പിറക്കാത്ത മകന് എന്ന കവിതയെപ്പറ്റി




 ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ തീവ്രമായ വ്യക്ത്യനുഭവങ്ങൾ ചിദംബരസ്മരണയിൽ ഉള്ളടങ്ങിയിരിക്കുന്നു. മലയാള കാവ്യലോകത്തിന് ചിരപരിചിതനാണ് ചുള്ളിക്കാട്. തീക്ഷ്ണക്ഷോഭത്തിൻ്റെ ആവിഷ്കാരമാണ് അദ്ദേഹത്തിൻ്റെ കവിതകൾ. ദാരിദ്ര്യവും തൊഴിലില്ലായ്മയും അരാഷ്ട്രീയതയും പുക പിടിച്ച ജീവിതമോഹങ്ങളും വ്യവസ്ഥിതിയെയും സമൂഹത്തെയും വെറുക്കാൻ ഒരു കാലത്തെ യുവതയെ നിർബന്ധമാക്കിയതിൽ ചുള്ളിക്കാടിൻ്റെ കവിതകളും പങ്കു വഹിച്ചു. അസ്വാസ്ഥ്യപൂരിതമായ മനസ്സാണ് ചുള്ളിക്കാടിലുള്ളത്. രോഗവും ദു:ഖവും അരിശവും നിരാശയും പ്രത്യാശാ ഭംഗവും അതിൽ നിഴലിച്ചു. എരിപൊരികൊള്ളുന്ന ഒരാത്മാവിൻ്റെ സാന്നിദ്ധ്യമാണ് ചുള്ളിക്കാടിൻ്റെ കവിതകളിൽ അനുഭവപ്പെടുന്നതെന്ന് സാഹിത്യ ചരിത്രകാരനായ എരുമേലി പരമേശ്വരൻ പിള്ള അഭിപ്രായപ്പെടുന്നു. ആധുനിക കവിതയ്ക്ക് മേപ്പറഞ്ഞ ലക്ഷണങ്ങൾ ചേരും. ആധുനിക കവിതയുടെ പരിപ്രേക്ഷ്യം ചുള്ളിക്കാടിൻ്റെ കൃതികളിൽ ഉണ്ട്. സ്വാതന്ത്ര്യത്തോടുള്ള വല്ലാത്ത അഭിനിവേശം ഭൂമിയിലെ വാഴ് വിൻ്റെ നിഷ്ഫലതയെ ചോദ്യം ചെയ്യുന്നു. സാമൂഹിക രീതികളോടും സദാചാര മൂല്യത്തോടും ഉള്ള കലഹത്തിൻ്റെ തിക്തത ചുള്ളിക്കാടിൻ്റെ കവിതകളിൽ കാണാം. പതിനെട്ടുകവിതകൾ, ഗസൽ,അമാവാസി, മാനസാന്തരം, ഡ്രാക്കുള എന്നിങ്ങനെ നിരവധി സമാഹാരങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.' തൻ്റെ ഒരന്തരംഗത്തിൽ ഒരമാവാസിയുടെ നിബിഡാന്ധകാരവും ഒരു കൂലിപ്പണിക്കാരൻ്റെ ചിരിയുടെ വ്യംഗ്യ ഭംഗിയും സ്വപ്നങ്ങളുടെ നിഴലും നിലാവും അദ്ദേഹം പേറുന്നുവെന്ന്' ഡോ.എം.ലീലാവതി എഴുതുന്നു. പ്രശസ്ത കവയിത്രിയായ വിജയലക്ഷ്മിയാണ് ചുള്ളിക്കാടിൻ്റെ ഭാര്യ. മാപ്പുസാക്ഷി, ഗസൽ മുതലായ കവിതകൾ യുവ സഹൃദയലോകത്തെ ഗണ്യമായി സ്വാധീനിച്ചവയത്രെ.


ചിദംബര സ്മരണ (1998) ജനപ്രീതി നേടിയ ആത്മാനുഭവ കഥനമത്രെ. 1957ൽ പറവൂരിലാണ് ചുള്ളിക്കാട് ജനിച്ചത്. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദം നേടി. 1997ൽ സ്വീഡനിൽ നടന്ന അന്താരാഷ്ട്ര സാഹിത്യ സമ്മേളനത്തിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ചു. 2001 ലെ കേരള സാഹിത്യ അവാർഡിന് 'ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതകൾ' തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അവാർഡ് സ്വീകരിച്ചില്ല. 


ചിദംബര സ്മരണയ്ക്ക് ഒരു ആമുഖമെന്നോണം രണ്ടു വാക്കെഴുതിയ എസ്. ജയചന്ദ്രൻ നായർ ചുള്ളിക്കാടിനെ അകക്കാമ്പുള്ള മരമായി വിഭാവനം ചെയ്യുന്നു. ജയചന്ദ്രൻ നായർ തുടരുന്നു: 'മണ്ണിൽ വേരുകളാഴ്ത്തി കാറ്റും മഴയും വെയിലും ഉൾത്തളത്തിൽ ഉൾക്കൊണ്ട മരം. നമ്മുടെ ഒക്കെ ഭൂമി ശാസത്രത്തിൻ്റെ ഭാഗമാണ് ആ മരം. ഊഷരമായി കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിലെ നോവും വേവും ഏറ്റുവാങ്ങിയ ആ മരം മണ്ണിലൊളിച്ച സരസ്വതിയെ ഒരിക്കൽക്കൂടി നമുക്ക് തന്നിരിക്കുന്നു. ആ വരദാനത്തിന് നമുക്ക് നന്ദി രേഖപ്പെടുത്താം.'


ജീവിത സത്യങ്ങൾ ആവിഷ്കരിക്കുമ്പോൾ ആത്മകഥാകാരന്മാർ സ്വീകരിക്കുന്ന പുറംപൂച്ചുകളൊന്നും ചുള്ളിക്കാടിനില്ല. തൻ്റെ അനുഭവങ്ങൾ, വ്യഥകൾ, ആത്മാവിൻ്റെ നീറ്റലുകൾ എന്നിവ ചുറ്റുവട്ടത്തിൻ്റെ പരിഭവങ്ങൾക്കൊപ്പം രേഖപ്പെടുത്തുമ്പോൾ തൻ്റെ ഉള്ളിലുള്ള ദുഷ്ചിന്തകളെയും തനിക്ക് പറ്റിയ പിശകുകളെയും ദുർമോഹങ്ങളെയും ചാപല്യങ്ങളെയും വിട്ടു കളയാൻ ചുള്ളിക്കാട് തയ്യാറാകുന്നില്ല. തന്നെത്തന്നെ രൂക്ഷമായ ആത്മവിമർശനത്തിന് പാത്രമാക്കുകയാണ് ചിദംബര സ്മരണയിൽ. മങ്ങിപ്പോകാതെ മനസ്സിൽ അവശേഷിച്ച ജീവിത രംഗങ്ങളാണ് ചുള്ളിക്കാട് ആവിഷ്കരിച്ചത്. ജീവിതത്തെ ഒരു മഹാത്ഭുതമായി അദ്ദേഹം വീക്ഷിക്കുന്നു. എപ്പോഴും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് ജീവിതം കാത്തു വെയ്ക്കുന്നുവെന്ന് ചുള്ളിക്കാട് കരുതുന്നു. ഭ്രൂണഹത്യ, ഇരന്നുണ്ട ഓണം, ചോരയുടെ വില, ചിദംബര സ്മരണ, തീപ്പാതി, മന്ത്രവാദി, അച്ഛൻ എന്നിങ്ങനെ 39 അദ്ധ്യായങ്ങൾ. കുടുംബത്തിൽ നിന്നും സതീർത്ഥ്യരിൽ നിന്നും സഹചരരിൽ നിന്നും ആത്യന്തികമായി സമൂഹത്തിൽ നിന്നു തന്നെ പഠിച്ച പാoങ്ങൾ. ചോരകൊണ്ടെഴുതിയ ജീവിത ചിത്രങ്ങൾ എന്ന് ചിദംബര സ്മരണയിലെ കഥനങ്ങളെ വിശേഷിപ്പിക്കാം.


ഭ്രൂണഹത്യ (അഥവാ പിറക്കാത്ത മകന് എന്ന കവിതയുടെ പിറവി )


ഭ്രൂണഹത്യ എന്ന അദ്ധ്യായത്തിൽ എറണാകുളം മഹാരാജാസിൽ പഠിക്കുന്ന സന്ദർഭത്തിലുണ്ടായ ഒരു അനുഭവത്തെയാണ് വിഷയമാക്കുന്നത്. അതിൻ്റെ കാര്യവും കാരണവും ഒക്കെ ചുള്ളിക്കാട് തന്നെയായിരുന്നു. എറണാകുളം മഹാരാജാസിൽ സഹപാഠിയായ വിജയലക്ഷ്മിയെയാണ് പ്രണയ സാഹസികതയോടെ ചുള്ളിക്കാട് വിവാഹം ചെയ്തത്. 1981 കാലം. ചുള്ളിക്കാട് രണ്ടാം വർഷ ബി.എ. വിജയലക്ഷ്മി ഒന്നാം വർഷ എം.എ. വിവാഹിതർ. വീടോ രക്ഷിതാക്കളുടെ തണലോ ഇല്ലാതെ ഹോസ്റ്റലുകളിൽ കഴിയുന്നു. ഇങ്ങനെയുള്ള സന്ദർഭത്തിലാണ് താൻ ഗർഭിണിയാണെന്ന് വിജയലക്ഷ്മി വെളിപ്പെടുന്നത്. നീ എന്തിനു ഭയക്കുന്നു? പട്ടിയും പൂച്ചയും അടക്കം പ്രസവിക്കുന്നില്ലേ? അടുത്തു ധർമ്മാ സ്പത്രിയില്ലേ? ചുറ്റും അദ്ധ്യാപകരും ആയിരക്കണക്കിന് വിദ്യാർത്ഥികളുമില്ലേ? എന്ന് ആശ്വസിപ്പിച്ചു ചുള്ളിക്കാട്. എൻ്റെ കൂടെ ണ്ടായാമതി. എന്തും സഹിച്ചോളാമെന്ന് വിജയലക്ഷ്മി. എങ്കിലും ജീവിക്കാൻ എഴുത്തിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനത്തെയും സുഹൃത്തുക്കളെയും ആശ്രയിക്കുന്ന തങ്ങൾക്ക് എങ്ങനെയാണ് കുട്ടിയെ വളർത്താനാവുക? ചുള്ളിക്കാട് ആശങ്കാകുലനായി. കുട്ടിയെ പോറ്റുകയെന്നത് ദാരിദ്ര്യം നിറഞ്ഞ ഈ പശ്ചാത്തലത്തിൽ അസാദ്ധ്യമാണ്. അതിനാൽ ഭ്രൂണഹത്യ മാത്രമാണ് പോംവഴി. കോളേജിനടുത്തുള്ള ലക്ഷ്മി ഹോസ്പിറ്റലിലെ ഡോക്ടർ ശാന്താ വാര്യരെ കണ്ടു. ആദ്യം അവർ വിസമ്മതമറിയിച്ചെങ്കിലും കായലിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ വഴങ്ങി. ഭ്രൂണഹത്യയ്ക്ക് വിജയലക്ഷ്മി അനുകൂലമല്ലായിരുന്നു. എങ്കിലും വിജയലക്ഷ്മിയെ ഭീഷണി കൊണ്ടും ബലപ്രയോഗം കൊണ്ടും സമ്മതിപ്പിച്ചു. കടം മേടിച്ച പണത്താൽ ആസ്പത്രിയിലെത്തി. സമ്മതപത്രം ഒപ്പിടേണ്ടിയിരുന്നു. വിജയലക്ഷ്മിയുടെ ഗർഭത്തിൽ കിടന്ന് ഭ്രൂണം വിലപിക്കുകയാണ്. എൻ്റെ പൊന്നച്ഛോ എന്നെ കൊല്ലരുതേ. സൂര്യകിരണങ്ങളേല്ക്കാനും ഭൂമിദേവിയെ സ്പർശിക്കാനും മുലപ്പാൽ രുചി അറിയാനുമുള്ള അനുവാദം എനിക്ക് തരണം .എന്നെ കൊല്ലരുതേ അച്ഛാ. ചുള്ളിക്കാട് ഒന്നും കേട്ടില്ല. സങ്കടക്കടലേന്തുമ്പോഴും സമ്മതപത്രം ഒപ്പിട്ടു നല്കി. വിജയലക്ഷ്മിയേയും കൊണ്ട് സിസ്റ്റർ മുറിയിലേക്ക് പോയി. നിർഭാഗ്യവാനായ മകനേ, നിർഭാഗ്യവതിയായ അമ്മേ മഹാപാതകിയായ എന്നോടു പൊറുക്കണേ. 


ഇത്രയുമായപ്പോഴേക്കും ചുളളിക്കാടിനു മുന്നിൽ കണ്ണുനീരിൻ്റെ കരിങ്കടൽ കടഞ്ഞ് സർപ്പകേശിനിയും രക്ത നേത്രയുമായ കാവ്യദേവത വിഷകുംഭവുമായി ഉയർന്നു വന്നു. ആ കാകോള കുംഭം ഏറ്റു കുടിക്കെ ഉറക്കെപ്പാടി:


''ലോകാവസാനം വരേക്കും പിറക്കാതെ 

പോകട്ടെ നീയെൻ മകനേ…. "


പിറക്കാത്ത മകന് എന്ന കവിത ഇവിടെ ഉതിർന്നു വീഴുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ