എന്‍മകജെ-പരിസ്ഥിതി രാഷ്ട്രീയത്തിന്‍റെ മലബാര്‍ മാന്വല്‍ ഭാഗം 1



എന്‍മകജെ- പരിസ്ഥിതി രാഷ്ട്രീയത്തിന്‍റെ മലബാര്‍ മാന്വല്‍-ഭാഗം  1
                                                                                                           ഗണേശന്‍ വി


   



       ശ്രീ അംബികാസുതന്‍ മാങ്ങാടിന്‍റെ വിഖ്യാത നോവലാണ് എന്‍മകജെ.  എന്‍മകജെ ഒരു നാടിന്‍റെ വീര്‍പ്പിന്‍റെ സാക്ഷ്യപത്രമാണ്.നിരവധി വര്‍ഷങ്ങള്‍
നിശ്ശബ്ദചൂഷണത്തിന് വിധേയരായ ഒരു ജനതയുടെ പ്രതിഷേധത്തിന്‍റെയും പരിതാപത്തിന്‍റെയും കഥയാണ് എന്‍മകജെ എന്ന നോവല്‍ ആഖ്യാനം
ചെയ്യുന്നത്.  ഒരു പക്ഷേ, സത്യം തിരിച്ചറിയാന്‍ ദീര്‍ഘകാലം സ്വന്തം ജീവിതം ഹോമിച്ച്  കാത്തിരിക്കേണ്ടിവന്ന ഒരു സമൂഹം അധിവസിക്കുന്ന ഇടം.  ദുരിതങ്ങളുടെ താണ്ഡവത്തില്‍ സമ്പൂര്‍ണ്ണസാക്ഷരതയും സാംസ്കാരിക വിപ്ലവവും അപ്രസക്തമായ ഒരു നാട്.എന്നാല്‍,നിഷ്കളങ്കതയുടെയും സത്യത്തിന്‍റെയും മൂര്‍ത്തികള്‍ അധിവസിക്കുന്ന ഇടം.  സത്യപ്പടികളും ജടാധാരിമലയും ഭൂതവും കുറത്തിയും ശംഖുപാലനും സുഗ്രീവനും  ഒക്കെ ഇവിടെ അധിനിവേശഇരകളുടെ  ദയനീയതയുടെ പരമാവസ്ഥകളാകുന്നു.


       എന്‍മകജെയില്‍ മൂന്നുതലങ്ങളുണ്ട്.     രാഷ്ട്രീയം, സാമൂഹികം,
പാരിസ്ഥിതികം എന്നിങ്ങനെ അവയെ തരംതിരിക്കാം.  രാഷ്ട്രീയവും
സാമൂഹികവും ആയ ഘടകങ്ങള്‍   നോവലില്‍ വേറിട്ടു നില്ക്കുന്നില്ല. പരിസ്ഥിതിയാകട്ടെ, ഇക്കാലത്ത് രാഷ്ട്രീയ, സാമൂഹിക ചിന്തകളെ
ആവഹിക്കാന്‍ കഴിയും വിധം ബൃഹദ്രൂപം ആര്‍ജ്ജിച്ചിരിക്കുന്നു. 'ഇക്കോളജി രാഷ്ട്രീയം തന്നെ'(Ecology as Politics) എന്ന കൃതിയുണ്ട്.
എഴുതിയത് ഓസ്ട്രിയന്‍ ചിന്തകനായ ആന്ദ്രെ ഗോര്‍സ്(AndreGorz). ആധുനികകാലഘട്ടത്തില്‍ പരിസ്ഥിതിയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറയുന്നു.  പരിസ്ഥിതിയെ വെറും കാടും മരങ്ങളും പുഴയും മണലും മാത്രമായി, ജൈവ-അജൈവഘടകങ്ങളുടെ  കേവല ശേഖരമായി- കാണുന്ന രാഷ്ട്രീയസംഘടനകള്‍ സമകാലികരാഷ്ട്രീയത്തിലും ചിന്തയിലുമുള്ള അതിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല. കുത്തകമുതലാളിത്തത്തെ സമ്പൂര്‍ണ്ണമായി ചെറുത്തുനില്ക്കുന്ന സംവിധാനമായി പരിസ്ഥിതിരാഷ്ട്രീയം രൂപപ്പെടുകയാണ്.  ആഗോളീകരണം വന്‍വികസന പദ്ധതികള്‍ മാത്രം മുന്നോട്ടു വെക്കുന്നു. അത് മനുഷ്യന്‍റെ അടിസ്ഥാനാവശ്യങ്ങളെ ഒട്ടും പരിഗണിക്കുന്നില്ല. അന്ധമായ വികസനക്കെണിയില്‍ പെടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ വളെര പെട്ടെന്ന് ജനങ്ങളാല്‍ തിരസ്കരിക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കാതെ പോകുന്നു.  സമൂഹം എപ്പോഴും പൈതൃകമായ കാഴ്ചപ്പാടുകളില്‍ ഒട്ടിനില്ക്കും. വയലിനും കൃഷിക്കും വിശ്വാസങ്ങള്‍ക്കും വേണ്ടി വാദിക്കും. അതിനാല്‍ സമൂഹത്തെ ശരിക്ക് വായിക്കാനറിയാത്ത പാര്‍ട്ടികള്‍ പെട്ടെന്ന് അപ്രസക്തരായിത്തീരും.‍ അന്ധമായ വികസനത്തേക്കാളും പരിഗണന കിട്ടേണ്ടത് മനുഷ്യന്‍റെ അടിസ്ഥാനാവശ്യങ്ങള്‍ക്കാണ്. ഏതു വികസനവും സാധാരണക്കാരനു
വേണ്ടിയാകണം.  അവന്‍റെ വയലും പറമ്പും  ഉപയോഗിക്കുന്നുവെങ്കില്‍
അവന്ന് തീര്‍ച്ചയായും  അഭിമാനം കൊള്ളാവുന്ന ഒരു മാറ്റം സൃഷ്ടിക്കാന്‍
ജനകീയ സര്‍ക്കാരിന് സാധിക്കണം.  സര്‍ക്കാര്‍ എന്തു വികസനപരിപാടി
തയ്യാറാക്കുമ്പോഴും അതു കൊണ്ട് ഈ നാട്ടിലെ പരമദരിദ്രന്മാര്‍ക്ക്,
ദരിദ്രനാരായണന്മാര്‍ക്ക് എന്തുപകാരമാണുണ്ടാവുകയെന്ന് നന്നായി
ആലോചിക്കണം.

       

        ജനങ്ങളെ മറന്ന് വികസനത്തിന്‍റെ കൂടെ സഞ്ചരിച്ച ഭരണകൂടം ഒരു
ജനതയ്ക്ക് നല്കിയ സമ്മാനമത്രെ തോരാത്ത കണ്ണുനീര്‍, യാതനകള്‍, രോഗം, അംഗവൈകല്യം, മാനസികവൈകല്യം മുതലായവ. ഹിന്ദുസ്ഥാന്‍
ഇന്‍സെക്ടിസൈഡ്സ് എന്ന കീടനാശിനിക്കമ്പനി നിര്‍മ്മിച്ച എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി കശുമാവ് വികസന
കോര്‍പ്പറേഷന്‍, പി.സി.കെ. മൂഢതയോടെ എന്‍മകജെ എന്ന പഞ്ചായത്തിലാകെ വ്യാപിച്ചു കിടക്കുന്ന കശുമാവിന്‍ തോട്ടത്തില്‍
നിബന്ധനകളാകെ തെറ്റിച്ച് തളിച്ചതിന്‍റെ ഫലമാണ് അംഗവൈകല്യവും
ജനികതമാറ്റങ്ങളും സംഭവിച്ച ജന്തുജാലങ്ങളുടെ പിറവിക്ക് വഴിതെളിച്ചത്.
അതു മാത്രമല്ല, തേനീച്ചകള്‍, പൂമ്പാറ്റകള്‍, ചെറുകിളികള്‍ മുതലായവ ഇടം
ഉപേക്ഷിച്ച് കടന്നു കളഞ്ഞു, അഥവാ ഇല്ലാതായി.  എന്‍മകജെയെ ഒരു
ചന്ദ്രക്കലയെന്നോണം വകഞ്ഞൊഴുകുന്ന കോടങ്കീരിത്തോട് മലിനമായി
മീനുകളും തവളകളും നീര്‍ക്കോലികളും  അപ്രത്യക്ഷമായി.
എന്‍ഡോസള്‍ഫാന്‍ തളിക്കല്‍   നിര്‍ത്തിവെച്ചിരിക്കുന്ന ഇക്കാലയളവില്‍  ഈ
ജീവികളൊക്കെ തിരിച്ചുവരുന്നതായി എഴുത്തുകാരനായ എം.എ.റഹ്മാന്‍
അഭിപ്രായപ്പെടുന്നു.  നാടിന്‍റെ ഭംഗിയും  തിരികെ വന്നുകൊണ്ടിരിക്കുന്നു.



   'വിഷമഴയില്‍ പൊള്ളിയ മനസ്സ്' എന്ന കൃതിയില്‍(ആത്മകഥ) എന്‍ഡോസള്‍ഫാന്‍ വിരുദ്ധമുന്നേറ്റത്തിന്‍റെ നെടും തൂണായ ശ്രീ പദ്രെ ഈ
വസ്തുതകള്‍ വിശദമാക്കുന്നുണ്ട്.  പാരിസ്ഥിതിക മേഖലകളെയാണ്
ആഗോളവത്കരണത്തിന്‍റെ ആസുരതകള്‍ കൂടുതല്‍ തീവ്രമായി ബാധിച്ചത്.
പുഴയോരങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കാവുകള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയ
ജൈവവൈവിദ്ധ്യങ്ങളെ സ്വാര്‍ത്ഥതാല്പര്യത്തിന്‍റെ ഉരുക്കുമുഷ്ടികള്‍
ഞെരിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.1970-കളിലാണ്
 എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെന്ന പേരില്‍ തളിക്കാനാരംഭിച്ചത്.  1975-76 ല്‍
ഹെലികോപ്ടര്‍  സ്പ്രേ ആരംഭിക്കുന്നു.  25 വര്‍ഷം, വര്‍ഷത്തില്‍ 3തവണവീതം സ്പ്രേ ചെയ്യുന്നു.  സ്പ്രേ ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും പാലിക്കപ്പെടുന്നില്ല.  ശ്രീ പദ്രെ വിശദമാക്കുന്നു, -ബെള്ളൂര്‍, കുമ്പഡാജെ, കാറഡുക്ക, മുളിയാര്‍, ബദിയടുക്ക, പെരിയ,രാജപുരം, ചീമേനി മുതലായ ഇടങ്ങളിലും എന്‍ഡോസള്‍ഫാന്‍ തളിച്ചു വന്നിരുന്നു.  എന്‍ഡോസള്‍ഫാന്‍റെ വീര്യത്തിന് അല്പം പോലും നാശമേല്ക്കാതെ 800 ദിവസത്തോളം അമ്ലത്വമുള്ള മണ്ണില്‍ നില്ക്കുമത്രെ.  സ്പ്രേ ചെയ്യുന്നതിന് ഒരാഴ്ച മുന്നേ പൊതുജനത്തിന് നോട്ടീസ് നല്കണം. മൈക്കുപയോഗിച്ച് അനൌണ്‍സ് ചെയ്യണം.  ഡോക്ടര്‍മാരുടെ ക്ലിനിക്കുകളും ആശുപത്രികളും ദ്രുതകര്‍മ്മത്തിന് സജ്ജമാക്കണം.  കന്നുകാലികളോ മറ്റ് മൃഗങ്ങളോ ചത്താല്‍ പിസികെയുടെ ചിലവില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യണം മുതലായ നിര്‍ദ്ദേശങ്ങളൊന്നും  പാലിക്കപ്പെട്ടില്ല. 'My PC is more Human than P.C.K.' എന്നാണ് ശ്രീ പദ്രെയുടെ ശക്തമായ നിലപാട്.  മനുഷ്യത്വം തൊട്ടുതെറിപ്പിച്ചിട്ടില്ലാത്ത സ്ഥാപനമാകുന്നു പി.സി.കെ.


             
       എന്‍ഡോ സള്‍ഫാന്‍ തളിക്കുന്ന സന്ദര്‍ഭത്തില്‍ എന്‍മകജെയിലുള്ള
സകലതും മലിനമായിരുന്നു.  വളരെ ഉയരത്തില്‍ നിന്നും ഹെലികോപ്റ്റര്‍
മുഖേന തളിക്കുമ്പോള്‍ അതിന്‍റെ പ്രസരണം നിശ്ചിത അതിരുകള്‍ ഭേദിച്ച്
പറന്നൊഴുകിയിരുന്നു.  കുളങ്ങളും  സുരങ്കകളും കിണറുകളും
വിഷധൂളിപ്രസരത്താല്‍ മലിനമായി. ഫലവൃക്ഷങ്ങളും തൃണവും
പച്ചക്കറികളും വിഷം പുരണ്ടു കിടന്നു.  ഉണക്കാനിട്ട ഭക്ഷ്യയോഗ്യവും
അല്ലാത്തതുമായ എല്ലാം വിഷമയമായി.  വീടിന്‍റെ മേല്ക്കൂരകളും കോടങ്കീരിത്തോടും കാളകൂടം നിറഞ്ഞു.  മൃഗങ്ങളും മനുഷ്യരും നനഞ്ഞു. ദേഹം ചൊറിഞ്ഞു തടിച്ചു.  വളരെ ഭീകരമായിരുന്നു പ്രസ്തുത വിഷത്തിന്‍റെ
ഫലം.  അതു വീണ മണ്ണില്‍ കേടാകാതെ  അനേകകാലം അതു നിലനിന്നു. മുളക്കുന്ന സകലതിനെയും വിഷമയമാക്കി.  പശുക്കളും മറ്റും വിഷം പുരണ്ട പുല്ല് തിന്ന് വിചിത്ര രൂപമുള്ള സന്താനങ്ങള്‍ക്ക് പിറവി നല്കാന്‍ തുടങ്ങി. വിഷത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ആദ്യം കണ്ടു തുടങ്ങിയത് കാലികളിലാണ്.
ഡോ. മോഹന്‍കുമാര്‍, ലീലാകുമാരിയമ്മ, ശ്രീ പദ്രെ തുടങ്ങിയ സാമൂഹികപ്രവര്‍ത്തകര്‍ സജീവമായി ഇടപെട്ടതിനാല്‍ വിഷയം അന്താരാഷ്ട്ര ശ്രദ്ധ തന്നെ നേടിയെടുത്തു.  ഡി വൈ എഫ് ഐ  എന്ന യുവസംഘടനയുടെ ഇടപെടലിലൂടെ സുപ്രീം കോടതി എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുകയും  ചെയ്തു.


             

    പക്ഷേ, ഇന്നും ജനം വളരെയേറെ കഷ്ടതകള്‍ അനുഭവിക്കുന്നു. രോഗബാധിതരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും പലരും അതിനു
പുറത്തുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  സത്വരപരിഹാരമാണ്  ഇവിടെ
അനിവാര്യമായിട്ടുള്ളത്.  വികസനത്തോട് കാട്ടുന്ന  ഭ്രാന്തമായ   ആവേശത്തിന്‍റെ നാലിലൊന്നെങ്കിലും   ഈ പാവങ്ങളുടെ നേര്‍ക്കു കാട്ടാന്‍
ഭരണകൂടം തയ്യാറാകേണ്ടിയിരിക്കുന്നു.   ഒരു ജന്മം മുഴുവന്‍ വിലാപത്തിലും
രോഗദുരിതത്തിലും കഴിയേണ്ടി വരുന്ന ഒരു സമൂഹത്തോട് ആര്‍ദ്രമായ
സമീപനമാണ് കാട്ടേണ്ടത്.  രോഗം അവര്‍ വരുത്തിവെച്ചതല്ല, ഭരണകൂടം
ലാഭമുണ്ടാക്കാനുള്ള  ആര്‍ത്തി  കാരണം അവര്‍ക്കു സമ്മാനിച്ചതാണ്.  നാക്ക്
നീണ്ട് വളര്‍ന്നും കൈകള്‍ പിളര്‍ന്നും, മേലാകെ ചൊറി ബാധിച്ചും, മാനസിക
വളര്‍ച്ച മുരടിച്ചും, പ്രായത്തിനൊത്ത് ശരീരം വളരാതെയും, അകാല വാര്‍ദ്ധക്യം പിടിപെട്ടും മറ്റ് ജീവിതനരകങ്ങളില്‍ പെട്ടും വലയുന്ന എന്‍മകജെ
സമൂഹം ആവശ്യപ്പെടുന്നതെന്തും സാധിച്ചും  അംഗീകരിച്ചും കൊടുക്കാനുള്ള
ബാദ്ധ്യത ജനകീയ സര്‍ക്കാരിനുണ്ട്.



          ഈ വിഷയം കേരളമാകെ ചര്‍ച്ചചെയ്യാനുള്ള സാഹചര്യ മൊരുക്കിയതില്‍ അംബികാസുതന്‍ മാങ്ങാടിന്‍റെ എന്‍മകജെ എന്ന കൃതി വലിയ പങ്കുവഹിച്ചിട്ടുണ്ട്.  നാടിന്‍റെ യഥാര്‍ത്ഥചിത്രം വരച്ചു കാട്ടുന്നുവെന്നതു മാത്രമല്ല, കമ്പനിയുടെ കൂടെക്കൂടി അവിഹിതപ്രവര്‍ത്തനം നടത്തുന്ന ഒരു വിഭാഗം രാഷ്ട്രീയക്കാരുടെ കപടതയും ഈ കൃതിയില്‍ അനാവരണം ചെയ്യുന്നു. ശുദ്ധരാഷ്ട്രീയം ആഗോളീകരണത്തിന്‍റെ ആഗമനത്തോടെ നിഷ്കാസനം ചെയ്യപ്പെട്ടിരിക്കുന്നു. വോട്ട്ബാങ്ക് രാഷ്ട്രീയമാകട്ടെ,പലപ്പോഴും നൈതികമൂല്യങ്ങളെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു.  രാഷ്ട്രീയത്തിലും സമൂഹത്തിലും പിടിപെട്ട വൈറസ്സുകളാണ് എന്‍മകജെ ഗ്രാമത്തിന്‍റെ ശുദ്ധി നശിപ്പിച്ചതെന്ന നിലപാടിലാണ് നോവലിസ്റ്റ് എത്തിച്ചേരുന്നത്.  പരിസ്ഥിതി
വിഷയം എപ്രകാരമാണ് രാഷ്ട്രീയവത്കരിക്കപ്പെടുന്നതെന്നതിന് ഉദാഹരണം
കൂടിയത്രെ ഈ നോവല്‍.
        
       


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്