രാമച്ചി : വിനോയ് തോമസ്

 കണ്ണൂർ ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശിയായ വിനോയ് തോമസിന്റെ മനോഹരമായ കഥയാണ് രാമച്ചി. പാരിസ്ഥിതികാവബോധത്തിന്റെ ആവശ്യകത ആ കഥ വിളിച്ചുപറയുന്നു. കരിക്കോട്ടക്കരി എന്ന നോവലിലൂടെയാണ് വിനോയ് തോമസ് ശ്രദ്ധേയനാകുന്നത്. പുറ്റ്, രാമച്ചി മുതലായ കൃതികളും പ്രശംസ പിടിച്ചുപറ്റി. തന്റെ നാട് ഒരു കിണറാണെന്ന് വിനോയ് തോമസ് രാമച്ചിയുടെ ആമുഖത്തിൽ പറയുന്നു. "എത്ര കഥയിൽ കോരിയാലും തീരാത്ത ജീവിതങ്ങളുമായി അതങ്ങനെ നിറഞ്ഞു തുളുമ്പാതെ സാധാരണമായി കിടക്കുന്നു "വെന്ന് അദ്ദേഹം എഴുതുന്നു. വളരെ സൂക്ഷ്മതയോടെയും മിതത്വം പാലിച്ചുമാണ് വിനോയ് തോമസ് കഥാഖ്യാനം നിർവഹിക്കുന്നത്. രാമച്ചിക്കെഴുതിയ അവതാരികയിൽ പ്രസിദ്ധ കഥാകൃത്ത് എൻ.പ്രഭാകരൻ വിനോയ് തോമസിന്റെ കഥകളെ പ്രശംസിക്കുന്നു. വിനോയ് തോമസിന്റെ കഥകൾ നല്കുന്ന വായനാനുഭവത്തെ വിശുദ്ധം എന്നാണ് എൻ.പ്രഭാകരൻ വിശേഷിപ്പിക്കുന്നത്. എൻ. പ്രഭാകരൻ എഴുതുന്നു: "വിനോയ് തോമസ് തന്റെ കഥകൾക്കാവശ്യമായ വിഷയങ്ങൾ ക്ലേശിച്ച് കണ്ടെത്തുന്ന എഴുത്തുകാരനല്ല. കഥാപാത്രങ്ങൾ അവരുടെ ജീവിതപരിസരങ്ങളുമായി ഇങ്ങോട്ടുവന്ന് എഴുത്തുകാരനുമായി ആത്മബന്ധം സ്ഥാപിച്ച് തങ്ങളെക്കുറിച്ച് പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന് കൈമാറിയ പ്രതീതിയാണ് ആ കഥകൾ സൃഷ്ടിക്കുന്നത്." രാമച്ചി എന്ന കഥയ്ക്ക് ഈ വാക്കുകൾ അക്ഷരംപ്രതി യോജിക്കുന്നു. വിശദാംശങ്ങളുടെ സമൃദ്ധി നല്കുന്ന ഈ സാഹിത്യകാരൻ പാരിസ്ഥിതിക വിഷയങ്ങളെ തനത് സാഹചര്യങ്ങളിൽ അവതരിപ്പിക്കാൻ സമർത്ഥനാണ്. പ്രകൃതിയുടെ അനുഗ്രഹമാണ് നമുക്ക് ചുറ്റുമുള്ള ജൈവ വൈവിദ്ധ്യമെന്ന് പറയാം. കീടങ്ങൾ, സസ്യങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ, ജന്തുക്കൾ എന്നിങ്ങനെ അമൂല്യവും വൈവിദ്ധ്യപൂർണ്ണവുമാണത്. വികസനം കുതി കൊള്ളുമ്പോൾ ഇവയിൽ പല വർഗ്ഗങ്ങളും തിരോഭവിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രകൃതിയുടെ തിരോധാനത്തെ തടയാൻ സാധിക്കേണ്ടതുണ്ട്. ആഗോളീകരണം പുരോഗമിക്കുന്തോറും പരിസ്ഥിതിനാശത്തിന്റെ അളവും വർദ്ധിച്ചു കൊണ്ടിരിക്കും. ജി.മധുസൂദനൻ എഴുതുന്നു: "വരളുന്ന നദികളായി, വിഷമയമായ ജലമായി, കുടിവെള്ള ക്ഷാമമായി, വീര്യം നശിച്ച മണ്ണായി, വരൾച്ചയായി കൃഷി നാശമായി, പുതിയ പുതിയ രോഗങ്ങളായി, ദൂഷിതമായ വായുവായി, പ്രകൃതിക്ഷോഭങ്ങളായി പരിസ്ഥിതി പ്രതിസന്ധി കടന്നുവരുന്നു. വികസനത്തിന്റെ അപഥസഞ്ചാരമാണ് ഇവയ്ക്കു കാരണമെന്നു മനസ്സിലാക്കാൻ ഏറെപ്പേർക്കും കഴിയുന്നില്ല. പ്രകൃതിയെ വീണ്ടും നശിപ്പിച്ചുകൊണ്ടുള്ള അധികവികസനമാണ് ഇതിനെല്ലാം പരിഹാരമെന്നവർ സമർത്ഥിക്കുന്നു" (ജി.മധുസൂദനൻ, കഥയും പരിസ്ഥിതിയും, പു.16 ). പ്രകൃതി അനുഭവത്തിന്റെ ഹൃദ്യത എത്ര അപാരമാണെന്ന് രാമച്ചി എന്ന കഥയുടെ വായന നമ്മെ ബോദ്ധ്യപ്പെടുത്തും.


രാമച്ചി - കഥാസംഗ്രഹം.

പ്രമുഖൻ എന്ന കുങ്കിയാനയുടെ അവതരണത്തോടെയാണ് കഥ ആരംഭിക്കുന്നത്. ആറളം ഫാമിലേക്കിറങ്ങുന്ന ആനകളെ കാട്ടിലേക്ക് തുരത്തിയോടിക്കാൻ കൊണ്ടുവന്നതാണ് കൊമ്പില്ലാത്ത പ്രമുഖനെ. വാച്ചർ കൃഷ്ണൻ കോട്ടി പ്രശംസ ചൊരിഞ്ഞെങ്കിലും അയാളുടെ പ്രത്യാശ സാക്ഷാത്കരിക്കാൻ പ്രമുഖൻ തയ്യാറായില്ല. പനങ്കൂട്ടങ്ങൾക്കിടയിൽ നിന്നും പൂത്തു നില്ക്കുന്ന രണ്ടു പിടിയാനകൾ പുറത്തുവന്നപ്പോൾ ആ പ്രലോഭനം തള്ളാൻ പ്രമുഖനായില്ല. ആനക്കൂട്ടവുമായുള്ള പ്രമുഖന്റെ പോരു കാണാൻ കൊതിച്ചവരാകെ നിരാശരായി. 


ആനക്കൂട്ടത്തിലെ കുഞ്ഞിയാനയെ ശ്രദ്ധിക്കുകയായിരുന്നു മല്ലിക. മല്ലിക ഗർഭിണിയാണ്. പിടിയാന നല്കിയ പനങ്കൂമ്പ് സ്വീകരിച്ച് ചവച്ച് അവളെ ആലിംഗനം ചെയ്ത പ്രമുഖനെ മോഴയെന്ന് വിളിച്ച് വനംവകുപ്പുകാരോട് നാട്ടുകാർ പ്രതിഷേധിച്ചു. കുങ്കിയാനയ്ക്ക് അടവ് പലതാണെന്ന് പറഞ്ഞ കൃഷ്ണൻ കോട്ടിയോട് വരും, കാത്തിരുന്നോ എന്ന് പ്രതികരിച്ച് മല്ലിക വീട്ടിലേക്ക് നടന്നു. ഒരിക്കൽ വള്ളിയൂർക്കാവ് ഉത്സവം കഴിഞ്ഞുള്ള വരവ് -മുട്ടുമാറ്റിയിലേക്ക് -അവളുടെ മനസ്സിൽ വിരിഞ്ഞു. 

മഞ്ഞമുത്തിയാണ് മുന്നിൽ. എല്ലാത്തിനും മുത്തിയാണ് അവസാന വാക്ക്. കുട്ടികൾ, പെണ്ണുങ്ങൾ, ആണുങ്ങൾ എന്നിങ്ങനെയാണ് യാത്ര. കൂടെ കട്ടൻ രവിയുമുണ്ട്. അവന് മല്ലികയോട് താൽപ്പര്യമുണ്ട്. വേനൽ തീവ്രമായി വരുന്ന സമയമായതിനാൽ പുഴക്കരയിൽ താമസിക്കാമെന്ന് മഞ്ഞ മുത്തി തീരുമാനിച്ചു. കട്ടൻ രവി പൂക്കുണ്ടുകാരനാ. അയാളെന്തിനാ ഞങ്ങടെ ഒപ്പം എന്ന് മല്ലിക ചിന്തിച്ചു. ചിറകെട്ടാൻ അവനും സഹായിച്ചു. ചെറുതോട്ടിലൂടെ പല ജാതി മീനുകൾ. കല്ലേമുട്ടി, ചില്ലോൻകൂരി, പുള്ളിയാരല്, പരല്, കോലാൻ എന്നിങ്ങനെ. കിട്ടുന്നതിനെ എല്ലാവരും ചുട്ടുതിന്നും.

രാത്രി കട്ടൻ രവി വന്ന് ഓരോന്നു ചെയ്തു. ഭയങ്കര ധൃതിയായിരുന്നു അവന്. പ്രാച്ചിമീൻ വെള്ളത്തിൽ വെട്ടിമാറുന്നതുപോലെ. നാലാം ദിനം മഞ്ഞമുത്തി കട്ടനോടെന്തോ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ അവന്റെ ബന്ധുക്കൾ ചീനിയും തുടിയുമായി, ഒരുചാക്ക് ചോമാല നെല്ലുമായി വന്നു. പുഴവക്കിൽ തമ്പടിച്ചു. നൃത്തവും കൊട്ടുമായി. മല്ലികയെ കല്യാണം കഴിക്കാൻ. എന്നാൽ, നെല്ലിൻചാക്കെടുക്കേണ്ടെന്ന് മഞ്ഞ മുത്തിയോടും അപ്പനോടും മല്ലിക പറഞ്ഞു. ചാക്കെടുത്താൽ പിന്നെ കല്യാണമാണ്. രവിയുടെ കൂട്ടർ തെറി പറഞ്ഞു കൊണ്ട് തിരികെ പോയി. നീ പയങ്കരി (ഭയങ്കരി) തന്നെയെന്ന് മഞ്ഞ മുത്തി പറഞ്ഞു പൊട്ടിച്ചിരിച്ചു.


തന്റെ പ്രിയനായ പ്രദീപനെ മനസ്സിലോർത്തു. പ്രദീപൻ അവൾക്ക് കാട്ടിക്കൊടുത്ത പിടിയും കൊമ്പനും തമ്മിലുള്ള സ്നേഹപ്രകടനം. കോളിമരത്തിനുമീതെ. പ്രദീപന് നാണമാണെങ്കിലും അപ്പോൾ അവൾ ചേർന്നിരുന്നു... മല്ലിക മുറ്റത്തിറങ്ങി നോക്കെ വയറ്റിൽ അനക്കം അനുഭവപ്പെട്ടു. ഫാമിൽ വന്നതിനു ശേഷം ആരും പുഴയിൽ പോയി കിടക്കുന്നില്ല. എല്ലാവർക്കും സ്ഥലവും വീടുമുണ്ട്. റേഷനുമുണ്ട്. പണ്ട് ഈ സമയത്ത് എല്ലാവരും പുഴവക്കിലായിരുന്നു. പ്രദീപനുമൊത്ത് പുഴമണലിൽ കിടക്കാൻ അവൾക്ക് മോഹം തോന്നി. വനവിഭവങ്ങൾ ശേഖരിച്ച് വിറ്റാണ് പ്രദീപൻ കഴിയുന്നത്. നിഷ്കളങ്കൻ. തേനും തെള്ളിയും പുളിയും കോലരക്കും മറ്റുമാണ് വില്ക്കാറ്. പ്രദീപന് കാശ് ചോദിച്ചുവാങ്ങാനറിയാത്തതിനാൽ മല്ലികയും കൂടെപ്പോകും. പലചരക്ക് തങ്കച്ചനിതൊന്നും ഇഷ്ടമല്ല. 


പ്രദീപനെ ആദ്യം കാണുന്നതു തന്നെ 'കഷ്ടപ്പെടുന്ന കാടനായിട്ടാണ്.' കാട്ടിൽ ഏറ്റവും ഉയരമുള്ള പൊങ്ങുമരത്തിന്റെ ചുവട്ടിൽ കൂണ് ശേഖരിക്കാനായി അതിരാവിലെ പോയ സന്ദർഭത്തിലാണ് പ്രദീപനെ പരിചയപ്പെടുന്നത്. എത്ര പാടുപെട്ടാലും കാട് കുറച്ചേ തരൂ എന്നാണ് പ്രദീപൻ പറയുന്നത്. എളുപ്പം കിട്ടുന്നത് ബേഗം തീരും. കൂണ് പോലെ. അതിനു മറുപടിയായി മല്ലിക, എല്ലാ കൂണും അങ്ങനെയല്ല, തീരാത്ത കൂണും ഉണ്ടെന്ന് പറയുന്നു. അതേത് കൂൺ എന്ന് അവൻ ചോദിച്ചപ്പോൾ പിന്നെ പറയാമെന്ന് അവൾ പറഞ്ഞു. 


കൊട്ടിയൂരത്സവം കഴിയുന്നതു വരെ മീൻ പിടിക്കാൻ പാടില്ലെന്നത് മുത്തിയുടെ ആജ്ഞയാണ്. മീൻപിടിക്കുന്നവരെ തെറിവിളിക്കുകയാണ് മുത്തി. മീനുകൾ മുട്ടയിടാൻ കാട്ടുചോലകളിലേക്കു കയറുന്ന സമയമാണ്. ഗർഭംതീനികൾ എന്നാണ് ഈ സമയത്ത് മീൻപിടിക്കാനിറങ്ങുന്നവരെ മുത്തി വിശേഷിപ്പിക്കുന്നത്.

 

പ്രദീപൻ കൊട്ടിയൂരത്സവത്തിന് വില്ക്കാൻ ഓടപ്പൂ ഉണ്ടാക്കുകയാണ്. സഹായത്തിന് മല്ലികയും കൂടി. പിന്നെ വേഗം വേഗം ഓരോ ഓടമുട്ടും പൂവായി വിരിഞ്ഞു. പാതിരാത്രി കഴിഞ്ഞു. പൂവുകൾ വിരിഞ്ഞുകൂമ്പി തളർന്നപ്പോൾ മല്ലിക കാട്ട് പ്രദീപനോട് നീ മതി എനക്ക് എന്നു പറഞ്ഞു. കുഞ്ഞാമൻ മഞ്ഞ മുത്തിയോട് നിങ്ങള് [ആറളം ] ഫാമിലേക്ക് പോകുന്നില്ലേ, നിങ്ങള് പൂമിയില്ലാത്തവർക്ക് ഒരേക്കറ് വെച്ച് തന്നിറ്റ്ണ്ട് പാമില് എന്ന് പറഞ്ഞപ്പോഴാണ് "ഞാക്ക് പൂമിയില്ലേ" എന്ന ചോദ്യം മഞ്ഞ മുത്തി ചോദിക്കുന്നത്. അന്നാദ്യമായിട്ടാണ് ആ വാസ്തവം മുത്തി അറിയുന്നത്. ആറളം ഫാമിലേക്ക് പുറപ്പെടാൻ തയ്യാറായി നില്ക്കുന്ന തന്റെ കൂട്ടരോട് ഇന്നാരും പോകണ്ട എന്ന് മുത്തി പറഞ്ഞു. സാധനങ്ങളെല്ലാം പുരയില് തിരികെ കയറ്റി. അന്ന് മുത്തി ഉറങ്ങിയില്ല. തീ വെളിച്ചത്തിൽ മുത്തി തനി മഞ്ഞയായി. മല്ലിക വിളിച്ചപ്പോൾ മുത്തി പറഞ്ഞു: മഞ്ഞ എന്ന് ആദ്യം വിളിച്ചത് അമ്മയാണ്. കാടായിരുന്നു പുര. അമ്മ പറഞ്ഞത് രാമച്ചീല് കിടക്കുമ്പോൾ ഒരു കാറ്റുവന്ന് ഏതോ മഞ്ഞപ്പൂവ് എന്റെ നെഞ്ചിലിട്ടെന്നാണ്. അങ്ങനെ ഞാന് മഞ്ഞയായി. രാമച്ചി കാടിന് ഉള്ളിലല്ലേ എന്ന് മല്ലിക ചോദിച്ചു. അതേ. അവിടെ നിന്ന് വള്ളിയൂർക്കാവിലും കൊട്ടിയൂരും പോകും. പൊര -എല്ലാം പൊര തന്നെ. മുത്തി പറഞ്ഞു കരഞ്ഞു തുടങ്ങി. പുലരുമ്പോഴേക്കും മുത്തി മരിച്ചിരുന്നു. ആചാരപ്രകാരം സംസ്കരിച്ച് എല്ലാവരും ഫാമിലേക്ക് പോയി.

കട്ടൻ രവിയുടെ പരിഹാസത്തിന് ശക്തമായ മറുപടി അവൾ നല്കുന്നു. വയറ് വീർത്തു പോയി. ഇല്ലെങ്കിൽ കേറീട്ട് പോകായിരുന്നുവെന്ന് അവൻ പരിഹസിച്ചപ്പോൾ, നിന്റെ കേറ്റം ഞാൻ കണ്ടതല്ലെ - മുണ്ടാതെ പോടാ, എന്നായിരുന്നു മല്ലികയുടെ പ്രതികരണം. പ്രദീപൻ വന്നപ്പോൾ, തന്റെ ആഗ്രഹം അവൾ പറഞ്ഞു: നമ്മക്ക് രാമച്ചീല് പോയി താമസിക്ക. ആദ്യം അവൻ ശങ്കിച്ചെങ്കിലും അവൾ ഉറച്ചു പറഞ്ഞപ്പോൾ അവൻ വഴങ്ങി.

പിറ്റേന്ന് പൊതി കെട്ടി നടന്നു തുടങ്ങി. പുഴക്കരയിലൂടെ മുട്ടുമാറ്റിയിൽ. മഞ്ഞ മുത്തിയെ സംസ്കരിച്ചിടത്ത് അവൾ കുത്തിയിരുന്നു. ഒരു വള്ളിത്തലപ്പ് അടിവയറിനെ ഉരുമ്മി. അകത്തുള്ള കുരുന്ന്, വിടരാത്ത ഇലകളെ ചുംബിക്കുന്നു. പ്രകൃതി വിഭവങ്ങൾ ആഹരിച്ചും അനുഭവിച്ചും അവർ മുകളിലേക്ക്കയറി. കുരുപ്പത്തോടിനു മുകളിൽ രാമച്ചി. കുരുപ്പത്തോടിൽ വെച്ചാണ് അവളുടെ കൂട്ടുകാരനായ കുങ്കിയാന, പ്രമുഖനെ വീണ്ടും കണ്ടത്. 

രാമച്ചി അവൾക്ക് അത്ഭുതകരമായ കാഴ്ചയായിരുന്നു. മരങ്ങളും ചെടികളും വെള്ളച്ചാട്ടവും പാറകളും പൂവുകളും. ഓരോ ദിനവും മല്ലികയുടെ ആശയ്ക്കനുസരിച്ച് പ്രദീപൻ പ്രവർത്തിച്ചു. കാളൻ കിഴങ്ങും നാരൻ കിഴങ്ങും കൊണ്ടുവന്നു. കൽപ്പൂവത്തിന്റെ തളിര് ആദ്യമായി വേവിച്ചുതിന്നു. പുതിയ രുചികൾ, പുതിയ പുതിയ അനുഭവങ്ങൾ. മീൻപിടിത്തം. പരട്ടിമരത്തിലെ തേൻ എടുക്കാനുള്ള സന്നാഹങ്ങൾ പ്രദീപൻ ഒരുക്കുന്നു. ഗർഭാവസ്ഥ പല അസ്വാസ്ഥ്യങ്ങളും സൃഷ്ടിക്കുന്നുമുണ്ട്. രാത്രിയിലാണ് തേനെടുക്കേണ്ടത്. പ്രദീപൻ മരത്തിനു മുകളിലേക്കു കയറുന്തോറും താഴെ, അവൾക്കു വേദന കനത്തു. പ്രദീപൻ തേൻ കൊമ്പിന്റെ സമീപമെത്തുമ്പോഴേക്കും അവൾ വേദനിച്ചു വിളിച്ചു. പ്രദീപൻ നോക്കുമ്പോൾ അവൾ കാലുകളകത്തി നിലവിളിക്കുകയാണ്. തിരിച്ചിറങ്ങാനൊരുങ്ങെ, മുളങ്കൂട്ടങ്ങൾങ്ങൾക്കിടയിലൊളിച്ച ആനയെ കണ്ട് അവൻ വേഗത്തിൽ ഇറങ്ങാൻ തുടങ്ങി. പ്രമുഖൻ മല്ലികയുടെ നേരെ കുതിക്കാനൊരുങ്ങുകയാണ്. പ്രദീപൻ നിശ്ചലനായി. മല്ലികയുടെ വിടർന്ന കാലുകൾക്കിടയിൽ മൊട്ടിട്ടുവരുന്ന കുഞ്ഞിത്തല. എന്നാൽ, മഴ മുറുകി. അപ്പോഴേക്കും പ്രമുഖനു കുറുകെ മുല ചുരത്തിക്കൊണ്ട് പിടിയാനകളും പാൽ നുകർന്നുകൊണ്ട് കുഞ്ഞുങ്ങളും കടന്നുവന്നു. മല്ലികയും ആദ്യമായി മുല ചുരത്തി. പ്രമുഖൻ തലച്ചിയാനയുടെ ശ്രദ്ധയിൽ പെട്ടു. അവൻ ചുണ്ടുകളെ നുണയിക്കുന്ന ഏതോ മണം പിടിക്കാനായി നിന്നു. പിന്നെ മുളങ്കൂട്ടത്തിനുള്ളിൽ മറഞ്ഞു.

കുഞ്ഞിന്റെ ശരീരം പുല്ലാനിയിലകളാൽ പ്രദീപൻ തുടച്ചു. കുഞ്ഞ് മഴത്തുള്ളികളിലേക്ക് കരഞ്ഞു. പെണ്ണാണ്. പ്രദീപൻ പറഞ്ഞു. അപ്പോൾ ഒരു അസാധാരണമായ മഞ്ഞപ്പൂവ് കുഞ്ഞു ശരീരത്തിലേക്ക് വീണു. ചരിഞ്ഞു കിടന്ന മല്ലിക അവളെ ചേർത്തുപിടിച്ച് മുല കൊടുക്കെ ഒരു പേരു വിളിച്ചു. [ മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017]


ഗോത്രവർഗ്ഗത്തെയും പ്രകൃതിയെയും സമതാളത്തോടെ വീക്ഷിക്കുന്ന കഥയാണ് രാമച്ചി. പ്രകൃതിക്കൊപ്പം തന്നെ നില്ക്കാനും പെരുമാറാനും കാടിന്റെ മക്കൾക്കു സാധിക്കുന്നു. നിഷ്കളങ്കതയും വന്യതയും അവരുടെ അടിസ്ഥാനഭാവമായിത്തീരുന്നു. ഈ കഥയിൽ മല്ലികയാണ് കേന്ദ്രസ്ഥാനത്തു നില്ക്കുന്ന കഥാപാത്രമെന്ന് തോന്നാമെങ്കിലും വാസ്തവത്തിൽ കഥയുടെ ഗതി നിർണ്ണയിക്കുന്നത് മഞ്ഞമുത്തിയാണ്. മഞ്ഞമുത്തി കാടിന്റെ മാനുഷികരൂപമാണ്. കാലം മാറുമ്പോൾ, നാട്ടുമനുഷ്യരുമായുള്ള സമ്പർക്കത്തിന്റെ പശ്ചാത്തലത്തിൽ കാടിന്റെയും കാട്ടുമനുഷ്യരുടെയും സ്വഭാവം/ പ്രകൃതം പരിണാമങ്ങൾക്ക് വിധേയമാവുകയാണ്. കാലങ്ങളായി തുടർന്നു വരുന്ന ആചാരങ്ങൾക്കും വിശ്വാസ പ്രമാണങ്ങൾക്കും ഉലച്ചിൽ തട്ടുമ്പോൾ മഞ്ഞ മുത്തി മണ്ണിലടയുന്നതാണ് ഭംഗി. പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുകയെന്നത് ദുഷ്കരം തന്നെ. കഥയിൽ പുരുഷ കഥാപാത്രങ്ങളായ കട്ടൻ രവി പ്രകൃതിയെ, സ്ത്രീയെ തൃപ്തിപ്പെടുത്തും വിധം തന്റെ പൗരുഷം ഉപയോഗിക്കാൻ കഴിയാത്തവനാണ്. മല്ലിക അവനെ പെട്ടെന്ന് തിരിച്ചറിയുകയും വേണ്ടെന്നു വെക്കുകയും ചെയ്യുന്നു. കാട്ടുപ്രദീപന്റെ നിഷ്കളങ്കതയിലും രസിപ്പിക്കാനുള്ള ശേഷിയിലും അവൾ ആകൃഷ്ടയാകുന്നു. തിരഞ്ഞെടുക്കാനും വേണ്ടെന്നു വെക്കാനുമുള്ള അധികാരം പുരുഷന്റേതു മാത്രമല്ല, സ്ത്രീയുടേതുമാണ്. ഈ അധികാരം പ്രകൃതിയുടെ വരദാനം കൂടിയാണ്. മല്ലികയെ ആരും ഈ വിഷയത്തിൽ ചോദ്യം ചെയ്യുന്നില്ല. അതിനാൽ കട്ടൻ രവി കൊണ്ടുവന്ന നെല്ല് അവന് തിരിച്ചു കൊണ്ടുപോകേണ്ടി വന്നു. നെല്ല് സ്വീകരിച്ചാൽ വിവാഹം ഉടൻ എന്നാണ് പ്രമാണം. 


പ്രകൃതിയുടെ വശ്യത അതിന്റെ വന്യത കൂടിയാകുന്നു. പ്രകൃതി സമൃദ്ധി ഈ കഥയിൽ വേണ്ടുവോളം കാണാം. മീനുകളും മരങ്ങളും ചെടികളും പൂക്കളും പഴങ്ങളും നിറഞ്ഞ കാടിന്റെ ധന്യത. അത് നന്നായി ഉരുക്കഴിച്ച കാട്ടുമനുഷ്യർ. അവരുടെ വിശ്വാസപ്രമാണങ്ങൾ. സ്നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും ആദിസ്ഥാനത്തു നില്ക്കുന്ന മഞ്ഞമുത്തിയാണ് രാമച്ചിയുടെ കേന്ദ്രമെന്ന് രാമച്ചി എന്ന കൃതിക്ക് പഠനമെഴുതിയ രാഹുൽ രാധാകൃഷ്ണൻ അഭിപ്രായപ്പെടുന്നു (രാമച്ചി, 144). സ്നേഹത്തിന്റെയും പങ്കുവെക്കലിന്റേയും സന്തുലനം ഈ കഥയിൽ വേണ്ടുവോളമുണ്ട്. കാടിന് അമ്മയുടെ ധർമ്മം തന്നെയാണ് നിർവഹിക്കാനുള്ളത്. കാടിന്റെ പ്രതിരൂപമായ മഞ്ഞ മുത്തിയുടെ വാക്കുകളാണ് ഉൾക്കാടിനകത്തേക്ക് പ്രവേശിക്കാൻ - രാമച്ചിയിലേക്കെത്താൻ -മല്ലികയ്ക്ക് പ്രചോദനമായി ഭവിക്കുന്നത്. 

പിടിയാനയുമായി സ്നേഹം പങ്കുവെക്കുന്ന പ്രമുഖൻ മനോഹരമായ കാഴ്ചയാണ്. നാട്ടിലെ മടുപ്പ് ജീവിതത്തിൽ നിന്നും കുങ്കിയാനയായ പ്രമുഖൻ വിമോചനം നേടുകയാണ്. മുലപ്പാലും കുഞ്ഞുങ്ങളും അമ്മമാരും ഒക്കെ ചേർന്ന ഹൃദ്യമായ അടുപ്പത്തിന്റെ കാഴ്ച്ചാലോകമാണ് രാമച്ചി വായനക്കാരനു സമ്മാനിക്കുന്നത്. നനഞ്ഞ മുല വായിലേക്ക് കൊടുക്കുമ്പോൾ കുഞ്ഞ് തേടുന്ന അമ്മയുടെ മണമാണ് രാമച്ചിയുടെ സത്തയെന്ന് രാഹുൽ രാധാകൃഷ്ണൻ വീക്ഷിക്കുന്നുണ്ട്. രാമച്ചി ഒരു ഓർമ്മച്ചെപ്പാണെന്നും, സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പാൽമണമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്തായാലും  ഒരു വായനക്കാരനെ അനുഭൂതിയുടെ വന്യതയിലേക്ക് ആനയിക്കാൻ കഴിവുള്ള മികച്ച കഥയാണ് രാമച്ചിയെന്നു പറയാം.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ