ഋത്വിക്ക് ഘട്ടക്ക്

 ഋത്വിക്ക് ഘട്ടക്ക്


ഋത്വിക്ക് ഘട്ടക്കിനെക്കുറിച്ച് ഇതിനു മുന്നേ നാം കേട്ടിട്ടുണ്ട്; അറിഞ്ഞിട്ടുണ്ട്. എവിടെയാണെന്ന് ഓർക്കുന്നുണ്ടോ? സി.വി.ബാലകൃഷ്ണൻ തൻ്റെ യാത്രാനുഭവങ്ങൾ വിവരിക്കെ കൽക്കട്ടയിലെ പ്രഗത്ഭ സർഗ്ഗധന രെക്കുറിച്ച് വിവരിക്കുന്നു. അപ്പോഴാണ് സത്യജിത് റായിയും ഋത്വിക്ക് ഘട്ടക്കും മറ്റും കടന്നു വരുന്നത്. ബംഗാളിലെ കലാമേഖലയിൽ നിസ്തുലമായ സ്ഥാനം വഹിച്ച വ്യക്തിയാണ് ഘട്ടക്ക്. ചലച്ചിത്രകലയിലാണ് അദ്ദേഹം കൂടുതലായും വ്യാപരിച്ചത്. സത്യജിത് റായി, മൃണാൾസെൻ എന്നീ പ്രഗത്ഭർക്ക് സമശീർഷനായിരുന്നു ഘട്ടക്ക്. 1925ൽ ഢാക്കയിലായിരുന്നു ജനനം. പ്രമുഖ ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിലൊക്കെ അദ്ദേഹം പ്രശസ്തനായിരുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളെ അഭ്രപാളിയിലേക്ക് പകർത്താൻ ഘട്ടക്കിന് സാധിച്ചു. വ്യവസ്ഥാപിതമായ എല്ലാ ഘടകങ്ങൾക്കുമെതിരെ അദ്ദേഹം ശബ്ദിച്ചു; പ്രതികരിച്ചു. അതിനാൽ തന്നെ, അരാജക ബുദ്ധിജീവിയെന്ന ലേബൽ ചിലർ അദ്ദേഹത്തിനു മീതെ പതിക്കുകയും ചെയ്തു. 1974 ൽ 'ജുക്തി തക്കൊ ഔർ ഗപ്പൊ' (യുക്തിയും സംവാദവും കഥയും) ദേശീയചലച്ചിത്ര പുരസ്കാരം നേടി. 1970 ൽ തന്നെ ശ്രദ്ധേയമായ കലാജീവിതത്തെ മുൻനിർത്തി പത്മശ്രീ ബഹുമതി അദ്ദേഹം നേടിയിരുന്നു. 1955 ൽ പാർട്ടിയിൽ നിന്നും പുറന്തള്ളുന്നതു വരെ കമ്യൂ.പാർട്ടി ഓഫ് ഇന്ത്യയിൽ അംഗമായിരുന്നു അദ്ദേഹം. അന്നത്തെ സാമൂഹിക വിപ്ലവാബോധം കലയിലൂടെ പ്രചരിപ്പിച്ച 'ഇപ്റ്റ' (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) യുടെ നേതൃനിരയിൽ അദ്ദേഹം പ്രവർത്തിച്ചു. വിഭജനത്രയം എന്നറിയപ്പെടുന്ന ഘട്ടക്ക് സിനിമകളായ 'മേഘ ധക്കാ താര' (1960), കോമൾ ഗാന്ധാർ (1961), സുബർണ്ണരേഖ (1962- റിലീസിങ്ങ് 1965 ൽ) എന്നിവ കലാലോകത്തും സാമൂഹ്യ മേഖലയിലും ഒരുപോലെ ചർച്ച ചെയ്യപ്പെട്ടു. എങ്കിലും ഘട്ടക്കിൻ്റെ പല സിനിമകളും അദ്ദേഹത്തിന് നിർമ്മാണ വിജയം നേടിക്കൊടുത്തില്ല. ചലച്ചിത്ര ലോകം അവയെ അംഗീകരിച്ചെങ്കിലും സാമ്പത്തികത്തകർച്ച യാതനകൾ സൃഷ്ടിച്ചു. 'ജുക്തി തക്കൊ ഔർ ഗപ്പൊ' എന്ന അവസാന സിനിമയിലെ മുഖ്യ കഥാപാത്രമായ നീലകണ്ഠ ബാഗ്ചി യെപ്പോലെ എല്ലാ സാമൂഹിക സംവിധാനങ്ങളോടും വ്യവസ്ഥിതിയോടും അദ്ദേഹം കലഹിച്ചു. കുടുംബ ജീവിതത്തിൽ വഴിവിട്ട ജീവിതവും ക്രമാതീതമായ മദ്യപാനവും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി. ഭാര്യയായ സുരമ ഘട്ടക്ക് വിട്ടു പോകുന്ന അവസ്ഥ വരെ ഉളവായി. ബംഗാളിലെ സുപ്രസിദ്ധ എഴുത്തുകാരിയായ മഹാശ്വേതാദേവി ഘട്ടക്കിൻ്റെ അനന്തരവളാണ്. തൻ്റെ മൂത്ത സഹോദരനായ മനീഷ് ഘട്ടക്കിൻ്റെ മകളാണവർ. 1976 ൽ കൽക്കട്ടയിലായിരുന്നു, ഘട്ടക്കിൻ്റെ  അന്ത്യം. 


കലയിൽ സാമൂഹിക യാഥാർത്ഥ്യങ്ങളെ അങ്കിതമാക്കിയ ഈ ചലച്ചിത്രകാരനെ വേണ്ട ആദരവു നല്കി ചലച്ചിത്ര ലോകം ഇന്ന് ആദരിക്കുന്നു. അദ്ദേഹത്തിൻ്റെ മഹത്തായ ചലച്ചിത്ര കലാസൃഷ്ടികൾ ചുവടെ നല്കുന്നു:


സം‌വിധായകനും തിരക്കഥാകൃത്തുമായി

അദ്ദേഹം നിർവഹിച്ചവ:


നാഗരിക് (1952)

അജാന്ത്രിക് (1958)

ബാരി ദേഖേ പാലിയേ (1958)

മേഘേ ദഖാ താരാ (1960)

കോമൾ ഗന്ധാർ (1961)

സുബർണരേഖ (1962/1965)

തിതാഷ് എക്തി നദീർ നാം (1973)

ജുക്തി താക്കോ ഓർ ഗപ്പോ (1974)


തിരക്കഥാകൃത്ത് എന്ന നിലയിൽ:


മുസാഫിർ (1957)

മധുമതി (1958)


ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും:

   

ദ ലൈഫ് ഓഫ് ആദിവാസീസ് (1955)

പ്ലേസസ് ഓഫ് ഹിസ്റ്റോറിക് ഇന്ററസ്റ്റ് ഇൻ ബീഹാർ (Places of Historic Interest in Bihar) (1955)

സിസ്സേർസ് (Scissors) (1962)

ഫിയർ (Fear) (1965)

റെൻഡേസ്‌വസ് (Rendezvous) (1965)

സിവിൽ ഡിഫൻസ് (Civil Defence) (1965)

സയന്റിസ്റ്റ് ഓഫ് ടുമാറോ (Scientists of Tomorrow) (1967)

യേ കോൻ (Yeh Kyon (Why / The Question) (1970)

അമർ ലെനിൻ (Amar Lenin (My Lenin) (1970)

പുരുലിയർ ചാഹു (Puruliar Chhau (The Chhau Dance of Purulia) (1970)

ദുർബർ ഗതി പദ്‌മ (Durbar Gati Padma (The Turbulent Padma) (1971)


(ചലച്ചിത്ര ലിസ്റ്റിന് വിക്കിപീഡിയയോട് കടപ്പാട്)


1960 ൽ ഋത്വിക്ക് ഘട്ടക്ക് സംവിധാനം ചെയ്ത സിനിമയാണ്, മേഘ ധാക്കാ താര. ഋത്വിക്ക് ഘട്ടക്കിൻ്റെ കലാജീവിതത്തെ അടിസ്ഥാനമാക്കി ബംഗാളിലെ പ്രശസ്ത സംവിധായകനും ഗാന രചയിതാവുമായ കമലേശ്വർ മുഖർജി അതേ പേരിൽ,മേഘ ധാക്കാ താര എന്ന പേരിൽ തന്നെ 2013 ൽ ഒരു ചലച്ചിത്രം നിർമ്മിച്ചു. ത്യാഗഭരിതവും സ്ഥാപിത താല്പര്യങ്ങളോട് പ്രതിഷേധോജ്ജ്വലവും വ്യവസ്ഥിതിയോട് കലഹപൂർണ്ണവുമായിരുന്ന ഒരു ജീവിതത്തിൻ്റെ യാഥാതഥ്യ മുഖം കമലേശ്വർ മുഖർജി പ്രസ്തുത ചലച്ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, 'മേഘാച്ഛാദിതമായ നക്ഷത്രം' എന്ന എൻ.ശശിധരൻ്റെ ലേഖനം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ