വധശിക്ഷയെപ്പറ്റി...(കാഴ്ചപ്പാട്)

.


           വധശിക്ഷയെപ്പറ്റി മാതൃഭൂമിപ്പത്രത്തില്‍ സംവാദം നടക്കുകയാണ്. രാഷ്ടീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖര്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. വായിക്കുമല്ലോ.

    ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വധശിക്ഷ ക്രൂരവും അപരിഷ്കൃതവുമാണെന്ന ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണല്ലോ. എന്തായാലും,വധശിക്ഷ ഒഴിവാക്കപ്പെടേണ്ടുന്നതല്ല എന്നതാണ് എന്‍റെ അഭിപ്രായം.അതു മാത്രമല്ല, അതു കൂടുതല്‍ കര്‍ക്കശവുമാക്കണം. യാക്കൂബ് മെമന് വധശിക്ഷ വിധിച്ചതു മുതലാണ് ഇതു വളരെ സജീവമായ ചര്‍ച്ചയ്ക്കു വിധേയമായത്.അതിനു മുമ്പ് അഫ്സല്‍ഗുരുവിനെ തൂക്കിലേറ്റാന്‍ വിധിച്ചപ്പോഴും പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം പ്രതിഷേധങ്ങള്‍ കൂടിക്കൂടി വരികയാണ്. ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടുകയാണ് എന്ന രീതിയില്‍ പോലും വ്യാഖാനങ്ങള്‍ വന്നു കഴിഞ്ഞു. ആപത്കരമായ സ്ഥിതി വിശേഷമാണിത് എന്നേ പറയാന്‍ പറ്റൂ.

           വധശിക്ഷ- അതു ക്രൂരവും പ്രാകൃതവുമാണ്, പരിഷ്കൃത ലോകത്തിനു ചേര്‍ന്നതല്ല, അതു മനുഷ്യത്വ രഹിതമാണ്, വിധിയില്‍ പിഴ വന്നാല്‍ തിരുത്താനുള്ള അവസരമില്ല,വധശിക്ഷയുണ്ടായിട്ടും കുറ്റങ്ങള്‍ കുറയുന്നില്ല,  അതിനാല്‍ ഒഴിവാക്കണം എന്നാണ് അതിനെതിരേ വാദിക്കുന്നവരുടെ വാദം. ക്രൂരവും പ്രാകൃതവും ആയിരിക്കാം, പക്ഷേ ഭൂരിഭാഗം കേസ്സുകളിലും ശിക്ഷ കിട്ടുന്നത് കൃത്യമായ തെളിവുകളുടെ സാന്നിദ്ധ്യത്തിലാണ്. കോടതികള്‍ , വിശിഷ്യാ ബഹുമാനപ്പെട്ട സുപ്രീം കോടതിവരെ കേസിന്റെ വശങ്ങള്‍ ഇഴ കീറി പരിശോധിക്കുന്നു. സംശയത്തിന്‍റെ പേരില്‍ ആരെയും തൂക്കിക്കൊല്ലാന്‍ വിധിക്കാറില്ല. അത്തരമൊരു ചരിതം നമ്മുടെ കോടതികളെ സംബന്ധിച്ചു കേട്ടിട്ടില്ല. അപ്പോള്‍ തെളിവുകളുടെ ഒരുമയാണ് ശിക്ഷയുടെ പിന്നില്‍ വര്‍ത്തിക്കുന്നത്. വാദിക്കാനും നിരപരാധിത്വം തെളിയിക്കാനും ധാരാളം അവസരങ്ങള്‍ ഉണ്ടുതാനും.

        പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല വധശിക്ഷ എന്ന വാദം. എന്നാണ് നമ്മള്‍ വളരെ പരിഷ്കൃതരായത് .. ..വെട്ടിക്കൊലയും ബോംബെറിഞ്ഞു കൊലയും  തീവെപ്പം കൊള്ളിവെപ്പും  പിടിച്ചു പറിയും ജാതിയുടെ പേരിലുള്ള ഹത്യയും ദുരഭിമാന ഹത്യയും പെരുകി വരുന്നു.വര്‍ഗ്ഗീയതയും അഴിമതിയും പീഡനങ്ങളും ഇവിടെ നടമാടുന്നു. രാഷ്ടീയക്കാരും മതമേധാവികളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്ക്കുന്നു. പിന്നെ എവിടെയാണ് പരിഷ്കൃതത്വം .. പരിഷ്കൃതമാകേണ്ടത് മനസ്സാണ്. അതിവിടെ സാദ്ധ്യമാകുന്നുണ്ടോ ..

    മനുഷ്യത്വരഹിതമായിരിക്കാം. അതിനേക്കാളും മനുഷ്യത്വരഹിതവും ദയാശൂന്യവുമായ പ്രവൃത്തിയാണ്  അക്കൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പീഡനങ്ങളും കൊലപാതകങ്ങളും തീവ്രവാദങ്ങളും കൊള്ളിവെപ്പുകളും നടത്തുന്ന കശ്മലന്മാരെ എങ്ങനെയാണ് ന്യായീകരിക്കുക  അവരെ ആജീവനാന്തം തടവിലിട്ടാല്‍ എന്തു മാതൃകയാണ് സമൂഹത്തിന് അത് നല്കുന്നത്..

   ഗോവിന്ദച്ചാമിയെപോലും തൂക്കിലേറ്റരുത് എന്നും വാദമുണ്ട്. തൂക്കിലേറ്റണമോ വേണ്ടയോ എന്നത് കോടതി തീരുമാനിക്കട്ടെ. എന്തായാലും കേരള സമൂഹത്തിന്‍റെ മുന്നില്‍ അയാള്‍ക്കൊരു നീതിയുമില്ല, അപ്രകാരം തന്നെയായിരിക്കും കോടതിയുടെ ഇടപെടലും എന്നു പ്രത്യാശിക്കാം. നിരുപദ്രവിയും നിഷ്കളങ്കയും ഒരു കുടുംബത്തിന്‍റെ ആശ്രയവുമായ പാവം കുട്ടിയെ അന്തിയുടെ മറയില്‍ ലൈംഗിക ദാഹം ശമിപ്പിക്കാന്‍ ക്രൂരമായി കൊന്നതിന്  ആജീവനാന്ത ജയില്‍ ശിക്ഷ നല്കിയാല്‍ മതിയോ ....

      ബലാത്സംഗം, തീവ്രവാദപ്രവര്‍ത്തനങ്ങള്‍,   കൊലപാതകങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവരെ അതിവേഗ കോടതി ബഞ്ചുകള്‍ സ്ഥാപിച്ച് , കുറ്റത്തിന്‍റെ ഗൌരവം കുറയാത്ത വിധം വിചാരണ ചെയത് ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കി വധാര്‍ഹരാണെങ്കില്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കത്തക്ക രീതിയില്‍ പ്രസ്തുത നിയമങ്ങള്‍ ഭേദഗതി ചെയ്യണം. അങ്ങനെയാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും, ദീര്‍ഘകാല വിചാരണകള്‍ , കാലമേറെയെടുക്കുന്നതിനാല്‍, അയാള്‍ക്കെതിരേയെടുക്കുന്ന നടപടികള്‍  സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോകും. അതിവേഗവിചാരണയും ദ്രുതഗതിയിലുള്ള നടപടികളുമാണ് ഇന്നാവശ്യം.

     ഏവര്‍ക്കും സ്വച്ഛമായും സമാധാന പൂര്‍ണ്ണമായും ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണം. അതിനുള്ള പോരാട്ടം നടത്തേണ്ടുന്ന രാഷ്ടീയ കക്ഷികള്‍ പാവം മനുഷ്യരുടെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന  കൊലപാതകികളെയും കൂട്ടരെയും പീഡകരെയും ന്യായീകരിക്കേണ്ടതില്ല. അത്തരം ശ്രമങ്ങള്‍ , മനുഷ്യത്വപരം എന്ന്അവര്‍ വിശേഷിപ്പിക്കുമെങ്കില്‍ കൂടി, തെറ്റായ  നീതിയെ പിന്തുണക്കുന്നതായി മാറുമെന്ന് ഓര്‍ക്കുക.
Like   Comment  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ