ദൈവദശകം -157 - ശ്രീ നാരായണഗുരു.

ശ്രീ നാരായണഗുരു കേരളത്തിലെമ്പാടും അറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവാണെന്ന് നമുക്കറിയാം. സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുകയും ഉദ്ബോധനം നടത്തുകയും ചെയ്ത മഹദ് വ്യക്തിയാണദ്ദേഹം. സമൂഹത്തെ അന്ധവിശ്വാസത്തിൽ നിന്നും അനാചാരത്തിൽ നിന്നും മോചിപ്പിക്കാനുള്ള മികച്ച ഉപാധി സമൂഹത്തിന് അറിവ് പകരുകയെന്നത്യം, അബലരെ സംഘടിപ്പിക്കുകയെന്നതുമാണെന്നും അദ്ദേഹം വിശ്വസിച്ചു. ധർമ്മത്തിൽ ഊന്നിയ കർമ്മമാണ് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണത്തിൽ മുഖ്യം. അറിവു പകരുക. ജനങ്ങളെ ഉണർത്തുക. സാമൂഹികാനീതിക്കെതിരെ പൊരുതാൻ അവരെ പ്രേരിപ്പിക്കുക. ഈ ലക്ഷ്യം നിർവഹിക്കുന്നതിന്, ജാതി മത ബന്ധിതമല്ലാത്ത, മാനവസ്നേഹത്തിലധിഷ്ഠിതമായ സമൂഹത്തെ രൂപപ്പെടുത്തുന്നതിനായി നിരവധി കൃതികൾ അദ്ദേഹം രചിച്ചു. സ്തോത്രകൃതികളായി 33 എണ്ണവും ദാർശനിക കൃതികളെന്ന നിലയിൽ പത്ത് കൃതികളും ഉദ്ബോധനാത്മകമെന്ന വിഭാഗത്തിൽ പെടുത്താവുന്ന പത്തുകൃതികളും തിരുക്കുറലിന്റെയും ഈശോവാസ്യോപനിഷത്തിന്റെയും തർജ്ജമകളും ചില ഗദ്യകൃതികളും അദ്ദേഹത്തിന്റേതായുണ്ട്. ഗുരുവിന്റെ പ്രബോധനാത്മക ജീവിതത്തിന്റെ പൊരുൾ ഇവയിൽ അടങ്ങിയിരിക്കുന്നു.

ഗുരുവിന്റെ സത്യദർശനം

ആധുനിക കേരളത്തിന് അടിത്തറ പാകിയ മഹാനാണ് നാരായണ ഗുരു. സത്യദർശിയായ വ്യക്തിയായിരുന്നുവെന്ന് നാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾക്ക് സാരാംശവും അവതാരികയും രചിച്ച മുനി നാരായണ പ്രസാദ് വ്യക്തമാക്കുന്നു. എന്താണ് സത്യദർശനം? " സമസ്ത പ്രപഞ്ചത്തിനും ആധാരമായിരിക്കുന്ന ഒരു സത്യമുണ്ട് എന്നും, ആ സത്യം നിരന്തരം ഭാവപ്പകർച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ ഫലമായി പ്രതീതമാകുന്നതാണ് ഈ പ്രപഞ്ച പ്രവാഹമെന്നും, അതിൽ ചെറിയൊരംശം മാത്രമാണ് താനും സകല മനുഷ്യരുമെന്നും, അതുകൊണ്ട് തന്നിലും സകല മനുഷ്യരിലും പൊരുളായിരിക്കുന്നത് ഒരു സത്യം തന്നെയാണെന്നും, താൻ ആ പരമ സത്യത്തിൽ നിന്നും വേറല്ല എന്നും അറിഞ്ഞു കൊണ്ട് ആ സത്യമായി ജീവിക്കുന്ന ആളാണ് സത്യദർശി. അതിനാൽ സത്യദർശി സമദർശിയും കൂടിയാണ്."

എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്? 

പ്രപഞ്ചത്തിന്റെ രഹസ്യം - എല്ലാം ഒന്നാണെന്നത് - മനസ്സിലാക്കി, അതിന്റെ സത്യം അറിഞ്ഞ് ആ സത്യമായി ജീവിക്കുന്ന ആളാണ് സത്യദർശി . ഈ സത്യദർശിത്വം തന്റെ ജീവിതപ്പാതയാക്കി ഗുരു മാറ്റി.

അവിദ്യ - അജ്ഞാനം - ഇവിടെ ഭീകരമായ അസമത്വം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. അവിദ്യ ആത്മവിദ്യയ്ക്ക് വികാസമില്ലാത്തിടത്താണ് വളരുന്നത്. അവിദ്യയകറ്റിയാൽ സമൂഹം പുരോഗതി പ്രാപിക്കും. അവിദ്യയാണ് എല്ലാ പിന്തിരിപ്പൻ പ്രവണതകൾക്കും കാരണം. ജാതി, മതാദി ചിന്തകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതിന്റെ ഉൽപ്പന്നം തന്നെയാണ്. അവിദ്യയെ തകർക്കാനുള്ള പരിശ്രമങ്ങളാണ് ഗുരു തന്റെ ഉദ്ബോധനങ്ങളിലൂടെയും കൃതികളിലൂടെയും ആവിഷ്കരിച്ചിട്ടുള്ളത്.

യഥാർത്ഥത്തിൽ തന്റെ ആശീർവാദത്തിൽ വളർന്നു വന്ന ശ്രീ നാരായണ ധർമ്മ പരിപാലന യോഗമെന്ന [എസ്.എൻ.ഡി.പി ] സംഘടന ജാതിക്കതീതമായി ചിന്തിക്കുന്ന ഏവർക്കും അംഗത്വമുള്ള ഒന്നായിരിക്കണമെന്നാണ് അദ്ദേഹം ചിന്തിച്ചത്. അത് ഒരു പ്രത്യേക സമുദായത്തിന്റേതു മാത്രമായി വളർന്നത് ഗുരുവിനെ വേദനിപ്പിച്ചുവെന്ന് മുനി നാരായണ പ്രസാദ് ചൂണ്ടിക്കാട്ടുന്നു.


തത്ത്വത്തിൽ താൻ പിന്തുടരുന്നത് ശങ്കരാചാര്യരെയാണെന്ന് ഗുരു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ശങ്കരൻ പറഞ്ഞത് ആവർത്തിക്കുക മാത്രമല്ല ഗുരു ചെയ്തത്. ഭാഷ്യങ്ങളിലൂടെ തനിക്കു പറയാനുള്ളത് വെളിപ്പെടുത്തുകയാണ് ശങ്കരൻ ചെയ്തതെങ്കിൽ മൂലഗ്രന്ഥങ്ങൾ സ്വയം സൃഷ്ടിക്കുകയാണ് ഗുരു ചെയ്തത്. മലയാളം, തമിഴ്, സംസ്കൃതം എന്നീ മൂന്നു ഭാഷകളും ഗുരുവിന് നന്നായി വഴങ്ങും. മലയാള കൃതികളിൽ ഏറ്റ വും പ്രധാനം ആത്മോപദേശ ശതകം എന്ന കൃതിയാണ്. തന്റെ സത്യദർശനം കവി അതിൽ ഉള്ളടക്കിയിരിക്കുന്നു. ദർശനമാല, ദൈവദശകം, അദ്വൈതദീപിക എന്നിങ്ങനെയുള്ള ഓരോ കൃതിയും ശ്രദ്ധേയമാണ്. 

"ആത്മോപദേശ ശതകവും മറ്റും യുഗധർമ്മ പ്രവാചകന്റെ അരുളുകളാകയാൽ മലയാളത്തിലെ തിരുക്കുറൽ തന്നെ" യെന്ന് എം.ലീലാവതിട്ടീച്ചർ വിശേഷിപ്പിക്കുന്നു ( മലയാള കവിതാ സാഹിത്യ ചരിത്രം). അവനവൻ സ്വന്തം സുഖത്തിനായ് സ്വീകരിക്കുന്ന എന്തും അപരന്റെ സുഖത്തിനായ് വരണമെന്ന വിശാലമായ കാഴ്ച്ചപ്പാടാണ് ഗുരുവിന്റെ പ്രവർത്തനങ്ങളുടെയും സാഹിത്യത്തിന്റെയും സത്ത്. 

"അവനവനാത്മസുഖത്തിനാചരിക്കു/ ന്നവയപരന്നു സുഖത്തിനായ് വരേണം" (ആത്മോപദേശശതകം).

ദൈവദശകം

എന്താണ് ജീവിതത്തെയും പ്രപഞ്ചത്തെയും നയിക്കുന്ന, സകലതിനും അടിസ്ഥാനമായ ഏകസത്യം? ഈ പൊരുൾ വ്യക്തമാക്കുന്നതാണ് ഗുരുവിന്റെ കൃതികൾ. ദൈവദശകവും അതിൽ വലിയ പങ്കു വഹിക്കുന്നു. പ്രപഞ്ചവും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന പൊരുൾ എന്താണെന്ന് ഗുരു സിദ്ധാന്തിക്കുന്നു. ആ സത്യം ബ്രഹ്‌മമാണ്, ആത്മാവാണ് പൊരുൾ എന്നതാണ്. ബ്രഹ്‌മമാണ് സത്യം, ജഗത് - ലോകം - മിഥ്യയാണ്. അദ്വൈതവേദാന്തികളുടെ കാഴ്ച്ചപ്പാടാണിത്. ബ്രഹ്മം ജഗത്തിന്റെ കാരണമാണെന്നാണ് ശ്രീ ശങ്കരാചാര്യരുടെ പക്ഷം. ഇന്ദ്രിയഗോചരമായ ജഗത്ത് വാസ്തവത്തിൽ മായയുടെ ഫലമായിട്ടുള്ള ഒരു പ്രതീതി മാത്രമാണ്. അത് യാഥാർത്ഥ്യമല്ല - മിഥ്യയാണ്. ( തോന്നലാണ്). ഇവിടെ കയറു കണ്ട് പാമ്പാണെന്ന് തോന്നുന്ന അവസ്ഥ ശങ്കരാചാര്യർ ഉദാഹരിക്കുന്നു. യഥാർത്ഥത്തിൽ പാമ്പില്ലെങ്കിലും പാമ്പുണ്ടെന്ന പ്രതീതിയുണ്ടാവുകയാണ്. മിഥ്യാജ്ഞാനം അഥവാ അവിദ്യ - അജ്ഞാനം - ആണ് ഇവിടെ പ്രവർത്തിക്കുന്നത്. അവിദ്യയെ അകറ്റിയാൽ യഥാർത്ഥജ്ഞാനം ഉളവാകും. മായയെ ശൂന്യത, തോന്നൽ എന്നീ അർത്ഥത്തിലല്ല, മറിച്ച് മിഥ്യാജ്ഞാനം, അജ്ഞാനം, അവിദ്യ മുതലായവയുടെ പര്യായപദമായാണ് ശങ്കരൻ സ്വീകരിച്ചിട്ടുള്ളതെന്ന് ഭാരതീയചിന്തയെന്ന കൃതിയിൽ കെ.ദാമോദരൻ വ്യക്തമാക്കുന്നു.

അപ്പോൾ, ബ്രഹ്മത്തെക്കുറിച്ചുള്ള അറിവാണ് പൊരുളറിവ്. ഈ തത്ത്വത്തിലാണ് ഊന്നേണ്ടത്.


ദൈവദശകത്തിൽ പത്തു ശ്ലോകങ്ങളാണുള്ളത്. അനുഷ്ടുപ്പ് വൃത്തത്തിലാണ് കാവ്യം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശിവഗിരിമഠത്തിലെ അന്തേവാസികളായ കുട്ടികൾക്ക് പ്രാർത്ഥനയായാണ് ഇതു രചിച്ചത്. 1914ൽ. പ്രാർത്ഥനയുടെ ലാളിത്യം ഇതിനുണ്ട്. ഒപ്പം ദാർശനികമാനവുമുണ്ട്. ദൈവദശകം ഒരു ദർശനകൃതിയാണ്.

ദൈവത്തോടുള്ള പ്രാർത്ഥനയാണ്. അല്ലയോ ദൈവമേ, ഞങ്ങളെ കൈവിടാതെ കാത്തുരക്ഷിക്കണേ. അങ്ങ് ഞങ്ങളെ ജീവിത പ്രാരബ്ധങ്ങളിൽ നിന്നും കരകയറ്റാൻ വന്നവനാണ്. ജനനമരണങ്ങളുൾപ്പെട്ട ജീവിതസാഗരത്തിൽ പെട്ട് വലയുന്ന ഞങ്ങൾ അതിൽ മുങ്ങിത്താഴാതെ, ഞങ്ങളെ കരകയറ്റാനായി കപ്പലുമായി വന്നുചേരുന്ന കപ്പിത്താനാണ് ഈശ്വരൻ. ഈശ്വരൻ ഇവിടെ പ്രശ്ന പരിഹർത്താവും അഭയവുമായി കലാശിക്കുന്നു. ഈ പ്രപഞ്ചം എപ്രകാരമാണോ അറിയുന്നവനിൽ അടങ്ങുന്നത് അതുപോലെ എന്റെ ഉള്ളം നിന്നിൽ ലയിക്കാനിടയാകണമെന്ന് കവി ആഗ്രഹിക്കുന്നു. പ്രാർത്ഥനയാകയാൽ പ്രാർത്ഥിക്കുന്നവന്റെ ആഗ്രഹമായി ഇതു ശോഭിക്കുന്നു. 


ഈശ്വരൻ രക്ഷകനാണ്. അന്നവും വസ്ത്രവും ഒക്കെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ തന്ന് പോറ്റുകയാണ് ആ തമ്പുരാൻ. ഇക്കാരണത്താൽ, രക്ഷകന്റെ മഹിമയും തത്ത്വവും മനസ്സിലാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈശ്വരനെ ഹൃദയത്തിൽ സംലയിപ്പിക്കാൻ സാധിക്കൂ. കടലിന്റെ ആഴവും തിരയും കാറ്റും എപ്രകാരമാണോ പരസ്പരം വ്യവസ്ഥപ്പെട്ടും ബന്ധപ്പെട്ടുമിരിക്കുന്നത്, അതുപോലെ ഈശ്വരന്റെ മായയും മഹിമയും ഈശ്വരൻ തന്നെയും എന്റെ ഉള്ളിലാകണം. നിസ്വാർത്ഥമായ ആഗ്രഹമാണിത്. ഈശ്വരസാക്ഷാത്കാരത്തിനുള്ള വെമ്പൽ ഇവിടെ പ്രകടമാണ്.


ഈശ്വരൻ എല്ലാമെല്ലാമാണ്. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും ഒക്കെ അവൻ തന്നെ. സൃഷ്ടിക്കാനുള്ള അസംസ്കൃത പദാർത്ഥമോ, അതും ഈശ്വരൻ തന്നെ. മായയും മായ കാട്ടി മോഹിപ്പിക്കുന്ന മായാവിയും മായാലീലയിൽ വിനോദിക്കുന്ന വ്യക്തിയും മായ നീക്കി മോക്ഷം നല്കുന്ന ഗുരുവും എല്ലാം ഈശ്വരൻ തന്നെയാണെന്ന് കവി വ്യക്തമാക്കുന്നു. 


അവിടെ കവിയായ നാരായണ ഗുരു നിർത്തുന്നില്ല. ദൈവം സത്യവും ജ്ഞാനവും ആനന്ദവുമാണെന്ന് വ്യക്തമാക്കുന്നു. സച്ചിന്മയനും ആനന്ദമയനുമാണവൻ. ഭൂതവും ഭാവിയും വർത്തമാനവുമൊക്കെ ഈശ്വരൻ തന്നെ. സത്യത്തിൽ വാക്കുകളിൽപ്പോലും ഈശ്വരനുണ്ട്. അതിനാൽ അകത്തും പുറത്തും തിങ്ങി നിറഞ്ഞു നില്ക്കുന്ന അതിമഹത്തായ നിന്റെ പാദങ്ങളെ ഞങ്ങൾ കീർത്തിക്കുന്നു. അല്ലയോ ഭഗവാനേ, അങ്ങു ജയിക്കട്ടെ.


പാവപ്പെട്ടവരെയും ദീനരെയും ഉൾക്കൊണ്ട് അവരെ സംരക്ഷിക്കുന്നതിൽ വ്യാപൃതനായ ഈശ്വരനെ സ്തുതിക്കുകയാണ് ഗുരു. ഇവിടെ ഈശ്വരൻ അറിവ്, ആനന്ദം എന്നിവയുടെ സ്വരൂപത്തിലുള്ള സത്യമാകുന്നു. ജയമാശംസിക്കുകയാണ് കവി. ആഴമേറിയ നിന്റെ  മഹസ്സാകുന്ന സമുദ്രത്തിൽ എന്നും വാഴാൻ ഞങ്ങൾക്ക് സാധിക്കണമെന്ന് കവി ആഗ്രഹിക്കുന്നു. ഈശ്വരനിൽ ലയിച്ച്, അവനുമായി താദാത്മ്യം പ്രാപിച്ച് ചിരകാലം കഴിയണമെന്ന ചിന്ത കവി അവതരിപ്പിക്കുന്നു.


ദുർമൂർത്ത്യാരാധനയെ തിരസ്കരിക്കാൻ പറഞ്ഞ ഗുരു സത് ദൈവങ്ങളിലേക്ക് അനുയായികളെ അടുപ്പിച്ചു. അവരുടെ ഹൃദയം വിശുദ്ധമാക്കുന്നതിനും, ഹൃദയത്തെ നന്മയുടെ പൂന്തോപ്പാക്കുന്നതിനും ഉദ്ദേശിച്ചാണ്, സത് വൃത്തരായ സമൂഹത്തെ സൃഷ്ടിക്കുന്നതിനായാണ് ഈ പ്രാർത്ഥന രൂപപ്പെടുത്തിയതെന്നു കാണാം. പാവപ്പെട്ടവരോടുള്ള ആഭിമുഖ്യം കവി ഈ പ്രാർത്ഥനയിലും ഉപേക്ഷിച്ചിട്ടില്ല.

സമൂഹത്തെ ചൈതന്യഭരിതമാക്കാനും ധർമ്മമുഖരിതമാക്കാനുമുള്ള മന്ദ്രണമായി ദൈവദശകം മാറുന്നു.


നന്ദി. ഗണേശൻ വി.


ചോദ്യങ്ങൾ

മുന്നൂറു വാക്ക്:

1 ഗുരുവിന്റെ ദർശനം ദൈവദശകമെന്ന കവിതയിൽ പ്രതിഫലിക്കുന്നു- വിവരിക്കുക.


നൂറ്റമ്പതു വാക്ക്:

1. ഈശ്വരന്റെ മഹിമയെ കവി വാഴ്ത്തുന്നത് ഏതുവിധത്തിൽ?


നൂറു വാക്ക്..

1.വിവരിക്കുക:

നാവികൻ നീ ഭവാബ്ധിക്കോ -

രാവി വൻ തോണി നിൻ പദം.

2. ഭൂതവും ഭാവിയും വേറ -

ല്ലോതും മൊഴിയുമോർക്കിൽ നീ - കവി വിവക്ഷിക്കുന്നതെന്ത്?

3. ദൈവദശകമെന്ന പ്രാർത്ഥനയുടെ സാരം സംക്ഷേപിക്കുക.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ