മേഘാച്ഛാദിതമായ നക്ഷത്രം: എൻ.ശശിധരൻ

(കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ ഉള്ള, കഥാകൃത്തും നാടക രചയിതാവും നിരൂപകനുമായ എൻ.ശശിധരൻ്റെ മേഘാച്ഛാദിതമായ നക്ഷത്രമെന്ന നിരൂപണത്തിൻ്റെ സംക്ഷേപം)


മേഘത്താൽ ആച്ഛാദിതമായ നക്ഷത്രം. ആച്ഛാദിതമാവുക എന്നാൽ മറയ്ക്കപ്പെടുക എന്നർത്ഥം. മേഘം മറച്ച നക്ഷത്രം. മേഘം നിറഞ്ഞിരിക്കുന്നതിനാൽ നക്ഷത്രത്തെ കാണാൻ സാധിക്കുന്നില്ല. അതിൻ്റെ പ്രഭയും തിളക്കവും കാഴ്ചക്കാരന് അനുഭവവേദ്യമാകുന്നില്ല. ശീർഷകത്തിൻ്റെ വാച്യാർത്ഥം ഇതാണ്.


വിശ്വസാഹിത്യകാരനായ ഡൊസ്റ്റൊയെവ്സ്കിയുടെയും വിശ്വ പ്രസിദ്ധ കലാകാരനായ വാൻഗോഗിൻ്റെയും പിന്മുറക്കാരനായി പരിഗണിക്കാവുന്ന കലാകാരനാണ് ഋത്വിക് ഘട്ടക്ക് എന്ന് എൻ.ശശിധരൻ അഭിപ്രായപ്പെടുന്നു. പ്രതിഭയും കിടയറ്റ സർഗശേഷിയും വേണ്ടുവോളമുണ്ടെങ്കിലും ദാരിദ്ര്യവും ആത്മസംഘർഷവും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലും മൂവരും ഏറെ അനുഭവിച്ചു. ഋത്വിക് ഘട്ടക്കിനെ സംബന്ധിച്ച് സ്വന്തം ജീവിതത്തിലും ചലച്ചിത്രലോകത്തും അദ്ദേഹം അനുഭവിച്ച അവഗണനയുടെയും സംഘർഷത്തിൻ്റെയും ആഴമറിയണമെങ്കിൽ കമലേശ്വർ മുഖർജി രചനയും സംവിധാനവും നിർവഹിച്ച മേഘാ ധാക്കാ താരാ എന്ന ബ്ലാക്ക് വൈറ്റ് ചലച്ചിത്രം കാണണം. കമലേശ്വർ മുഖർജിയുടെ വാക്കുകൾ:

" ഘട്ടക്കിൻ്റെ ജീവിതത്തിൽ നിന്നും സംവിധായക സംരംഭങ്ങളിൽ നിന്നും പെറുക്കിയെടുത്ത ചില വസ്തുതകളുടെ സംയോജനമാണ് എൻ്റെ സിനിമ. ആ പ്രതിഭാശാലിയുടെ മനസ്സ് എങ്ങനെയാണ് പ്രവർത്തിച്ചത് എന്ന് ആവിഷ്കരിക്കുക ഒരു വെല്ലുവിളിയായിരുന്നു. മേഘാ ധാക്കാ താരാ ഒരർത്ഥത്തിലും ജീവചരിത്രപരമായ ഒരു ചലച്ചിത്ര പ്രബന്ധമല്ല. അത് ആ സംവിധായകൻ്റെ മനസ്സിലൂടെയുള്ള ഒരു സൂക്ഷ്മസഞ്ചാരമാണ്."


സങ്കീർണ്ണവും സംഘർഷം നിറഞ്ഞതുമായ ഒരു കലാകാരൻ്റെ മനസ്സ് വളരെയേറെ കലാത്മകമായും ധ്വനിസാന്ദ്രമായും ചലച്ചിത്ര വ്യാഖ്യാനത്തിന് വിധേയമാക്കുന്നത് ആദ്യമായാണ്. ആഖ്യാനം, പരിചരണം, അഭിനയം തുടങ്ങിയ എല്ലാ മേഖലകളിലും വിഗ്രഹഭഞ്ജക മായ പരീക്ഷണങ്ങൾ സാദ്ധ്യമാക്കുന്ന സിനിമയാണ് മേഘാ ധാക്കാ താരാ എന്നതാണ് എൻ.ശശിധരൻ്റെ അഭിപ്രായം. 


വിഖ്യാത കലാകാരനും നാടക രചയിതാവും തെരുവു നാടക പ്രസ്ഥാനത്തിൻ്റെ വക്താവുമായ സഫ്ദർ ഹാശ്മി, ഋത്വിക് ഘട്ടക്കിനെക്കുറിച്ചെഴുതിയ വാക്കുകൾ വളരെ പ്രസക്തമാണ്. മൂവി ക്യാമറയുടെ അപാരത അറിഞ്ഞ് പ്രവർത്തിച്ച കലാകാരനാണ് ഋത്വിക് ഘട്ടക്ക്. അമിതമദ്യപാനവും സ്വയം നശിപ്പിക്കുന്ന മട്ടിലുള്ള അരാജകവാദവും കൊണ്ട് ഉലഞ്ഞ ജീവിതം നയിക്കുന്ന നീലകാന്ത് ബാഗ്ച്ചി എന്ന സാങ്കല്പിക കഥാപാത്രത്തിലൂടെയാണ് കമലേശ്വർ മുഖർജി ഘട്ടക്കിൻ്റെ ജീവിതം അനാവരണം ചെയ്യുന്നത്. (ഘട്ടക്കിൻ്റെ ആത്മകഥാപരമായ 'ജുക്തി തക്കൊ ഓർ ഗപ്പോ' എന്ന സിനിമയിൽ അദ്ദേഹം തന്നെ ജീവൻ കൊടുത്ത കഥാപാത്രമാണ് നീലകാന്ത് ബാഗ്ച്ചി). കൽക്കത്തയിലെ ഒരു മനോരോഗ ചികിത്സാ കേന്ദ്രത്തിൽ ബാഗ്ച്ചി അന്തേവാസിയാകുന്നു. ബാഗ്ച്ചിയോടുള്ള ആത്മബന്ധം കൈവിടാതെ ജീവിതത്തോട് പൊരുതുകയാണ് അദ്ദേഹത്തിൻ്റെ ഭാര്യയായ ദുർഗ്ഗ. ആശുപത്രിയിലെ മനോരോഗ വിദഗ്ദനായ ഡോ.മുഖർജിയുമായി മനസ്സുതുറക്കുന്ന മട്ടിലാണ് ഇതിൻ്റെ ആഖ്യാനം. 


ബാഗ്ച്ചിയെന്ന കഥാപാത്രത്തിൻ്റെ വ്യക്തി സംഘർഷങ്ങളും സർഗാത്മക പ്രതിസന്ധികളും പ്രകാശിപ്പിക്കുന്നുവെന്നതിനേക്കാൾ പ്രസ്തുത സിനിമ കലാകാരൻ എന്ന 'ആർക്കിടൈപ്പിനെ 'യാണ് അഭിസംബോധന ചെയ്യുന്നത്. എൻ. ശശിധരൻ വ്യക്തമാക്കുന്നു:

"വ്യക്തിയും സമൂഹവും തമ്മിലുള്ള അനന്ത വ്യവഹാരങ്ങൾക്കിടയിൽ കലാകാരന്മാർ എങ്ങനെ തൻ്റെ സ്വത്വത്തെ സ്വയം തിരിച്ചറിയുന്നു എന്നും പിറന്ന മണ്ണിൻ്റെയും സഹജീവികളുടെയും ജൈവപ്രേരണകൾ എങ്ങനെ കലാകാരൻ്റെ പ്രകൃതവും ലോകവീക്ഷണവും രൂപപ്പെടുത്തുന്നു എന്നും അടിവേർതലത്തിൽ ചർച്ച ചെയ്യാനുള്ള പ്രേരണയായിത്തീരുന്നുണ്ട് ഈ സിനിമ ". 


ഈ സിനിമയിൽ ഘട്ടക്കിൻ്റെ സിനിമകളിലെ ക്ലിപ്പിങ്ങുകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. പ്രതീകാത്മക സൂചകങ്ങളിലൂടെ ലോകത്തെമ്പാടുമുള്ള കലാകാരൻ്റെ ദയനീയത ആവിഷ്ക്കരിക്കാനാകുന്നുണ്ട്. ഋജുവല്ലാത്ത ആഖ്യാനം, ദൃശ്യങ്ങളുടെ ബോധധാരാ സ്വഭാവം, വൈകാരികമായ സങ്കീർണ്ണതയും സംവിധായകൻ പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഒരു കലാകാരനെക്കുറിച്ചുള്ള സിനിമ എപ്രകാരമായിരിക്കണം എന്നതിൻ്റെ ഉത്തരമാണ് കമലേശ്വർ മുഖർജി നല്കുന്നത്.  


നീലകാന്ത് ബാഗ്ച്ചിയെ തിരിച്ചറിയാൻ സമൂഹത്തിന് കഴിയുനില്ല. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ പോലും അയാളെ വിമർശിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്നു. ബാഗ്ച്ചിയുടെ മൂന്നു സിനിമകളിൽ രണ്ടെണ്ണം തീർത്തും പരാജയപ്പെടുന്നു. മേഘാ ധാക്കാ താരെയിൽ പുകവലിയും മദ്യപാനവും ചിത്രത്തിൻ്റെ പ്രത്യയശാസ്ത്രമെന്ന നിലയിലാണ് ഉപയോഗിച്ചിട്ടുള്ളത്. അഭയാർത്ഥിയായി ജന്മദേശത്തേക്ക് തിരിച്ചു പോകുന്ന പരിണാമം ബാഗ്ച്ചിക്കായി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിലും ബാഗ്ച്ചി നാടകം സംവിധാനം ചെയ്യുന്നു. അതിനിടയിൽ തന്നെ രോഗം വർദ്ധിക്കുമ്പോൾ ഷോക്ക് ട്രീറ്റ്‌മെൻ്റ് നല്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിലൊക്കെ സംവിധായകൻ പകരുന്ന ദൃശ്യഭാഷ്യം അവിസ്മരണീയമാണ്. ഘട്ടക്ക് ജീവിച്ച കാലം മുഴുവൻ സിനിമയുടെ ഭാഗമാകുന്നു. സർഗ്ഗാത്മകതയുടെ മഞ്ഞ വെളിച്ചമാണ് മേഘാ ധാക്കാ താരെയിൽ തെളിഞ്ഞു കാണുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ