മുഹമ്മദ് അബ്ദുറഹ്മാൻ: ഇടശ്ശേരി

ഇടശ്ശേരിയുടെ മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍


സാമ്പ്രദായികരീതികളെ കൈവെടിഞ്ഞുകൊണ്ട്‌ സമൂഹത്തിനായി പ്രവര്‍ത്തിക്കുകയും വിദേശാധിപത്യത്തെ നിരാകരിച്ചുകൊണ്ട്‌ ദേശീയബോധാധിഷ്‌ഠിതനായി ഇറങ്ങിത്തിരിക്കുകയും ചെയ്‌ത മുഹമ്മദ്‌ അബ്‌ദുറഹ്മാനെന്ന ഇച്ഛാശക്തിയുടെ അപൂര്‍വവരദാനത്തെ ആത്മാഭിമാനത്തോടെ പരിചയപ്പെടുത്തുന്ന കവിതയാണ്‌ ഇടശ്ശേരിയുടെ മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍. ഇടശ്ശേരിയുടെ കാവ്യഭാഷയുടെ സവിശേഷത അതില്‍ ആവാഹിച്ചിരിക്കുന്ന കരുത്തും പദസമ്പത്തിന്റെ ഗ്രാമീണവശ്യതയുമാണ്‌. മാപ്പിളപ്പാട്ടിന്റെ ഈണം കൂടിയായാലോ? അതുദാത്തമായി. ജനിച്ചതു മുസ്ലീമായിട്ടാണെങ്കില്‍ കൂടിയും സാമുദായികവികാരമോ ചിന്തയോ പൊതുകാര്യങ്ങളിലും രാഷ്‌ട്രീയസാമൂഹ്യ വിഷയങ്ങളിലും പ്രകടിപ്പിക്കാതെ, ദേശീയസമരപ്രസ്ഥാനത്തിന്റെ ഇന്ധനമായി പ്രവര്‍ത്തിച്ച ഈ നേതാവിനുള്ള സമുചിതമായ ആദരസമര്‍പ്പണമാണ്‌ പ്രസ്‌തുതകവിത. തന്റെ ആദര്‍ശങ്ങളില്‍ അബ്‌ദുറഹ്മാന്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറായിരുന്നില്ല. 1898 ലായിരുന്നു ജനനം. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ചാണ്‌ പഠനം പൂര്‍ത്തിയാക്കാതെ രാഷ്‌ട്രീയകര്‍മ്മരംഗത്തേക്ക്‌ അദ്ദേഹം ഇറങ്ങിയത്‌. 1921 ല്‍ മലബാര്‍കലാപം പൊട്ടിപ്പുറപ്പെട്ട സന്ദര്‍ഭത്തില്‍ മലബാറില്‍ സജീവമായ ഖിലാഫത്തു കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അബ്‌ദുറഹ്മാന്‍ ബ്രിട്ടീഷുഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കു വിധേയരായ പാവപ്പെട്ട മാപ്പിളമാരെ പുനരധിവസിപ്പിക്കുന്നതിനു ശ്രമിച്ചു. വാഗണ്‍ട്രാജഡിയെന്ന പേരില്‍ കുപ്രസിദ്ധമായ, ലഹളയില്‍ പങ്കെടുത്തവരെ കുത്തിനിറച്ച്‌, കോയമ്പത്തൂരേക്കോടിച്ച വാഗണില്‍ തടവുകാര്‍ ശ്വാസംമുട്ടിമരിച്ച ദുരന്തം മാപ്പിളലഹളയില്‍ പങ്കെടുത്ത സമരഭടന്മാര്‍ നേരിട്ടതും ഇക്കാലത്താണ്‌. കലാപകാരികളെന്ന്‌ ആരോപിച്ച്‌ മുസ്ലീങ്ങളെ ആന്‍ഡമാന്‍ ദ്വീപുകളിലേക്കു നാടുകടത്തുന്ന സമീപനം ബ്രിട്ടീഷുഭരണകൂടം സ്വീകരിച്ചപ്പോള്‍ അതിനെതിരെയും ചെറുത്തുനില്‌പു നടത്തി, അദ്ദേഹം. ഹിന്ദുമുസ്ലീം ഐക്യത്തിനുവേണ്ടി ശബ്‌ദിക്കുന്നതോടൊപ്പം കുടിയാന്‍പ്രക്ഷോഭത്തെയും ദേശീയപ്രക്ഷോഭത്തെയും കൂട്ടിയിണക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. ദുരിതാശ്വാസത്തിനും സമാധാനത്തിനും വേണ്ടിയുള്ള യജ്ഞങ്ങളില്‍ മുഴുകി. `ഹിന്ദു'വില്‍ ബ്രിട്ടീഷ്‌ രാജിനെതിരെ ലേഖനം എഴുതിയതിന്റെ പേരില്‍ രണ്ടുവര്‍ഷം തടവിലടയ്‌ക്കപ്പെട്ടു. 1924 ല്‍ അദ്ദേഹം അല്‍-അമീന്‍ പത്രം ആരംഭിച്ചു. 1930 ഓടെ അതു ദിനപ്പത്രമായി പ്രസിദ്ധീകരണം തുടര്‍ന്നു. പാക്കിസ്ഥാന്‍വാദത്തെയും മുസ്ലീംലീഗിന്റെ നയസമീപനങ്ങളെ എതിര്‍ത്തു സംസാരിക്കുകയും ദേശീയവാദികള്‍ക്ക്‌ കൂടുതല്‍ കരുത്തുപകരുകയും ചെയ്‌തു. 1945 ല്‍ അദ്ദേഹം അന്തരിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായുളള സമരപരിപാടികളിലൊക്കെ നേതൃപരമായ സജീവമായ പങ്കാളിത്തം അദ്ദേഹത്തില്‍ നിന്നു ലഭിച്ചു. എന്നിരുന്നാലും ആ മഹാത്മാവിന്റെ വീക്ഷണം ഉള്‍ക്കൊള്ളാനും കര്‍മ്മപന്ഥാവിന്റെ പുണ്യം തിരിച്ചറിയാനും സാന്നിദ്ധ്യത്തിന്റെ ആവേശം മനസ്സിലാക്കാനും പൂര്‍ണ്ണമായും സാധിക്കാഞ്ഞത്‌ കേരളത്തില്‍ തിരിച്ചടിയായി. പൂര്‍ണ്ണമായും സാധുജനതയ്‌ക്കുവേണ്ടി സമര്‍പ്പിച്ച, കറകളഞ്ഞ ആ രാജ്യസ്‌നേഹിയെ ഉള്‍ക്കൊണ്ട്‌, ആ ജീവിതത്തെ വരികളില്‍ പകരുകയാണ്‌ മഹാകവിയായ ഇടശ്ശേരി.

സാധാരണക്കാരുടെ നേതാവായ മുഹമ്മദ്‌ അബ്‌ദുറഹ്മാനെ ബഹുമാനാദരങ്ങളോടെ കാണുകയും അദ്ദേഹത്തിന്റെ ത്യാഗോജ്‌ജ്വലമായ ജീവിതത്തെ സമുചിതമായ വാങ്‌മയചിത്രങ്ങളാല്‍ ഹാരമണിയിക്കുകയും ചെയ്യുകയാണ്‌ കവി. കവിത ആരംഭിക്കുന്നതു തന്നെ,``സ്‌മര്യപുരുഷന്റെ രോമഹര്‍ഷപ്രദമായ വീരചരിതം പാടാനുള്ള രസം കൊണ്ടെഴുതിയത്‌'' എന്നു പ്രസ്‌താവിച്ചുകൊണ്ടാണ്‌. വടക്കന്‍പാട്ടുവീരര്‍ക്കൊപ്പം മാനവികതയുടെ ഈ ഗാഥ പ്രചരിപ്പിക്കുവാനുള്ള കവിയുടെ മനസ്സ്‌ വായിച്ചെടുക്കാവുന്നതാണ്‌. വായനക്കാരില്‍ രോമാഞ്ചം വിരിയിക്കാന്‍ പര്യാപ്‌തമാണ്‌ മുഹമ്മദ്‌ അബ്‌ദുറഹ്മാന്റെ ജീവിതം. മാപ്പിളലഹളയെന്ന പേരില്‍ മനുഷ്യരെ ശ്വാസംമുട്ടിച്ചും വാഗണുകളില്‍ കയറ്റിയയച്ചും മറ്റും കൊലചെയ്തു കൊണ്ടിരുന്ന കാലഘട്ടത്തിലാണ്‌ മാനവികതയ്‌ക്കായി, സാധാരണക്കാരന്‌ നീതികിട്ടുന്നതിനായി അദ്ദേഹം ഇടപെടുന്നത്‌. തെക്കുനിന്നും വന്ന ഈ ചെറുപ്പക്കാരന്‍(കൊടുങ്ങല്ലൂരാണ്‌ ജന്മദേശം) വടക്കരെ സഹായിക്കുന്നു. പ്രശ്‌നങ്ങളില്‍ ഇടപെടുന്നു. ജീവിതപ്രശസ്‌തി കൈവരിക്കാനാവശ്യമായ വിദ്യ അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്‌, ശോഭനമായ ഭാവിയുമുണ്ട്‌. എന്നിട്ടും അദ്ദേഹത്തിന്റെ ശ്രദ്ധ ഏറനാട്ടിലാണ്‌ പതിഞ്ഞത്‌. അവിടത്തെ പണിയാളരുടെയും സാധുക്കളുടെയും മീതെയാണ്‌. മുഹമ്മദ്‌ അബ്‌ദുറഹ്മാന്റെ രൂപവും കവി വരച്ചുകാട്ടുന്നു. ആള്‍ സുഭഗനാണ്‌; വെളുത്തുയര്‍ന്ന ശരീരത്തോടുകൂടിയവനാണ്‌. മനോഹരമാണ്‌ ആ കണ്ണുകള്‍. ഈ ലോകം മുഴുക്കെയും അവനു സ്വന്തം നാടാണ്‌. അവന്റെ ബന്ധുക്കള്‍ ജീവിതദുരിതങ്ങളാല്‍ നരകിക്കുന്ന മനുഷ്യവര്‍ഗ്ഗമാണ്‌. അലിവൂറുന്ന ആ കണ്ണുകള്‍ക്കു മുന്നിലൂടെയാണ്‌ മുദ്രവെച്ച കറുത്തവണ്ടികള്‍,ഹിംസയുടെ പ്രതീകമായവ, ജീവനുള്ള മനുഷ്യമാംസവും വഹിച്ചുകൊണ്ട്‌ പാഞ്ഞുപോകുന്നത്‌. വേട്ടനായ്‌ക്കളെപ്പോലെയടുത്ത ബ്രിട്ടീഷ്‌ പട്ടാളത്തില്‍ നിന്നും രക്ഷനേടാന്‍ ജനം നാട്ടില്‍ നിന്നും പലായനം ചെയ്‌തു. കാടും കുന്നും അഭയമാക്കി. എന്നാല്‍ വീടുകളില്‍ ശത്രുക്കള്‍ അഴിഞ്ഞാടി. ഈ സന്ദര്‍ഭത്തില്‍ അബ്‌ദുറഹ്മാന്‍ വെറുതെയിരുന്നില്ല. ആ ശുദ്ധാത്മാവ്‌ ലാത്തികളോടും തുറുങ്കുകളോടും എതിരിട്ട്‌ അനീതിക്കെതിരെ പോരാടി. അനീതിക്കുമുന്നില്‍ ശിരസ്സുതാഴ്‌ത്താന്‍ അദ്ദേഹം തയ്യാറായില്ല. സമൂഹത്തിനു വേണ്ടി യാതനകള്‍ സഹിച്ചു. മാപ്പിളമാരെ അന്തമാനിലേക്കു നാടുകടത്താനും അവരുടെ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്താനും മദോന്മത്തരായ ഭടന്മാര്‍ ശ്രമിക്കെ ഈ പാവങ്ങള്‍ക്കായി വിരിമാറുകാട്ടി, വീറുകാട്ടി ചെറുത്തു. ഭാരതമൊട്ടുക്ക്‌ ബ്രിട്ടീഷ്‌ ഭരണകൂടം നടത്തുന്ന കൊടിയ അക്രമത്തിന്റെ പതിപ്പുകളായിരുന്നു ഏറനാട്ടിലും അരങ്ങേറിയത്‌. ഇവിടത്തെ ജനതയെ ഐക്യപ്പെടുത്താനും ശാക്തീകരിക്കാനുമായി അദ്ദേഹം അല്‍- അമീന്‍ പത്രം ആരംഭിച്ചു. അതിലൂടെ ദേശീയപ്രസ്ഥാനത്തിൻ്റെ സമരമന്ത്രങ്ങള്‍ മുഴങ്ങി. ഇടശ്ശേരി എഴുതുന്നു:

``മലയനാട്ടിന്‍ കൊടുമുടിയില്‍ 

മഴമുകിലിന്‍ തോറ്റം

മധുരമന്ദ്രം ‘അല്‍ അമീ'നിന്‍ സമരമന്ത്രമൂറ്റം

അടിമനാട്ടില്‍ മുക്തിനേടാനടിയുറച്ച തീര്‍പ്പായ്‌

തടിമറന്ന തന്നില്‍ നിന്നുമിടിമുഴക്കം പൊങ്ങി''

നാടിന്റെ രക്ഷയ്‌ക്കായി സ്വന്തം ദേഹം മറന്ന സേവനമാണ്‌ ആ ത്യാഗിവര്യന്‍ കാഴ്‌ചവെച്ചത്‌. അബ്‌ദുറഹ്മാന്റെ പ്രവര്‍ത്തനങ്ങളിലൂടെ ആവേശം പൂണ്ട സമൂഹം മൂരിനിവര്‍ന്ന്‌ സാമ്രാജ്യത്വത്തിനെതിരെ ശബ്‌ദമുയര്‍ത്തി. ദുര്‍നിയമങ്ങള്‍ക്കെതിരായും ദുര്‍ഭരണത്തിനെതിരെയും പ്രതികരിച്ചു. കഷ്‌ടതകള്‍ അടിക്കടി നേരിടേണ്ടി വന്നുവെങ്കിലും അവര്‍ പിന്തിരിഞ്ഞില്ല. മൂവര്‍ണ്ണക്കൊടിക്കു പിന്നില്‍, മുഹമ്മദ്‌ അബ്‌ദുറഹ്മാന്റെ നേതൃത്വത്തിനു കീഴില്‍ അവരണിനിരന്നു. ലാത്തികൊണ്ടും തോക്കുകൊണ്ടും ഭീഷണിപ്പെടുത്താന്‍ ഭരണകൂടം ആവതും ശ്രമിച്ചു. കാരാഗൃഹത്തിലടച്ചു നിശ്ശബ്‌ദനാക്കാന്‍ പരിശ്രമിച്ചു. പക്ഷേ, അബ്‌ദുറഹ്മാന്റെ ആത്മശക്തിയെ കീഴ്‌പ്പെടുത്താന്‍ സാമ്രാജ്യത്വത്തിനായില്ല. നാട് മാറ്റത്തിനു വിധേയമാവുകയാണ്‌. എന്താണാ മാറ്റം?

``മര്‍ത്ത്യമാംസം-ജീവനുള്ളമര്‍ത്ത്യമാംസം കേറ്റി

മുദ്രവെച്ച വാഗണുകളോടുകില്ല മേലില്‍.''

വലിയൊരു സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനത്തിന്‌ കാരണക്കാരന്‍ കൂടിയാകുന്നു മുഹമ്മദ്‌ അബ്‌ദുറഹ്മാന്‍. അദ്ദേഹത്തിൻ്റെ ജൈത്രയാത്ര കേരളം ഇന്നുമോര്‍ക്കുന്നു. നാമിന്നു സ്വതന്ത്രരായിത്തീര്‍ന്നിരിക്കുന്നു. സ്വതന്ത്രതയാര്‍ജ്ജിച്ച കണ്‌ഠത്താല്‍ നിന്റെ അരുണാഭമായ കീര്‍ത്തി, അല്ലയോ അബ്‌ദുറഹ്മാനെ, ഞങ്ങള്‍ പാടീടട്ടെ. തലമുറകള്‍ നിന്നെയോര്‍ക്കാന്‍ ഇതു കാരണമാകട്ടെ.

1950-51 കാലയളവിലാണ്‌ ‘മുഹമ്മദ്‌ അബ്‌ദുറഹ്മാന്‍’ എന്ന ഈ കവിത ഇടശ്ശേരി എഴുതിയത്‌. ഇന്ന്‌ മങ്ങിമാഞ്ഞ ചരിത്രപുരുഷനായി, ആരാലും സ്‌മരിക്കപ്പെടാതെ ഈ യുഗപുരുഷന്‍ കിടക്കുന്നു. എങ്കിലും ഉജ്ജ്വലമായ ആ ജീവിതത്തെ സംബന്ധിച്ച ഈ അനശ്വരഗാനം അബ്‌ദുറഹ്മാനെന്ന ചരിത്രപുരുഷൻ്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തും. ത്യാഗനിര്‍ഭരമായ പൂര്‍വസൂരികളുടെ ജീവിതത്തെക്കുറിച്ചുള്ള അറിവുകള്‍ പുതിയതലമുറയ്ക്കു മാതൃകയായി വര്‍ത്തിക്കും.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ