ക്ലിയോപാട്രയുടെ നാട്ടിൽ : എസ്.കെ.പൊറ്റക്കാട്

 (കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ യാത്രാ വിവരണമെന്ന മൂന്നാം മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച എസ്.കെ.പൊറ്റെക്കാടിൻ്റെ ക്ലിയോപാട്രയുടെ നാട്ടിൽ എന്ന കൃതിയിൽ നിന്നുമുള്ള പാഠഭാഗസംക്ഷേപം)

ക്ലിയോപാട്രയുടെ നാട്ടിൽ : എസ്.കെ.പൊറ്റക്കാട്

ക്ലാസ്സ് 1

മലയാളയാത്രാ വിവരണരംഗത്തെ കുലപതിയാണ് എസ്.കെ.പൊറ്റക്കാട്. കവി, കഥാകൃത്ത്, നോവലിസ്റ്റ്, സഞ്ചാര വിവരണകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. കവിയെന്ന നിലയിലാണ് സാഹിത്യ സപര്യ ആരംഭിച്ചതെങ്കിലും കഥ, നോവൽ മേഖലകളിലാണ് സർഗ്ഗാത്മക സാഹിത്യ രംഗത്ത് അദ്ദേഹം ശോഭിച്ചത്. കഥയിൽ കാല്പനികഭംഗി പ്രസരിപ്പിക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. കാല്പനികഭാഷയും  യാഥാതഥ്യത നിറഞ്ഞ പ്രമേയങ്ങളുമാണ് കഥ, കവിത എന്നീ സർഗാത്മക സാഹിത്യ മേഖലകളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. യാത്രാവിവരണ മേഖലയെ സർഗാത്മക സാഹിത്യമേഖലകൾക്കൊപ്പം വളർത്തിയെടുത്തു, എസ്.കെ.പൊറ്റക്കാട്. നാമമാത്രമായ യാത്രാവിവരണങ്ങൾ മാത്രമാണ് സ്വാതന്ത്ര്യപൂർവഘട്ടത്തിൽ കേരളത്തിൽ എഴുതപ്പെട്ടിരുന്നത്. എന്നാൽ എസ്.കെ.ക്കൊപ്പം യാത്രാവിവരണശാഖയും പടർന്നു പന്തലിച്ചു. ഹൃദയാകർഷകമായ ശൈലിയാണ് എസ്.കെ.യുടെ കൈമുതൽ. അന്ന് ലഭ്യമായ പരമാവധി സാദ്ധ്യതകളൊക്കെ മുതലെടുത്തു കൊണ്ടാണ് എസ്.കെ. യാത്ര ചെയ്തത്. മലയാളിക്ക് തീർത്തും അപ്രാപ്യമായ ഇടങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. കണ്ട കാഴ്ചകളും അനുഭവങ്ങളും സഞ്ചാരമാർഗ്ഗങ്ങളും ഹൃദയഹാരിയായി വർണ്ണിച്ചു. കവിത തുളുമ്പുന്ന വർണ്ണനയും ആധികാരികമായ വസ്തുതാപ്രതിപാദനവുമാണ് എസ്.കെ.യുടെ യാത്രാവിവരണങ്ങളുടെ കാതൽ. കണ്ടതെന്തിനേയും, അതേത് ലോകോത്തര കാഴ്ചയായാലും അതിനെ കേരളകാഴ്ചയുമായി തുലനം ചെയ്തു പ്രതിപാദിക്കാനും ആസ്വാദക ഹൃദയത്തിൽ തന്മയീഭാവം സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 

1913 മാർച്ച് 14 നാണ് എസ്.കെ. ജനിച്ചത്. കോഴിക്കോട്ടായിരുന്നു ജനനം. അച്ഛൻ അദ്ധ്യാപകനായ കുഞ്ഞിരാമൻ പൊറ്റക്കാട്. അമ്മ മുണ്ടയോട് ചാലിൽ കുട്ടൂലി. കോഴിക്കോട് ചാലപ്പുറം ഗണപതി സ്കൂൾ, സാമൂതിരി സ്കൂൾ എന്നിവിടങ്ങളിൽ പoനം. കോഴിക്കോട് സാമൂതിരി കോളേജിൽ വെച്ച് ഇൻ്റർമീഡിയറ്റ് പാസ്സായി. തുടർന്ന് 1937-39 കാലഘട്ടത്തിൽ കോഴിക്കോട്ട് നാഷണൽ ഗുജറാത്തി സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇക്കാലത്തു തന്നെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ആകൃഷ്ടനായി. ദേശീയ കോൺഗ്രസ്സ് സമ്മേളനത്തിൽ (തൃപുരി - മദ്ധ്യപ്രദേശ് - 1939) പങ്കെടുക്കാനായി ജോലി രാജിവെച്ചു. ഇന്ത്യയെമ്പാടും കാണുകയെന്ന മോഹം  1941 ൽ സഫലീകരിച്ചു. 1944ൽ കാശ്മീർ, ഹിമാലയം യാത്ര. 1947 ൽ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതിയായ 'കാശ്മീർ' പ്രസിദ്ധീകരിച്ചു. 1949 ൽ 18 മാസം നീണ്ട ആഫ്രിക്കൻ യൂറോപ്പ് പര്യടനം നടത്തി. നിരവധി പ്രഖ്യാത യാത്രാവിവരണങ്ങൾക്ക് പ്രസ്തുത യാത്ര ഹേതുവായി. ഇരുപതിലധികം സഞ്ചാര സാഹിത്യ കൃതികൾ എസ്.കെ.പൊറ്റക്കാട് രചിച്ചിട്ടുണ്ട്. 1950ൽ വിവാഹിതനായി. ഭാര്യ ജയവല്ലി.

കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരിച്ച ആത്മവിദ്യാ കാഹളത്തിൽ 1929ൽ 'മകനെ കൊന്ന മദ്യം' എന്ന കവിത പ്രസിദ്ധീകരിച്ചു. ആദ്യ കഥയായ രാജനീതി സാമൂതിരി കോളേജ് മാഗസിനിൽ പ്രസിദ്ധപ്പെടുത്തി. മൂർക്കോത്ത് കുമാരൻ എറണാകുളത്തു നിന്ന് പ്രസിദ്ധീകരിച്ച ദീപം മാസികയിൽ 'ഹിന്ദുമുസ്ലീം മൈത്രി' എന്ന കഥ 1931ൽ പുറത്തുവന്നു.  1937ൽ എഴുതിയ വല്ലികാദേവിയാണ് ആദ്യനോവൽ. 1939 ൽ 'നാടൻപ്രേമം' എന്ന നോവലും 1940 ൽ 'വിഷകന്യക' എന്ന നോവലും പ്രസിദ്ധീകരിച്ചു. തുടർന്ന് നിരവധി നോവലുകളും കഥാസമാഹാരങ്ങളും പുറത്തിറക്കി. പ്രഭാതകാന്തി, പ്രേമശില്പി, സഞ്ചാരിയുടെ ഗീതങ്ങൾ,

എന്നീ കവിതാ സമാഹാരങ്ങൾ എസ്.കെ.യുടേതായുണ്ട്. അതോടൊപ്പം 'എൻ്റെ വഴിയമ്പലങ്ങൾ' എന്ന പേരിൽ ആത്മകഥയും അദ്ദേഹം എഴുതിയിട്ടുണ്ട്.

രാഷ്ട്രീയ പ്രവർത്തനമായാലും- അദ്ദേഹം 1962 ൽ തലശ്ശേരിയിൽ നിന്ന് പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് - സാഹിത്യ സാംസ്കാരിക മേഖലയായാലും തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയുടെ വക്താവായി അദ്ദേഹത്തെ പ്രതിഷ്ഠിക്കാവുന്നതാണ്. ജീവിതം തന്നെ വിചിത്രമായ അനുഭൂതികളാലും കാല്പനികതയുടെ മഴവില്ലാർന്ന ഭാഷയാലും കള്ളിമുള്ളിനു സമാനമായ യാഥാർത്ഥ്യത്തിൻ്റെ തീവ്രതയാലും അദ്ദേഹം സാഹിത്യത്തെ വൈവിദ്ധ്യത്തിൻ്റെ നിറവിൽ സ്ഥാപിച്ചു. ഈ മഹാനുഭാവൻ 1982 ആഗസ്ത് 6 ന് അന്തരിച്ചു.

എസ്.കെ.പൊറ്റെക്കാടിൻ്റെ സഞ്ചാര സാഹിത്യകൃതികളുടെ പട്ടിക താഴെ നല്കുന്നു:

യാത്രാവിവരണകൃതികൾ:

1947- കാഷ്മിർ

1949- യാത്രാസ്മരണകൾ

1951- കാപ്പിരികളുടെ നാട്ടിൽ

1954- സിംഹഭൂമി

1954- നൈൽ ഡയറി

1954- മലയ നാടുകളിൽ

1955- ഇന്നത്തെ യൂറോപ്പ്

1955- ഇന്തൊനേഷ്യൻ ഡയറി

1955- സോവിയറ്റ് ഡയറി

1956- പാതിരാസൂര്യന്റെ നാട്ടിൽ

1958- ബാലിദ്വീപ്

1960- ബൊഹീമ്യൻ ചിത്രങ്ങൾ

1967- ഹിമാലയസാമ്രാജ്യത്തിൽ

1969- നേപ്പാൾ യാത്ര

1960- ലണ്ടൻ നോട്ട്ബുക്ക്

1974- കയ്റോ കത്തുകൾ

1977- ക്ലിയോപാട്രയുടെ നാട്ടിൽ

1976- ആഫ്രിക്ക

1977- യൂറോപ്പ്

1977- ഏഷ്യ

ഇവ ക്രോഡീകരിച്ചുകൊണ്ട് ഡി.സി ബുക്ക്സ്, കോട്ടയം രണ്ടു സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്ലാസ്സ് 2

ക്ലിയോപാട്രയുടെ നാട് ഈജിപ്താണ്. ക്ലിയോപാട്ര ഈജിപ്തിൻ്റെ ഫറവോ ആയിരുന്നു. ബി.സി. 51 മുതൽ ബി.സി.30 വരെയായിരുന്നു ഭരണകാലം. സ്വന്തം സൗന്ദര്യം കൊണ്ട് ചക്രവർത്തിമാരെയും രാജാക്കന്മാരെയും പ്രഭുക്കളെയുമൊക്കെ വിഭ്രമിപ്പിച്ച ക്ലിയോപാട്രയെപ്പോലെ സൗന്ദര്യം കൊണ്ട് ലോകം കീഴടക്കിയ മറ്റൊരുവളില്ല. ക്ലിയോപാട്രയെന്ന് കേൾക്കുമ്പോൾ തന്നെ വഴിഞ്ഞൊഴുകുന്ന സൗന്ദര്യമാണ് അനുഭവപ്പെടുക. അവളുടെ സൗന്ദര്യത്തിൻ്റെ സത്ത് എന്തെന്ന വിഷയത്തിൽ നിരവധി അന്വേഷണങ്ങൾ നടന്നിട്ടുണ്ട്. കഴുതപ്പാലിലുള്ള കുളി, കളിമൺ ലേപനം, വെളളത്തിൽ തേനും പാലും ചേർത്തുള്ള കുളി എന്നിങ്ങനെ അഭിപ്രായങ്ങൾ പലതാണ്. സമർത്ഥ എന്നതിനൊപ്പം തന്നെ കൗശലക്കാരിയും ക്രൂരയുമാണ് ക്ലിയോപാട്ര. അവളുടെ ജീവിതത്തെയും സംഭവങ്ങളെയും അടിസ്ഥാനമാക്കി നിരവധി പഠനങ്ങളുണ്ടായിട്ടുണ്ട്. 

മഹാനായ അലക്സാണ്ടർ ഈജിപ്ത് കീഴടക്കുകയും ( ബി.സി.332) അല്പകാലം ഭരണാധികാരിയാവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു ശേഷം ടോളമി ഭരണാധികാരിയായി. ടോളമി പന്ത്രണ്ടാമനാണ് ക്ലിയോപാട്രയുടെ പിതാവ്. ടോളമിയുടെ മരണശേഷം പത്തൊമ്പതാം വയസ്സിൽ രാജഭരണം ക്ലിയോപാട്ര ഏറ്റെടുക്കുന്നു. സഹഭരണാധികാരിയായ സഹോദരൻ ടോളമി പതിമൂന്നാമൻ ജൂലിയസ് സീസറിൻ്റെ മകളുടെ ഭർത്താവായ പോംപിയുടെ വധം നടത്തിയതിനെത്തുടർന്ന് സീസർ ഈജിപ്ത് ആക്രമിച്ചു. ക്ലിയോപാട്ര ഒളിച്ച് സീസറിൻ്റെ കൊട്ടാരത്തിലെത്തി. അവളിൽ ആകൃഷ്ടനായതിനാൽ ഈജിപ്തിലെത്തിയ സീസർ ക്ലിയോപാട്രയെ വിവാഹം ചെയ്തു. അവർക്ക്  ഒരു മകൻ ജനിക്കുന്നു. അവന് സിസേറിയൻ എന്ന് പേരു വിളിക്കുന്നു. ബി.സി. 44 ൽ സെനറ്റിൻ്റെ ഗൂഢാലോചനയെത്തുടർന്ന് സീസർ കൊല്ലപ്പെടുന്നു. മാർക്ക് ആൻ്റണിയടങ്ങുന്ന സംഘം ഭരണച്ചുമതലയേല്ക്കുന്നു. പിന്തുണയറിയിക്കാൻ റോമിലെത്തിയ ക്ലിയോപാട്രയുടെ സൗന്ദര്യത്തിൽ ആൻ്റണി മുഗ്ദ്ധനായി. അവർ തമ്മിലുള്ള പ്രണയം ആരംഭിച്ചു. കാമുകിയായ ക്ലിയോപാട്രയുമൊത്ത് അവളുടെ സൗന്ദര്യത്തിൽ മതിമറന്ന് ആൻറണി അലക്സാണ്ട്രിയയിൽ വസിച്ചു. ഒക്ടേവിയസ് സീസറുമായി അഭിപ്രായ വ്യത്യാസം കലുഷമായി. അദ്ദേഹം മാർക്ക് ആൻ്റണിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി. ആൻ്റണി ആത്മഹത്യ ചെയ്തു. ഇതിനെ തുടർന്ന് ഹതാശയും സംഭീതയുമായ ക്ലിയോപാട്ര കാമുകനഷ്ടത്തിൽ മനം നൊന്ത് ബി.സി. 30 ൽ മണിനാഗങ്ങളെ കൊണ്ട് കടിപ്പിച്ച് ജീവൻ വെടിഞ്ഞു. പ്രണയവും വശീകരണവും വഞ്ചനയും ക്രൂരതയും രാഷ്ട്രതന്ത്രജ്ഞതയും ഒക്കെ സൗന്ദര്യത്തിൽ ചാലിച്ചെടുത്ത ക്ലിയോപാട്രയുടെ സാഹസിക ജീവിത കഥ ഇപ്രകാരം ഒടുങ്ങുന്നു. ക്ലിയോപാട്രയെന്ന് കേൾക്കുമ്പോൾ പ്രണയാവേശത്തിൻ്റെയും സൗന്ദര്യാനുഭൂതിയുടെയും മകുടമെന്ന പ്രതീതിയാണ് എവരിലും ഉളവാകുന്നത്. അതിനാലാണ് ഈജിപ്തിലെ കാഴ്ചകൾക്ക്, അവിടത്തെ അനുഭവങ്ങൾക്ക്, അവിടത്തെ മാസ്മരിക നിറഭേദങ്ങൾ പകരാൻ ക്ലിയോപാട്രയെന്ന സൗന്ദര്യധാമമായ ഫറവോയുടെ നാമധേയം തന്നെ എസ്.കെ. സ്വീകരിച്ചത്.

ക്ലിയോപാട്രയുടെ നഗരമായ അലക്സാൺട്രിയായിലേക്കുളള ഹൃദയഹാരിയായ യാത്ര അദ്ദേഹം ഇപ്രകാരം വർണ്ണിക്കുന്നു:

"മാർച്ച് 11-നു രാവിലെ ഒമ്പതര മണിക്കു അലക്സാന്ദ്രിയയിലേക്കുള്ള ട്രെയിനിൽ കയ്റോ വിട്ടു... (കയ്റോ- അലക്സാന്ദ്രിയാ ദൂരം 160 മൈൽ. രണ്ടാം ക്ലാസ് ചാർജ് 74 പി.ടി.) ഈജിപ്തിന്റെ ഉൾനാടുകളിലൂടെയുള്ള ഈ തീവണ്ടിയാത്ര ഉല്ലാസപ്രദമായിരുന്നു. ചോളവയലുകളും ഒട്ടകങ്ങളും മഞ്ഞപ്പരവതാനി വിരിച്ചിട്ടതുപോലെ തോന്നിക്കുന്ന കടുകുകൃഷിപ്പാടങ്ങളും വെള്ളക്കൊറ്റികളും ചതുരാകൃതിയിലുള്ള മേല്പുരയിൽ ചിതകൂട്ടിയപോലെ ചാണകവരടികൾ സംഭരിച്ചുവെച്ചു മൺകുടിലുകളും ആട്ടിൻപറ്റങ്ങളും കഴുതകളും താലവൃക്ഷങ്ങൾ തോരണം തൂക്കിയ തോട്ടുവക്കിലൂടെ നീങ്ങുന്ന കറുത്ത ഉടുപ്പണിഞ്ഞ തീക്കനൽ മുഖികളായ അറബിവനിതകളും എല്ലാം കൂടിച്ചേർന്ന ഗ്രാമരംഗങ്ങൾ മനസ്സിൽ എന്നും തങ്ങിക്കിടക്കും."

ക്ലിയോപാട്രയെപ്പോലെ വശീകരിക്കാൻ സമർത്ഥയാണ് അവളുടെ ഭൂമിയും .

ക്ലാസ്സ് 3

ഈജിപ്തിലെ മുഖ്യസവിശേഷതയാണ് പിരമിഡുകൾ. അവിടത്തെ ചക്രവർത്തിമാരായ ഫറവോമാരുടെ ശവക്കല്ലറകളാണ് പിരമിഡുകൾ. മരണപ്പെട്ട ഫറവോമാരുടെ നിവാസ സ്ഥാനമായാണ് പിരമിഡുകളെ കണക്കാക്കുന്നത്. രാജാവിൻ്റെ ആത്മാവിലൊരു ഭാഗം കർമ്മപൂരണത്തിനായി ഭൂമിയിൽ തങ്ങുമെന്ന വിശ്വാസത്താൽ അതിനു വേണ്ടുന്ന നിത്യോപയോഗ വസ്തുക്കളും ഫറവോവിന് പ്രിയപ്പെട്ട സാമഗ്രികളും ആഡംബര സാമഗ്രികളുമൊക്കെ ഇവിടെ സൂക്ഷിക്കുന്നു. ഡ്‌ജോസെർ (Djoser) രാജാവിനായി സഖാര(Saqqara) എന്ന സ്ഥലത്ത് നിർമ്മിച്ചതാണത്രെ (2630 BC) ഒന്നാമത്തെ പിരമിഡ്. കെയ്റോവിന് (ഈജിപ്ത്) അടുത്ത പ്രദേശമായ ഗിസയിൽ ഖുഫു രാജാവിന് വേണ്ടി നിർമ്മിച്ച പിരമിഡ് (2580–2560 BC) ലോകാത്ഭുതങ്ങളിൽ ഒന്നാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൻ്റെ നിർമ്മിതിയെക്കുറിച്ച് യവനചരിത്രകാരനായ ഹെറഡോട്ടസ് ഇരുപത് വർഷം കൊണ്ട് ഇരുപത് ലക്ഷം പേർ പണിതതാകാമെന്ന് അഭിപ്രായപ്പെടുന്നു. ഇതിനെ Great pyramid (എസ്.കെ.പൊറ്റക്കാടിൻ്റെ ഭാഷയിൽ പെരിയ പിരമിഡ് ) എന്നും വിളിക്കുന്നു.

എസ്.കെ.പൊറ്റക്കാട് പെരിയ പിരമിഡ് സന്ദർശിക്കുന്നു. കൂട്ടിന് ഒരു സഹായിയുമുണ്ട്. ടിക്കറ്റെടുത്ത് ഉള്ളിൽ കയറുന്നതിന് മുന്നേ പിരമിഡിൻ്റെ ബാഹ്യാകാരം വീക്ഷിച്ചു. കാലപ്പഴക്കം സമഗ്രമായി ബാധിച്ചിട്ടില്ല. എങ്കിലും അതിൻ്റെ തൊപ്പിക്കല്ല് അപഹരിക്കപ്പെടുകയോ നീക്കം ചെയ്യുകയോ ഉണ്ടായിട്ടുണ്ട്. അറബിക്കഥകളിലെ ഹാരൂൺ അൽ റഷീദിൻ്റെ പുത്രനായ ഖാലിഫ് മാമൂണിൻ്റെ നിധിമോഹം കാരണത്താലുള്ള അതിക്രമത്തിനും പെരിയ പിരമിഡ് വിധേയമായിട്ടുണ്ട്. ലണ്ടനിലെ പാർലമെൻറ് മന്ദിരങ്ങളും സെൻറ് പോൾ പള്ളിയും പെരിയ പിരമിഡിൽ ഉൾക്കൊള്ളിക്കാനാകുമത്രെ. 

ഗീസയിൽ മൂന്നു പിരമിഡുകളാണ് ഉള്ളത്. അവ നിർമ്മിക്കാനുപയോഗിച്ച കല്ലുകളാൽ ഫ്രാൻസിനു ചുറ്റും ഒരടി കനത്തിലും പത്തടി ഉയരത്തിലും മതിൽ കെട്ടാനാകുമെന്ന് നെപ്പോളിയൻ പറഞ്ഞിട്ടുണ്ട്. ബി.സി.അഞ്ചാം ശതകത്തിൽ പെരിയ പിരമിഡ് സന്ദർശിച്ച ഹെറോഡോട്ടസ് പെരിയ പിരമിഡിനടിയിൽ നൈൽ നദീജലം ഒഴുകിയണയുന്നതിനെക്കുറിച്ചുള്ള കേട്ടുകേൾവി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇടനാഴി ചെന്നു മുട്ടുന്ന, പിരമിഡിലെ വലിയ അറയിലെ മിനുക്കു വേലകൾ പൂർത്തീകരിക്കപ്പെട്ടിട്ടില്ല. കുണ്ടും കുഴിയും നിറഞ്ഞ നിലം. പരുക്കൻ ചുമരുകൾ. ആകപ്പാടെ ഒരു കല്ലുവെട്ടുകുഴിയുടെ മട്ടുണ്ടെന്ന് എസ്.കെ. പറയുന്നു.

തുടർന്ന് പെരിയ പിരമിഡിനുള്ളിൽ തന്നെയുള്ള റാണിയുടെ അറ അദ്ദേഹം സന്ദർശിച്ചു. അതിന് കൂർത്ത മോന്തായ മാണുള്ളത്. കിഴക്കേ ഭിത്തിയിൽ ഒരു മൂലയറയുണ്ട്. അതൊക്കെ കുത്തിത്തുരന്ന് വികൃതമാക്കിയിരിക്കുന്നു, നിക്ഷേപമോഷ്ടാക്കൾ. തുടർന്ന് ഗംഭീരമായി, ചുണ്ണാമ്പു കല്ലുകൾ പതിച്ചു  നിർമ്മിച്ച ഗ്യാലറിയുടെ ഭംഗി അദ്ദേഹം ആസ്വദിച്ചു. തുടർന്ന് രാജാവിൻ്റെ അറ സന്ദർശിച്ചു. മുഴുവനും കരിങ്കല്ലുകൊണ്ട് നിർമ്മിച്ചതാണത്. അവിടെ കണ്ട മൂടിയില്ലാത്ത കരിങ്കൽ പേടകത്തെക്കുറിച്ച് വിവരിക്കുന്നു. രാജാവിൻ്റെ അറയുടെ മോന്തായത്തിൻ്റെ വിശേഷങ്ങളും എസ്.കെ. അവതരിപ്പിക്കുന്നു. ഒമ്പത് കൂറ്റൻ കരിങ്കൽ തുലാനുകൾ മേല്പുരയെ താങ്ങി നിർത്തുന്നു. മോന്തായത്തിൽ അഞ്ച് അറകൾ. അഞ്ചാമത്തെ മോന്തായം കൂർത്തതാണ്. കരിങ്കൽ തുലാനുകളിലെ വിള്ളൽ ഭൂകമ്പത്താൽ പറ്റിയതാകാം. എല്ലാം കണ്ടതിനു ശേഷം പെരിയ പിരമിഡിനുള്ളിൽ നിന്നും പുറത്തു കടന്നു. പെരിയ പിരമിഡിനു മുകളിൽ കയറാനും എസ്.കെ.യ്ക്ക് സാധിച്ചു.

ഗിസയിൽ ചെറിയ പിരമിഡുകൾ വേറെയുമുണ്ട്. തെക്കുഭാഗത്ത് പാതയുടെ അരികിലുള്ള മൂന്ന് ചെറിയ പിരമിഡുകൾ കൂടി എസ്.കെ. പരിചയപ്പെടുത്തുന്നു. ഒന്നാമത്തെ പിരമിഡ് ഫറവോയുടെ റാണിയുടേതാണെന്ന് കരുതപ്പെടുന്നു. രണ്ടാമത്തെ പിരമിഡിനെക്കുറിച്ച് പ്രചാരത്തിലുളള ഒരു കഥ എസ്.കെ. പറയുന്നു. പിരമിഡ് പണിക്ക് ഖജാനയിലെ സമ്പാദ്യം മുഴുവൻ ചെലവാക്കിയ ഫറവോ മകളോട് വേശ്യാത്തെരുവിൽ നിന്ന് പണം സമ്പാദിക്കാൻ പറയുകയും അത് അവൾ സാധിക്കുകയും ചെയ്തത്രെ. തനിക്ക് സ്മാരകമായി ഒരു പിരമിഡ് പണിതു കൊടുക്കണമെന്നും അതിന് ഓരോ പുരുഷനും ഓരോ കരിങ്കല്ല് സംഭാവന ചെയ്യണമെന്നും അവൾ ആവശ്യപ്പെട്ടത്രെ. അതുപ്രകാരം പണിതതാണ് നടുവിലത്തെ പിരമിഡ്. മൂന്നാമത്തേത് രാജാവിൻ്റെ അർദ്ധ സഹോദരിയായ ഹെനൂട്സെൻ്റെതാണ്. അവൾ ഐസിസ് - പിരമിഡുകളുടെ അധിദേവതയെന്ന് അറിയപ്പെടുന്നു.

തുടർന്ന് സ്ഫിങ്സിനെയും സന്ദർശിച്ചു. സിംഹത്തിൻ്റെ ഉടലും മനുഷ്യൻ്റെ ശിരസ്സുമുള്ള രൂപമാണ് ഇതിനുള്ളത്. രാജാവിനോടോ രാജ്ഞിയോടോ ഉള്ള ആദരവ് കാരണമാണിവ നിർമ്മിച്ചു വന്നത്.അതിനാൽ സ്ഫിങ്സിൻ്റെ മുഖം അവരുടേതിന് സദൃശമാകാം. എന്നാൽ പിന്നീട് ശക്തിയും പ്രതാപവും പ്രകടിപ്പിക്കുന്ന നിർമ്മാണങ്ങളായി അവ മാറി. ഗിസയിലെ വലിയ സ്ഫിങ്സിന് 73 മീറ്റർ നീളവും 20 മീറ്റർ ഉയരവുമുണ്ട്.

ഈ അദ്ധ്യായത്തിന് അനുബന്ധമായി 1954 മെയ് 26ന് പെരിയ പിരമിഡിനു സമീപം റോഡ് പണിക്കാർ നിലം കുഴിക്കുമ്പോൾ കണ്ടെത്തിയ വലിയ നിലയറയെക്കുറിച്ചും അവിടെ കണ്ട കപ്പൽ ഘടകങ്ങളെക്കുറിച്ചും വിശദമാക്കുന്നു.

ക്ലാസ്സ് 4

ഈജിപ്തിൻ്റെ തലസ്ഥാനമായ കെയ്റോവിൽ 33 ദിവസം താമസിച്ച ശേഷം എസ്.കെ. വിട പറയുകയാണ്. പലവിധത്തിലും തന്നെ സഹായിച്ച ചില സുഹൃത്തുക്കളുടെ വാങ്മയ ചിത്രങ്ങളാണ് എസ്.കെ.വരക്കുന്നത്. ജമേദാർ റാംജിദാസ്, ഗോവിന്ദൻ കുട്ടി (കുട്ടി എന്ന് മാത്രമായി എസ്.കെ. വിളിക്കും) എന്നിവരെയും അവരുടെ മാളികയെയും അറബിപ്പരിചാരകനെയും അദ്ദേഹം ഓർക്കുന്നു. താഹയെ പരിചയപ്പെട്ടതും (പെരിയ പിരമിഡു സഹായി) അവിടെ വെച്ചാണ്. എസ്.കെ.യുടെ വർണ്ണനാ പാടവം ഇവിടെ കാണാം. ആ വ്യക്തി നമ്മുടെ കൺമുന്നിൽ ഉല്ലസിച്ചു പ്രത്യക്ഷമാകും, എസ്.കെ.യുടെ വർണ്ണന കേട്ടാൽ. " ഒരു ഈജിപ്ഷ്യൻ ജർണലിസ്റ്റും ഇന്ത്യൻ എംബസിയുടെ പ്രസ് അറ്റാഷെ ആപ്പീസിൽ അറബ് പരിഭാഷകനുമായ താഹ - നരച്ച മിഴികളും വലിയ മഞ്ഞപ്പല്ലുകളും കണിവെള്ളരിക്ക പോലത്തെ മുഖവുമുള്ള താഹ "- അദ്ദേഹം എസ്.കെ.യുടെ കയ്റോവിലെ സുഹൃത്തും തത്വോപദേശകനും മാർഗ്ഗദർശിയുമായിരുന്നു.

നൂർ -എൽ - ദീൻ എന്ന ,നല്ല പറങ്കിമാങ്ങപോലത്തെ തുടുത്ത മുഖമുള്ള - പലസ്തീൻകാരനായ സുഹൃത്തിനെയും എസ്.കെ. ഓർക്കുന്നു. മദ്യപാനത്തിൻ്റെ ഇരയായി കരൾ തകർന്ന അയാളെ എസ്.കെ.സഹതാപപൂർവമാണ് സ്മരിക്കുന്നത്. ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണയാൾ. എസ്.കെ.യെ ഭക്ഷണം കഴിക്കാൻ അയാൾ ക്ഷണിക്കും. എസ്.കെ.കഴിക്കുന്നത് താല്പര്യപൂർവം നോക്കിനില്ക്കും, കണ്ണുകളിൽ നനവോടെ.

മറ്റൊരു സുഹൃത്ത് ഓമ്രാൻ മുഹമ്മദലിയാണ്. ഹോട്ടൽ കച്ചവടക്കാരൻ. പക്ഷേ സാഹിത്യാദി കലകളിൽ തല്പരൻ. ഫലിതപ്രിയൻ. അറബി ജീവിതത്തിൻ്റെ ഉള്ളറകൾ തുറന്നു കാട്ടിയത് അദ്ദേഹമാണ്. നൃത്ത പരിപാടികൾക്കും ഉത്സവങ്ങൾക്കുമായി ഓമ്രാൻ വഴികാട്ടിയാകും. "കെയ്റോ വിൽകൂടിക്കോളൂ, മൂന്നു പെണ്ണുങ്ങളെക്കെട്ടാം, ഇഷ്ടമാണെങ്കിൽ ഒന്ന് എൻ്റെ മകളെത്തന്നെ " എന്ന് സരസമായി പറയാനുള്ള ഫലിത ബോധവും സ്വാതന്ത്ര്യവും ഓമ്രാനുണ്ടായിരുന്നു. പിന്നെയും നിരവധി സുഹൃത്തുക്കളും ഹൃദ്യമായ അനുഭവങ്ങളും.

എസ്.കെ.യുടെ യാത്ര ഇനി അലക്സാണ്ട്രിയയിലേക്കാണ്. എറ്റവും പ്രശസ്തമായ പൗരാണിക നഗരം. അലക്സാണ്ടർ ചക്രവർത്തിയാണ് ഈ നഗര സ്ഥാപകൻ(332 ബി.സി.). ഈ നഗരത്തിലെ ദീപസ്തംഭവും  പുരാതനമായ  ഗ്രന്ഥശാലയും  വളരെ  പ്രശസ്തങ്ങളായിരുന്നു. ബി.സി. 332 മുതൽ എ.ഡി. 642 വരെ അലക്സാണ്ട്രിയ ഈജിപ്തിൻ്റെ തലസ്ഥാനമായിരുന്നു. ഒരു പ്രമുഖ വാണിജ്യകേന്ദ്രവും ലോകവുമായി ഈജിപ്തിനെ ബന്ധിപ്പിക്കുന്ന പ്രമുഖ ഘടകവുമായിരുന്നു ആ നഗരം. അലക്സാണ്ടർ, ക്ലിയോപാട്ര (രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിൽ) എന്നീ കീർത്തികേട്ടവരുടെ പേരുകൾ അലക്സാണ്ട്രിയയുമായി കെട്ടുപിണഞ്ഞിരിക്കുന്നു; അതിൻ്റെ വിശിഷ്ടതയായി കലാശിച്ചിരിക്കുന്നു. ചരിത്ര സംഭവങ്ങളാൽ ബഹുലമായ, അറിവിൻ്റെയും പ്രണയത്തിൻ്റെയും സൗരഭ്യം വീശുന്ന, കരുത്തിൻ്റെയും യുക്തിയുടേയും കേദാരമായ കേന്ദ്രത്തിലേക്കാണ് എസ്.കെ. യാത്രതിരിക്കുന്നത്.

ക്ലാസ്സ് 5

അലക്സാൺട്രിയയിയിലേക്കുള്ള ട്രെയിനിലാണ് എസ്.കെ.പൊറ്റക്കാട് ഗോവിന്ദൻ കുട്ടിയോടൊത്ത് യാത്ര ചെയ്തത്. ഹൃദയാകർഷകമായ ഉൾനാടൻ കാഴ്ചകൾ എസ്.കെ.യെ സ്വാഗതം ചെയ്തു. കെയ്റോ വിട്ട് മൂന്നര മണിക്കൂർ കഴിഞ്ഞപ്പോൾ എസ്.കെ.യ്ക്ക് മദ്ധ്യധരണ്യാഴിയുടെ 'ദർശനം' ലഭിച്ചു. (എസ്.കെ.യ്ക്ക് മാത്രം കൈമുതലായ സവിശേഷ പ്രയോഗങ്ങൾക്ക് ഉദാഹരണം) പതിനഞ്ചു മിനുട്ടിനുള്ളിൽ  

അലക്സാൺട്രിയയിൽ എത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഒരു ഡ്രാഗോമൻ പിടികൂടി. ടൂറിസ്റ്റു ഗൈഡുകളെയാണ് ഡ്രാഗോമൻ എന്നു വിളിക്കുന്നത്. അപരിചിത ദേശങ്ങളിലെത്തുമ്പോൾ ഒഴിവാക്കാനാകാത്ത 'സഹായകരമായ ശല്യങ്ങളാ'യാണ് എസ്.കെ. ഇത്തരം വഴികാട്ടികളെ വിശേഷിപ്പിക്കുന്നത്. 

കാറ്റാകൂംബ്സ് : 

അലക്സാൺട്രിയയിലെ ഒരു പ്രധാന കാഴ്ചയാണ് കാറ്റാകൂംബ്സ്. പഴയ റോമൻ ചക്രവർത്തിമാരുടെയും രാജവംശങ്ങളുടെയും മൃതദേഹങ്ങൾ അടക്കിയ അറകളുടെ പരമ്പരയാണത്. ഭൂമിക്കടിയിൽ, കടന്നൽകൂട്ടിലേതു പോലെ തട്ടു തട്ടുകളായി നിർമ്മിച്ച അറകളിൽ ഷെൽഫിൽ ബുക്കുകളെന്ന മട്ടിൽ മൃതശരീരങ്ങൾ നിക്ഷേപിക്കുകയാണ് ചെയ്തിരുന്നത്. നൂറ്റാണ്ടുകളുടെ നാറ്റം വമിക്കുന്ന അന്തരീക്ഷത്തിൽ അധികനേരം നില്ക്കുകയെന്നത്  അസാദ്ധ്യമാണെന്ന് എസ്.കെ. എഴുതുന്നു.

പോംപി സ്തംഭം:

പോംപിയെന്ന ചക്രവർത്തിയുടെ കൊട്ടാരാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന സ്ഥലത്തെ കൂറ്റൻ ശിലാസ്തംഭമാണ് പോംപിസ്തംഭം. റോമൻ മാതൃകയിൽ അഞ്ചു വലിയ ശിലകൾ കൂട്ടിച്ചേർത്തു പണിത, ഇരുവശങ്ങളിലും സ്ഫിങ്സ് പ്രതിമയോടു കൂടിയ, ഡയോക്ലീഷ്യൻ (എ.ഡി.നാലാം ശതകം) സ്മാരകമാണെന്ന് ചരിത്രകാരന്മാർ പറയുന്ന, ഇപ്പോഴും ഉടവുതട്ടിയിട്ടില്ലാത്ത പുരാവസ്തുവാണിത്. പുരാതനാവശിഷ്ടങ്ങൾ ഈ പ്രദേശത്ത് നിരവധിയുണ്ട്.

പുരാതന ഗ്രന്ഥശാല:

എസ്.കെ., അലക്സാൺട്രിയയിലെ പുരാതന ഗ്രന്ഥശാലയുടെ വാങ്മയചിത്രം അവതരിപ്പിക്കുന്നു. ഭൂഗർഭത്തിൽ പ്രാക്കൂട്ടിൻ്റെ ദ്വാരങ്ങൾ പോലുള്ള കൊച്ചു കൊച്ച് അറകളിലാണത്രെ പാപ്പിരസ് ഗ്രന്ഥങ്ങൾ നിക്ഷേപിച്ചിരുന്നത്. വളരെ പ്രശസ്തമായിരുന്നു ഗ്രന്ഥാലയം. അതിൻ്റെ പ്രതാപത്തിൻ്റെ മൂർദ്ധന്യത്തിൽ ഏഴു ലക്ഷത്തിലേറെ കൈയെഴുത്തുപ്രതികൾ ഉണ്ടായിരുന്നത്രെ. ടോളമി ഒന്നാമനായ സൊട്ടേർ സ്ഥാപിച്ച ഈ ഗ്രന്ഥാലയം പിന്തുടർച്ചക്കാർ വളർത്തി. റോം, ഗ്രീസ്, ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിലെ വിജ്ഞാനം സമ്പൂർണ്ണമായും സൂക്ഷിച്ചിരുന്നത് ഇവിടെയാണത്രെ. ജൂലിയസ് സീസറിൻ്റെ 

അലക്സാൺട്രിയ ആക്രമണത്തിൻ്റെ ബഹളത്തിൽ ഈ ഗ്രന്ഥശേഖരത്തിന് തീപ്പിടിച്ചു. ഗ്രന്ഥാലയത്തിൻ്റെ മറ്റൊരു വിഭാഗം സൂക്ഷിച്ച ജൂപ്പിറ്റർ ദേവാലയമായ സെറാപ്യൂം എ.ഡി. 391 ൽ ഒരു കൂട്ടം ക്രിസ്തീയ മത ഭ്രാന്തന്മാർ തീ കൊളുത്തിയതോടെ അതിലെ അമൂല്യ ഗ്രന്ഥശേഖരവും അഗ്നിക്കിരയായി.

ആരോഗ്യം പ്രദാനം ചെയ്യുന്ന, സുഖകരമായ കാലാവസ്ഥയാണ് അലക്സാൺട്രിയയിലേതെന്ന് എസ്.കെ. സ്വന്തം അനുഭവം ഉദാഹരിച്ച്‌ സമർത്ഥിക്കുന്നു.


ക്ലാസ്സ് 6

എസ്.കെ.വളരെയേറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് അലക്സാന്ദ്രിയയിൽ പ്രവേശിച്ചത്. ചരിത്രവും സംസ്കാരവും ഊടും പാവുമായ ഇടം. അതുമാത്രമല്ല, എസ്.കെ.യുടെ ആരാധനാപാത്രമായ ക്ലിയോപാട്രയുടെ നഗരം. അത്ഭുത നഗരി. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ച അനുഭവമാണ് എസ്.കെ.യ്ക്ക് ഉണ്ടായത്. അഴുക്കും ദുർഗന്ധവും കച്ചവടത്തിരക്കും കൊണ്ട് അലങ്കോലമായ അലക്സാന്ദ്രിയയിലാണ് എസ്.കെ. കാലുകുത്തിയത്. തെരുവുവില്പനക്കാരൻ്റെ മോതിരക്കല്ലുകളിൽ മാത്രമാണ് ക്ലിയോപാട്രയുടെ ഓർമ്മകൾ നിലനില്ക്കുന്നത്. വണ്ടിൻ്റെ രൂപത്തിൽ ചെത്തിയെടുത്ത ഒരുതരം നീലക്കല്ലാണ് ക്ലിയോപാട്രയുടെ മോതിരക്കല്ല്.


ക്ലിയോപാട്രയുടെ അലക്സാന്ദ്രിയ ഇന്നില്ല. ക്ലിയോപാട്രയുടെ ശവകുടീരത്തെക്കുറിച്ചും അറിവില്ല. ഇപ്പോഴും ക്ലിയോപാട്രയെ സംബന്ധിക്കുന്ന വിവരങ്ങൾ പലതും നിഗൂഢതയിലാണ്. യഥാർത്ഥത്തിൽ ഈജിപ്തുകാരിയല്ല ക്ലിയോപാട്ര. അവൾ മാസിഡോണിയൻ വെള്ളക്കാരിയായിരുന്നു. ചില നിഗമനങ്ങളെ അടിസ്ഥാനമാക്കി ക്ലിയോപാട്രയുടെ ദേഹ പ്രകൃതിയെ എസ്.കെ.വിവരിക്കുന്നു: " അധികം ഉയരമില്ലാത്ത, കൃശമല്ലാത്ത, എന്നാൽ തെല്ലൊന്നുരുണ്ട, - വെളുത്ത തൊലിനിറമുള്ള ശരീരം, കറുത്ത തലമുടി- നീലക്കരിമിഴികൾ, നീണ്ട അറ്റം വളഞ്ഞ നാസിക." സൗന്ദര്യം പൂർണ്ണത പ്രാപിക്കാത്ത ഒരു പ്രമദ. " എത്ര കിട്ടിയാലും തൃപ്തിവരാത്തതായിരുന്നു അവളുടെ ധനമോഹം, ആർക്കും ശമിപ്പിക്കാൻ കഴിയാത്തതായിരുന്നു അവളുടെ കാമം " എന്ന ഡയോൺ കേഷ്യസ്സിൻ്റെ വാക്കുകൾ എസ്.കെ.ഉദ്ധരിക്കുന്നു. അതോടൊപ്പം വിസ്മയിപ്പിക്കുന്ന സിദ്ധികൾ ഉള്ളവളായിരുന്നു അവൾ. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ളവൾ. മധുരഭാഷിണി. ശരീരവും ശാരീര(ശബ്ദം)വുമായിരുന്നു അവളുടെ കരുത്ത്. സീസർ വധിക്കപ്പെട്ടപ്പോൾ അവൾ മാർക്ക് ആൻ്റണിയെ വിവാഹം ചെയ്തു. ധൈര്യത്തോടൊപ്പം ക്രൗര്യവും അവളുടെ കൂടപ്പിറപ്പായിരുന്നു. ഒരു സഹോദരിയും ഒരു സഹോദരനും അവളാൽ കഥാവശേഷരായി. അടിമകളെ വിഷപരീക്ഷയ്ക്ക് വിധേയരാക്കി. ഉഗ്രസർപ്പങ്ങളെക്കൊണ്ട് കടിപ്പിച്ചു. എസ്.കെ,. ക്ലിയോപാട്രയുടെ ക്രൗര്യത്തെ വർണ്ണിക്കുന്നു: "കാർകൂന്തലിൽ വിഷം തേച്ച വെള്ളപ്പൂക്കളണിഞ്ഞു കൊണ്ടു പുതിയ കാമുകരെ ഉറക്കറയിലേക്ക് ക്ഷണിച്ചു വരുത്തി. ആശ്ലേഷിച്ച്, വിഷത്തിൻ്റെ മോഹ നിദ്രയിൽ മയങ്ങുന്ന ആ പാവങ്ങളെ തൻ്റെ കരിനീലത്തലമുടിക്കയർ കൊണ്ടു കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്നതും അവളുടെ ഒരു കളിയായിരുന്നു. ചോരച്ചൂടോടുകൂടിയ നരമാംസം ( മനുഷ്യമാംസം) അരിഞ്ഞിട്ടു കൊടുത്തു തീറ്റി വളർത്തിയ ആരൽ മത്സ്യങ്ങളായിരുന്നു അവളുടെ പ്രിയപ്പെട്ട- സ്വാദിഷ്ഠമായ - ആഹാരം".

അവളുടെ നർമ്മബോധത്തിനും എസ്.കെ. ഉദാഹരണം നല്കുന്നു. ആൻ്റണിയിട്ട ചൂണ്ടയിൽ ഉണക്കമീൻ കൊരുത്ത് അദ്ദേഹത്തെ വിഡ്ഡിയാക്കിയതും കൂടുതൽ ചെലവു വരുന്ന ഭക്ഷണം ഒരു നേരത്തേക്ക് തയ്യാറാക്കാൻ വേണ്ടി സീസറുമായി പന്തയം വെച്ച്, പാനീയത്തിൽ കർണ്ണാഭരണത്തിലെ മുത്ത് അലിയിച്ചു നല്കി സീസറിനെ പരാജയപ്പെടുത്തിയതും മറ്റും എസ്.കെ.വിവരിക്കുന്നു. 


ക്ലാസ്സ് 7


ടോളമി രാജവംശത്തിലെ ഒടുവിലത്തെ ഭരണാധികാരിയായിരുന്നു ക്ലിയോപാട്ര. ക്ലിയോപാട്രയെന്ന  പദത്തിനർത്ഥം വംശത്തിൻ്റെ കീർത്തി എന്നാണ്. ബി.സി.മൂന്നാം ശതകത്തിലാണ് ടോളമി രാജവംശം സ്ഥാപിതമായത്. അലക്സാണ്ടർ ചക്രവർത്തിയുടെ മാസിഡോണിയൻ സൈന്യാധിപരിലൊരാളായ ലാഗസ്സിൻ്റെ പുത്രനാണ് ടോളമി. അലക്സാണ്ടറുടെ മരണശേഷം ലാഗസ്സ് ഈജിപ്ത് കയ്യടക്കി സ്വയം ചക്രവർത്തിയായി അവരോധിച്ചു. 250ഓളം വർഷം ആ പരമ്പര ഈജിപ്ത് ഭരിച്ചു. മാസിഡോണിയൻ കോളനിയെന്ന നിലയിലാണ് അവർ ഈജിപ്തിനെ കണ്ടത്. വാസ്തു മേഖലയിൽ ഗ്രീക്ക് രീതികളാണ് സ്വീകരിക്കപ്പെട്ടത്. സംസാരിച്ചിരുന്ന ഭാഷയും ഗ്രീക്ക് തന്നെ. വസ്ത്രധാരണവും ഗ്രീക്ക് രീതിയിൽ തന്നെ. അലക്സാന്ദ്രിയയായിരുന്നു റോമൻ സാമ്രാജ്യത്തിലെ രണ്ടാമത്തെ നഗരം.

ദീപസ്തംഭം

അലക്സാന്ദ്രിയയിലെ പ്രധാന കാഴ്ച അന്ന് ദീപസ്തംഭമായിരുന്നു. ക്ലിയോപാട്രയുടെ കാലത്തിന് 200 വർഷം മുമ്പ് നിർമ്മിച്ചതാണത്. ടോളമി ഫിലേഡൽ ഫ്യൂസിൻ്റെ കാലഘട്ടത്തിൽ ഫാറോസ് തുരുത്തിൽ വെണ്ണക്കല്ലിൽ 590 അടി പൊക്കത്തിൽ കെട്ടിയുയർത്തിയ ഈ വിളക്കുമാടത്തെ പുരാതന കാലത്തെ ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കുന്നു. 34 മൈൽ ദൂരത്തോളം ഇതിൽ നിന്നും പ്രകാശം പുറപ്പെട്ടിരുന്നു. 

പൗരസ്ത്യ രാജ്യങ്ങളുടെ വ്യാപാര സിരാകേന്ദ്രമായിരുന്നു അലക്സാന്ദ്രിയ. വാണിജ്യവും സംസ്കാരവും ഉന്നതാവസ്ഥയിലാണെങ്കിലും മതമത്സരങ്ങളും രക്തച്ചൊരിച്ചിലും അതിൻ്റെ ഭാഗമായിരുന്നു. 149798 ൽ കേപ് ഓഫ് ഗുഡ് ഹോപ് വഴി ഇന്ത്യയിലേക്ക് മാർഗ്ഗം കണ്ടെത്തിയത് അലക്സാന്ദ്രിയയുടെ പ്രതാപത്തിന് ഉലച്ചിലുണ്ടാക്കി. പിന്നീട് നെപ്പോളിയൻ്റെ നേതൃത്വത്തിൽ ഫ്രഞ്ച് സൈന്യവും, പിന്നീട് ഒരു കലാപത്തിൻ്റെ പേരിൽ  ബ്രിട്ടീഷ് സൈന്യവും അലക്സാന്ദ്രിയയെ കീഴ്പെടുത്തി. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ് നാവികപ്പടയുടെ പ്രധാന താവളമായിരുന്നു അലക്സാന്ദ്രിയ.

അലക്സാന്ദ്രിയയിലെ പാർക്കുകളുടെ വിസ്തീർണ്ണവും വർണ്ണപ്പൊലിമയും എസ്.കെ.യെ ഹഠാദാകർഷിച്ചു. ശുദ്ധവായുവും ശാന്തിയും വേണമെങ്കിൽ ഈ പാർക്കുകൾ തന്നെ രക്ഷ. അലക്സാന്ദ്രിയയുടെ തെരുവുകളിലൂടെ നടക്കുമ്പോൾ എസ്.കെ.യുടെ മനസ്സ് നിറയെ ക്ലിയോപാട്രയായിരുന്നു. അവളുടെ വിലാസങ്ങളും. അവസാനം ഒരു അണലിപ്പാമ്പിനെ മാറത്തണച്ച് അവൾ അസ്തമിച്ചു. 

ഹോട്ടലിലെ ബെയറർ തന്നെ പറ്റിച്ചുകൊണ്ടിരുന്ന സ്വകാര്യാനുഭവവും എസ്.കെ. പങ്കുവെക്കുന്നു. ആറു ദിവസമാണ് എസ്.കെ. അലക്സാന്ദ്രിയയിൽ ചെലവഴിച്ചത്. തുടർന്ന് ഇറ്റലിയിലെ നേപ്പിൾസിലേക്ക് യൂറോപ്യൻ പര്യടനത്തിനായി അദ്ദേഹം പുറപ്പെട്ടു.

ചരിത്രവും സംസ്കാരവും സ്വകാര്യ നിമിഷങ്ങളും ഒക്കെ വായനക്കാർക്ക് അനുഭവമാക്കിത്തീർക്കാനുള്ള വൈഭവമാണ് എസ്.കെ.യുടെ യാത്രാനുഭവങ്ങൾക്ക് ജനപ്രീതി നേടിക്കൊടുത്തത്. ഒരു കഥ പറയുന്ന ശേലിലാണ് എസ്.കെ. കാര്യം പറയുംക. അത് ഉള്ളിൽ തട്ടും. 
























അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ