മൃത്യുഞ്ജയം കാവ്യജീവിതം: പ്രൊഫ. എം.കെ.സാനു


 (കണ്ണൂർ സർവകലാശാല - ബി.എ./ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ സിലബസ്സിൽ ജീവചരിത്രമെന്ന മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച എം.കെ.സാനുവിന്റെ 'മൃത്യുഞ്ജയം കാവ്യജീവിതം' എന്ന കൃതിയിലെ പാഠഭാഗ സംക്ഷേപം)


മലയാള സാഹിത്യ ചരിത്രത്തിന് തനതു സംഭാവനകൾ അർപ്പിച്ച സാഹിത്യകാരനാണ് പ്രൊഫസർ എം.കെ.സാനു. നിരൂപണ മേഖലയിലും ജീവചരിത്ര മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിയമസഭാംഗമായും പുരോഗമന കലാസാഹിത്യ സംഘം പ്രസിഡണ്ടും പ്രവർത്തിച്ചു. അവധാരണം, അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്,ശ്രീനാരായണ ഗുരു, സഹോദരൻ കെ.അയ്യപ്പൻ, ചങ്ങമ്പുഴ കൃഷ്ണപ്പിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീർ- ഏകാന്തവീഥിയിലെ അവധൂതൻ, ഉന്നതാത്മാക്കളുടെ ജീവചരിത്രം, എം.ഗോവിന്ദൻ, യുക്തിവാദി എം.സി.ജോസഫ് തുടങ്ങിയവർ അദ്ദേഹത്തിന്റെ കൃതികളാണ്. വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, അബുദാബി അവാർഡ്, പി.കെ.പരമേശ്വരൻ നായർ പുരസ്കാരം മുതലായവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിൻറെ വിശിഷ്ടമായ ഒരു സംഭാവന കൂടി മലയാള ജീവചരിത്ര സാഹിത്യത്തിനുണ്ട്. അത് മലയാളത്തിലെ അനശ്വരനായ മഹാകവി എൻ.കുമാരനാശാന്റെ ജീവചരിത്രമാണ്. മൃത്യുഞ്ജയം കാവ്യജീവിതം എന്ന പേരിൽ അത് പ്രസിദ്ധീകരിച്ചു.


എന്താണ് ജീവചരിത്രം? സുന്ദരമായ സാഹിത്യ ഭാഷയിൽ ഒരാൾ മറ്റൊരാളുടെ ജീവിതകഥയെഴുതുന്നതാണ് ജീവചരിത്രം. ബയോഗ്രാഫി എന്നാൽ ഇംഗ്ലീഷ് പദം. ജീവിത രീതി എന്നർത്ഥം വരുന്ന ബയോസ് എന്ന പദവും വൃത്താന്തം അഥവാ ചരിത്രം എന്ന അർത്ഥം വരുന്ന ഗ്രാഫിയ എന്ന പദവും സങ്കലനം ചെയ്താണ് ബയോഗ്രാഫിയ എന്ന ഗ്രീക്ക് പദം ഉടലെടുത്തത്. 1683ൽ ജോൺ ഡ്രൈഡൻ എന്ന ഇംഗ്ലീഷ് സാഹിത്യകാരണത്രെ ബയോഗ്രാഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഒരു വ്യക്തിയുടെ ചിന്തകളും പ്രവൃത്തികളും അനുഭവങ്ങളും ജീവചരിത്രത്തിൽ വിവരിക്കുന്നത്. ഒരു കഥാഖ്യാനമെന്ന മട്ടാണ് അതിന് സ്വീകാര്യമായിട്ടുള്ളത്. കലാസൃഷ്ടിയെന്ന നിലയിൽ തയ്യാറാക്കിയ ഒരു വ്യക്തിയുടെ സത്യസന്ധമായ ജീവിത രേഖയാണ് ജീവചരിത്രമെന്ന നിർവചനമാണ് ഹാരോൾഡ് നിക്സൺ നൽകിയിട്ടുള്ളത്. ചിത്രരചന പോലെയൊരു കലയാണ് ഈ പക്ഷമാണ് ആന്ദ്രെ മോർവ എന്ന ചിന്തയാണ്. ജീവചരിത്രം സത്യസന്ധമായ ഒരു രേഖയാകണമെന്ന് ഒരു പക്ഷമുണ്ട്. ചരിത്ര പുരുഷനെ വ്യക്തിപരമായും മനശ്ശാസ്ത്രപരമായും വൈജ്ഞാനികമായും വളരെ അടുത്ത് നിന്ന് പഠിക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് വളരെ ചൈതന്യവത്തായ ഒരു ജീവചരിത്രം എഴുതാൻ സാധിക്കൂ. നിഷ്പക്ഷമായ സമീപനവും ത്യാജ്യ ഗ്രാഹ്യ വിവേചന ബോധവും ജീവചരിത്രകാരന് അനിവാര്യമാണ്.

പ്ലൂട്ടാർക്ക് (കൃ.വ.46-120) എഴുതിയ ലെവിൻ എന്ന ഗ്രന്ഥമാണത്രെ ലക്ഷണ യുക്തമായ ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം. അതിനു മുമ്പും വിവിധ ലോകഭാഷകളിൽ ഇത്തരം രചനകൾ നടന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് കൂടിയാണ് ഭാരതീയ ഭാഷകളിൽ ഒരു സാഹിത്യ ശാഖയെന്ന നിലയിൽ ജീവചരിത്ര സാഹിത്യം വളർന്നുവന്നത്.


മലയാളത്തിൽ ആദ്യമായുണ്ടായ ജീവചരിത്ര ഗ്രന്ഥം മർസിനോസ് പുരോഹിതൻ ഇറ്റാലിയൻ ഭാഷയിൽ നിന്ന് വിവർത്തനം ചെയ്ത 'വിശുദ്ധ ത്രേസ്യയുടെ ചരിത്ര നിക്ഷേപം' (1886) എന്ന കൃതിയാണ്. പരിഭാഷയിലൂടെ വിശാഖം തിരുനാൾ മഹാരാജാവും മികച്ച തുടക്കം കുറിച്ചു. 1895-ൽ മഹാരാജാവിന്റെ നിർദ്ദേശപ്രകാരം കേരള വർമ്മ വലിയകോയിത്തമ്പുരാൻ മഹാചരിത്ര സംഗ്രഹം പ്രസിദ്ധീകരിച്ചു. അതിൽ 107 ജീവചരിത്രങ്ങൾ ഉള്ളടങ്ങുന്നു. വിരലിൽ എണ്ണാവുന്ന ചില കൃതികൾ തുടർന്നു പ്രസിദ്ധീകരിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള 1912ൽ കാൾ മാർക്സിനെപ്പറ്റി എന്ന ജീവചരിത്ര ഗ്രന്ഥമെഴുതി. മോഹൻ ദാസ് ഗാന്ധി എന്ന പേരിൽ 1913 ൽ ഗാന്ധിജിയെക്കുറിച്ചും അദ്ദേഹം ചരിത്രമെഴുതി. 


ഒരു മലയാളി മറ്റൊരു മലയാളിയെക്കുറിച്ചെഴുതിയ ആദ്യത്തെ ജീവചരിത്രമാണ്, 'ചിത്രമെഴുത്ത് കോയിത്തമ്പുരാൻ'. പി.എൻ.നാരായണപിള്ളയാണ് രചയിതാവ്. മലയാള ജീവചരിത്രകാരന്മാരിൽ പ്രമുഖരാണ് പി.കെ.പരമേശ്വരൻ നായർ, എൻ.ബാലകൃഷ്ണൻ നായർ എന്നിവർ ഈ മേഖലയിൽ ശ്രദ്ധേയരായ എഴുത്തുകാരി.ശ്രദ്ധേയങ്ങളായ ചില ജീവചരിത്ര കൃതികൾ:

(കൃതി, എഴുത്തുകാരൻ എന്ന ക്രമത്തിൽ.)

കണ്ടത്തിൽ വറുഗീസ് മാപ്പിള -എ.ഡി.ഹരി ശർമ്മ

കേരളവർമ്മ ദേവൻ- പി.അനന്തൻ പിള്ള

ദസ്തയേവ്സ്കിയുടെ കഥ- കെ.സുരേന്ദ്രൻ

മഹാകവി കുഞ്ചൻ നമ്പ്യാർ - ടി.എം.ചുമ്മാർ

കേസരിയുടെ കഥ - കെ.പി .ശങ്കരമേനോൻ

മൂർക്കോത്ത് കുമാരൻ - മൂർക്കോത്ത് കുഞ്ഞപ്പ

മൂലൂർ എസ്.പത്മനാഭപ്പണിക്കർ - സത്യപ്രകാശം

കുമാരനാശാൻ -എം.കെ.കുമാരൻ

ദേവ് കേശവദേവ് - ജി.എൻ.പണിക്കർ

അമരകവി ടാഗോർ - തായാട്ട് ശങ്കരൻ


ചില ഉദാഹരണങ്ങൾ മാത്രം. ഒന്നു പരിചയപ്പെടാൻ. നിരവധി അതുല്യങ്ങളായ കൃതികൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്.



2


കുമാരനാശാനെക്കുറിച്ച് പ്രൊഫസർ എം.കെ.സാനു എഴുതിയ ജീവചരിത്രമാണ് 'മൃത്യുഞ്ജയം കാവ്യജീവിതം. അതിൽ 'നിത്യതയിൽ ഒരു നീർപ്പോള' എന്ന അദ്ധ്യായം മുതൽ 'വിവർത്തനം ആത്മാവിഷ്കാരം' എന്ന അദ്ധ്യായമടക്കം നാല് അദ്ധ്യായങ്ങളാണ് പാസോ ഭാഗത്തിൽ ഉൾപ്പെടുന്നത്. കുമാരനാശാന്റെ ജീവിതം, കാവ്യപ്രവർത്തനങ്ങൾ, സാമുദായിക പ്രവർത്തനങ്ങൾ, കത്തുകൾ, വിചാരങ്ങൾ, നിലപാടുകൾ എന്നിവയെ ആധാരമാക്കിയാണ് സർഗ്ഗാത്മക മട്ടിലുള്ള ഈ ജീവചരിത്രരചന എം.കെ.സാനു നിർവഹിച്ചിട്ടുള്ളത്. തെളിവുറ്റ ഭാഷയിൽ ഹൃദയാവർജകമായാണ് അദ്ദേഹം

വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്.


നിലവിലുള്ള വ്യവസ്ഥാപിത രീതികളോട് സാഹിത്യത്തിലൂടെയും സാമുദായിക പ്രവർത്തനത്തിലൂടെയും കലഹിച്ച എഴുത്തുകാരനാണ് കുമാരനാശാൻ.1873 ൽ തിരുവനന്തപുരത്ത് ചിറയിൻകീഴ് താലൂക്കിൽ കായിക്കരയിൽ തൊമ്മൻവിളാകം എന്ന പുരാതന ഗ്രാമത്തിലാണ് കുമാരനാശാൻ ജനിച്ചത്. പിതാവ് പുത്തൻ കടവത്ത് നാരായണൻ. നാരായണൻ പെരുങ്കുടി എന്ന് അദ്ദേഹം അറിയപ്പെട്ടു. ധനസമൃദ്ധിയും പണിക്കർ സ്ഥാനവുമുള്ള കരുനാഗപ്പള്ളി താലൂക്കിലെ തഴവാ വട്ടത്തുമുറിയിൽ തൊടിയിൽ വീട്ടിലെ ഒരംഗമായിരുന്നു അദ്ദേഹം. സമർത്ഥനും പൊതുകാര്യപ്രസക്തനുമായ

നാരായണൻ പെരുങ്കുടിയായിരുന്നു ആദ്യമായി ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നതിനു പിന്നിലെ പ്രധാന പ്രചോദന ഘടകം. സംഗീത സാഹിത്യാദികളിൽ നല്ല വാസനയുണ്ടായിരുന്നു. കച്ചവടമായിരുന്നു ഉപജീവനമാർഗ്ഗമായി അദ്ദേഹം തിരഞ്ഞെടുത്തത്.


കുമാരനാശാന്റെ അമ്മയുടെ പേര് കാളിയമ്മ എന്നാണ്. കൊച്ചുപെണ്ണ് എന്ന വിളിപ്പേരുണ്ട്. പുരാണ കഥകൾ രസകരമായി പറഞ്ഞു കൊടുക്കാൻ ഉള്ള കഴിവ് അവർക്കുണ്ടായിരുന്നു. കുമാരുവിന് (കുമാരനാശാൻ ) പുരാണ കഥകളിൽ ആഭിമുഖ്യം ജനിക്കാനുള്ള പ്രധാന കാരണം അമ്മയായിരുന്നു. സാധുക്കളോട് അനുകമ്പയും ആശ്രിതവാത്സല്യവും അവർക്കുണ്ടായിരുന്നു. നിരാശ്രയരായ ഒരു കുടുംബത്തിലെ മാതാവിന് വസൂരി പിടിപെട്ടപ്പോൾ ശുശ്രുഷിക്കാനുള്ള മനോധൈര്യം അവർ പ്രകടിപ്പിച്ചു. എന്നാൽ രോഗി രക്ഷപ്പെട്ടെങ്കിലും കാളിയമ്മയ്ക്ക് വസൂരി പിടിപെടുകയും അത് മരണകാരണമാവുകയും ചെയ്തു.(1911) അമ്മയുടെ മരണം മനസ്സിലുണ്ടാക്കിയ ചലനങ്ങളാണ് 'ഒരു അനുതാപം' എന്ന കവിതയായി ആശാനിൽ ജനിച്ചത്.


കുടിപ്പള്ളിക്കൂടത്തിലെ പഠനത്തിനു ശേഷം ചക്കൻവിളാകം പ്രൈമറി സ്കൂളിൽ ചേർന്നു. കുമാരുവിന്റെ പിതാവിനു കൂടി ആ വിദ്യാലയം സ്ഥാപിക്കുന്നതിൽ പങ്കുണ്ട്. അനുസരണ ശീലവും പഠന മികവും ഉത്സാഹശീലവും കൊണ്ട് കുമാരു ശ്രദ്ധേയനായി.വെമ്പായം പപ്പുപ്പിള്ള എന്ന ഹെഡ്മാസ്റ്റർ ഇംഗ്ലീഷ് പരിജ്ഞാനമുള്ളയാളായിരുന്നു. താല്പര്യമുള്ളവരെ ഇംഗ്ലീഷ് പഠിപ്പിക്കാൻ അദ്ദേഹം മുതിർന്നു. കുമാരുവും ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. എന്നാൽ അദ്ധ്യാപകൻ സ്ഥലം മാറിപ്പോയതിനാൽ അതു തുടരാനായില്ല. ചക്കൻ വിളാകം സ്കൂളിൽ ഒന്നാമനായി ജയിച്ചതിനു ശേഷം അവിടെത്തന്നെ അദ്ധ്യാപകനായി ചേർന്നു.പതിന്നാലുവയസ്സു തികയാത്ത ഒരാളെയും ജോലിയിൽ പ്രവേശിപ്പിക്കാൻ നിയമം അനുവദിക്കാത്തതിനാൽ കുമാരു പ്രസ്തുത ജോലിയോട് വേഗം വിട പറഞ്ഞു. 


ഈ സന്ദർഭങ്ങളിലൊക്കെ മറ്റ് വിദ്യാർത്ഥികളിൽ നിന്നും കുമാരുവിനെ വേറിട്ടു നിർത്തുന്ന നിരവധി ഘടകങ്ങൾ എം.കെ.സാനു ചൂണ്ടിക്കാട്ടുന്നുണ്ട്.ഒരു അന്വേഷണ വ്യഗ്രത കുമാരുവിൽ വളർന്നു. മരണ ശേഷം ജീവിതം എന്തായിരിക്കും? വായനയും പഠനവും മനനവും ജീവിതത്തിലെ മുഖ്യ വൃത്തികളായി.ഭക്തി ഭാവം സ്വഭാവത്തിൽ കുടുതൽ തീവ്രമായി. കുളി, ജപം, ഭജന, പുരാണ പാരായണം എന്നിവ ഒരു ദിവസം പോലും അദ്ദേഹം ഒഴിവാക്കിയില്ല. പ്രാർത്ഥനാനിരതനായി സ്വയം മറന്നിരിക്കുന്ന ശീലവും കുമാരുവിൽ കണ്ടു തുടങ്ങി. ദേവീക്ഷേത്രത്തിലും മറ്റും പതിവായി പ്രാർത്ഥന നടത്താറുണ്ടായിരുന്നു. വക്കത്ത് വേലായുധൻ കോവിലിൽ താമസിച്ച് കുറച്ചു കാലം പൂജാരിയായി ജോലി നോക്കുകയും ചെയ്തു. പുജാവൃത്തിയിൽ നിന്നും ഒഴിവ് കിട്ടുമ്പോൾ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും കുമാരു സമയം കണ്ടെത്തി. പ്രകൃതിയുടെ ഭംഗിയും താളവും ലയവും സ്വരവും മറ്റൊരു ലോകത്തേക്ക് കുമാരുവിനെ നയിച്ചു.


കവികളിൽ കാളിദാസനെ കുടുതൽ ഇഷ്ടപ്പെട്ടു. രാമായണ മഹാഭാരതാദികളുമായി ഗാഢമായ പരിചയത്തിലായി. അതിൽ മൃത്യുവിനെ അതിജീവിക്കാൻ പ്രേരിപ്പിക്കുന്ന, ആത്മാവിൻ്റെ ഉത്തുംഗമായ അഭിനിവേശത്തെ സാക്ഷ്യപ്പെടുത്തുന്ന മാർക്കണ്ഡേയ പുരാണവും സത്യവാൻ സാവിത്രീ ചരിതവും ആത്മാവിൽ തങ്ങി നിന്നു. വ്യക്തി ജീവിതത്തിൽ ഭക്തിമാർഗ്ഗത്തിലേക്ക് ആകൃഷ്ടനായ കുമാരുവിനെ ലൗകിക മാർഗ്ഗത്തിലേക്ക് സഞ്ചരിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചു. തത്ഫലമായി പെരുന്തറ കൊച്ചാര്യൻ മുതലാളിയുടെ വ്യാപാരശാലയിൽ കണക്കെഴുതാനാരംഭിച്ചു. അതിലും അസൂയാർഹമായിരുന്നു കുമാരുവിൻ്റെ വൈഭവം.


ഇക്കാലത്തു തന്നെ പാട്ടുകളും ഒറ്റ ശ്ലോകങ്ങളും രചിക്കുക, സമസ്യപൂരിപ്പിക്കുക മുതലായവയിൽ ഏർപ്പെട്ടു. പത്രങ്ങളിൽ അവ പ്രസിദ്ധീകരിക്കപ്പെട്ടു. പാട്ടുകളെഴുതി അടുത്ത സുഹൃത്തുക്കളെ വായിച്ചു കേൾപ്പിക്കാനും ഉത്സാഹിച്ചു. രാമായണ കഥ ആസ്പദമാക്കി 'കമ്പടിക്കളിപ്പാട്ടുകൾ' എന്ന പേരിൽ പല ഗാനങ്ങളും തണ്ടാന്മാർക്ക് പാടിക്കളിക്കാനാകും വിധം രചിച്ചു. ഇക്കാലത്തെ സാഹിത്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് സരസകവി മൂലൂർ എഴുതി. മറ്റ് യുവകവികളിൽ നിന്നും മുന്തിനില്ക്കുന്ന പ്രകടനമാണ് കെ.എൻ.കുമാരൻ്റേത് എന്നായിരുന്നു മൂലൂരിൻ്റെ പ്രതികരണം.


നെടുങ്ങണ്ടയിലുള്ള സംസ്‌കൃത പാഠശാലയായ വിജ്ഞാന സന്ദായിനിയിൽ കുമാരു ചേർന്നു. അവിടെ പഠിക്കുമ്പോഴും കാവ്യരചനാ പരിശ്രമങ്ങൾ ഊർജ്ജിതമായിരുന്നു. വള്ളീ വിവാഹം (അമ്മാനപ്പാട്ട്), സുബ്രഹ്മണ്യ ശതകം ( സ്തോത്രം), ഉഷാ കല്യാണം നാടകം മുതലായവ ഈ കാലഘട്ടത്തിലാണ് രചിച്ചത്. ഉഷാ കല്യാണം നാടത്തിൽ എഴുത്തുകാരൻ്റെ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും പ്രകടമായിരുന്നു. വിജ്ഞാന സന്ദായിനിയിൽ രണ്ടു വർഷത്തോളം പഠിച്ചു. 


വക്കത്ത് വേലായുധൻനടയിൽ ശാന്തിയായിരിക്കെ കുറേ കുട്ടികളെ സംസ്കൃതം പഠിപ്പിക്കുകയും ചെയ്തു. വിശ്രമവേളയിൽ ഭക്തർക്ക് പുരാണ കൃതികൾ വായിച്ച് അർത്ഥം പറഞ്ഞു കൊടുക്കാറുമുണ്ടായിരുന്നു. അങ്ങനെയാണ് കുമാരുവിന് ആശാൻ എന്ന പേരുക്കിയത്.ഇതേ സന്ദർഭത്തിൽ നാരായണ ഗുരു സ്വാമിയെ ഇടയ്ക്കെല്ലാം കണ്ടു കൊണ്ടിരുന്നു. ഗുരുവിനൊപ്പം ചേരയ്ക്കുന്ന് കുമാരൻ അതിയായി ആഗ്രഹിച്ചു.ഒരു ദിവസം ഗുരു, കുമാരനോട് നമ്മോടൊപ്പം വരുന്നോ എന്ന് ചോദിച്ചു. തൃപ്പാദങ്ങൾ അനുവദിച്ചാൽ എന്ന് മറുപടി നല്കി.കുമാരന് സൗകര്യമുള്ളപ്പോൾ വരാൻ ഗുരു അനുവാദം നല്കി. അടുത്ത ദിവസം കോലോത്തുകര നിന്ന് നാരായണ ഗുരുവിനൊപ്പം കുമാരൻ യാത്രയായി.തൻ്റെ ജീവിതഘട്ടത്തിലെ തന്നെ നിർണ്ണായകമായ യാത്ര.


3



നാരായണ ഗുരുവിന്നൊപ്പം കുമാരൻ യാത്രയാരംഭിച്ചു. സ്വാമിയോടൊപ്പം വിവിധയിടങ്ങളിൽ താമസിച്ചു കൊണ്ടും പുതിയ അനുഭവചക്രവാളം ആസ്വദിച്ചു കൊണ്ടുമായിരുന്നു യാത്ര. നല്ല കവിതാ വാസനയും ആത്മീയ ചര്യയുമുള്ള യുവാവെന്ന വിശേഷണമാണ് സ്വാമി കുമാരന് നല്കിയത്. അല്പനാളുകൾക്കുള്ളിൽ കുമാരൻ അരുവിപ്പുറത്ത് മടങ്ങിയെത്തി ആശ്രമത്തിലെ അംഗങ്ങളിലൊരാളായി. വേണ്ടുവോളം ആത്മശിക്ഷണം അദ്ദേഹം ആർജ്ജിച്ചിരുന്നു. ഗുരുവിനെപ്പോലെ വലിയ ശിവഭക്തനായിരുന്നു കുമാരനാശാനും. അരുവിപ്പുറം ക്ഷേത്രത്തിൻ്റെ ചുമതലകൾ നോക്കാൻ കുമാരനെ നാരായണ ഗുരു സ്വാമി (സ്വാമി) നിയോഗിച്ചു. അതിൻ്റെ കാര്യദർശിത്വം കുമാരൻ ഭംഗിയായി നടപ്പിലാക്കി. മറ്റുള്ളവരുടെ വിശ്വാസത്തിനും ബഹുമാനത്തിനും പാത്രമായി. ആത്മസംയമനവും ഇന്ദ്രിയനിഗ്രഹവും സ്വയമേവ അദ്ദേഹം ആർജ്ജിച്ചു. കാഷായം ധരിച്ചില്ലെങ്കിലും അദ്ദേഹത്തെ ചിന്നസ്വാമിയെന്നാണ് ആദരവോടെ ആളുകൾ വിളിച്ചത്. ജീവിതത്തിൻ്റെ പൊരുൾ തേടിയുള്ള അന്വേഷണമാണ് ആശ്രമ ജീവിതത്തിലേക്ക് ആശാനെ നയിച്ചത്. നാരായണ ഗുരുസ്വാമികളുടെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്തോത്രകൃതികൾ കുമാരു രചിച്ചത്. ആദ്യമായി അച്ചടിച്ചത് ശാങ്കര ശതകം ആണെന്ന് പറയപ്പെടുന്നു. ശാങ്കര ശതകത്തിൽ (1892) 'കുമാരനാശാൻ ' എന്നാണ് പ്രസാധകൻ ചേർത്തിരിക്കുന്നത്. എന്നാൽ 1901 ൽ പ്രകാശിപ്പിച്ച 'ശിവ സ്തോത്രമാല'യിൽ കുമാരുആശാൻ എന്നാണുള്ളത്. 


കുമാരൻ്റെ ജീവിതവീക്ഷണം പരിഷ്കൃതമാകാൻ അരുവിപ്പുറവാസം ഉപകരിച്ചു. അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ (1888) ജാതി വ്യവസ്ഥയുടെ കാർക്കശ്യത്തിൽ അടിമകളായി കഴിഞ്ഞ ജനവിഭാഗത്തിന് പുതിയ ഉണർവും പ്രതീക്ഷയും നല്കി. സംഘടന കൊണ്ട് ശക്തരാവുകയെന്ന സ്വാമിയുടെ ആഹ്വാനം അവരിൽ പരിവർത്തനത്തിൻ്റെ അലകൾ സൃഷ്ടിച്ചു. സ്വാഭാവികമായും, ജാതീയമായ മർദ്ദന സംവിധാനത്തിൽ നിന്നും സ്വന്തം സമുഹത്തെ രക്ഷപ്പെടുത്താനുള്ള പ്രയത്നം കവിതകളിലൂടെയും പത്രപ്രവർത്തനത്തിലൂടെയും സാമൂഹിക പ്രവർത്തനത്തിലൂടെയും ആശാൻ നിറവേറ്റാനാരംഭിച്ചു.


ആശാൻ്റെ ദൗത്യമെന്താണെന്ന് സ്വാമികൾ തിരിച്ചറിഞ്ഞു. സാമുദായിക പ്രവർത്തനങ്ങളിൽ ആശാനെ അദ്ദേഹം ഭാഗഭാക്കാക്കി. ഡോ.പല്പുവുമൊത്ത് സമുദായോദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സ്വാമി ബാംഗ്ലൂർ സന്ദർശിച്ചു. കൂടെ ആശാനുമുണ്ടായിരുന്നു. സമുദായ പ്രവർത്തനത്തിന് പറ്റിയവർ അന്ന് കുറവായിരുന്നു. തൻ്റേടവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാർ കുറവായതാണ് കാരണമെന്ന് ഗുരു പറഞ്ഞു. അത് പരിഹരിക്കാൻ പോന്ന വ്യക്തിത്വം ആശാനിൽ അദ്ദേഹം ദർശിച്ചു. ഡോ. പല്പുവിന് ആശാനെ നല്ലവണ്ണം ബോധിച്ചു. ബാംഗ്ലൂരിൽ നിന്ന് കൂടുതൽ പഠിക്കാൻ ഗുരു ചിന്നസ്വാമിയായ കുമാരനെ പ്രേരിപ്പിച്ചു. ഗുരുവിൻ്റെ വേർപാട് താങ്ങാനാകുന്നതല്ലെങ്കിലും, അദ്ദേഹത്തിൻ്റെ നിയോഗം സ്വീകരിക്കാതിരിക്കാനാവുമായിരുന്നില്ല.

ഡോ. പല്പുവിൻ്റെ സ്വാധീനം മൂലം ബാംഗ്ലൂരിലെ ശ്രീചാമരാജേന്ദ്ര സംസ്കൃത കോളേജിൽ പ്രവേശനം കിട്ടി. സനാതന ഹിന്ദുക്കൾക്കുമാത്രമേ അവിടെ പ്രവേശനമുണ്ടായിരുന്നുള്ളൂ. മൈസൂർ ദിവാനായിരുന്ന സർ. കെ. ശേഷാദ്രിയുമായുള്ള പല്പുവിൻ്റെ ബന്ധമാണ് കുമാരുവിന് പ്രവേശനം നേടിക്കൊടുത്തത്. തൻ്റെ സുഹൃത്തായ നഞ്ചുണ്ടറാവുവിനോടൊപ്പം താമസിക്കാനുള്ള സൗകര്യവും പല്പു ചെയ്തു കൊടുത്തു. ന്യായവിദ്വാൻ എന്ന ബിരുദത്തിനു വേണ്ടിയായിരുന്നു പഠനം.


അന്ന് കുമാരനയച്ച ഒരു കത്തിൽ ബ്രാഹ്മണനല്ലാതെ ആ കോളേജിൽ പഠിക്കുന്ന ഇതര വർണ്ണക്കാരിൽ ഏകൻ താൻ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അദ്ധ്യാപകരുടെ പ്രീതിഭാജനമായെങ്കിലും സഹപാഠികളിൽ ചിലർ അസൂയാലുക്കളായി. അവർ സർക്കാരിൽ പരാതി അയച്ചു.ദിവാന് നടപടിയെടുക്കാതിരിക്കാനാകാത്ത സാഹചര്യമുളവായി. ആശാനെ കോളേജിൽ നിന്നും പിരിച്ചുവിട്ടു.


പിന്നീട് മദിരാശിയിൽ പഠിച്ചെങ്കിലും അതും പൂർത്തിയായില്ല. പല്പു , ആശാനെ കൽക്കത്തയിലേക്കയക്കാൻ തീരുമാനിച്ചു. കൽക്കത്തയിലെ പ്രശസ്തമായ സംസ്കൃത കോളേജിൽ ചേർന്നു. ന്യായശാസ്ത്രമായിരുന്നു മുഖ്യവിഷയം. അവിടെ വെച്ച് മഹാ മഹോപാദ്ധ്യായ കാമാഖ്യനാഥ തർക്ക വാഗീശനെന്ന ഗുരുനാഥൻ്റെ ആത്മാർത്ഥമായ പിന്തുണയും സ്നേഹവാത്സല്യാദികളും ആശാന് ലഭ്യമായി. ബംഗാളാകെ പുരോഗമന ചിന്തയാൽ ഇളകി മറിയുന്ന കാലഘട്ടത്തിലാണ് ആശാൻ എത്തുന്നത്. സ്വാഭാവികമായും അതിൻ്റെ ചലനങ്ങൾ ആശാനിലുമെത്തി. സ്വന്തം നിരീക്ഷണ പoനാദികളിലും അനുഭവങ്ങളിലും ഊന്നി പുതിയ വീക്ഷണവുമായാണ് 1900 ൽ ആശാൻ കേരളത്തിൽ തിരിച്ചെത്തിയത്. തുടർന്ന് സാമുദായികവും മാനവികവുമായ പ്രവർത്തനങ്ങളിൽ ഗുരുവിനും ഡോ. പല്പുവിനും ഒപ്പം അദ്ദേഹം വ്യാപൃതനായി. പല്പുവിൻ്റെ ഗൃഹം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ്റെ നിർദ്ദേശാനുസൃതം ( നിങ്ങളുടെ രാജ്യത്തു നിന്നു തന്നെ ഒരു ആദ്ധ്യാത്മിക ഗുരുവിനെ കേന്ദ്രമാക്കി സംഘടിതമായി പ്രവർത്തിക്കുന്നതാണ് നല്ലത് - വിവേകാനന്ദൻ പല്പുവിനോട്) ഗുരുവുമൊത്ത് 1903 ൽ ശ്രീനാരായണ ധർമ്മപരിപാലന യോഗം കെട്ടിപ്പടുത്തു. അതിൻ്റെ മുഖ്യ കാര്യദർശിയായി കുമാരനെ തെരഞ്ഞെടുത്തു: അഥവാ അതിനേക്കാളും ഉചിതമായ മറ്റൊരു പേര് ഗുരുവിൻ്റെ മനസ്സിലുണ്ടായിരുന്നില്ല.


4

നിത്യതയിൽ ഒരു നീർപ്പോള


നിത്യത എന്നാൽ നാശമില്ലാത്ത അവസ്ഥ എന്നർത്ഥം. ശാശ്വതത്വം. അനശ്വരത. നീർപ്പോള എന്നാൽ ജലകുമിള. ഒരു കുമിള നാശമടയാതെ നിലനില്ക്കുന്നു. നീറ്റിലെപ്പോളയെ മനുഷ്യജീവനോട് സാദൃശ്യപ്പെടുത്താറുണ്ട്.  ഇതാണ് ശീർഷകത്തിൻ്റെ സാമാന്യ വിശകലനം: സാധാരണ ഗതിയിൽ ജല കുമിള നേരിയ തോതിലുള്ള ഏതെങ്കിലും ബാഹ്യസമ്മർദ്ദമോ ആന്തരികമായ ദൗർബല്യമോ അനുഭവപ്പെട്ടാൽ തന്നെ പൊട്ടിത്തകരും. ഇവിടെ കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ച് ഈ ജല കുമിള വെല്ലുവിളിയുയർത്തി ശാശ്വതമായി നില്ക്കുന്നു. ആശാൻ്റെ കാവ്യജീവിതത്തെയാണ് എം.കെ.സാനു ഇപ്രകാരം വീക്ഷിക്കുന്നത്.


1900 ത്തിൽ ആശാൻ മടങ്ങിയെത്തി. അരുവിപ്പുറത്തു വെച്ച് ഇക്കാലയളവിൽ ആശാനെ കണ്ട ചിത്രം സരസകവിയെന്ന വിശേഷണത്തിനർഹനായ മൂലൂർ.എസ്.പത്മനാഭപ്പണിക്കർ വിവരിക്കുന്നുണ്ട്. ആശാൻ്റെ വ്യക്തിപ്രഭാവം അതിൽ വ്യക്തമാക്കുന്നു. വിശാലമായ നെറ്റി, തീക്ഷ്ണബുദ്ധിയെ പ്രകാശിപ്പിക്കുന്ന വിടർന്ന കണ്ണ്, ഉരുണ്ട് നീളം കുറഞ്ഞ ശരീരം, വലിയ ശിരസ്സ് ഇതൊക്കെ ച്ചേർന്നതായിരുന്നു ആശാൻ. തുടർന്ന് ആശാനുമായുള്ള വ്യക്തി ബന്ധവും സൗഹാർദ്ദവും രൂപപ്പെട്ടതെങ്ങനെയെന്നും വിവരിക്കുന്നു. കാവ്യരൂപേണ സൗഹൃദ സംഭാഷണം സാദ്ധ്യമായതിനെക്കുറിച്ചും മൂലൂർ വിവരിക്കുന്നു. ചിന്നസ്വാമിയെന്ന നിലയ്ക്കുള്ള നിഷ്ഠകളൊക്കെയും ആശാൻ ഭംഗിയായി തുടർന്നു. സാമുദായിക കാര്യങ്ങളിലും ലോക സംഭവങ്ങളിലും തല്പരനായ ആശാനെയാണ് ഇക്കാലഘട്ടത്തിൽ കാണാൻ കഴിയുക. ബംഗാളിലെ നവോത്ഥാന ചലനങ്ങൾ ആശാനെ മഥിച്ചു. ഹൃദയത്തിൽ സ്വാമിവിവേകാനന്ദനെ പ്രതിഷ്ഠിച്ചു. കരുത്തിനും കർമ്മശേഷിക്കും പരിവർത്തനത്തിനും പ്രാധാന്യം നല്കിയ വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദൻ. അനാചാരങ്ങൾക്കെതിരെയും സാമൂഹിക നീതിക്കുവേണ്ടിയും മഹാകവി ടാഗോർ നടത്തുന്ന പോരാട്ടങ്ങളും കുമാരനാശാനെ ആകർഷിച്ചു. 


സത്യമാണോ സൗന്ദര്യമാണോ ശ്രേഷ്ഠമെന്ന സംശയം കുമാരനുണ്ടായിരുന്നു. സത്യത്തോടായിരുന്നു പക്ഷപാതം.

രണ്ടു നാടകങ്ങൾ ഈ കാലഘട്ടത്തിൽ ആശാൻ രചിച്ചിട്ടുണ്ട്. 'മൃത്യുഞ്ജയം അഥവാ മാർക്കണ്ഡേയ വിജയം', 'വിചിത്ര വിജയം' എന്നിവയാണവ. ആശാൻ്റെ മരണശേഷമാണ് വിചിത്ര വിജയം പ്രകാശിതമായത്.ഈ നാടകത്തിൻ്റെ രചന 19.09. 1902 ലാണെന്ന് പ്രസാധകക്കുറിപ്പിൽ കാണുന്നു. പക്ഷേ ,രചന പൂർത്തിയായ തെന്നെന്ന് വ്യക്തമല്ല. കവി അതിൽ പല മാറ്റങ്ങളും വരുത്താൻ ഉദ്ദേശിച്ചിരുന്നു.


1902 ൽ കവി അരുവിപ്പുറത്താണ് കഴിയുന്നത്. SNDP യോഗത്തിന് രൂപം നല്കാനുള്ള പ്രവർത്തനങ്ങൾ തകൃതിയായി നടന്നു വന്ന കാലഘട്ടമായിരുന്നു അത്. അതിൽ കുമാരനാശാൻ സജീവമായി പങ്കു കൊണ്ടിരുന്നു. ഈ സന്ദർഭത്തിൽ ഇപ്രകാരം ഒരു നാടകം ബന്ധദാർഢ്യത്തോടെ രചിക്കാനാകുമോ എന്ന സംശയം എം.കെ.സാനു ഉയർത്തുന്നു. 

രചനാരംഭത്തെക്കുറിച്ചുള്ള പരാമർശം പൂർത്തീകരണത്തെക്കുറിക്കുന്നതുമാകാം. ഇവിടെ മൂർക്കോത്ത് കുമാരൻ്റെയും സി.വി.കുഞ്ഞുരാമൻ്റെയും നിലപാടുകൾ പരിശോധിക്കുന്നു. അവർ നല്കുന്ന സൂചനകൾ പ്രകാരം രചന കൽക്കട്ടയിൽ വെച്ചു തന്നെ തുടങ്ങിയിരിക്കണം.


മൂലൂർ എസ്.പത്മനാഭപ്പണിക്കർ തൻ്റെ കൃതിയായ ആസന്നമരണചിന്താശതകം ആശാന് അയച്ചുകൊടുത്തു. അതിന് 1077 ചിങ്ങത്തിൽ ആശാൻ മറുപടി അയച്ചു. അതിൽ മൃത്യുഞ്ജയം നാടകം പൂർണ്ണമായതിനെക്കുറിച്ച് പരാമർശിക്കുന്നു. അരുവിപ്പുറത്തു വെച്ചാണ് മൃത്യുഞ്ജയം രചിച്ചതെന്ന് മൂലൂർ പറയുന്നു. കല്പിത കഥയായ മറ്റൊരു ഭാഷാ നാടകവും (വിചിത്ര വിജയം) അവിടെ വെച്ച് രചിച്ചിട്ടുണ്ട്. 

മൂലൂർ ഇപ്രകാരമാണ് അഭിപ്രായപ്പെടുന്നത്.


ഈ വിവരണങ്ങൾ അപഗ്രഥിക്കുന്ന എം.കെ.സാനു, ആശാൻ അരുവിപ്പുറത്ത് വെച്ചാണ് രണ്ടു നാടകങ്ങളും രചിച്ചതെന്ന നിഗമനത്തിലെത്തുന്നു. ഒരു തർക്ക വിഷയമാകാനുള്ള ഗൗരവം ഇതിനില്ലെങ്കിലും കൽക്കത്തയിലെ ഏകാന്തതയിൽ ഇവയുടെ രചന തുടങ്ങിയിരിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 


ക്ഷണികതയ്ക്കപ്പുറമുള്ള നിത്യത, നശ്വരതയ്ക്കപ്പുറമുള്ള അനശ്വരത - ഈ സങ്കല്പങ്ങൾ എന്നും ആശാനൊത്തുണ്ടായിരുന്നു.


5

പൊതുജീവിതത്തിൽ ആത്മാർപ്പണം 



എപ്രകാരമാണ് ആശാൻ പൊതുജീവിതം നയിച്ചതെന്നും അതിൽ ആത്മാർപ്പണം നടത്തിയതെന്നും ഈ അദ്ധ്യായത്തിൽ എം.കെ.സാനു വ്യക്തമാക്കുന്നു. കൽക്കത്തയിൽ നിന്ന് മടങ്ങിയെത്തുമ്പോഴേക്കും ആശാൻ്റെ സ്വഭാവ ഘടനയിലും വീക്ഷണത്തിലും വലിയ വികാസം സംഭവിച്ചിരുന്നു. കാവി വസ്ത്രത്തിലോ പർണ്ണശാലയിലോ ഒതുങ്ങുന്നതല്ല ആത്മീയതയെന്ന് വിവേകാനന്ദൻ്റെയും നാരായണ ഗുരുവിൻ്റെയും പ്രവർത്തനങ്ങളിലൂടെ ബോദ്ധ്യമായിരുന്നു. സാമൂഹിക മണ്ഡലത്തിൽ അത്ര മാത്രം കാര്യക്ഷമമായ ഇടപെടലുകൾ അവർ നടത്തിയിരുന്നു. മനുഷ്യർ അനുഭവിക്കുന്ന യാതനകളും ദു:ഖങ്ങളും പരിഹരിക്കാനുള്ള സംരംഭങ്ങളിലായിരുന്നു അവർ ഇടപെട്ടത്.


കൽക്കത്തയിൽ ഇംഗ്ലീഷ് കവികളെയും, ദാർശനികരെയും രാഷ്ട്രതന്ത്രജ്ഞരെയും പരിചയപ്പെടാനുള്ള അവസരം സിദ്ധിച്ചു. പടിഞ്ഞാറൻ ദാർശനികതയും രാഷ്ട്രീയവും ആശാനെ സ്വാധീനിച്ചു. പടിഞ്ഞാറൻ സംഭവ വികാസങ്ങൾ സാകൂതം അദ്ദേഹം വീക്ഷിച്ചു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്‌ടെന്ന് ആശാൻ തിരിച്ചറിഞ്ഞു. അന്യൻ്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം. മിതവാദിയായ ലിബറൽ ആയാണ് ആശാൻ കേരളത്തിലെത്തിയത്. 'പരിവർത്തനം' എന്ന കവിതയിൽ പ്രസ്തുത നയം ആശാൻ വ്യക്തമാക്കി:

'സമത്വമേക ലക്ഷ്യമേവരും സ്വതന്ത്രരെന്നുമേ

സമക്ഷമിത്തമസ്സകറ്റിയോതി ലോകമാകവേ.....'

തുല്യതയാണ് ഏക ലക്ഷ്യം. ഏവരും സ്വതന്ത്രരാണ്. ലോകത്തെ ബാധിച്ച ഇരുട്ടകറ്റി ഈ സന്ദേശം പ്രാവർത്തികമാക്കേണ്ടതുണ്ട്. പരിവർത്തനം എന്ന കവിത സഹോദരൻ പത്രത്തിനു വേണ്ടി, സഹോദര പ്രസ്ഥാനത്തെ സൂര്യനായി വിഭാവനം ചെയ്യുന്നു. 


നാരായണ ഗുരു തൻ്റെ ശിഷ്യനെ ഭാരമേറിയ ചുമതല ഏല്പിക്കാൻ നിശ്ചയിച്ചിരുന്നു. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള സമുദായ പ്രമാണിമാരുടെയും അരുവിപ്പുറം ക്ഷേത്ര യോഗാംഗങ്ങളുടെയും ഒരു യോഗം ഗുരുവിൻ്റെ നിർദ്ദേശാനുസരണം കുന്നുകുഴിയിലെ കമലാലയം ബംഗ്ലാവിൽ നടന്നു. ഡോ. പല്പു, എൻ.കുമാരനാശാൻ, എം.ഗോവിന്ദൻ മുതലായവരാണ് നേതൃത്വം നല്കിയത്. ഒരു ബഹുജന സംഘടന രൂപം കൊള്ളേണ്ടതിൻ്റെ ആവശ്യകത ഏവർക്കും ബോദ്ധ്യമായി. അരുവിപ്പുറം ക്ഷേത്ര യോഗത്തിൻ്റെ വിശേഷാൽ സമ്മേളനം കൂടണമെന്നും ആ സമ്മേളനത്തിൽ ക്ഷേത്രയോഗത്തെ മഹാജന യോഗമാക്കിത്തീർക്കണമെന്നും തീരുമാനിച്ചാണ് യോഗം സമാപിച്ചത്.


1903 ജനുവരിയിൽ വിശേഷാൽ സമ്മേളനം ചേർന്നു. അരുവിപ്പുറം ഗ്രീനാരായണ ധർമ്മപരിപാലന യോഗം എന്ന പേരിൽ രജിസ്റ്റർ ചെയ്തു. .കുമാരനാശാൻ്റെ വൈഭവം അരുവിപ്പുറം ക്ഷേത്ര കാര്യങ്ങൾ സമർത്ഥമായി ചെയ്യുന്നിടത്ത് ഏവരും വീക്ഷിച്ചതാണ്. ഒരു ജനതയുടെ മോചനത്തിന് ആശാൻ്റെ കഴിവുകളുപയോഗിക്കാൻ ഗുരുവും പല്പുവും തീരുമാനിച്ചു. ഡോ. പല്പു കുമാരനാശാൻ്റെ പ്രവർത്തനങ്ങനെ ആദരവോടെയാണ് കണ്ടത്. ഗുരുവിൻ്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചു വളർന്നയാളാണ് ആശാൻ. ഇംഗ്ലീഷ് ഭാഷ വശത്താക്കാൻ ആശാൻ കാട്ടിയ താല്പര്യവും പല്പുവിനെ ആകർഷിച്ചു. ചിന്താശീലം, സ്വഭാവദാർഢ്യം, സംവാദത്തിനുള്ള വൈഭവം മുതലായ ഗുണങ്ങളും ഡോ.പല്പുവിനെ ആശാനിലേക്ക് അടുപ്പിച്ചു. സ്വാമികളുടെ നിർദ്ദേശാനുസൃതം യോഗത്തിൻ്റെ കാര്യദർശി (സെക്രട്ടറി) സ്ഥാനം ആശാൻ ഏറ്റെടുത്തു.


യോഗത്തിൻ്റെ സ്ഥിരാദ്ധ്യക്ഷൻ നാരായണഗുരുവായിരുന്നു. അദ്ദേഹത്തിനിണങ്ങുന്ന സെക്രട്ടറിയായിരുന്നു കുമാരനാശാൻ. തുടർന്ന് 16 വർഷം ആശാൻ സെക്രട്ടറി സ്ഥാനത്തു തുടർന്നു. ക്ഷേത്രപ്രവർത്തനങ്ങൾ, ഉത്സവങ്ങൾ, നിത്യപൂജ, ഈഴവ സമുദായത്തിൻ്റെ വിദ്യാഭ്യാസം, അഭിവൃദ്ധി - കൃഷി, കച്ചവടം, കൈത്തൊഴിൽ വ്യാപാരങ്ങളുടെ മികവിനായി ധനസഹായം - ആശയ പ്രചാരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടത്തേണ്ടതായി വന്നു. യോഗ രൂപീകരണ ശേഷം 'അരുവിപ്പുറം ശ്രീ നാരായണ ധർമ്മയോഗം വക നിബന്ധനകളും വിവരണങ്ങളും ' എന്ന ലഘുലേഖ ആശാൻ തന്നെ (സെക്രട്ടറി) രചിച്ചു പ്രസിദ്ധീകരിച്ചു.  അതിൽ നിന്നുള്ള ഭാഗം എം.കെ.സാനു ഉദ്ധരിക്കുന്നുണ്ട്. ആശാൻ്റെ വീക്ഷണവും സമീപനവും അതിൽ ഉള്ളടങ്ങിയിരിക്കുന്നു. മതത്തിൻ്റെ വൈശിഷ്ട്യവും ഇന്ന് മതം സൃഷ്ടിക്കുന്ന പ്രതിസന്ധിയും അതിൽ ഊന്നി. വിവേകാനന്ദൻ 'ഇന്ത്യയെ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യണമെങ്കിൽ മതമാകുന്ന അതിൻ്റെ കൈപ്പിടിയിൽ തൂക്കീട്ടു വേണം' എന്ന് ഉദ്ഘോഷിച്ചിരുന്നു. പ്രസ്തുത വാക്കുകൾ ആശാൻ ഉദ്ധരിച്ചു. അതിലെ മഹത്വം വെളിവാക്കി. ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരോട് കാട്ടിയ അതിക്രമങ്ങൾ തുറന്നു കാട്ടി. ഇതിനെതിരായി പലയിടത്തും സഭകളും യോഗങ്ങളും രൂപം കൊണ്ടിട്ടുണ്ട്. തങ്ങളുടെ അഭിവൃദ്ധിക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന ഏവർക്കും ഏതു നിലയിലും ഉയരാവുന്നതാണ്. തുടർന്ന് ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തെക്കുറിച്ചും അതിൻ്റെ ഉത്കൃഷ്ടതയെക്കുറിച്ചും ആശാൻ വിവരിക്കുന്നു. നാരായണ ഗുരുവിൻ്റെ മാഹാത്മ്യവും ആശാൻ ചൂണ്ടിക്കാട്ടുന്നു. സ്വജാതിയിൽ ഇത്ര യോഗ്യനായ ഒരു മതാചാര്യനെ ലഭിച്ചത് നമ്മുടെ സമുദായത്തിന് ഇപ്പോൾ ഉണ്ടായിട്ടുള്ള ഭാഗ്യങ്ങളിൽ പ്രധാനമാണെന്ന് അതിൽ ചൂണ്ടിക്കാട്ടി. സമ്മേളനങ്ങളിൽ കുമാരനാശാൻ ചെയ്ത പ്രസംഗങ്ങൾ സദസ്യരെ നവീനാശയങ്ങളുമായി പരിചയപ്പെടുത്തി.


യോഗത്തിൻ്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ആശാൻ ഏറെ ബുദ്ധിമുട്ടി. സാമ്പത്തികഞെരുക്കവും അനുഭവിച്ചു. ആഹാരകാര്യങ്ങളിൽ ചിട്ട പുലർത്തിയെങ്കിലും ഉദരരോഗം വിട്ടുമാറിയില്ല. സ്വന്തം ചികിത്സയാലും ദിനചര്യയാലും അതു നിയന്ത്രിച്ചു. 


സെക്രട്ടറിയെന്ന നിലയിൽ ആത്മാർത്ഥവും കഠിനവുമായ അദ്ധ്വാനം ചെയ്തെങ്കിലും ചില ദുരാത്മാക്കൾ (ദുഷിച്ച ചിന്തയുള്ള വ്യക്തികൾ) ആശാനെതിരെ നീക്കമാരംഭിച്ചു. ഈ സാഹചര്യത്തിലും തൻ്റെ സേവന രീതിക്ക് അദ്ദേഹം മാറ്റം വരുത്തിയില്ല. യോഗത്തിൽ നിന്ന് ക്രമാധികം പണം പറ്റുന്നുവെന്ന ആക്ഷേപത്തെ അദ്ദേഹം ഈ മറുപടിയിലൂടെ ചെറുത്തു:

".... ഗംഗയിൽ നിന്ന് വെള്ളം കൈക്കുമ്പിളിലെടുത്ത് സ്വന്തമാക്കിയതിനു ശേഷം അതിൽത്തന്നെ തർപ്പിക്കുകയാണല്ലോ നാം ചെയ്യുന്നത്. അങ്ങനെയാണ് പുണ്യം നേടേണ്ടത് "


പുണ്യം നേടലാണ് പൊതുപ്രവർത്തനത്തിൻ്റെ ലക്ഷ്യമെന്ന് ആശാൻ കരുതി. ഈ സങ്കല്പത്തിലായിരുന്നു ആശാൻ പ്രവർത്തിച്ചത്. മറ്റുള്ളവർക്ക് സുഖം പകരാൻ സ്വന്തം സുഖം വെടിഞ്ഞ് പ്രവർത്തിക്കുന്നതിൽ അദ്ദേഹം മഹത്വം കണ്ടു.


6


എങ്കിലും ആശാനെതിരെ സമുദായ പ്രമാണിമാരിൽ നിന്നും, ചില അഭ്യുദയകാംക്ഷികളിൽ നിന്നു പോലും എതിർപ്പുകളുയർന്നു. പല കാരണങ്ങളാണ് പലരും ചൂണ്ടിക്കാട്ടിയത്.  അഹങ്കാരം, കടുംപിടുത്തം, ഈഴവരിൽ തന്നെ അല്പം താണ വർഗ്ഗത്തിലുള്ള ജനനം എന്നിങ്ങനെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നവരുണ്ട്. എന്നാൽ പ്രധാനമായ കാരണം എതിരാളികളിൽ തന്നെ ഉള്ളടങ്ങുന്നുവെന്നാണ് എം.കെ.സാനുവിൻ്റെ പക്ഷം. മനുഷ്യരിൽ ഏറ്റവും തീവ്രമായി പ്രവർത്തിക്കുന്ന അസൂയ എന്ന ഒരു വികാരത്തെ - അന്യൻ്റെ ഉത്കർഷത്തിലുളള അസഹനീയത - എം.കെ.സാനു പരാമർശിക്കുന്നു. ഇതാണ് ഒരർത്ഥത്തിൽ ആശാൻ്റെ കാര്യത്തിൽ ചിലരിൽ പ്രവർത്തിച്ചത്. ജാതി വ്യവസ്ഥയും വിദേശമേൽക്കോയ്മയും അടിമമനോഭാവത്തിന് വിളനിലമായി ഭവിച്ചു. ഇങ്ങനെയൊരു സമൂഹത്തിൽ സ്വതന്ത്രാത്മാവ് എന്നത് ഒരു പൊരുത്തക്കേടാണ്. എന്നാൽ കുമാരനാശാൻ ഒരു സ്വതന്ത്രാത്മാവായിരുന്നു. അതിനാൽ ഒരു അധികാരശക്തിക്കു മുന്നിലും അദ്ദേഹം വഴങ്ങിയില്ല. സമുദായ പ്രമാണിമാർക്ക് ഇത് ഇഷ്ടമായില്ല. അക്കൂട്ടർ നാരായണ ഗുരുവിനെതിരെ പോലും എതിർപ്പുയർത്തിയിട്ടുണ്ട്. എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറിയെന്ന സ്ഥാനവും ഭരണ കേന്ദ്രങ്ങളിലുള്ള സ്വാധീനവും അന്യരെ ആശ്രയിക്കാതെയും ആത്മാഭിമാനത്തോടെയുമുള്ള ജീവിതവും ആശാനോടുള്ള വിദ്വേഷത്തിന് കാരണങ്ങളായി. ചിന്നസ്വാമിയുടെ ആധുനിക വേഷവും പെരുമാറ്റവും പലർക്കും സഹിച്ചില്ല. ദുരാരോപണങ്ങളും അപവാദ പ്രചരണവും ആശാനെതിരെ നിരന്തരം ഉയർന്നു. 


അതോടൊപ്പം ലിബറൽ സംസ്കാരത്തിൻ്റെ വക്താവെന്ന നിലയിൽ കുമാരനാശാൻ വെച്ചു പുലർത്തിയ മാന്യത / മിതത്വം ആർന്ന പ്രവർത്തന രീതിയുടെ നേർക്കും എതിർപ്പുണ്ടായി. വ്യവസ്ഥാപിത മാർഗ്ഗത്തിനെതിരായി പ്രവർത്തിക്കാൻ ആശാൻ തയ്യാറായില്ല. അതിനാൽ സമുദായത്തിലെ 'തീവ്രവാദി'കളിൽ നിന്നും എതിർപ്പുണ്ടായി. നാരായണ ഗുരുവിൻ്റെ അനുശാസനം ലംഘിക്കാൻ കഴിയാത്തതിനാലാകാം സെക്രട്ടറി പദത്തിൽ ആശാൻ തുടർന്നത്. ആശാനിൽ ഗുരു വിശ്വാസമർപ്പിച്ചിരുന്നു. തന്നെ വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നും അവർക്കു വേണ്ടി പീഡനങ്ങൾ സഹിക്കേണ്ടത് തൻ്റെ ഉത്തരവാദിത്തമാണെന്നും ആശാൻ വിശ്വസിച്ചു. എങ്കിലും ഒരു ഘട്ടം പിന്നിട്ടപ്പോൾ യോഗ പ്രവർത്തനത്തിൽ നിന്ന് പിന്തിരിയണമെന്നും കാവ്യ മേഖലയിൽ കൂടുതൽ വ്യാപരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. സ്നേഹം പകരേണ്ടവരിൽ നിന്നും എതിർപ്പുയർന്നത് വളരെയേറെ വേദനയുണ്ടാക്കി.

യുവാക്കളുമായി പലപ്പോഴും ഇടപഴകേണ്ടി വന്നെങ്കിലും ചർച്ചകളും സംവാദങ്ങളും നടന്നെങ്കിലും അവർക്കിഷ്ടപ്പെടാത്ത നിലപാടുകളും ആശാൻ സ്വീകരിച്ചിട്ടുണ്ട്.


ഇതിന് ഉദാഹരണമായി എം.കെ.സാനു വൈക്കത്ത് പൊതുസമ്മേളനത്തിൽ ആശാനോടൊപ്പം ടി.കെ.മാധവനും ചില തീവ്രവാദികളും പങ്കെടുത്ത സന്ദർഭം വിശദീകരിക്കുന്നു. ഉജ്ജ്വല പ്രാസംഗികനായ ടി.കെ.മാധവൻ തൻ്റെ വാഗ്മിത മുഴുവൻ പ്രകടിപ്പിച്ചതിനു ശേഷം പൊതുവഴിയിൽ അയിത്തജാതിക്കാർക്ക് പ്രവേശനമില്ല എന്ന ബോർഡ് പ്രജകളുടെ അവകാശത്തിൻ്റെ നിഷേധമാണ് എന്നും അത് ലംഘിക്കാൻ ഇപ്പോൾ തന്നെ പോവുകയാണ് എന്നും പ്രഖ്യാപിച്ചു. ജനം ആവേശഭരിതരായി. എന്നാൽ കുമാരനാശാൻ വിയോജിപ്പ് പ്രകടിപ്പിച്ചു. ജനത്തെ അടക്കാൻ ശ്രമിച്ചു. ടി.കെ.മാധവൻ വിലക്കപ്പെട്ട വീഥിയിലൂടെ നടന്നു. തിരിച്ചു വരുമ്പോഴും ആശാൻ വേദിയിൽ തന്നെ ഉണ്ടായിരുന്നു. യോജിച്ചില്ലെങ്കിലും അദ്ദേഹം ആ പ്രവൃത്തിയെ ആശീർവദിക്കുകയാണ് ചെയ്തതെന്ന് എം.കെ.സാനു നിരീക്ഷിക്കുന്നു. 


തിരുവനന്തപുരത്ത് ഈഴവ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ആശാന് നല്കിയ സ്വീകരണത്തിൽ നടന്ന സംവാദത്തിലും തൻ്റെ നിലപാട് ആശാൻ വ്യക്തമാക്കി. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം വേണമെന്ന പ്രമേയം പ്രജാസഭയിൽ പരാജയപ്പെട്ടതിനെതിരെ ആശാൻ വാക്കൗട്ട് നടത്താതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമുയർന്നപ്പോൾ, വാക്കൗട്ട് പോലുള്ള പരിപാടികൾ തൻ്റെ ശൈലിക്ക് ചേരുന്നതല്ലെന്നാണ് ആശാൻ പറഞ്ഞത്. പ്രജാസഭാ മെമ്പർ സ്ഥാനം നഷ്ടപ്പെടാതിരിക്കാനല്ലേ അപ്രകാരം ചെയ്തതെന്ന് ചോദ്യമുയർന്നപ്പോൾ, മെമ്പർ സ്ഥാനം രാജിവെച്ച് പുറത്ത് വരാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആശാൻ രാജിവയ്ക്കാൻ പാടില്ലെന്ന് അവർ ദൃഢമായി പറഞ്ഞു. കാവ്യത്തിൻ്റെ ദീപ്തിയെയും ഉദാത്ത ഭാവത്തെയും അദ്ദേഹം വിശദീകരിച്ചു. ചെറുപ്പക്കാർ സംഘടനാ പ്രവർത്തനത്തിന് മുന്നോട്ടു വരണമെന്നും ആശാൻ വ്യക്തമാക്കി. കൂടുതൽ വിശിഷ്ടമായ കർമ്മത്തിന് (കാവ്യരചന) എന്നെ നിയോഗിക്കണമെന്നും ആശാൻ പറഞ്ഞു. പൊതുവായ സമുദായ പ്രവർത്തനത്തെ സംബന്ധിച്ച് ആശാൻ മിതവാദിയായിരുന്നു. ഒരു മിതവാദിയും യാഥാസ്ഥിതികനും ചേർന്ന നിലയാണ് ആശാന് ഉണ്ടായിരുന്നതെന്ന് കുമാരനാശാന് ശേഷം യോഗം സെക്രട്ടറിയായിരുന്ന എൻ.കുമാരൻ (റിട്ട. ജഡ്ജി) അഭിപ്രായപ്പെടുന്നു. എന്നാൽ എതിർക്കേണ്ട നയങ്ങളെയും നിലപാടുകളെയും എതിർക്കാൻ അദ്ദേഹം മടി കാണിച്ചില്ല. സാധാരണക്കാരായ ജനങ്ങൾ ആശാനെ ആരാധനാപൂർവം സമീപിച്ചു. സമുദായ നേതൃത്വത്വമെന്നതു പോലെ പ്രജാസഭാംഗത്വവും ആശാൻ ജനോപകാരപ്രദമായി ആസ്വദിച്ചിരുന്നു.


7

വേരുകൾ മണ്ണിനടിയിൽ പൂക്കൾ ചില്ലകളിൽ 


ആശാൻ്റെ കാവ്യലോകത്തിൻ്റെ പ്രാരംഭം വിലയിരുത്തുകയാണ് ഈ അദ്ധ്യായത്തിൽ. സാമുദായിക പ്രവർത്തനവും പൊതുജീവിതവും തിരക്കേറിയതെങ്കിലും വാഗ്ദേവതയുടെ കടാക്ഷം ആശാനെ മറ്റൊരു ലോകത്തിലെത്തിക്കാറുണ്ടായിരുന്നു. ആശാൻ്റെ ആദ്യകാവ്യം വീണപൂവാണെങ്കിലും അതിനു മുന്നേ നളിനിയുടെ രചന അദ്ദേഹം ആരംഭിച്ചിരുന്നു. (1904). അദ്ദേഹത്തിൻ്റെ ഡയറിക്കുറിപ്പിൽ അതു വ്യക്തമാണ്. 1904 ൽ രചന ആരംഭിച്ചെങ്കിലും 1910 ൽ മാത്രമാണ് അതു പൂർത്തിയാക്കിയത്. 1911 ൽ ബി.വി.ബുക്ക് ഡിപ്പോ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു. നളിനി 7 വർഷത്തോളം എൻ്റെ പോക്കറ്റിൽ കിടന്ന കാവ്യമാണെന്ന് ആശാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.


ടാഗോറിൻ്റെ നളിനിയാണ് ആശാൻ്റെ നളിനിക്ക് പ്രചോദനം എന്ന്  കരുതുന്നവരുണ്ട്. ഒരു പക്ഷേ എന്നു മാത്രമേ പറയാനാകൂ. ഇവിടെ എം.കെ.സാനു ഇപ്രകാരം നിരീക്ഷിക്കുന്നു: "അന്തരാത്മാവിൻ്റെ അതിസൂക്ഷ്മതലത്തിൽ തങ്ങി നില്ക്കുന്ന അനുഭൂതികൾ ആവിഷ്കൃതമാകുന്നതിൽ ഇതര കാവ്യങ്ങൾ നിമിത്തമായി ഭവിക്കുന്നു എന്നു മാത്രം."

കവിയെന്ന നിലയിൽ വിചാരശക്തിയെ അതിലംഘിച്ചു കൊണ്ട് കവിത്വ വാസന പ്രവർത്തിച്ചു. ഇന്ദ്രിയഗോചരമായ പ്രപഞ്ചം തന്നെയാണ് കവിക്ക് മുഖ്യവിഷയം. സൗന്ദര്യവും സത്യത്തിലേക്കാണ് നയിക്കുക. സത്യം സൗന്ദര്യവും സൗന്ദര്യം സത്യവുമാകുന്നു. സന്യാസിയും സൗന്ദര്യോപാസകനും ആശാനിൽ ഒരേ പോലെ പ്രതിപ്രവർത്തിച്ച് സംഘർഷം സൃഷ്ടിച്ചതിൻ്റെ പരിണാമവും, അതിൽ സർഗ്ഗാത്മകഭാവനയുടെ ഇടപെടലുമാണ് നളിനി. അതിനാലത്രെ നളിനി പെട്ടെന്ന് പൂർത്തിയാകാതിരുന്നത്. വേണ്ടുവോളം തിരുത്തലുകൾക്ക് വിധേയമാക്കിയാണ് നളിനി പ്രസിദ്ധീകരിച്ചത്. നളിനിയുടെ ശില്പചാരുതയിൽ ഔചിത്യബോധം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നളിനിക്ക് എ.ആർ.രാജരാജവർമ്മ എഴുതിയ അവതാരിക പുതിയ ഒരു സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. ഗതാനുഗതികത്വത്തേക്കാളും നവനവോല്ലേഖ കല്പനകളിലാണ് കവികൾ ശ്രദ്ധവെക്കേണ്ടതെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. ബാഹ്യ ചേഷ്ടകളെക്കാളും ആന്തരിക ചലനങ്ങളാണ് കവിതയ്ക്ക് ബീജമാകേണ്ടതെന്ന് ഇത് വെളിപ്പെടുത്തുന്നു. 


കുട്ടിക്കാലം മുതലേ അലട്ടിയ ഒരു പ്രമേയമാണ് വീണപൂവിലേത്. "നരരുടെ ചലമായ ജീവിത"ത്തെക്കുറിച്ചുള്ള അസ്വസ്ഥതയാണ് വീണപൂവ്. പാലക്കാട്ട് താമസിക്കുമ്പോളായിരുന്നു അതിൻ്റെ രചന. മൂർക്കോത്ത് കുമാരൻ അത് മിതവാദിയിൽ പ്രസിദ്ധപ്പെടുത്തി. ഒരു വർഷം കഴിഞ്ഞ് സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു. കേരളവർമ്മ വലിയകോയിത്തമ്പുരാൻ പദ്യപാഠാവലിയിലേക്ക് അത് തെരഞ്ഞെടുത്തു. 


ഭാഷാപോഷിണിയിലേക്ക് സി.എസ്.സുബ്രഹ്മണ്യൻ പോറ്റി വീണപൂവ് അയച്ചുകൊടുത്തത് അതിൻ്റെ മാഹാത്മ്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു. മറ്റ് സമകാലിക കൃതികളിലേതിനെക്കാൾ മൂല്യവും മഹത്വവും അതിനുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. ഒരു നിമിഷ കാവ്യത്തിൻ്റെ വാചാലതയും പ്രാസപ്രിയനായ കവിയുടെ ആർഭാടതയും ശ്ലേഷപ്രിയതയും ഒക്കെ ക്കൊണ്ട് സഹൃദയരുടെ ഹൃദയത്തെ പുണ്ണാക്കുന്ന ഒരു കൃതിയല്ല, വീണപൂവ്. സാക്ഷാൽ കവിത ഇതിൽ നർത്തനം ചെയ്യുന്നു. നവീനവും അതി മനോഹരവുമായ ആശയങ്ങൾ അടങ്ങിയ ഈ കാവ്യം സഹൃദയർ ആസ്വദിക്കണമെന്ന് സി.എസ്. അഭിപ്രായപ്പെട്ടു. ഇതിലെ പദ്യങ്ങൾ അപ്രീതിയോ പഴക്കമോ തോന്നിക്കില്ല. അകം മുഴുവൻ തേൻ നിറഞ്ഞിരിക്കുന്ന കാവ്യമാണതെന്നും സുബ്രഹ്മണ്യൻ പോറ്റി ചൂണ്ടിക്കാട്ടി. സുബ്രഹ്മണ്യൻ പോറ്റിയുമായി ആശാന് സുദൃഢമായ ബന്ധം ഉണ്ടായാരുന്നു. സി. എസ്. അത് അനുസ്മരിക്കുന്നുണ്ട്. കേരളത്തിലെ ജാതിത്വം മൂലമുള്ള അനാചാരങ്ങളും പെരുമാറ്റ രീതികളും തൻ്റെ സ്നേഹിതനെ(ആശാനെ) വല്ലാതെ ക്ലേശിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭാഷാപോഷിണിയിൽ വീണപൂവ് പ്രസിദ്ധീകരിക്കാനിടയായ സാഹചര്യവും അദ്ദേഹം വിശദീകരിക്കുന്നു. വീണപൂവാക്കുന്ന കവിതക്കെടാവിളക്ക് മലയാള സാഹിത്യ ലോകത്തിൽ തെളിഞ്ഞു കത്താനുതകും വിധം ഇവിടെ കൊളുത്തിയ വലിയ സ്ഥാനം തനിക്ക് കിട്ടിയതിൽ, യാദൃച്ഛികമായി ലഭിച്ച ഭാഗ്യം അനശ്വരാഭിമാന നിദാനമായതിൽ, താൻ അഭിമാനിക്കുന്നുവെന്നും സി.എസ്. എഴുതി. പിന്നീടുള്ള വിമർശകർ സി.എസിൻ്റെ പ്രശംസാ വചനങ്ങൾ ആവർത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വീണപൂവ് വളരെ മികച്ചതും ഹൃദ്യവുമായ കാവ്യമായിട്ടാണ് എല്ലാവർക്കും അനുഭവപ്പെട്ടത്. പാഴ്മണ്ണിൽ നിന്നാരംഭിച്ച് പടിപടിയായുർന്ന് വിണ്ണിൻ്റെ നിതാന്ത സൗന്ദര്യത്തോളം വ്യാപിച്ചു നിലക്കുന്ന കാവ്യാന്തരീക്ഷം ഏതു ഹൃദയത്തിനും നിത്യനൂതനമായ അനുഭൂതിയരുളാൻ പര്യാപ്തമാണെന്ന് എം.കെ.സാനു വിലയിരുത്തുന്നു. മലയാള കവിതയുടെ ഗതി തിരിച്ചുവിടാൻ വീണപൂവിനു സാധിച്ചു. നവീന ഭാവുകത്വം പകർന്നു. അഭിരുചിപരവും ചരിത്രപരവുമായ പ്രാധാന്യം ഇത്ര മഹനീയമായി സമ്മേളിക്കുന്ന മറ്റൊരു കാവ്യമില്ലെന്ന് എം.കെ.സാനു വ്യക്തമാക്കുന്നു.


8


41 ശ്ലോകങ്ങൾ ഉള്ള കാവ്യമാണ് വീണ പൂവ്. അതിൻ്റെ ആത്യന്തികമായ ഭാവം ശോകമാണെങ്കിലും സഹൃദയരിൽ ജീവിതത്തെക്കുറിച്ചുള്ള  വിസ്മയമായിരിക്കും അവശേഷിപ്പിക്കുക. മറ്റുള്ളവർക്കു വേണ്ടി ജീവിതം നയിച്ച പൂവിൻ്റെ പതനം അനുകമ്പാർഹമാണ്. കാവ്യത്തിലെ കല്പനകളൊക്കെ പ്രപഞ്ചവുമായി മനുഷ്യജീവിതത്തെ ബന്ധിപ്പിക്കുന്നവയാണ്. ജീവിതത്തിൻ്റെ ശോകപൂരിതാവസ്ഥയേക്കാളും ജീവിതത്തിൻ്റെ മഹനീയതയാണ് കാവ്യം വിളംബരം ചെയ്യുന്നത്. വിവേകികൾക്ക് ശോകം(ദു:ഖം) വിശിഷ്ടാഭരണമാണ്. വീണപൂവ് പ്രസിദ്ധീകരിക്കുമ്പോൾ അരുവിപ്പുറം യോഗം വകയായി വിവേകോദയം എന്ന ദ്വൈമാസികം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അതിൽ വീണപൂവ് ആശാൻ പ്രസിദ്ധം ചെയ്തില്ല.


ഏകാകിയുടെ തലയെടുപ്പോടെയാണ് ആശാൻ കവി മാർഗ്ഗത്തിൽ സഞ്ചരിച്ചത്. പ്രശസ്തിക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി കുറുക്കുവഴി തേടാത്ത വ്യക്തിയായിരുന്നു അദ്ദേഹം. ജാതി ഉയർച്ചയിൽ അദ്ദേഹത്തിന് പരാതി പറയത്തക്ക വിധം തടസ്സമായിട്ടില്ലെങ്കിലും ജാതി വ്യവസ്ഥയെ അദ്ദേഹം അങ്ങേയറ്റം വെറുത്തു. തൻ്റെ സമുദായം അനുഭവിക്കുന്ന പരാധീനതയിലും അദ്ദേഹം അമർഷം കൊണ്ടു. വിശാലമായ മനുഷ്യത്വമായിരുന്നു ഇപ്രകാരമുള്ള ചിന്തയ്ക്ക് പിന്നിൽ. ജാതി വിപത്തിൽ നിന്ന് മോചനം നേടാൻ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം തന്നെയാണ് ഉപകാരപ്രദമെന്ന് ഉദ്ബോധിപ്പിക്കുന്ന 'ഒരു തിയ്യക്കുട്ടിയുടെ വിചാര'മെന്ന കവിത വീണപൂവ് പ്രകാശിപ്പിച്ച വർഷം തന്നെയാണ് പ്രസിദ്ധീകരിച്ചത്. 

എന്തിന്നു ഭാരതധരേ! കരയുന്നു, പാര -

തന്ത്ര്യം നിനക്കു വിധി കല്പിതമാണു തായേ!

ചിന്തിക്ക, ജാതി മദിരാന്ധരടിച്ചു തമ്മി - ലന്തപ്പെടും തനയ,രെന്തിനയേ 'സ്വരാജ്യം'?

എന്ന പ്രശസ്തമായ ശ്ലോകവും ഈ കവിതയിലാണുള്ളത്. സമൂഹത്തിൽ പരിവർത്തനം ഉളവാക്കുന്നതിൽ കവിതയും ഒരു ഉപാധിയാകുന്നു.


സിംഹപ്രസവം (കൊല്ലവർഷം 1084 കർക്കിടകത്തിൽ തിരുവനന്തപുരം കാഴ്ചബംഗ്ലാവിൽ പ്രസവിച്ച സിംഹത്തെപ്പറ്റി എഴുതിയത് - 1085 ചിങ്ങം - കന്നി ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു) നളിനി പൂർത്തീകരിക്കുന്നതിനു മുമ്പേ പ്രസിദ്ധീകരിച്ച കൃതിയാണ്. 37 ശ്ലോകങ്ങളാണ് പ്രസ്തുത കാവ്യത്തിലുള്ളത്. ഈ കാവ്യവും 'സിംഹിയും കുട്ടികളും ' എന്ന പേരിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ പദ്യപാഠാവലിയിൽ പ്രസിദ്ധീകരിച്ചു.  വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഈ കാവ്യം ആശാൻ കവിതയുടെ സഹജഭാവങ്ങൾ ഉൾക്കൊള്ളുന്നു. സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലും രാജകീയമായ സ്വാതന്ത്ര്യബോധം പുലർത്തുന്ന ദർശനം കാവ്യത്തിൽ തെളിഞ്ഞു കാണാം. ഒരു സിംഹ പ്രസവത്തിൽ ആശാൻ്റെ ക്ലാസ്സിക് മനോഭാവം കാണാമെന്ന് എം.കെ.സാനു വാദിക്കുന്നു. അദ്ദേഹം വ്യക്തമാക്കുന്നു:

"പഴയ ക്ലാസ്സിക് കവികളെപ്പോലെ ബാഹ്യമായ ഒരു പ്രമേയം സ്വീകരിക്കുകയും രചനാ കൗശലവും പ്രതിഭാ ദീപ്തിയും കലർത്തി അതു കവിതയാക്കി വികസിപ്പിക്കുകയും ചെയ്തിരിക്കുകയാണിവിടെ". ഇത്തരം കവിതകളും ആശാൻ എഴുതിയിട്ടുണ്ട് : പ്രഭാത നക്ഷത്രം, ഒരു ദൂഷിതമായ ന്യായാസനം മുതലായവ ഉദാഹരണങ്ങൾ.


9

വിവർത്തനം ആത്മാവിഷ്കരണം


സന്യാസത്തിനും പൊതു പ്രവർത്തനത്തിനും തമ്മിലുള്ള ആത്മബന്ധം എന്തെന്ന അന്വേഷണം ആശാൻ നടത്തിവന്നു. ഒരു ദർശനത്തിൻ്റെ സഹായത്തിന് മനസ്സ് വെമ്പി. ഈ സൗർഭത്തിലാണ് എഡ്വിൻ ആർനോൾഡ്‌ രചിച്ച 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന കാവ്യം ശ്രദ്ധയിൽ പെട്ടത്. ആ കൃതി ആശാനെ വല്ലാതെ ആകർഷിച്ചു. ബുദ്ധമതപഠനാർത്ഥമായിരുന്നു പ്രസ്തുത കൃതി ആശാൻ കോളേജ് ഗ്രന്ഥാലയത്തിൽ നിന്ന് തെരഞ്ഞെടുത്തത്. ഈഴവർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തിൽ ചേരണമെന്ന് മിതവാദി സി. കൃഷ്ണൻ വാദിച്ചു. ആ വാദത്തെ ആശാൻ അനുകൂലിച്ചില്ല. അതിനെ എതിർത്തു കൊണ്ട് മതപരിവർത്തന രസവാദം എന്ന ലഘുലേഖ തയ്യാറാക്കുകയും ചെയ്തു. എങ്കിലും ബുദ്ധനും അദ്ദേഹത്തിൻ്റെ ദർശനവും ആശാനെ ഏറെ സ്വാധീനിച്ചിരുന്നു. 'ദി ലൈറ്റ് ഓഫ് ഏഷ്യ' ഗാഢമായി സ്വാധീനിച്ചതു കാരണം അതിൻ്റെ ഒരു കോപ്പി സ്വന്തമായി വാങ്ങി. തുടർന്ന് അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണമെന്ന ആഗ്രഹവുമുണ്ടായി.1903 ൽ പരിഭാഷ ആരംഭിച്ചു. ശ്രീബുദ്ധൻ്റെ വിരക്തിയാർന്ന ജീവിതവും മാനവരാശിയുടെ ദു:ഖം പരിഹരിക്കാനുള്ള ശ്രമങ്ങളും നാരായണഗുരുവിൻ്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് വീക്ഷിച്ചു. പ്രസ്തുത കൃതിയുടെ പരിഭാഷ നിർവഹിക്കാനുള്ള ആഗ്രഹത്തേക്കാളും ആത്മാവിഷ്ക്കരണാസക്തിയാണ് ആശാനിൽ സജീവമായത്..


മഹാകവിയുടെ ചരമം പല്ലനയാറ്റിലെ ബോട്ടപകടത്തിലാണല്ലോ (1924) സംഭവിച്ചത്. ജഡത്തോടൊപ്പം ശ്രീബുദ്ധചരിതം പരിഭാഷയുടെ അഞ്ചാം ഭാഗവും ഉണ്ടായിരുന്നു.


'ലൈറ്റ് ഓഫ് ഏഷ്യ' ആശാനെ നല്ലവണ്ണം സ്വാധീനിച്ചിരുന്നു. ആശാൻ്റെ ജീവിതത്തിലെ അത്യന്ത വിശുദ്ധമായ സംരംഭം എന്നാണ് എം.കെ.സാനു ഈ പരിഭാഷോദ്യമത്തെ വിശേഷിപ്പിക്കുന്നത്. അത് പരിഭാഷപ്പെടുത്തുമ്പോൾ കോപ്പിറൈറ്റിനെക്കുറിച്ചോ പരിഭാഷാനുവാദത്തെ സംബന്ധിച്ചോ ആശാൻ ആലോചിച്ചില്ല. അവ കൃത്യമായി ആലോചിച്ച് മറ്റൊരു കവി വിവർത്തനം ആരംഭിച്ചിരുന്നു - നാലപ്പാട്ട് നാരായണ മേനോൻ. തൻ്റെ വിവർത്തനം പൂർത്തീകരിച്ചപ്പോഴാണ് ആശാൻ്റെ വിവർത്തനത്തെക്കുറിച്ച് അദ്ദേഹം അറിയുന്നത്. തുടർന്ന് നാലപ്പാട്ട് പ്രസാധകർക്കെഴുതി. ആശാന് അനുവാദം നല്കിയിട്ടില്ലെന്ന് അവർ മറുപടി നല്കി. അതു പ്രകാരം കോടതിയിൽ കേസ് നല്കാൻ അദ്ദേഹം ഒരുങ്ങി. പക്ഷേ കേസ് നല്കിയില്ല. മിതവാദി സി. കൃഷ്ണൻ അതിൽ ഇടപെട്ടതു മൂലമാണ് കോടതിയിൽ വ്യവഹാരം നടക്കാതിരുന്നത്. സി. കൃഷ്ണനും നാലപ്പാടനും വലിയ സുഹൃത്തുക്കളായിരുന്നത്രെ. ബുദ്ധമതത്തിൽ ചേരാൻ ഒരുങ്ങിപ്പുറപ്പെട്ടയാളായിരുന്നു നാലപ്പാട്ട് നാരായണമേനോൻ. എന്നാൽ പഞ്ചശീല പ്രതിജ്ഞ (കൊല്ലില്ല, കക്കില്ല, കളവു പറയില്ല, വ്യഭിചരിക്കില്ല, മദ്യപിക്കില്ല) ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനാൽ ബുദ്ധമതത്തിൽ ചേരാനായില്ല. എങ്കിലും ബുദ്ധമതം അദ്ദേഹത്തെ വശീകരിച്ചു. അപ്രകാരമാണ് ലൈറ്റ് ഓഫ് ഏഷ്യ, പൗരസ്ത്യദീപം എന്ന പേരിൽ വിവർത്തനം ചെയ്യാനൊരുങ്ങിയത്. അപ്പോഴാണ് ആശാനും അത് ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുന്നതായറിഞ്ഞത്. തുടർന്ന് നാലപ്പാട്ട് പ്രകോപിതനായി. സി. കൃഷ്ണൻ നാലപ്പാടിനയച്ച കത്തും നാലപ്പാടിൻ്റെ മറുപടിയും ശ്രദ്ധേയമാണ്. അതിൻ്റെ പരിഭാഷാവകാശം ലഭിക്കാൻ താൻ നടത്തിയ എഴുത്തുകുത്തുകളെക്കുറിച്ചും പരിശ്രമത്തെക്കുറിച്ചും മറുപടിയിൽ നാലപ്പാട്ട്  വിവരിച്ചിട്ടുണ്ട്. വ്യവഹാരം കൊടുക്കാനാണ് പോയതെങ്കിലും അപ്രകാരം ചെയ്തിട്ടില്ലെന്നും നാലപ്പാടൻ വ്യക്തമാക്കുന്നു. ശാരദ ബുക്ക് ഡിപ്പോ നടത്തി വരുന്ന ആശാൻ പോലും പകർപ്പവകാശ സംബന്ധിയായ അറിവില്ലാതെ പെരുമാറിയത് ശരിയായില്ലെന്ന് നാലപ്പാടൻ കുറ്റപ്പെടുത്തുന്നു. മലയാള ഭാഷ വളർന്നു വരികയാണ്. അതിനാൽ പരിഭാഷകർ തങ്ങളുടെ അനുഭവത്തിൽ നിന്ന് പാഠം പഠിച്ച് ഇത്തരം വഴക്കുകളിൽ നിന്നൊഴിഞ്ഞു നില്ക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് നാലപ്പാടൻ എഴുതുന്നു.


രണ്ട് ആത്മാർത്ഥതയുള്ള സാഹിത്യകാരന്മാർ ഒരേ കൃതിയുടെ പരിഭാഷയിൽ ഏർപ്പെട്ടതാണ് വിവാദം ഉണ്ടാക്കിയത്. എങ്കിലും ഭാവിയ്ക്ക് അതൊരു പാഠമാണ്. 


ഈ അദ്ധ്യായത്തിൽ വിവർത്തനത്തെ ആത്മപ്രകാശനമായി സമീപിച്ച  ആശാൻ്റെ വിവർത്തന സംരംഭവും അതിൽ അവിചാരിതമായി വന്നു പെട്ട വിവാദവും പരാമർശിക്കുന്നു. 


ചോദ്യങ്ങൾ:


അരുവിപ്പുറത്ത് വെച്ച് ആശാൻ രചിച്ച നാടകങ്ങൾ ഏവ?


അരുവിപ്പുറത്തു വെച്ച് ആശാൻ രചിച്ച നാടകങ്ങളെക്കുറിച്ച്  എം.കെ.സാനു ഏതു വീക്ഷണമാണ് സ്വരൂപിക്കുന്നത്?


ആശാൻ്റെ കാവ്യജീവിതത്തിൽ സാമുദായിക പ്രവർത്തനം ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് 300 വാക്കിൽ കവിയാതെ ഉപന്യസിക്കുക.


SNDP യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ ആശാൻ്റെ പ്രവർത്തനങ്ങളും നേരിട്ട പ്രതിസന്ധികളും 300 വാക്കിൽ കവിയാതെ വിവരിക്കുക.


തന്നോടുള്ള എതിർപ്പിനെ എപ്രകാരമാണ് ആശാൻ സമീപിച്ചത്?


പൊതുജീവിതത്തിൽ ആശാൻ ഉയർത്തിപ്പിടിച്ച നിലപാടുകൾ എന്തൊക്കെ?(150 വാക്ക്)


യോഗം കെട്ടിപ്പടുക്കാൻ നാരായണ ഗുരു, ഡോ.ടി.പല്പു എന്നിവർക്കൊപ്പം ആശാൻ വഹിച്ച പങ്ക് വിവരിക്കുക.


യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ ആശാൻ (150 വാക്ക്)


'അരുവിപ്പുറം ശ്രീ നാരായണ ധർമ്മയോഗം വക നിബന്ധനകളും വിവരണങ്ങളും' - ചുരുക്കി വിവരിക്കുക.


സമുദായത്തിലെ തീവ്രവാദപരമായ സമീപനങ്ങളോട് ആശാൻ എപകാരമാണ് പ്രതികരിച്ചത്? ഉദാഹരണ സഹിതം വിവരിക്കുക.


സന്ദർഭം വിവരിക്കുക:

".... ഗംഗയിൽ നിന്ന് വെള്ളം കൈക്കുമ്പിളിലെടുത്ത് സ്വന്തമാക്കിയതിനു ശേഷം അതിൽത്തന്നെ തർപ്പിക്കുകയാണല്ലോ നാം ചെയ്യുന്നത്. അങ്ങനെയാണ് പുണ്യം നേടേണ്ടത് "


വീണപൂവ് എന്ന കാവ്യവുമായി സി.എസ്.സുബ്രഹ്മണ്യൻ പോറ്റിക്കുള്ള ബന്ധം വിശദമാക്കുക - 150 വാക്ക്


നളിനി എന്ന കാവ്യത്തിൻ്റെ പ്രത്യേകതകൾ എന്തൊക്കെ?


സിംഹപ്രസവം എന്ന കാവ്യം ശ്രദ്ധേയമാകുന്നത് എന്തുകൊണ്ട്?


കുറിപ്പെഴുതുക:

ആശാനും സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയും.


ഉപന്യാസം:

ആശാൻ്റെ കാവ്യപ്രസ്ഥാനം._ 300 വാക്ക് 

( വീണ പൂവ്, നളിനി മുതലായ കൃതികൾ... ആശാൻ്റെ നിലപാടുകൾ... വ്യക്തി ജീവിതവും പൊതു പ്രവർത്തനവും… )


ഏതു ബുദ്ധചരിത കൃതിയെയാണ് ആശാൻ പരിഭാഷപ്പെടുത്താൻ ശ്രമിച്ചത്?


ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആശാനും നാലപ്പാടനും തർജ്ജമ ചെയ്തത് ഏതൊക്കെ ശീർഷകങ്ങൾ നൽകിയിരുന്നു?


നാലപ്പാടന്റെയും ആശാന്റെയും പരിഭാഷാ വിവാദം സാഹിത്യത്തിനു പകർന്ന പാഠമെന്ത്?


ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി പരിഭാഷപ്പെടുത്താൻ ആശാൻ തീരുമാനിച്ചത് എന്തുകൊണ്ട്?


എപ്രകാരമാണ് ദി ലൈറ്റ് ഓഫ് ഏഷ്യ ആശാനെ സ്വാധീനിച്ചതെന്ന് വ്യക്തമാക്കുക.


ബുദ്ധമതം ആശാനിൽ സ്വാധീനിച്ച സ്വാധീനം - ഉപന്യസിക്കുക.















 

















അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ