ഭാഷ ഇന്ന്- ചില ചിന്തകള്‍



        ഭാഷ ഇന്ന് - ചില ചിന്തകള്‍


                                                     

        ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പതിക്കുന്നതിന്റെ തീവ്രത ലോകരാജ്യങ്ങള്‍ അനുഭവിച്ചു വരികയാണ്. ലോകത്തിന്റെ അതിരുകളെയും പരിധികളെയും മായ്ച്ചു കളഞ്ഞ് വിശാലവും സ്വതന്ത്രവുമായ വാണിജ്യസാമ്രാജ്യം പടുത്തുയര്‍ത്താനുള്ള തത്രപ്പാടിലാണ് വികസിതരാജ്യങ്ങളും, അവിടങ്ങളിലെ 'പുകള്‍പെറ്റ' കുത്തകകളും. ഈ സാഹചര്യത്തില്‍ സംതൃപ്തരും കൂടുതല്‍ വ്യാപനവ്യഗ്രരുമായ കുത്തകകളുടെ കൊതിയില്‍ വിരണ്ടു നില്ക്കുകയാണ് മൂന്നാം ലോകരാജ്യങ്ങളിലെ പൗരന്മാരും കലാ സാഹിത്യ സാംസ്‌കാരികച്ചേരുവകളും. കോര്‍പ്പറേറ്റു താല്പര്യങ്ങള്‍ക്ക് കൂട്ടു നില്ക്കുന്ന ഭരണകൂടം തങ്ങളുടേതല്ലെന്ന തിരിച്ചറിവ് ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ഉള്ള സാധാരണക്കാരെ പ്രബുദ്ധരാക്കി. പലവട്ടം അവര്‍ ഭരണകൂടങ്ങളെ താക്കീതു ചെയ്യുകയും നിക്ഷിപ്ത താല്പര്യങ്ങള്‍ക്കെതിരായി വിധിയെഴുതുകയും ചെയ്തു. പക്ഷേ, ആഗോളീകരണ നയങ്ങള്‍ സൃഷ്ടിച്ച ബാദ്ധ്യതകളില്‍ നിന്നും രക്ഷപ്പെട്ടു പോരാന്‍ ഇനിയും അവര്‍ക്കു സാധിച്ചിട്ടില്ല.

       സാമ്പത്തിക- സാമൂഹിക- രാഷ്ട്രീയമേഖലകളില്‍ ആഗോളീകരണം ഉണ്ടാക്കിയ തിരിച്ചടികള്‍ വലുതാണ്. ഒരൊറ്റ സംസ്‌കാരവും ഭാഷയും ഉള്ള ആഗോളഗ്രാമമാക്കി ലോകത്തെ മാറ്റുവാനുള്ള കുറുക്കുവഴികള്‍ ആഗോളീകരണത്തിന്റെ വക്താക്കള്‍ തേടുമ്പോള്‍, ശരിയായ വഴി ദേശീയവും പ്രാദേശികവുമായ തങ്ങളുടേതായ സ്വത്വവും സംസ്‌കാരവും ഉയര്‍ത്തിക്കാട്ടി അതിനെ പ്രതിരോധിക്കലാണ് എന്ന തിരിച്ചറിവ് ലോകമെമ്പാടും രൂപപ്പെട്ടുകഴിഞ്ഞു. പക്ഷേ, അപ്പോഴേക്കും പല നന്മകളും- തനതു വിത്തിനങ്ങളും, കാര്‍ഷിക സമൃദ്ധിയും, ഭാഷയും, കലകളും ആചാരാനുഷ്ഠാനങ്ങളും- പടിക്കു പുറത്തെത്തിയിരുന്നു. ബാക്കിയായ നന്മകളെയെങ്കിലും സംരക്ഷിച്ചു നിര്‍ത്താനുള്ള കൂട്ടായ അദ്ധ്വാനം രൂപപ്പെടേണ്ടതുണ്ട്. പ്രാദേശികമായ ഭാഷയും സാഹിത്യവും സംസ്‌കാരവും അത്രമാത്രം കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്.

        ആഗോളീകരണം ഒരു സാമൂഹിക പ്രക്രിയകൂടിയാണ്. നിലവിലുള്ള അതിരുകളെയും പരിധികളെയും അത് അപ്രസക്തമാക്കുകയും സാമ്പത്തികം, രാഷ്ട്രീയം, സാംസ്‌കാരികം, ഭാഷാപരം, പരിസ്ഥിതിപരം മുതലായ മേഖലകളില്‍ പരസ്പരബന്ധങ്ങള്‍ക്കുതകുന്ന നയങ്ങളാല്‍ ലോകരാജ്യങ്ങളെ കണ്ണിചേര്‍ക്കുകയും ചെയ്യുന്നു. ഒറ്റനോട്ടത്തില്‍ ഇതൊക്കെ നല്ലതല്ലേ എന്നു തോന്നും. ടെക്‌നോളജിയുമായി ബന്ധപ്പെട്ട് കുറേ ഗുണങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. വ്യവസായ വളര്‍ച്ച, ടൂറിസം മേഖലയില്‍ ഉണര്‍വ്, വിദ്യാഭ്യാസമേഖലയില്‍ പുത്തന്‍ അറിവുകളുടെ വിനിമയം, ചികിത്സാ മേഖലയിലും ഔഷധ മേഖലയിലും ഉള്ള പുരോഗതി, വിവര സാങ്കേതിക മേഖലയിലെ മുന്നേറ്റം എന്നിവ കാണാതിരിക്കുന്നില്ല. എന്നാല്‍ ഭാഷ, സംസ്‌കാരം, സാഹിത്യം എന്നീ മേഖലകളില്‍ അസ്വസ്ഥത പടര്‍ന്നിട്ടുണ്ട്.

      സാഹിത്യത്തില്‍ ആഗോളീകരണസാഹിത്യം, പ്രതിരോധ സാഹിത്യം എന്നിങ്ങനെയുള്ള രണ്ടു വിഭാഗങ്ങള്‍ ഉണ്ടെന്ന് പ്രമുഖ സാഹിത്യകാരനായ എം.മുകുന്ദന്‍ വര്‍ഗ്ഗീകരിക്കുന്നു. വെറും കച്ചവടതാല്പര്യങ്ങള്‍ക്കനുസൃതമായി എഴുതിവിടുന്ന ജഗപൊഗ സാഹിത്യമാണ് ആഗോളീകരണസാഹിത്യകാരന്മാരുടെ സംഭാവന. അത്തരം എഴുത്തുകാരുടെ ലക്ഷ്യം കച്ചവടം തന്നെയാണ്. മൂല്യങ്ങളിലോ സാമൂഹികപ്രതിബദ്ധതയിലോ അവര്‍ക്കു താല്പര്യമില്ല.  പട്ടിണി, വിശപ്പ്, തൊഴിലില്ലായ്മ, വര്‍ഗ്ഗീയത, വംശീയത എന്നിവ അവരെ അലട്ടുന്നില്ല.  കാടുകയറിയ ഭാവനയും ലൈംഗികതയുടെ പെരുമ ഘോഷിക്കലും അവശന്റെയും ആര്‍ത്തന്റെയും ജീവിതങ്ങളെ ഉള്ളതില്‍ കവിഞ്ഞ് പൊലിപ്പിക്കലും അവരുടെ ലക്ഷ്യമാകുന്നു. മലയാള സാഹിത്യത്തില്‍ പോലും അപ്രകാരമുള്ള രചനകളുടെ തള്ളിക്കയറ്റം കാണാം. പ്രമുഖരായ പല എഴുത്തുകാരും യഥാര്‍ത്ഥ ലക്ഷ്യം മറന്നു പോകുന്നില്ലേ?

      തനതു ജീവിതത്തെയും സംസ്‌കാരത്തെയും വികാരത്തെയും പോഷിപ്പിക്കുന്ന പ്രതിരോധസാഹിത്യത്തില്‍ വിശപ്പും, രോഗവും, അസ്തിത്വ പ്രശ്‌നങ്ങളും ഒക്കെ സംവദിക്കപ്പെടുന്നു. നോട്ടു പിന്‍വലിക്കലില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ റിലയന്‍സുകാരന്റെ ഹൃദയവും ക്യൂനിന്നു തളര്‍ന്നു വീണ ദരിദ്രയുടെ ഹൃദയവും തമ്മിലുള്ള അന്തരം ആഗോളീകരണസാഹിത്യവും പ്രതിരോധസാഹിത്യവും തമ്മിലുണ്ട്. രണ്ടില്‍ നിന്നും ഉയരുന്നത് രണ്ടുതരം സങ്കീര്‍ത്തനങ്ങളായിരിക്കും. ഒന്നില്‍ ശുഭം ആഗതമായി എന്ന മോദമാണെങ്കില്‍, മറ്റേതില്‍ ഇനിയെങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന ദൈന്യതയാണ് നിഴലിക്കുന്നത്. അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥ പ്രതിരോധ സാഹിത്യ രചനയ്ക്ക് ഉത്തമമാതൃകയത്രെ. ഇരമ്പിക്കയറുന്ന വാണിജ്യ സംസ്‌കാരത്തെ തടയിടാനുള്ള ഏറ്റവും മികച്ച ഉപാധിയാണ് പ്രതിരോധസാഹിത്യം.

      ഭാഷയെ അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ ആഗോളീകരണം ചില ഗുണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിരുകള്‍ക്കപ്പുറത്തേക്ക് വളരാനുള്ള തുറസ്സ് അതു സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തികാധീശത്വം കയ്യാളുന്ന രാജ്യങ്ങളിലെ ഭാഷയ്ക്കു മാത്രമേ ഈ അതിവ്യാപന ശേഷി ഉപയോഗപ്പെടുത്താന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം. ലോകരാജ്യങ്ങളില്‍ സാമ്പത്തികമേല്‌ക്കൊയ്മ വെച്ചു പുലര്‍ത്തുന്ന രാജ്യം അമേരിക്കയായതിനാല്‍, അമേരിക്കന്‍ ഇംഗ്‌ളീഷിനാണ് ഈ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുകയെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്.

       തദ്ദേശീയമായ ഉത്പാദന വ്യവസ്ഥകള്‍ക്കും സാംസ്‌കാരികമേഖലകള്‍ക്കും ഉണ്ടാകുന്ന തിരിച്ചടി ഭാഷയുടെ സ്വത്വത്തിലും അനുഭവപ്പെടുന്നുണ്ട്. മലയാളഭാഷയുടെ പ്രാധാന്യം കുറഞ്ഞു വരികയാണെന്ന് നമ്മള്‍ വിലപിക്കുന്നു. ഇത് ഒറ്റപ്പെട്ട വിലാപമല്ല. ലോകത്തിലെ ഭാഷകളില്‍ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള സ്വത്വപ്രശ്‌നം നേരിടുന്നുണ്ട്. അവ ഒരു തുടച്ചു നീക്കലിന്റെ വക്കിലത്രെ. ആഗോളീകരണത്തിന്റെ ഫലമായുള്ള സംസ്‌കാരസമന്വയം അത്രമാത്രം ദ്രുതഗതിയിലാണ്.

       ഭാഷ നിര്‍വഹിക്കുന്നത് ഒരു സാമൂഹിക ധര്‍മ്മമാണ്. അതിന്റെ വ്യവഹാരത്തിലൂടെയാണ് അറിവും സംഘബോധവും മര്‍ത്ത്യന്‍ ആര്‍ജ്ജിക്കുന്നത്. സമൂഹത്തിന്റെ വികാസത്തിലൂടെ ഭാഷയും വളരും. സമൂഹത്തിന്റെ ഗതിയ്ക്കനുസൃതമായി സംഭവിക്കുന്ന മാറ്റങ്ങള്‍ ഭാഷയില്‍ പ്രതിഫലിക്കുന്നു. സംസ്‌കാരസങ്കലനത്തിന്റെ ഭാഗമായി ഭാഷ പുതുമയും പഴമയും കൊള്ളും. നശിക്കുകയും ചെയ്യും. ഭാഷയുടെ നാശമടയല്‍- അതും ഒരു സ്വാഭാവികമായ കാര്യമാണ്. പ്രകൃതി ദുരന്തവും വംശഹത്യയും അധിനിവേശനിഷ്ഠമായ സംസ്‌കാര സങ്കലനവും അതിന്നു കാരണമാകുന്നുണ്ട്. പ്രകൃതി ദുരന്തങ്ങള്‍- ഭൂകമ്പം, സുനാമി, മുതലായവ- ചില ഗോത്ര സമൂഹങ്ങളെയും അവയിലെ നാമമാത്രമായ ആള്‍ക്കാര്‍ വ്യവഹരിക്കുന്ന സവിശേഷ ഭാഷകളെയും കടപുഴക്കി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പാപ്പാ ന്യൂ ഗിനിയാ എന്നീ പ്രദേശങ്ങള്‍ ഉദാഹരണം.

       ഇന്ന് ലോകമെമ്പാടും 6500- ഓളം മൗലിക ഭാഷകള്‍ നിലവിലുണ്ടത്രെ. ഇതില്‍ വെറും പതിനൊന്നു ഭാഷകള്‍ ഉപയോഗിച്ചു കൊണ്ടാണ് ലോകത്ത് നിലവിലുള്ള ജനസംഖ്യയുടെ പകുതിയിലേറെ പേരും സംസാരിക്കുന്നത്. ഒരാള്‍, ഒരു ഭാഷ എന്ന നിലയ്ക്ക് ലോകമൊട്ടുക്ക് അമ്പത്തിയൊന്നു ഭാഷകള്‍ ഒരൊറ്റ വ്യക്തിയിലൂടെ മാത്രം നിലനില്ക്കുന്നുണ്ടത്രെ. ആ വ്യക്തിയുടെ മരണത്തിലൂടെ അദ്ദേഹത്തിന്റെ ഭാഷയുടെ കഥ കഴിഞ്ഞുവെന്നര്‍ത്ഥം. നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രം വ്യവഹരിക്കുന്ന (ഒരുഭാഷയില്‍ നൂറില്‍ താഴെ എന്ന കണക്കില്‍) അഞ്ഞൂറില്‍പ്പരം ഭാഷകള്‍ ഉണ്ട്. ഒരു ഭാഷ സംസാരിക്കുന്ന (ഒരു ഭാഷയില്‍ ആയിരത്തില്‍ താഴെ പേര്‍ എന്ന കണക്കില്‍) ആയിരത്തില്‍ താഴെ പേര്‍ ആശയവിനിമയം നടത്തുന്ന ആയിരത്തിഅഞ്ഞൂറു ഭാഷകള്‍ ഉണ്ടത്രെ. ഇപ്രകാരം പത്തായിരത്തില്‍ താഴെ പേര്‍ (ഒരുഭാഷയില്‍ പത്തായിരത്തില്‍ താഴെ എന്ന കണക്കില്‍) സംസാരിക്കുന്ന മൂവായിരത്തോളം ഭാഷകള്‍ ഉണ്ടത്രെ. ഇതു വരെയും രേഖപ്പെടുത്താത്ത എത്ര ഭാഷകള്‍ ഉണ്ടായിരിക്കും! ലോകജനസംഖ്യയില്‍ നാലുശതമാനം പേര്‍ മാത്രമാണ് ലോകഭാഷകളിലെ 96% ഭാഷകളും സംസാരിക്കുന്നത്.  അതു കൊണ്ടു തന്നെ അധിനിവേശഭാഷയാല്‍ അത്തരം ഭാഷകള്‍ വളരെ പെട്ടെന്ന് മണ്‍മറഞ്ഞു പോകാനിടയുണ്ട്. ഒരു ഭാഷ അനുഭവിക്കുന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ അധിനിവേശസമ്മര്‍ദ്ദങ്ങളുടെ തോത് വര്‍ദ്ധമാനമായാല്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയ്ക്കു തന്നെയും നാശം നേരിടാം. പെട്ടെന്നു സംഭവിക്കണമെന്നില്ല; തലമുറകള്‍ കഴിയുമ്പോഴായിരിക്കും അതു സംഭവിക്കുക. സമ്മര്‍ദ്ദത്തോതിനനുസൃതമായിരിക്കും അത്.

        അധിനിവേശം കോളനികളുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളെയും ഭാഷയെയും ഏറെ സ്വാധീനിക്കുന്നു. ഭാഷയെ അധിനിവേശോപാധിയായും പ്രതിരോധോപാധിയായും മാറ്റാം. നൂറുവാക്കു മാത്രമറിയുന്നവന്‍ ആയിരം വാക്കറിയുന്നവന്ന് വിധേയനാകുമെന്ന് മഹദ്വചനം. തദ്ദേശീയ ഭാഷകളിലേക്ക് സര്‍വവിധേനയും നുഴഞ്ഞുകയറാനുള്ള ശ്രമം അധിനിവേശക്കാര്‍ സ്വന്തം ഭാഷയിലൂടെ നടത്തും. പ്രകോപനമുണ്ടാക്കിയും, പ്രീണിപ്പിച്ചും, കല്പിച്ചും, സ്വന്തം ഭാഷയുടെ അധീശത്വം അവര്‍ സ്ഥാപിച്ചെടുക്കുന്നു. ഇതിന്ന് വളരെയകലെയല്ലാത്ത ഒരുദാഹരണം വെക്കാന്‍ കഴിയും. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനവിഭജനം നടന്നപ്പോള്‍, തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന തോവാള, കല്ക്കുളം, അഗസ്തീശ്വരം, വിളവന്‍കോട് മുതലായ താലൂക്കുകള്‍ തമിഴ്‌നാടിന് വിട്ടു നല്‌കേണ്ടിവന്നു. അവിടെ കഴിഞ്ഞ ജനങ്ങള്‍ക്ക് തിരുവിതാംകൂറുമായും മലയാളവുമായും ഉള്ള സുദൃഢബന്ധമാണ് അതോടെ താറുമാറായത്. അതോടെ അവരുടെ സാമ്പത്തികബന്ധങ്ങളും സാംസ്‌കാരികമായ കെട്ടുപാടുകളും നശിച്ചുനാമാവശേഷമായെന്ന് പന്മന രാമചന്ദ്രന്‍നായര്‍ ചൂണ്ടിക്കാട്ടുന്നു. (കേരള സംസ്‌കാര പഠനങ്ങള്‍) തമിഴ്‌നാടിനോടു ചേര്‍ന്ന പ്രദേശത്തിന്റെ എല്ലാ സാംസ്‌കാരികവും ഭാഷാപരവുമായ മലയാളമുദ്രകളെ തകര്‍ക്കുകയാണ് മാറിമാറി വരുന്ന തമിഴ് സര്‍ക്കാരുകള്‍ ചെയ്തത്. ഗത്യന്തരമില്ലാതെ ഭൂരിപക്ഷവും തമിഴ്ഭാഷക്കാരായി എന്ന് പന്മന എഴുതുന്നു. ഇത് ഭരണകൂട സമ്മര്‍ദ്ദമാണ്. തങ്ങളുടെ ഭാഷയെ പോഷിപ്പിക്കാനും തങ്ങളുടെ അധികാരചിഹ്നം സ്ഥാപിക്കാനും മറ്റൊരു സമ്പുഷ്ട സംസ്‌കാരത്തെ നിഷ്‌കാസനം ചെയ്യുകയാണ്. ഈ പ്രക്രിയ ലോകചരിത്രത്തില്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. നില്ക്കക്കള്ളിയില്ലാതെ പുതിയ ഭാഷയുടെ പൂര്‍ണ്ണപ്രയോക്താവായി അവര്‍ മാറുന്നു.

      അധിനിവേശപരവും അല്ലാതെയുമുള്ള സംസ്‌കാരസങ്കരത്തിന്റെ ഭാഗമായി ഒരു ഭാഷ തിരോഭവിക്കുന്നതിന്ന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. പഴയഭാഷയിലുള്ള ഭാഷാപരമായ സിദ്ധികളും വ്യവഹാരങ്ങളും സജീവമായി നിലനിര്‍ത്തിക്കൊണ്ട് പുതിയ ഭാഷയെ അറിയാനും ഉള്‍ക്കൊള്ളാനുമുള്ള ശ്രമം. ഇത് ഒന്നാം ഘട്ടം. രണ്ടു ഭാഷകളും ഒരേ പോലെ സാഹചര്യം, സന്ദര്‍ഭം എന്നിവയ്ക്കനുസൃതമായി ഉപയോഗപ്പെടുത്തുന്നത് രണ്ടാം ഘട്ടം. ഈ ഘട്ടത്തില്‍ അധിനിവേശഭാഷയില്‍/പുതിയഭാഷയില്‍ കൂടുതല്‍ പ്രാവീണ്യം നേടിയിട്ടുണ്ടാകും.  അതേ സമയം പഴയ ഭാഷയോടുള്ള ആഭിമുഖ്യം നിലനിര്‍ത്തുന്നുണ്ടാകും. മൂന്നാം ഘട്ടത്തില്‍ ആഭിമുഖ്യം അധിനിവേശ/പുതിയ ഭാഷയില്‍ മാത്രമായി ചുരുങ്ങുന്നു. ഇത്തരം പരിണാമം ഒരു പക്ഷേ വളരെ സാവധാനത്തില്‍ തലമുറകള്‍ പിന്നിടുമ്പോഴാകാം സംഭവിക്കുന്നത്. അപ്പോഴേക്കും പുതിയതലമുറയില്‍ പഴയ ഭാഷയോടുള്ള സ്‌നേഹവും ആദരവും പോയ്മറഞ്ഞിട്ടുണ്ടാകും. പഴയ ഭാഷ ഉപയോഗിക്കുന്നതില്‍ അവമതിപ്പു തോന്നുകയും പഴയ ഭാഷാ പ്രയോഗം അവഹേളനമായി കരുതുകയും ചെയ്യും.

     ഒരു ഭാഷ മരിക്കുന്നത് ആ ഭാഷ സംസാരിക്കുന്ന അവസാന വ്യക്തിയുടെ നിര്യാണത്തോടുകൂടി മാത്രമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുള്ള സാഹചര്യമല്ല ഇന്നുളളത്.  ഭാഷകളുടെ നാശമടയല്‍ അന്നു മന്ദമായിരുന്നെങ്കില്‍, ഇന്നത് തീവ്രമായി വരികയാണ്. തീര്‍ത്തും അസ്വാഭാവികമായ വേഗത ഇക്കാര്യത്തിലുണ്ടെന്ന് ഭാഷാ പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, മലയാള ഭാഷയുടെ സ്വത്വം നിലനിര്‍ത്തേണ്ടത് അനിവാര്യതയായി മാറിയിരിക്കുന്നു.

    ന്യൂനപക്ഷഭാഷകളുടെ അന്തകനായി മാറിയിരിക്കുന്നത് ആഗോളീകരണത്തിന്റെ ഭാഗമായുള്ള സംസ്‌കാരസമന്വയമാണ്. ദേശത്തിന്റെ സാമ്പത്തികവളര്‍ച്ചയും ഭാഷാനാശവും അത്രയേറെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ദര്‍ നിരീക്ഷിക്കുന്നു. ചെറിയൊരു ഭൂപ്രദേശത്ത് കുറച്ചാളുകള്‍ മാത്രം വ്യവഹരിക്കുന്ന ഭാഷ തീര്‍ത്തും നിസ്സഹായാവസ്ഥയിലാണ്. അല്പസ്വല്പം വലുതായ ഭാഷാവിഭാഗങ്ങളാകട്ടെ, അവയുടെ ഭാഷാഭേദങ്ങള്‍ മാനകീകരിക്കപ്പെട്ട് അംഗഭംഗം വന്ന അവസ്ഥയിലും. ഭാഷാഭേദങ്ങളുടെ തിരോധാനം പ്രാദേശിക സ്വത്വ-സംസ്‌കാര പാഠനിര്‍മ്മിതികളെ അവതാളത്തിലാഴ്ത്തുന്നു.

    ആഗോളീകരണത്തിന് ഏറ്റവും സ്വീകാര്യമായ ഭാഷ ഇംഗ്‌ളീഷു തന്നെ. ഒരു കാലഘട്ടത്തില്‍ കൊളോണിയല്‍ നവോത്ഥാനത്തിന് ഈ നാട്ടില്‍ വേരുകള്‍ സൃഷ്ടിച്ച ഭാഷയാണത്. മിഷണറിമാരുടെ ഭാഷാപരിഷ്‌കരണ സംരംഭങ്ങളും ആനുകാലിക-പത്ര മേഖലകളില്‍ അവരുണ്ടാക്കിയ കുതിപ്പും ചരിത്രത്തിന്റെ ഭാഗം. ഒ.ചന്തുമേനോന്റെ 'ഇന്ദുലേഖ'(1889) ഇംഗ്‌ളീഷിന്റെ പ്രഭാവം വെളിച്ചത്തു കൊണ്ടു വരുന്നുണ്ട്. ഇംഗ്‌ളീഷു പഠിച്ചവളല്ലെങ്കില്‍ ഇന്ദുലേഖയുടെ കഥ കഷ്ടമായേനെ. 1892-ല്‍ പുറത്തിറങ്ങിയ 'പറങ്ങോടി പരിണയ'ത്തില്‍ യുവാക്കള്‍ക്ക് ഇംഗ്‌ളീഷിനോടുള്ള ആഭിമുഖ്യത്തെ വിമര്‍ശവിധേയമാക്കുന്നു. ഒരു തരം, ഇനം കൃത്യമായി നിര്‍വചിക്കാന്‍ സാധിക്കാത്ത 'കൂത്താങ്കീരി' സമൂഹത്തെയാണ് പ്രസ്തുത ഭാഷ സൃഷ്ടിക്കുന്നത് എന്നതാണ് വിമര്‍ശനം. ഒരേ കാലഘട്ടത്തില്‍ തന്നെ ഇംഗ്‌ളീഷിനോട് രണ്ടു തരം സമീപനങ്ങള്‍ സാഹിത്യത്തില്‍ പ്രതിഫലിച്ചിരുന്നുവെന്ന് സാരം. രാഷ്ട്രീയാധിനിവേശത്തിന്റെ ഭാഗമായാണ് ഇംഗ്‌ളീഷ് ഇന്ത്യയിലെത്തുന്നത്. രാഷ്ട്രനിര്‍മ്മാണത്തിനാവശ്യമായ പ്രചോദനം അതിലൂടെ ലഭിക്കുകയും ചെയ്തു. അന്നത്തെ ഇംഗ്‌ളീഷിന്റെ അധിനിവേശസ്വഭാവത്തെ തകര്‍ത്ത് വൈഭവശാലികളായ ഭാരതീയ നേതാക്കന്മാരും യുവാക്കളും അതിനെ രാജ്യസ്വാതന്ത്ര്യത്തിനു വേണ്ട ഇന്ധനമാക്കി മാറ്റുകയാണുണ്ടായത്. നാം പടിഞ്ഞാറുനിന്നും മറ്റും ഇസങ്ങളേയും വിജ്ഞാനത്തേയും സ്വാംശീകരിച്ചത് ആ ഭാഷയിലൂടെ തന്നെ. എന്നാല്‍ സ്വാതന്ത്ര്യാനന്തരവും ഇംഗ്‌ളീഷിന്റെ പ്രഭാവം നമ്മള്‍ വകവെച്ചു കൊടുത്തു. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളുമായും ആശയവിനിമയം നടത്താന്‍ , പകരം വെക്കാന്‍ വേറെ ഭാഷകളോ, വ്യക്തമായ ഭാഷാ നയമോ നാം ആവിഷ്‌കരിച്ചില്ല. ഹിന്ദി രാഷ്ട്രഭാഷയാണെങ്കിലും അത് നിര്‍ബന്ധപൂര്‍വം നടപ്പിലാക്കാന്‍ തുനിഞ്ഞത് ചില സംസ്ഥാനങ്ങളില്‍ ലഹളയ്ക്കു കാരണമായി. ബ്രിട്ടീഷുകാരന്റെ നിയമങ്ങളും, വ്യവസ്ഥകളും , ഭരണസമ്പ്രദായവുമാണ് തുടര്‍ന്നും ഭാരതീയരായ ഭരണകര്‍ത്താക്കള്‍ സ്വീകരിച്ചത് എന്നതും ഇംഗ്‌ളീഷിന്റെ പ്രമാണിത്തത്തിനു ഹേതുവായി. ഇന്ന്, മിക്ക ഭാരതീയഭാഷകളിലും ഇംഗ്‌ളീഷിന്റെ സ്വാധീനം പൂര്‍വാധികം ഉണ്ട്.

      തമിഴ് ഭാഷ, ഇംഗ്‌ളീഷിന്റെ പിടിയില്‍ നിന്നും രക്ഷനേടുവാനായി പരിഭാഷാവഴി സ്വീകരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് (2016 ഡിസംബര്‍ 18-24) പ്രസിദ്ധീകരിച്ച, മതിയഴകന്‍ എന്ന തമിഴ് ബാര്‍ബറുമായുള്ള അഭിമുഖത്തില്‍, ഇപ്രകാരം പറയുന്നു, ''(തമിഴന്)ഹിന്ദി വിരോധം മുമ്പുണ്ടായിരുന്നു. ഭാഷ പുറത്തുനിന്ന് ഇറക്കിയാണ് ഉള്ളിലെ സംസ്‌കാരം കളയുന്നത്. തമിഴന് മറ്റേതു ഭാഷയേക്കാളും നല്ല പാരമ്പര്യം ഉണ്ട്. പിന്നെ ഉള്ളില്‍ ഒരു ദ്രാവിഡബോധം ഉണ്ട്. മറ്റു ഭാഷ മേല്‍ക്കൈ നേടുന്നത് ഇഷ്ടപ്പടില്ല''. സാധാരണക്കാരനായ തമിഴന് പോലും സ്വന്തം ഭാഷയെന്തെന്ന ബോധം ഉണ്ട്. നമുക്ക് ഇല്ലാതെ പോകുന്നതും അതാണ്.

   'ജനിച്ച നാളു തൊട്ട് മകന്‍ ഇംഗ്‌ളീഷു പഠിക്കണമെന്ന വിചാരത്താല്‍, ഭാര്യയുടെ പേറ് ഇംഗ്‌ളണ്ടിലാക്കുന്ന' മലയാളിപ്പൊങ്ങച്ചത്തെ കളിയാക്കിയത് പ്രിയകവി കുഞ്ഞുണ്ണി മാഷാണ്. ഈ അബദ്ധം തമിഴന് വരാന്‍ സാദ്ധ്യതയില്ല. ഡോ. പി.എം.ഗിരീഷ് മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ (ലേഖനം-മലയാളവാദികളും മലയാള സര്‍വകലാശാലയും തമിഴ്‌നാട്ടിലേക്കു നോക്കട്ടെ-2015 നവംബര്‍ 4) തമിഴന്റെ ഭാഷാസ്‌നേഹം എടുത്തു പറയുന്നു. തമിഴ്ഭാഷയെ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായാണ് അവര്‍ കാണുന്നത്. തമിഴര്‍ തമിഴിനോടു അവഗണന കാണിക്കാന്‍ പാടില്ലെന്ന ചിന്തയാല്‍ കലൈഞ്ജര്‍ കരുണാനിധി തമിഴ് മാദ്ധ്യമമായ പള്ളിക്കൂടങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പ്രത്യേക ജോലിസംവരണമേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. 2010 ജൂലായ് 9 ന് ഈ പദ്ധതി പ്രകാരമുള്ള ആദ്യനിയമനം നടന്നു. തുടര്‍ന്ന് തമിഴ് സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പഠിക്കുന്നവര്‍ക്ക് 20% പ്രത്യേക ജോലി സംവരണമേര്‍പ്പെടുത്തുകയും ചെയ്തു (ഡോ. പി.എം.ഗിരീഷ്). ഇതൊക്കെ നമുക്കും സ്വീകരിക്കാവുന്നതേയുള്ളൂ. പക്ഷേ, നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ പോലും തരം കിട്ടിയാല്‍ സി.ബി.എസ്.സി.സിലബസ്സുള്ള സ്‌കൂളുകളിലേക്ക് (ഇംഗ്‌ളീഷ് മീഡിയത്തിലേക്ക്) കുട്ടികളെ പറഞ്ഞയക്കുകയാണ്. ഇതൊക്കെ നിയമ വിധേയമാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഒരു ബദല്‍ സംവിധാനം പോലെ ഈ രീതി പ്രചരിച്ചിരിക്കുന്നതിനാല്‍ പല സര്‍ക്കാര്‍ സ്‌കൂളുകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. കുട്ടികളെ ആകര്‍ഷിക്കാനുള്ള പകരം സംവിധാനമെന്ന നിലയില്‍ മുന്നൊരുക്കങ്ങളൊന്നും കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ ഇംഗ്‌ളീഷ് മീഡിയം ക്‌ളാസ്സുകള്‍ തുടങ്ങുകയെന്ന വൈചിത്ര്യം ഈ നാട്ടിലേ നടപ്പുള്ളൂ. അങ്ങനെ 'മലയാളം മീഡിയം ഇംഗ്‌ളീഷ് മോഡല്‍ സ്‌കൂളുകള്‍' രൂപപ്പെടുകയാണ്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ചെയ്തതു പോലെ ജോലി സംവരണം എന്ന ഒരൊറ്റ നിര്‍ദ്ദേശം മതി, ഒരു 'സ്‌കൂളും' പൂട്ടേണ്ടി വരില്ല. അടച്ചു പൂട്ടേണ്ടി വരിക, യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ മുക്കിനു മുക്ക് ആരംഭിച്ച, കുട്ടികളെ ശ്വാസം മുട്ടിക്കുന്ന സ്വാശ്രയ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകളായിരിക്കും.

     ഭാഷയുടെ ജനകീയവത്കരണമാണ് തമിഴ്‌നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നത് എന്ന് ഡോ.പി.എം.ഗിരീഷ് ചൂണ്ടിക്കാട്ടുന്നു. ഭാഷാ സ്വത്വബോധത്തിന്റെ ആവിഷ്‌കാരങ്ങളാണവ. തമിഴ് പേരുകള്‍ മാത്രം തമിഴ് സിനിമകള്‍ക്കു നല്കല്‍, തമിഴ് ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും സംഭാവന നല്കിയവരുടെ പേരുകള്‍-അവര്‍ ഇംഗ്‌ളീഷുകാരായാല്‍ പോലും- നല്കല്‍, പരസ്യങ്ങളും ബോര്‍ഡുകളും തമിഴിലാക്കല്‍, കോടതി ഭാഷ തമിഴിലാക്കല്‍ എന്നിവ തുടരുന്നു. സാങ്കേതിക വിഷയങ്ങള്‍ പോലും തമിഴ് ബോധന മാദ്ധ്യമമാക്കുന്നു. ആത്യന്തികമായി, സ്വന്തം സ്വത്വം ഉയര്‍ത്തിക്കാട്ടുക വഴി  ആഗോളീകരണത്തിനെതിരായ ചെറുത്തു നില്പു പോലുമാണത്. ഇവിടെ പ്‌ളസ്സ് ടു തലം വരെ ബോധനമാദ്ധ്യമം മലയാളമാക്കണമെന്നതിനു പോലും ചില കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പുയരുകയാണ്.

    2016 നവംബര്‍ 1 മുതല്‍ 2017 ഒക്‌ടോബര്‍ 31 വരെ ഭരണഭാഷാ വര്‍ഷമായി ആചരിക്കാന്‍ കേരളാ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഭരണഭാഷ മാതൃഭാഷയാണല്ലോ. സര്‍ക്കാര്‍ സംബന്ധമായ എഴുത്തുകുത്തുകള്‍ക്കും ഉത്തരവുകള്‍ക്കും സ്വീകരിച്ചിരുന്ന ജടപിടിച്ച ഇംഗ്‌ളീഷ്‌വാക്കുകള്‍ക്കു പകരം മൗഢ്യമുളവാക്കുന്ന മലയാളപദങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണം. സര്‍ക്കുലര്‍, നോട്ടീസ്, ഓഫീസ്, എന്നിങ്ങനെ കേട്ടാല്‍ ഏതു മലയാളിക്കും മനസ്സിലാകുന്ന ഇംഗ്‌ളീഷ്പദങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ മലയാളിത്തം വന്നിരിക്കുന്നു. ഒരു മാറ്റവുംകൂടാതെ, പരിഭാഷ കൂടാതെ അത്തരം പദങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണം. അന്യഭാഷാ പദങ്ങളെ ഉള്‍ക്കൊള്ളുവാനുള്ള കഴിവ് തമിഴിനേക്കാളും മലയാളത്തിനു കൂടുതലാണ്. ആ വസ്തുത മനസ്സിലാക്കി, അവശ്യം വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി, മലയാള പദമേ പാടുള്ളൂ എന്ന നിര്‍ബന്ധബുദ്ധി ഒഴിവാക്കി, അത്തരം പദങ്ങളെക്കൂടി സ്വീകരിക്കാന്‍ നാം തയ്യാറാകണം. അമിതമായ മാതൃഭാഷാ സ്‌നേഹം ഭാഷാഭ്രാന്തിലെത്തും എന്നതു കൂടി ഓര്‍ക്കേണ്ടതുണ്ട്.

   പ്രസിദ്ധ കഥാകൃത്ത് ടി.പത്മനാഭന്‍ ഇപ്രകാരം അഭിപ്രായപ്പെടുന്നു, 'വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും നല്ല പോലെ അറിയുന്ന പദങ്ങള്‍ വികൃതമായ പരിഭാഷ നടത്തി വീണ്ടും വികൃതമാക്കേണ്ട. വികൃതമായ പരിഭാഷ പലപ്പോഴും ഭാഷയെ നശിപ്പിക്കും'…(വാര്‍ത്ത, മാതൃഭൂമി ദിനപ്പത്രം, 2016 ഡിസംബര്‍ 14 ബുധന്‍). ഇംഗ്‌ളീഷ് ഭാഷയുടെ ആധുനികകാലഘട്ടത്തിലെ സാദ്ധ്യതകള്‍ കണ്ടെത്താനും അതു പരമാവധി പ്രയോജനപ്പെടുത്താനും ആണ് ശ്രമിക്കേണ്ടത്. ഇംഗ്‌ളീഷ് ആണ് നമ്മുടെ ശത്രുവെന്ന കാഴ്ചപ്പാട് നല്ലതിനല്ല. എപ്രകാരമാണോ കൊളോണിയല്‍ കാലഘട്ടത്തിലെ ഇംഗ്‌ളീഷ്, യൂറോപ്യര്‍ക്കെതിരായ ചാട്ടവാറായത്, അതു പോലെ ആഗോളീകരണ വക്താക്കള്‍ക്കെതിരായ ചാട്ടവാറായി അതു മാറണം. അങ്ങനെ മാറണമെങ്കില്‍ ആ ഭാഷയെ സമഗ്രമായി ഉള്‍ക്കൊണ്ട്, അതിലെ പദങ്ങളുടെ കലവറ, തത്സമ-തത്ഭവ രീതികളില്‍ സ്വാംശീകരിക്കണം. അതാണു നാം അവശ്യമായി ചെയ്യേണ്ടത്. അതല്ലാതെ, ഇംഗ്‌ളീഷ് ഭാഷയോടും പദങ്ങളോടും ഉള്ള തീവ്രമായ പുച്ഛം വളരുകയോ വികസിക്കുകയോ ചെയ്യാത്ത മലയാളത്തെയാകും സൃഷ്ടിക്കുക.

    കേരളത്തിലെ വിവിധ അതിര്‍ത്തി ദേശങ്ങളിലെ കന്നഡ, തമിഴ് മുതലായ ഭാഷാന്യൂനപക്ഷങ്ങളോട് വളരെ മാന്യമായ സമീപനമാണ് കേരളത്തിലെ സര്‍ക്കാരുകള്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. അത്തരം വിഭാഗങ്ങളുടെ മാതൃഭാഷ പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വളരെ സങ്കുചിതമായ നിലപാടാണ് അന്യസംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും കേരളത്തിന്റെ നിലപാട് വിശാലമായ പരിപ്രേക്ഷ്യമുള്ളതും ശ്‌ളാഘനീയവുമാണ്. അതു പോലെ തന്നെ, കേരളത്തില്‍ 36 ആദിവാസി സമൂഹങ്ങളുണ്ട്. അഞ്ചുലക്ഷത്തോളം വരും അവരുടെ ജനസംഖ്യ. അവരുടെ മാതൃഭാഷകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനെ സംബന്ധിച്ച് പ്രഫ.രാഘവന്‍ പയ്യനാട്, 'മലയാളഭാഷാ നിയമമല്ല; മാതൃഭാഷാ നിയമമമാണ് വേണ്ടത്' (മാതൃഭൂമി ദിനപ്പത്രം, 2015 ഡിസംബര്‍ 17) എന്ന പേരില്‍ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിന് പൊതുവായ ഒരു ഭാഷാനിയമം ഉണ്ടാകുമ്പോള്‍ ആദിവാസി ഭാഷയുടെ കാര്യത്തില്‍ മൗനമവലംബിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

    അന്യഭാഷകളുടെ മീതെ അധിനിവേശം നടത്താനല്ല നാം മലയാളത്തെ ഉപയോഗിക്കേണ്ടത്. നമ്മുടെ നാട്ടില്‍ വ്യത്യസ്ത മാതൃഭാഷകളോടുകൂടിയ വിഭാഗങ്ങള്‍ക്ക് കരുത്തു പകരാനാണ് മലയാളത്തെ ഉപയോഗപ്പെടുത്തേണ്ടത്. വൈവിദ്ധ്യത്തിലധിഷ്ഠിതവും കരുത്തുറ്റതും ഏകോപിതവുമായ പ്രാദേശിക കൂട്ടായ്മകള്‍ മലയാള ഭാഷയുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തുക വഴി നമ്മുടെ സ്വത്വത്തിലും സംസ്‌കാരത്തിലും ദംശിക്കുന്ന ആഗോളീകരണത്തിന്റെ വിധ്വംസകതയെ ചെറുത്തു തോല്പിക്കാന്‍ കഴിയും. ഈ സന്ദര്‍ഭത്തില്‍, കണ്ണൂര്‍ സര്‍വകലാശാലാ മലയാളവിഭാഗം തലവനായ പ്രഫ. എ.എം.ശ്രീധരന്‍ തയ്യാറാക്കിയ തുളു- മലയാളം ഭാഷാനിഘണ്ഡു പ്രത്യേകം സ്മരിക്കേണ്ടതാണ്.

ഏറ്റവും മികച്ച 'ഉപഭോക്തൃസംസ്ഥാനമായ' കേരളത്തില്‍ ആഗോളീകരണത്തിന്റെ പ്രത്യയശാസ്ത്രം മനസ്സില്‍ വഹിക്കുന്ന തലമുറകള്‍ വളര്‍ന്നു വരികയാണ്. മലയാളഭാഷയോടും അതിന്റെ പൈതൃകത്തോടും അവമതിപ്പുള്ള ഒരു തലമുറ വളരുന്നതിനെ ജാഗ്രതയോടെ വേണം കാണാന്‍. ഇക്കൂട്ടരുടെ ഉള്ളില്‍ നിന്നും വമിക്കുന്ന വികലമായ ഇംഗ്‌ളീഷ് ബോധത്തില്‍ മലയാളവും അതിന്റെ നന്മകളും ചാമ്പലാകാതിരിക്കട്ടെ. ആഗോളീകരണത്തിന്റെ ആവേഗങ്ങള്‍ക്കു തടയിടാനുള്ള സത്വരപദ്ധതികളാണ് നമുക്കു വേണ്ടത്.  മലയാളം ശ്രേഷ്ഠഭാഷയാക്കാന്‍ കാട്ടിയ ആവേശം മലയാളഭാഷാ സ്വത്വം മുന്നോട്ടുയര്‍ത്താനും നാം കാട്ടേണ്ടതുണ്ട്. മലയാളഭാഷാ പണ്ഡിതരും സാഹിത്യകാരന്മാരും കാട്ടിയ ഊര്‍ജ്ജസ്വലതയുടെ ചെറിയൊരംശം പോലും നമ്മുടെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ഉണ്ടാകുന്നില്ല. തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനുമുള്ള ഇച്ഛാശക്തിയാണ് വേണ്ടത്; പ്രസംഗങ്ങളല്ല. ഇവിടെയാണ് 'കലൈഞ്ജര്‍' കരുണാനിധിയേയും 'തലൈവി' ജയലളിതയേയും മാര്‍ഗ്ഗദര്‍ശികളാക്കാവുന്നത്, തമിഴ് ഭാഷാ സമീപനങ്ങളേയും- പക്ഷേ ഭാഷാഭ്രാന്തിലേക്കതു നീങ്ങരുതെന്നു മാത്രം.

*                              *                            *                                      *     




















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്