പശതിന്നുന്ന മലയാളി- ഭക്ഷണശീലങ്ങളില്‍ വന്ന മാറ്റം
ഒരു ജനതയുടെ മനസ്സും ശരീരവും സന്തുലിതമായി പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തിന്റെ/നാടിന്റെ കര്‍മ്മനിരതയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണ്. ഭക്ഷണം വ്യക്തിയുടെ മനസ്സിനെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നു. അത് പകരുന്ന ഊര്‍ജ്ജമാണ് രാജ്യപുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായമാകുന്നത്. ശ്രേയസ്സുള്ള കുടുംബത്തെ പുരോഗതിയുടെ മാനകമായി അംഗീകരിക്കുന്നുണ്ട് പല വികസിതരാജ്യങ്ങളും. എന്നാല്‍ നമ്മുടെ രാജ്യത്തു ലഭിക്കുന്നതും കഴിക്കണം എന്ന് നാം ആഗ്രഹിക്കുന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങളൊക്കെ സുരക്ഷിതം തന്നെയാണോ? ചിന്തിച്ചാല്‍, അല്ല എന്നു മറുപടി പറയേണ്ടിവരും. സുരക്ഷിതം അല്ലെന്നു മാത്രമല്ല, മാരകരോഗങ്ങള്‍ക്ക് നമ്മെ അടിപ്പെടുത്തുന്നവ കൂടിയാകുന്നു, മായവും പോഷകരാഹിത്യവും കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍. ഇതിനെക്കുറിച്ചു അല്പം കാര്യങ്ങള്‍ പരാമര്‍ശിക്കാനാണ് ഉദ്ദേശിക്കുന്നത്.
കാലം ഏറെ മാറിയിരിക്കുന്നു. മനുഷ്യന്റെ ഇഹലോകവാസത്തിന് അവശ്യഘടകങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ ഇന്ന് പുരോഗതിയുടെ അളവുകോലായി മാറിയിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണവും സുരക്ഷിതമായ പാര്‍പ്പിടസൗകര്യവും പ്രപഞ്ചശക്തികളില്‍ നിന്നും മോചനം നല്കുന്ന വസ്ത്രവും വികസിതരാജ്യത്തിന്റെ പ്രതീകമാണ്. എന്ത് ആഹാരം കഴിക്കണം, എവിടെ താമസിക്കണം, ഏതു വസ്ത്രം അണിയണം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ആധുനിക ജനാധിപത്യ രാജ്യങ്ങള്‍ നിര്‍ബന്ധം പിടിക്കാറില്ല. വ്യക്തി ഈ കാര്യങ്ങളിലൊക്കെ പൂര്‍ണ്ണസ്വതന്ത്രനാണ്. എന്നാല്‍, താമസവും വേഷവും ഒഴിച്ചു നിര്‍ത്തിയാല്‍, ഭക്ഷണത്തിന്റെ മേഖല അനുദിനജീവിതത്തിന്റെ ഭാഗവും ജീവിതദൈര്‍ഘ്യത്തിന്റെ മാനകവുമാണ്. അതിനാല്‍ എന്ത് ആഹരിക്കണമെന്നത് പ്രധാനവിഷയമായി തന്നെയിരിക്കുന്നു.
'അന്തിയുണ്ടു പഴങ്ങള്‍ തന്‍ മാംസം/ മന്ദമന്ദം നുണഞ്ഞതിന്‍ ശേഷം/ നാലും കൂട്ടി മുറുക്കിയിമ്പത്തില്‍/ മേളം കൂട്ടി ഞാന്‍ മേടയില്‍ വാഴ്‌കെ' യെന്ന് കുടിയൊഴിക്കലില്‍ ജന്മിയുടെ പ്രഭുത്വജീവിതത്തിന്റെ സമൃദ്ധിയെ വൈലോപ്പിള്ളി ആലേഖനം ചെയ്യുന്നുണ്ട്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ അദ്ധ്വാനിക്കാത്തവന് ചോറും അദ്ധ്വാനിക്കുന്നവന് വെറും കഞ്ഞിയുമാണ് കിട്ടിക്കൊണ്ടിരുന്നത്. തനിക്കു ചോറു വേണമെന്ന വാദമാണ് അടിയാനെ പോരാളിയാക്കിയത്. മുതലാളിത്തം ആഗതമായതോടെ അടിയാനും ജന്മിയും തമ്പേറടിച്ച വ്യവസ്ഥിതി ശിഥിലമാവുകയും മുതലാളി-തൊഴിലാളി ബന്ധങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ചോറ്/കഞ്ഞി എന്നീ സാമൂഹിക ഭക്ഷണ ചിഹ്നങ്ങള്‍ ഫ്യൂഡലിസത്തിലും ആദ്യകാല മുതലാളിത്തവ്യവസ്ഥയിലും അധികാരത്തിന്റെയും നിസ്സഹായതയുടെയും ദ്വന്ദ്വ ബിംബങ്ങളായിരുന്നുവെന്ന് കാണാം. ഈ രണ്ടുസന്ദര്‍ഭത്തിലും പ്രകൃതിയുമായുള്ള ബന്ധം സാധാരണക്കാരന്, അടിയാനും തൊഴിലാളിക്കും നിലനിര്‍ത്താന്‍ സാധിച്ചിരുന്നു. പറമ്പിനെ/പ്രകൃതിയെ ആശ്രയിച്ച ഭക്ഷണരീതികളായിരുന്നു നാം പിന്തുടര്‍ന്നത്. താളും തകരയും ചേമ്പും കാമ്പും കൂമ്പും എന്നിങ്ങനെ ചെടിത്തണ്ടുകള്‍, കിഴങ്ങുകള്‍, ഇലകള്‍ എന്നിവയായിരുന്നു പണിയാളന്റെ ആരോഗ്യം ചിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ മുതലാളിത്തവികാസം രൂക്ഷമാവുകയും ഗ്രാമങ്ങള്‍ നഗരമാവുകയും ചെയ്തതോടെ സാധാരണക്കാരന്റെ ഭക്ഷണശീലങ്ങളില്‍ പട്ടണം/കമ്പോളം ആധിപത്യം ചെലുത്താന്‍ തുടങ്ങി. സത്വരവികസനത്തിന്റേയും നഗരവത്കരണത്തിന്റേയും ഫലമായി ആഹാരരീതികളില്‍ നിന്നും നാടന്‍ശീലം പൂര്‍ണ്ണമായും അകന്നു. പാശ്ചാത്യമായ ഭക്ഷണരീതികള്‍ക്കൊപ്പം, പാശ്ചാത്യഭക്ഷണശാലകളും ആഗോളീകരണത്തിന്റെ ഫലമായി നമ്മുടെ നാട്ടില്‍ വ്യാപകമായി. കൂമ്പുപ്പേരിക്കും പുളിശ്ശേരിക്കും തവിട്ടരിച്ചോറിനും പകരം ബര്‍ഗ്ഗറുകളും സാന്റ്വിച്ചുകളും സുലഭമായി. നിറഞ്ഞ ഹൃദയത്തോടെ കൊതിപ്പിക്കുന്ന ചില്ലുകൂട്ടുകളിലടച്ച ഭക്ഷണവസ്തുക്കളടങ്ങിയ ബേക്കറികള്‍ ഒരോ ബസ്സ്‌സ്റ്റോപ്പിലും പ്രത്യക്ഷപ്പെട്ടു. ബന്ധുവീടുകളിലേക്ക് 'മായ/വിഷ'പ്പാക്കറ്റുകള്‍ വാങ്ങിയാത്ര ചെയ്യുന്ന പൊങ്ങച്ചസഞ്ചികളായി നമ്മള്‍ മാറി.
'വെളുത്തവിഷമായ' പഞ്ചസാര, വെളുത്ത പൊടിയായ മൈദ, 'വെളുത്ത ചോറ്' എന്നിവ നമ്മുടെ ആരോഗ്യത്തെ കാര്‍ന്നെടുക്കുന്നു. കരിമ്പില്‍നിന്നും അതിന്റെ ചാറുമുഴുവന്‍ നീക്കം ചെയ്തശേഷം അതിലെ ജീവകങ്ങളും ധാതുക്കളും മറ്റും നീക്കം ചെയ്തശേഷം ബ്‌ളീച്ചിങ്ങിനു വിധേയമാക്കി, നിരവധി രാസവസ്തുക്കളുടെ പ്രയോഗാനന്തരമാണ് പഞ്ചസാര നിര്‍മ്മിക്കുന്നത്. വെറും സ്റ്റാര്‍ച്ച് മാത്രമാണ് അതില്‍ അടങ്ങിയിരിക്കുന്നത്. അതിനെ ദഹിപ്പിക്കുകയെന്നത് ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല. വളരെ വേഗത്തിലുള്ള ദഹനം പഞ്ചസാരയെ സംബന്ധിച്ച് അസാദ്ധ്യമാണ്. നിരവധി രാസപ്രക്രിയയിലൂടെ കടന്നുവോയതിനു ശേഷമാണ് അതിന്റെ നിര്‍മ്മിതിയെന്നതിനാല്‍, പ്രസ്തുത രാസവസ്തുക്കളുടെ സാന്നിദ്ധ്യവും നമ്മുടെ ശരീരത്തില്‍ അസന്തുലിതാവസ്ഥയുളവാക്കും. ഈ ശുദ്ധീകരണമാണ് ഓരോ വിശിഷ്ടവസ്തുക്കളെയും മലിനമാക്കുന്നത് എന്നതാണ് യാതാര്‍ത്ഥ്യം. നമുക്കാണെങ്കില്‍ ആഴ്ചയ്ക്ക് വീട്ടില്‍ രണ്ടുകിലോ പഞ്ചസാരയില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന അവസ്ഥയാണ്. രോഗകാരിയെ വീട്ടില്‍ തന്നെ പാലിക്കുന്നു. പ്രമേഹരോഗം മാത്രമല്ല, കരള്‍, വൃക്ക, എല്ലുകള്‍ എന്നിവയെ ദോഷകരമായി ബാധിക്കാന്‍ വെളുത്ത വിഷമെന്ന് ഗാന്ധിജി വിശേഷിപ്പിച്ച പഞ്ചസാരയ്ക്ക് കഴിയും. ശരീരത്തിന്റെ എല്ലാവിധ ഉപാപചയ പ്രവര്‍ത്തനങ്ങളെയും തരംകിട്ടുമ്പോള്‍ അതു താറുമാറാക്കും.
ഇതുപോലെ വെളുത്ത മറ്റൊരു വിഷമാണ് മൈദ. ഇന്ന് പൊറോട്ടയല്ലാതെ ആര്‍ക്കും ആഹാരമില്ലാത്ത മട്ടാണ്. 'മൂന്നാറിലെ റിസോര്‍ട്ടുകളല്ല, പൊറോട്ട വില്ക്കുന്ന ഹോട്ടലുകളാണ് ഇടിച്ചു നിരത്തേണ്ടത്' എന്ന് മുമ്പ് മലയാളത്തിന്റെ പ്രിയസാഹിത്യകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ഗോതമ്പിനെ എപ്രകാരം വിഷമയമാക്കി ഉപയോഗിക്കാം എന്നതിന് മൈദ ഉദാഹരണമാണ്. മൈദ പശയാണ്. ചൂട് വെള്ളത്തില്‍ ഇട്ടാല്‍ അതിന്റെ പശിമ നല്ലവണ്ണം വ്യക്തമാകും. രാഷ്ട്രീയക്കാരും സിനിമക്കാരുമൊക്കെ അതിന്റെ ഗുണഭോക്താക്കളാണ്. പോസ്റ്ററൊക്കെ ഒട്ടിച്ച ശേഷം ഏതെങ്കിലും ഹോട്ടലില്‍ കയറി നല്ലവണ്ണം പൊറോട്ട അടിച്ചുകയറ്റിയാലേ തൃപ്തിയാകൂ. ദഹിക്കാതെ ആരെയോ പ്രാക്കി ആമാശയത്തില്‍ അതങ്ങനെ കിടക്കും. കുട്ടിക്കാലത്തു തന്നെ, രണ്ടു പൊറോട്ട തിന്നാല്‍ മതി, പിന്നെയൊന്നും കഴിക്കേണ്ട എന്നു പയുന്നവരെ കണ്ടിട്ടുണ്ട്. മൈദ ദഹിക്കാതെ അങ്ങനെ വിലങ്ങുതടിപോലെ കിടക്കുകയാണെന്ന പരമാര്‍ത്ഥവും അതിനെ ദഹിപ്പിക്കാന്‍ നമ്മുടെ ശരീരം പാടുപെടുകയാണെന്ന യാഥാര്‍ത്ഥ്യവും ആരും പറഞ്ഞുതന്നില്ല. ഇന്ന് ഗോതമ്പുപൊടിക്കൊപ്പവും മൈദ ചേര്‍ക്കുന്നു. മൈദ ചേര്‍ന്നിട്ടില്ലാത്ത ആട്ട എന്നു വേറെ പേരില്‍ വില്പന നടത്തുന്നു. നമ്മുടെ ബേക്കറികളിലെ ഭൂരിഭാഗം പലഹാരങ്ങളും കുടിയിരിക്കുന്നത് മൈദയുടെ മീതേയാണ്. അങ്ങനെ നോക്കിയാല്‍. നല്ലൊരു ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ദിനം പ്രതി മൈദ കാരണമുള്ള പലഹാരങ്ങള്‍ കഴിച്ച് ആപത്തില്‍ പെടുന്നവരുടെ എണ്ണം കൂടിവരികയാണെന്നു കാണാം. ഈ പശപ്പുള്ള പദാര്‍ത്ഥത്തിന്റെ വ്യാപകമായ ഉപയോഗം ഭൗതികമായ പരിവര്‍ത്തനം മാത്രമല്ല, മാനസികമായ പരിവര്‍ത്തനം കൂടി സൃഷ്ടിച്ചിട്ടുണ്ടെന്നു കാണാം. പൊറോട്ട ചുരുണ്ടു കിടക്കുന്ന അസ്വസ്ഥഭരിതമായ ഉദരം കാരണമാകാം, കാലുഷ്യമേറിയ ചിന്താരീതികള്‍ക്കുടമകളായി മലയാളികള്‍ മാറിയത്. എല്ലാ സമീപനത്തിലും ഒരു വഴുവഴുപ്പ്, ഒരു അഴകൊഴമ്പന്‍ രീതി, ഒന്നിലും ഒരുറപ്പില്ലായ്മ. സ്വന്തം വീക്ഷണങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും മാദ്ധ്യമപ്രയോഗങ്ങളും എല്ലാം 'മൈദ' പോലെതന്നെ.
ഗോതമ്പിലെ ഉമിനീക്കി, തവിടു നീക്കി, നാരുള്ളതെല്ലാം നീക്കം ചെയ്തശേഷം ബാക്കിയാവുന്ന പൊടിയെ ബെന്‍സോയില്‍ പെറോക്‌സൈഡ് ഉപയോഗിച്ച് ബ്‌ളീച്ചു ചെയ്തശേഷം, തരി 'റവ' എന്ന പേരില്‍ മാര്‍ക്കറ്റിലെത്തിക്കുന്നു. എന്നാല്‍, മൈദയാകാന്‍ ഇനിയും രാസപ്രക്രിയക്ക് വിധേയമാകേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അതിനെ മൃദുവാക്കാനായി അലോക്‌സിന്‍ ചേര്‍ക്കുന്നുവെന്നത്. അലോക്‌സിന്‍ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ നിര്‍മ്മിക്കുന്ന കോശങ്ങളെ അതു തകരാറിലാക്കുമെന്നും വിവിധ രോഗങ്ങള്‍ക്കിടയാക്കുമെന്നും പരാമര്‍ശിക്കപ്പെടുന്നു. അലോക്‌സിന്റെ ഇവ്വിധ ഉപയോഗം വന്‍കിട രാജ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതുമാണ്.
ഇപ്രകാരം ആമാശയത്തില്‍ ഒട്ടിക്കിടക്കുന്ന മൈദയുടെ സ്വാധീനം മലയാളിയുടെ ആഹാരക്രമത്തെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. വെളുത്തവിഷങ്ങളായ പഞ്ചസാരയും മൈദയും വെളുത്ത ചോറും അനാരോഗ്യകരമായ പ്രവണതകളുടെ നാന്ദിയായി ഭവിച്ചിരിക്കുന്നു. കൃത്രിമനിറങ്ങളും പ്രിസര്‍വേറ്റീവ്‌സും ചേര്‍ന്ന ഭക്ഷണം ശരീരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്ന, പ്രധാനപ്പെട്ട അവയവങ്ങളെ കൊത്തിവലിക്കുന്ന കഴുകനായിരിക്കുന്നു. ഇവയെ നിയന്ത്രിക്കാനോ വേണ്ടത്ര ആരോഗ്യബോധവത്കരണം നടത്താനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. തവിട് നീക്കം ചെയ്യുന്നതോടെയാണ് അരി വെളുത്തവിഷമായി മാറി പഞ്ചസാരക്കു സമാനമാകുന്നത്. ഇവ രണ്ടിലും അടങ്ങിയ ഗ്‌ളൂക്കോസിന്റെ അളവില്‍ മാത്രമാണ് വ്യത്യാസമുള്ളത്. തവിട് നീക്കം ചെയ്യാത്ത ചോറില്‍ അടങ്ങിയ ഗ്‌ളൂക്കോസിനെ വേഗം വേര്‍തിരിക്കാന്‍ ദഹനേന്ദ്രിയങ്ങല്‍ക്കു സാധിക്കുന്നില്ല. എന്നാല്‍ തവിട് നീക്കം ചെയ്ത ചോറ് വളരെ പെട്ടെന്നു തന്നെ ദഹിക്കുകയും ശരീരത്തിലെ ഗ്‌ളൂക്കോസിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. തവിട് നീക്കം ചെയ്യുന്നതോടെ അതിലെ പോഷകങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടുന്നു. അമിതവണ്ണം പോലുള്ള അസുഖങ്ങളെ കുറക്കാനും വിശപ്പിനെ വേഗം ശമിപ്പിക്കാനും തവിട്ടരിയിലെ നാരുകള്‍ക്ക് സാധിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ശുദ്ധിചെയ്യപ്പെട്ട പാലും, ബ്രോയിലര്‍കോഴിയുടെ ഇറച്ചിയും, വെളുത്തമുട്ടയും, ശുദ്ധീകരിച്ച ഉപ്പും ആരോഗ്യകാരികളല്ല എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്ന് പല പദ്ധതികളില്‍ പെടുത്തി വിദ്യാര്‍ത്ഥികള്‍ക്കു നല്കി വരുന്ന പാലും മുട്ടയും പദ്ധതി എത്രമാത്രം ആരോഗ്യകരമാണ് എന്നതിനെ സംബന്ധിച്ച് പഠനം നടത്തേണ്ടി വരും. പഴയ നാടന്‍ പശുവല്ല ഇന്നു പാലു തരുന്നത്; യന്ത്രമില്‍മയാണ്. പശുക്കളിലെ നാടന്‍ പ്രകൃതം പൂര്‍ണ്ണമായും അറ്റുപോവുകയും പാലിലെ ഔഷധഗുണം ചോര്‍ന്നു പോവുയും ചെയ്തിരിക്കുന്നു. പെല്ലറ്റും ഓക്കെയും കൊടുത്തു വളര്‍ത്തുന്ന മോഡേണ്‍ പശുവും നാട്ടിലും കാട്ടിലും അല്ലലില്ലാതെ അലഞ്ഞ് കാട്ടുവള്ളികളും നാട്ടിലകളും തിന്ന് സന്തുഷ്ടയായി വന്ന് ഇത്തിരി പാല്‍ തരുന്ന പഴയ നന്ദിനികളെയും എങ്ങനെ താരതമ്യം ചെയ്യും?
ആയതിനാല്‍, നമ്മുടെ ആരോഗ്യമാണ് സമൂഹത്തിന്റെ ആരോഗ്യമെന്നും, സുഖകരമായ ജീവാവസ്ഥ ഏവരും കാംക്ഷിക്കുന്നുവെങ്കില്‍ നമ്മുടെ ഭക്ഷണശീലങ്ങലില്‍ നിന്ന്, സാമൂഹികമനോഭാവങ്ങളില്‍ നിന്ന് വെളുത്തതിനോടുള്ള പ്രിയത ഒഴിവാക്കേണ്ടിയിരിക്കുന്നു. 'അഴകുള്ള ചക്കയില്‍ ചുളയില്ലെന്ന്' മലയാളിയെ പഠിപ്പിക്കാന്‍ സായ്പ് എന്തായാലും വരേണ്ടതില്ല. നമ്മുടെ നാട്ടറിവുകളെയും നാടന്‍ചിന്താശകലങ്ങളെയും വീണ്ടെടുക്കാനുള്ള യത്‌നം അവന്‍ നടത്തിയാല്‍ മാത്രം മതി. 'വെറും വയറുനിറയ്ക്കല്‍' പരിപാടിയെന്ന നിലയ്ക്കുള്ള തീറ്റ അവസാനിപ്പിക്കാനും പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഇടം പിടിക്കുന്ന ഭക്ഷണരീതി നടപ്പിലാക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ നിറമുള്ളതും കൂടുതല്‍ മധുരമുള്ളതും കൂടുതല്‍ വെളുത്തതും കൂടുതല്‍ മൃദുവായതുമാണ് നല്ലത് എന്ന മിഥ്യാധാരണ പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നു. പപ്‌സും ബര്‍ഗ്ഗറും ഉടച്ചിടുന്നത് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനം തന്നെയാണെന്ന് അറിയുക- അതുവഴി പഠിക്കാനും വിനോദിക്കാനും അദ്ധ്വാനിക്കാനുമുള്ള താല്പര്യത്തെയാണ് അതു ഹനിക്കുന്നത്.
ഗണേശന്‍ വി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ