വർണ്ണങ്ങളുടെ ശ്രുതിഭേദം

വര്‍ണ്ണങ്ങള്‍ക്ക്‌ ശ്രുതിഭേദം സംഭവിക്കാന്‍ കാരണമെന്ത്‌?

വര്‍ണ്ണങ്ങള്‍ക്ക്‌ എന്തുകൊണ്ടാണ്‌ വ്യത്യസ്‌തശബ്‌ദം അഥവാ ധ്വനി ഉണ്ടാകുന്നതെന്നതിനെ സംബന്ധിച്ച്‌ കേരളപാണിനിയായ ഏ.ആര്‍. രാജരാജവര്‍മ്മ തന്റേതായ വീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കേരളപാണിനീയത്തില്‍ വളരെ സമഗ്രമായി ഇതു വിവരിച്ചിട്ടുമുണ്ട്‌. വര്‍ണ്ണങ്ങള്‍ക്ക്‌ ശബ്‌ദം എങ്ങനെ ഉണ്ടാകുന്നു? അതിനു മുഖ്യമായ കാരണം നാം ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന നിശ്വാസവായുവാണ്‌. നിശ്വാസവായു പുറന്തള്ളപ്പെടുന്നതിനാലാണ് ശബ്ദമുണ്ടാകുന്നുവെന്നത്‌ ഒരു ഘടകം മാത്രം. മറ്റുചില ഘടകങ്ങളും ഒത്തുവരേണ്ടതുണ്ട്‌. വായയുടെ ഘടനയും വായയിലെ മുഖ്യാവയവമായ നാവും ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ശ്വാസകോശത്തില്‍ നിന്നും പുറത്തുവരുന്ന വായുവിനെ എവിടെയൊക്കെ തടഞ്ഞുവിടാം, എങ്ങനെയൊക്കെ പരുവപ്പെടുത്താം എന്നതിനെ ആശ്രയിച്ചാണ്‌ ശബ്‌ദഭേദങ്ങള്‍-ശ്രുതിഭേദങ്ങള്‍ രൂപപ്പെടുന്നത്‌. മലയാളഅക്ഷരമാലയിലെ വ്യത്യസ്‌തവര്‍ണ്ണങ്ങള്‍ക്ക്‌ വ്യത്യസ്‌തധ്വനികള്‍ ഉണ്ടാകുന്നതെന്തുകൊണ്ട്‌ എന്ന വിഷയത്തെക്കുറിച്ചാണ്‌ ഏ.ആര്‍. നിരൂപിച്ചത്. ശ്വാസകോശത്തില്‍ നിന്നും ഏതു വഴി മുഖേനയാണ്‌ വായു പുറത്തേക്കു വരുന്നത്‌?

ശ്വാസകോശം-തൊണ്ട(കഴുത്ത്‌)-അണ്ണാക്ക്‌-വായയിലെ വിവിധസ്ഥാനങ്ങള്‍-ചുണ്ടുവഴി പുറത്തേക്ക്‌. ചില സന്ദര്‍ഭങ്ങളില്‍ മൂക്കില്‍ കൂടിയും ശ്വാസം പുറത്തേക്കുവരാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലൊക്കെ വര്‍ണ്ണങ്ങള്‍ക്ക്‌ വ്യത്യസ്‌തമായ ധ്വനി-ശബ്‌ദം-ഉണ്ടാകുന്നുവെന്ന്‌ ഏ.ആര്‍.സമര്‍ത്ഥിക്കുന്നു.

അപ്പോള്‍, നിശ്വാസവായുവിനെ വായയുടെ വിവിധസ്ഥാനങ്ങളില്‍ നാവു മുഖേനയോ മറ്റോ തടഞ്ഞോ തടയാതെയോ പുറത്തുവിടുമ്പോഴാണ്‌ പലമാതിരി ധ്വനികള്‍ സംഭവിക്കുന്നത്‌. അഞ്ചുകാരണങ്ങള്‍ ഇതിനുണ്ടെന്നു പറയുന്ന ഏ.ആര്‍.പക്ഷേ, ആറു കാരണങ്ങള്‍ നിരത്തുന്നു:

1. അനുപ്രദാനം

2. കരണവിഭ്രമം

3. സംസര്‍ഗ്ഗം

4. മാര്‍ഗ്ഗഭേദം

5. സ്ഥാനഭേദം

6. പരിമാണം

1.അനുപ്രദാനം:

വര്‍ണ്ണങ്ങള്‍ക്ക്‌ വ്യത്യസ്‌തശ്രുതി സംഭവിക്കുന്നതിനുള്ള ഒരു കാരണമാണ്‌ അനുപ്രദാനം. എന്താണ്‌ അനുപ്രദാനം? ശ്വാസത്തെ പുറന്തള്ളുന്നതിന്റെ മാതിരിഭേദത്തെയാണ്‌ അനുപ്രദാനമെന്നു വിളിക്കുന്നത്‌. നാക്കിന്‌ അഞ്ചു മുഖ്യഭാഗങ്ങളുണ്ട്‌. അഗ്രം(നാക്കിന്റെ അറ്റം), ഉപാഗ്രം(അറ്റത്തോടുചേര്‍ന്ന ഭാഗം), മദ്ധ്യം, മൂലം (നാക്ക് പുറപ്പെടുന്ന ഇടം), വശങ്ങള്‍ എന്നിവയാണവ. നാക്കിന്റെ മേല്‌പറഞ്ഞ ഏതെങ്കിലും ഭാഗം കൊണ്ട്‌ വായുവിനെ കണ്‌ഠം മുതലായ സ്ഥാനങ്ങളില്‍ തട്ടിത്തടഞ്ഞോ

തടയാതെയോ വിടാം. തടയുന്നതുതന്നെ പാതിയായോ അല്‌പമായോ ആകാം. ഇപ്രകാരം അനുപ്രദാനം നാലുവിധം:

1. അസ്‌പൃഷ്‌ടം

 2. സ്‌പൃഷ്‌ടം

 3.ഈഷല്‍സ്‌പൃഷ്‌ടം 

4. നേമസ്‌പൃഷ്‌ടം.

നിശ്വാസവായുവിനെ തടയാതെ പുറത്തേക്കുവിട്ടാല്‍ ഉണ്ടാകുന്ന ശബ്‌ദങ്ങളെ അസ്‌പൃഷ്‌ടം എന്നുവിളിക്കുന്നു. സ്വരാക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ വായുവിന്റെ പുറത്തേക്കുളള വരവിനു തടസ്സമുണ്ടാകുന്നില്ല. അതിനാല്‍ സ്വരാക്ഷരങ്ങള്‍ അസ്‌പൃഷ്‌ടങ്ങളാണ്‌. മുഴുവന്‍ തടഞ്ഞു ശ്വാസം പുറത്തേക്കു വിട്ടാല്‍ സ്‌പൃഷ്‌ടം. വര്‍ഗ്ഗാക്ഷരങ്ങള്‍(ക വര്‍ഗ്ഗം, ച വര്‍ഗ്ഗം എന്നിങ്ങനെയുള്ളവ) ഉച്ചരിക്കുമ്പോള്‍ വായു പൂര്‍ണ്ണമായും തടഞ്ഞുനിര്‍ത്തി വിടുകയാണ്‌. അതിനാലവ സ്‌പൃഷ്‌ടമാണ്‌.

നാക്കിനാല്‍ വായുവിനെ അല്‌പം തടഞ്ഞാല്‍ ഈഷല്‍സ്‌പൃഷ്‌ടം. ‘യ,ര,ല,വ,ള,ഴ,റ' എന്നീ മദ്ധ്യമവര്‍ണ്ണങ്ങള്‍ ഈഷല്‍സ്‌പൃഷ്‌ടമാണ്‌. വായുവിനെ പകുതി തടഞ്ഞു പുറത്തുവിടുന്നതാണ്‌ നേമസ്‌പൃഷ്‌ടം. ഊഷ്‌മാക്കളെന്ന്‌ വിളിക്കപ്പെടുന്ന ശ,ഷ,സ എന്നീ വര്‍ണ്ണങ്ങളും, ഘോഷി എന്നു വിളിക്കപ്പെടുന്ന `ഹ'എന്ന വര്‍ണ്ണവും നേമസ്‌പൃഷ്‌ടമാണ്‌.

2. കരണവിഭ്രമം (ബാഹ്യപ്രയത്‌നം)

കരണമെന്നാല്‍ ഉപകാരപ്പെടുന്ന അവയവം എന്നര്‍ത്ഥം. കരണവിഭ്രമമെന്നാല്‍ ഉപകരിക്കുന്ന അവയവത്താലുള്ള ചേഷ്‌ടാവിശേഷം എന്നും അര്‍ത്ഥം പറയാം. ധ്വനി പുറപ്പെടുവിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന വായയിലെ ഉപകരണം എന്താണ്‌? അതു നാവാണ്‌. നാവിനാല്‍ കണ്‌ഠസുഷിരം (കണ്‌ഠരന്ധ്രം)അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്‌ കരണവിഭ്രമം. കണ്‌ഠരന്ധ്രം തുറന്നുച്ചരിച്ചാല്‍ ഉണ്ടാകുന്ന വര്‍ണ്ണങ്ങള്‍ ശ്വാസികള്‍ എന്നറിയപ്പെടുന്നു. അടച്ചുച്ചരിച്ചാല്‍ ഉണ്ടാകുന്ന വര്‍ണ്ണങ്ങള്‍ നാദികള്‍ എന്നും അറിയപ്പെടുന്നു.

വര്‍ണ്ണങ്ങള്‍ക്ക്‌ വ്യത്യസ്‌ത കാരണങ്ങളാല്‍ ശ്രുതിഭേദമുണ്ടാകാം, അഥവാ ഉച്ചാരണവ്യത്യാസമുണ്ടാകാം എന്നു സ്ഥാപിക്കുകയാണ്‌ കേരളപാണിനി(ഏ.ആര്‍.). ഖരം, അതിഖരം, ഊഷ്‌മാക്കള്‍ എന്നിവ ശ്വാസികളാകുന്നു. മൃദു, ഘോഷം, അനുനാസികം, മദ്ധ്യമങ്ങള്‍ എന്നിവ നാദികളാകുന്നു. `ഹ' എന്ന വര്‍ണ്ണത്തിന്‌ ശ്വാസിയും നാദിയും കലര്‍ന്ന ധ്വനിയാണുള്ളത്‌. ഈ വാദങ്ങളെ ഖണ്‌ഡിച്ചുകൊണ്ടുള്ള മറുവാദങ്ങളുമുണ്ട്‌.

3.സംസര്‍ഗ്ഗം

സംസര്‍ഗ്ഗം എന്ന പദത്തിന്‌ സഹവാസം, കൂട്ട്‌ എന്നിങ്ങനെ അര്‍ത്ഥം. ഒരു ധ്വനിയില്‍ മറ്റൊരു ധ്വനി അരഞ്ഞുചേരുന്നതാണ്‌ സംസര്‍ഗ്ഗം. അതായത്‌, ഒരു ധ്വനിയുടെ കൂടെ മറ്റൊരു ധ്വനി സഹവസിക്കുന്നതുതന്നെ. രണ്ടുവര്‍ണ്ണങ്ങളെ വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത മട്ടില്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്നു. ഇതിനുപയോഗിക്കുന്ന വര്‍ണ്ണം ഘോഷി (`ഹ' എന്ന വര്‍ണ്ണം)യാണ്‌.

ഇതിനു  'ഹ കാരം' എന്നും പറയും.

`ഹ'കാരം അഥവാ, ഹ എന്ന വര്‍ണ്ണം ഖരാക്ഷരങ്ങളായ ക,ച,ട,ത,പ എന്നിവയുടെ കൂടെ ചേരുമ്പോള്‍ യഥാക്രമം 'ഖ,ഛ,ഠ,ഥ,ഫ' എന്നീ വര്‍ണ്ണങ്ങളുണ്ടാകുന്നു. മൃദുവര്‍ണ്ണങ്ങളായ 'ഗ,ജ,ഡ,ദ,ബ' എന്നിവയോടു ഘോഷി ചേരുമ്പോള്‍ 'ഘ,ഝ,ഢ,ധ,ഭ' എന്നീ ഘോഷവര്‍ണ്ണങ്ങളുണ്ടാകുന്നു.

ഉദാ- ക്‌+ഹ= ഖ. ഗ്‌+ഹ=ഘ.

4.മാര്‍ഗ്ഗഭേദം

നിശ്വാസവായുവിനെ പുറത്തേക്കുവിടുന്നത്‌ വായവഴിയോ നാസിക(മൂക്ക്) വഴിയോ ആകാം. കണ്‌ഠസുഷിരം ചുരുക്കി വായുവിനെ നാസികയില്‍ക്കൂടി(മൂക്കില്‍) കടത്തിവിട്ടാല്‍ വര്‍ണ്ണങ്ങള്‍ക്ക്‌ അനുനാസികധ്വനി വരും.

അതായത്‌, മൂക്കില്‍ക്കൂടി നിശ്വാസവായു പുറത്തേക്കുവന്നാല്‍ അനുനാസികവര്‍ണ്ണങ്ങളായ 'ങ,ഞ,ണ,ന,മ' എന്നിവ ഉണ്ടാകും. വായയിലൂടെയാണ്‌ ശ്വാസം പുറത്തേക്കുവരുന്നതെങ്കില്‍ ശുദ്ധവര്‍ണ്ണങ്ങളുമുണ്ടാകും. നിശ്വാസവായു പുറത്തേക്കുവരുന്ന മാര്‍ഗ്ഗഭേദം കാരണമാണ്‌ അനുനാസികം, അനനുനാസികം(അനുനാസികമല്ലാത്തത്‌) എന്നീ വര്‍ണ്ണങ്ങളും അവയ്‌ക്കനുസൃതമായ ധ്വനിയും ഉണ്ടാകുന്നത്‌.

5.സ്ഥാനഭേദം

വര്‍ണ്ണങ്ങള്‍ ഉച്ചരിക്കുന്ന സന്ദര്‍ഭത്തില്‍ നിശ്വാസവായുവിനെ നാക്കിന്റെ അഗ്രം, ഉപാഗ്രം,മദ്ധ്യം, മൂലം, പാര്‍ശ്വം എന്നീ ഭാഗങ്ങള്‍കൊണ്ട്‌ വായക്കുള്ളിലെ ചില സ്ഥാനങ്ങളില്‍ തടഞ്ഞാണ്‌ വിടുന്നത്‌. ഉള്ളില്‍നിന്നു പുറത്തേക്ക്‌ എന്ന ക്രമത്തില്‍ വായക്കുള്ളില്‍ കണ്‌ഠം, താലു(അണ്ണാക്ക്‌), മൂര്‍ദ്ധാവ്‌, ദന്തം(പല്ല്‌), മേല്‍വരിയിലെ ഊന്‌ (വര്‍ത്സ്യം), ഓഷ്‌ഠം(ചുണ്ട്‌) എന്നിവയാകുന്നു ആ സ്ഥാനങ്ങള്‍. കണ്‌ഠത്തില്‍ തടഞ്ഞു പുറത്തുവിടുമ്പോള്‍ കണ്‌ഠ്യാക്ഷരങ്ങളും, താലുവില്‍ തടഞ്ഞു പുറത്തുവിടുമ്പോള്‍ താലവ്യങ്ങളും ഉണ്ടാകുന്നു. ഏതേതു സ്ഥാനങ്ങളില്‍ തടയുന്നുവോ അതിനനുസരിച്ചാണ്‌ വര്‍ണ്ണങ്ങളെ തരംതിരിച്ചിരിക്കുന്നത്‌.

അ’ എന്ന സ്വരവും കവര്‍ഗ്ഗവും കണ്‌ഠ്യാക്ഷരങ്ങളാണ്‌.

‘ഇ’ എന്ന സ്വരവും ചവര്‍ഗ്ഗവും ‘യ,ശ’ എന്നിവയും താലവ്യങ്ങളാകുന്നു.

‘ഋ’, ടവര്‍ഗ്ഗം, ‘ര, ഷ, ള, ഴ’ എന്നിവ മൂര്‍ദ്ധന്യം.

തവര്‍ഗ്ഗം, ‘ല,സ’ എന്നിവ ദന്ത്യം.

‘ഉ’, പവര്‍ഗ്ഗം, ‘വ’ എന്നിവ ഓഷ്‌ഠ്യം.

‘ഏ, ഐ’ എന്നിവ കണ്‌ഠ്യതാലവ്യം.

‘ഓ, ഔ’ എന്നിവ കണ്‌ഠ്യോഷ്‌ഠ്യം.

ഈ നിലയ്‌ക്കാണ്‌ ഏ.ആര്‍. വര്‍ണ്ണങ്ങളെ സ്‌ഥാനഭേദത്തിനനുസരിച്ചു പട്ടികപ്പെടുത്തിയിരിക്കുന്നത്‌. ഭാഷയില്‍ ഇന്നുനടപ്പില്ലാത്ത ചില അക്ഷരങ്ങളെ വര്‍ത്സ്യമായും പരിഗണിച്ചിരിക്കുന്നു.

6.പരിമാണം:

പരിമാണം എന്നാല്‍ അളവ്‌, മാത്ര എന്നര്‍ത്ഥം. ശ്വാസം പുറത്തേക്കു വിടുന്ന അളവ്‌. ഒരു മാത്രകൊണ്ട്‌ ഉച്ചരിക്കുന്ന വര്‍ണ്ണത്തെ ഹ്രസ്വം എന്നു വിളിക്കാം. രണ്ടോ അതിലധികമോ മാത്രയെടുത്തുച്ചരിക്കേണ്ടുന്ന വര്‍ണ്ണങ്ങള്‍ ദീര്‍ഘം. ഇപ്രകാരം വര്‍ണ്ണങ്ങള്‍ക്കു പലമാതിരി ശ്രുതിഭേദം വരുന്ന സാഹചര്യങ്ങളെ അടിസ്‌ഥാനമാക്കി ഏ.ആര്‍. അവയെ തരംതിരിക്കുകകൂടി ചെയ്‌തിരിക്കുന്നു. മലയാള അക്ഷരങ്ങളെ സംബന്ധിച്ച്‌ പലവിധ ആധികാരിക പഠനങ്ങള്‍ക്കും ഈ പഠനം മാതൃകയായി. പില്ക്കാലവ്യാകരണ കൃതികളിൽ വർണ്ണങ്ങളുടെ സ്വനസ്ഥാനം നിശ്ചയിക്കുന്നതിൻ്റെ അടിസ്ഥാനമാനദണ്ഡം ഏ.ആറിൻ്റെ ഈ വിശകലനമാണ്.  



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ