ചെക്കോവ് : വേർപാട്.

 ആന്റൺ ചെക്കോവിന്റെ മികച്ചൊരു കഥയാണ് വേർപാട്. ശശികുമാർ വർക്കലയാണ് ഈ കഥ മലയാളികൾക്കായി വിവർത്തനം ചെയ്തത്. ചെക്കോവ് റഷ്യൻ സാഹിത്യകാരനാണ്. നിക്കോളായ് ഗൊഗോളിനെപ്പോലെ, വിശ്വപ്രസിദ്ധനായ എഴുത്തുകാരൻ. ഗൊഗോളിന്റെ ഓവർകോട്ട് എന്ന കഥ വളരെ പ്രസിദ്ധമാണ്. ജീവിതയാഥാർത്ഥ്യങ്ങളെ വലിയ അതിശയോക്തികൾ കൂടാതെ അവതരിപ്പിക്കുകയാണ് ഗൊഗോൾ ചെയ്തത്. ദാരിദ്ര്യവും ദാസ്യവും നിലനിന്ന കാലഘട്ടം. അദ്ധ്വാനത്തിന് അർഹമായ പ്രതിഫലം നല്കാതെ കടുത്ത ചൂഷണം നടമാടിയ സാമൂഹ്യവ്യവസ്ഥിതി. ജീവിക്കണമെങ്കിൽ പൊരുതണം എന്ന സാഹചര്യം. തിന്മകൾക്കെതിരെ മരണശേഷമെങ്കിലും പ്രതികരിക്കുകയാണ്, വളരെ വ്യത്യസ്തമായി, അകാകിയേവിച്ച് എന്ന കഥാപാത്രം. റഷ്യയിലെ ജീർണ്ണിച്ച സാമുദായികാന്തരീക്ഷത്തെ നിക്കോളായ് ഗൊഗോൽ എന്ന എഴുത്തുകാരൻ പ്രസ്തുത കഥയിലൂടെ വരച്ചുകാട്ടി. അദ്ദേഹത്തിന്റെ വീക്ഷണഗതിയിലൂടെത്തന്നെ മുന്നോട്ടു പോയ സാഹിത്യകാരനാണ് ചെക്കോവ്. ചെക്കോവിന്റെ കഥകൾ വരേണ്യവിഭാഗത്തെ പരിഹസിക്കുന്നവയുമാണ്. ചെക്കോവിനെപ്പോലുള്ള വിശ്വപ്രസിദ്ധ കഥാകൃത്തുക്കളെയും അവരുടെ രചനകളെയും സാമാന്യജനത്തിനു മുന്നിൽ പരിചയപ്പെടുത്തുകയും നൂതനമായ അവബോധം ഉളവാക്കുകയുമാണ് ഇത്തരം വിവർത്തിതരചനകൾ മുഖേന ഉദ്ദേശിക്കുന്നത്. മലയാള ചെറുകഥാസാഹിത്യ സമ്പത്ത് വർദ്ധിപ്പിക്കാനും കഴിയും. അതോടൊപ്പം, സാഹിത്യരചയിതാക്കൾക്ക് പുതിയ വിഷയ സമീപനങ്ങൾക്കായുള്ള പ്രചോദനവും ലഭിക്കും. അതിനാൽ വിവർത്തനങ്ങൾ എന്നും പ്രോത്സാഹിപ്പികേണ്ടവയാണ്. അത് മൂല്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു. സമൂഹത്തിന്റെ ചിന്താശേഷിയെയും പ്രതികരണമനോഭാവത്തെയും ഉണർത്തുന്നു. റഷ്യൻ ജീവിതത്തെക്കുറിച്ചും അവിടത്തെ സാമൂഹികസാംസ്കാരികാന്തരീക്ഷത്തെക്കുറിച്ചും സൂചനകൾ ലഭിക്കുന്നു. സർവോപരി, വിവർത്തനം ഇവിടെ മികച്ച സംസ്കാരവിനിമയോപാധിയാകുന്നു. ഇനി ആന്റൺ ചെക്കോവിനെ സാമാന്യമായി ഒന്നു പരിചയപ്പെടാം.

ആന്റൺ ചെക്കോവ്

ചെക്കോവിന്റെ ചെറുകഥകൾ വിശ്വപ്രസിദ്ധങ്ങളാണ്. ലാളിത്യം കൊണ്ടും ഋജുവായ പ്രതിപാദനരീതി കൊണ്ടും അവ വായനക്കാരുടെ പ്രീതി പിടിച്ചുപറ്റി.

ആധുനിക ചെറുകഥയുടെ ഉദാത്ത മാതൃകകളാണ് ചെക്കോവിന്റെ കഥകൾ.

കഥ, നാടകം എന്നീ സാഹിത്യമേഖലകളിലാണ് പ്രധാനമായും അദ്ദേഹം വ്യാപരിച്ചത്. 

1860 ൽ തെക്കൻ റഷ്യയിലെ ടാഗൻറോഗിൽ ഒരു കച്ചവടക്കാരന്റെ മകനായാണ് ജനനം. ആന്റൺ പാവ്ലോവിച്ച് ചെക്കോവ് എന്ന് മുഴുവൻ പേര്. 

ചെക്കോവിന് 15 വയസ്സാകുമ്പോഴേക്കും പിതാവ് വലിയ കടക്കെണിയിൽ അകപ്പെട്ടു. കുടുംബത്തിന് നാടുപേക്ഷിക്കേണ്ടി വന്നു. വീട്ടുകാരെ സഹായിക്കാനായി ചെക്കോവ് എഴുത്തിന്റെ മാർഗ്ഗം തേടി. 1879 ൽ മോസ്കോവിൽ പിതാവിന്റെ പുതിയ വാസസ്ഥാനത്തെത്തുകയും മോസ്കോവിൽ വൈദ്യപഠനത്തിന് ചേരുകയും ചെയ്തു. 1884 ൽ സ്വന്തമായി ചികിത്സയാരംഭിച്ചു. എങ്കിലും വരുമാനം വേണ്ട രീതിയിൽ കിട്ടാത്തതിനാൽ പൂർണ്ണസമയവും എഴുത്തിനായി മാറ്റി വെക്കാനാലോചിച്ചു. 1886 ൽ ആദ്യകഥാസമാഹാരമായ motly stories പുറത്തു വന്നു. പ്രശംസയേറെ ലഭ്യമായ കൃതിയായിരുന്നു അത്. തന്റെ ആദ്യ നാടകം അദ്ദേഹം പ്രസിദ്ധീകരിച്ചു - ഇവാനോവ്. 1887 ൽ രണ്ടാമത്തെ കഥാ സമാഹാരമായ At Twilight പ്രസിദ്ധീകരിച്ചു. അപ്പോഴേക്കും ശ്രദ്ധേയനായ സാഹിത്യകാരനായി ചെക്കോവ് അറിയപ്പെട്ടു തുടങ്ങി. 1888 ആകുമ്പോഴേക്കും stories എന്ന മൂന്നാം കഥാ സമാഹാരവും പ്രസിദ്ധീകരിച്ചു. ഇതിലെ steppies എന്ന കഥ പുഷ്കിൻ പുരസ്കാരം നേടിക്കൊടുത്തു. 1890 ൽ സൈബീരിയയിലേക്ക് ദീർഘയാത്ര നടത്തുകയും കുറ്റവാളികളുടെയും യുദ്ധത്തടവുകാരുടെയും മറ്റും തിക്തത നിറഞ്ഞ ജീവിതാനുഭവങ്ങൾ നേരിട്ട് കാണുകയും ചെയ്തു. സഖാലിൻദ്വീപിലെ അന്തേവാസികളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. സഖാലിൻ ദ്വീപ് എന്ന പേരിൽ ഒരു കൃതിയുടെ രചനയ്ക്ക് ഇതു കാരണമായി. ചെക്കോവ് അതുല്യനായ മനുഷ്യസ്നേഹി കൂടിയായിരുന്നു. സീഗൾ, മൂന്ന് സഹോദരിമാർ, അങ്കിൾ വാന്യ മുതലായ നാടകങ്ങൾ തുടർന്നു രചിച്ചു. ക്ഷയരോഗം അലട്ടാൻ തുടങ്ങിയതും ഇക്കാലത്തായിരുന്നു. മറ്റ് അസുഖങ്ങളും ഹൃദയാഘാതവും മൂലം 1904 ൽ അദ്ദേഹം നിര്യാതനായി.

സാങ്കേതികത്തികവ് ഉള്ള ചെറുകഥകളാണ് ചെക്കോവിന്റേത്. അവശ്യമായ സംഗതികൾമാത്രമേ ചെറുകഥയിൽ ഉൾക്കൊള്ളിക്കാവൂ എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അനാവശ്യമായ ഒരു ഘടകം പോലും ചെറുകഥയിൽ പ്രതിപാദിക്കരുതെന്ന ശാഠ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഋജുവായ ശൈലി. വളച്ചുകെട്ടില്ലാത്ത ആഖ്യാനം. വായനക്കാർക്ക് ബോദ്ധ്യപ്പെടുംവിധമുള്ള കഥാഗതി, സമൂഹത്തിന്റെ സൂക്ഷ്മ ചിത്രണം മുതലായവയൊക്കെ ചെക്കോവ് കഥകളുടെ പ്രത്യേകതയായി കാണാം. വേർപാട് എന്ന കഥ വേറിട്ടു നില്ക്കുന്നില്ല.

വേർപാട്

വേർപാട് എന്ന കഥയിലെ മുഖ്യകഥാപാത്രം ഷടാങ്ക എന്ന തവിട്ടു നിറമുള്ള പെൺപട്ടിക്കുട്ടിയാണ്. യജമാനന്റെ കൂടെ പുറപ്പെട്ടതാണ്. എന്നാൽ തിരക്കേറിയ തെരുവിൽ വെച്ച് അവൾക്ക് യജമാനനുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തുടർന്നുണ്ടായ അങ്കലാപ്പിൽ സംഭവിച്ച കാര്യങ്ങളാണ് വേർപാടിലെ ഇതിവൃത്തം.

യജമാനൻ - ലൂക്ക - ഒരു മരപ്പണിക്കാരനാണ്. നല്ലവണ്ണം കള്ളുകുടിക്കുകയും ചെയ്തിരുന്നു. ചില ശാപ വാക്കുകളൊക്കെ ഉച്ചരിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ഷടാങ്ക ശ്രദ്ധിച്ചിരുന്നു. നില്ക്കക്കള്ളിയില്ലാതെ, ഇരുട്ടിയതിനാൽ ഭയക്കുകയും വിശന്ന് തളരുകയും ചെയ്ത ഷടാങ്ക അടുത്തു കണ്ട വീടിനെ സമീപിച്ചു. ആദ്യം ശങ്കിച്ചെങ്കിലും ഗൃഹനാഥൻ ഷടാങ്കയെ ഉള്ളിൽ കയറ്റി. അയാൾ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അവൾ ആഹരിച്ചു. ഉറക്കമാരംഭിച്ചപ്പോൾ മനസ്സിലേക്ക് ലൂക്കാ യജമാനനും അയാളുടെ ഫെഡിയ എന്ന മകനെക്കുറിച്ചും ഓർത്തു.

അവിടെ പുതിയ അംഗങ്ങളെ കണ്ടു. ആദ്യം അസ്വാരസ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് എല്ലാവരും യോജിപ്പിലായി. ഇവാൻ എന്ന താറാവ്, ടീമോ എന്ന പൂച്ച, റോണി എന്ന പെൺപന്നി എന്നിവരായിരുന്നു പുതിയ സുഹൃത്തുകൾ. പുതിയ യജമാനൻ ഷടാങ്കയ്ക്ക് ആന്റി എന്ന് പേരിട്ടു. ഒരു തെരുവ് സർക്കസ്സ് അഭ്യാസിയായിരുന്നു പുതിയ യജമാനൻ. അയാളുടെ സഹായികളായിരുന്നു മറ്റുള്ളവർ. അവരെ പഠിപ്പിക്കുന്നത് ഷടാങ്ക വീക്ഷിച്ചു. ഒരു മാസം കഴിയുമ്പോഴേക്കും പുതിയ സാഹചര്യവുമായി ഷടാങ്ക ഇണങ്ങി. അങ്ങനെ മുന്നോട്ടു പോകവേ ഇവാൻ എന്ന താറാവിന്റെ അവിചാരിതമായ മരണം ഷടാങ്കയിൽ നടുക്കമുണ്ടാക്കുന്നു. മരണം അവൾ നേരിൽ കാണുകയാണ്. ഒരു ദിവസം താനും ഇതുപോലെ പാത്രത്തിലെ വെള്ളം കുടിക്കാനാകാതെ കാലുകൾ നീട്ടി അനക്കമില്ലാതെ കിടക്കും! ഒരു ദിവസം! - അവൾ ചിന്തിച്ചു.

ഇവാൻ മരിച്ചതിനാൽ ഷടാങ്കയോട് സർക്കസ്സിനു വരാൻ യജമാനൻ ആവശ്യപ്പെടുന്നു. പ്രദർശനവേദിയിൽ എല്ലാം സജ്ജീകരിക്കപ്പെട്ടു. ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു. ഷടാങ്ക നോക്കുമ്പോൾ ഇഷ്ടം പോലെ ജനങ്ങൾ. സർക്കസ്സ് ആരംഭിച്ചു. അപ്പോഴാണ്, അച്‌ഛാ, അതാ നമ്മുടെ ഷടാങ്ക എന്ന ശബ്ദം കേട്ടത്. അത് ഫെഡിയയുടെ ശബ്ദമായിരുന്നു. കുട്ടിയുടെ വിളികേട്ട് എല്ലാം മറന്ന ഷടാങ്ക സർവശക്തിയുമെടുത്ത് രംഗത്തുനിന്നിറങ്ങി. പല കൈകളിലൂടെയും ചുമലിലൂടെയും അവിടെയെത്തി. ലൂക്കാ യജമാനന്റെ പിന്നിലൂടെ നടക്കുമ്പോൾ എത്രയോ കാലമായി താൻ ഇവർക്കു പിറകെ ഇങ്ങനെ നടക്കുകയാണെന്ന് ഷടാങ്കയ്ക്ക് തോന്നി. മറ്റെല്ലാം ഒരു സ്വപ്നം പോലെ അവൾക്കനുഭവപ്പെട്ടു.

വളരെ ലളിതമായ ഒരു കഥ. ജന്തുക്കളുടെ മാനസികവ്യാപാരങ്ങൾ അവതരിപ്പിച്ച് കഥ പറയുകയെന്നത് എളുപ്പമുള്ളതല്ല. എന്നാൽ ചെക്കോവ് ഭംഗിയായി അതു സാധിച്ചിരിക്കുന്നു. ലൂക്കാ യജമാനനായാലും സർക്കസ്കാരനായ യജമാനനായാലും നിത്യജീവിത പ്രശ്നങ്ങളിൽ ഉഴറുന്നവരാണവർ. റഷ്യയിലെ ദാരിദ്ര്യദു:ഖം നിറഞ്ഞ മുഖങ്ങൾ. ചക്രവർത്തി ഭരണത്തിന്റെ ഫലങ്ങൾ. പട്ടിണിയും പരിവട്ടവും. കുസൃതിയായ ഷടാങ്കയിലൂടെ റഷ്യൻ സമുദായ ജീവിതം മിഴിതുറക്കുന്നു. ലൂക്കായുടെ വാക്കുകൾ നോക്കുക: "പാപിയായിട്ടാണ് ഞാൻ ജനിച്ചത്. പാപം ചെയ്യാൻ വേണ്ടി, ഇപ്പോൾ തെരുവു വിളക്കുകൾ നോക്കി നാം നടക്കുന്നു. പക്ഷേ, മരിക്കുമ്പോൾ നരകത്തിന്റെ തീയിലിട്ട് നമ്മെ ദഹിപ്പിക്കും " പ്രത്യാശ നശിച്ച ജീവിതങ്ങൾ. അധമവികാരങ്ങളും അപകർഷചിന്തയും അടക്കിഭരിക്കുന്ന മനസ്സുകൾ. എല്ലാം വിധിബലമെന്നു കരുതുന്നവർ. ഇവരേക്കാളും എത്ര പ്രസാദാത്മകതയും ഊർജ്ജവും അവിടത്തെ മൃഗങ്ങൾ വഹിക്കുന്നു! യഥാർത്ഥത്തിൽ അന്നത്തെ റഷ്യയിലെ ജനതയുടെ മാനസികാവസ്ഥ മൃഗങ്ങളോട് പോലും താരതമ്യം ചെയ്യാൻ പറ്റാത്ത വിധം മ്ലേച്ഛമായിരുന്നുവെന്ന സത്യമല്ലേ കഥാകൃത്ത് അവതരിപ്പിക്കുന്നത്?





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ