എന്‍മകജെ- പരിസ്ഥിതി രാഷ്ട്രീയത്തിന്‍റെ മലബാര്‍ മാന്വല്‍-ഭാഗം 2

എന്‍മകജെ-ഇതിവൃത്തം


എന്‍മകജെ- പരിസ്ഥിതി രാഷ്ട്രീയത്തിന്‍റെ മലബാര്‍ മാന്വല്‍-ഭാഗം 2


                                                                                                           ഗണേശന്‍ വി


       എന്‍മകജെ ഒരു പ്രദേശത്തിന്‍റെ കഥയും ഗാഥയുമാണ്.  പരിസ്ഥിതിക്കനുസൃതമായി ജീവിച്ചു പോന്ന ഒരു സമൂഹത്തിന്‍റെ നഷ്ടസ്വപ്നങ്ങളുടെ ആവിഷ്കാരമാണത്.  അതോടൊപ്പം സ്വയം വീണ്ടെടുപ്പ് നടത്താനുള്ള പാവപ്പെട്ടവരായ ജനങ്ങളുടെ സംരംഭങ്ങളുടെ ആകെത്തുകകൂടിയാണത്.  കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും കൂട്ടായ അദ്ധ്വാനത്തിന്‍റെ മധുരഫലം കൂടിയാണ് നഷ്ടപ്പെട്ട തങ്ങളുടെ സ്വര്‍ഗ്ഗത്തെ വീണ്ടെടുക്കാന്‍ സാധിച്ചുവെന്നത്.  കേരളത്തിലൊട്ടാകെ നടക്കുന്ന സ്വത്വസമരങ്ങള്‍ക്ക് തീവ്രത പകരാന്‍ ഈ കൃതിക്കു സാധിച്ചിട്ടുണ്ട്.

             ഈ കൃതിയിലെ നായകന്‍ നീലകണ്ഠനാണ്.  അനീതിക്കും അന്ധവിശ്വാസത്തിനുമെതിരെ പടയോട്ടം നടത്തുന്ന ധീരനാണ് അദ്ദേഹം.  സ്വന്തം ഭവനത്തില്‍ തന്നെ മുന്‍നിര്‍ത്തി നടക്കാന്‍ പോകുന്ന പൂജാദി കര്‍മ്മങ്ങളെ വെറുത്ത് നാടുവിട്ടവനാണ് നീലകണ്ഠന്‍.  വിശപ്പും ദാഹവും കൊണ്ടു തളര്‍ന്ന നീലകണ്ഠന് അഭയം നല്കിയത് ദേവസ്യയെന്ന വ്യക്തിയാണ്.  അദ്ദേഹമാകട്ടെ, ദി ലാസ്റ്റ് ലൈന്‍  എന്ന പത്രത്തിന്‍റെ ഉടമയാണ്.  നീലകണ്ഠനെ പത്രവിതരണത്തിനും അയാളുടെ സാമര്‍ത്ഥ്യം മനസ്സിലാക്കിയ ശേഷം പത്രറിപ്പോര്‍ട്ടിങ്ങിനും ദേവസ്യ നിയോഗിക്കുന്നു.

          നീലകണ്ഠന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാകുന്നു.  പാവപ്പെട്ടവരെ, രോഗാതുരരെ, അഗതികളെ അകമഴിഞ്ഞു സഹായിക്കുന്നു.  ദേവസ്യയുടെ നിര്‍ദ്ദേശപ്രകാരം വാങ്ങിയ സ്ഥലത്ത് ഒരു വീട് വെക്കുന്നു.  അതിന് വാതിലുകള്‍ ഉണ്ടായിരുന്നില്ല.  ആര്‍ക്കും കടന്നുവരാം. പോകാം.  ആരും ചോദിക്കില്ല.  അങ്ങനെ വയസ്സന്മാരും രോഗികളും  ഒക്കെ അതിനെ അഭയകേന്ദ്രമാക്കി.

                 അപ്രകാരമുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, തുറന്ന മനസ്സുള്ള നീലകണ്ഠന്‍, ദേവയാനിയെന്ന വേശ്യയെ അബോധാവസ്ഥയില്‍ നിന്നും താങ്ങിക്കൊണ്ടു വന്ന് പരിചരിക്കുന്നു.  അവളുടെ ശരീരമാകെ നരാധമര്‍  കടിച്ചു പറിച്ച നിലയിലായിരുന്നു.  അവള്‍ക്ക് ഭക്ഷണം നല്കിയും, മരുന്ന് നല്കിയും പരിചരിച്ച് സുഖപ്പെടുത്തുന്നു.


             ദേവസ്യയുടെ മരണം നീലകണ്ഠനെ വല്ലാതെ ഉലയ്ക്കുന്നു.  ദേവയാനിക്ക് സമൂഹത്തില്‍ നിന്നും പരിഹാസങ്ങള്‍ നേരിടേണ്ടി വരുന്നു.  നീലകണ്ഠന്‍ ജോലിയില്‍ നിന്നും ഒഴിഞ്ഞു.  രണ്ടു പേരും ഒരുമിച്ച് ജീവിതം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു.  വിവാഹജീവിതത്തോട് രണ്ടു പേര്‍ക്കും താല്പര്യമില്ല.  പൂര്‍ണ്ണസ്വതന്ത്രരായ രണ്ടു പേര്‍.  അവരവരുടെ വിശ്വാസാദികള്‍ തുടരാം. ഒരാള്‍ മറ്റൊരാള്‍ക്ക് തടസ്സമല്ല.  തങ്ങളുടെ ഇടയില്‍ വേറൊരാള്‍ പാടില്ല.   കുട്ടികള്‍ വേണ്ടെന്ന നിലപാടിലും രണ്ടു പേരും എത്തി.

                       ദേവയാനിക്ക് ഭര്‍ത്താവുണ്ടായിരുന്നു. അയാള്‍ അവളെ ചതിച്ചതാണ്.  പിന്നീട് ജീവിക്കാന്‍ വേശ്യാവൃത്തി തന്നെ തുടരേണ്ടിവന്നു.  അതിലവള്‍ക്ക് കുറ്റബോധമില്ല.  നീലകണ്ഠന്‍റെ സാമീപ്യം ഉണ്ടാകുന്നതോടെ അവളില്‍ വലിയ മാറ്റങ്ങള്‍ രൂപപ്പെടുന്നു.  സുരക്ഷിതത്വബോധവും ജീവിതത്തോടുള്ള സ്നേഹവും ദേവയാനിക്കുണ്ടാകുന്നു.  ജാതിയോ മതമോ ഭൂതകാലമോ ഒന്നും ഒന്നിച്ചുള്ള ജീവിതത്തിന് പാത്രമാക്കാത്ത നീലകണ്ഠന്‍ അവള്‍ക്ക് വേറിട്ടൊരനുഭവമായിരുന്നു.  ദേവയാനിയുടെ ജീവിതത്തെ അവള്‍ക്കു തന്നെ തീരുമാനിക്കാമെന്ന നിലപാടാണ് നീലകണ്ഠന്‍റേത്.  എന്നാല്‍ നീലകണ്ഠന് ഒരു നിര്‍ദ്ദേശം  ഉണ്ടായിരുന്നു.  ദേവയാനിയോട് ഗര്‍ഭപാത്രം ഉപേക്ഷിക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു.  കാരണം, ദുഷിച്ച ലോകത്തിന് ഒരു സംഭാവന നമ്മുടെ വകയായി വേണ്ട.  ദേവയാനി സമ്മതിക്കുന്നു.

                         സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടതകളോട് നീലകണ്ഠന് അനുഭാവം ഉണ്ട്.  അദ്ദേഹം പറയുന്നു, ''നിന്‍റെ ജീവിതത്തെ നിനക്ക് തീരുമാനിക്കാം.  നിന്‍റെ ജീവിതത്തിന്‍റെ സ്വാതന്ത്ര്യവും സ്വച്ഛതയും ഞാനൊരിക്കലും തകര്‍ക്കുകയില്ല.  നിന്‍റെയെന്നല്ല, ഒരു  സ്ത്രീയുടേയും ജീവിതത്തില്‍  ഞാനിന്നുവരെ  അധികാരി ചമഞ്ഞിട്ടില്ല,നൂറായിരം കൊല്ലങ്ങളായി സ്ത്രീയോട് പുരുഷന്‍ കാണിച്ച ക്രൂരത അത്ര വലുതാണ്.  അവന്‍റെ സുഖസൌകര്യങ്ങള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ മാത്രമായിരുന്നു എന്നും അവള്‍.  ഇവിടെ വന്നു താമസിച്ച എത്രയോ സ്ത്രീകളുടെ തുണികള്‍ അലക്കിവെളുപ്പിച്ചും അവരുണ്ട  പാത്രങ്ങള്‍ തേച്ചുകഴുകിയും ആ മഹാപാപത്തിന്‍റെ ചെറിയൊരംസമാണ് ഞാന്‍ കഴുകിക്കളയാന്‍ ശ്രമിച്ചത്''.  നീലകണ്ഠന്‍റെ വാക്കുകള്‍ ദേവയാനിയെ പ്രചോദിപ്പിക്കുന്നു.


                   ദേവസ്യയുടെ മരണവും പട്ടണത്തില്‍ ദേവയാനിക്കും നീലകണ്ഠനും  അടിക്കടിയനുഭവിച്ച മാനഹാനിയും തിക്തമായ അനുഭവങ്ങളും വേറിട്ടൊരു സ്ഥലം തേടാന്‍ അവരെ പ്രേരിപ്പിക്കുന്നു.  തന്‍റെ മരണക്കുറിപ്പ് എഴുതിവെച്ച ശേഷം, 'തന്‍റെ മരണം' ആസൂത്രണം ചെയ്തു നടപ്പിലാക്കി.  നീലകണ്ഠനെന്ന പേരില്‍ ഒരു മൃതശരീരം തീ കൊളുത്തിയ ശേഷം തന്‍റെ രൂപഭാവങ്ങള്‍ മാറ്റുന്നതിനായി മുടിയും താടിയും കളയുന്നു.  തുടര്‍ന്നുള്ള   യാത്ര തുളുനാട്ടില്‍ സമാപിക്കുന്നു.  പല ഭാഷകളുടെയും നാട്.  കുന്നുകളും പുഴകളും ചാലുകളും നിറഞ്ഞ നാട്.  സ്വര്‍ഗയിലേക്കുള്ള ബസ്സ് പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്നു. രണ്ടു പേരും അതില്‍ കയറുന്നു. 



              എന്‍മകജെയിലെ    ജടാധാരിമലയില്‍ ശീവൊള്ളിബ്രാഹ്മണനായ ഗോപാലകൃഷ്ണ അഗ്ഗിത്തായയുടെ കയ്യില്‍ നിന്നും നിസ്സാരവിലയ്ക്ക് ആണ് വീടും പറമ്പും മേടിച്ചത്.  ജൈനമതവിശ്വാസികളായിരുന്ന ബെള്ളാളന്മാരായിരുന്നു എന്‍മകജെയിലെ നാടുവാഴികള്‍.  അവരെ കീഴ്പെടുത്തി ശീവൊള്ളി ബ്രാഹ്മണന്മാര്‍ അധികാരം പിടിച്ചു.  സ്വര്‍ഗ്ഗയിലെ ജടാധാരിഭൂതം അവര്‍ക്കു കണ്ണിലെ കരടായി.  ദുര്‍മന്ത്രവാദത്തിലൂടെ  ഭൂതത്തെ ചെന്പുകുടത്തിലാക്കി  മലമുകളില്‍ കുഴിച്ചിട്ടു.  എന്നാല്‍ ഭൂതത്തിന്‍റെ സഹചാരിണിയായ കുറത്തിയെ കീഴ്പെടുത്താന്‍ സാധിച്ചില്ല.  അവള്‍ ജടാധാരിഭൂതത്തെ രക്ഷിച്ചു.  തുടര്‍ന്ന് ശീവൊള്ളിക്കാരെ പലപല അത്യാഹിതങ്ങള്‍ ബാധിക്കാന്‍ തുടങ്ങി.  അവര്‍ സ്ഥലം വിട്ടു.  എന്‍മകജെയുടെ ചരിത്രത്തിന്‍റെ  ഭാഗം കൂടിയാണ് ഇത്തരം വിശ്വാസങ്ങള്‍.


          ജടാധാരിമലയിലെ ഗുഹ നീലകണ്ഠന് മഹാബലിയുടെ കഥ പറഞ്ഞുകൊടുക്കുന്നു.  സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും ദേവനായിരുന്നു മഹാബലി.  വെറും കഴുത ജന്മമായി അവന്‍ ജടാധാരിമലയിലെ ഗുഹയില്‍ വാണു.  ഇന്ദ്രനാകട്ടെ ബലിയെ അപമാനിക്കാന്‍ തക്കം പാര്‍ത്ത് നടക്കുകയായിരുന്നു.  തന്നെ പരിഹസിച്ച   ഇന്ദ്രന് ബലി മറുപടി നല്കിയത്, ഇന്ദ്രനായി വിളങ്ങുന്ന നീയ്യും കാലത്തിന്‍റെ അജയ്യമായ കരത്താല്‍ തുടച്ചു നീക്കപ്പെടുമെന്ന താക്കീത് നല്കി.  അവസാനം മഹാബലിക്ക് മോക്ഷം കിട്ടുമെന്ന്  ഇന്ദ്രന് അനുഗ്രഹിക്കേണ്ടതായും വന്നു.


                      ജടാധാരി മലയെക്കുറിച്ചും അതിന്‍റെ പശ്ചാത്തലകഥകളെക്കുറിച്ചും നീലകണ്ഠന്‍ അറിയുന്നത് പഞ്ചി എന്ന നാട്ടുവൈദ്യനില്‍ നിന്നാണ്.  എട്ടു സംസ്കാരങ്ങളുടെ നാടാണ് എന്‍മകജെ.  കുന്നുകളുടെ നാടാണ് എന്‍മകജെ. ആത്യന്തികമായി, പഞ്ചിയെന്ന വയസ്സനായ ഈ മനുഷ്യനാണ് എന്‍മകജെയെന്ന സ്ഥലവുമായി നീലകണ്ഠനെ ബന്ധിപ്പിക്കുന്നത്.  എന്‍മകജെയെ നീലകണ്ഠനുമായി ബന്ധിപ്പിക്കുന്ന പ്രധാനതന്തുവാണ് പഞ്ചി.  രഹസ്യങ്ങളെ അനാവരണം ചെയ്യാനും പ്രകൃതിയും മനുഷ്യനും അടിസ്ഥാനപരമായി ഒന്നാണെന്ന് സ്ഥാപിക്കാനും നോവലിസ്റ്റ് സൃഷ്ടിച്ച സൂചകങ്ങളത്രെ കണ്ണാടിയും ഗുഹയും.  കണ്ണാടി ദേവയാനിയുടെ മനസ്സിനെ അനാവരണം ചെയ്യുമ്പോള്‍ ഗുഹ നീലകണ്ഠന്(പുരുഷന്) പുതിയ പാഠങ്ങള്‍ പകര്‍ന്നേകുകയായിരുന്നു.


         യാദൃച്ഛികമായി  ദേവയാനിക്കു ലഭിച്ച, അഥവാ കിട്ടിയ, ശിശുവായിരുന്നു  പരീക്ഷിത്ത്.  കഥാവസാനം വരെയും സജീവമായ കഥാപാത്രമാക്കി പരീക്ഷിത്തിനെ മുന്നോട്ടു കൊണ്ടു പോകാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.  വളരെ ചെറിയ, ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരു കുട്ടിയെന്നാണ് അവര്‍ കരുതിയത്.  കുട്ടിയെ ചികിത്സിക്കാന്‍ വന്ന പഞ്ചിമൂപ്പനില്‍ നിന്നും ഇത് ആത്മഹത്യ ചെയ്ത ഏലയുടെ കുട്ടിയാണെന്ന് അറിയുന്നു.  അതു മാത്രമല്ല, ഇതിന് ആറേഴുവര്‍ഷം പ്രായമുണ്ട് െന്നും ഇതിന്‍റെ സുഖക്കേട് ചികിത്സിച്ചാല്‍ മാറ്റാനാകില്ലെന്നും അദ്ദേഹം പറയുന്നു.  ജടാധാരിഭൂതത്തിന്‍റെകോപമാണ് ഇതിന്നു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  നീലകണ്ഠനും ദേവയാനിയും അമ്പരന്നു പോയി.  ഏതായാലും കുട്ടിയെ തുടര്‍ന്നും വളര്‍ത്താനും  ചികിത്സിക്കാനും   അവര്‍ ശ്രമിക്കുന്നുണ്ട്.  കുട്ടിയെ സംബന്ധിച്ച് നീലകണ്ഠന്‍ പറയുന്നുണ്ട്,
 ഞാനൊരു പാട്  രോഗികളെ ശുശ്രൂഷിച്ചിട്ടുണ്ട്.  കൂടുതലും കുഷ്ഠരോഗികളായിരുന്നു....പക്ഷേ , അന്നൊക്കെ തോന്നിയതിനേക്കാള്‍ വേദനയാണ് ഈ കുഞ്ഞിനെ കാണുമ്പോള്‍. ജീവിതത്തിന്‍റെ ഒരു സുഖം പോലും അറിയാതെ, ഒന്നു ചിരിക്കാന്‍ പോലും കഴിയാതെ, ഏതു നേരവും വേദന സഹിച്ച്...ഹോ, എനിക്ക് വിചാരിക്കാനാകുന്നില്ല.
           ഈ വാക്കുകളില്‍ ആ ബാലന്‍റെ ദൈന്യം അടങ്ങിയിട്ടുണ്ട്.  എന്നാല്‍ ഇതുമാത്രമല്ല, ഇതിപോലുള്ള നിരവധിപേര്‍ , കുട്ടികളും മുതിര്‍ന്നവരുമടക്കം ആ നാട്ടിലുണ്ടെന്ന് നീലകണ്ഠന്‍ മനസ്സിലാക്കാന്‍ പോവുകയായിരുന്നു.  താനുപേക്ഷിച്ച ആക്ടിവിസത്തിന്‍റെ തീസമരങ്ങളിലേക്ക് അയാള്‍ എടുത്തെറിയപ്പെടുകയായിരുന്നു.  പഞ്ചിയാണ് ശിവപ്പനായ്ക്കിന്‍റെ പൊരയിലേക്ക് നീലകണ്ഠനെ എത്തിക്കുന്നത്.  നാവ് ഉള്‍വലിക്കാനാകാത്ത ശിവപ്പനായ്ക്കിന്‍റെ മകള്‍ ഭാഗ്യലക്ഷ്മിയെ ഒരു ഞെട്ടലോടെ അയാള്‍ കണ്ടു.  മീനും തവളയുമൊന്നും ജീവിക്കാത്ത കോടങ്കീരിത്തോടിനൊപ്പം അതിന്‍റെ കരയില്‍ വസിക്കുന്ന ഭാഗ്യം കെട്ട നിരവധി ജന്മങ്ങളെ നീലകണ്ഠന്‍ കണ്ടു.  തുമണ്ണഷെട്ടി, നരായണഷെട്ടി എന്നിവരുടെ മക്കളൊക്കെ മാരകരോഗങ്ങള്‍ക്ക് വിദേയരായിരിക്കുന്നു.  അന്‍വറും ഫാത്തിമയും അതില്‍ പെടും. 

            പരീക്ഷിത്തിനെ കാണിക്കാന്‍ കെ.എസ്.അരുണ്‍കുമാര്‍ എന്ന ഡോക്ടറുടെ സമീപം നീലകണ്ഠനും ദേവയാനിയും പോകുന്നു.  ജടാധാരിമലയില്‍ ധൈര്യസമേതം കഴിയുന്ന അവരെക്കുറിച്ച് ഡോക്ടര്‍ കേട്ടിട്ടുണ്ടായിരുന്നു.  പരീക്ഷിത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഡോക്ടറില്‍ നിന്നും ലഭ്യമാകുന്നു.  ആദ്യം കുഞ്ിനെ കൊണ്ടുവന്നത് നീലകണ്ഠന്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും, ഇപ്പോള്‍, ഇന്നാട്ടിലെ ദുരന്തം താനറിയുന്നത് ഈ കുട്ടി കാരണമാണെന്ന് നീലകണ്ഠന്‍ വ്യക്തമാക്കുന്നു.  സത്യപ്പടികളും നാല്ക്കാലി പെറ്റ വികൃതസത്വത്തെയും അയാള്‍ കാണുന്നു.  എന്താണ്  ഇതി നൊക്കെ കാരണമെന്ന അന്വേഷണം നീലകണ്ഠന്‍ ആരംഭിക്കുന്നു.


           നീലകണ്ഠന്‍ തന്‍റെ പഴയ സ്വഭാവത്തിലേക്ക് പിന്മടങ്ങുകയായിരുന്നു.  ആക്ടിവിസത്തിന്‍റെ ദിനങ്ങള്‍ ആഗതമായി.  ഇവിടെ അദ്ദേഹത്തിന് കൂട്ടുകാരുണ്ടായി.  കെ.എസ്. അരുണ്‍കുമാര്‍, ശ്രീരാമ, ജയരാജന്‍ മുതലായവര്‍ അവരില്‍ ചിലര്‍ മാത്രം.


             


                           








    


              

            
                

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്