കൊഴിഞ്ഞ ഇലകൾ (സംഗ്രഹം)
[കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ കോമൺ മലയാളം ഗദ്യസാഹിത്യമെന്ന സിലബസ്സ് പ്രകാരം ആദ്യത്തെ 5 അദ്ധ്യായങ്ങളാണ് വായിക്കാനുള്ളത്. അതിന്റെ രത്നച്ചുരുക്കം ചുവടെ നല്കുന്നു.] കൊഴിഞ്ഞ ഇലകൾ. 'കൊഴിഞ്ഞ ഇലകൾ' മൂന്ന് ഭാഗങ്ങളായാണ് ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ചത്. 1960 ൽ ഒന്നാം ഭാഗം, 1965 ൽ രണ്ടാം ഭാഗം, 1976 ൽ മൂന്നാം ഭാഗം എന്നിങ്ങനെയാണ് ആത്മകഥാഭാഗങ്ങൾ പുറത്തുവന്നത്. 1978 ൽ മൂന്നു ഭാഗങ്ങളും ഒരുമിച്ച് പ്രസിദ്ധീകരിച്ചു. ജീവിതത്തെ പരിവർത്തിപ്പിക്കാൻ സാഹിത്യത്തിന് കരുത്തുണ്ടെന്ന വിശ്വാസമാണ് പ്രതിഭാശാലിയായ ഈ എഴുത്തുകാരന് ഉത്സാഹം പകർന്നത്. ഒന്നാം ഭാഗത്തിന് മുഖവുരയായി എഴുതിയ കുറിപ്പിൽ മുണ്ടശ്ശേരി ഇപ്രകാരം പറയുന്നു: " കൊഴിഞ്ഞ ഇലകൾ മുഴുവൻ കാറ്റത്തു പറന്നുപോകുമോ? ഇല്ല. നല്ലൊരു ഭാഗം കടയ്ക്കൽത്തന്നെ കിടന്നു പാകപ്പെട്ടു പുതിയ ഇലകൾ നാമ്പെടുക്കുന്നതിനു വളമായിത്തീരും. അത്തരം ഇലകളെ മാത്രമേ ഞാനിതിൽ അടിച്ചുകൂട്ടിയിട്ടുള്ളൂ." ഓർമ്മയിൽ തങ്ങിനില്ക്കുന്ന കുറേ അനുഭവങ്ങളുടെ അനുസ്മരണം മാത്രമാണ് തന്റെ ആത്മകഥയെന്നാണ് മുണ്ടശ്ശേരിയുടെ പക്ഷം. എന്നാൽ, സാമൂഹികമാറ്റത്തിനും അവശജനോന്നമനത്തിനുമുള്ള പ്രചോദനം തന്നിലെങ്ങന...