ചിദംബര സ്മരണയെക്കുറിച്ച്


 ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ അനുഭവങ്ങളും ഓർമ്മകളുമാണ് ചിദംബര സ്മരണയുടെ കനൽ. ഋജുവായ ആഖ്യാനം. ജീവിതത്തിൻ്റെ സാർത്ഥകതയിലേക്കുള്ള അർത്ഥാന്തരം ചുള്ളിക്കാടിൻ്റെ രചനകളുടെ പൊരുളാകുന്നു. വളരെ നൈമിഷികമായ ജീവിതാനുഭവങ്ങൾ പോലും തീവ്രവും തീക്ഷ്ണവുമായ പുകച്ചിൽ ഹൃദയത്തിലുളവാക്കാൻ സമർത്ഥങ്ങളാണ്. ബാല ചാപല്യങ്ങളും കൗമാരത്തിൻ്റെ ഭ്രമങ്ങളും യുവത്വത്തിൻ്റെ എടുത്തു ചാട്ടങ്ങളും മോഹഭ്രംശങ്ങളും ആത്മാഭിമാനത്തിൻ്റെ മകുടത്തിനേറ്റ ക്ഷതങ്ങളും സമർത്ഥമായി, ആഖ്യാതാവിനോട് ആസ്വാദകനെ സമരസപ്പെടുത്തും വിധം ആഖ്യാനം ചെയ്യാൻ സാധിച്ചിരിക്കുന്നുവെന്നതാണ് സമാനസ്വഭാവമുള്ള കൃതികളിൽ നിന്നും ചിദംബര സ്മരണയെ വേറിട്ടതാക്കുന്നത്.


1. ഋജുവായ ആഖ്യാനം

2. സുതാര്യമായ അവതരണം.

3. സമൂഹത്തിനു മുമ്പേയുള്ള തുറന്നു പറച്ചിൽ

4.വികാരവിചാരങ്ങളുറ്റ വ്യക്തി തന്നെയാണ് താനെന്ന ബോധം.

5. അന്യൻ്റെ വേദനയെ തൻ്റേതാക്കി മാറ്റുന്ന എമ്പതി.( താദാത്മീകരണം)

6. തെറ്റുപറ്റാത്തവർ കല്ലെറിയട്ടെ എന്ന വെല്ലുവിളി മനോഭാവം.

7. സഹജീവി സ്നേഹം.

8.അതിജീവനത്തിനുള്ള കൊതി. 

9. പരിഗണനയ്ക്കു വേണ്ടിയുള്ള ദാഹം.

10. പിശകുകളിൽ ഉൾത്താപം


എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ചിദംബര സ്മരണയിൽ കാണാം. ഉള്ളിലെ കനൽ വെണ്ണ പോലെ ആഖ്യാനം ചെയ്തവതരിപ്പിക്കാനുള്ള വിരുതാണ് ചുള്ളിക്കാടിൻ്റെ കൃതിയെ സവിശേഷമാക്കുന്നത്. ഹൃദയത്തിൻ്റെ ശുദ്ധിയും കരുത്തും ഭാഷയെ ലളിതവും മോഹനവുമാക്കുന്നു. കവിതയിലെന്ന പോലെ ഗദ്യത്തിലും തൻ്റെ മികവ് അദ്ദേഹം പ്രകടമാക്കുന്നു. രൂക്ഷമായ ബിംബങ്ങൾ കവിതയിൽ അവതരിപ്പിക്കുന്നതിൽ സമർത്ഥനായ ചുള്ളിക്കാട് ദീപ്രമായ ജീവിതാനുഭവങ്ങളിൽ നിന്നാണ് അവ സ്വരൂപിച്ചതെന്ന് ആത്മാനുഭവ കഥനം വ്യക്തമാക്കുന്നു. ഓരോ വാക്കിലും വിയർപ്പ്, കണ്ണീര്, രക്തം എന്നീ ജീവസ്രവങ്ങളിലേതിൻ്റെയെങ്കിലും സ്പർശം വായനക്കാരന് അനുഭവപ്പെടും. സമൂഹത്തിൻ്റെ കറ പുരണ്ടതെങ്കിലും നിഷ്കളങ്കമായ ഒരു പരിച്ഛേദം ഇവിടെ കാണാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ