പരിസ്ഥിതിയും മലയാള സാഹിത്യവും - 158 - ഡോ.പി.കെ.രാജശേഖരൻ

[ ഒന്നാം സെമസ്റ്റർ കോംപ്ലിമെന്ററി പരിസ്ഥിതി-ദളിത് ലിംഗപഠനം - കണ്ണൂർ സർവകലാശാല]

പരിസ്ഥിതിയും മലയാള സാഹിത്യവും - ഡോ.പി.കെ.രാജശേഖരൻ

പരിസ്ഥിതിസൗന്ദര്യശാസ്ത്രത്തിൽവളരെ ശ്രദ്ധേയമായ ഒരു പഠനമാണ് ഡോ.പി.കെ.രാജശേഖരന്റെ പരിസ്ഥിതിയും മലയാള സാഹിത്യവും. പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള സാഹിത്യകാരന്മാരുടെ വ്യത്യസ്ത നിലപാടുകൾ അദ്ദേഹം  ചർച്ച ചെയ്യുന്നു. 

മുഖ്യാശയങ്ങൾ

1. മലയാള മനോരമ 1948 നവം.22, 23 തിയ്യതികളിൽ പ്രസിദ്ധീകരിച്ച വനംകൃഷിയെന്ന പേരിലുള്ള മുഖപ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് ലേഖനം ആരംഭിക്കുന്നത്.

2. പ്രസ്തുത മുഖപ്രസംഗം സ്ഥിര റിസർവുവനങ്ങൾക്കു സമാനമായി കുട്ടിവനങ്ങളെയും റിസർവാക്കി മാറ്റിയ നടപടിയെ വിമർശിക്കുന്നു. കുട്ടിവനങ്ങളെ വെട്ടി വെളുപ്പിച്ച് കൃഷിക്ക് ഉപയുക്തമാക്കണമെന്നതാണ് പത്രത്തിന്റെ അഭിപ്രായം.

3. കാട് വിട്ടു കൊടുക്കണമെന്ന ഈ നിലപാടും മുഖപ്രസംഗത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്യങ്ങളും പ്രയോഗങ്ങളും അന്നത്തെ മനുഷ്യകേന്ദ്രിതമായ ലോകവീക്ഷണത്തിന്റെ ഉൽപ്പന്നമാണ് 'വനംകൃഷി' യെന്ന മുഖപ്രസംഗമെന്ന്  വ്യക്തമാക്കുന്നു.

3.1. തിരുവിതാംകൂറിലെ ഏതാനും ഭാഗങ്ങളെ സ്ഥിരവനങ്ങളായി ഒഴിച്ചിടുകയെന്ന നയം ആദ്യമായി നടപ്പിലാക്കിയത് കൺസർവേറ്ററായ സുർഡിലൻ ആണ്.


4. എന്താണ് മനുഷ്യകേന്ദ്രിത ലോകവീക്ഷണം?

പ്രകൃതി നിലനില്ക്കുന്നത് മനുഷ്യന്റെ ഗുണത്തിനു വേണ്ടി മാത്രമാണെന്ന കാഴ്ച്ചപ്പാടാണിത്.

പ്രകൃതിയെ കീഴ്പ്പെടുത്താൻ മനുഷ്യന് അവകാശമുണ്ടെന്നുള്ള വിശ്വാസവും അതിനായുള്ള പ്രവർത്തനവും ഇതിന്റെ ഭാഗമാണ്.


5. പ്രകൃതിയെ ഉപയോഗമില്ലാത്ത വന്യതയായ് മനുഷ്യകേന്ദ്രിതവാദം കണക്കാക്കുന്നു.  മനുഷ്യനെ പ്രകൃതിയുടെ എതിരാളിയായി മുദ്രകുത്തുന്നു. പ്രകൃതി Vs സംസ്കാരം, ഭൂമി Vs മനുഷ്യൻ, കാട് Vs കൃഷി തുടങ്ങിയ പരസ്പരവിരുദ്ധ ദ്വന്ദ്വങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഈ ചിന്താഗതി പ്രചരിപ്പിക്കുന്നു.


6. മനുഷ്യകേന്ദ്രിത ലോകവീക്ഷണം/ പ്രകൃതിവാദം:

(സവിശേഷതകൾ)

I). മനുഷ്യന് ഇഷ്ടാനുസരണം രൂപാന്തരപ്പെടുത്താൻ കഴിയുന്ന ഇടമായി പ്രകൃതിയെ കാണുന്നു. 

II). ഇച്‌ഛാനുസൃതം ചിട്ടപ്പെടുത്താനും കീഴ്പ്പെടുത്താനും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഇടമായി മനുഷ്യ കേന്ദ്രിത ലോകവീക്ഷണം പ്രകൃതിയെ വിഭാവനം ചെയ്യുന്നു.

III). മനുഷ്യ കേന്ദ്രിത ലോകവീക്ഷണം ആധുനികതയുടെ ഭാഗമായി രൂപപ്പെട്ടതാണ്.

 IV). മനുഷ്യനാണ് പ്രകൃതിയുടെ യജമാനൻ എന്ന കാഴ്ച്ചപ്പാടിലാണ് മനുഷ്യകേന്ദ്രിത ലോകവീക്ഷണം   ഊന്നുന്നത്.


7. ആഗോളതാപനം, മലിനീകരണം, ജൈവവൈവിദ്ധ്യ നാശം എന്നിവ ഇന്നത്തെ മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്നു. ഇതുകാരണം പഴയ വനംകൃഷി എഡിറ്റോറിയലിലെ ഉദ്ദേശശുദ്ധി പുതിയ മനുഷ്യന് കാണാനാകില്ല.


8. പരിസ്ഥിതിയുടെ തകർച്ച സംസ്കൃതിയുടെ തകർച്ചയാകുന്നു. പ്രകൃതിയുടെ ചരിത്രത്തിൽ മനുഷ്യ ചരിത്രം ഉള്ളടങ്ങുന്നു.


9. കാൽപ്പനിക കവിതയും പരിസ്ഥിതിയും

 ഗ്രാമജീവിതത്തിന് നേരിടേണ്ടി വരുന്ന പ്രതിസന്ധിയായും (ഉദാ- അണക്കെട്ടു നിർമ്മാണം, യന്ത്രവൽക്കരണം) തൊഴിലാളികളുടെ ദീനാവസ്ഥയായും ഗ്രാമഭംഗിക്കേല്ക്കുന്ന തകർച്ചയായും സാഹിത്യം ആദ്യകാലത്ത് പരിസ്ഥിതിയെ അഭിസംബോധന ചെയ്തു. കാൽപ്പനിക കവിതയിലെ പ്രകൃതിബോധം ഈമട്ടിലുള്ളതായിരുന്നു. ജൈവനീതിയെക്കുറിച്ചുളള സങ്കല്‌പത്തിലേക്ക് വളരാൻ അതിന് സാധിച്ചില്ല. എന്നാൽ വ്യാവസായികത, പുതിയസാങ്കേതികവിദ്യ, യന്ത്രവൽക്കരണം, പുരോഗതി എന്നിവയോടൊക്കെ സംശയം കലർന്ന മനോഭാവം കാൽപ്പനിക കവിത പ്രകടിപ്പിച്ചു.


9.1 കവിത്രയത്തിനു [ആശാൻ, ഉള്ളൂർ - വള്ളത്തോൾ] ശേഷമുള്ള കാൽപ്പനിക കവിത പരിസ്ഥിതിയോട് ഉഭയഭാവമാണ് സ്വീകരിച്ചത്. കാൽപ്പനിക കവിതയുടെ അടിസ്ഥാന വീക്ഷണം മനുഷ്യകേന്ദ്രിതമായിരുന്നു. പ്രകൃതിയെ കീഴടക്കിക്കൊണ്ടുള്ള മനുഷ്യപുരോഗതിയെന്ന ആശയത്തിന് പ്രതികൂലമായി കാൽപ്പനികകവിത പ്രതികരിച്ചത് സംസ്കൃതിക്ക് കോട്ടം തട്ടുന്ന സന്ദർഭങ്ങളിൽ മാത്രമാണ്.


10. സൈലന്റ് വാലി പ്രക്ഷോഭം:

1970കളിലെ മുഖ്യപോരാട്ടമായിരുന്ന സൈലന്റ് വാലി പ്രക്ഷോഭത്തോടെ കേരളത്തിൽ പരിസ്ഥിതി പ്രസ്ഥാനം ശക്തിപ്പെട്ടു. ഇതോടെ സാഹിത്യത്തിന്റെ പ്രധാന ചർച്ചാ വിഷയമായി പരിസ്ഥിതി മാറി. കവികളും ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ചേർന്നുള്ള പ്രകൃതി സംരക്ഷണ സമിതി സൈലന്റ് വാലി പ്രക്ഷോഭം ജനകീയമാക്കി. ജലവൈദ്യുത പദ്ധതി സൈലന്റ് വാലിയിൽ നടപ്പാക്കുന്നത് റദ്ദാക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കാൻ (1983) അതിനു സാധിച്ചു. 1983 ൽ പ്രകൃതിസംരക്ഷണ സമിതി പ്രസിദ്ധീകരിച്ച 'വനപർവ്വം' എന്ന കവിതാസമാഹാരം മലയാളത്തിലെ ആദ്യത്തെ ഹരിതസാഹിത്യകൃതിയായി മാറി.

സുഗതകുമാരിയുടെ മരത്തിനു സ്തുതി,

ഓ.എൻ.വിയുടെ 'വരുന്ന നൂറ്റാണ്ടിൽ ഒരു ദിനം',

അയ്യപ്പപ്പണിക്കരുടെ ഉദയാസ്തമയം

ഡി.വിനയചന്ദ്രന്റെ 'കാട്' എന്നിങ്ങനെ പിന്നീട് പ്രസിദ്ധങ്ങളായ പല കവിതകളും വനപർവ്വത്തിൽ പ്രസിദ്ധീകരിച്ചു.


ആശാനും വള്ളത്തോളും

11. പ്രകൃതിയോടുള്ള ഗാഢബന്ധം ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലേ മലയാളകവിത പ്രകടിപ്പിച്ചിരുന്നു. അന്ന് ജൈവനീതി സങ്കല്പത്തിലേക്ക് വളരുന്ന ഒന്നായിരുന്നില്ല അത്. പ്രകൃതിവർണ്ണനകൾ കാവ്യസാങ്കേതികത്വത്തിന്റെ ഭാഗം മാത്രമായിരുന്നു. ആശാനും വള്ളത്തോളും (പൂർവകാൽപ്പനികകവികൾ) പ്രകൃതിയെ പശ്ചാത്തല ഘടകമാക്കി. മനുഷ്യകഥാപാത്രങ്ങളുടെ കാന്തി വർദ്ധിപ്പിക്കുകയായിരുന്നു മനുഷ്യേതര ഘടകമായ പ്രകൃതിവർണ്ണനകളുടെ ലക്ഷ്യം. 

മനുഷ്യന്റെ വൈകാരികതയെ പിന്തുണയ്ക്കുന്ന, ആദർശവൽക്കരിക്കപ്പെട്ട പ്രകൃതിയായിരുന്നു അവർക്ക് താൽപ്പര്യം.


പി.കുഞ്ഞിരാമൻ നായർ

12. പരിസ്ഥിതിസാഹിത്യ ദർശനത്തിൽ പ്രകൃതി ഒരു കേവലഘടകമല്ല. കാൽപ്പനിക കവികളിൽ പ്രകൃതിബോധം സമൃദ്ധമായി കാണുന്നത് പി.കുഞ്ഞിരാമൻ നായരിലാണ്. പ്രകൃതിയെ സംസ്കൃതിയായി [Culture] കാണാനാണ് അദ്ദേഹം താൽപ്പര്യപ്പെട്ടത്. പി.യുടെ 'സൗന്ദര്യപൂജ' ഫ്യൂഡൽ കാൽപ്പനിക ഭൂതകാലത്തിന്റെ സ്മൃതിചിത്രങ്ങൾ നിറഞ്ഞ കവിതയാണ്. 


13. മനുഷ്യകേന്ദ്രിത പ്രകൃതിസങ്കല്പത്തിന്റെ സ്രഷ്ടാക്കൾ മതങ്ങളാണ്. പ്രകൃതിയെ മനുഷ്യൻ കീഴ്പ്പെടുത്തുന്നത് ദൈവനിശ്ചിതമാണെന്ന് ആധുനികശാസ്ത്രപിതാവായ ബേക്കൺ സ്ഥാപിച്ചു. സർക്കാരിടപെടാത്ത സ്വതന്ത്ര കമ്പോള മൂലധന വാഴ്ച്ച പ്രകൃതിചൂഷണ താൽപ്പര്യം മാത്രം പ്രകടിപ്പിച്ചിരുന്ന കൊളോണിയലിസത്തെ മനുഷ്യ ചൂഷണത്തിലേക്കും സാംസ്കാരിക ചൂഷണത്തിലേക്കും പരിവർത്തിപ്പിച്ചു. വ്യാവസായിക ആധുനികത്വത്തിന്റെ യജമാനഭാവത്തോടുള്ള എതിർപ്പും സന്ദേഹവും മലയാള കവിതയിലുണ്ടായി. പി.കുഞ്ഞിരാമൻ നായരിൽ അത് സംസ്കൃതിക്കുണ്ടാകുന്ന തകർച്ചയായി ചിത്രീകരിക്കപ്പെട്ടു.

സൗന്ദര്യപൂജ, കാലവർഷമേ നന്ദി എന്നീ കവിതകൾ ഇവിടെ പരാമർശിക്കുന്നു.


ഇടശ്ശേരി - കുറ്റിപ്പുറം പാലം

14. പരിസ്ഥിതിയോടുള്ള ഉഭയഭാവന [അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിലപാടുകൾ] ഇടശ്ശേരിയിലും പ്രവർത്തിച്ചു. പുരോഗതിയോട്  സംശയം കലർന്ന നിലപാട് കുറ്റിപ്പുറം പാലം എന്ന കവിതയിൽ കാണാം.

മനുഷ്യവിജയത്തിൽ അഭിമാനിച്ച കവി [പാലം നിർമാണത്തിൽ] അംബ പേരാർ അഴുക്കുചാലായ്ത്തീരുമെന്ന് ആശങ്കപ്പെടുന്നു. പ്രകൃതിയെ സംസ്കൃതിയായിക്കാണുന്ന വീക്ഷണമാണ് ഇവിടെയുളളത്.


വൈലോപ്പിള്ളി

15. പരിസ്ഥിതിയോടുള്ള സന്ദിഗ്ദ്ധമനോഭാവം വളരെയധികം അനുഭവിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. ശാസ്ത്രത്തിലും സാങ്കേതികതയിലും കവിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. മനുഷ്യ പുരോഗതിയിൽ പ്രതീക്ഷയർപ്പിച്ചു. ജലസേചനത്തിൽ [കാളിന്ദിയെ ചാലു കീറിയൊഴുക്കിയ ബലരാമന്റെ കഥ] പുരോഗതിയിലുള്ള വിശ്വാസം കാണാം. പുരുഷന് കീഴടക്കാൻ വിധിക്കപ്പെട്ടതാണ് സ്ത്രീയെന്ന കാഴ്ച്ചപ്പാടു കൂടി അതിലടങ്ങുന്നു. പ്രകൃതിയെ സ്ത്രീയായി കാണാനത്രെ കാൽപ്പനിക ഭാവന പരിശ്രമിച്ചത്. 


16. വൈലോപ്പിള്ളിക്ക് പുരോഗതിയിലുള്ള വിശ്വാസം അദ്ദേഹത്തിന്റെ യുഗപരിവർത്തനമെന്ന കവിതയിലും കാണാം. പാടത്തെ യന്ത്രഘോഷത്തിൽ അദ്ദേഹം സന്തുഷ്ടനാണ്. സർപ്പക്കാടിലും പുരോഗതിയിലുള്ള വിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. 


17. എന്നാൽ, വൈലോപ്പിള്ളിയുടെ തന്നെ മൃതസഞ്ജീവനി [അതിജീവനത്തിനു വേണ്ടി പോരാടിയ കുറവന്റെയും കുറത്തിയുടെയും കഥ] എന്ന കാവ്യനാടകം പരിസ്ഥിതിയുടെ പുതിയ ബദൽചിന്തയോട് ഐക്യപ്പെട്ടു നില്ക്കുന്നു. ഹരിതാവബോധത്തെ മുന്നോട്ടു നയിക്കാൻ ആ കവിതയ്ക്കു കഴിഞ്ഞു. പരിസ്ഥിതി ചൂഷണത്തെ വംശം, ലിംഗം, വർഗം എന്നീ മണ്ഡലങ്ങളിലേക്ക് കൂടി കടത്തിക്കാണാൻ വൈലോപ്പിള്ളിക്കു കഴിഞ്ഞു. പരിസ്ഥിതി ചൂഷണം സാമൂഹിക ചൂഷണമാണെന്ന നിലപാട് മൃതസഞ്ജീവനിയെ പുതിയ പരിസ്ഥിതി സൗന്ദര്യബോധത്തിന്റെ സൃഷ്ടിയാക്കുന്നു.


ഹരിത സാഹിത്യവും സൂക്ഷ്മ രാഷ്ട്രീയവും

18.1980 കളിൽ ആണ് സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ഫലമായി ഹരിത സാഹിത്യം ആവിർഭവിച്ചത്. രാഷ്ട്രീയബദലുകളെക്കുറിച്ചുള്ള ചിന്ത കേരളീയസമൂഹത്തിൽ വേരു പിടിക്കാനാരംഭിച്ചിരുന്നു. രാഷ്ട്രീയം, ജ്ഞാനം, സംസ്കാരം എന്നിവയുടെ സ്ഥൂല [വിശാല ] രൂപങ്ങളെക്കുറിച്ചുള്ള സന്ദേഹമാണ് സൂക്ഷ്മരാഷ്ട്രീയത്തിനു കാരണമായിത്തീർന്നത്. നിരവധി മേഖലകളിൽ സൂക്ഷ്മരാഷ്ട്രീയം പ്രവർത്തിച്ചു വരുന്നു.


നവകാൽപ്പനികരും ആധുനികരും

19. സൈലന്റ് വാലി പ്രക്ഷോഭവും ചാലിയാർ മലിനീകരണ വിരുദ്ധ സമരവും ഹരിതാവബോധവുമായി ബന്ധപ്പെട്ട ബദൽചിന്തയ്ക്കു മാത്രമല്ല, സാഹിത്യത്തിനും പ്രേരകമായെന്ന് പി.കെ. രാജശേഖരൻ വ്യക്തമാക്കുന്നു. കവിതയിലാണ് ഹരിതദർശനം സാർവത്രികമായത്.  കാൽപ്പനികരും നവകാൽപ്പനികരും ആധുനികരുമെല്ലാം വ്യത്യസ്ത രീതിയിൽ പ്രകൃതി ചൂഷണത്തിനും മലിനീകരണത്തിനും വികസനഭ്രാന്തിനും എതിരെ കവിതയിൽ സംസാരിച്ചു.


19.1 ഒളപ്പമണ്ണ, എൻ.എൻ.കക്കാട്, അയ്യപ്പപ്പണിക്കർ, ഓ.എൻ.വി., എൻ.വി.കൃഷ്ണവാരിയർ, സുഗതകുമാരി,കടമ്മനിട്ട, സച്ചിദാനന്ദൻ, ദേശമംഗലം രാമകൃഷ്ണൻ തുടങ്ങിയ കവികളെല്ലാം പുതിയൊരു പ്രകൃതിബോധവും ഹരിതനീതിബോധവും ഉയർത്തിക്കാട്ടി. 


19.2 കാടുവെട്ടലിനെതിരായ കാവ്യ പ്രതിരോധങ്ങളെയും സമരങ്ങളെയും പൊതുസമൂഹവും രാഷ്ട്രീയ കക്ഷികളും അനുഭാവത്തോടെയല്ല കണ്ടത്. മരക്കവികൾ എന്ന് ആക്ഷേപിക്കയുണ്ടായി. സുഗതകുമാരി പരിസ്ഥിതിപ്രശ്നങ്ങളിൽ  പൊതുജനാവബോധം സൃഷ്ടിക്കുന്നതിൽ വിജയിച്ചു. സംഘബോധത്താലും പ്രതിരോധസ്വഭാവത്താലും കവിത ജനകീയ പരിസ്ഥിതിബോധം സൃഷ്ടിച്ചു. സുഗതകുമാരിയുടെ മരത്തിന് സ്തുതി, സൈലന്റ് വാലി മുതലായ കവിതകൾ ശ്രദ്ധേയം.


20. കവിതയിലെ നവകാൽപ്പനിക ധാര: സുഗതകുമാരി, ഓ.എൻ.വി, വിഷ്ണു നാരായണൻ നമ്പൂതിരി [മുതലായവർ]. മനുഷ്യപ്രകൃതിയുമായി ബന്ധിപ്പിച്ച് പ്രകൃതിയെ വീക്ഷിക്കാൻ ശ്രമിച്ചു. സുഗതകുമാരിയുടെ കവിതയിൽ പരിസ്ഥിതി ഒരുതരം ആദ്ധ്യാത്മിക-ഭാവനാത്മക വസ്തുവായി മാറുന്നു. പ്രകൃതിക്കു മേൽ സംസ്കൃതി എല്ലായ്പ്പോഴും മേൽക്കൊയ്മ പുലർത്തുമെന്ന വാദത്തെ - യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും കാരണമായ മേൽക്കോയ്മാ സങ്കല്പനത്തെ - നിരാകരിക്കുന്നു ഓ.എൻ.വി. യുടെ ഭൂമിക്കൊരു ചരമഗീതം. 

ആധുനികതാ ധാര: അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, സച്ചിദാനന്ദൻ [മുതലായവർ]. പരിസ്ഥിതി ചൂഷണം ഭൂമിയെ മരണത്തിലെത്തിക്കുമെന്ന ദുരന്തബോധം അയ്യപ്പപ്പണിക്കരുടെ കവിതയിലുമുണ്ട്. മനുഷ്യേതരമായ പ്രകൃതിയിലേക്കാണ് ആധുനിക കവിത നോക്കിയത്. പരിസ്ഥിതിയുടെ രാഷ്ട്രീയത്തിലേക്ക് സച്ചിദാനന്ദൻ കണ്ണോടിച്ചു. പരിസ്ഥിതിപ്രമേയങ്ങൾ ചർച്ച ചെയ്യാത്ത കവിതകളിലും സസ്യങ്ങളുടെയും ജന്തുക്കളുടെയും പ്രകൃതി രൂപങ്ങളുടെയും സമൃദ്ധി കാണാം. ഏഴിമല, വിലങ്ങൻ മുതലായവ ശ്രദ്ധേയം. പ്രകൃതിയെ ദൈവമായും അമ്മയായുമൊക്കെ കാണുന്ന സമീപനത്തിനെതിരായ വീക്ഷണമാണിത്. വിലങ്ങനിൽ, പരിസ്ഥിതി പ്രശ്നങ്ങളെ രാഷ്ട്രീയമായി വിശകലനം ചെയ്യുന്നു. ഡി.വിനയചന്ദ്രൻ എഴുതിയ കുടിയേറ്റം എന്ന കവിത പ്രകൃതിയുമായുള്ള മനുഷ്യന്റെ വികാരവിനിമയമാകുന്നു.


21. ആഗോളീകരണത്തിന്റെ ഭാഗമായുണ്ടായ മൂലധന പ്രവാഹവും ഉദാരീകരണ സാമ്പത്തിക നയങ്ങളും സൃഷ്ടിച്ച അന്ധമായ വികസന ഭ്രാന്ത് കേരളീയസമൂഹത്തെ പരിസ്ഥിതിവിരുദ്ധമായ പുരോഗതിസ്വപ്നങ്ങളിലേക്കാണ് നയിച്ചത് എന്ന് പി.കെ.രാജശേഖരൻ വ്യക്തമാക്കുന്നു.


22. വികസനം എന്ന പേരിൽ പരിസ്ഥിതി വിരുദ്ധമായ ഏതുപ്രവൃത്തിയും അംഗീകരിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ എഴുതപ്പെട്ട ഉത്തരാധുനികകവിതയിൽ പ്രകൃതി ഒരു രാഷ്ട്രീയ സാംസ്കാരിക വസ്തുവായി മാറുന്നു. [ പി.പി.രാമചന്ദ്രൻ, മനോജ് കുറൂർ, എസ്.ജോസഫ്, പി.എൻ.ഗോപീകൃഷ്ണൻ മുതലായവർ]


കഥാസാഹിത്യം

1.ആധുനികതയ്ക്കു ശേഷമാണ് കഥാ സാഹിത്യം പരിസ്ഥിതിപ്രശ്നങ്ങൾ അവതരിപ്പിക്കാനാരംഭിച്ചത്. 


2.ഇ.എം. കോവൂരിന്റെ മലകൾ (1970) എന്ന കഥയിൽ പ്രകൃതിയോടുള്ള മനുഷ്യന്റെ മല്ലിടലാണ് പ്രതിപാദിക്കുന്നത്. പരിസ്ഥിതിയെക്കുറിച്ചുള്ള വ്യത്യസ്ത സ്വരം ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ' എന്ന കഥയിൽ കേൾക്കാം. എല്ലാ പ്രാണികളെയും കൊന്ന് മനുഷ്യനും ചാകും എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുന്നു. രണ്ടുതരം പ്രകൃതികളെയാണ് ബഷീർ ആവിഷ്കരിച്ചിട്ടുള്ളത്.

3. പരിസ്ഥിതിയോടും പ്രകൃതി നേരിടുന്ന ആപത്തുകളോടും ആധുനികതാപ്രസ്ഥാനം മുഖം തിരിച്ചു നിന്നു. ആധുനികതാനന്തര കാലത്താണ് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയത്. ആധുനികരുടെ കൂട്ടത്തിൽ പരിസ്ഥിതിയെ അഭിമുഖീകരിച്ചത് ഒ.വി.വിജയൻ മാത്രമായിരുന്നു. രേണുക, കാട്ടുകോഴിയുടെ അനുഗ്രഹം എന്നീ കഥകളിലും ധർമപുരാണം, മധുരംഗായതി എന്നീ നോവലുകളിലും അദ്ദേഹത്തിന്റെ പരിസ്ഥിതിവീക്ഷണം കാണാം. 

യുദ്ധം പ്രോത്സാഹിപ്പിക്കുന്ന സാമ്രാജ്യത്വത്തിനെതിരായ പ്രതികരണം ധർമപുരാണത്തിലുണ്ട്. ആണവസ്ഫോടനത്തെത്തുടർന്ന് രണ്ട് അർദ്ധഗോളങ്ങളായി വേറിട്ട ഭൂമിയുടെ കഥ പറയുന്ന 'മധുരം ഗായതി' ഹരിതബോധത്തിന്റെ മാനിഫെസ്റ്റോ ആകുന്നു.

4. അയ്മനം ജോൺ 1970 കളിൽ എഴുതിത്തുടങ്ങിയ സാഹിത്യകാരനാണ്. ആധുനികതയിൽ നിന്നുള്ള വിടുതൽ അവ രേഖപ്പെടുത്തുന്നു. ജൈവവൈവിദ്ധ്യത്തിന്റെ കലവറയാണ് ജോണിന്റെ കഥകൾ. ജീവിതത്തിന്റെ പ്രാന്തങ്ങളിൽ മാറ്റിനിർത്തപ്പെട്ട എല്ലാ ജീവാംശങ്ങളോടുമുള്ള പാരിസ്ഥിതികപ്രതിജ്ഞാബദ്ധത അദ്ദേഹത്തിൽ കാണാം.

5. ജി.മധുസൂദനന്റെ കഥയും പരിസ്ഥിതിയും എന്ന ഗ്രന്ഥം മലയാളചെറുകഥയിലെ ഹരിതപ്രമേയങ്ങളും വീക്ഷണങ്ങളും ചർച്ച ചെയ്തിട്ടുണ്ട്.

6.എൻ.പ്രഭാകരൻ, വി.ആർ.സുധീഷ്, എം.എ.റഹ്മാൻ, പി.സുരേന്ദ്രൻ എന്നിവർ പരിസ്ഥിതിയെക്കുറിച്ച് തങ്ങളുടേതായ ദർശനങ്ങൾ അവതരിപ്പിച്ചു.

7.ബാലകൃഷ്ണൻ മാങ്ങാടിന്റെ ഭൂമിയുടെ കണ്ണ്, അംബികാസുതൻ മാങ്ങാടിന്റെ എൻമകജേ തുടങ്ങിയ നോവലുകൾ ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങൾ അഭിസംബോധന ചെയ്തു.


ഹരിത സാഹിത്യം: (ക്രോഡീകരണം)

 ഗൃഹാതുരത്വത്തിന്റെ വിദൂര റിപ്പബ്ലിക്കിൽ നിന്ന് അയയ്ക്കുന്ന പോസ്റ്റ് കാർഡല്ല ഹരിത സാഹിത്യമെന്ന് പി.കെ.രാജശേഖരൻ പ്രസ്താവിക്കുന്നു. അത് ഭാവനയുടെ മാത്രം നിർമ്മിതിയല്ല. യാഥാർത്ഥ്യങ്ങളെ നേരിടലാണ്. യുക്തിയുടെയും ശാസ്ത്രത്തിന്റെയും സഹായം തേടി, പ്രകൃതിനാശത്തിന് പോംവഴി കണ്ടെത്താൻ ശ്രമിക്കുന്ന മനസ്സിൽ നിന്ന് മാത്രമേ യാഥാർത്ഥ്യബോധമുള്ള ഹരിതാവബോധമുണ്ടാകൂ. ഹരിതസാഹിത്യം രാഷ്ട്രീയമായിത്തീരുന്നതിന്റെ പടിവാതിലിൽ മലയാള സാഹിത്യവും എത്തിച്ചേർന്നിരിക്കുന്നു.









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ