അരിസ്റ്റോട്ടിൽ: തത്ത്വദർശിയായ കലാമർമ്മജ്ഞൻ

അരിസ്റ്റോട്ടിൽ

അറിവിൻ്റെ മണ്ഡലത്തിൽ എന്നും സ്മരിക്കപ്പെടുന്ന നാമമാണ് അരിസ്റ്റോട്ടിലിൻ്റേത്. പാശ്ചാത്യ തത്ത്വശാസ്ത്രത്തെ അഗാധതയുള്ളതാക്കി തീർത്ത പണ്ഡിതനാണ് അദ്ദേഹം. ഇന്നത്തെ കാലം അരിസ്റ്റോട്ടിലിൻ്റെ ചിന്തകളോട് കടപ്പെട്ടിരിക്കുന്നു. പുരാതന വിജ്ഞാന നഗരമായിരുന്ന ആഥൻസുമായി അരിസ്റ്റോട്ടിലിൻ്റെ ജീവിതത്തിലെ പ്രധാനഭാഗം ചേർന്നു നില്ക്കുന്നു.

ലഘു ജീവിതചിത്രം

ഗ്രീസിൽ ബി.സി. 384 ൽ അരിസ്റ്റോട്ടിൽ ജനിച്ചു. അച്ഛൻ നിക്കോമാക്കസ്. അദ്ദേഹം മാസിഡോണിയയിലെ അമിന്തസ് രാജാവിൻ്റെ കൊട്ടാരം വൈദ്യരായിരുന്നു. അരിസ്റ്റോട്ടിൽ കുട്ടിയായിരിക്കെത്തന്നെ അച്ഛൻ അന്തരിച്ചു. തുടർന്ന് പ്രോക്സിനസ്സ് എന്നയാൾ രക്ഷാകർത്തൃത്വം ഏറ്റെടുത്തു. പതിനേഴാം വയസ്സിൽ അരിസ്റ്റോട്ടിൽ ഉന്നതവിദ്യാഭ്യാസത്തിനായി ആഥൻസിലെത്തി. പ്ലേറ്റോവിൻ്റെ അക്കാദമിയിൽ ചേർന്നു. 20 വർഷം അവിടെ വിദ്യാർത്ഥിയായും അദ്ധ്യാപകനെന്ന നിലയിലും കഴിഞ്ഞു. ഗുരുവിൻ്റെ -പ്ലാറ്റോ- കാഴ്ച്ചപ്പാടുകൾക്കപ്പുറം കടന്നു കാണാൻ അദ്ദേഹം ശ്രമിച്ചു. Rhetoric (പ്രഭാഷണകല) ആണ് അദ്ദേഹം പഠിപ്പിച്ചത്. പ്ലേറ്റോവിൻ്റെ മരണശേഷമുണ്ടായ അഭിപ്രായഭിന്നതകൾ അക്കാദമി ഉപേക്ഷിക്കാൻ കാരണമായി.

കുറച്ചു വർഷത്തിനു ശേഷം മാസിഡോണിയയിലെ രാജാവായ ഫിലിപ്പ് തൻ്റെ മകനായ അലക്സാണ്ടറുടെ ഗുരുവാകാൻ അരിസ്റ്റോട്ടിലിനെ ക്ഷണിച്ചു. അഞ്ചുവർഷം, അലക്സാണ്ടറിന് 18 വയസ്സാകും വരെ അവിടെ തുടർന്നു. ഫിലിപ്പിൻ്റെ മരണശേഷം (ബി.സി.336) അധികാരമേറ്റ അലക്സാണ്ടർ സാമ്രാജ്യ വിപുലനം ആരംഭിച്ചതോടെ അരിസ്റ്റോട്ടിൽ ആഥൻസിലേക്ക് തിരിച്ചുവന്നു. അവിടെ ലൈസിയം എന്ന വിദ്യാലയം ആരംഭിച്ചു. പതിമൂന്നുവർഷം അവിടെ പഠിപ്പിച്ചു. നൂതനസിദ്ധാന്തങ്ങൾ അവതരിപ്പിച്ചു. പ്രശസ്തി നേടി. അലക്സാണ്ടറുടെ മരണത്തോടെ (ബി.സി. 323) സാഹചര്യം പ്രതികൂലമായി. എന്നാൽ വിചാരണക്കു വഴങ്ങാൻ അരിസ്റ്റോട്ടിൽ തയ്യാറായില്ല. യൂബിയ (Euobea) എന്നപേരിലുള്ള ഗ്രീക്കു ദ്വീപിലേക്ക് കടന്നു. ബി.സി. 322 ൽ തന്നെ അന്തരിക്കുകയും ചെയ്തു.


തർക്കശാസ്ത്രം, ഭൗതികശാസ്ത്രം, പ്രകൃതിശാസ്ത്രം, മനോവിജ്ഞാനം, 

തത്ത്വശാസ്ത്രം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലെല്ലാം അരിസ്റ്റോട്ടിലിൻ്റെ കൃതികളുണ്ട്; ചിന്തകളുണ്ട്. തത്ത്വചിന്താ (തത്ത്വശാസ്ത്രം തന്നെ) വിഭാഗത്തിലാണ് വളരെ പ്രധാനപ്പെട്ട കൃതികൾ. 

കാവ്യതത്ത്വചിന്തയിൽ (കാവ്യശാസ്ത്രം)

വളരെ പ്രശസ്തമായ അരിസ്റ്റോട്ടിലിൻ്റെ ‘പോയറ്റിക്സ്’ -

(കാവ്യമീമാംസ) എന്ന കൃതി ദുരന്തനാടകത്തെയും സാഹിത്യതത്ത്വത്തെയും സംബന്ധിക്കുന്ന പഠനമാണ്. 


ട്രാജഡി - ദുരന്തനാടകം- യുടെ ലക്ഷ്യം നായകൻ്റെ ജീവിതത്തിലെ തകർച്ചയും ദുഃഖ ദുരിതാദികളും കണ്ട് പ്രേക്ഷകർക്ക് വൈകാരികവും മാനസികവുമായ ശുദ്ധി കൈവരുന്നതാണ്. ഇതിനെ കഥാർസിസ് - Catharsis - അഥവാ വികാരവിരേചനം എന്നു വിളിക്കുന്നു. വികാരവിമലീകരണം എന്നും വിളിക്കാറുണ്ട്.


അരിസ്റ്റോട്ടിലിൻ്റെ കലാചിന്തകൾ

കവിതയ്ക്ക് അർഹമായ പരിഗണന നല്കുകയും അതിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്ത മഹാനുഭാവനാണ് അരിസ്റ്റോട്ടിൽ. സാഹിത്യകൃതികളുടെ മൂർത്തപ്രകൃതത്തെ ആധാരമാക്കിയാണ് അരിസ്റ്റോട്ടിൽ കലാചിന്തകൾ രൂപപ്പെടുത്തിയത്. എസ്കിലസ്, സോഫോക്ലിസ്സ്, യൂറിപ്പിഡിസ് മുതലായവരുടെ ദുരന്തനാടകങ്ങളും ഹോമറുടെ ഇതിഹാസങ്ങളുമാണ് - ഇലിയഡ്, ഒഡീസ്സി- അദ്ദേഹം നിഷ്കർഷിച്ചു പഠിച്ചത്. ഈ പഠനത്തിലൂടെ പോയറ്റിക്സിൻ്റെ ആധികാരികരചന സാധിച്ചു.


പോയറ്റിക്സ്, അഥവാ, കാവ്യമീമാംസ എന്ന അരിസ്റ്റോട്ടിലിൻ്റെ കാവ്യ കലാചിന്തകൾക്ക് 26 അദ്ധ്യായങ്ങളാണുള്ളത്. ആദ്യത്തെ 5 അദ്ധ്യായങ്ങൾ അനുകരണാത്മക കലകളുടെ സ്വഭാവം, കവിതയുടെ പ്രാചീന ചരിത്രം, ട്രാജഡി, കോമഡി എന്നീ കാവ്യരൂപങ്ങളുടെ ഉത്ഭവം മുതലായവ ചർച്ച ചെയ്യുന്നു. തുടർന്നുള്ള 14 അദ്ധ്യായങ്ങൾ ദുരന്തനാടക (ട്രാജഡി) സ്വഭാവം ചർച്ച ചെയ്യുന്നു. പിന്നീടുള്ള അദ്ധ്യായങ്ങൾ കാവ്യരചനാസമ്പ്രദായത്തെയും ഇതിഹാസങ്ങളേയും പരിശോധിക്കുന്നു. ഇതിഹാസങ്ങളേയും കോമഡികളേയും (ശുഭാന്തനാടകം) ഒന്ന് അവലോകനം ചെയ്തു കടന്നുപോവുകയാണ് അദ്ദേഹം.


അരിസ്റ്റോട്ടിലും പ്ലാറ്റോയും

ഇവർ തമ്മിലുള്ള വ്യത്യാസങ്ങൾ നിരവധിയാണ്. 

  • പ്ലാറ്റോ സ്വന്തമായ ഒരു ചട്ടക്കൂട് നിർമ്മിച്ച് പ്രപഞ്ചത്തെ അതിലൊതുക്കാൻ ശ്രമിച്ചു. എന്നാൽ അരിസ്റ്റോട്ടിൽ തത്ത്വജ്ഞാനാർത്ഥം പൊരുൾ തേടുകയായിരുന്നു. 

  • പ്ലാറ്റോ ഭൗതികലോകത്തെ ഒരു യാഥാർത്ഥ്യമായി അംഗീകരിക്കുന്നില്ല. 

അരിസ്റ്റോട്ടിൽ അതിനെ യാഥാർത്ഥ്യമായി അംഗീകരിക്കുന്നു. 

  •  മാറ്റർ, എനർജി (ജഡപദാർത്ഥം,ചൈതന്യം) എന്നിങ്ങനെ ഭൗതികപ്രപഞ്ചത്തിൻ്റെ രണ്ടു ഘടകങ്ങളെ അരിസ്റ്റോട്ടിൽ അംഗീകരിക്കുന്നു.

  • അനശ്വരലോകങ്ങളുടെ ഒരു സത്യലോകത്തെ പ്ലാറ്റോ വിഭാവനം ചെയ്യുന്നു.

  • അമൂർത്തമായ സത്യലോകത്തിൻ്റെ -അതീന്ദ്രിയ ലോകം - നിഴലാണ് ഭൗതിക ലോകമെന്ന് പ്ലാറ്റോ.

  • ഭൗതികലോകം നിഴലല്ലെന്ന് അരിസ്റ്റോട്ടിൽ.

  • രൂപം എന്ന വാക്കിനാൽ ബാഹ്യമായ ആകാരമെന്നതിനേക്കാളും ആകാരം നല്കുന്ന ചൈതന്യവിശേഷത്തെയാണ് അരിസ്റ്റോട്ടിൽ വിവക്ഷിക്കുന്നത്. 


കലകളോടുള്ള സമീപനം

ഗ്രീക്കുകാർ അക്കാലത്ത് കലകളെ ഉദാരകലകൾ അല്ലെങ്കിൽ അനുകരണാത്മകലകൾ എന്നാണ് വ്യവഹരിച്ചിരുന്നത്. ഗ്രീക്കുകാർ സുകുമാരകലകളേയും സോപയോഗ കലകളെയും വേർതിരിച്ചു പറഞ്ഞിരുന്നില്ല. അവരുടെ കലകളിൽ സൗന്ദര്യവും ഉപയോഗ്യതയും കൂടിച്ചേർന്നു. എങ്കിലും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം ആദ്യമായി വ്യക്തമാക്കിയത് അരിസ്റ്റോട്ടിലാണത്രെ. 

ഒരു കലാകാരൻ നിർമ്മാണപ്രക്രിയയിൽ വ്യാപൃതനാകുന്നതിനു മുമ്പേ അതിൻ്റെ വ്യക്തമായ രൂപം മനസ്സിൽ വഹിക്കുന്നുണ്ട്. തൻ്റെ സങ്കല്പത്തിനനുസരിച്ച് അയാൾ പദാർത്ഥത്തിനു രൂപം നല്കി ചൈതന്യം പകരുന്നു. പ്രകൃതിക്കെന്നപോലെ കലയ്ക്കുമുണ്ട് ലക്ഷ്യം.

പ്രകൃതി പരാജയപ്പെടുന്നിടത്ത് പ്രകൃതിയുടെ കുറവുകൾ നികത്തി സഹായിക്കുകയാണ് കലയുടെ ധർമ്മം. സോപയോഗകലകൾ മനുഷ്യൻ്റെ ഭൗതികാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. അതിനായി പ്രകൃതിവിഭവങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്നു. സുകുമാരകലകൾ ആനന്ദിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്കുന്നത്. അവ പ്രകൃതി ലക്ഷ്യമാക്കുന്ന ഉയർന്ന ലക്ഷ്യത്തിൻ്റെ- ആദർശത്തിൻ്റെ- രൂപം ചിത്രീകരിക്കുന്നു.


അരിസ്റ്റോട്ടിൽ അനുകരണത്തെക്കുറിച്ച്

കല പ്രകൃതിയുടെ അനുകരണമത്രെ. ഭാഷ മുഖേനയുള്ള അനുകരണമാണത്രേ സാഹിത്യകല.

വസ്തുതകൾ അതേപടി പകർത്തുക, നിർജ്ജീവങ്ങളായ പ്രതിച്ഛായകൾ നിർമ്മിക്കുക എന്നല്ല അനുകരണത്തിനർത്ഥം. പ്രകൃതിയുടെയും ജീവിതത്തിൻ്റെയും രൂപം എന്തായിരിക്കണമോ അതിനെയാണ് അനുകരിക്കേണ്ടത്” (എം.അച്യുതൻ, പാശ്ചാത്യസാഹിത്യദർശനം, 159.)

ആദർശാത്മകമായ രൂപത്തിൽ വസ്തുതകളെ നിർമിക്കുകയെന്നതാണ് അനുകരണത്തിന് അരിസ്റ്റോട്ടിൽ നല്കുന്ന അർത്ഥം. കലാകാരൻ്റെ സങ്കല്പങ്ങൾക്ക് ഭാവന അനിവാര്യമാണ്. കാണുന്നവ മുന്നിൽ നിന്നും ഇല്ലാതായാലും മനസ്സിൽ അവയ്ക്കിടമുണ്ടാകും. ഇന്ദ്രിയവ്യാപാരത്തിനും ചിന്താശേഷിക്കും മദ്ധ്യത്തിലാണ് ഈ പ്രതിഭാസം നിലകൊള്ളുന്നത്. ഒരു തരത്തിലുള്ള ഭാവനതന്നെയാണിത്.

വസ്തുക്കളുടെ സാർവലൗകികമായ അർത്ഥഗ്രഹണത്തിന് ഈ ഭാവന അനിവാര്യമാണ്. സർഗ്ഗാത്മകഭാവനയെക്കുറിച്ച് അരിസ്റ്റോട്ടിൽ ഒന്നും പറയുന്നില്ല. പക്ഷേ, ഇന്ദ്രിയങ്ങളിൽക്കൂടി മനസ്സിലുണ്ടാകുന്ന ആശയചിത്രങ്ങളോട് മനുഷ്യൻ്റെ ബുദ്ധി കൈകോർക്കുമ്പോൾ പുതിയൊരു സൃഷ്ടി സംജാതമാകും. പലതും കൂടിച്ചേരുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യും. അങ്ങനെ കലാകാരൻ പുതിയതിൻ്റെ നിർമ്മാതാകുന്നു.


ഹോമറുടെ ഒഡീസ്സി ജീവിതത്തിൻ്റെ കണ്ണാടിയാണെന്ന് ഒരു നിരൂപകൻ അഭിപ്രായപ്പെട്ടു. ഈ നിലപാട് ശരിയല്ലെന്ന് അരിസ്റ്റോട്ടിൽ പറയുന്നു. കണ്ണാടിയിലുള്ള പ്രതിഫലനം യാന്ത്രികമാണ്. നിർമ്മാതാവിൻ്റെ ഭാവനാശക്തിയാൽ കലയിൽ വസ്തുക്കൾക്ക് ആദർശരൂപം കിട്ടുന്നുവെന്നാണ് അരിസ്റ്റോട്ടിലിൻ്റെ കാഴ്ച്ചപ്പാട്. കലാകാരൻ കണ്ണാടിയാകരുത്. ഇച്ഛാശക്തിയും ഭാവനാശേഷിയുമുള്ള പ്രബുദ്ധജീവിയാകണം. എങ്കിലേ അയാളെ ശരിയായ അർത്ഥത്തിൽ അനുകർത്താവെന്ന് (Mime) വിളിക്കാനാകൂ. 


ഇന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാവുന്ന മൂർത്തരൂപങ്ങളിൽക്കൂടിയാണ് കല സത്യത്തെ ആവിഷ്കരിക്കുന്നത്.

കലയിലെ സത്യം എന്നത് വസ്തുനിഷ്ഠമായതല്ല. വസ്തു വ്യക്തിക്ക് എങ്ങനെയാണോ അനുഭവപ്പെടുന്നത് ആ സത്യമാണ് കലയിലെ സത്യം. അസംതൃപ്തിയുണ്ടാക്കുന്ന ഘടകങ്ങൾ അകറ്റി അവയ്ക്ക് മുമ്പില്ലാതിരുന്ന രൂപം നല്കലാണ് കലാകാരൻ്റെ ഉത്തരവാദിത്തം. കല ദൈനംദിന യാഥാർത്ഥ്യങ്ങളിൽ നിന്ന് അല്പം അകന്നു നില്ക്കുന്നു.

കലാകാരൻ്റെ മനസ്സിൽ ഒരു പാറ്റേൺ ഉണ്ടായിരിക്കണം. നിറഞ്ഞ സങ്കല്പശക്തിയും വേണം. ജീവിതത്തിലുണ്ടാകാവുന്ന വസ്തുതകളെയാണ് അനുകരിക്കേണ്ടത്.(എം. അച്യുതൻ, പാശ്ചാത്യസാഹിത്യ ദർശനം പുറം 160). പ്രകൃതിയെ അനുകരിക്കുന്നതിലൂടെ കലാകാരൻ ആദർശവാനാകുന്നു. യഥാർത്ഥവസ്തുക്കളേക്കാൾ ശ്രേഷ്ഠങ്ങളായ വസ്തുക്കളാണ് അയാൾ സൃഷ്ടിക്കുന്നത്.

യഥാർത്ഥവസ്തുവിനെ അതിശയിക്കുന്നതാകണം ആദർശാത്മകവസ്തു. 


കാവ്യനിർമ്മാണത്തിനുള്ള പ്രേരണകൾ രണ്ടാണ്. ഒന്ന്, അനുകരിക്കാനുള്ള വാസനയും അതിൽ ഉള്ളടങ്ങിയിട്ടുള്ള ആനന്ദവും. രണ്ട്, സാംഗോപാംഗ ഘടനയാൽ സുന്ദരരൂപം നിർമ്മിക്കുന്നതിന് മനുഷ്യർക്കുള്ള വാസന. തത്ത്വചിന്തകൻ വിശേഷവസ്തുക്കളിലുള്ള സാർവജനീനസത്യത്തെ ഉരുത്തിരിക്കുന്നു. 

കവി വിശേഷവസ്തുക്കളിലൂടെ സാർവജനീനസത്യങ്ങളെ അനുകരിക്കുന്നു. 

വിദദ്ധമായി നുണ പറയാൻ കവിക്ക് സ്വാതന്ത്ര്യമുണ്ടെന്നും അതയാളുടെ കടമയാണെന്നും അരിസ്റ്റോട്ടിൽ പ്രസ്താവിക്കുന്നു. അമാനുഷികവും ഐന്ദ്രജാലികവുമായ ഘടകങ്ങൾക്കും കവിതയിൽ സ്ഥാനമുണ്ട്.

പ്രകൃതിയും അമാനുഷികശക്തിയും തമ്മിലുള്ള അതിർവരമ്പ് മായ്ച്ചുകളയാൻ കവിക്കു സ്വാതന്ത്ര്യമുണ്ട്. 


ആഹ്ലാദിപ്പിക്കലാണ് സുകുമാരകലകളുടെ (കോമള കലകൾ) ലക്ഷ്യമെന്ന് പറഞ്ഞു. സോപയോഗകലകൾ ഭൗതികാവശ്യം നിറവേറ്റാൻ ഉപകരിക്കുന്നു. എന്നാൽ അവയ്ക്കും ആനന്ദദായകത്വമെന്ന കർത്തവ്യമുണ്ട്. അത് പ്രാഥമിക ലക്ഷ്യമല്ലെന്നു മാത്രം. 


അരിസ്റ്റോട്ടലിനെ സംബന്ധിച്ച് ആസ്വാദകൻ്റെ മനസ്സിലെ ആഹ്ളാദമാണ് കലയുടെ ലക്ഷ്യം. പോയറ്റിക്സിൻ്റെ പ്രാരംഭത്തിൽ അഞ്ചു കാവ്യരൂപങ്ങളെക്കുറിച്ച് അരിസ്റ്റോട്ടിൽ പറയുന്നു.

  • മഹാകാവ്യം

  • ദുരന്തനാടകം - ട്രാജഡി

  • ശുഭാന്തനാടകം - കോമഡി

  • ഡിത്തിറാംബിക് കവിത

  • ലിറിക്ക്


ട്രാജഡി - ദുരന്തനാടകം

യവനസാഹിത്യത്തിലെ രണ്ടു പ്രബല ശാഖകളാണ് ട്രാജഡിയും ഇതിഹാസവും. ട്രാജഡിയെക്കുറിച്ചു വിശദീകരിക്കാൻ നിരവധി അദ്ധ്യായങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ‘ കഥാപാത്രങ്ങളുടെ ചിന്തകളും പ്രവൃത്തികളും സംഭാഷണത്തിൽ കൂടി ആവിഷ്കരിക്കുന്നു. കോമഡിയിൽ നിന്നും ട്രാജഡി വ്യത്യസ്തമാകുന്നത് ചെയ്യുന്ന/നടക്കുന്ന ക്രിയയുടെ ഗാംഭീര്യവും പാത്രസ്വഭാവത്തിൻ്റെ മേന്മയും കൊണ്ടാണ്. 

ക്രിയയുടെ അനുകരണമാകുന്നു ട്രാജഡി. ക്രിയ എന്ന പദത്തിൻ്റെ പ്രയോഗത്തിൽ കഥാപാത്രങ്ങളുടെ പ്രവൃത്തികൾ, സംഭവങ്ങൾ, ചുറ്റുപാടുകൾ, മനോവ്യാപാരങ്ങൾ, പരമമായ ലക്ഷ്യം എന്നിവയൊക്കെ ഉള്ളടങ്ങുന്നുണ്ട്. 

ദുരന്തനാടകത്തിന് 6 ഘടകങ്ങളുണ്ട്. 

  • പ്ലോട്ട് (ഇതിവൃത്തം)

  • കഥാപാത്രം

  • ശൈലി

  • ഉചിതചിന്ത / ഭാഷ

  • ദൃശ്യം

  • ഗാനം

ജീവിതത്തിലെ ക്രിയ തന്നെ നാടകത്തിലെ പ്ലോട്ട് അഥവാ ഇതിവൃത്തം. ഇതിവൃത്തമാണ് പ്രഥമ തത്ത്വമെന്നും നാടകത്തിൻ്റെ ആത്മാവുതന്നെയാണതെന്നും പറയുന്നു. ഇതിവൃത്തമില്ലാതെ നാടകമില്ല. പാത്രസ്വഭാവാവിഷ്കാരത്തിന് രണ്ടാം സ്ഥാനം മാത്രമാണ് അദ്ദേഹം നല്കുന്നത്. പ്രവർത്തിക്കുകയും ആ പ്രവൃത്തികളിൽക്കൂടി ഇതിവൃത്തമുണ്ടാക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നാടകകഥാപാത്രങ്ങൾ. 

പ്രവൃത്തിക്കാണ് യഥാർത്ഥജീവിതത്തിൽ പ്രാധാന്യം. വ്യക്തിയുടെ സ്വഭാവം പ്രവൃത്തികളിൽ കൂടിയാണ് പ്രകടമാകുന്നത്. ചിന്തയാണ് പ്രവൃത്തികളിലേക്ക് ഒരാളെ നയിക്കുന്നത്. അരിസ്റ്റോട്ടിൽ മനുഷ്യസ്വഭാവത്തെ രണ്ടായി തിരിക്കുന്നു. Ethos,dianoia എന്നിവയാണവ. ഈത്തോസ്, ഡയാനോയ. രണ്ടിൻ്റെയും ആകെത്തുകയാണ് മനുഷ്യൻ്റെ സ്വത്വം. സ്വഭാവത്തിലെ ധാർമ്മിക ഘടകത്തിന് ഈത്തോസ് എന്നും ബുദ്ധിപരമായ അംശത്തിന് ഡയാനോയ എന്നും പറയുന്നു. ഈത്തോസ് കഥാപാത്രങ്ങളുടെ ക്രിയകളിൽകൂടി വെളിപ്പെടുമ്പോൾ സംഭാഷണത്തിലൂടെ മാത്രമേ ഡയാനോയ വെളിപ്പെടുകയുള്ളൂ.

കഥാപാത്രങ്ങളുടെ പ്രാധാന്യം അരിസ്റ്റോട്ടിൽ അവഗണിക്കുന്നില്ല.

പാത്രസൃഷ്ടിയിൽ ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങളെപ്പറ്റി അദ്ദേഹം പറയുന്നു. 

  • ഒന്ന്, മുഖ്യ കഥാപാത്രങ്ങൾ ശ്രേഷ്ഠരും നല്ലവരുമാകണം.

  • അവരുടെ ചിത്രീകരണത്തിൽ ഔചിത്യഭംഗം പാടില്ല.

  • യഥാർത്ഥജീവിത പ്രതിനിധികളാണെന്ന ധാരണയുണ്ടാക്കണം.

  • പൊരുത്തക്കേടു വരാതെ നോക്കണം.

 (കെ.എം. തരകൻ, പാശ്ചാത്യസാഹിത്യതത്ത്വശാസ്ത്രം, പുറം.51).


ഇതിവൃത്തത്തിൽ നാടകീയമായ സംഘർഷം കൂടി അടങ്ങിയിരിക്കുന്നു.

സംഘർഷം മൂന്നുവിധത്തിലുണ്ട്: പരിത:സ്ഥിതികളുമായുള്ളത്, മാനസികമായത്, അന്യവ്യക്തികളുടെ ഇച്ഛയുമായുള്ളത്. ഇതിൽ മാനസികസംഘർഷമെന്നത് നാടകത്തിന് ചേർന്നതല്ല. സ്വഭാവത്തിൽ നിന്നുളവാകുകയും സ്വഭാവം പ്രകടമാക്കുകയും ചെയ്യുന്ന ക്രിയ മാത്രമാണ് നാടകീയക്രിയ. ട്രാജഡി ഒരു വ്യക്തിയുടെ ക്രിയകളും പരിണാമങ്ങളും ചിത്രീകരിക്കുന്നു. ക്രിയയ്ക്കും വ്യക്തിസ്വഭാവത്തിനും തമ്മിൽ ദൃഢമായ ബന്ധമുണ്ട്. വ്യക്തിസ്വഭാവത്തിൻ്റെയും പരിത:സ്ഥിതികളുടെയും ഉൽപ്പന്നമാണ് ക്രിയ. (പാശ്ചാത്യസാഹിത്യദർശനം, പു. 178) ട്രാജഡിയിൽ വ്യക്തിയുടെ ഇച്ഛകളും ബാഹ്യാവസ്ഥകളും തമ്മിലുള്ള സംഘർഷം നടക്കുന്നു. ക്രിയയ്ക്കും സ്വഭാവത്തിനും തമ്മിൽ കാര്യകാരണ ബന്ധം ഉണ്ടായിരിക്കണം. ഇക്കാരണത്താലാണ് കലാപരമായ ഇതിവൃത്തഘടനയാണ് ട്രാജഡിയുടെ ആത്മാവെന്ന് അരിസ്റ്റോട്ടിൽ ചിന്തിച്ചത്.


ട്രാജഡി സൃഷ്ടിക്കേണ്ടതെന്താണ്? പ്രേക്ഷകമനസ്സിലെ ഭയ കരുണഭാവങ്ങളുടെ വിരേചനമാണ് ട്രാജഡി ഉളവാക്കേണ്ടത്. ട്രാജഡിയിൽ ഭയകരുണങ്ങൾ ഉളവാക്കണമെങ്കിൽ മുഖ്യകഥാപാത്രം അതീവഗുണവാനോ അതീവ ദുഷ്ടനോ ആകാതെ മദ്ധ്യവർത്തിയാകണം. പരമാദർശവാനായ കഥാപാത്രത്തിനും അതിദുഷ്ടകഥാപാത്രത്തിനും ഉന്നതാവസ്ഥയിൽ നിന്നുണ്ടാകുന്ന പതനം ഭയകരുണങ്ങൾ ഉളവാക്കാൻ പര്യാപ്തമല്ല. ട്രാജഡിയിലെ മുഖ്യകഥാപാത്രം അടിസ്ഥാനപരമായി നന്മയോട് ആഭിമുഖ്യവും ധർമ്മബോധവുമുള്ള ഒരു വ്യക്തിയായിരിക്കണമെന്ന് അരിസ്റ്റോട്ടിൽ നിഷ്കർഷിക്കുന്നു. അയാൾ കഷ്ടാവസ്ഥയിലേക്ക് പതിക്കുന്നത് കരുതിക്കൂട്ടിയല്ല. സ്വഭാവദൗർബല്യത്താലോ കർമ്മ വൈപരീത്യത്താലോ ഒരുപക്ഷേ അജ്ഞതയാലോ ആണ്.


Hamartia [ഹമർഷ്യ]

അരിസ്റ്റോട്ടിൽ ഉപയോഗിച്ച ഹമർഷ്യ എന്ന പദം അജ്ഞത കൊണ്ട് സംഭവിക്കുന്ന തെറ്റ് എന്ന അർത്ഥത്തിലാണ് ഭൂരിപക്ഷവും വ്യാഖ്യാനിക്കുന്നത്. സ്വഭാവവൈകല്യത്തേയും ആ പദം സൂചിപ്പിക്കുന്നുണ്ട്. ദുരുദ്ദേശ്യത്താൽ കറ പുരളാത്ത ഏതെങ്കിലും മാനുഷികദൗർബല്യമെന്നോ ധർമ്മച്യുതിയെന്നോ ആണ് ഹമർഷ്യ എന്ന പദം ശരിയായി ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഈഡിപ്പസ് എന്ന നാടകം എടുക്കുക. ഇതിൻ്റെ രചയിതാവ് സോഫോക്ലിസ്സ് എന്ന പ്രശസ്തനായ പുരാതന നാടകകൃത്താണ്. നായകനായ ഈഡിപ്പസ്സ്, രണ്ടു തെറ്റുകൾ വരുത്തുന്നു. അച്ഛനെ വധിക്കുന്നു, അമ്മയെ വിവാഹം ചെയ്യുന്നു. ഇതാണ് ഹമേർഷ്യ - മുഖ്യകഥാപാത്രത്തിൻ്റെ ദൗർബല്യം. മുഖ്യകഥാപാത്രത്തിൻ്റെ ഈ ദൗർബല്യങ്ങൾ ഇതിവൃത്തത്തിൻ്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക ഘടകമാകുന്നു.


കതാർസിസ്-Catharsis

വികാരവിരേചനം, വികാരവിമലീകരണം എന്നിങ്ങനെയുള്ള അർത്ഥങ്ങൾ Catharsis എന്ന വാക്കിന് നല്കിക്കാണുന്നു. ഈ വാക്ക് Katharsis എന്ന വൈദ്യശാസ്ത്ര പദത്തിൽ നിന്നും അരിസ്റ്റോട്ടിൽ ഉരുത്തിരിച്ചെടുത്തതാണ്. 

ശരീരത്തിൽ ഔഷധമുണ്ടാക്കുന്ന ഫലത്തിനു സദൃശമാണ് ഹൃദയത്തിൽ വിരേചനം ഉണ്ടാക്കുന്നത്. വേദനയുണ്ടാക്കുന്നതോ ഉപദ്രവകരമോ ആയ അംശം ശരീരത്തിൽ നിന്നും അകറ്റുകയെന്നാണ് കത്താർസിസിൻ്റെ ശരിക്കുള്ള അർത്ഥം.

ഭയകരുണങ്ങളെ അത് ഉത്തേജിപ്പിക്കുകയും അതിലൂടെ ട്രാജഡി ആഹ്ലാദകരമായ മോചനം സൃഷ്ടിക്കുകയും ചെയ്യുന്നു. 

നാടകം വികാരപ്രകാശനത്തിനുള്ള മാർഗ്ഗമാകുന്നു. വികാരങ്ങളെ തുറന്നിടുന്നതിനുള്ള കാരണമാകുന്നു. 

വളരെയേറെ വ്യാഖ്യാനങ്ങൾക്കും വിവാദങ്ങൾക്കും കളമൊരുക്കിയ പദമാണ് Catharsis. ചിലർ അതിന് സാന്മാർഗ്ഗികമൂല്യവും മറ്റു ചിലർ ശുദ്ധ കലാപരമായ, സൗന്ദര്യാത്മകമായ മൂല്യവും കല്പിക്കുന്നു. വികാരസംസ്കരണത്താൽ ഉണ്ടാകുന്ന മനോശുദ്ധിയെ അടിസ്ഥാനമാക്കി കത്താർസിസിന് ധാർമ്മികമൂല്യവും കല്പിക്കുന്നവരുണ്ട്. 

കല വികാരങ്ങളെ ഉത്തേജിപ്പിച്ച് സന്മാർഗ്ഗലംഘനത്തിനു പ്രേരിപ്പിക്കുന്നുവെന്ന പ്ലാറ്റോവിൻ്റെ ആരോപണത്തെ നിഷേധിക്കുകയാണ് അരിസ്റ്റോട്ടിൽ ഈ സിദ്ധാന്തം മുഖേന ചെയ്യുന്നത്. കല വികാരോത്തേജനം സാധിക്കുമ്പോൾ തന്നെ അതിനു മാനുഷികമൂല്യവുമുണ്ടെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം. ട്രാജഡി മനുഷ്യഹൃദയത്തെ ശുദ്ധീകരിക്കുന്നു. നിത്യജീവിതത്തിലെ വികാരങ്ങളിലെ മാലിന്യം നീക്കി ശുദ്ധവും സാധാരണവുമാക്കുന്നു. വിശിഷ്ടമായ വൈകാരികതൃപ്തിയുളവാകാൻ ഇതു കാരണമാകുന്നു.

മഹാകാവ്യങ്ങളേക്കാളും മെച്ചമാണ് ദുരന്തനാടകങ്ങൾ. 

കരുണയും ഭയവും ഉദ്ദീപിപ്പിക്കുകയാണ് ദുരന്തനാടകങ്ങളുടെ കടമ. കഥാനായകന്മാരുടെ തകർച്ചയിലും ദുഃഖത്തിലുമാകണം അവ പരിസമാപിക്കേണ്ടത്. അതിനായി ഉത്തമകഥാപാത്രങ്ങളുടെ സങ്കടം കാണിച്ച് കാണികളുടെ വികാരമിളക്കണം. ഈഡിപ്പസിനു സംഭവിച്ച ദുരവസ്ഥയാണ് സോഫോക്ലിസ്സ് ആഖ്യാനം ചെയ്യുന്നത്.

വളരെ സ്നേഹബന്ധമുള്ളവർ പരസ്പരം ചെയ്യുന്ന തെറ്റു കാരണം ദുഃഖിക്കുന്നത് കരുണത്തെ വളരെ ഉയർത്തും. ഉയർന്ന സ്ഥാനത്തിരിക്കുന്ന ഉത്തമവ്യക്തിക്ക് അപ്രതീക്ഷിതമായി വീഴ്ചയുണ്ടായാൽ അത് ഭയമുളവാക്കും.

പ്രേക്ഷകരിൽ ഭയകരുണങ്ങൾ ഉത്തേജിപ്പിച്ച് ആ വികാരങ്ങളുടെ തളളിച്ചയിൽ നിന്ന് പ്രേക്ഷകരെ വിമുക്തരാക്കുന്ന, മോചിപ്പിക്കുന്ന പ്രവർത്തനമാണ് കതാർസിസ്. ഉത്തമദുരന്തനാടകങ്ങൾ ഈ കൃത്യം നിറവേറ്റുന്നു. കതാർസിസ് സാദ്ധ്യമാക്കാത്തവ ദുരന്തനാടകങ്ങളല്ല.


പ്ലോട്ടിനെക്കുറിച്ചു പറയുമ്പോൾ ഒരു സ്ഥലത്തുവച്ച് 24 മണിക്കൂറിനുള്ളിൽ നടന്ന ഒരു സംഭവത്തിൻ്റെ അവതരണമാകണം ദുരന്തനാടകമെന്ന് അരിസ്റ്റോട്ടിൽ പറയുന്നില്ല(കെ.എം. തരകൻ, 50).

സംഭവത്തിൻ്റെ ഐക്യം, സമ്പൂർണ്ണത, ബന്ധദാർഢ്യം, ഘടകപ്പൊരുത്തം, ജീവൻ എന്നിവയ്ക്കാണ് അദ്ദേഹം പ്രാധാന്യം നല്കിയത്. ഏതൊരു നാടകത്തിൻ്റെയും കേന്ദ്രബിന്ദു ഒരേയൊരു സംഭവമേ ആകാവൂ. പ്ലോട്ടിന് ഒതുക്കവും ഘടകപ്പൊരുത്തവും വേണം. എങ്കിലേ അതിനു സൗന്ദര്യമുണ്ടാവൂ. അത് സ്വയം സമ്പൂർണ്ണവും ചേതനാ സാമഞ്ജസ്യവും (Organic Beauty) വേണം. ഓരോ പ്ലോട്ടിനും പ്രാരംഭം,മദ്ധ്യം, അന്തം എന്നീ 3 ഘടകങ്ങൾ വേണം. അരിസ്റ്റോട്ടിൽ ഊന്നിപ്പറഞ്ഞിട്ടുള്ളത് ക്രിയൈക്യത്തെക്കുറിച്ചു മാത്രമാണ്. ജീവനുളള ഒന്നിൻ്റെ അവയവങ്ങൾ പോലെ സുഘടിതവും അത്യന്താപേക്ഷിതവുമാകണം ക്രിയയിലെ ഘടകങ്ങൾ. ( ഡോ. എസ്.കെ. വസന്തൻ, പടിഞാറൻ കാവ്യമീമാംസ മലയാളികൾക്ക്, പുറം 35). മുഖ്യമായ ഒരു ക്രിയയും അതിനോടു ബന്ധപ്പെട്ട ക്രിയകളും വർണ്ണിക്കുകയെന്നതാണ് പ്രധാനം. അങ്ങനെയുള്ളിടത്തേ ക്രിയൈക്യം കാണാനാവുകയുള്ളൂ.

അരിസ്റ്റോട്ടിൽ പറയുന്നു:

  • ഏതൊരു കലാസൃഷ്ടിക്കും സൗന്ദര്യമുണ്ടായിരിക്കണം.

  • കലാസൃഷ്ടി സുന്ദരവും ആഹ്ലാദകാരിയുമാകണം.

  • സമഞ്ജസമായ പൊരുത്തമാണ് സൗന്ദര്യത്തിനടിസ്ഥാനം.

  • ക്രമം, പൊരുത്തം, സാമഞ്ജസ്യം എന്നിവ സജീവഘടനപ്പൊരുത്തത്തിന് അനിവാര്യം.

  • ആവിഷ്കരിച്ച സംഭവം, കഥ, ക്രിയ ‘- എല്ലാം സംഭവ്യവും വിശ്വസനീയവുമായിരിക്കണം. 

ശാസ്ത്രീയബോധത്തെ കലാമേഖലയിൽ ഉൾക്കൊള്ളിച്ച് ചിന്തിച്ച ശുദ്ധകലാചിന്തകനെന്ന നിലയിലും പ്രായോഗികവിമർശനത്തിലുമെല്ലാം അരിസ്റ്റോട്ടിൽ ആരാദ്ധ്യനാകുന്നു.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ