ആഘോഷിക്കപ്പെടാതെ പോയ ഒരു സപ്തതിയുടെ ഓർമ്മയ്ക്ക്': പി.ഗീത

 (കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ ഉള്ള 'ആഘോഷിക്കപ്പെടാതെ പോയ ഒരു സപ്തതിയുടെ ഓർമ്മയ്ക്ക്' എന്ന നിരൂപണത്തിലെ പാഠഭാഗ സംക്ഷേപം)

"ആഘോഷിക്കപ്പെടാതെ പോയ ഒരു സപ്തതിയുടെ ഓർമ്മയ്ക്ക്" എന്ന ലേഖനം രാജലക്ഷ്മിയെന്ന എഴുത്തുകാരിക്കുള്ള സ്മരണാഞ്ജലിയാണ്. രാജലക്ഷ്മിയെന്ന കഥാകൃത്ത് / നോവലിസ്റ്റ്  സാഹിത്യത്തിൽ വിസ്മൃതയാകേണ്ടവളല്ല. സ്വന്തമായ ഇടം സൃഷ്ടിച്ച സാഹിത്യകാരിയാണ്. പക്ഷേ, വേണ്ട പരിഗണന സാഹിത്യലോകം അവർക്കു നല്കിയിട്ടില്ല. മറക്കപ്പെട്ട അഥവാ പുറന്തള്ളപ്പെട്ട, എഴുത്തുകാരുടെ പട്ടികയിൽ നിന്നും രാജലക്ഷ്മിയെ വീണ്ടെടുത്ത് അവതരിപ്പിക്കാനുള്ള ശ്രമമാണ് ലേഖികയായ പി.ഗീത നടത്തുന്നത്. 

സപ്തതിയെന്നാൽ  എഴുപത് എന്നർത്ഥം. രാജലക്ഷ്മി ജനിച്ച് 70 ആണ്ടുകൾ തികഞ്ഞിരിക്കുന്ന വേളയിലാണ് പി.ഗീത രാജലക്ഷ്മിയുടെ സംഭാവനകൾ വിലയിരുത്തുന്നത്.

പുരുഷാധിപത്യത്തിൽ നിന്നുള്ള വിമോചനശ്രമത്തേക്കാളും സ്ത്രീ ഭാവുകത്വത്തിന് പുതിയ പരിവേഷം നല്കുകയാണ് രാജലക്ഷ്മി ചെയ്തതെന്ന നിരീക്ഷണത്തിലാണ് പി.ഗീത എത്തിച്ചേരുന്നത്. 


മുഖ്യാശയങ്ങൾ:

1. യാഥാർത്ഥ്യവും സ്വപ്നവും തമ്മിലുള്ള സംഘർഷത്തിൽ പെട്ട ജീവിതത്തിനു മുന്നിൽ പരാജയപ്പെട്ടവളാണ് കഥാകൃത്തായ രാജലക്ഷ്മി. ഇതിനു മുന്നേ കവിയായ ഇടപ്പള്ളിയായിരുന്നു പരാജിതനെന്ന് സ്വയം പ്രഖ്യാപിച്ച് ജീവൻ ത്യജിച്ചത്.


2. എഴുതാതിരിക്കാൻ വയ്യ,ജീവിച്ചിരിക്കുകയാണെങ്കിൽ ഇനിയും എഴുതിപ്പോകുമെന്ന നിലപാടിലാണ് രാജലക്ഷ്മി ജീവിതം അവസാനിപ്പിച്ചത്.


3. യഥാർത്ഥത്തിൽ രണ്ടു യാഥാർത്ഥ്യങ്ങൾക്കിടയിലായിരുന്നു രാജലക്ഷ്മി. എഴുത്തും ജീവിതവും. അവയിലൊന്നിനെ മാത്രമായി സ്വീകരിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.


4. "പ്രേമത്തിനു വേണ്ടി കവി ആത്മഹത്യ ചെയ്തപ്പോൾ മരണം വരിച്ചത് കവിയല്ല, മനുഷ്യൻ തന്നെയാണ്. 1965 ൽ മലയാളത്തിൽ സംഭവിച്ച ഈ ആത്മഹത്യയിലാകട്ടെ, മരണം വരിച്ചത് കലാകാരൻ (കലാകാരി) തന്നെയാണ്"- എം.ടി.വാസുദേവൻ നായർ.


5. സ്ത്രൈണമെന്ന് തീർത്തും വ്യവഹരിക്കാവുന്ന ഭാവുകതയുടെ അംശങ്ങൾ രാജലക്ഷ്മിയുടെ ജീവിതത്തിലും രചനകളിലും മരണത്തിലും അടയാളപ്പെട്ടിരിക്കുന്നു.


6. അസുഖമുണ്ടാക്കിയ വിഷാദവും എഴുത്ത് പകുതിയിലവസാനിപ്പിക്കേണ്ടി വന്നതിലെ വേദനയും നിരാശയും അവരുടെ മരണ ഹേതുവായിരുന്നോ എന്ന് പി.ഗീത സംശയിക്കുന്നു.


7. ജീവിച്ചിരുന്നാൽ എഴുതിപ്പോകുമെന്നും വേണ്ടപ്പെട്ടവരെ വിഷമിപ്പിക്കേണ്ടി വരുമെന്നുമുള്ള തിരിച്ചറിവിൽ രാജലക്ഷ്മി എത്തിയിരുന്നു. ലളിതാംബികാ അന്തർജ്ജനം തൻ്റെ ആത്മകഥയായ 'ആത്മകഥയ്ക്കൊരാമുഖം' എന്ന കൃതിയിൽ താൻ രചിച്ച ഒരു നാടകം ബന്ധുജനങ്ങളുടെ ദുരിതമോർത്ത് പ്രസിദ്ധപ്പെടുത്താൻ സ്വയം തയ്യാറാവാഞ്ഞതിനെക്കുറിച്ച് പരാമർശിക്കുന്നു. മറ്റുള്ളവരുടെ വേദന എന്ന വിഷയമാകുന്നു ഇവിടെ പ്രധാനം. ഈ എഴുത്തുകാരികളെ ഈ ഘടകം സമാനരാക്കുന്നു. 


8. സ്വന്തം സ്വത്വം തേടുന്ന നിരവധി സ്ത്രീ കഥാപാത്രങ്ങളെ രാജലക്ഷ്മി സൃഷ്ടിച്ചിട്ടുണ്ട്. 'മാപ്പ് 'എന്ന കഥയിലെ കോളേജദ്ധ്യാപികയായ രമട്ടീച്ചർ ഉദാഹരണം. ദേവാലയമെന്ന കഥയിലെ നായിക എല്ലാം തകർന്നവളെങ്കിലും അഭിമാനിനിയാണ്. 


9. ജീവിതവുമായി ഏറ്റുമുട്ടി പല വിധത്തിലും തോറ്റു പോകുന്നവരാണ് ചില സ്ത്രീ കഥാപാത്രങ്ങൾ. തൻ്റെ കുടുംബത്തിനു വേണ്ടി പ്രണയവും ദാമ്പത്യവും വെടിയേണ്ടി വരുന്നവർ. കുടുംബത്തിനു വേണ്ടി കറവപ്പശുക്കളാക്കപ്പെട്ടവർ. കൂടപ്പിറപ്പുകൾക്കു വേണ്ടി ഒറ്റപ്പെട്ടു പോകുന്നവർ. 'ഒരദ്ധ്യാപിക ജനിക്കുന്നു ' എന്ന കഥയിലെ ഇന്ദിര കുടുംബത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് സ്വയം തകർന്നവളാണ്. കുടുംബ ജീവിതഭാരം വഹിച്ച് ആഗ്രഹങ്ങൾ മൂടിവെച്ച് വേദാന്തത്തിലെത്തിയവളാണ്, 'സുന്ദരിയും കൂട്ടുകാരും ' എന്ന കഥയിലെ നളിനി. ബുദ്ധിശാലിനിയായ പെൺകുട്ടിയാണ് 'മകളി'ലെ ശാരദ. അച്ഛനായ കൃഷ്ണൻകുട്ടി മേനോൻ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനാണ് അവളെ വക്കീൽ ഭാഗം പഠിപ്പിച്ചത്. അവളുടെയും മോഹങ്ങളും ജീവിതവും ഹനിക്കപ്പെട്ടു. ആഗ്രഹിച്ച പുസ്തകങ്ങൾ വാങ്ങാൻ പോലും അവൾക്ക് സാധിക്കുന്നില്ല. കാരണം കുടുംബത്തിൻ്റെ അത്താണി അവളായിരുന്നു. ഒരു തോഴനായി കണ്ട ഭാസ്കര മേനോൻ തൻ്റെ സഹോദരങ്ങളെ ആക്ഷേപിച്ചപ്പോൾ അവൾക്ക് സഹിച്ചില്ല. തൻ്റെ അച്ഛനും അമ്മയും വീട്ടുകാരുമുൾപ്പെടുന്ന ലോകത്തിനായി അവൾ എല്ലാം ഉപേക്ഷിച്ചു. പക്ഷേ, തുടർന്ന് അവൾക്ക് സർവസ്വവും നഷ്ടപ്പെടുകയും ചെയ്യുന്നു. വീടിനു വേണ്ടി അവളനുഷ്ഠിച്ച ത്യാഗം സർവനാശത്തിലവസാനിക്കുന്നു.


10.ദാമ്പത്യവും പ്രണയവും തമ്മിൽ സംഘർഷത്തിൽ പെടുന്ന മുഹൂർത്തങ്ങൾ രാജലക്ഷ്മി ചിത്രീകരിച്ചിട്ടുണ്ട്. നീരജാ ചക്രവർത്തിയെന്ന കഥാപാത്രത്തിനെ മുൻനിർത്തിയുള്ള 'ആത്മഹത്യ ' യെന്ന കഥ അസുഖകരമായ ദാമ്പത്യത്തെ വിഷയമാക്കുന്നു. വ്യവസ്ഥാപിത ദാമ്പത്യത്തിനുള്ളിലെ തകർച്ചയാണ് 'പരാജിത 'യെന്ന കഥയിലെ നിർമ്മല അനുഭവിക്കുന്നത്. ദാമ്പത്യത്തിനുള്ളിൽ സംഭവിക്കുന്ന പരാജയം പുരുഷൻ്റേതുകൂടിയാണെന്ന് വ്യക്തമാക്കുന്ന കഥയാണ് 'ചരിത്രം ആവർത്തിക്കുന്നില്ല'. അയാൾ കുടുംബത്തിൻ്റെ കടം വീട്ടാൻ കാമുകിയെ ഉപേക്ഷിച്ച് ലക്ഷ്മിക്കുട്ടിയെ വിവാഹം കഴിക്കുന്നു. എന്നാൽ ഒരു യന്ത്രമായാണ് അയാൾ ഭാര്യയെ കണ്ടത്. ജീവിതത്തിൽ എല്ലാവരും പരാജിതരാകുന്നു. ഇത്തരം അവസ്ഥകൾ രാജലക്ഷ്മി സമർത്ഥമായി ചിത്രീകരിച്ചിരിക്കുന്നു.


11. തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനത്തിൻ്റെ തലങ്ങൾ രാജലക്ഷ്മി അവതരിപ്പിക്കുന്നു. 


12. സ്ത്രീ പുരുഷന്മാരെ വിവേചനപൂർവം വിലയിരുത്തുന്ന സാമൂഹ്യാവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവും രാജലക്ഷ്മിക്കഥകളിലെ പ്രധാന ഘടകമാണ്.


13. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണ് രാജലക്ഷ്മി കഥകളെഴുതുന്നത്. ലളിതാംബിക അന്തർജനത്തിനും കെ.സരസ്വതിയമ്മയ്ക്കും ശേഷമുള്ള സ്ത്രീ കഥകളുടെ തലമുറയിൽ രാജലക്ഷ്മി ഉൾപ്പെടുന്നു. 


14. ലളിതാംബിക അന്തർജനത്തിൻ്റെ കഥകളിലെ പരിഷ്കരണ പ്രവണതകളോ, കെ. സരസ്വതിയമ്മയുടെ കഥകളിലെ വിമോചന സ്വരമോ രാജലക്ഷ്മിയുടെ കഥകളിലില്ല. സ്ത്രൈണമായ ഭാവുകതയാണ് അതിൽ മുഖ്യം. മണ്ണിൽ ചുവടുറപ്പിച്ച് സ്വപ്നങ്ങൾ ചിറകുവെച്ച് കാല്പനിക ആകാശത്തേക്ക് കുതിക്കാൻ വെമ്പുന്ന സ്ത്രീത്വം. സ്ത്രീ -പുരുഷന്മാരുടെ  പ്രണയനഷ്ടം ജീവിത പരാജയത്തിൽ കലാശിക്കുന്നു.


15.സമൂഹത്തിൽ നിലനില്ക്കുന്ന വിവേചനത്തിൻ്റെ മുദ്രകൾ രാജലക്ഷ്മിയെന്ന എഴുത്തുകാരിയുടെ ജീവിതത്തിലും മരണത്തിലും രചനകളിലും വളരെ ആഴത്തിൽ സ്വാഭാവികമായി പതിഞ്ഞും തെളിഞ്ഞും നിലനില്ക്കുന്നതായി പി.ഗീത സമർത്ഥിക്കുന്നു.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ