അഗ്നിയായ്...ഓ എന്‍ വി യെക്കുറിച്ച്


       മലയാളകവിത വളര്‍ച്ചയുടെ ശൃംഗങ്ങള്‍ കീഴടക്കുമ്പോള്‍ അതിന്നു നേതൃത്വം നല്കിക്കൊണ്ട് കവിതയുടെ സാമൂഹിക പ്രതിബദ്ധത ഉച്ചൈസ്തരം ഉദ്‌ഘോഷിച്ച കവിയാണ് ഒ.എന്‍.വി.കുറുപ്പ്. ഭാരതം സ്വാതന്ത്ര്യം നേടുന്ന സന്ദര്‍ഭത്തില്‍ പതിന്നാറു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഒ.എന്‍.വി. കാവ്യലോകത്തില്‍  അതിന്നു മുമ്പേ തന്റെആഗമനം വിളിച്ചോതിയിരുന്നു. പുരോഗമന പ്രത്യയശാസ്ത്രത്തോടുള്ള അഭിനിവേശം അദ്ദേഹത്തിന്റെ ആദ്യകാലകവിതകളെ വിപ്‌ളവപ്രക്ഷുബ്ധമാക്കി. സമൂഹത്തോടും സാഹിത്യത്തോടുമുള്ള തന്റെ കടപ്പാട് വിളിച്ചറിയിക്കാനാണ് ഓരോ കവിതയിലൂടെയും അദ്ദേഹം ശ്രമിച്ചത്. അതിന്നായി രൂപംകൊണ്ട പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു, അദ്ദേഹം. ആദ്യമെഴുതിയ കവിത 'മുന്നോട്ട്'- അതില്‍ തന്നെ കവിയുടെ പുരോഗമനവീക്ഷണം ആരംഭിക്കുന്നു. കറകളഞ്ഞ മാനവികവീക്ഷണവും സോദരപ്രേമവും കവിതയാക്കിയ ഒ.എന്‍.വി.യുടെ പുരസ്‌കാര പൂര്‍ണ്ണിമയ്ക്കര്‍ഹമായ ആദ്യകവിത 'അരിവാളും രാക്കുയിലും' എന്നതായിരുന്നു.

ജീവിതം എന്നു പറയുമ്പോള്‍ സ്ഥൂലജീവിതം മാത്രമല്ല ഉള്ളത്. സ്ഥൂലജീവിതത്തിലാണ് പിറന്നനാളിന്റെയൊക്കെ പ്രസക്തി കാണാവുന്നത്. അതിന്നുമപ്പുറത്തുള്ള ആന്തരജീവിതത്തെ കാലഗണനയില്‍ പെടുത്തുക പ്രയാസമാണ്. സൂക്ഷ്മവും അഗോചരവുമാണത്. ഏതോ ബിന്ദുവില്‍ നിന്നുള്ള ക്രമികമായൊരു വികാസമാണത്; നിത്യവികസ്വരവുമാണ്. അതുമായി ബന്ധപ്പെടാത്ത കലയോ കവിതയോ ഇല്ലെന്ന് കവി ചൂണ്ടിക്കാട്ടുന്നു. 'ഞാനഗ്നി' എന്ന കാവ്യസമാഹാരത്തില്‍ 'എന്റെ കവിത, എന്റെ ജീവിതം' എന്ന ആത്മകഥാസ്പര്‍ശിയായ ആമുഖത്തില്‍ കവി തന്റെ നിലപാട് പ്രഖ്യാപിക്കുന്നു: 'എന്റെ ജീവിതം തന്നെയാണ് എന്റെ കവിത'. ഒ.എന്‍.വി കവിതകളിലൂടെ കടന്നു പോകുന്ന ആര്‍ക്കും അതു പാഴ്‌വാക്കല്ലെന്നു ബോദ്ധ്യപ്പെടും.

മലയാളത്തിന്റെ തനിമ എന്നു വിശേഷിപ്പിക്കാവുന്ന നാടന്‍പദങ്ങളും ദ്രാവിഡവൃത്തങ്ങളും ആഖ്യാനശൈലിയും ഒ.എന്‍.വിയുടെ തൂലികയെ ആര്‍ദ്രമാക്കി. നാട്ടിലെ ഓണവും വിഷുവും തിരുവാതിരയും പൂക്കളും പുഴയും നിറനിലാവും തേന്മാവും കണിക്കൊന്നയും അദ്ദേഹത്തിന്റെ വര്‍ണ്ണനയ്ക്കു വിഷയമായി. 'വീടുകള്‍' എന്ന ലോകമൈത്രി വിളംബരം ചെയ്യുന്ന പ്രശസ്തമായ കവിതയില്‍, കവിയില്‍ നിറഞ്ഞുലാവുന്ന പ്രപഞ്ചദര്‍ശനത്തിന്റെ മുകുളം കാണാം. പൂക്കളുടെ മിഴികളിലെ മൗനം പകര്‍ത്താന്‍ വെമ്പുന്ന കവിക്ക് അതു സാധിക്കുന്നില്ല. കവിയുടെ പരിഭ്രമം കണ്ട മുല്ലപ്പൂക്കളുടെ ചിരിയും അതു ഹൃദയത്തിലേന്തിയ കവിയുടെ മറുചിരിയും വീടുകള്‍ എന്ന കവിതയെ ഭാവസുന്ദരമാക്കുന്നു. പ്രകൃതിയുമായി സമരസപ്പെട്ടു കൊണ്ടേ മനുഷ്യനു മുന്നോട്ടു പോകാന്‍ സാധിക്കൂ. കുഞ്ഞുങ്ങള്‍ക്കുള്ള ഇരതേടല്‍, പരുന്ത് പ്രത്യക്ഷമാകുമ്പോള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള വെപ്രാളം എന്നിങ്ങനെ തള്ളക്കോഴിയുടെ സ്‌നേഹത്തിലധിഷ്ഠിതമായ ഉത്തരവാദിത്ത ഘടകങ്ങളെ മക്കളായ മനുജരെ പോറ്റുകയും സംരക്ഷിക്കുകയും ചെയ്യുന്ന മാതൃധര്‍മ്മത്തിന്റെ മകുടമായ ഭൂമിയുടേതായി കവി ചിത്രീകരിക്കുന്നു. 'തെല്ലൊന്നു ചിറകുകള്‍ വിടര്‍ത്തി നില്ക്കുന്നൊരു തള്ളപ്പിടക്കോഴി പോലെയെന്‍ വീട്- അതിന്‍ പള്ളയില്‍ പറ്റിപ്പതുങ്ങി നില്ക്കും കുറേ കുഞ്ഞുങ്ങള്‍- എന്‍മുഖമാണവയ്‌ക്കൊക്കെയും' എന്ന സാഹോദര്യവീക്ഷണം കവിക്കു ലഭ്യമാകുന്നത്, കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തില്‍ നിന്നും അതു തിരികൊളുത്തിയ പുരോഗമനവീക്ഷണത്തില്‍ നിന്നുമാണ്. അവശന്മാരോടും ആര്‍ത്തന്മാരോടുമുള്ള സഹാനുഭൂതി കവിക്കു കരഗതമാകുന്നത് പൈതൃകമായിട്ടാണെന്നു കൂടി കാണേണ്ടിവരും. കവിയുടെ പിതാവ്, കൃഷ്ണക്കുറുപ്പ്, കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്ന ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നു. കേരളനവോത്ഥാന നായകനായ നാരായണഗുരുവിന്റെ സമകാലികനും സുഹൃത്തുമായിരുന്ന ചട്ടമ്പിസ്വാമികള്‍ ജാതിവിരോധത്തിന് പേരുകേട്ട വ്യക്തിയുമായിരുന്നു. ഈഴവന്മാര്‍ക്കൊപ്പം നായന്മാരും ജാതീയമായ അസംതുലനത്തിനെതിരേ പ്രതികരിക്കാന്‍ തയ്യാറായെങ്കില്‍ അതിന്റെ പ്രമുഖ കാരണക്കാരന്‍ ചട്ടമ്പിസ്വാമികളായിരുന്നു. ഗൂരുവിന്റെ ആശയങ്ങളെ വികസിപ്പിക്കുക, സമൂഹത്തില്‍ നടപ്പിലാക്കുക എന്നതായിരുന്നു ഉദ്ദേശം. നാരായണഗുരുവാകട്ടെ, മനുഷ്യര്‍ ഒക്കെ ഒരു ജാതിയാണ്, അവരുടെ ഇടയില്‍ സ്ഥിതിഭേദമല്ലാതെ ജാതിഭേദം ഉണ്ടാകാന്‍ നിവൃത്തിയില്ലെന്നു പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു. ജാതിക്കും മതത്തിനും മീതേ മാനവികതയെ പ്രതിഷ്ഠിച്ച മഹാത്മാക്കളാണ് ഇവരൊക്കെ.

എല്ലാവര്‍ക്കും ഭയാശങ്കകളില്ലാതെ സുഖമായി വസിക്കാന്‍ വിശ്വത്തില്‍ സാധിക്കണം. തലയ്ക്കു മീതേ വന്നു വീഴുന്ന പരുന്തിന്റെ നിഴലും അന്ധകാരത്തില്‍ പതിയിരിക്കുന്ന നരിയും നിഷാദനും ആസുരതയുടെ പ്രതീകങ്ങളാകുന്നു. എത്ര മനോഹരമായ പ്രഭാതത്തിലും, നന്മയുടെയും സ്‌നേഹത്തിന്റെയും വേണുഗാനം പൊഴിയുന്ന വേളയിലും കുഞ്ഞാടുകളെ കവരാന്‍ ആട്ടിന്‍തോലും പുതച്ച് അവ പ്രത്യക്ഷമാകും. നന്മയിലും നിഷ്‌കളങ്കതയിലും വിഷബീജം കലര്‍ത്തുന്ന നീചര്‍ ഇക്കാലത്തും പ്രത്യക്ഷരാണ്. അത് വര്‍ഗ്ഗീയവാദികളാകാം, വംശവിദ്വേഷികളാകാം, ആയുധക്കച്ചവടക്കാരാകാം, ഔഷധലോബികളാകാം, സീരിയലിലെ അമ്മായിയമ്മയുമാകാം. സമൂഹത്തെ കലുഷമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനാല്‍ കരുതല്‍ വേണം. ജീവിക്കണമെങ്കില്‍ ഉള്‍ക്കണ്ണു വേണം, 'അണയാത്ത കണ്ണ്'.

പ്രസ്തുത കവിതയില്‍ കവി തന്റെ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നതു മുഴുവന്‍ അദ്ധ്വാനിക്കുന്ന വിഭാഗത്തിലാണ്. കൃത്രിമത്വമില്ലാത്ത സ്‌നേഹവും വിശ്വാസവും പരിഗണനയും സമ്മാനിക്കാന്‍ അവര്‍ക്കേ സാധിക്കൂ. അക്കൂട്ടര്‍ ലോകത്തിലെല്ലായിടത്തുമുണ്ട്. യഥാര്‍ത്ഥത്തില്‍ കവിതയും അവരുടെയൊപ്പം തന്നെ. കനിവിന്റെ വിഖ്യാതമായ ഗീതയാണ് അവര്‍ വിരചിക്കുന്നത്. അതു കൊണ്ടുതന്നെ കവിയും അവരുടെ കൂടെയുണ്ട്. അപ്പോഴാണ് വിഖ്യാതമായ മാനവദര്‍ശനഗീതം പൊഴിയുന്നത്, 'അപരന്റെ ദാഹത്തിനെന്റേതിനേക്കാളുമധികമാം കരുതലും കരുണയും കുടിപാര്‍ക്കുമൊരു വീട്' കവി കണ്ടെത്തുന്നത്. തനിക്കുയിരേകിയ രാഷ്ട്രീയചിന്തയുടേയും ആ രാഷ്ട്രീയചിന്തകള്‍ക്കമൃതമേകിയ സാമൂഹികപരിഷ്‌കരണ പ്രസ്ഥാനങ്ങളുടേയും അതില്‍ നിന്നും വളര്‍ന്നു നിശ്വാസം പൊഴിച്ച കുടിയായ്മാ പ്രസ്ഥാനത്തിന്റെയും സ്വാധീനം സഹജസ്‌നേഹത്തിലലിയും മാനവികതയായി ഒ.എന്‍.വി. കവിതയില്‍ ഗോചരമാകുന്നു.

ഒ.എന്‍.വി.യുടെ വളരെ പ്രശസ്തമായ മറ്റൊരു രചനയാണ് 'ഭൂമിക്കൊരു ചരമഗീതം'. കവികള്‍ സാധാരണഗതിയില്‍ ഭാവനയും യാഥാര്‍ത്ഥ്യവും മനസ്ഥിതിക്കു യോജിക്കും വിധം കെട്ടിച്ചമച്ച് കവിതയാക്കി പടക്കിറങ്ങുമ്പോള്‍ ശാസ്ത്രീയ വീക്ഷണം കാവ്യരചനയ്ക്ക് പിടികൊടുക്കാതെ രക്ഷപ്പെടാറാണ് പതിവ്. ആ കവിതയില്‍ ശാസ്ത്രചിന്തകളെ കാവ്യാനുരൂപമാക്കി മെരുക്കിയെടുക്കാന്‍ ഒ.എന്‍.വി. കാട്ടിയ വിരുത് അസൂയാവഹമാണ്! ശാസ്ത്രത്തിന്റെ സ്രഷ്ടാവ് മനുഷ്യനാണ്. മനുഷ്യനെ അഭ്യുദയത്തിലേക്കു നയിക്കുകയാണ് അതിന്റെ ലക്ഷ്യം. അതിന്നു തിന്മയുടെ ആവരണം തീര്‍ത്തുകൊടുക്കുന്നതും മനുഷ്യന്‍ തന്നെ. വിഭവസമൃദ്ധയായ ഭൂമിയെ, മാതാവിനെ, അവളുടെ സമൃദ്ധിയെ ആവോളം പാനം ചെയ്ത് അവസാനം അവളുടെ ചോരയും മോന്തി ദാഹം മാറ്റാന്‍ വെമ്പുന്ന രാക്ഷസീയത ഇന്നു മര്‍ത്ത്യനു മാത്രം അവകാശപ്പെട്ടതാണ്. വികസനത്തിന്റെ പേരിലും മറ്റും കൃഷിയിടങ്ങളും വനങ്ങളും നശിപ്പിക്കെ, ഭൂമിയിലെ തന്റെ വാസത്തിനു തന്നെയാണ് അന്ത്യം കുറിക്കുന്നതെന്ന് അവനോര്‍ക്കുന്നില്ല. അത്രമാത്രം വന്യമാണ് അവന്റെ ആര്‍ത്തി. ഈ രാക്ഷസമനസ്സിനെപ്പറ്റി പുതിയ തലമുറയ്ക്കു ബോദ്ധ്യമുണ്ടാകണമെങ്കില്‍ തന്റെ  അമ്മയെ മാനഭംഗം ചെയ്യുന്ന പുത്രരെപ്പറ്റി  എഴുതിയേ മതിയാകൂ. മക്കളുടെ ദുഷ്‌ചെയ്തികള്‍ കാരണം 'മാനഭംഗത്തിന്റെ മാറാപ്പുമായി സൗരമണ്ഡലപ്പെരുവഴിയിലൂടെ' അവള്‍ അലയുകയാണ്. മനുഷ്യന്റെ ദുഷ്‌കര്‍മ്മങ്ങള്‍ ഋതുചംക്രമണത്തിന്റെ താളംപോലും തെറ്റിച്ചിരിക്കുന്നു. ഇവിടെ, ശാസ്ത്രവും കവിതയും പറയുന്നത് ഒന്നു തന്നെയാകുന്നു. പക്ഷേ, ശാസ്ത്രഭാഷയേക്കാളും എത്രമാത്രം ഹൃദയഹാരിയാണ് കാവ്യഭാഷ…! ആസ്വാദകരുടെ മനസ്സിലേക്ക് ആശയങ്ങളുടെ മഴയും ആവേശത്തിന്റെ കുത്തൊഴുക്കും അതു സൃഷ്ടിക്കുന്നു.

ജീവിതാവകാശങ്ങള്‍ക്കു വേണ്ടി രക്തച്ചൊരിച്ചിലിലൂടെ രൂക്ഷസമരങ്ങള്‍ നടന്ന നാടാണ് നമ്മുടേത്. സമത്വചിന്തയും സ്വാതന്ത്ര്യബോധവുമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ അതു നിര്‍ണ്ണായകഘടകമായി മാറുന്നുണ്ട്. ഒ.എന്‍.വി.യുടെ ആദ്യസമാഹാരം 'പൊരുതുന്ന സൗന്ദര്യം'(1949) ആണ്. തുടര്‍ന്ന്, സമരത്തിന്റെ സന്തതികള്‍, ദാഹിക്കുന്ന പാനപാത്രം, മാറ്റുവിന്‍ ചട്ടങ്ങളേ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. ഈ സമാഹാരങ്ങളില്‍ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തോടുള്ള മമത നിറഞ്ഞുനില്ക്കുന്നു. തൊഴിലാളി-കര്‍ഷകസമരങ്ങള്‍ തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ മേഖലകളില്‍ വ്യാപിച്ചതും ജനം അതിന്റെ പതാകാവാഹകരായതും ആവേശത്തോടെ പൊരുതാനും വേണ്ടിവന്നാല്‍ സംഘത്തിനുവേണ്ടി നിസ്വാര്‍ത്ഥതയോടെ രക്തസാക്ഷികളാകാന്‍ തയ്യാറായതും ഒ.എന്‍.വി. യിലെ മാനവികാവബോധത്തെ വല്ലാതെ പ്രചോദിപ്പിച്ചു. പക്ഷേ, പില്ക്കാലത്ത് പ്രസ്തുത വിപ്‌ളവാവബോധം കാര്‍മേഘാവൃതമാകുന്നതും, പ്രതീക്ഷകള്‍ പലതും പൊലിയുന്നതും വേദനയോടെ അദ്ദേഹം കണ്ടു. എന്നിട്ടും തന്റെ കര്‍മ്മരംഗം മാറ്റുവാനോ എഴുത്തിന്റെ രൂപഘടന വ്യത്യാസപ്പെടുത്താനോ അദ്ദേഹം തയ്യാറായില്ല.

പ്രകൃതിയെയും സ്ത്രീയേയും സമഭാവനയോടെയാണ് അദ്ദേഹം വീക്ഷിച്ചത്. പ്രകൃതി/ഭൂമി ഏല്ക്കുന്ന ആഘാതങ്ങള്‍ സ്ത്രീപക്ഷത്തിനേല്ക്കുന്നവയാണ്. സ്തീ, പ്രകൃതി, സമൂഹം എന്നിവയ്ക്കുണ്ടാകുന്ന നാശം അദ്ദേഹത്തെ വേദനിപ്പിച്ചു. അവയുടെ സമൃദ്ധിയിലാണ്, മികവിലാണ് നന്മയും ശാന്തിയും വിളയുന്നത് എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. 'കുഞ്ഞേടത്തി', 'അമ്മ', 'കോതമ്പുമണികള്‍', 'പെങ്ങള്‍' മുതലായ കവിതകളില്‍ സ്ത്രീയുടെ ഗദ്ഗദമുണ്ട്. ആര്‍ദ്രമായ ഭാഷയാണ് സ്ത്രീകവിതകളില്‍ കാണുക. കണ്ണീരിന്റെ നനവ് അതിലൂറിയിട്ടുണ്ട്. അവള്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും കനവാണ്. ആരുടെയൊക്കയോ തിക്ത പെരുമാറ്റങ്ങള്‍ ജീവിക്കാന്‍ വേണ്ടി ഏറ്റുവാങ്ങുന്നവളാണവള്‍. 'പൂവായി വിരിഞ്ഞു പുഴുതിന്നു തീര്‍പ്പവളാ'ണവള്‍. 'ചന്ദനം പോലെയരഞ്ഞ് അകില്‍ പോലെ പുകഞ്ഞ്' അന്യന്റെ സുഖം കാംക്ഷിക്കുന്നവളാണവള്‍. ക്രൂരമായ ജീവിതരംഗങ്ങളില്‍ മാരനെയോ മണാളനെയോ അല്ല അവള്‍ തേടുന്നത്, തന്റെ മാനം കാക്കാന്‍ കെല്പുള്ള ഒരു ആങ്ങളയെയാണ്. ഭാരതീയ സ്ത്രീത്വം നേരിടുന്ന പ്രതിസന്ധി ഉഗ്രമത്രെ. സമീപകാലസംഭവങ്ങള്‍ കവിയുടെ വാക്കുകള്‍ യഥാര്‍ത്ഥമെന്നു തെളിയിക്കുന്നു.
ഭൂമിയുടെ പ്രിയതോഴനായും കാമുകനായും വരനായും അദ്ദേഹം സൂര്യനെ സങ്കല്പിച്ചു. സൂര്യന്‍ കര്‍മ്മവ്യഗ്രതയുടെ നിറകുടമാണ്. ഊര്‍ജ്ജഭണ്ഡാരമാണ്. അഗാധമായ കരുത്തിന്റെ പ്രതീകമാണ്. പ്രകൃതിക്കും സ്ത്രീക്കും സുരക്ഷ ലഭിക്കണമെങ്കില്‍ ഓരോ പുരുഷനും ഓരോ സൂര്യനാകേണ്ടിയിരിക്കുന്നു. 'മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സുസ്‌നേഹമൂര്‍ത്തിയാം' സൂര്യന്‍. കറുത്ത വര്‍ഗ്ഗത്തിന്റെ സ്വാതന്ത്ര്യപ്പോരാളിയായ പോള്‍ റോബ്‌സണെ അനുസ്മരിച്ചെഴുതിയ 'കറുത്ത പക്ഷിയുടെ പാട്ട്' എന്ന കവിതയില്‍ സ്വാതന്ത്ര്യത്തിന്റെ സൂര്യനെ അവതരിപ്പിക്കുന്നു. തീവ്രമായ സത്യത്തിന്റെ നോവറിയുന്നു കവി.

'അടിമകള്‍ ഞങ്ങള്‍ക്കു പകല്‍ വെളിച്ചത്തിന്റെ
അമൃതം നിഷേധിക്കുവോരേ
ഉയിരും പുകഞ്ഞുപോ,മിരുളിന്‍ ഖനിയില്‍ വീ-
ണുരുകുമിച്ചോരയില്‍ നിന്നും
ഒരു തീപ്പൊരിയൂതിയൂതിത്തെളിച്ചപോ-
ലൊരു സൂര്യജ്വാലയുദിക്കും
ഇവിടെയിക്കുരിശില്‍ നിന്നിവരുടെ സ്വാതന്ത്ര്യ
സവിതാവുയിര്‍ത്തെഴുന്നേല്ക്കും'…

സൂര്യന്‍ കവിക്ക് ആവേശവും പ്രതീക്ഷയുമാണ്.  സൂര്യനെ ഇപ്രകാരം പ്രത്യാശയുടെ തലങ്ങളില്‍ നോക്കിക്കണ്ട കവികള്‍ അധികമില്ല.

ഉള്ളിലെ കനല്‍ ഊതിജ്വലിപ്പിച്ച് അതിനെ കവിതയാക്കിയ എഴുത്തുകാരനാണ് ഒ.എന്‍.വി. കാവ്യരചനയില്‍ അദ്ദേഹത്തിനു പ്രചോദനമേകിയ എഴുത്തുകാരില്‍ അഗ്രഗണ്യനാണ് ചങ്ങമ്പുഴ കൃഷ്ണപ്പിള്ള. വിഷയാവതരണത്തിലെ ആത്മാര്‍ത്ഥതയും പ്രതിപാദ്യത്തിലെ സംഗീതാത്മകതയും കൊണ്ട് ചങ്ങമ്പുഴ തന്റെ കാവ്യങ്ങളെ മധുരതരമാക്കി. ചങ്ങമ്പുഴയുടെ 'വാഴക്കുല' ഒ.എന്‍.വി.ക്കു പ്രിയതരമായി. ആദ്യഘട്ടത്തില്‍ ഒ.എന്‍.വിയില്‍ ചങ്ങമ്പുഴയുടെ സ്വാധീനം കാണാമെങ്കിലും പിന്നീട് അതില്‍ നിന്നും മുക്തനാകാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ആശയനിര്‍ഭരമായ കവിതകളാല്‍ വൈലോപ്പിള്ളിയും ഇടശ്ശേരിയും എന്‍.വി.കൃഷ്ണവാരിയരും നിറഞ്ഞുനിന്നത്. പ്രകൃതിസൗന്ദര്യോപാസകനായ പി.കുഞ്ഞിരാമന്‍ നായരും തന്റേതായ മാന്ത്രികത തൂലികത്തുമ്പിനാല്‍ വിരചിച്ചു. ഇവരെയൊക്കെ അതിജീവിച്ച് തന്റേതായ ഇടം കാവ്യലോകത്തില്‍ സൃഷ്ടിക്കുക എന്നതു വലിയ സാഹസമായിരുന്നു. എന്നാല്‍ സ്വാഭാവികതയും അര്‍പ്പണബോധവും കൊണ്ട് ഒ.എന്‍.വിയതു സാധിച്ചു.

'തുടുവെള്ളാമ്പല്‍പൊയ്കയല്ല ജീവിതത്തിന്റെ
കടലേ കവിതയ്ക്കു ഞങ്ങള്‍ക്കു മഷിപ്പാത്രം'             (വൈലോപ്പിള്ളി-ഞാന്‍ വരുന്നില്ല)
എന്ന വൈലോപ്പിള്ളിയുടെ പരമമായ ജീവിത-കാവ്യ ദര്‍ശനം തന്നെയാണ് തന്റെ കവിതകളില്‍ ഒ.എന്‍.വി. പകര്‍ത്തിയത്. ജീവിതമാകുന്ന അപാരമായ കടലാണ് കവിതയ്ക്കു വിഷയീഭവിക്കുന്നത്. കവിതയില്‍ സത്യവും സൗന്ദര്യവും ഒരു പോലെ മേളിക്കണം എന്ന് അദ്ദേഹം വിശ്വസിച്ചു.

'മനുഷ്യന് ആവശ്യമുള്ളതായിരിക്കുക എന്നതാണ് ഏത് എഴുത്തിന്റെയും #െവുത്തുകാരന്റെയും ജീവിതലക്ഷ്യ'മെന്ന് സാഹിത്യദാര്‍ശനികനായ എം.എന്‍.വിജയന്‍ മാസ്റ്റര്‍ അഭിപ്രായപ്പെടുന്നു. നിസ്വവര്‍ഗ്ഗത്തിന്റെ ആത്മാവിലേക്കു കടന്നുചെന്ന കവിതകളാണ് ഒ.എന്‍.വിയുടേയെന്ന് പ്രശസ്ത നിരൂപക എം.ലീലാവതി അഭിപ്രായപ്പെടുന്നു. ഏതു വിധത്തിലായാലും മലയാളികള്‍ ഓ.എന്‍.വി കവിതകളിലാവാഹിച്ച ആ 'ജീവിതത്തിന്റെ ഉത്കടദാഹം' ഹൃദയത്തിലേറ്റുവാങ്ങി.

അതിഭാവുകത്വം വെച്ചുകെട്ടാത്ത കവിതകളാല്‍ മലയാളത്തെ സമ്പന്നമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പേരിടാനറിയാത്ത  കൊച്ചു ദു:ഖങ്ങള്‍ ഉള്ളില്‍ പേറിയാണ് അദ്ദേഹം നടന്നത്. അതിന്നിടയ്ക്ക് ദാര്‍ശനികതയുടെ ചൂരുള്ള വരികള്‍. 'ഒരു മണ്ണടുപ്പാണീ മന്നിടം, അതിനുള്ളില്‍ തിരുകിത്തീപൂട്ടിയ വിറകാണെല്ലാമെല്ലാം'- ഇതൊരു അറിവും തിരിച്ചറിവുമാകുന്നു. ബോധമില്ലായ്മയാണ് സമൂഹത്തിലെ എല്ലാ ച്യുതികള്‍ക്കും അടിസ്ഥാനം. വായനയും പ്രസംഗവും മാത്രം പോരാ, തിരിച്ചറിവു കൂടി അനിവാര്യമത്രെ. 'ബോധമാം നറുനിലാവൊരുതുള്ളിയെങ്കിലും ചേതനയില്‍ ശേഷിക്കു'ന്നവര്‍ക്ക് പ്രകൃതിയെയും സ്ത്രീയേയും മലിനമാക്കാന്‍ കഴിയില്ല.

സാഹിത്യത്തില്‍ ഒ.എന്‍.വി. കവിതയെഴുതിവന്ന കാലഘട്ടത്തില്‍ നിരവധി സാഹിത്യപ്രസ്ഥാനങ്ങള്‍ കവിയെ തലോടിയും ഉരുമ്മിയും കടന്നു പോയി. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ സാമൂഹിക വീക്ഷണം ഉള്‍ക്കൊണ്ടാണ് കവി എഴുത്താരംഭിച്ചത്. അതിന്നു ശേഷം 1960 കളില്‍ ആധുനികത സാഹിത്യത്തെ പുല്കി. തുടര്‍ന്ന് അത്യന്താധുനികതയും ഉത്തരാധുനികതയും സാഹിത്യത്തെ ഗ്രസിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഓ.എന്‍.വി. ഒരു പ്രസ്ഥാനത്തിന്റെയും പിന്നാലെ പോയില്ല. കാരണം അദ്ദേഹം തന്നെ ഒരു പ്രസ്ഥാനമായിരുന്നു. താന്‍ പരിചയിച്ച വീക്ഷണകോണും, രചനാരീതിയൂം കൈവിട്ട് പരിഷ്‌കാരിയാകാന്‍ അദ്ദേഹം ശ്രമിച്ചില്ല. അതു മാത്രമല്ല, വൃത്തവും താളവും അത്യാവശ്യത്തിന് അലങ്കാരവും ആശയപ്രതിബദ്ധതയും സമൂഹത്തോടുള്ള സ്‌നേഹവും ഭാഷയോടുള്ള മമതയും നിലനിര്‍ത്തി. ഇത്തരം വ്യവസ്ഥയോടു താല്പര്യമുള്ള ഇതര കവികള്‍ക്ക് അഭയം നല്കി.

മയില്‍പ്പീലി, ഒരു തുള്ളിവെളിച്ചം, അഗ്നിശലഭങ്ങള്‍, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്ക് ഒരു ചരമ ഗീതം, ശാര്‍ങ്ഗകപ്പക്ഷികള്‍, തോന്ന്യാക്ഷരങ്ങള്‍, മൃഗയ, അപരാഹ്നം, വെറുതെ, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നാരം, വളപ്പൊട്ടുകള്‍, നറുമൊഴി, ക്ഷണികം പക്ഷെ, ഞാനഗ്നി, സ്‌നേഹിച്ചു തീരാത്തവര്‍ എന്നിങ്ങനെ കവിയുടെ സമാഹാരങ്ങള്‍ നിരവധിയാണ്. മുമ്പു സൂചിപ്പിച്ച കാവ്യസമാഹാരങ്ങളെക്കൂടാതെയാണിത്. 1959 മുതല്‍ 1964 വരെയുള്ള രചനകളാണ് മയില്‍പ്പീലിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഓരോ സമാഹാരവും ഓരോ കാലയളവിനെ പ്രതിനിധാനം ചെയ്യുന്നു. അങ്ങനെ വിലയിരുത്തിയാല്‍, 1945 മുതല്‍ 2016 വരെയും കവിതകള്‍ എഴുതുന്നതില്‍ യാതൊരു ലോഭവും കവി പ്രകടിപ്പിച്ചിട്ടില്ലെന്നു കാണാം. ശരാശരി നോക്കിയാല്‍ രണ്ടുവര്‍ഷത്തിനിടയ്ക്ക് ഒരു സമാഹാരം എന്ന നിലയ്ക്ക് പ്രസിദ്ധീകൃതമാകുന്നുണ്ട്. പലരും പ്രചോദനം നഷ്ടപ്പെട്ടും ഭാവന ക്ഷയിച്ചും കാലഹരണപ്പെട്ടും കരയ്ക്കായപ്പോള്‍ ജീവിതക്കടല്‍ വിഷയമാക്കി, അനന്തനീലിമയെ സാക്ഷിയാക്കി എഴുതി മുന്നോട്ടു പോകാന്‍ ഒ.എന്‍.വിക്കു സാധിച്ചു.

ഉപ്പിനെ പ്രണയിച്ച കവിയാണ് ഓ.എന്‍.വി. ഉപ്പ്, കവിക്കായി പൈതൃകം നീക്കിവെച്ച വൈകാരികതയാണ്. അതില്‍ സ്‌നേഹവും വിശ്വാസവും കണ്ണീരും വിയര്‍പ്പും ഊറിക്കൂടിയിരിക്കുന്നു. പഴയതലമുറയുടെ കഥകളും അനുഭവങ്ങളും സ്പര്‍ശവുമാണ് പുതുതലമുറയ്ക്ക് ഉപ്പാകുന്നത്. മണ്ണില്‍ നിന്നും മറഞ്ഞാലും നിന്റെ മുത്തശ്ശി എന്നും നിന്നിലെ ഉപ്പായിരിക്കും എന്ന വാഗ്ദാനമാണ് 'ഉപ്പ്' എന്ന കവിതയിലെ മുത്തശ്ശി ഉണ്ണിക്കു നല്കുന്നത്. 'ചോറൂണ്' എന്ന കവിതയില്‍ കുട്ടിക്ക് നല്കുന്ന അനുഗ്രഹത്തിലും, 'ഭൂമി തന്നുപ്പു നുകര്‍ന്നു നീ പൈതലേ, ഭൂമി തന്നുപ്പായ് വളരുകെന്നിങ്ങനെ'…ഉപ്പിന്റെ സാന്നിദ്ധ്യമുണ്ട്. കുട്ടിക്ക് മുലപ്പാല്‍ നല്കുന്ന മാതൃബന്ധം പോലെ തന്നെ ദൃഢമാണ് ഉപ്പു വഴിയുള്ള പൈതൃകബന്ധസ്ഥാപനം. 'ഞാനഗ്നി' എന്ന കവിതാസമാഹാരത്തിലെ 'ഉപ്പും മധുരവും' എന്ന കവിത ഉപ്പോടുള്ള കവിയുടെ തീവ്രമമത ഒന്നുകൂടി സാക്ഷ്യപ്പെടുത്തുന്നു. അസുഖം കാരണം കാണാന്‍ ചെന്ന കവിയോടു ഡോക്ടര്‍ പഞ്ചാര ശരീരത്തിന് ദോഷം ചെയ്യുന്ന അളവില്‍ ഉണ്ട് എന്നു പറയുന്നു:

       ''ഉതിര്‍ മഞ്ഞു കണക്കെ വെളുത്തു
              ചിരിച്ചിടുമീപ്പഞ്ചാര-
       ത്തരികളിലുണ്ടൊരു വിഷകന്യക,-
              യവളുടെ ചുംബനമേററാല്‍

       സിരകളിലൂടിഴഞ്ഞിഴഞ്ഞു
               വരും മൃതി, നെഞ്ചിന്‍ കൂട്ടില്‍
       കുറുകും ചെറു ചോരക്കിളിയെ
              കൊത്തി വിഴുങ്ങിപ്പോകാം''

ഡോക്ടറുടെ ഉപദേശം ശരി. പിറന്നാളിനും വിരുന്നിനും ഇനി പായസസേവ പററില്ല. തൊടിയിലെ കദളിത്തേന്‍കുലകളില്‍ അണ്ണാര്‍ക്കണ്ണന്റെ വിഹാരം. നിറവാത്സല്യത്തോടെ  അമ്മ കനിഞ്ഞുതരുന്ന കല്ക്കണ്ടപ്പൊട്ടുകള്‍ പോലുള്ള ആ കനികള്‍ ഇനി അനുഭവിക്കാനാകില്ല. കാരണം,  'തക്ഷകനൊരു കീടം പോലതില്‍ പാര്‍പ്പുണ്ടാം'. പിന്നീട്, മറ്റൊരവസരത്തില്‍ ഡോക്ടര്‍ പറയുന്നു, നിങ്ങള്‍ക്ക് ഉപ്പും പററില്ല. ഇത്തവണ കവി ശരിക്കും ഞെട്ടി. കവി ചിന്തിച്ചു, 'മണ്ണിന്‍ ഉയിരാമീയുപ്പെന്നുയിരിലലിഞ്ഞതു താനെന്‍ ഭാഗ്യം'. സിരകളിലൂടെ ഒഴുകുന്ന രക്തത്തിന് മര്‍ദ്ദം അധികം. അതില്‍ കടലിന്‍ ക്ഷോഭം അലതല്ലുന്നു. ഹൃദയത്തിന് ആ മര്‍ദ്ദം താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, ഹൃത്താളം അളക്കാന്‍ നിങ്ങടെ സ്റ്റെതസ്‌കോപ്പിനാവില്ല. കവി വെല്ലുവിളിക്കുന്നു. ഹൃദയതാളത്തെ വിഭ്രമിപ്പിക്കുന്ന ചില കാഴ്ചകള്‍ മുന്നോട്ടു വെക്കുന്നു. നാടും നഗരവും ജനവും പുരിയും എരിയുമ്പോള്‍, നിഷാദന്‍ മറഞ്ഞിരുന്നു മദിച്ചു ചിരിക്കുമ്പോള്‍, ഉടുതുണിയും ചര്‍മ്മവും കത്തിപ്പിടഞ്ഞ് ഒരു ബാലിക ആത്മരക്ഷാര്‍ത്ഥം ഓടുമ്പോള്‍, അയല്‍പക്കക്കൊലപാതകം ഉയരുമ്പോള്‍, സിരകളിലുയരുന്ന കടലിന്‍ക്ഷോഭത്തെ പറയൂ, ഡോക്ടര്‍, ഉപ്പു വെടിഞ്ഞാലും നിയന്ത്രിക്കാനാമോ ? കവിയുടെ സാമൂഹികാവബോധം പീലിവിടര്‍ത്തി ഡോക്ടറുടെ ശാസ്ത്രീയ വീക്ഷണത്തെ വെല്ലുവിളിക്കുന്നു. നിസ്സംശയം കവി ചോദിക്കുന്നു,

       ''ഉപ്പില്ലാതെങ്ങനെ ? അന്നവു-
              മമൃതായ് മാററും രുചിയെ-
       ന്തത്ഭുത,മിതു വാഴ്‌വിന്‍ വാരിധി
              കടഞ്ഞെടുപ്പോര്‍ ഞങ്ങള്‍''
       ജീവിതം ആര്‍ദ്രവും ആഹ്‌ളാദകരവും ആകുന്നത് അത് ലവണമയമാകുമ്പോഴാണ്. ഉപ്പ് കവിക്കു ജീവിത ദര്‍ശനമാണ്. പൈതൃകത്തില്‍ നിന്നു നേടുന്ന ഊര്‍ജ്ജവും, തത്ഫലമായി നമ്മില്‍ അങ്കുരിക്കുന്ന ആര്‍ജ്ജവവും കരുണയുമാണ്. വിശാലമായ കടലിന്റെ വിയര്‍പ്പുതരികളാകുന്നു, ഉപ്പ്. അത് കണ്ണീരും അലിവുമാകുന്നു. അങ്ങനെ ഉപ്പ് ജീവിതമാകുന്നു. അത് പരമമായ സ്‌നേഹമാകുന്നു. ഉപ്പിനെ, ആ അനുഭവോഷ്മളതയെ പ്രിയതരമായ ജീവിതരുചിയായി കവി അറിയുന്നു. 'ഉപ്പ് 'എന്ന പേരില്‍ ഒരു കാവ്യ സമാഹാരം തന്നെ കവിയുടേതായുണ്ട് എന്നതു കൂടി ഓര്‍ക്കുക.

       'ഇന്ത്യാ പുവര്‍' എന്ന കവിത ദേശീയപ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. യഥാര്‍ത്ഥ ഇന്ത്യനാര്? എന്താണ് ദേശീയത? എന്താണ് ദേശവിരുദ്ധത? ആരാണ് രാജ്യസ്‌നേഹി ? എന്നിങ്ങനെ രൂക്ഷചര്‍ച്ചകള്‍ നടക്കുകയാണല്ലോ. വിഷയജ്ഞാനം വേണമെന്നുള്ളവര്‍ പ്രസ്തുത കവിത വായിക്കണം.

       കവി, അമേരിക്കയിലെ ന്യൂയോര്‍ക്ക് റെയില്‍വേസ്റ്റേഷനില്‍ നിന്നും പുറത്തേക്കു വരവേ, 'ഇന്ത്യാ പുവര്‍'(ദരിദ്ര ഇന്ത്യ) എന്ന ബാനര്‍ വെച്ച് പൈസ ഇരക്കുന്ന മുഷിഞ്ഞ വേഷം ധരിച്ച ഒരു കുടുംബത്തെ കണ്ടു. കവിക്ക് സ്വാഭാവികമായും ഉണ്ടായ സംശയം, 'എന്തിവര്‍ ആരാന്റെ മണ്ണിലിരക്കുന്നു '? എന്നതാണ്. അന്വേഷണത്തില്‍ നിന്നും അവര്‍ ബംഗ്‌ളാദേശില്‍ നിന്നും വന്നവരാണ് എന്നു മനസ്സിലായി. സ്വന്തം നാടിന്റെ പേരു മറച്ചു വെച്ച് ഇന്ത്യയുടെ പേരുപയോഗിച്ച അവരോട് കവിക്ക് അപ്രീതി തോന്നി. പുതുകാശുകാരായ അമേരിക്കക്കാരുടെ അങ്കണത്തില്‍ വന്നു യാചിക്കുന്നതില്‍ ശക്തമായ പ്രതിഷേധം കവിക്കുണ്ട്.  എന്നാല്‍ അടുത്ത നിമിഷം തന്നെ കവി ക്ഷമിക്കുന്നു. ബംഗ്‌ളാദേശ് - ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. നിങ്ങളുടെ അന്തരംഗത്തിന്‍ ആഴങ്ങളില്‍ നിന്നാണോ ഇന്ത്യക്കാരാണു നാം എന്ന ബോധം ഉയര്‍ന്നു വന്നത് ? എങ്കില്‍ ശരി. പൊറുക്കാം. രണ്ടു കൂട്ടരുടെയും ദേശീയഗാനം രചിച്ചത് ഒരാളാണ്. ടാഗോര്‍. സാജാത്യങ്ങള്‍ തേടിപ്പിടിച്ച് പൊറുക്കുകയാണ് കവി. ഇതാണ് ഭാരതം. ക്ഷമിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഈ മഹാമനസ്‌കതയാണ്, സഹിഷ്ണുതയാണ് ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച സുപ്രസിദ്ധമായ ആശയം. ഈ വികാരം തന്നെയാണ് പലപ്പോഴായി നമുക്ക് കൈമോശം വന്നു കൊണ്ടിരിക്കുന്നതും.

       ചതി നയതന്ത്രമായി മാററിയവരുടെ നാട്ടിലാണിപ്പോള്‍. ആ നാടിന്റെ (അമേരിക്കയുടെ) തന്നെ പ്രാക്തനനന്മയും സംസ്‌കാരവും കൈയേറിയവര്‍. അടിമകളെ വില്ക്കുന്നതു നിരോധിച്ച ഇക്കൂട്ടര്‍ ലോകരെ മുഴുവന്‍ അടിമകളാക്കാനൊരുങ്ങുന്നു എന്ന നിരീക്ഷണത്തില്‍ കവി എത്തിച്ചേരുന്നു. അതിക്രമങ്ങളുടെ കൂത്തരങ്ങാക്കി ലോകത്തെ അവര്‍ മാറ്റുന്നു. ഈ കപടലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ സ്വത്വം കവി ഉയര്‍ത്തിപ്പിടിക്കുന്നു :

              ''പാലും പഴങ്ങളും കാട്ടിയൊരു പക്ഷിയുടെ
              കാലുകള്‍ നൂലില്‍ കുരുക്കുന്ന വിദ്യയ്ക്ക്
              നാമിനിയുമിരകളായ് ത്തീരണോ ? -സമ്പന്ന-
              രാണവര്‍, എങ്കിലും ആത്മാവില്‍ നിര്‍ദ്ധനര്‍.
              ഓര്‍ക്കുക: നമ്മള്‍ കൊടുത്തു മുടിഞ്ഞവര്‍ !
              ആര്‍ക്കൊക്കെയോ നമ്മള്‍ അന്നവും വീടുമായ് !''
       പുറംനാട്ടില്‍ പോലും ഭാരതത്തിന്റെ സ്വത്വം ഭംഗിയായി ഉയര്‍ത്തിക്കാട്ടാന്‍, അയല്‍ രാജ്യമായ ബംഗ്‌ളാദേശി ദരിദ്രരെ ബന്ധുക്കളായി പരിഗണിക്കാന്‍ കവി കാട്ടിയ ഔത്സുക്യം തന്നെയാണ് ദേശീയബോധത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും പ്രതീകമായി വിലസുന്നത്. അപമാനിച്ചവരെ കല്ലെറിയുന്നതിലല്ല, സ്‌നേഹം കൊണ്ടു പുല്കുന്നതിലാണ് മഹത്വം വിളയാടുന്നത്. അതാണ് ഭാരതീയത.

       പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം കവി പല കവിതകളിലും സ്ഥാപിക്കുന്നുണ്ട്. പ്രകൃതി മനോഹാരിത വര്‍ണ്ണിക്കുന്നുണ്ട്. 'ആവണിപ്പാടം' എന്ന കവിത ചിങ്ങപ്പാടത്തില്‍ വിരുന്നുവന്ന വിവിധ ഭാവഹാവാദികളോടുകൂടിയ കിളികളുടെ ആത്മഹര്‍ഷത്തിന്റെ ഛായാപടമാണ്. മണ്ണിന്റേയും മനുഷ്യന്റെയും മനസ്സ് ഹൃദിസ്ഥമാക്കാന്‍  അദ്ദേഹത്തിനു സാധിച്ചിരിക്കുന്നു. കവി പ്രസ്താവിക്കുന്നതു പോലെ  ആകാശം പോലെ നിറകുടമാണ് കവിയുടെ മനസ്സും. മടങ്ങിവരാത്ത മായുന്ന സന്ധ്യകളെക്കുറിച്ചും, മടങ്ങിവരാത്ത പാടി മറയുന്ന പക്ഷികളെക്കുറിച്ചും, ആകുലി കൊണ്ട മഹാകവിയാണ് ഒ.എന്‍.വി.കുറുപ്പ്. ഭാവനയുടെ സുഗന്ധവും ധാര്‍മ്മികരോഷത്തിന്റെ ചുവപ്പും അദ്ദേഹത്തിന്റെ കവിതകളില്‍ നാം അനുഭവിച്ചറിയുന്നു.

മനുഷ്യന്റെ ധര്‍മ്മരോഷത്തിന്റെ ചുവപ്പില്ലാത്ത ചുവപ്പുകളുടെ ഉത്സവത്തിന്  എന്തു സുഖമാണുള്ളത് ? പുരോഗമനദേശീയത ജാതീയതയ്ക്കും ഭീകരവാദത്തിനും പട്ടിണിയ്ക്കും ദാരിദ്ര്യത്തിനും ഫാസിസത്തിനും എതിരായ മുദ്രാവാക്യമുയര്‍ത്തുമ്പോള്‍ മുന്നില്‍ നിന്ന് തൂലിക ആയുധമാക്കി സമൂഹത്തെ നയിക്കാന്‍ പ്രാപ്തനായ ഒരു കവിയാണ് നഷ്ടമായിരിക്കുന്നത്. ഭയമെന്യേ തലയുയര്‍ത്തി നടക്കാനും ഭൂമി നമ്മുടേതാക്കാനും ആശിച്ചു പ്രാര്‍ത്ഥിച്ച കവിയുടെ കണ്ണീര്‍ കടലായിരമ്പുകയാണ് എന്ന് ഉപ്പുതുരുത്ത്(2002) എന്ന കവിതയില്‍ അദ്ദേഹം എഴുതി. അതില്‍ ഇന്ത്യയൊരുപ്പുതുരുത്തായലിയുന്നു. കവിയുടേത് ആശങ്കമാത്രമാണെന്ന് തെളിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാകുന്നു.













അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ