വാംഗാരി മാതായ്

 ലോകപ്രശസ്തയായ പരിസ്ഥിതിപ്രവർത്തകയാണ് വംഗാരി മാതായ്. രാഷ്ട്രീയം, സാമൂഹികം എന്നിങ്ങനെ അവരുടെ ഇടപെടൽ മേഖലകൾ ബൃഹത്താണ്. വംഗാരി മാതായ് ലോകജനതയ്ക്ക് ഒരു പ്രചോദനമാണ്.

  1. ജീവൻ്റെ നിലനില്പിനും ജീവജാലങ്ങളുടെ പാരസ്പര്യത്തിനും വേണ്ട പരിഗണന നല്കിയാലേ ഈ പ്രപഞ്ചം നിലനില്ക്കുകയുള്ളൂ എന്ന ചിന്ത പകർന്നതിന്

  2. സ്ത്രീകൾക്ക് പരിസ്ഥിതി, സാമൂഹിക രാഷ്ട്രീയ മേഖലകളിൽ വലിയ സ്വാധീനമാകാൻ കഴിയുമെന്ന് തെളിയിച്ചതിന്

  3. സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രാധാന്യം ഭരണകൂടങ്ങളെയും ലോക സമൂഹത്തെയും ധരിപ്പിച്ചതിന്.

  4. വൃക്ഷങ്ങൾ അഥവാ മരത്തൈകൾ സാമൂഹിക രാഷ്ട്രീയ ആശയ പ്രചാരണത്തിൽ വലിയൊരു സ്വാധീനമാക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കിയതിന്

ആരാണ് വാംഗാരി മാതായ്? വാംഗാരി മാതായ് കെനിയൻ സാമൂഹിക രാഷ്ട്രീയപ്രവർത്തകയാണ്. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിതയാണവർ. 

1940 ഏപ്രിൽ ഒന്നിന് കെനിയയിലെ നൈരി ജില്ലയിലുള്ള ഇഹിത വില്ലേജിലാണ് ജനനം. കെനിയയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള വംശവിഭാഗമായ കികുയു ഗോത്രത്തിലാണ് മാതായ് പിറന്നത്. 1943 ൽ മാതായ് കുടുംബം റിഫ്റ്റ് താഴ്‌വരയിൽ നക്കുറു നഗരത്തിനു സമീപം താമസിക്കുവാനാരംഭിക്കുന്നു. കാരണം, മാതായ് യുടെ അച്ഛൻ അവിടെയാണ് ജോലി ചെയ്തിരുന്നത്. അവിടെ പഠിക്കാനുള്ള സൗകര്യമില്ലായിരുന്നു. 1947കളുടെ അവസാനം ഇഹിതെയിൽ തിരിച്ചെത്തുകയും എട്ടാം വയസ്സിൽ സഹോദരന്മാരോടൊപ്പം സ്കൂളിൽ പോകുവാനാരംഭിക്കുകയും ചെയ്തു.  പതിനൊന്നാം വയസ്സിൽ സെൻ്റ് സിസിലിയാസ് ഇൻ്റർമീഡിയറ്റ് പ്രൈമറി സ്കൂളിലേക്ക് മാറുന്നു. അവിടെ താമസിച്ചു കൊണ്ട് പഠിക്കുന്നു. ഇതോടെ വളരെ മികവിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനായി. ഈ കാലഘട്ടത്തിലാണ് പ്രസിദ്ധമായ മൗ മൗ റെബല്യൺ - (1952-1960) നടന്നത്. ബ്രിട്ടീഷ് കെനിയാ കോളനിയിലെ യുദ്ധം, കെനിയയിലെ കോളനിവാഴ്ച അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഈസ്റ്റ് ആഫ്രിക്കൻ കൊളോണിയലിസത്തിന് അന്ത്യം കുറിച്ചപ്പോഴേക്കും കെനിയൻ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നല്കാനായി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവന്നു. ഇത്തരം പദ്ധതി 1959 ലാണ് നടപ്പിലായത്. ദി കെന്നഡി എയർലിഫ്റ്റ് എന്നാണിത് അറിയപ്പെടുന്നത്. കെനിയൻ വിദ്യാർത്ഥികൾക്ക് അമേരിക്കയിലും കാനഡയിലും പഠിക്കുവാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു. നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് അതു പ്രയോജനകരമായി. ഇതിന് വലിയ പിന്തുണ ലഭിച്ചു. മൗണ്ട് സെൻ്റ് സ്കൊളാസ്റ്റിക് കോളേജിൽ (അച്ചിസൺ, കൻസാസ്)  നിന്ന്

മാതായ് ബയോളജി മെയിനായി പഠിച്ചു കൊണ്ട് ബിരുദം നേടി. കെമസ്ട്രിയും ജർമ്മനും മൈനറായും പഠിച്ചു. മാതായ് യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 

നൈറോബി യൂണിവേഴ്സിറ്റി കോളേജിൽ റിസർച്ച് അസിസ്റ്റൻ്റായി നിയമിതയായി.

കെനിയയിലെ നെയ്റോബി സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി ബിരുദം കരസ്ഥമാക്കി. അതുപ്രകാരം മദ്ധ്യ-കിഴക്കനാഫ്രിക്കയിൽ ഡോക്ടറേറ്റു നേടിയ ആദ്യ വനിതയായി മാതായ് മാറി. 

1972 മുതൽ 1977 വരെയുള്ള കാലയളവ് തീവ്രമായ ആക്ടിവിസത്തിൻ്റെ പ്രാരംഭ കാലമായിരുന്നു. 1977 ൽ മാതായ് ഗ്രീൻ ബെൽറ്റ് മൂവ്മെൻ്റ് (ജിബിഎം) സ്ഥാപിച്ചു. ചെടികളിലൂടെയും മരത്തൈകളിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുന്ന’ ഏറ്റവും സാധാരണക്കാരെ അഭിസംബോധന ചെയ്യുന്ന പ്രസ്ഥാനമാണിത്. ആഗോള തലത്തിലെ വനനശീകരണത്തിനെതിരായ ജാഗ്രത അതു പ്രകടിപ്പിക്കുന്നു. വനസംരക്ഷണം, സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം, വിദ്യാഭ്യാസം മുതലായ മേഖലകളിൽ അതു ശ്രദ്ധ ചെലുത്തി. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്നു. സമൂഹത്തിന്, വിശേഷിച്ച് സ്ത്രീകൾക്ക് ഉള്ള പാരിസ്ഥിതികാവബോധത്തെ പ്രയോജനപ്പെടുത്തി. മരുഭൂവത്കരണത്തെയും പരിസ്ഥിതി നാശത്തെയും അകറ്റുന്നതിൽ അവ പ്രയോജനപ്പെട്ടു. 

ജി.ബി. എം ൻ്റെ 2003 ലെ റിപ്പോർട്ട് പ്രസ്ഥാനത്തിൻ്റെ ശ്രദ്ധ പതിഞ്ഞിട്ടുള്ള മേഖലകൾ ഏതൊക്കെയെന്ന് വ്യക്തമാക്കുന്നു. നീതി, തുല്യത, ദാരിദ്ര്യനിർമ്മാർജ്ജനം, പരിസ്ഥിതിസംരക്ഷണം മുതലായവ സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിൽ മരങ്ങളെ മുഖ്യ ഘടകമാക്കി മാറ്റാൻ അതു ശ്രമിച്ചു. 1977 മുതൽ ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമായി 51 മില്യൺ മരത്തൈകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മുപ്പതിനായിരം വനിതകളെ വനസംരക്ഷണം, ഭക്ഷ്യസംസ്കരണം, തേനീച്ചവളർത്തൽ മുതലായവയിൽ പരിശീലിപ്പിച്ചു. വനം നശീകരണത്തിനെതിരായ ശക്തമായ സന്ദേശമായി മരം വെച്ചുപിടിപ്പിക്കുക എന്നത് മാറിയതുവഴി, ഈ ജനകീയ പ്രവർത്തനത്തെ പുരസ്കരിച്ചു കൊണ്ട് റൈറ്റ് ലൈവ് ലി ഹുഡ് അവാർഡ് 1984 ൽ ലഭിച്ചു. 

റൈറ്റ് ലൈവ് ലി ഹുഡ് അവാർഡ് ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും അടിയന്തരമായ വെല്ലുവിളികൾക്ക് പ്രായോഗികവും മാതൃകാപരവുമായ ഉത്തരങ്ങൾ നല്കുന്നവരെ ആദരിക്കാൻ നല്കുന്നതാണ്. 1980 ലാണ് ഈ സമ്മാനം ഏർപ്പാടു ചെയ്തത്. മാതായ് കെനിയൻ പാർലമെൻ്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. 2003-05 കാലയളവിൽ പരിസ്ഥിതി- പ്രകൃതി വിഭവങ്ങളുടെ ഉപമന്ത്രിയായി സേവനമനുഷ്ഠിച്ച മാതായ് പരിസ്ഥിതി, വികസനം, ലിംഗഭേദം, ആഫ്രിക്കൻ സംസ്കാരം, മതങ്ങൾ എന്നിവയെക്കുറിച്ചു ചിന്തിച്ച, പ്രസ്തുത മേഖലകളിൽ മികച്ച സംഭാവനകൾ നല്കിയ ബുദ്ധിജീവി കൂടിയായിരുന്നു. 2011 ൽ അന്തരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ