്റെ നിഴലാണ് ഭൗതികലോകം. ഈശ്വരൻ്റെ കട്ടിലിൻ്റെ അനുകരണമാണ് ആശാരിയുടെ കട്ടിൽ. ചിത്രകാരൻ ആശാരിയുടെ കട്ടിലിനെയാണ് അനുകരിക്കുന്നത്. ആശാരിയുടെ തല്പത്തിൻ്റെ ഏകദേശച്ഛായ മാത്രമേ ചിത്രകാരന് പകർത്താനാവൂ. ഇങ്ങനെ നോക്കിയാൽ  സത്യത്തിൽ നിന്ന് കലാകാരൻ കൈവേലക്കാരനേക്കാൾ അകന്നു നില്ക്കുന്നുവെന്ന് പ്ലാറ്റോ സിദ്ധാന്തിക്കുന്നു.

കല സത്യത്തിൽ നിന്ന് രണ്ടു വിളിപ്പാടകലെയാണ്. സത്യത്തിൻ്റെ സിംഹാസനത്തിലേക്കുള്ള മൂന്നാമത്തെ അവകാശി മാത്രമാണു കലാകാരൻ. (എം.അച്യുതൻ പു.147).

കവികൾ ഒന്നിനെക്കുറിച്ചും പൂർണ്ണ ജ്ഞാനമില്ലാത്തവരാണെന്ന് പ്ലാറ്റോ ആരോപിക്കുന്നു. കവികൾ ബാഹ്യതലം മാത്രം കാണുന്നവരാണ്. വാക്കുകളെ അവർ ഉപകരണങ്ങളാക്കുന്നു. സാഹിത്യകാരന്മാർ ദുർബലമനസ്സുള്ളവരാണ്. ഈ സങ്കല്പനത്തിൻ്റെ മീതെയാണ് സാഹിത്യത്തിനെതിരായ വാദങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രചോദനം കവികളെ ഭ്രാന്തരാക്കുന്നു. കവിത ഭ്രാന്തിൻ്റെ ജല്പനമായി പരിണമിക്കുന്നു. കവി സ്വയം ഭ്രാന്തനാകുന്നതിനോടൊപ്പം ആസ്വാദകരെ ഭ്രാന്തരാക്കുകയും ചെയ്യുന്നു. വികാരങ്ങളെ കവിത ഇളക്കിവിടുന്നുവെന്ന് പ്ലേറ്റോ ആരോപിക്കുന്നു. കവിയുടെ വികാരങ്ങൾക്ക് നിയന്ത്രണമില്ല. അത് നിയന്ത്രിക്കാനയാൾ ശ്രമിക്കുന്നുമില്ല. സഹൃദയരുടെ വികാരങ്ങളെയും അയാൾ ഇളക്കിവിട്ടുകൊണ്ട് അവരുടെ സമചിത്തതയില്ലാതാക്കുന്നു. നാടകത്തിലും രചയിതാവ് കഥാപാത്രങ്ങളുടെ ദുർബലവികാരങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നു. ഇതാണ് താളപ്പിഴകളുണ്ടാക്കുന്ന പ്രഥമ ഘടകം. കവിതയും നാടകവും മറ്റും സത്സ്വഭാവികളെയും ദുഷിപ്പിക്കും. ഹോമർ അടക്കമുള്ള കവികൾ ഈശ്വരനെയും വിശിഷ്ടരായ പുരാണകഥാപാത്രങ്ങളെയും സാധാരണീയരെപ്പോലെ ദുർബലരും ചപലപ്രകൃതികളുമായി അവതരിപ്പിക്കുന്നു എന്ന കുറ്റവും പ്ലേറ്റോ ചാർത്തുന്നു. നന്മയുടെ രൂപമായ ഈശ്വരൻ ഒരിക്കലും തിന്മ ചെയ്യില്ല. അതിന് വിഷയീഭവിക്കാനും പാടില്ല. ദേവന്മാരെയും മോശക്കാരാക്കാൻ പാടില്ല. 

കവിത ഭ്രാന്തിൻ്റെ ജല്പനമാണ്, സാഹിത്യം അസത്യ ജടിലമായ അനുകരണമാണ്, കവിത വികാരങ്ങളെ അനിയന്ത്രിതമാക്കുന്നു എന്നീ മൂന്നു പ്രമുഖകാരണങ്ങളാലാണ് കലയ്ക്കും സാഹിത്യത്തിനും തൻ്റെ ആദർശ റിപ്പബ്ലിക്കിൽ പ്ലേറ്റോ സ്ഥാനം നല്കാഞ്ഞത്.

പ്ലേറ്റോ എല്ലാ സാഹിത്യത്തെയും അടച്ചാക്ഷേപിക്കുന്നില്ല, ക്ഷുദ്രകൃതികളെ മാത്രമാണ് പരിഹസിക്കുന്നത് എന്ന് വാദിക്കുന്നവരുണ്ട്. അദ്ദേഹം സാഹിത്യത്തിനെതിരെ നടത്തിയ വിമർശനമാണ് അരിസ്റ്റോട്ടിലിന് പോയറ്റിക്സ് എഴുതി പ്രതികരിക്കാനുള്ള സാഹചര്യമൊരുക്കിയത്. സാഹിത്യം ജീവിതത്തിൻ്റെ അനുകരണമാണെന്നു പറഞ്ഞത് പ്ലേറ്റോയാണ്. അനുകരിക്കേണ്ടത് പരമസത്യത്തെയാകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്

സാഹിത്യവും വികാരവും തമ്മിലുള്ള ബന്ധം ഊന്നിയതും പ്ലാറ്റോ തന്നെ. ഒരു സന്ദിഗ്ദ്ധസാഹചര്യത്തിൽ തൻ്റെ മാതൃകാ റിപ്പബ്ലിക്കിൽ കലയ്ക്കും സാഹിത്യത്തിനും പ്രവേശനം നിഷേധിച്ച ഈ താത്ത്വികാചാര്യൻ കലയുടെയും സാഹിത്യത്തിൻ്റെയും ജനങ്ങളെ സ്വാധീനിക്കാനും വശീകരിക്കാനുമുള്ള ശക്തി വേണ്ടുംവണ്ണം മനസ്സിലാക്കിയാണ് പ്രതികരിച്ചതെന്ന് ബോദ്ധ്യമാകുന്നു. അതുവഴി സാഹിത്യത്തിൻ്റെ പന്ഥാവ് നൂതനത നിറഞ്ഞതായി.


അരിസ്റ്റോട്ടിൽ

ജ്ഞാനമണ്ഡലത്തിൽ എന്നും സ്മരിക്കപ്പെടുന്ന നാമമാണ് അരിസ്റ്റോട്ടിലിൻ്റേത്.

ഗ്രീസിൽ ബി.സി. 384 ൽ അരിസ്റ്റോട്ടിൽ ജനിച്ചു. പതിനേഴാം വയസ്സിൽ ആഥൻസിലെത്തി പ്ലേറ്റോവിൻ്റെ അക്കാദമിയിൽ ചേർന്നു. അവിടെ വിദ്യാർത്ഥിയായും അദ്ധ്യാപകനെന്ന നിലയിലും ദീർഘകാലം കഴിഞ്ഞു. പിന്നീട് മാസിഡോണിയയിൽ അലക്സാണ്ടറുടെ ഗുരുവായി. അലക്സാണ്ടർ സാമ്രാജ്യ വിപുലനം ആരംഭിച്ചതോടെ അരിസ്റ്റോട്ടിൽ ആഥൻസിലേക്ക് തിരിച്ചുവന്നു. അവിടെ ലൈസിയം എന്ന വിദ്യാലയം ആരംഭിച്ചു. ബി.സി. 322 ൽ യൂബിയയിൽ വെച്ച്  അന്തരിക്കുകയും ചെയ്തു.

കാവ്യതത്ത്വചിന്തയിൽ (കാവ്യശാസ്ത്രം)

വളരെ പ്രശസ്തമായ അരിസ്റ്റോട്ടിലിൻ്റെ ‘പോയറ്റിക്സ്’ -

(കാവ്യമീമാംസ) എന്ന കൃതി ദുരന്തനാടകത്തെയും സാഹിത്യതത്ത്വത്തെയും സംബന്ധിക്കുന്ന ആധികാരികപഠനമാണ്. 


അരിസ്റ്റോട്ടിലിൻ്റെ കലാചിന്തകൾ

അരിസ്റ്റോട്ടിൽ എസ്കിലസ്, സോഫോക്ലിസ്സ്, യൂറിപ്പിഡിസ് മുതലായവരുടെ ദുരന്തനാടകങ്ങളും ഹോമറുടെ ഇതിഹാസങ്ങളുമാണ് - ഇലിയഡ്, ഒഡീസ്സി- നിഷ്കർഷിച്ചു പഠിച്ചത്. ഈ പഠനത്തിലൂടെ പോയറ്റിക്സിൻ്റെ ആധികാരികരചന സാധിച്ചു.

പോയറ്റിക്സ്, അഥവാ, കാവ്യമീമാംസ എന്ന കാവ്യകലാചിന്തകൾക്ക് 26 അദ്ധ്യായങ്ങളാണുള്ളത്. അനുകരണാത്മക കലകളുടെ സ്വഭാവം, കവിതയുടെ പ്രാചീന ചരിത്രം, ട്രാജഡി, കോമഡി എന്നീ കാവ്യരൂപങ്ങളുടെ ഉത്ഭവം, ദുരന്തനാടക (ട്രാജഡി) സ്വഭാവം, കാവ്യരചനാസമ്പ്രദായം മുതലായവ ചർച്ച ചെയ്യുന്നു. 


അരിസ്റ്റോട്ടിലും പ്ലേറ്റോയും

ഇവരുടെ ചിന്തകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നിരവധിയാണ്. 

  • പ്ലേറ്റോ ഭൗതികലോകത്തെ ഒരു യാഥാർത്ഥ്യമായി അംഗീകരിക്കുന്നില്ല. 

  • അരിസ്റ്റോട്ടിൽ അതിനെ യാഥാർത്ഥ്യമായി അംഗീകരിക്കുന്നു. 

  •  മാറ്റർ, എനർജി (ജഡപദാർത്ഥം,ചൈതന്യം) എന്നിങ്ങനെ ഭൗതിക പ്രപഞ്ചത്തിൻ്റെ രണ്ടു ഘടകങ്ങളെ അരിസ്റ്റോട്ടിൽ കാണുന്നു.

  • അനശ്വരലോകങ്ങളുടെ ഒരു സത്യലോകത്തെ, അതീന്ദ്രിയലോകത്തെ, പ്ലേറ്റോ വിഭാവനം ചെയ്യുന്നു.

  • അമൂർത്തമായ സത്യലോകത്തിൻ്റെ -അതീന്ദ്രിയ ലോകം - നിഴലാണ് ഭൗതിക ലോകമെന്ന് പ്ലേറ്റോ.

  • ഭൗതികലോകം നിഴലല്ലെന്ന് അരിസ്റ്റോട്ടിൽ.

കലകളോടുള്ള സമീപനം

ഗ്രീക്കുകാർ അക്കാലത്ത് സുകുമാരകലകളേയും സോപയോഗ കലകളെയും വേർതിരിച്ചു പറഞ്ഞിരുന്നില്ല. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം ആദ്യമായി വ്യക്തമാക്കിയത് അരിസ്റ്റോട്ടിലാണത്രെ. 

ഒരു കലാകാരൻ നിർമ്മാണപ്രക്രിയയിൽ വ്യാപൃതനാകുന്നതിനു മുമ്പേ അതിൻ്റെ വ്യക്തമായ രൂപം മനസ്സിൽ വഹിക്കുന്നുണ്ട്. തൻ്റെ സങ്കല്പത്തിനനുസരിച്ച് അയാൾ പദാർത്ഥത്തിനു രൂപം നല്കി ചൈതന്യം പകരുന്നു. പ്രകൃതിക്കെന്നപോലെ കലയ്ക്കുമുണ്ട് ലക്ഷ്യം. 

പ്രകൃതി പരാജയപ്പെടുന്നിടത്ത് പ്രകൃതിയുടെ കുറവുകൾ നികത്തി സഹായിക്കുകയാണ് കലയുടെ ധർമ്മം. സോപയോഗകലകൾ മനുഷ്യൻ്റെ ഭൗതികാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. അതിനായി പ്രകൃതിവിഭവങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്നു.

സുകുമാരകലകൾ ആനന്ദിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്കുന്നത്. അവ പ്രകൃതി ലക്ഷ്യമാക്കുന്ന ഉയർന്ന ലക്ഷ്യത്തിൻ്റെ- ആദർശത്തിൻ്റെ- രൂപം ചിത്രീകരിക്കുന്നു.


അരിസ്റ്റോട്ടിൽ അനുകരണത്തെക്കുറിച്ച്

കല പ്രകൃതിയുടെ അനുകരണമത്രെ. ഭാഷ മുഖേനയുള്ള അനുകരണമാണത്രേ സാഹിത്യകല. 

ആദർശാത്മകമായ രൂപത്തിൽ വസ്തുതകളെ നിർമിക്കുകയെന്നതാണ് അനുകരണത്തിന് അരിസ്റ്റോട്ടിൽ നല്കുന്ന അർത്ഥം

കലാകാരൻ്റെ സങ്കല്പങ്ങൾക്ക് ഭാവന അനിവാര്യമാണ്. വസ്തുക്കളുടെ സാർവലൗകികമായ അർത്ഥഗ്രഹണത്തിനും

ഈ ഭാവന അനിവാര്യമാണ്. ഇന്ദ്രിയങ്ങളിൽക്കൂടി മനസ്സിലുണ്ടാകുന്ന ആശയചിത്രങ്ങളോട് മനുഷ്യൻ്റെ ബുദ്ധി കൈകോർക്കുമ്പോൾ പുതിയൊരു സൃഷ്ടി സംജാതമാകും. അങ്ങനെ കലാകാരൻ പുതിയതിൻ്റെ നിർമ്മാതാകുന്നു.


ഹോമറുടെ ഒഡീസ്സി ജീവിതത്തിൻ്റെ കണ്ണാടിയാണെന്ന് ഒരു നിരൂപകൻ അഭിപ്രായപ്പെട്ടു. ഈ നിലപാട് ശരിയല്ലെന്ന് അരിസ്റ്റോട്ടിൽ പറയുന്നു. കണ്ണാടിയിലുള്ള പ്രതിഫലനം യാന്ത്രികമാണ്. നിർമ്മാതാവിൻ്റെ ഭാവനാശക്തിയാൽ കലയിൽ വസ്തുക്കൾക്ക് ആദർശരൂപം കിട്ടുന്നുവെന്നാണ് അരിസ്റ്റോട്ടിലിൻ്റെ കാഴ്ച്ചപ്പാട്. കലാകാരൻ കണ്ണാടിയാകരുത്. ഇച്ഛാശക്തിയും ഭാവനാശേഷിയുമുള്ള പ്രബുദ്ധജീവിയാകണം. എങ്കിലേ അയാളെ ശരിയായ അർത്ഥത്തിൽ അനുകർത്താവെന്ന് (Mime) വിളിക്കാനാകൂ. 

ഇന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാവുന്ന മൂർത്തരൂപങ്ങളിൽക്കൂടിയാണ് കല സത്യത്തെ ആവിഷ്കരിക്കുന്നത്.

കലയിലെ സത്യം എന്നത് വസ്തുനിഷ്ഠമായതല്ല. വസ്തു വ്യക്തിക്ക് എങ്ങനെയാണോ അനുഭവപ്പെടുന്നത് ആ സത്യമാണ് കലയിലെ സത്യം. അസംതൃപ്തിയുണ്ടാക്കുന്ന ഘടകങ്ങൾ അകറ്റി അവയ്ക്ക് മുമ്പില്ലാതിരുന്ന രൂപം നല്കലാണ് കലാകാരൻ്റെ ഉത്തരവാദിത്തം. കല ദൈനംദിന യാഥാർത്ഥ്യങ്ങളിൽ നിന്ന് അല്പം അകന്നു നില്ക്കുന്നു.

കലാകാരൻ്റെ മനസ്സിൽ ഒരു പാറ്റേണും നിറഞ്ഞ സങ്കല്പശക്തിയും ഉണ്ടാകണം.

ജീവിതത്തിലുണ്ടാകാനിടയുള്ള സംഭവങ്ങളെയാണ് അനുകരിക്കേണ്ടത്.(എം. അച്യുതൻ, പാശ്ചാത്യസാഹിത്യ ദർശനം പുറം 160). പ്രകൃതിയെ അനുകരിക്കുന്നതിലൂടെ കലാകാരൻ ആദർശവാനാകുന്നു. യഥാർത്ഥവസ്തുക്കളേക്കാൾ ശ്രേഷ്ഠങ്ങളായ വസ്തുക്കളെയാണ് അയാൾ സൃഷ്ടിക്കുന്നത്.

യഥാർത്ഥവസ്തുവിനെ അതിശയിക്കുന്നതാകണം ആദർശാത്മകവസ്തു. 

കവി വിശേഷവസ്തുക്കളിലൂടെ സാർവജനീനസത്യങ്ങളെ അനുകരിക്കുന്നു. 

വിദദ്ധമായി നുണ പറയാൻ കവിക്ക് സ്വാതന്ത്ര്യമുണ്ടെന്നും അതയാളുടെ കടമയാണെന്നും അരിസ്റ്റോട്ടിൽ പ്രസ്താവിക്കുന്നു. അമാനുഷികവും ഐന്ദ്രജാലികവുമായ ഘടകങ്ങൾക്കും കവിതയിൽ സ്ഥാനമുണ്ട്. പ്രകൃതിയും അമാനുഷികശക്തിയും തമ്മിലുള്ള അതിർവരമ്പ് മായ്ച്ചുകളയാൻ കവിക്കു സ്വാതന്ത്ര്യമുണ്ട്. 


ആഹ്ലാദിപ്പിക്കലാണ് സുകുമാരകലകളുടെ (കോമള കലകൾ) ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സോപയോഗകലകൾ ഭൗതികാവശ്യം നിറവേറ്റാൻ ഉപകരിക്കുന്നു. എന്നാൽ അവയ്ക്കും ആനന്ദദായകത്വമെന്ന കർത്തവ്യമുണ്ട്. അത് പ്രാഥമിക ലക്ഷ്യമല്ലെന്നു മാത്രം. 


അരിസ്റ്റോട്ടലിനെ സംബന്ധിച്ച് ആസ്വാദകൻ്റെ മനസ്സിലെ ആഹ്ളാദമാണ് കലയുടെ ലക്ഷ്യം. പോയറ്റിക്സിൻ്റെ പ്രാരംഭത്തിൽ അഞ്ചു കാവ്യരൂപങ്ങളെക്കുറിച്ച് അരിസ്റ്റോട്ടിൽ പറയുന്നു.

  • മഹാകാവ്യം

  • ദുരന്തനാടകം - ട്രാജഡി

  • ശുഭാന്തനാടകം - കോമഡി

  • ഡിത്തിറാംബിക് കവിത

  • ലിറിക്ക്

ട്രാജഡി - ദുരന്തനാടകം

യവനസാഹിത്യത്തിലെ രണ്ടു പ്രബല ശാഖകളാണ് ട്രാജഡിയും മഹാകാവ്യവും. ട്രാജഡിയെക്കുറിച്ചു വിശദീകരിക്കാൻ നിരവധി അദ്ധ്യായങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ‘ കഥാപാത്രങ്ങളുടെ ചിന്തകളും പ്രവൃത്തികളും സംഭാഷണത്തിൽ കൂടി ആവിഷ്കരിക്കുന്നു. കോമഡിയിൽ നിന്നും ട്രാജഡി വ്യത്യസ്തമാകുന്നത് ചെയ്യുന്ന/നടക്കുന്ന ക്രിയയുടെ ഗാംഭീര്യവും പാത്രസ്വഭാവത്തിൻ്റെ മേന്മയും കൊണ്ടാണ്. 

ദുരന്തനാടകത്തിന് 6 ഘടകങ്ങളുണ്ട്. 

  • പ്ലോട്ട് (ഇതിവൃത്തം)

  • കഥാപാത്രം

  • ശൈലി

  • ഉചിതചിന്ത / ഭാഷ

  • ദൃശ്യം

  • ഗാനം

ജീവിതത്തിലെ ക്രിയ തന്നെയാണ് നാടകത്തിലെ പ്ലോട്ട് അഥവാ ഇതിവൃത്തം. ഇതിവൃത്തമില്ലാതെ നാടകമില്ല. പാത്രസ്വഭാവാവിഷ്കാരത്തിന് രണ്ടാം സ്ഥാനം മാത്രമാണ് അരിസ്റ്റോട്ടിൽ നല്കുന്നത്. പ്രവർത്തിക്കുകയും ആ പ്രവൃത്തികളിൽക്കൂടി ഇതിവൃത്തമുണ്ടാക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നാടകകഥാപാത്രങ്ങൾ. 

പ്രവൃത്തിക്കാണ് യഥാർത്ഥജീവിതത്തിൽ പ്രാധാന്യം. വ്യക്തിയുടെ സ്വഭാവം പ്രവൃത്തികളിൽ കൂടിയാണ് പ്രകടമാകുന്നത്. ചിന്തയാണ് പ്രവൃത്തികളിലേക്ക് ഒരാളെ നയിക്കുന്നത്. പാത്രസൃഷ്ടിയിൽ ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങളെപ്പറ്റി പറയുന്നു. 

  • ഒന്ന്, മുഖ്യ കഥാപാത്രങ്ങൾ ശ്രേഷ്ഠരും നല്ലവരുമാകണം.

  • അവരുടെ ചിത്രീകരണത്തിൽ ഔചിത്യഭംഗം പാടില്ല.

  • യഥാർത്ഥജീവിത പ്രതിനിധികളാണെന്ന ധാരണയുണ്ടാക്കണം.

  • പൊരുത്തക്കേടു വരാതെ നോക്കണം.

ഇതിവൃത്തത്തിൽ നാടകീയമായ സംഘർഷം കൂടി അടങ്ങിയിരിക്കുന്നു. 

സംഘർഷം മൂന്നുവിധത്തിലുണ്ട്: പരിത:സ്ഥിതികളുമായുള്ളത്, മാനസികമായത്, അന്യവ്യക്തികളുടെ ഇച്ഛയുമായുള്ളത്. ഇതിൽ മാനസികസംഘർഷമെന്നത് നാടകത്തിന് ചേർന്നതല്ല. സ്വഭാവത്തിൽ നിന്നുളവാകുകയും സ്വഭാവം പ്രകടമാക്കുകയും ചെയ്യുന്ന ക്രിയ മാത്രമാണ് നാടകീയക്രിയ. ട്രാജഡി ഒരു വ്യക്തിയുടെ ക്രിയകളും പരിണാമങ്ങളും ചിത്രീകരിക്കുന്നു. ട്രാജഡിയിൽ വ്യക്തിയുടെ ഇച്ഛകളും ബാഹ്യാവസ്ഥകളും തമ്മിലുള്ള സംഘർഷം നടക്കുന്നു. 

ക്രിയയ്ക്കും സ്വഭാവത്തിനും തമ്മിൽ കാര്യകാരണ ബന്ധം ഉണ്ടായിരിക്കണം. ഇക്കാരണത്താലാണ് കലാപരമായ ഇതിവൃത്തഘടനയാണ് ട്രാജഡിയുടെ ആത്മാവെന്ന് അരിസ്റ്റോട്ടിൽ ചിന്തിച്ചത്.


ട്രാജഡി സൃഷ്ടിക്കേണ്ടതെന്താണ്? പ്രേക്ഷകമനസ്സിലെ ഭയ കരുണഭാവങ്ങളുടെ വിരേചനമാണ് ട്രാജഡി ഉളവാക്കേണ്ടത്. ട്രാജഡിയിൽ ഭയകരുണങ്ങൾ ഉളവാക്കണമെങ്കിൽ മുഖ്യകഥാപാത്രം അതീവഗുണവാനോ അതീവ ദുഷ്ടനോ ആകാതെ മദ്ധ്യവർത്തിയാകണം. പരമാദർശവാനായ കഥാപാത്രത്തിനും അതിദുഷ്ടകഥാപാത്രത്തിനും ഉന്നതാവസ്ഥയിൽ നിന്നുണ്ടാകുന്ന പതനം ഭയകരുണങ്ങൾ ഉളവാക്കാൻ പര്യാപ്തമല്ല. ട്രാജഡിയിലെ മുഖ്യകഥാപാത്രം അടിസ്ഥാനപരമായി നന്മയോട് ആഭിമുഖ്യവും ധർമ്മബോധവുമുള്ള ഒരു വ്യക്തിയായിരിക്കണമെന്ന് അരിസ്റ്റോട്ടിൽ നിഷ്കർഷിക്കുന്നു. അയാൾ കഷ്ടാവസ്ഥയിലേക്ക് പതിക്കുന്നത് കരുതിക്കൂട്ടിയല്ല. സ്വഭാവദൗർബല്യത്താലോ കർമ്മ വൈപരീത്യത്താലോ ഒരുപക്ഷേ അജ്ഞതയാലോ ആണ്.


Hamartia [ഹമർഷ്യ]

അരിസ്റ്റോട്ടിൽ ഉപയോഗിച്ച ഹമർഷ്യ എന്ന പദം ദുരുദ്ദേശ്യത്താൽ കറ പുരളാത്ത ഏതെങ്കിലും മാനുഷിക ദൗർബല്യമോ ധർമ്മച്യുതിയോ ആണ്.  ഉദാഹരണത്തിന് ഈഡിപ്പസ് [രചന: സോഫോക്ലിസ്സ്] എന്ന നാടകത്തിൽ നായകനായ ഈഡിപ്പസ്സ്, രണ്ടു തെറ്റുകൾ വരുത്തുന്നു. അച്ഛനെ വധിക്കുന്നു, അമ്മയെ വിവാഹം ചെയ്യുന്നു. ഇതാണ് ഹമേർഷ്യ - മുഖ്യകഥാപാത്രത്തിൻ്റെ ദൗർബല്യം.

മുഖ്യകഥാപാത്രത്തിൻ്റെ ഈ ദൗർബല്യങ്ങൾ ഇതിവൃത്തത്തിൻ്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക ഘടകമാകുന്നു.


കതാർസിസ്-Catharsis

വികാരവിരേചനം, വികാരവിമലീകരണം എന്നിങ്ങനെയുള്ള അർത്ഥങ്ങൾ Catharsis എന്ന വാക്കിന് നല്കിക്കാണുന്നു. ഈ വാക്ക് Katharsis എന്ന വൈദ്യശാസ്ത്ര പദത്തിൽ നിന്നും അരിസ്റ്റോട്ടിൽ ഉരുത്തിരിച്ചെടുത്തതാണ്. 

ശരീരത്തിൽ ഔഷധമുണ്ടാക്കുന്ന ഫലത്തിനു സദൃശമാണ് ഹൃദയത്തിൽ വിരേചനം ഉണ്ടാക്കുന്നത്. വേദനയുണ്ടാക്കുന്നതോ ഉപദ്രവകരമോ ആയ അംശം ശരീരത്തിൽ നിന്നും അകറ്റുകയെന്നാണ് കത്താർസിസിൻ്റെ ശരിക്കുള്ള അർത്ഥം.

ഭയകരുണങ്ങളെ ട്രാജഡി ഉത്തേജിപ്പിക്കുകയും അതിലൂടെ ആഹ്ലാദകരമായ വികാരവിമോചനം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവിടെ 

നാടകം വികാരപ്രകാശനത്തിനുള്ള മാർഗ്ഗമാകുന്നു. 

കല വികാരങ്ങളെ ഉത്തേജിപ്പിച്ച് സന്മാർഗ്ഗലംഘനത്തിനു പ്രേരിപ്പിക്കുന്നുവെന്ന പ്ലാറ്റോവിൻ്റെ ആരോപണത്തെ നിഷേധിക്കുകയാണ് അരിസ്റ്റോട്ടിൽ ഈ സിദ്ധാന്തം മുഖേന ചെയ്യുന്നത്. കല വികാരോത്തേജനം സാധിക്കുമ്പോൾ തന്നെ അതിനു മാനുഷികമൂല്യവുമുണ്ടെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം. ട്രാജഡി മനുഷ്യഹൃദയത്തെ ശുദ്ധീകരിക്കുന്നു. നിത്യജീവിതത്തിലെ വികാരങ്ങളിലെ മാലിന്യം നീക്കി ശുദ്ധവും സാധാരണവുമാക്കുന്നു. വിശിഷ്ടമായ വൈകാരികതൃപ്തിയുളവാകാൻ ഇതു കാരണമാകുന്നു.

മഹാകാവ്യങ്ങളേക്കാളും മെച്ചമാണ് ദുരന്തനാടകങ്ങൾ. 

കരുണയും ഭയവും ഉദ്ദീപിപ്പിക്കുകയാണ് ദുരന്തനാടകങ്ങളുടെ കടമ. കഥാനായകന്മാരുടെ തകർച്ചയിലും ദുഃഖത്തിലുമാകണം അവ പരിസമാപിക്കേണ്ടത്. അതിനായി ഉത്തമകഥാപാത്രങ്ങളുടെ സങ്കടം കാണിച്ച് കാണികളുടെ വികാരമിളക്കണം. ഈഡിപ്പസിനു സംഭവിച്ച ദുരവസ്ഥയാണ് സോഫോക്ലിസ്സ് ആഖ്യാനം ചെയ്യുന്നത്. വളരെ സ്നേഹ ബന്ധമുള്ളവർ പരസ്പരം ചെയ്യുന്ന തെറ്റു കാരണം ദുഃഖിക്കുന്നത് കരുണത്തെ വളരെ ഉയർത്തും. ഉയർന്ന സ്ഥാനത്തിരിക്കുന്ന ഉത്തമവ്യക്തിക്ക് അപ്രതീക്ഷിതമായി വീഴ്ചയുണ്ടായാൽ അത് ഭയമുളവാക്കും. പ്രേക്ഷകരിൽ ഭയകരുണങ്ങൾ ഉത്തേജിപ്പിച്ച് ആ വികാരങ്ങളുടെ തളളിച്ചയിൽ നിന്ന് പ്രേക്ഷകരെ വിമുക്തരാക്കുന്ന, മോചിപ്പിക്കുന്ന പ്രവർത്തനമാണ് കതാർസിസ്. ഉത്തമദുരന്തനാടകങ്ങൾ ഈ കൃത്യം നിറവേറ്റുന്നു. കതാർസിസ് സാദ്ധ്യമാക്കാത്തവ ദുരന്തനാടകങ്ങളല്ല.


പ്ലോട്ടിനെക്കുറിച്ചു പറയുമ്പോൾ സംഭവത്തിൻ്റെ ഐക്യം, സമ്പൂർണ്ണത, ബന്ധദാർഢ്യം, ഘടകപ്പൊരുത്തം, ആത്മാവ് എന്നിവയ്ക്കാണ് അദ്ദേഹം പ്രാധാന്യം നല്കിയത്. ഏതൊരു നാടകത്തിൻ്റെയും കേന്ദ്രബിന്ദു ഒരേയൊരു സംഭവമേ ആകാവൂ. പ്ലോട്ടിന് ഒതുക്കവും ഘടകപ്പൊരുത്തവും വേണം. എങ്കിലേ അതിനു സൗന്ദര്യമുണ്ടാവൂ. അത് സ്വയം സമ്പൂർണ്ണമാകണം. ചേതനാ സാമഞ്ജസ്യവും (Organic Beauty) വേണം. ഓരോ പ്ലോട്ടിനും പ്രാരംഭം,മദ്ധ്യം, അന്തം എന്നീ 3 ഘടകങ്ങൾ വേണം. അരിസ്റ്റോട്ടിൽ ഊന്നിപ്പറഞ്ഞിട്ടുള്ളത് ക്രിയൈക്യത്തെക്കുറിച്ചു മാത്രമാണ്. ജീവനുളള ഒന്നിൻ്റെ അവയവങ്ങൾ പോലെ സുഘടിതവും അത്യന്താപേക്ഷിതവുമാകണം ക്രിയയിലെ ഘടകങ്ങൾ. മുഖ്യമായ ഒരു ക്രിയയും അതിനോടു ബന്ധപ്പെട്ട ക്രിയകളും വർണ്ണിക്കുകയെന്നതാണ് പ്രധാനം. അങ്ങനെയുള്ളിടത്തേ ക്രിയൈക്യം കാണാനാവുകയുള്ളൂ.

അരിസ്റ്റോട്ടിൽ പറയുന്നു:

  • ഏതൊരു കലാസൃഷ്ടിക്കും സൗന്ദര്യമുണ്ടായിരിക്കണം.

  • കലാസൃഷ്ടി സുന്ദരവും ആഹ്ലാദകാരിയുമാകണം.

  • സമഞ്ജസമായ പൊരുത്തമാണ് സൗന്ദര്യത്തിനടിസ്ഥാനം.

  • ക്രമം, പൊരുത്തം, സാമഞ്ജസ്യം എന്നിവ സജീവഘടനപ്പൊരുത്തത്തിന് അനിവാര്യം.

  • ആവിഷ്കരിച്ച സംഭവം, കഥ, ക്രിയ - എല്ലാം സംഭവ്യവും വിശ്വസനീയവുമായിരിക്കണം. 

ശാസ്ത്രീയബോധത്തെ കലാമേഖലയിൽ ഉൾക്കൊള്ളിച്ച് ചിന്തിച്ച ശുദ്ധകലാചിന്തകനെന്ന നിലയിലും പ്രായോഗികവിമർശനത്തിലുമെല്ലാം അരിസ്റ്റോട്ടിൽ ആരാദ്ധ്യനാകുന്നു.


ലോംഗിനസ്

ക്രിസ്തുവർഷം മൂന്നാം ശതകം ലോംഗിനസ്സിൻ്റെ കാലഘട്ടമായി കരുതുന്നു. ലോംഗിനസ്സിനെ കൂടുതൽ സ്വാധീനിച്ചത് പ്ലാറ്റോവിൻ്റെ സിദ്ധാന്തങ്ങളാണ്. സാഹിത്യത്തിൻ്റെ ഉദാത്തഭാവത്തെ വ്യക്തമാക്കിക്കൊണ്ട് ലോംഗിനസ്സ് On the Sublime എന്ന പ്രബന്ധം രചിച്ചു. പതിനാറാം നൂറ്റാണ്ടിൽ ഇറ്റലിയിൽ റോബർട്ടല്ലി ഈ പ്രബന്ധം ആദ്യം പ്രസിദ്ധീകരിച്ചു. 

മൂന്നാം ശതകത്തിൽ പേരെടുത്ത ദാർശനികനാണ് പ്ലോട്ടിനസ്സ്. “ഭൗതികാതീതജ്ഞാനസംഹിത” എന്ന പേരിൽ പ്ലേറ്റോവിൻ്റെ സിദ്ധാന്തങ്ങളിലൂന്നി അദ്ദേഹം ഒരു കൃതി രചിച്ചു. തന്നേക്കാൾ മഹത്തായ വസ്തുക്കളുടെയെല്ലാം നേരെ മനുഷ്യന് ഒരാസക്തിയുണ്ടെന്ന് ലോംഗിനസ്സ്  വിശ്വസിക്കുന്നു. മനുഷ്യചിന്ത അതിരുകളില്ലാത്തതും അനന്തമായി വ്യാപരിക്കുന്നതുമാണ്.

എസ്സേ ഓൺ ദി സബ്ലൈം ഉദാത്തതയെപ്പറ്റി

സാഹിത്യതത്ത്വശാസ്ത്രത്തിൻ്റെ ലോകത്ത് അരിസ്റ്റോട്ടിലിൻ്റെ പോയറ്റിക്സിനടുത്ത് വയ്ക്കാൻ അർഹമായ കൃതിയാണ് എസ്സേ ഓൺ ദി സബ്ലൈം (കെ.എം.തരകൻ 71). 

എന്താണ് ഈ കൃതിയുടെ പ്രത്യേകത? 

റൊമാൻ്റിക് (കാൽപ്പനിക) സാഹിത്യപ്രസ്ഥാനത്തിൻ്റെ ആദ്യത്തെ പ്രമാണഗ്രന്ഥമായ് ഇതു വിലയിരുത്തപ്പെടുന്നു. 

സമഗ്രമായ പ്രതിപാദനം, സമർത്ഥമായ വിശകലനം, സുന്ദരമായ ഭാഷ മുതലായവ ഈ കൃതിയുടെ മുതല്ക്കൂട്ടാണ്. 


ട്രാൻസ്പോർട്ടേഷൻ

ട്രാൻസ്പോർട്ടേഷൻ എന്ന വാക്കിന് കടത്തിക്കൊണ്ടുപോകൽ എന്നാണ് അർത്ഥം. താണനിലയിൽ നിന്ന് ഉന്നതനിലയിലേക്ക് വഹിച്ചുകൊണ്ടുപോകലാണ് സാഹിത്യത്തിൻ്റെ ലക്ഷ്യം എന്നു ലോംഗിനസ്സ് സമർത്ഥിക്കുന്നു. ഇവിടെ ഗുണഭോക്താവ് ആസ്വാദകനാണ്.

ശ്രോതാക്കളിൽ പ്രേരണ ചെലുത്തുകയല്ല ശ്രേഷ്ഠമായ ഭാഷയുടെ (സാഹിത്യം) പ്രധാന ധർമ്മം. ഉദാത്തസാഹിത്യം മന്ത്രത്താൽ ബന്ധിച്ചെന്നപോലെ ആസ്വാദകരെ

ആനന്ദത്തിൻ്റെ പരകോടിയിലെത്തിക്കുന്നു. സഹൃദയരെ രസിപ്പിച്ചാൽ പോരാ, അവരുടെ മനസ്സിനെ വശീകരിച്ച് ഉന്നതമായ മറ്റൊരു മണ്ഡലത്തിലെത്തിക്കണം. സാഹിത്യകാരൻ്റെ ഭാവന എവിടെയാണോ സ്ഥിതി ചെയ്യുന്നത്  അതേ മണ്ഡലത്തിൽത്തന്നെയാകണം സഹൃദയമനസ്സും എത്തേണ്ടത്. സന്തോഷത്തിൻ്റെ, ഹർഷത്തിൻ്റെ തിരതള്ളലിൽ ഹൃദയത്തിനുണ്ടാകുന്ന അഭിവൃദ്ധിയാണ്, ഉയർച്ചയാണ് പ്രധാനം. അതിനാൽ സാഹിത്യധർമ്മം സഹൃദയരിൽ പ്രേരണ ചെലുത്തുക (To Persuade), സഹൃദയരെ അഭ്യസിപ്പിക്കുക (To instruct), സഹൃദയരെ സന്തോഷിപ്പിക്കുക (To delight) മുതലായവയാണെന്ന പരമ്പരാഗതധാരണയെ പൊളിക്കാൻ ലോംഗിനസ്സിനു സാധിച്ചു.

 “യഥാർത്ഥത്തിൽ ഉദാത്തമായത് നമ്മുടെ ആത്മാവിനെ ഉയർത്തുന്നു; ഉത്കൃഷ്ടമായ ആഹ്ലാദം കൊണ്ട് നമ്മുടെ ഹൃദയം നിറയ്ക്കുന്നു. നാം ആസ്വദിക്കുന്നത് നമ്മുടെ ഒരു കലാസൃഷ്ടി തന്നെയാണെന്ന തോന്നലാണ് അപ്പോൾ നമുക്കുണ്ടാവുക.” - കെ.എം. തരകൻ വിശദീകരിക്കുന്നു. സാഹിത്യം എഴുതുമ്പോൾ കവികളുടെ മനസ്സ് ഉന്മത്താവസ്ഥ കൈക്കൊള്ളുന്നു. ദൈവികമായ ഈ അസ്വാസ്ഥ്യത്തിലാണ്, ഈ തീവ്രമായ ലഹരിയിലാണ് ലോംഗിനസ്സ് ഉദാത്തഭാവത്തെ കാണുന്നത്. കെ.എം. തരകൻ ഒന്നുകൂടി വ്യക്തമാക്കുന്നു: “ഹൃദയത്തെ ആനന്ദനിർഭരവും അഭിമാനപുളകിതവും ആക്കുകയും ആത്മാവിനെ ദൃഢതരമാക്കുകയും ചെയ്യുന്ന നിബന്ധം - ഗദ്യമാവട്ടെ, പദ്യമാവട്ടെ, ഉദാത്തമാണെന്ന് ലോംഗിനസ്സ് പ്രഖ്യാപിക്കുന്നു” (പുറം72) .

എന്താണ് ഉദാത്തതയുടെ ലക്ഷണം എന്ന ചോദ്യത്തിന് ലോംഗിനസ്സിനു മറുപടിയുണ്ട്. ആവർത്തിച്ചുള്ള പരിശോധനയ്ക്കും പഠനത്തിനും ശേഷം പിന്നെയും പിന്നെയും ആകർഷകമാണെന്ന്, പണ്ഡിതനും ധിഷണാസമ്പന്നനും (ബുദ്ധിശാലി) സഹൃദയനുമായ ഒരാൾക്ക് ഏതൊരു നിബന്ധത്തെപ്പറ്റിയാണോ തോന്നുക, അതാണ് യഥാർത്ഥത്തിൽ ഉദാത്തമായത്.” (കെ.എം. തരകൻ, പുറം. 73). അപ്പോൾ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന സാഹിത്യകൃതിയിലാണ് ലോംഗിനസ്സ് മഹത്വം കാണുന്നതെന്നർത്ഥം. അഭിപ്രായം പറയേണ്ടതോ? പണ്ഡിതനായ സഹൃദയൻ. അദ്ദേഹത്തിന് വീണ്ടും പാരായണത്തിന് താൽപ്പര്യമുളവാക്കാത്ത ഒരു കൃതിയും ഉദാത്തമോ ഉത്തമമോ അല്ല. ഉദാത്തഭാവം ഹൃദയത്തിലേക്ക് ഇടിമിന്നൽ പോലെ തുളഞ്ഞു കയറുകയും തങ്ങി നില്ക്കുകയും ചെയ്യും. അതിൻ്റെ നൂതനത്വവും സൗന്ദര്യവും ഒരിക്കലും നശിക്കില്ല. ഉത്തമ കലാസൃഷ്ടി കാലാതീതമാണ്, സാർവലൗകികവുമാണ്. ഉദാത്തഭാവം അറിവോ ആനന്ദമോ അല്ല. അനിർവചനീയമായ ഒരു അനുഭവചൈതന്യം അത്യുന്നതമായ ഒരു മേഖലയിലേക്ക് അനുവാചകഹൃദയത്തെ ഉയർത്തുന്നതാണ്. ഇതിനെ ലോഫ്ടിനസ്സ് അഥവാ സബ്ലിമിറ്റി എന്ന് ലോംഗിനസ്സ് വിളിക്കുന്നു. (എം.അച്യുതൻ,212 ).

ഉദാത്തഭാവത്തിന് കോട്ടം ഉണ്ടാക്കുന്ന ഘടകങ്ങളുണ്ട്. മൂന്ന് മുഖ്യദോഷങ്ങളാണുള്ളത്. 

  • ഒന്ന്, അർത്ഥഗൗരവമില്ലാത്തിടത്തു പ്രയോഗിക്കുന്ന ശബ്ദ പ്രൗഢി.

  • രണ്ട്, ഉദാത്തഭാവത്തിനു കടക വിരുദ്ധമായ ഭാഷാശൈലി

  • മൂന്ന്, കൃത്രിമമായ ഭാവപ്രകടനം.

ഉദാത്തഭാവത്തിൻ്റെ മുഖ്യശത്രുക്കളായ ഇവ വൃഥാസ്ഥൂലത, ബാലിശത്വം, ശൂന്യമായ അതിഭാവുകത്വം എന്നീ സാഹിത്യദോഷങ്ങൾക്കെല്ലാം കാരണമാകുന്നു. (കെ.എം. തരകൻ 73) .

ഉദാത്തതയുടെ 5 ഉറവിടങ്ങൾ

ഉദാത്തഭാവം എവിടെ നിന്നുണ്ടാകുന്നുവെന്ന് ലോംഗിനസ്സ് വിശദമാക്കുന്നു. അഞ്ച് പ്രഭവസ്ഥാനങ്ങളാണ് ഉള്ളത്.

  • ഒന്ന്, കവിഹൃദയത്തിൻ്റെ ഉത്കൃഷ്ടത

  • രണ്ട്, അത്യുജ്ജ്വലമായ വികാരത്തിൻ്റെ തള്ളൽ

  • മൂന്ന്, ഉൽകൃഷ്ടാലങ്കാരങ്ങൾ

  • നാല്, ശ്രേഷ്ഠമായ പദപ്രയോഗം

  • അഞ്ച്, സാഹിത്യസൃഷ്ടിയുടെ ആകെക്കൂടിയുള്ള മഹത്വവും ഗൗരവവും

ഒരു കവി മഹത്തായ കാര്യങ്ങൾ സങ്കല്പിക്കാൻ പ്രാപ്തനായിരിക്കണം. ഉൽകൃഷ്ടഹൃദയമുള്ള കവിക്കു മാത്രമേ അത്യുന്നത രൂപഭാവങ്ങൾ സങ്കല്പിക്കാനാവുകയുള്ളൂ.

ഉജ്ജ്വലമായ വികാരവും ഉന്നതഭാവനയും ഒത്തുചേർന്നാണ് പ്രവർത്തിക്കുക. ‘Sublimity is the echo of a noble mind’ എന്ന് (മഹത്തായ ആത്മാവിൻ്റെ പ്രതിദ്ധ്വനിയാണ് ഉദാത്തത) ലോംഗിനസ്സ് പറയുന്നുണ്ട്. ഹോമറിൻ്റെ ഹൃദയമഹത്വം ലോംഗിനസ്സ് ചൂണ്ടിക്കാട്ടുന്നു. 

മഹത്വം നിറഞ്ഞു മനസ്സുള്ളവർക്കു മാത്രമാണ് തീവ്രമായ വികാരങ്ങൾ അനുഭവിക്കാനാവുക. ആ തീവ്രവികാരം കാവ്യശില്പത്തെ ഉജ്ജ്വലമാക്കുകയാണ്. കവി അനുഭവിച്ചതിൽ ഏറ്റവും മികച്ച വികാരത്തെ തിരഞ്ഞെടുത്തു സംയോജിപ്പിക്കുന്നതിലാണ് കലാഭംഗിയുള്ളത്. മനസ്സിൻ്റെ സൗന്ദര്യം പദത്തിനു പ്രകാശമരുളുന്ന പോലെ സുന്ദരപദങ്ങൾ ചിന്തയെ ദീപ്തമാക്കുന്നുവെന്ന് ലോംഗിനസ്സ് പരാമർശിക്കുന്നു. (കെ.എം. തരകൻ, 76).

അർത്ഥഗൗരവമുള്ള വാക്കുകൾ സന്ദർഭത്തിന് ചേരുംവിധം തിരഞ്ഞെടുക്കാനാകണം. ഉചിതഗൗരവമുള്ള പദസമൂഹം ഉദാത്തഭാവത്തിൻ്റെ ഉറവിടമാണ്. 

ഒരു കൃതിക്കുണ്ടാകേണ്ട സാംഗോപാംഗഘടകപ്പൊരുത്തം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ലോംഗിനസ്സ് വിവരിക്കുന്നില്ല.

പക്ഷേ, അതിൻ്റെ ആവശ്യകതയെക്കുറിച്ചു ബോധവാനായിരുന്നു അദ്ദേഹം. 

കവി പ്രതിഭാശാലിയാകണം, പാണ്ഡിത്യമുള്ളവനും അഭ്യാസബലമുള്ളവനുമാകണമെന്ന നിലപാട് ലോംഗിനസ്സിനുണ്ടായിരുന്നു. മഹത്തായ കൃതികളിലെ ആശയങ്ങൾ സ്വാംശീകരിച്ച് അവയിൽ നിന്നും പ്രചോദനം നേടുന്നതിൽ തെറ്റില്ല.

പാണ്ഡിത്യവും ഉദാത്ത കൃതികൾ വായിച്ചാസ്വദിച്ചുള്ള അനുഭവപരിചയവും സാഹിത്യകൃതികളെ വിലയിരുത്താൻ അത്യന്താപേക്ഷിതമാണ്. 


ഒരേ സമയം പ്ലാറ്റോവിൻ്റെ ഭൗതികാതീത സമീപനവും അരിസ്റ്റോട്ടിലിൻ്റെ ശാസ്ത്രീയ സമീപനരീതിയും ഉൾക്കൊള്ളാൻ കഴിഞ്ഞ റൊമാൻ്റിക് വിമർശകനാണ് ലോംഗിനസ്സ്. കവിത വികാരോജ്ജ്വലമാകണം, ആനന്ദത്തിൻ്റെ പരകോടിയോളം സഹൃദയരെ എത്തിക്കണമെന്നുമുള്ള ചിന്ത റൊമാൻ്റിസിസത്തിൻ്റെ അടിസ്ഥാനപ്രമാണമായി വിലയിരുത്തപ്പെടുന്നു. (കെ.എം. തരകൻ 79). കവിഭാവനയെ സ്വതന്ത്രമായി വ്യാപരിക്കാൻ വഴിതുറന്ന ഈ കാവ്യചിന്തകൻ എക്കാലവും സ്മരിക്കപ്പെടും. 


സഹായഗ്രന്ഥങ്ങൾ

എം.അച്യുതൻ, പാശ്ചാത്യസാഹിത്യദർശനം.

കെ.എം. തരകൻ, പാശ്ചാത്യസാഹിത്യതത്ത്വശാസ്ത്രം

എസ്.കെ. വസന്തൻ

പടിഞ്ഞാറൻ കാവ്യമീമാംസ മലയാളികൾക്ക്.













അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്