വീണപൂവ് -156 - കുമാരനാശാൻ

 മഹാകവി കുമാരനാശാന്റെ പ്രഥമ ഖണ്ഡകാവ്യമാണ് വീണപൂവ്. പാലക്കാട്ട് താമസിച്ചിരുന്നപ്പോഴാണ് ഈ കൃതി രചിച്ചതെന്ന് വീണപൂവിന്റെ മുഖവുരയിൽ ആശാൻ വ്യക്തമാക്കുന്നു. തലശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിച്ച മിതവാദിയിൽ 1907 അവസാനം ഈ കവിത വെളിച്ചം കണ്ടു. തുടർന്ന് 1908 ൽ ഭാഷാപോഷിണിയിൽ പുന:പ്രസിദ്ധീകരിച്ചതോടെ പണ്ഡിതലോകവും സഹൃദയരും ആശാനെന്ന കവിയെ അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്തു. തീർത്തും പുതുമയുള്ള കാവ്യമായിരുന്നു വീണപൂവ്. ആ പുതുമ ആവിഷ്കാരത്തിലും ആശയത്തിലും നിറഞ്ഞു നില്ക്കുന്നു. വിലാപകാവ്യങ്ങൾക്ക് ഉദാത്ത മാതൃക, അനനുകരണീയമായ ഖണ്ഡകാവ്യകൃതി, കാൽപ്പനികതയുടെ വസന്തത്തിന് തുടക്കമിട്ട കൃതി എന്നിങ്ങനെ സാഹിത്യമേഖലയിൽ ഏറെ സവിശേഷതകളോടെയാണ് വീണപൂവിന്റെ നില്പ്. പ്രതിരൂപാത്മക കവിതയ്ക്ക് (Symbolic Poem) മികച്ച ഉദാഹരണം കൂടിയാണ് വീണപൂവ്.

പൂവിന്റെ ബാല്യം, യൗവനം, പ്രേമം, പ്രേമ സ്ഥിരത, പ്രേമവഞ്ചന, മരണം എന്നിങ്ങനെ പൂവിന്റെ ജീവിതത്തിലെ സവിശേഷ മുഹൂർത്തങ്ങളെ സംക്ഷേപിച്ച് ധ്വന്യാത്മകമായി വർണ്ണിക്കുകയാണ് കുമാരനാശാൻ.

ജീവിതദർശനം

ജീവിതത്തെക്കുറിച്ചുള്ള തത്ത്വവിചാരം ഉള്ളടങ്ങുന്ന കവിതയായി വീണപൂവ് പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഒരു മനുഷ്യായുസ്സിന്റെ ക്ഷണികത അതിൽ അവതരിപ്പിച്ചിരിക്കുന്നു. നാല്പത്തിയൊന്ന് ശ്ലോകങ്ങൾ മാത്രമാണ് വീണപൂവിലുള്ളത്. ആദ്യശ്ലോകം ആരംഭിക്കുന്നത് ഹാ! എന്ന വ്യാക്ഷേപകത്തിലാണ്. അവസാനശ്ലോകം അവസാനിക്കുന്നതോ, കഷ്ടം! എന്ന വ്യാക്ഷേപകത്തിലും. ഇതു രണ്ടും ചേർത്തു വെച്ച്, മനുഷ്യ ജീവിതം = ഹാ കഷ്ടം ! എന്ന ദർശനമാണിതിൽ ഉള്ളടങ്ങിയിരിക്കുന്നതെന്ന് പറയാറുണ്ട്. യഥാർത്ഥത്തിൽ ജീവിതത്തിന്റെ ക്ഷണികത തന്നെയാണ് വീണപൂവിലെ മുഖ്യവിഷയം. രാജ്‌ഞിയെപ്പോലെ ഉല്ലസിക്കുകയും ശോഭിക്കുകയും ചെയ്തിരുന്ന പൂവ് താഴേക്ക് പതിക്കുകയാണ്. ക്ഷണവിനാശമാണ് അതിനു സംഭവിച്ചത്. ഇവിടെ കവി, 'ശ്രീ ഭൂവിലസ്ഥിര'മാണെന്ന [ ഐശ്വര്യം അസ്ഥിരമാണ് - സ്ഥിരതയില്ലാത്തതാണ് ] എന്ന ദർശനം കൊണ്ടുവരുന്നു. തത്ത്വചിന്ത ശോകത്തെ പരിഹരിക്കാനുള്ള ഉപാധിയായി കവി കാണുന്നു. വളരെ കുറച്ചു ദിനങ്ങൾ, പക്ഷേ അർത്ഥപൂർണ്ണങ്ങളായിരുന്നു അവ. ഒരുപാട് ദു:ഖമുഹൂർത്തങ്ങൾ. എന്നിരുന്നാലും അവയൊക്കെയും മനോഹരങ്ങളായിരുന്നു. ഇത്തരം ജീവിതത്തെ മാത്രമേ ചിരകാലം നമ്മൾ ഓർക്കുകയുള്ളൂ. പ്രാപഞ്ചികജീവിതം പൂവിനെ നിരവധി പാഠങ്ങൾ പഠിപ്പിക്കുന്നു. 

അഗാധമായ ജീവിതാവബോധത്തിന്റെ പ്രതിഫലനമാണ് വീണപൂവിൽ കാണുന്നത്. അതോടൊപ്പം ഏവർക്കും ഉപകാരം ചെയ്ത് ജീവിതം കഴിക്കുകയെന്ന സരളമെങ്കിലും ഗംഭീരമായ ചിന്തയും വീണപൂവ് മുന്നോട്ടു വെക്കുന്നു. 

"അവനവനാത്മസുഖത്തിനാചരിക്കുന്നവ / അപരനു സുഖത്തിനായ് വരേണമെന്ന " ശ്രീനാരായണഗുരുവിന്റെ ദർശനത്തോടുള്ള മമതയും നവോത്ഥാനാശയങ്ങളുടെ പ്രകാശനവും കവി പ്രകടിപ്പിക്കുന്നതായി കാണാം. 

പൂവിന്റെ നിലനില്‌പ് ഇവിടെ സാദ്ധ്യമാക്കിയത് പ്രപഞ്ചഘടകങ്ങളുടെ ഒത്തൊരുമയാണ്. പാലിനൊത്ത പുതുനിലാവിൽ കുളിച്ചും ഇളം വെയിലിൽ കളിച്ചുമാണ് പൂവ് വളർന്നത്. കിളികളിൽ നിന്നും ഗാനവും ജ്വലിച്ചു നില്ക്കുന്ന നക്ഷത്രങ്ങളിൽ നിന്നും ലോക തത്ത്വവും - പ്രപഞ്ചരഹസ്യവും- അത് അഭ്യസിച്ചു. അങ്ങനെ വളർന്ന പൂവിൽ പുതിയ ഭംഗികൾ രൂപപ്പെട്ടു. ആകർഷണീയത വർദ്ധിച്ചു.ആരും നോക്കി നിന്നു പോകുന്ന മട്ടിൽ അത് വിളങ്ങി.

സ്വാഭാവികമായും സൗന്ദര്യത്തിൽ ആകൃഷ്ടരായി നിരവധി കാമുകരടുത്തെത്തിയെങ്കിലും പൂവ് തിരഞ്ഞെടുത്തത് ഭൃംഗരാജനെയാണ്. 

അതു വ്യക്തമാക്കാനെന്നവണ്ണം മൃതയായി കിടക്കുന്ന പൂവിനുചുറ്റും നിലവിളിച്ചു പറക്കുകയാണവൻ. തന്റെ പ്രണയമാണ് ഈ ശോകപ്രകടനത്തിലൂടെ അവൻ വ്യക്തമാകുന്നത്. ആ പുഷ്പത്തിന്റെ മാധുര്യം അനുഭവിച്ചവനാണവൻ. ഇനി പൂവിനൊപ്പം മരിക്കുകയെന്നതു തന്നെയാണ് അവന് സ്വീകാര്യമായിട്ടുള്ളത്. ജീവിതത്തിന്റെ കയ്പും ചവർപ്പും മാധുര്യവുമൊക്കെ ഈ സന്ദർഭത്തിൽ മനോഹരമായി കവി അവതരിപ്പിക്കുന്നു. അപ്രതീക്ഷിത ദുരന്തങ്ങൾ ജീവിതത്തിൽ വലിയ ആഘാതം സൃഷ്ടിക്കുന്നു. എങ്ങനെയതു തരണം ചെയ്യും എന്നത് തീവ്രമായ ആശങ്കയുളവാക്കുന്നതുമാണ്. ഇവിടെ പൂവിന്റെ ജഡത്തിനു മീതെയുള്ള വണ്ടിന്റെ ചുറ്റിക്കരച്ചിലും, നിരാശാബോധവും ഒക്കെ സാധാരണ മനുഷ്യന്റെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുകയാണ്. തന്റെ പ്രണയിനിയായ പൂവിന്റെ പതനം വല്ലാത്ത ഷോക്കാണ് വണ്ടിൽ ഉളവാക്കുന്നത്. അവന്റെ സങ്കടം കണ്ടാൽ അവനിപ്പോൾ ചത്തുപോകും എന്നു തോന്നുന്നതായി കവി എഴുതുന്നു. കല്ലിലും മരത്തിലുമൊക്കെ തലതല്ലുകയാണവൻ. വിധി എത്രമാത്രം ക്രൂരയാണ്! എത്ര നിർദ്ദയമായാണ് ഈ കമിതാക്കളോട് പെരുമാറിയിരിക്കുന്നത്!

ഒരു പക്ഷേ,പൂവിന്റെ പതനത്തിന് മറ്റു വല്ല കാരണവുമുണ്ടോ? നിർഭാഗ്യവശാൽ, മറ്റു പൂക്കളെത്തേടിപ്പോയി അവരുമായി സംഗമിക്കാനുള്ള വണ്ടിന്റെ ഭോഗേച്ഛയാണോ പൂവിന്റെ സ്വയംഹത്യയിലേക്ക് നയിച്ചത് ? ഇത്തരം കുഴപ്പങ്ങൾ സൃഷ്ടിച്ച വഞ്ചനാസമീപനം പശ്ചാത്താപത്തിലൊതുങ്ങില്ല. മുമ്പേ ഓർക്കേണ്ടതായിരുന്നു, ഇതൊക്കെ. കവി മനുഷ്യനെന്ന പോലെയാണ് വണ്ടിനെയും പൂവിനെയും കാണുന്നതും ഉപദേശിക്കുന്നതും. എന്തായാലും ഇതൊരു ആരോപണം മാത്രമാണ്. യുവാക്കളുടെ മാനസരഹസ്യം ആർക്കാണറിയാൻ കഴിയുകയെന്ന് ചോദിക്കുന്ന കവി ഒരു വാഗ്മിക്ക് പോലും അപവാദത്തെ ചെറുക്കാനാകുന്നില്ല. പിന്നല്ലേ ഈ മിണ്ടാപ്രാണിക്ക് എന്ന് സാധുവായ വണ്ടിന്റെ പക്ഷം ചേരുന്നു. വ്യക്തമല്ലാത്ത കാര്യത്തിന് കുറ്റപ്പെടുത്തുന്നത് മോശമാണെന്ന് വണ്ടിനെ സാധൂകരിക്കുകയും ചെയ്യുന്നു.

യമൻ - മരണദേവൻ - ജീവനുള്ള ഒന്നിനെയും ശാശ്വതമായി നിലനിർത്തുന്നില്ല. ജനിച്ചതിനൊക്കെയും മരണമോ നാശമോ ഉണ്ട്. ജീവിതഗന്ധിയായ വരികളാണ് ഇവിടെയും കവി ഉപയോഗിക്കുന്നത്. പൂവിനെയും യമൻ വെറുതെവിട്ടില്ല. കവി എഴുതുന്നു:

"വ്യാപാരമേ ഹനനമാം വനവേടനുണ്ടോവ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും" 

- വേടൻ ഏതു ജീവിയെയും കൊല്ലുന്നു. അവനെ സംബന്ധിച്ച് കൊല്ലുന്നത് കഴുകനെയാണോ പ്രാവിനെയാണോ എന്ന വ്യത്യാസമില്ല. കൊല്ലുകയെന്ന പ്രവൃത്തിയിലാണ് ഊന്നൽ.

പൂവിന്റെ അപ്രതീക്ഷിത പതനം ഭൂമിയിലും ആകാശത്തിലുമുള്ള അതിന്റെ ശുഭകാംക്ഷികൾക്ക് താങ്ങാനാകാത്തതായിരുന്നു. ഈ പതനത്തിലും - മൃത്യുശയ്യയിലായിരിക്കുമ്പോഴും- ഒരു പ്രഭാവലയം നിന്നെ ചുറ്റി നില്ക്കുന്നു. നല്ല രീതിയിലുള്ള, മഹത്‌വ്യക്തിക്കു ചേർന്ന മട്ടിലുള്ള സംസ്കാരകർമ്മമാണ് പ്രിയപ്പെട്ടവർ നിനക്കായൊരുക്കുന്നത്. ചെറുപ്രാണികളും പക്ഷികളും നക്ഷത്രങ്ങളുമൊക്കെ അതിൽ പങ്കാളികളാകുന്നു. കാരണം, പൂവ് നിലകൊണ്ടത് മറ്റുള്ളവർക്കായാണ്. ഒരു ദോഷമോ ഉപദ്രവമോ ഒന്നിനും പൂവ് ചെയ്തിട്ടില്ല. ഗുണങ്ങളുടെ ശേഖരമായിരുന്നു പൂവ്. ദുഃഖത്താൽ കല്ലുപോലുമലിയുന്നു. ദിക്കുകൾ മങ്ങുന്നു. ഇത്രമാത്രം ഗുണമുള്ള നിന്നെ എന്തിനാണ് വിധി കവർന്നെടുത്തത്? ഗുണമുള്ളവർ ഭൂമിയിൽ ദീർഘകാലം വാഴില്ല. സൃഷ്ടി രഹസ്യങ്ങൾക്കു മുന്നിൽ കൈകൂപ്പി നിസ്സഹായരായി നില്ക്കാനേ നമുക്ക് കഴിയുകയുള്ളൂ. കാണുന്നവരെ നിശ്ചേതനമാക്കുന്ന പൂവിന്റെ കിടപ്പും വിയോഗവും കവിയിലും വലിയ ദുഃഖമുണ്ടാക്കുന്നു. കവി എഴുതുന്നു:

"ഒന്നല്ലി നാമയി സഹോദരരല്ലി ? പൂവേ!ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം?"

പൂവിനോട് സഹോദരത്വം പ്രഖ്യാപിക്കുകയാണ് കവി. മനുഷ്യനും പ്രകൃതിയും തമ്മിൽ രൂപപ്പെടേണ്ടുന്ന പാരസ്പര്യത്തിന്റെ പ്രഥമദൃഷ്ടാന്തമാണ് ഇവിടെ പ്രകടമാകുന്നത്.

സ്വയം ആശ്വസിക്കാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനും മറ്റൊരു ജീവിതദർശനം കൂടി കവി അവതരിപ്പിക്കുന്നു. പൂവേ, നിന്റെ വഴിയിലൂടെയാണ് എല്ലാ പ്രകൃതിജാലങ്ങളും വരുന്നത്. ഒന്നിനും ചിരകാല നിലനില്പില്ല. ഉന്നതമായ കുന്നും സമുദ്രവും ഒക്കെ നശിക്കും. നാശത്തിന് വിധേയമാണവ.

പൂവ് തന്റെ സൗന്ദര്യം, സൗരഭ്യം, തേൻ മുതലായവ മറ്റുള്ളവർക്കേകി അവരെ സന്തോഷിപ്പിച്ചാണല്ലോ കഴിഞ്ഞത്. അതാണല്ലോ പൂവിന്റെ വിയോഗത്തിൽ കവിയടക്കം എല്ലാ ജീവജാലങ്ങളും ദു:ഖിച്ചത്. മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നവനെ മാത്രമേ സമൂഹം, ഈ പ്രകൃതി ബഹുമാനിക്കൂ. തന്റെ മൃതി സംഭവിച്ചെങ്കിലും ബാക്കിയുള്ള കാന്തി സൂര്യനും സൗരഭ്യം വായുവിനും പങ്കിട്ടുനല്കുകയാണ് പൂവ്. ഹാ! എത്രമാത്രം അർത്ഥവത്താണ് പൂവിന്റെ ജീവിതം! 

[ മറ്റുള്ളവർക്കായി ജീവിക്കുകയെന്ന പൊരുളാണ് കവി അവതരിപ്പിക്കുന്നത്. ]

ജനിച്ചതിനൊക്കെ നാശമുണ്ട്. എന്നാൽ പരമാണുക്കൾ നിലനില്ക്കും. ശരീരം വിട്ടുപോയ ആത്മാവ് വീണ്ടും ജനിക്കും. നാം ചെയ്യുന്ന പാപപുണ്യങ്ങൾക്കനുസൃതമായിരിക്കും ആ പുനർജനനം - കവി വ്യക്തമാക്കുന്നു. അതിനാൽ ദു:ഖം കൊണ്ട് പ്രയോജനമില്ല. ചിലപ്പോൾ ചില ദു:ഖങ്ങൾ സന്തോഷത്തിൽ കലാശിച്ചുവെന്നും വരാം. [പൂവിനെ സംബന്ധിച്ച് കൂടുതൽ നല്ലൊരു ജന്മം സാദ്ധ്യമായെന്നു വരാം.]

തുടർന്ന്  പൂവ് എത്തിച്ചേരുന്നത് സ്വർഗ്ഗത്തിലായിരിക്കുമെന്നും അവിടെ അതിന്റെ ശോഭന സാദ്ധ്യതകൾ എന്തെല്ലാമായിരിക്കുമെന്നും കവി വിഭാവനം ചെയ്യുന്നു. ജീവിതഗന്ധിയായ അവസാന വരികളിൽ, മണ്ണിലേക്ക് , ചേതനയറ്റു കിടക്കുന്ന പുഷ്പത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നു.

ഇനി ഈ ചേതനയറ്റ പൂവിൽ നിന്നും കണ്ണു പിൻവലിക്കേണ്ട സമയമായിരിക്കുന്നു. പെട്ടെന്നു തന്നെ ഇത് കരിഞ്ഞും അലിഞ്ഞും മണ്ണായിത്തീരും. അങ്ങനെ അത് ഓർമ്മ മാത്രമാകും. എല്ലാവരുടെയും ഗതി ഇതു തന്നെയാണ്. കരച്ചിൽ കൊണ്ട്, ദു:ഖം കൊണ്ട് എന്താണ് സാദ്ധ്യമായിട്ടുള്ളത്? ഈ വാഴ്‌വ് - ജീവിതം - ഒരു സങ്കല്പം മാത്രമാണ് !

കഷ്ടം ! എന്ന ശബ്ദത്തിൽ തീരുന്ന അവസാന ശ്ലോകത്തോടെ കാവ്യം പൂർണ്ണമാകുന്നു. ഒരു പൂവിന്റെ വളർച്ചയെയും വികാസത്തേയും പതനത്തേയും മുൻനിർത്തി മനുഷ്യ ജീവിതത്തിന്റെ സാദ്ധ്യതകളെയും സങ്കീർണ്ണതകളെയും സംഘർഷങ്ങളെയും അപഗ്രഥിക്കുകയാണ് കവി ചെയ്തിട്ടുള്ളത്. 

മുഖ്യാശയങ്ങൾ:

ജീവിതം ക്ഷണികമാകാം. എങ്കിലും ചില ശാശ്വതമൂല്യങ്ങൾ അതിൽ നിന്നും പിറവി കൊള്ളും. അതിനാണ് കവി ഊന്നൽ നല്കുന്നത്. 

1. തന്നെയും പൂവിനെയും രചിച്ചിരിക്കുന്നത്, സൃഷ്ടിച്ചിരിക്കുന്നത് ഒരേ കയ്യുകളാണ്.

2. വിയോഗത്തിൽ കണ്ണീര് കൊണ്ട് പ്രയോജനമില്ല. അത് എല്ലാവരുടെയും വിധിയാണ്.

3. മറ്റുള്ളവർക്ക് ഉപകാരം ചെയ്ത് ജീവിതം ധന്യമാക്കുകയാണ് വേണ്ടത്. അങ്ങനെയുള്ളവരെ ലോകം ഓർക്കും.

4. ഗുണമുള്ളവരാണ്, നന്മയുള്ളവരാണ് ഈ ലോകത്തെ ധന്യമാക്കുന്നത്. 

5. ഐശ്വര്യം ഭൂമിയിൽ അസ്ഥിരമാണ്.

ചോദ്യങ്ങൾ: 300 വാക്ക്.

1. വീണപൂവിൽ കവി അവതരിപ്പിക്കുന്ന ദർശനമെന്ത്?

2. മലയാള കാവ്യ മേഖലയിൽ വീണപൂവിന്റെ സ്ഥാനമെന്ത്?

3. ഒരു ദാർശനികകവിയെന്ന നിലയ്ക്കുള്ള കുമാരനാശാന്റെ വളർച്ചയിൽ വീണപൂവിനുള്ള സ്ഥാനമെന്ത്? വിവരിക്കുക.

150 വാക്ക്:

1. പൂവിന്റെ അകാലമൃതിയിൽ കാമുകനായ വണ്ട് പ്രകടിപ്പിച്ച ദു:ഖം വിവരിക്കുക.

2. പൂവും പ്രകൃതിയും കവിയും തമ്മിലുള്ള പാരസ്പര്യം എപ്രകാരമാണ് വീണപൂവിൽ ആവിഷ്കൃതമാകുന്നത്?

3. പൂവിന്റെ പതനത്തെ മുൻ നിർത്തി കവി അവതരിപ്പിക്കുന്ന ചിന്തകളെന്തെല്ലാം?

4. വിവരിക്കുക:

"ഉൽപ്പന്നമായതു നശിക്കും അണുക്കൾ നില്ക്കും / ഉൽപ്പന്നനാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും

5. വിശദമാക്കുക:

എണ്ണീടുകാർക്കുമിതുതാൻ ഗതി, സാദ്ധ്യമെന്തു / കണ്ണീരിനാൽ? അവനി വാഴ് വു കിനാവു കഷ്ടം !

6. സാരസ്യം വ്യക്തമാക്കുക :

ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ, /ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം?

100 വാക്ക്

1. പൂവിന്റെ ബാല്യകാലം

2. ഖണ്ഡകാവ്യമേഖലയിൽ വീണ പൂവിന്റെ സ്ഥാനം

3. വീണപൂവും വിലാപകാവ്യങ്ങളും

4. കാൽപ്പനികതയുടെ പ്രാരംഭം കുറിച്ച കൃതിയാണ് വീണപൂവ് - വിവരിക്കുക.

5. കാൽപ്പനികതയുടെ [റൊമാന്റിസിസം] സവിശേഷതകളെന്ത് ?

6. പൂവിനോടുള്ള വണ്ടിന്റെ ആഭിമുഖ്യം എപ്രകാരമായിരുന്നു?

7. സന്ദർഭം എഴുതുക: "ശ്രീ ഭൂവിലസ്ഥിര" 

8. ആശയം വിവരിക്കുക." ഗുണികളൂഴിയിൽ നീണ്ടുവാഴാ"

9. പശ്ചാത്തലം വിവരിക്കുക. "വൈരാഗ്യമേറി … നിന്നിരിക്കാം"

10. വിവരിക്കുക:

വ്യാപാരമേ ഹനനമാം വനവേടനുണ്ടോ വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും ?

11. പൂവിന്റെ പതനം പ്രകൃതിയിലുളവാക്കിയ ഞെട്ടൽ ഏതുവിധത്തിലുള്ളതായിരുന്നു? വിവരിക്കുക.

12. പൂവിന്റെ യൗവനം, പ്രേമം മുതലായ ഘടകങ്ങളെ കവി അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ?

നന്ദി. ഗണേശൻ വി.

നല്കാവുന്ന പരാമർശങ്ങൾ:

** വീണപൂവിനെ എല്ലാ നിലയിലും പക്വത കാണിക്കുന്ന ഒരു ഭാവകാവ്യമായി കാവ്യകല കുമാരനാശാനിലൂടെ എന്ന കൃതിയിൽ എഴുത്തുകാരനും ചിന്തകനുമായ പി.കെ.ബാലകൃഷ്ണൻ വിലയിരുത്തുന്നു. അദ്ദേഹം എഴുതുന്നു:

"കവിയുടെ സ്വകാര്യജീവിതത്തിന്റെ അറകളിൽ വീണപൂവാകുന്ന ഒരു പ്രേയസിയുടെ അസ്ഥിപഞ്ജരം തിരക്കുന്നവർ കാണാത്തതും, വേണ്ട കോണിലൂടെ നോക്കിയാൽ വളരെ പ്രത്യക്ഷമായിത്തന്നെ കാണാവുന്നതുമായ ഒരസ്ഥിപഞ്ജരം വീണപൂവിനുണ്ട്. വീണപൂവിലേതു പോലെ വിഷാദ ചിന്തയ്ക്കു ചിറകുനല്കുന്ന സങ്കല്‌പങ്ങൾ റൊമാന്റിക് കാവ്യസഞ്ചയത്തിൽ സുലഭമാണ്…"

*** കാൽപ്പനിക വസന്താഗമനത്തെ സൂചിപിച്ചു കൊണ്ട് മലയാള സാഹിത്യാരാമത്തിൽ ആദ്യം വിടർന്ന പൂവാണ് ആശാന്റെ വീണപൂവെന്ന് പ്രഫസർ എം.പി. പണിക്കർ - കൃതി - മലയാള ഖണ്ഡകാവ്യങ്ങൾ ഒരു പഠനം.

**** … ജീവിതത്തിന്റെ നശ്വരത, നിരർത്ഥകത, ശൂന്യത, സ്വപ്നാത്മകത ഇവയൊക്കെയാണ് വീണപൂവിലെ വിലാപവിഷയങ്ങളെന്ന് ഡോ.എം.ലീലാവതി. കൃതി - മലയാള കവിതാ സാഹിത്യ ചരിത്രം.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ