ഇന്ദുലേഖയും ഇംഗ്ലീഷും:തായാട്ട് ശങ്കരൻ
![]() |
| തായാട്ട് |
തായാട്ടു ശങ്കരൻ്റെ ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങളി’ലെ ഒരു ലേഖനമാണ് 'ഇന്ദുലേഖയും ഇംഗ്ലീഷും'. 1889 ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു, അത്. ആ കാലഘട്ടത്തെയും ഇന്ദുലേഖയുടെ സാമൂഹിക രാഷ്ട്രീയപ്രാധാന്യത്തെയും നിരൂപണം ചെയ്യുകയാണദ്ദേഹം. 1924 ൽ തലശ്ശേരിയിലാണ് തായാട്ട് ശങ്കരൻ ജനിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. വിവിധ കലാലയങ്ങളിൽ മലയാള അദ്ധ്യാപകനായി പ്രവർത്തിച്ചു. 1974 ൽ കേരള ഗ്രന്ഥശാലാസംഘം പ്രസിഡൻ്റായി. 1982 ൽ റിട്ടയർ ചെയ്ത ശേഷം ദേശാഭിമാനി വാരികയുടെ പത്രാധിപരായി. 1985 മാർച്ച് 23 ന് അന്തരിച്ചു. കഥകളും കവിതകളും എഴുതിയിരുന്നു. സാഹിത്യവിമർശകൻ വിദ്യാഭ്യാസചിന്തകൻ എന്നീ നിലകളിലാണ് സാംസ്കാരിക മേഖലയിൽ അദ്ദേഹം അറിയപ്പെട്ടത്. ‘മാനസികമായ അടിമത്തം’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.
മറ്റു പ്രധാനകൃതികൾ: പുതിയ പരിപ്രേക്ഷ്യം, ആശാൻ- നവോത്ഥാനത്തിൻ്റെ കവി, അനാച്ഛാദനം,അന്തർദർശനം, ചിന്താസൗരഭം, സീതയും നിരൂപകന്മാരും ദുരവസ്ഥ- ഒരു പഠനം, വള്ളത്തോൾ- നവയുഗത്തിൻ്റെ കവി, ഭാരതീയ നവോത്ഥാനത്തിൻ്റെ രൂപരേഖ, ഇന്ത്യൻ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ, വ്യക്തികൾ സങ്കൽപ്പങ്ങൾ, സ്വകാര്യചിന്തകൾ.
എം.പി.പോളും മറ്റുചില നിരൂപകരും
ഇന്ദുലേഖയെക്കുറിച്ചുള്ള പഠനങ്ങളിൽ ഏറ്റവും മികച്ചത് എം.പി.പോളിൻ്റേതാണെന്ന് തായാട്ട് ശങ്കരൻ [ടി.എസ്] പ്രസ്താവിക്കുന്നു. അതിലെ പരാമർശങ്ങളിൽ ചിലത് വികസിപ്പിക്കുകയോ വ്യാഖ്യാനിച്ച് ഊതിവീർപ്പിക്കുകയോ ആണ് പലരും ചെയ്തത്. ചന്തുമേനോൻ്റെ കഥാപാത്രങ്ങളിൽ ഇംഗ്ലീഷുവിദ്യാഭ്യാസം വരുത്തിവെച്ച രാസപരിണാമത്തെക്കുറിച്ച് എം. പി. പോൾ പറഞ്ഞ അഭിപ്രായമാണ് നിരൂപകരെ പലയിടങ്ങളിലുമെത്തിച്ചത്. “ഒരു പൂച്ചക്കുട്ടിയെപ്പോലെ നമ്പൂതിരിപ്പാടിലേക്കു പിടിച്ചു കൊടുക്കപ്പെട്ട കല്യാണിക്കുട്ടിയും ആ നമ്പൂതിരിപ്പാടിനെത്തന്നെ സാന്ദ്രമായ അഭിമാനപ്രകടനത്താൽ അസ്ത പൗരുഷനാക്കിയ ഇന്ദുലേഖയും തമ്മിലുള്ള വ്യത്യാസം പരിഷ്കൃത വിദ്യാഭ്യാസത്തിൻ്റെ ഫലമാണെന്ന് സമ്മതിക്കാതെ തരമില്ല” എന്നായിരുന്നു എം.പി.പോൾ പരാമർശിച്ചത്. എന്നാൽ പിന്നീടുവന്ന നിരൂപകർ ഇതിനെ ഇംഗ്ലീഷുഭാഷയുടെ മന്ത്ര സിദ്ധിയായി കരുതി. ഇംഗ്ലീഷറിയാത്തവർ ഒന്നുമല്ലെന്നവർ വിധിച്ചു. കേരള നവോത്ഥാനത്തിനുകാരണം പാശ്ചാത്യ ക്രിസ്തുമത പ്രചാരണമാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചു. ഇംഗ്ലീഷുഭാഷ പഠിക്കുകയെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഇന്ദുലേഖ എഴുതിയതെന്നും വാദിക്കപ്പെട്ടു. പഠിക്കുന്ന ഭാഷ ഏതാണെന്നത് സൗകര്യത്തിൻ്റെ കാര്യമാണെന്നും പഠിക്കുന്ന വിഷയം എന്താണെന്നത് ജീവി വീക്ഷണത്തെ നിർണ്ണയിക്കുന്ന ഘടകമാണെന്നും തായാട്ട് വ്യക്തമാക്കുന്നു.
ആധുനിക വിദ്യാഭ്യാസവും ചന്തുമേനോനും
പത്തൊമ്പതാം ശതകത്തിൻ്റെ ഉത്തരാർദ്ധത്തിൽ ജീവിച്ച ചന്തുമേനോൻ ഒരു നൂറ്റാണ്ടു മുന്നേ തന്നെ ബംഗാളിൽ ആരംഭിച്ച ആധുനികവിദ്യാഭ്യാസത്തിൽ ആകൃഷ്ടനായിരിക്കാം. രാജാറാം മോഹൻറായിയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം സാമൂഹിക പരിഷ്കർത്താക്കൾ യൂറോപ്പിലെ ശാസ്ത്രീയ വിദ്യാഭ്യാസത്തിൻ്റെ പാതയിലേക്ക് ഇന്ത്യയെനയിക്കാൻ ശ്രമിച്ചത്. പടിഞ്ഞാറൻ ശാസ്ത്രവിദ്യാഭ്യാസം സമൂഹത്തിൻ്റെ കണ്ണുതുറപ്പിക്കുമെന്നും ചന്തുമേനോൻ ചിന്തിച്ചിരിക്കാം. അക്കാലത്ത് കേരളത്തിൽ നില നിന്നിരുന്ന ഫ്യൂഡൽ ചിന്താഗതികളിൽ നിന്നു വേറിട്ട് ഏറ്റവും സ്വതന്ത്രമായി ചിന്തിച്ച വ്യക്തിയായിരുന്നു ഇന്ദുലേഖാ കർത്താവായ ചന്തുമേനോൻ. ശാസ്ത്രവിജ്ഞാനം ഏതെങ്കിലുമൊരു ഭാഷയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടുന്ന ഒന്നല്ല, മറിച്ച് അത് മാതൃഭാഷയിലൂടെ ജനസാമാന്യത്തിന് ലഭ്യമാകണമെന്നാണ് ലേഖകൻ വാദിക്കുന്നത്.
ചന്തുമേനോൻ്റെ ഇംഗ്ലീഷിൻ്റെ പ്രത്യേകത:
നമ്മുടെ ഇംഗ്ലീഷ് ഭാഷാസ്നേഹികൾ പറയുന്ന ഒരെഴുത്തുകാരനും [ഷേക്സ്പിയർ, മിൽട്ടൺ, ഷെല്ലി, കീറ്റ്സ് മുതലായവർ ] ചന്തുമേനോൻ തൻ്റെ കൃതിയിൽ ഇടം നൽകിയില്ല. പകരം ചാൾസ് ബ്രാഡ്ലോ, ചാൾസ് ഡാർവിൻ, ഹക്സലി, ഹെർബർട്ട് സ്പെൻസർ തുടങ്ങിയവർക്കാണ് അദ്ദേഹം ഇടം നൽകിയത്. ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്നിടങ്ങളിൽ പ്രവേശനം കിട്ടാത്ത ഇവർ പതിനെട്ടാം നൂറ്റാണ്ടിനു ശേഷമുള്ള യൂറോപ്പിൻ്റെ ചിന്തയെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിരീശ്വരവാദം, പരിണാമവാദം തുടങ്ങിയ രംഗങ്ങളിലെ അനിസ്ഫുലിംഗങ്ങളാണിവരെന്ന് തായാട്ട് വ്യക്തമാക്കുന്നു.
യൂറോപ്പിലെ പള്ളിമതത്തിൻ്റെ യാഥാസ്ഥിതികത്വത്തിന് തീ കൊളുത്തിയവരാണിവർ.
പതിനെട്ടാമദ്ധ്യായം
‘ഇന്ദുലേഖ’യിലെ കഥയൊഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ് പതിനെട്ടാമദ്ധ്യായമെന്ന് ചില നിരൂപകർ ആക്ഷേപിക്കാറുണ്ടെങ്കിലും ചന്തുമേനോൻ്റെ വിപുലമായ ചിന്താലോകത്തെയാണ് അതു വെളിപ്പെടുത്തുന്നത്. ‘കഥാപ്രവാഹത്തെ പ്രതിരോധിക്കുന്ന ശിലാഖണ്ഡ’മെന്ന് എം.പി.പോൾ ആരോപിക്കുന്നു. പരിണാമവാദം, നിരീശ്വരത്വം, അന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നിവയെക്കുറിച്ച് അഗാധവും സുസൂക്ഷ്മവുമായുള്ള ചർച്ചയാണിവിടെ നടക്കുന്നത്. ഇന്ദുലേഖയും മാധവനും ഈ വിദ്യാലയത്തിലാണ് പഠിച്ചു പരിശീലനം നേടിയതെന്ന മുന്നറിവു നൽകുകയാണ് ഈ അദ്ധ്യായം. അതുകൊണ്ട് അവരോട് ഒന്നു കരുതിയറിഞ്ഞു പെരുമാറിയാൽ മതി. എന്താണ് ഇതുവഴി ചന്തുമേനോൻ ഉദ്ദേശിക്കുന്നത്? ടി.എസ് വ്യക്തമാക്കുന്നു: “ഇംഗ്ലീഷു പഠിക്കുക എന്നതുകൊണ്ട് താനുദ്ദേശിക്കുന്നത് ഇംഗ്ലീഷു സാഹിത്യം പഠിക്കുകയല്ലെന്നും യൂറോപ്പിലെ രണ്ടാം നവോത്ഥാനത്തിൻ്റെ ചിന്താലോകവുമായി സംവദിക്കുകയാണെന്നും ഗ്രന്ഥകർത്താവ് ഇതിലൂടെ വ്യക്തമാക്കുന്നു.” ഈ ചിന്താലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഉപാധി മാത്രമാണ് ഭാഷ.
മുതലാളിത്ത സാസ്കാരവും സാമൂഹികമാറ്റവും
ഇന്ത്യയിൽ മുതലാളിത്ത സംസ്കാരത്തിൻ്റെ മുളകൾ നാമ്പിടുന്നത് ചന്തുമേനോൻ മനസ്സിലാക്കി. മാധവൻ തൻ്റെ പ്രവാസത്തിൽ കൽക്കത്തയിലെത്തുന്നുണ്ട്. വ്യവസായയുഗത്തിൻ്റെ സംക്രമണം ആദ്യമായി നടക്കുന്നത് ബംഗാളിലാണ്. മുതലാളിത്ത സംസ്കാരത്തിൻ്റെ അങ്കുരവും അവിടെത്തന്നെ. കൽക്കത്തയിലെ ഏറ്റവും വലിയ വാണിജ്യകുടുംബത്തിൻ്റെ വസതിയിലെ സ്വീകരണമുറിയിൽ മാധവനെ എത്തിച്ചതു വെറുതെയല്ലെന്ന് തായാട്ട് നിരീക്ഷിക്കുന്നു.
വ്യവസായവിപ്ലവത്തിലൂടെയും മുതലാളിത്തം മുഖേനയും യൂറോപ്പിലുളവായ മൂല്യങ്ങളാണ് ചന്തുമേനോനെ സ്വാധീനിച്ചത്. കേരളത്തിൽ ആദ്യത്തെ ഫാക്ടറി കോഴിക്കോട്ടെ കോമൺ വെൽത്ത് നെയ്ത്തുകമ്പനിയാണ്. ഇന്ദുലേഖ രചിക്കുന്നതിന് രണ്ടുവർഷം മുമ്പുമാത്രം ആരംഭിച്ച ആ കമ്പനിക്ക് തൻ്റെ നോവലിൽ സ്ഥാനം നൽകി. കമ്പനിയിലെ ചക്രം തിരിയുന്നതും പുകവരുന്നതും മറ്റും മന്ത്രവാദം തന്നെയെന്ന് അന്നത്തെ ആൾക്കാർ ചിന്തിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. കേശവൻനമ്പൂതിരിയും ലക്ഷ്മിക്കുട്ടിയമ്മയും തമ്മിലുള്ള സംഭാഷണത്തിലാണ് ഈ കമ്പനി പരാമർശിക്കപ്പെടുന്നത്. ജന്മിത്വത്തിൽ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവർത്തനം ഇതിൽ കാണാം.
സ്ത്രീ സ്വാതന്ത്ര്യവും ഇന്ദുലേഖയും
ഇന്ദുലേഖ എഴുതാനുള്ള ഒരു കാരണമായി ചന്തുമേനോൻ പറയുന്നത് ഭാര്യയുടെ നിർബന്ധമാണ്. എന്നാൽ, രണ്ടാം അച്ചടിപ്പിൽ ഡബ്ല്യു. ഡ്യൂമർഗ്ഗ് സായിപ്പിനെഴുതിയ കത്തുകൂടി ചേർത്തിരിക്കുന്നു. തൻ്റെ നാട്ടിലെ സ്ത്രീജനങ്ങളുടെ സ്ഥാനവും പദവിയും മെച്ചപ്പെടുത്തുക എന്ന ഒരേയൊരു അഭിലാഷത്താൽ പ്രേരിതനായിട്ടാണ് ഇതെഴുതിയതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. അതിൽ മുഖ്യമായും സ്വന്തം ഭർത്താവിനെ തിരഞ്ഞെടുക്കുന്നതിലുള്ള അധികാരം എന്ന അർത്ഥമാണ് ലഭിക്കുന്നത്. ഇന്ദുലേഖ എന്ന കഥാപാത്രസൃഷ്ടിയിൽ കാണുന്ന വൈശിഷ്ട്യങ്ങൾ എന്തൊക്കെയാണ്?
ഫ്യൂഡൽ മതസംസ്കാരത്തിൻ്റെ പിടിയിൽ നിന്നും പൂർണ്ണമായും മുക്തി നേടിയ സ്ത്രീയാണ് ഇന്ദുലേഖ. വിവാഹം ഭൂമിയിൽ വെച്ചാണ് നടക്കുന്നതെന്നും തുല്യാധികാരമുള്ള സ്ത്രീപുരുഷന്മാർ തമ്മിൽ ഒപ്പം ജീവിക്കുന്നതിന് എത്തിച്ചേരുന്ന കരാറാണ് അതെന്നുമുള്ള ആശയത്തിൻ്റെ സൃഷ്ടിയാണവൾ.
സ്ത്രീയ്ക്ക് കൈവന്നിട്ടുള്ള തൻ്റേടത്തിൻ്റെ പ്രതീകമാണവൾ. ഒരു ഭദ്രകാളി സ്വഭാവവും പ്രകടമാക്കാത്തവളാണെങ്കിലും പഞ്ചുമേനോന് അവളെ ഭയവും സ്നേഹവുമാണ്, സൂരിനമ്പൂതിരിപ്പാടിനും ഭയമാണ്. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ദുലേഖ നേടിയെടുത്ത അവബോധമാണ് ഇതിനു കാരണം. അതിനാൽ മാധവനെ ശപ്പൻ [ചപലൻ] എന്നു വിളിക്കാനുള്ള തൻ്റേടവും നിർഭയതയും അവൾക്കുണ്ട്.
ഗുരുത്വവും ഫ്യൂഡൽ ചിന്തയും
ഫ്യൂഡലിസത്തിൻ്റെ അടിത്തറയായ ഗുരുത്വമെന്ന[വിധേയത്വം] സങ്കൽപ്പനത്തെ നിഷേധിക്കുകയാണ് മാധവൻ ചെയ്യുന്നത്. ഫ്യൂഡൽ സമുദായഘടനയാകെ പടുത്തുയർത്തിയിട്ടുള്ളത് ആ പദത്തിൻ്റെ മീതെയാണ്. അധികാരത്തെയും പ്രായത്തെയും സ്ഥാനത്തെയും മാനിക്കുകയെന്നതാണത്. ഈ ഗ്യരുത്വ സങ്കൽപ്പനം യഥാർത്ഥത്തിൽ സാമൂഹികമാറ്റത്തെയും പുരോഗമനത്തെയും നിഷേധിക്കലാണ്. അമ്മാവൻ്റെ [പഞ്ചുമേനോൻ] ന്യായമല്ലാത്ത ദേഷ്യത്തെ ഭയമില്ലെന്നാണ് മാധവൻ നിലപാടെടുക്കുന്നത്. മുൻ തലമുറയെ നിഷേധിച്ചു വളർന്ന മുതലാളിത്ത സംസ്കാരത്തെയാണ് മാധവൻ പ്രതിനിധീകരിക്കുന്നത്.
ബാക്കി:
പുതിയൊരു സംസ്കാരത്തിൻ്റെ അരങ്ങേറ്റത്തെ വിളിച്ചറിയിച്ച ശംഖനാദമാണ് ഇന്ദുലേഖ. അത് വെറുമൊരു ഇംഗ്ലീഷുഭാഷാ പ്രചരണ ഗ്രന്ഥമല്ല; മറിച്ച് ഫൂഡൽ ജീർണ്ണതകൾക്കെതിരെ ഉയർന്നുവന്ന ലിബറൽ മുതലാളിത്ത സംസ്കാരത്തിൻ്റെയും പുതിയ യുഗപ്പിറവിയുടെയും കാഹളമാണ്.

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ