അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും' ഒരു കുറിപ്പ്

 

'അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും' എന്ന കൃതി ശ്രദ്ധേയമാകുന്നത് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലുൾപ്പെടുന്ന / തിരസ്കൃതരായ / പ്രതിഷേധം കാരണം മുഖ്യധാരയിൽ നിന്നും മന:പൂർവം വിട്ടകന്ന വ്യക്തികളുടെ ജീവിതാഖ്യാനം എന്ന നിലയിലാണ്. ഇത് അഭിമുഖങ്ങളിലൂടെയുള്ള ജീവിത കഥനമാണ്, അഥവാ ജീവിതചിത്രണമാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെയല്ല, നിരവധി വ്യക്തികളുടെ ജീവിത സന്ദർഭങ്ങളിലെ സംഘർഷോന്മുഖ നിമിഷങ്ങളാണ്, സങ്കടഭരിതവും യാതനാപൂർണ്ണവുമായ ജീവിതപർവങ്ങളാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ആർക്കും വേണ്ടാത്തവനും പുറന്തള്ളപ്പെട്ടവനും സ്വയം പുറത്താക്കിയവനും പറയാൻ ചരിത്രമുണ്ട്; കഥയുണ്ട്. അതിൽ കാലവും ദേശവും സമൂഹവും സ്പന്ദിക്കുന്നു. 


ഇത്തരമൊരു കൃതിയുടെ രചയിതാവ് താഹ മാടായിയാണ്. എഴുത്തുകാരൻ, ജീവചരിത്രകാരൻ, ആനുകാലികങ്ങളിൽ കോളമെഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം അറിയപ്പെടുന്നു. ദളിതവിഭാഗങ്ങളിലും സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തപ്പെട്ട വിഭാഗങ്ങളിലെയും പ്രധാനികളുടെ അനുഭവങ്ങൾ പൊതുമണ്ഡലത്തിനു മുന്നിൽ തുറന്നവതരിപ്പിക്കാൻ താഹ മാടായി ശ്രമിക്കുന്നു. ഏറ്റവും പിന്നോക്കക്കാരനും നികൃഷ്ടനെന്നാരോപിച്ച് പുറന്തള്ളപ്പെട്ടവനും ചരിത്രവും സാഹിത്യവുമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് താഹ. ഇരുപതോളം കൃതികൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. മാമുക്കോയ, ദേശമേ ദേശമേ ഇവരുടെ ജീവിതവർത്തമാനം കേൾക്ക്, നഗ്നജീവിതങ്ങൾ, ഉപ്പിലിട്ട ഓർമ്മകൾ, നൂറ് മനുഷ്യർ എന്നിങ്ങനെ വൈവിദ്ധ്യമുള്ള കൃതികളാണ് അദ്ദേഹത്തിൻ്റേത്. 


ചരിത്രത്തിൻ്റെ മുഖ്യധാരയിൽ നിന്നും സാഹിത്യത്തിൻ്റെ പൊതു സരണിയിൽ നിന്നും നിഷ്കാസിതരായ ജന്മങ്ങൾക്ക് അവരുടെ അനുഭവകഥനങ്ങൾ ജീവിതമെഴുത്തായി താഹ മാടായി പ്രകാശനം ചെയ്യുമ്പോൾ മർദ്ദിതൻ്റെ അവകാശ പ്രഖ്യാപനം കൂടിയായി അവ രൂപാന്തരപ്പെടുന്നു. എങ്ങനെയാണ് ഒരു സമൂഹം പാർശ്വവത്കരിക്കപ്പെടുന്നത്? വ്യക്തികൾ മുഖ്യധാരയിൽ നിന്നും ബഹിഷ്കൃതരാകുന്നത്? സ്വയം ഒളിക്കേണ്ടി വരുന്നത്? എന്താണ് മുഖ്യധാര?  മുഖ്യധാരയെന്ന പ്രയോഗത്തിന് അധികാരവുമായും ജാതി/മത സാമൂഹിക ശ്രേണികളുമായും ബലപ്രയോഗവുമായും സമൂഹത്തിൻ്റെ പൊതുഗതി നിർണ്ണയിക്കുന്ന പ്രമുഖ ഘടകം എന്ന നിലയിലും ബന്ധവും വ്യവഹാരവുമുണ്ട്. മേൽക്കൊയ്മയുടെ ബൗദ്ധികവും ജ്ഞാനപരവും അധികാരസംബന്ധിയുമായ ഇടം സ്വായത്തമാക്കുന്നവരുടെ ഗണമാണ് മുഖ്യധാരയിൽ പ്രത്യക്ഷമാകുന്നത്. അതിൻ്റെ ഗതിയിൽ വേണ്ട വിഭവങ്ങൾ പ്രദാനം ചെയ്യുന്ന വർഗ്ഗങ്ങളും വിഭാഗങ്ങളും വെറും പോഷകദായികൾ മാത്രമായി പരിമിതപ്പെട്ടു. അധികാരവും ജ്ഞാനവും  ചരിത്രവും സാഹിത്യവും സ്വായത്തമാക്കിയ മുഖ്യധാര എന്നും വരേണ്യപക്ഷമായിരുന്നു. ചരിത്രം 'നിർമ്മിച്ചത് ' അവരായിരുന്നു. ഭൂരിപക്ഷമെങ്കിലും അധികാരവും അറിവുമില്ലാത്ത പാവങ്ങൾ തിരസ്കൃതരായി ചരിത്രത്തിനും അറിവിനും പിടികൊടുക്കാതെ ഇരുട്ടിലാണ്ടു. ദളിതരെന്നറിയപ്പെടുന്ന സകല പിന്നാക്ക വിഭാഗങ്ങളും ലിംഗനീതി നിഷേധിക്കപ്പെട്ട പാവങ്ങളും വ്യവസ്ഥാപിതത്വത്തിനെതിരെ കലഹിച്ച വിപ്ലവകാരികളും അക്ഷരവും വികസനവും നിഷേധിക്കപ്പെട്ട ഗണങ്ങളുമൊക്കെ പാർശ്വവത്കൃത വിഭാഗങ്ങളായി.(Marginalised groups). സ്വന്തമായ ബലം തിരിച്ചറിയാതെ പോയവർ. അധികാരത്തിൻ്റെ സാദ്ധ്യതകളറിയാത്തവർ. അക്ഷരപ്പൊരുളിൽ നിന്നും അകറ്റി നിർത്തപ്പെട്ടവർ. പൊതുവീഥികളിൽ നിന്നും പൊതു വിദ്യാലയങ്ങളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും ബഹിഷ്കരിക്കപ്പെട്ടവർ. അവരുടെ ദു:ഖവും യാതനയും രോഷവും പരിദേവനവും പ്രത്യാശയും ആവിഷ്കരിക്കുകയാകുന്നു താഹ മാടായി.


ഈ കൃതിക്ക് ഒരു ഉപശീർഷകം കൂടിയുണ്ട്: ഓർമ്മ കൊണ്ടുള്ള പ്രതിരോധം. താഹ അഭിമുഖം നടത്തുന്നവർ ഡോക്യുമെൻ്റുകൾ കൊണ്ട് തെളിവ് നിരത്താൻ കഴിവുള്ളവരല്ല. അവർക്ക് ഓർമ്മകൾ മാത്രമാണ് ഡോക്യുമെൻ്റ്. മറ്റൊരു തെളിവും ഹാജരാക്കാനില്ല. എന്നാൽ അവരുടെ ഓർമ്മകൾക്ക് വല്ലാത്ത ആർജ്ജവവും യുക്തിയുമുണ്ട്. സത്യത്തിൻ്റെ വലക്കണ്ണികളാലാണ് ഓരോ ഓർമ്മകളും നെയ്തിരിക്കുന്നത്. ഓർമ്മകളിലൂടെ ആധുനിക മുഖ്യധാരാ സമൂഹത്തിൻ്റെ ഹിംസാത്മകതയ്ക്കെതിരെ പ്രതിരോധം ചമയ്ക്കുകയാണ് അവർ.


' അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും' എന്ന ശീർഷകമാണ് താഹ മാടായി നല്കിയിരിക്കുന്നത്. സാധാരണമല്ലാത്തതാണല്ലോ അസാധാരണം.  ഇവിടെ അസാധാരണം എന്ന പദം പതിവ് വിട്ട് സാഹസികം എന്ന അർത്ഥം സ്വരൂപിക്കുന്നത് കാണാം. ജാതീയത കാരണം ദാക്ഷായണിയെന്ന സുലോചന ടീച്ചർ നേരിട്ട ദുരനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ് 'അടിയാറ് ടീച്ചർ' എന്ന ജീവിതാഖ്യാനം. തൻ്റെ ആദർശങ്ങൾക്കനുസൃതമായ ചുറ്റിക്കറങ്ങലിൻ്റെ അവസാനം ഒറ്റപ്പെട്ടു പോയ വിഷ്ണു ഭാരതീയനെ 'ആർക്കും വേണ്ടാത്ത ചരിത്ര നായകൻ' എന്ന അദ്ധ്യായത്തിൽ അവതരിപ്പിക്കുന്നു. പയ്യന്നൂരിൻ്റെ സമര പുരുഷനായ സുബ്രഹ്മണ്യ ഷേണായിയുടെ ആരും പറഞ്ഞു കേൾക്കാത്ത രാഷ്ട്രീയ കുടുംബ ജീവിത കഥയാണ് 'അരിവാൾ ചുറ്റികയും രേവതി നക്ഷത്രവും'. അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ഭരണകൂട ഭീകരതയ്ക്കിരയായ മകനു വേണ്ടി, അവന് എന്തു സംഭവിച്ചുവെന്നതറിയാനായി നിയമയുദ്ധം നടത്തിയ ഈച്ചരവാരിയർ എന്ന പിതാവിൻ്റെ അനുഭവങ്ങളാണ് 'അച്ഛൻ'. മുസ്ലീം സമുദായത്തിലെ പാർശ്വവത്കൃതരായ, മുക്രികളെ  പ്രതിനിധീകരിക്കുന്നു, ബദർ അലീക്കയെന്ന കുട്ടികളുടെ 'മിഠായി ഉപ്പാപ്പ'യുടെ അനുഭവകഥനം. ആന സ്നേഹിയായ ചോമ്പാളൻ അലിയെന്ന ആനയുപ്പാപ്പയുടെ ദാരിദ്ര്യത്തിൽ നിന്നുള്ള പടവുകയറ്റവും ആനക്കാരനാകണമെന്ന മോഹസാക്ഷാത്കാരവും 'ൻ്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ' പ്രകാശിപ്പിക്കുന്നു. പാദുകങ്ങളിലേക്കും ജീവിതത്തിലേക്കുമുള്ള പാർശ്വവത്കരിക്കപ്പെട്ടവൻ്റെ നോട്ടമാണ് 'കുപ്പുസ്വാമി എന്ന ചെരുപ്പുകുത്തി'. തീവണ്ടിയിൽ പാടി ജീവിക്കുന്ന അന്ധഗായകനായ കൃഷ്ണൻകുട്ടിയേട്ടൻ്റെ അനുഭവങ്ങളാണ് 'പാട്ടുകാരാ,കേൾക്കട്ടെ നിൻ്റെ പഴയ പാട്ടുകൾ.' 


ഇപ്രകാരം ഒറ്റപ്പെട്ടവരുടെയും മുഖ്യധാരാ സമൂഹം കേൾക്കാനാഗ്രഹിക്കാത്തവരുടെയും ജീവിതവും പോരാട്ടവുമാണ് താഹ അവതരിപ്പിക്കുന്നത്. സ്വത്വത്തിൻ്റെ അംഗീകാരമെന്ന നിലയിൽ ഈ ആഖ്യാനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. 





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ