ജാതിചികിത്സാസംഗ്രഹം: സഹോദരൻ അയ്യപ്പൻ

 ജാതിചികിത്സാസംഗ്രഹം- സഹോദരന്‍ അയ്യപ്പന്‍

വളരെ വ്യക്തവും സുതാര്യവുമായ സമീപനമാണ്‌ ജാതിയെ സംബന്ധിച്ചു സഹോദരന്‍ അയ്യപ്പനുണ്ടായിരുന്നത്‌. നാരായണഗുരുവിന്റെ ആശയങ്ങളെ കാലികമായി പരിഷ്‌കരിക്കാന്‍ ശ്രമിച്ച സാമൂഹിക പരിഷ്കർത്താവാണ് സഹോദരന്‍ അയ്യപ്പന്‍. സമത്വചിന്താഗതിയും സാഹോദര്യത്തിൻ്റെ പ്രാധാന്യവും ഉൾക്കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ജാതിഭേദങ്ങള്‍ ഉളവാക്കുന്ന സംഘര്‍ഷം തീവ്രതരമാണെന്നും ഇത്‌ ഉച്ചാടനം ചെയ്യാതെ സമൂഹം പുരോഗതിയിയിലേക്കു പോകില്ലെന്നും സഹോദരൻ അയ്യപ്പൻ മനസ്സിലാക്കി. ശ്രീനാരായണധര്‍മ്മത്തിന്റെ രാഷ്‌ട്രീയത്തെ മത-ജാതിനിരാസത്തിലേക്കു പരിവര്‍ത്തിപ്പിക്കുകയായിരുന്നു അദ്ദേഹം. `ജാതിനിര്‍ണ്ണയം'(1914) എന്ന കവിതയെ നാരായണഗുരുവിന്റെ മാനവികതാവിളംബരമായി കാണാവുന്നതാണ്. 

"മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ.'' പശുക്കള്‍ക്കു പശുത്വമാണ്‌ ജാതി. മനുഷ്യന്‌ മനുഷ്യത്വമാണ്‌ ജാതി. ഇപ്രകാരം വീക്ഷിക്കുമ്പോള്‍ ബ്രാഹ്മണന്‍ തുടങ്ങിയവ ജാതിയല്ല, എന്നാല്‍ ഈ തത്വം ആരും അറിയുന്നില്ലല്ലോ എന്നിങ്ങനെ ജാതിയുടെ നിരര്‍ത്ഥകതയിലേക്കു വിരല്‍ചൂണ്ടുന്ന വരികള്‍ നാരായണഗുരുതന്നെ എഴുതിയിട്ടുണ്ട്‌. ഇത്തരം ആശയങ്ങള്‍ സഹോദരന്‍ അയ്യപ്പനു പ്രചോദനമായെന്നും മാർഗ്ഗദർശിയായെന്നും വിശ്വസിക്കാം.

അതില്‍ത്തന്നെ,

 "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌,

ഒരു യോനിയൊരാകാരം ഒരുഭേദവുമില്ലതില്‍, 

ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി, 

നരജാതിയിതോര്‍ക്കുമ്പോളൊരു  ജാതിയിലുള്ളതാം'' 

എന്നിങ്ങനെ ജാതിഭേദത്തിലല്ല കാര്യം, മനുഷ്യനാകുകയെന്നതിലാണെന്ന്‌ ഗുരു വ്യക്തമാക്കി. ഗുരു പറയാതെ പറഞ്ഞതിന്റെ പ്രത്യക്ഷീകരണമാണ്‌ സഹോദരന്‍ അയ്യപ്പന്‍ നിര്‍വഹിച്ചത്‌. ഗുരുദര്‍ശനങ്ങള്‍ മാത്രമല്ല, ലോകരാഷ്‌ട്രീയ സാമൂഹിക മാറ്റങ്ങളെല്ലാം സസൂക്ഷ്‌മം നിരീക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു സഹോദരന്‍ അയ്യപ്പന്‍. ലോകം വലിയ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാവുകയാണ്‌. സോഷ്യലിസ്റ്റുവിപ്ലവം നടന്നിരിക്കുന്നു.

ഇവിടെയാണെങ്കില്‍ തീണ്ടലും തൊടീലും. ഇതവസാനിപ്പിക്കാന്‍ അദ്ദേഹം ബദ്ധപ്പെട്ടു. മിശ്രഭോജനപ്രസ്ഥാനവും ജാതിരാക്ഷസദഹനവും സമൂഹത്തിലെ ജാതിഭിന്നിപ്പുകള്‍ക്കെതിരായ പ്രതിഷേധമായിരുന്നു. `ധര്‍മ്മം' എന്ന കവിതയില്‍ ജാതിയും മതവും ദൈവവുമല്ല മനുഷ്യന്‌ വേണ്ടത്‌, വേണ്ടത്‌ ധര്‍മ്മമാണെന്ന്‌ അദ്ദേഹം നിലപാടു വ്യക്തമാക്കി. സ്‌നേഹം തന്നെയാണ്‌ ധര്‍മ്മം എന്ന്‌ `ധര്‍മ്മഗാനം' എന്ന കവിതയില്‍ സ്‌പഷ്‌ടമാക്കി. യുക്തിചിന്തയിലധിഷ്‌ഠിതമായ ലോകവീക്ഷണത്താല്‍ മലയാളികളെ ആകര്‍ഷിച്ച സഹോദരന്‍ അയ്യപ്പന്റെ മികച്ച ഒരു കവിതയാണ്‌`ജാതിചികിത്സാ സംഗ്രഹം.' ജാതിസംവിധാനത്തോടുള്ള എതിര്‍പ്പ്‌ ഈ കവിതയിലും അദ്ദേഹം സ്ഥാപിക്കുന്നു. ജാതിയിലുള്ള വിശ്വാസത്തെ വേരോടെ പിഴുതെറിയുകയാണു വേണ്ടത്‌. അതിനുള്ള മാര്‍ഗ്ഗമാരായുകയാണ്‌ ഈ കവിതയില്‍. മനസ്സില്‍ ആഴത്തില്‍ വേരുപിടിച്ച ജാതിചിന്ത മീതെയുള്ള ചികിത്സകൊണ്ടുമാത്രം പെട്ടെന്നു മാറ്റാനാകില്ല. ആന്തരചികിത്സയിലൂടെ മാത്രമേ ജാതിചിന്തയില്‍ നിന്നകറ്റാനാകൂ. ജാതിയിലുള്ള വിശ്വാസം പാടേ മാറ്റുകയെന്നതാണ്‌ പ്രഥമമായി ചെയ്യേണ്ടത്‌.

ജാതിരോഗം ഇല്ലാതാക്കാന്‍ രണ്ടുവിധം ചികിത്സയാണുള്ളതെന്നു പറഞ്ഞുകൊണ്ടാണ്‌ കവിതയാരംഭിക്കുന്നത്‌. ഒന്ന്‌ പുറത്ത്‌ ഔഷധം പുരട്ടി ചികിത്സയാണ്‌. മറ്റേത്‌ ആത്മാവിനെ നന്നാക്കലാണ്‌. ജാതിക്കാര്യത്തിലും മുറിവൈദ്യം പ്രയോഗിക്കുന്നവരുണ്ട്‌. തങ്ങളുടെ തല്‌ക്കാല രാഷ്‌ട്രീയാവശ്യങ്ങള്‍ക്കു മാത്രമായി ജാതിവിരുദ്ധത അവര്‍ പറയും. അതിനായുള്ള ആശയങ്ങള്‍ ഔഷധങ്ങളെന്ന നിലയില്‍ പ്രചരിപ്പിക്കും. ഈ തന്ത്രം കൊണ്ട്‌ പുറമേയുള്ള ജാതിരോഗം അപ്രത്യക്ഷമായെന്നുവരാം. എന്നലതു പൂര്‍ണ്ണമായും തിരോഭവിക്കില്ല. അത്‌ അകത്തു(മനസ്സില്‍) കുടിയിരുന്നുകൊണ്ട്‌ പലതരം ചീത്തപ്രവണതകളും പ്രകടിപ്പിക്കും. കലമഹിമ വിളമ്പുക, വീമ്പടിക്കുക, മറ്റൊരുവനോടു കുശുമ്പു പ്രകടിപ്പിക്കുക, ദേശത്തെക്കുറിച്ചും മറ്റും നിരര്‍ത്ഥക സംസാരം മുതലായവ ഉള്ളിലേക്ക്‌ വലിഞ്ഞിരിക്കുന്ന ജാതിലക്ഷണങ്ങളത്രെ. അങ്ങനെയുള്ളവരാണ്‌ വാതോരാതെ വര്‍ഗ്ഗീയം പറഞ്ഞ്‌ ഉന്നതരായി ഞെളിഞ്ഞിവിടെ നടക്കുന്നത്‌. ജാതി ഇല്ലാതാക്കാന്‍ ശ്രമിക്കാതെ ജാതീയതയെ പഴിക്കുന്നവര്‍ തീ കെടുത്താതെ ചൂടാറ്റാന്‍ മിനക്കെടുന്ന ബുദ്ധിശൂന്യര്‍ക്കു സമാനമാണ്‌. ജാതിനിവാരണം ചെയ്യണമെങ്കില്‍, പുറത്തും ഉള്ളിലും സ്പർദ്ധയില്ലാതാകണമെങ്കില്‍ ഉള്ളില്‍ നിന്നു തന്നെ ജാതിചിന്തയില്ലാതാകണം. ജാതി സത്യമാണ്‌, ധര്‍മ്മമാണ്‌, അതു ലംഘിച്ചാല്‍ പാപമാണ്‌, ജാതിഭ്രഷ്‌ട്‌ അപമാനകരമാണ്‌ എന്നിങ്ങനെ ജാതീയതയെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകളും മൂഢവിശ്വാസങ്ങളും വെച്ചുപുലര്‍ത്തുന്നവരുണ്ട്‌. ജാതിയെ സംബന്ധിച്ച വിശ്വാസം അകലുമ്പോള്‍ നാം ആദ്യമായി മനുഷ്യനെ കാണുകയും നമ്മള്‍ ആരോഗ്യമുള്ളവരായിത്തീരുകയും ചെയ്യുന്നു. ജാതി നോക്കാതെ നരന്റെ ഗുണദോഷങ്ങള്‍ കാണുന്നവരാണ്‌ ജാതിരഹിതരായവര്‍-ജാതിചിന്തയില്ലാത്തവര്‍. ബുദ്ധിയെത്ര വളര്‍ന്നാവും വിദ്യാഭ്യാസമെത്ര നേടിയാലും ജാതിചിന്ത പോകാതെ, ആ ചിന്തയകലാതെ ബുദ്ധിയും വിദ്യാഭ്യാസവും അതുമുഖേനയുള്ള പുരോഗമനവും കൈവരിക്കാനാകില്ല. ജാതിചികിത്സാസംഗ്രഹം എന്ന കവിതയിലൂടെ വളരെ വ്യക്തമായ സന്ദേശമാണ്‌ സമൂഹത്തിനു സഹോദരന്‍ അയ്യപ്പന്‍ നല്‌കുന്നത്‌. മനുഷ്യനാകണമെങ്കില്‍ ജാതിചിന്തയില്‍ നിന്നും വ്യക്തി വിമോചിതനാകണം.

സഹോദരന്‍ അയ്യപ്പന്‍ മുന്നോട്ടുവെച്ച ജാതിവിരുദ്ധചിന്തകളെ അതിന്റെ യഥാര്‍ത്ഥസ്വത്വത്തിലും അര്‍ത്ഥത്തിലും ഏറ്റെടുത്തു മുന്നോട്ടുപോകാന്‍ സംസ്‌കാരകേരളം പില്‌ക്കാലത്തു തയ്യാറായില്ലെന്നതാണ്‌ വസ്‌തുത. യുക്തിവാദത്തിൻ്റെ മഹിമയാണ് സഹോദരൻ അയ്യപ്പൻ സ്ഥാപിക്കുന്നത്. ശാസ്ത്രബോധവും യുക്ത്യധിഷ്ഠിതമായ സമീപനവുമാണ് മാനവികതയ്ക്ക് അടിത്തറ പാകുന്നത്. അയിത്തവും മതബോധവും വ്യക്തികളെ ഒറ്റപ്പെടുത്തുകയും പുരോഗതി തടയുകയും ചെയ്യുന്നതിനാൽ സമൂഹം അവ കയ്യൊഴിയുന്നതിനാണ് താൽപ്പര്യം പ്രകടിപ്പിക്കേണ്ടത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ