ലോംഗിനസ്സ്: കാല്പനികതയുടെ പ്രവാചകൻ

ലോംഗിനസ്സ് ജീവിച്ചിരുന്ന കാലത്തെക്കുറിച്ചും അദ്ദേഹത്തിൻ്റെ കർമ്മമേഖലയെക്കുറിച്ചും ഏകാഭിപ്രായത്തിലെത്താൻ പണ്ഡിതശ്രേഷ്ഠന്മാർക്ക് ഇന്നോളം സാധിച്ചിട്ടില്ല. ക്രിസ്തുവർഷം ഒന്നാം ശതകം മുതൽ മൂന്നാം ശതകമുൾപ്പെടെ അദ്ദേഹത്തിൻ്റെ ജീവിതകാലം നിർവചിച്ചവരുണ്ട്. ലോംഗിനസ്സിനെ കൂടുതൽ സ്വാധീനിച്ചത് പ്ലാറ്റോവിൻ്റെ സിദ്ധാന്തങ്ങളാണ്. പ്ലോട്ടിനസ്സ് എന്ന ദാർശനികൻ്റെ നേതൃത്വത്തിൽ അവയ്ക്ക് ഒരു പുനരുത്ഥാനം കൈവന്ന കാലഘട്ടത്തിലാകാം ലോംഗിനസ്സ് ജീവിച്ചിരുന്നത്. സാഹിത്യത്തിൻ്റെ ഉദാത്തഭാവത്തെ വ്യക്തമാക്കിക്കൊണ്ട് ലോംഗിനസ്സ് On the Sublime എന്ന പ്രബന്ധം രചിച്ചു. പതിനാറാം നൂറ്റാണ്ടിൽ ഇറ്റലിയിൽ റോബർട്ടല്ലി ഈ പ്രബന്ധം ആദ്യം പ്രസിദ്ധീകരിച്ചു. വളരെവേഗത്തിൽത്തന്നെ അതൊരു പ്രമാണകൃതിയാവുകയും ചെയ്തു. 

മൂന്നാം ശതകത്തിൽ ഈജിപ്തിൽ ജനിച്ച് അലക്സാൺട്രിയയിൽ പഠിച്ച് റോമിൽ പഠിപ്പിച്ച് പേരെടുത്ത ദാർശനികനാണ് പ്ലോട്ടിനസ്സ്. “ഭൗതികാതീതജ്ഞാനസംഹിത” എന്ന പേരിൽ പ്ലേറ്റോവിൻ്റെ സിദ്ധാന്തങ്ങളിലൂന്നി അദ്ദേഹം ഒരു കൃതി രചിച്ചു. തികഞ്ഞ ഒരു മിസ്റ്റിക്കായിരുന്നു പ്ലോട്ടിനസ്സ്. “യാഥാർത്ഥ്യങ്ങളിൽ മഹത്തമമായതിനോട് കിടനില്ക്കുന്ന ആത്മാവ്, പ്രകൃത്യാ തന്നെ ആന്തരമായ സ്വചൈതന്യത്തോടു വിദൂരസാദൃശ്യമുള്ള വസ്തുവിൻ്റെ പോലും ദർശനത്തിൽ ആനന്ദം കൊണ്ട് ത്രസിക്കുമെന്ന്” പ്ലോട്ടിനസ്സ് പ്രസ്താവിക്കുന്നു. (എം.അച്യുതൻ, പാശ്ചാത്യസാഹിത്യദർശനം, പു.210). മനുഷ്യനേക്കാൾ മഹത്തായ വസ്തുക്കളുടെയെല്ലാം നേരെ അവന് ഒരാസക്തിയുണ്ടെന്ന് ലോംഗിനസ്സും  വിശ്വസിക്കുന്നു. മനുഷ്യചിന്ത അതിരുകളില്ലാത്തതും അനന്തമായി വ്യാപരിക്കുന്നതുമാണ്.


എസ്സേ ഓൺ ദി സബ്ലൈം ഉദാത്തതയെപ്പറ്റി

സാഹിത്യതത്ത്വശാസ്ത്രത്തിൻ്റെ ലോകത്ത് അരിസ്റ്റോട്ടിലിൻ്റെ പോയറ്റിക്സിനടുത്ത് വയ്ക്കാൻ അർഹമായ കൃതിയാണ് എസ്സേ ഓൺ ദി സബ്ലൈം (കെ.എം.തരകൻ 71). 

എന്താണ് ഈ കൃതിയുടെ പ്രത്യേകത? 

റൊമാൻ്റിക് (കാൽപ്പനിക) സാഹിത്യപ്രസ്ഥാനത്തിൻ്റെ ആദ്യത്തെ പ്രമാണഗ്രന്ഥമായ് ഇതു വിലയിരുത്തപ്പെടുന്നു. കോളറിഡ്ജ്, ഹാസ്ലിറ്റ് മുതലായവരെ ഈ കൃതി സ്വാധീനിച്ചു. കാലപ്പഴക്കത്താൽ ഈ കൃതിയുടെ ചില ഖണ്ഡങ്ങളൊക്കെ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എന്നിരുന്നാലും സമഗ്രമായ പ്രതിപാദനം, സമർത്ഥമായ വിശകലനം, സുന്ദരമായ ഭാഷ മുതലായവ മുതല്ക്കൂട്ടാണ്. 


ട്രാൻസ്പോർട്ടേഷൻ

ട്രാൻസ്പോർട്ടേഷൻ എന്ന വാക്കിന് കടത്തിക്കൊണ്ടുപോകൽ എന്നാണ് അർത്ഥം. താണനിലയിൽ നിന്ന് ഉന്നതനിലയിലേക്ക് വഹിച്ചുകൊണ്ടുപോകലാണ് സാഹിത്യത്തിൻ്റെ ലക്ഷ്യം എന്നു ലോംഗിനസ്സ് സമർത്ഥിക്കുന്നു. ഇവിടെ ഗുണഭോക്താവ് ആസ്വാദകനാണ്.

സാഹിത്യത്തിൻെറ ഉദ്ദേശ്യം, പ്രയോജനം എന്നിവയെക്കുറിച്ചു ലോംഗിനസ്സ് ആഴത്തിൽ വിശദീകരിക്കുന്നുണ്ട്.

ശ്രോതാക്കളിൽ പ്രേരണ ചെലുത്തുകയല്ല ശ്രേഷ്ഠമായ ഭാഷയുടെ (സാഹിത്യം) പ്രധാന ധർമ്മം. ഉദാത്തസാഹിത്യം മന്ത്രത്താൽ കെട്ടിയെന്ന  തോന്നൽ സഹൃദയരിൽ ഉളവാക്കുന്നു. ആസ്വാദകരെ

ആനന്ദത്തിൻ്റെ പരകോടിയിലെത്തിക്കുന്നു. സഹൃദയരെ രസിപ്പിച്ചാൽ പോരാ, അവരുടെ മനസ്സിനെ വശീകരിച്ച് ഉന്നതമായ മറ്റൊരു മണ്ഡലത്തിലെത്തിക്കണം. സാഹിത്യകാരൻ്റെ ഭാവന എവിടെയാണോ സ്ഥിതി ചെയ്യുന്നത്  അതേ മണ്ഡലത്തിൽത്തന്നെയാകണം സഹൃദയമനസ്സും എത്തേണ്ടത്. സന്തോഷത്തിൻ്റെ, ഹർഷത്തിൻ്റെ തിരതള്ളലിൽ ഹൃദയത്തിനുണ്ടാകുന്ന അഭിവൃദ്ധിയാണ്, ഉയർച്ചയാണ് പ്രധാനം. അതിനാൽ സാഹിത്യധർമ്മം സഹൃദയരിൽ പ്രേരണ ചെലുത്തുക (To Persuade), സഹൃദയരെ അഭ്യസിപ്പിക്കുക (To instruct), സഹൃദയരെ സന്തോഷിപ്പിക്കുക (To delight) മുതലായവയാണെന്ന പരമ്പരാഗതധാരണയെ പൊളിക്കാൻ ലോംഗിനസ്സിനു സാധിച്ചു.

 “യഥാർത്ഥത്തിൽ ഉദാത്തമായത് നമ്മുടെ ആത്മാവിനെ ഉയർത്തുന്നു; ഉത്കൃഷ്ടമായ ആഹ്ലാദം കൊണ്ട് നമ്മുടെ ഹൃദയം നിറയ്ക്കുന്നു. നാം ആസ്വദിക്കുന്നത് നമ്മുടെ ഒരു കലാസൃഷ്ടി തന്നെയാണെന്ന തോന്നലാണ് അപ്പോൾ നമുക്കുണ്ടാവുക.” - കെ.എം. തരകൻ വിശദീകരിക്കുന്നു. സാഹിത്യം എഴുതുമ്പോൾ കവികളുടെ മനസ്സ് ഉന്മത്താവസ്ഥ കൈക്കൊള്ളുന്നു. ദൈവികമായ ഈ അസ്വാസ്ഥ്യത്തിലാണ്, ഈ തീവ്രമായ ലഹരിയിലാണ് ലോംഗിനസ്സ് ഉദാത്തഭാവത്തെ കാണുന്നതെന്ന് എം.അച്ചുതൻ വിവരിക്കുന്നു. കെ.എം. തരകൻ ഒന്നുകൂടി വ്യക്തമാക്കുന്നു: “ഹൃദയത്തെ ആനന്ദനിർഭരവും അഭിമാനപുളകിതവും ആക്കുകയും ആത്മാവിനെ ദൃഢതരമാക്കുകയും ചെയ്യുന്ന നിബന്ധം - ഗദ്യമാവട്ടെ, പദ്യമാവട്ടെ, ഉദാത്തമാണെന്ന് ലോംഗിനസ്സ് പ്രഖ്യാപിക്കുന്നു” (പുറം72) .


എന്താണ് ഉദാത്തമായത് എന്ന ചോദ്യത്തിന് ലോംഗിനസ്സിനു മറുപടിയുണ്ട്. ആവർത്തിച്ചുള്ള പരിശോധനയ്ക്കും പഠനത്തിനും ശേഷം പിന്നെയും പിന്നെയും ആകർഷകമാണെന്ന്, പണ്ഡിതനും ധിഷണാ സമ്പന്നനും സഹൃദയനുമായ ഒരാൾക്ക് ഏതൊരു നിബന്ധത്തെപ്പറ്റിയാണോ തോന്നുക, അതാണ് യഥാർത്ഥത്തിൽ ഉദാത്തമായത്.” (കെ.എം. തരകൻ, പുറം. 73). അപ്പോൾ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന സാഹിത്യകൃതിയിലാണ് ലോംഗിനസ്സ് മഹത്വം കാണുന്നതെന്നർത്ഥം. അഭിപ്രായം പറയേണ്ടതോ? പണ്ഡിതനായ സഹൃദയൻ. അദ്ദേഹത്തിന് വീണ്ടും പാരായണത്തിന് താൽപ്പര്യമുളവാക്കാത്ത ഒരു കൃതിയും ഉദാത്തമോ ഉത്തമമോ അല്ല. ഉദാത്തഭാവം ഹൃദയത്തിലേക്ക് ഇടിമിന്നൽ പോലെ തുളഞ്ഞു കയറുകയും തങ്ങി നില്ക്കുകയും ചെയ്യും. അതിൻ്റെ നൂതനതയും സൗന്ദര്യവും ഒരിക്കലും നശിക്കില്ല. ഉത്തമ കലാസൃഷ്ടി കാലാതീതമാണ്, സാർവലൗകികവുമാണ്. ഉദാത്തഭാവം അറിവോ ആനന്ദമോ അല്ല. അനിർവചനീയമായ ഒരു അനുഭവചൈതന്യം അത്യുന്നതമായ ഒരു മേഖലയിലേക്ക് അനുവാചകഹൃദയത്തെ ഉയർത്തുന്നതാണ്. ഇതിനെ ലോഫ്ടിനസ്സ് അഥവാ സബ്ലിമിറ്റി എന്ന് ലോംഗിനസ്സ് വിളിക്കുന്നു. (എം.അച്യുതൻ,212 ).


ഉദാത്തഭാവത്തിന് കോട്ടം ഉണ്ടാക്കുന്ന ഘടകങ്ങളുണ്ട്. മൂന്ന് മുഖ്യദോഷങ്ങളാണുള്ളത്. 

  • ഒന്ന്, അർത്ഥഗൗരവമില്ലാത്തിടത്തു പ്രയോഗിക്കുന്ന ശബ്ദ പ്രൗഢി.

  • രണ്ട്, ഉദാത്തഭാവത്തിനു കടക വിരുദ്ധമായ ഭാഷാശൈലി

  • മൂന്ന്, കൃത്രിമമായ ഭാവപ്രകടനം.

ഉദാത്തഭാവത്തിൻ്റെ മുഖ്യശത്രുക്കളായ ഇവ വൃഥാസ്ഥൂലത, ബാലിശത്വം, ശൂന്യമായ അതിഭാവുകത്വം എന്നീ സാഹിത്യദോഷങ്ങൾക്കെല്ലാം കാരണമാകുന്നു. (കെ.എം. തരകൻ 73) .


ഉദാത്തതയുടെ 5 ഉറവിടങ്ങൾ

ഉദാത്തഭാവം എവിടെ നിന്നുണ്ടാകുന്നുവെന്ന് ലോംഗിനസ്സ് വിശദമാക്കുന്നു. അഞ്ച് പ്രഭവസ്ഥാനങ്ങളാണ് ഉള്ളത്.

  • ഒന്ന്, കവിഹൃദയത്തിൻ്റെ ഉത്കൃഷ്ടത

  • രണ്ട്, അത്യുജ്ജ്വലമായ വികാരത്തിൻ്റെ തള്ളൽ

  • മൂന്ന്, ഉൽകൃഷ്ടാലങ്കാരങ്ങൾ

  • നാല്, ശ്രേഷ്ഠമായ പദപ്രയോഗം

  • അഞ്ച്, സാഹിത്യസൃഷ്ടിയുടെ ആകെക്കൂടിയുള്ള മഹത്വവും ഗൗരവവും

ഒരു കവി മഹത്തായ കാര്യങ്ങൾ സങ്കല്പിക്കാൻ പ്രാപ്തനായിരിക്കണം. ഉൽകൃഷ്ടഹൃദയമുള്ള കവിക്കു മാത്രമേ അത്യുന്നത രൂപഭാവങ്ങൾ സങ്കല്പിക്കാനാവുകയുള്ളൂ.

ഉജ്ജ്വലമായ വികാരവും ഉന്നതഭാവനയും ഒത്തുചേർന്നാണ് പ്രവർത്തിക്കുക. ‘Sublimity is the echo of a noble mind’ എന്ന് (മഹത്തായ ആത്മാവിൻ്റെ പ്രതിദ്ധ്വനിയാണ് ഉദാത്തത) ലോംഗിനസ്സ് പറയുന്നുണ്ട്. ഹോമറിൻ്റെ ഹൃദയമഹത്വം ലോംഗിനസ്സ് ചൂണ്ടിക്കാട്ടുന്നു. 

മഹത്വം നിറഞ്ഞു മനസ്സുള്ളവർക്കു മാത്രമാണ് തീവ്രമായ വികാരങ്ങൾ അനുഭവിക്കാനാവുക. ആ തീവ്രവികാരം കാവ്യശില്പത്തെ ഉജ്ജ്വലമാക്കുകയാണ്. കവി അനുഭവിച്ചതിൽ ഏറ്റവും മികച്ച വികാരത്തെ തിരഞ്ഞെടുത്തു സംയോജിപ്പിക്കുന്നതിലാണ് കലാഭംഗിയുള്ളത്. മനസ്സിൻ്റെ സൗന്ദര്യം പദത്തിനു പ്രകാശമരുളുന്ന പോലെ സുന്ദരപദങ്ങൾ ചിന്തയെ ദീപ്തമാക്കുന്നുവെന്ന് ലോംഗിനസ്സ് പരാമർശിക്കുന്നു. (കെ.എം. തരകൻ, 76).

അർത്ഥഗൗരവമുള്ള വാക്കുകൾ സന്ദർഭത്തിന് ചേരുംവിധം തിരഞ്ഞെടുക്കാനാകണം. ഉചിതഗൗരവമുള്ള പദസമൂഹം ഉദാത്തഭാവത്തിൻ്റെ ഉറവിടമാണ്. 

ഒരു കൃതിക്കുണ്ടാകേണ്ട സാംഗോപാംഗഘടകപ്പൊരുത്തം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ലോംഗിനസ്സ് വിവരിക്കുന്നില്ല.

പക്ഷേ, അതിൻ്റെ ആവശ്യകതയെക്കുറിച്ചു ബോധവാനായിരുന്നു അദ്ദേഹം. 

കവി പ്രതിഭാശാലിയാകണം, പാണ്ഡിത്യമുള്ളവനും അഭ്യാസബലമുള്ളവനുമാകണമെന്ന നിലപാട് ലോംഗിനസ്സിനുണ്ടായിരുന്നു. മഹത്തായ കൃതികളിലെ ആശയങ്ങൾ സ്വാംശീകരിച്ച് അവയിൽ നിന്നും പ്രചോദനം നേടുന്നതിൽ തെറ്റില്ല.

പാണ്ഡിത്യവും ഉദാത്ത കൃതികൾ വായിച്ചാസ്വദിച്ചുള്ള അനുഭവപരിചയവും സാഹിത്യകൃതികളെ വിലയിരുത്താൻ അത്യന്താപേക്ഷിതമാണ്. 


ഒരേ സമയം പ്ലാറ്റോവിൻ്റെ ഭൗതികാതീത സമീപനവും അരിസ്റ്റോട്ടിലിൻ്റെ ശാസ്ത്രീയ സമീപനരീതിയും ഉൾക്കൊള്ളാൻ കഴിഞ്ഞ റൊമാൻ്റിക് വിമർശകനാണ് ലോംഗിനസ്സ്. കവിത വികാരോജ്ജ്വലമാകണം, ആനന്ദത്തിൻ്റെ പരകോടിയോളം സഹൃദയരെ എത്തിക്കണമെന്നുമുള്ള ചിന്ത റൊമാൻ്റിസിസത്തിൻ്റെ അടിസ്ഥാനപ്രമാണമായി വിലയിരുത്തപ്പെടുന്നു. (കെ.എം. തരകൻ 79). കവിഭാവനയെ സ്വതന്ത്രമായി വ്യാപരിക്കാൻ വഴിതുറന്ന ഈ കാവ്യചിന്തകൻ എക്കാലവും സ്മരിക്കപ്പെടും. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്