ആരണ്യഹംസങ്ങൾ: ചുള്ളിക്കാടിന്റെ വിവർത്തനം
വില്യം ബട്ലർ യേറ്റ്സ് എന്ന ഐറിഷ് കവിയുടെ ഹൃദയം കവരുന്ന ഒരു കവിതയാണ് 'ദി വൈൽഡ് സ്വാൻസ് അറ്റ് കൂളെ '. ഈ കവിത മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരികുന്നത് പ്രശസ്ത മലയാള കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ്. യേറ്റ്സിന്റെ കാലഘട്ടം 1865 - 1939 ആണ്. അയർലണ്ടിലെ സാൻഡിമൗണ്ടിലാണ് ജനനം. വിദ്യാഭ്യാസം അയർലണ്ടിലും ലണ്ടനിലുമായി നിർവഹിച്ചു. ദി വൈൽഡ് സ്വാൻസ് അറ്റ് കൂളെ എന്ന കവിത 1917ൽ ഒരു സമാഹാരത്തിൽ പ്രസിദ്ധപ്പെടുത്തി.
പ്രസ്തുത കവിതയിൽ യേറ്റ്സ് കൂളെ എന്ന തടാകത്തിന്റെ മനോഹാരിത വർണ്ണിക്കുന്നു. ഒപ്പം തടാകം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെയും ആകർഷണീയത വിവരിക്കുന്നു. ചുറ്റുമുള്ള മരങ്ങൾ ശരത്കാലഭംഗിയിൽ കുളിച്ചു നില്ക്കുകയാണ്. പരിപൂർണ്ണമായും മരങ്ങൾ ശരത്കാലത്തെ വശീകരിക്കുന്ന നിറത്തിലേക്ക് പകർച്ച നടത്തിയിരിക്കുന്നു. ഇലകൾ സ്വാഭാവികമായ പച്ചനിറത്തിൽ നിന്ന് മഞ്ഞനിറത്തിന്റെ വകഭേദങ്ങളിലേക്ക് പരിണമിച്ചിരിക്കുകയാണ്. ഇപ്രകാരമുള്ള പകർച്ചകൾ മരങ്ങളെ മോഹനങ്ങളാക്കിയിരിക്കുന്നു.
ഹൃദ്യമായ ശരത്കാല ദൃശ്യങ്ങൾ വർണ്ണിക്കുന്ന കവി വനപ്രദേശ വഴികൾ വരണ്ടിരിക്കുന്നുവെന്നും പരാമർശിക്കുന്നു. ഒരു ഒക്ടോബർ സായാഹ്നത്തിൽ ശാന്തവും ചലനരഹിതവുമായ ആകാശത്തെ പ്രതിബിംബിപ്പിക്കുന്ന തടാകത്തെയാണ് കവി തുടർന്ന് പ്രതിപാദിക്കുന്നത്. ശേഷം അവിടെ, തടാകത്തിൽ,59 അരയന്നങ്ങൾ നീന്തി വിലസുന്നതായി കവി കാണുന്നു. ഒരു വിഷാദച്ഛവിയോടെയും ഗൃഹാതുരതയോടെയും ആദ്യമായി ഇവയെ വീക്ഷിച്ചിട്ട് 19 വർഷങ്ങൾ പിന്നിട്ടെന്ന് ഓർക്കുന്നു. എണ്ണിത്തീരുന്നതിനു മുന്നേ അവ ശക്തമായ ചിറകടിയോടെ ആകാശത്ത് വലിയ വൃത്തങ്ങൾ തീർത്ത് ശബ്ദായമാനമായി ഉയർന്നു. ഈ കാഴ്ച കൂളെയുടെ സ്വാഭാവികവും ഹൃദയഹാരിയുമായ പ്രകൃതിസൗന്ദര്യത്തിന്റെ ആവിഷ്കാരമായി കലാശിക്കുന്നു.
അരയന്നങ്ങൾ ഇപ്പോഴും അതേ സൗന്ദര്യത്തോടു കൂടിയും ചുറുചുറുക്കോടെയും കാണപ്പെടുന്നു. ഈ സൗന്ദര്യവും ചുറുചുറുക്കും കവിയെ വിചാരമഗ്നനാക്കുന്നു. ചിന്തിക്കെ ചെറിയൊരു ദു:ഖം കവിയെ ബാധിക്കുന്നു. കാരണം, കാലത്തിന്റെ മുന്നോട്ടു പോക്കിൽ എല്ലാം മാറിയിരിക്കുന്നു. അവസാനമായി ഈ തടാകക്കരയിൽ നിന്നതു മുതൽ ലോകത്തിനും ജീവിതത്തിനുമുണ്ടായ മാറ്റം കവി ഓർക്കുന്നു. അപ്പോൾ അരയന്നങ്ങൾ ഉറക്കെ ചിറകടിച്ചുയരുന്ന കാഴ്ച കാണുന്നു. ഒരു മണിനാദത്തിനു സമാനമായിരുന്നു ആ ചിറകടിയൊച്ച. പ്രാപഞ്ചിക ദു:ഖത്തിൽ പെട്ട് മനുഷ്യർ വലയുമ്പോൾ ഒരു വ്യസനവും ബാധിക്കാതെയാണ് അരയന്നങ്ങൾ ഉല്ലസിക്കുന്നത്. പത്തൊമ്പതു വർഷം മുമ്പെ ഇച്ഛാനുസൃതം സഞ്ചരിക്കാൻ, സ്വതന്ത്രമായി വ്യാപരിക്കാൻ കവിക്കു സാധിച്ചിരുന്നു. വളരെ താളാത്മകമായ ചുവടുകൾ വെക്കാൻ കവിക്കു സാധിച്ചിരുന്നു. ഇന്ന് കവി ജീവിത പ്രശ്നങ്ങളുടെ ആലസ്യത്താൽ ബാധിതനാണ്.
കവി തന്റെ ജീവിതത്തെ അരയന്നങ്ങളുടെ ജീവിതവുമായി സാദൃശ്യപ്പെടുത്തുന്നു. അരയന്നങ്ങളെ ജീവിതത്തിന്റെ ഒരു സംത്രാസവും (ടെൻഷൻ) ബാധിച്ചിട്ടില്ല. ഒന്നുകിൽ അവ തണുത്തവെള്ളത്തിൽ തുഴയുകയാവും, അല്ലെങ്കിൽ ആകാശത്ത് സഹചാരികളൊത്ത് പറക്കുകയാവും. അരയന്നങ്ങളുടെ ഹൃദയം അത്യധികമായ ഉത്സാഹത്തിലും ഊർജ്ജസ്വലതയിലും നിമഗ്നമാണ്. അവയ്ക്ക് ആഗ്രഹമുള്ളിടത്ത് അല്ലലില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്നു. കവിയാകട്ടെ, കൂടുതൽ ക്ഷീണിതനും സുഹൃത്ബന്ധശൂന്യനുമായിരിക്കുന്നു.
കവി വളരെ ആദരപൂർവം നിശ്ചലമായ ജലോപരിതലത്തിൽ നീന്തിത്തുടിക്കുന്ന അരയന്നങ്ങളെ വീക്ഷിക്കുന്നു. സുന്ദരങ്ങളെങ്കിലും നിഗൂഢത നിറഞ്ഞ ഈ ജീവികളുടെ ഭാവി ഗതി മനസ്സിലാക്കാൻ കവിക്കു സാധിക്കുന്നില്ല. എവിടെയാണവയുടെ വസതി, കൂടുകൂട്ടുന്നത് എന്നതുമറിയില്ല. അവ കൂളെയിൽ തുടരുമോ, അഥവാ പറന്നകലുമോ - കവിക്കറിയില്ല. മറ്റൊരു ലക്ഷ്യസ്ഥാനത്ത് അവ എത്തിച്ചേരുമ്പോൾ അവിടെയുള്ള പുരുഷാരത്തിന്റെ നേത്രങ്ങൾക്ക് അവ വിസ്മയക്കാഴ്ച പകർന്നിടാം. കവിയെ തനിച്ചാക്കി ഒരു നാൾ അവ പറന്നകലാമെന്ന് കവി ഭയക്കുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച കഷ്ട നഷ്ടങ്ങളെക്കുറിച്ചുള്ള നെടുവീർപ്പുകൾ മനസ്സിനെയും ശരീരത്തെയും ബാധിച്ച ക്ഷീണത്തെയും ഉത്കണ്ഠകളെയും പ്രതിനിധാനം ചെയ്യുന്നു.
യേറ്റ്സിന്റെ ഈ കവിത അരയന്നങ്ങളുടെ സൗന്ദര്യത്തിലോ കൂളെ തടാകക്കരയുടെ ആകർഷണീയതയിലോ വായനക്കാരെ ഭ്രമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് വ്യക്തമാണ്. മനുഷ്യന്റെ അസ്തിത്വത്തിന്റെ അസ്ഥിരതയെക്കുറിച്ചാണ് കവി പാടുന്നത്. മനുഷ്യൻ കാലത്താലും പ്രായത്താലും കെട്ടപ്പെട്ടിരിക്കുന്നു. അഥവാ ബന്ധിതരാക്കപ്പെട്ടിരിക്കുന്നു. യൗവനം, ഊർജ്ജം, ഉത്സാഹം, വികാരം, താൽപ്പര്യം തുടങ്ങിയ ഘടകങ്ങൾക്കെല്ലാം മാറ്റം സംഭവിക്കുന്നു. ക്ഷീണാവസ്ഥ കഷ്ടംഭരിയായ ജീവിതത്തിന്റെ സമ്മാനമാകുന്നു. കാലവും പ്രായവും ഏൽപ്പിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണ്.
മനുഷ്യൻ മാറ്റത്തിനു വിധേയനാണെന്ന ആശയത്തോടൊപ്പം, പ്രകൃതി മാറ്റമില്ലാത്തതാണെന്ന ചിന്തയും ഈ കവിതയിലുണ്ട്.. പ്രകൃതി സ്ഥിരതയുടെയും മാറ്റമില്ലായ്മയുടെയും പ്രതീകമെന്ന മട്ടിലാണ് കവി അവതരിപ്പിച്ചിട്ടുള്ളത്. അരയന്നങ്ങൾ - ആരണ്യഹംസങ്ങൾ - പ്രകൃതിയെ പ്രതിനിധാനം ചെയ്യുന്നു. കവിക്ക് പ്രായത്താലും കാലം കൊണ്ടും ഉണ്ടായ മാറ്റം ഹംസങ്ങളെ ബാധിച്ചിട്ടില്ല.
ഒറ്റപ്പെടൽ എന്നത് തീവ്രവും കഠിനവുമായ വ്യഥ സമ്മാനിക്കുന്നതാണ്. ആരണ്യഹംസങ്ങൾ തടാകത്തിൽ നീന്തിത്തുടിക്കുമ്പോൾ കവി ഏകനായി നോക്കി നില്ക്കുകയാണ്. തനിക്ക് ഇതുപോലെ സുഹൃത്തുക്കളില്ലല്ലോ എന്ന പരിഭവം കവിക്കുള്ളിലുണ്ട്. അത് ദു:ഖം വർദ്ധിപ്പിക്കുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ് മനുഷ്യർ. അത് നഷ്ടമാകുന്നത് അസഹ്യമാണ്. സൗഹൃദത്തിന്റെ അഭാവം കനത്തനഷ്ടമാണ് വ്യക്തിജീവിതത്തിൽ സൃഷ്ടിക്കുന്നതെന്നും കവി പറയുന്നു.
ചുള്ളിക്കാടിന്റെ തർജ്ജമ
മലയാളസാഹിത്യത്തിലെ ക്ഷുഭിതയൗവനത്തിന്റെ കവിയായ ചുള്ളിക്കാട്, യേറ്റ്സിന്റെ കവിതയിലെ കേന്ദ്രാശയത്തിന് ഒരു പരിക്കും സംഭവിക്കാത്ത വിധമാണ് തർജ്ജമ നിർവഹിച്ചിട്ടുള്ളത്. യേറ്റ്സിന്റെ കവിത പകരുന്ന യോഗാനുഭൂതി ചുള്ളിക്കാടിന്റെ വിവർത്തനത്തിലും കിട്ടും. താളാത്മകമായി, വൃത്തഘടിതമായാണ് ആരണ്യഹംസങ്ങൾ എന്ന പേരിൽ തർജ്ജമ ചെയ്തിട്ടുള്ളത്.
കവിതയിൽ പ്രകടമായി കാണുന്ന വിഷാദച്ഛായയും മിസ്റ്റിക് അനുഭൂതിയും വിവർത്തനത്തിലും ലഭ്യമാകുമെന്നർത്ഥം. കവിത വിവർത്തനം ചെയ്യുമ്പോൾ സംഭവിക്കാവുന്ന വൈതരണികളെ തരണം ചെയ്യാൻ കൃതഹസ്തനായ ചുള്ളിക്കാടിനു സാധിച്ചിട്ടുണ്ട്. നിരവധി കവിതകൾ വിവർത്തനം ചെയ്ത അനുഭവപരിചയം ഇവിടെ മുതല്ക്കൂട്ടായിട്ടുണ്ടെന്നു കാണാം.
"Under the October Twilight the water
Mirrors a still sky
Upon the brimming water among the stones
Are nine and fifty swans"
ഈ വരികൾ,
"കണ്ണാടിപോലെ തെളിഞ്ഞ തടാകത്തിൽ
നന്നായി ബിംബിച്ചു ശാന്തസന്ധ്യാംബരം.
കണ്ടേൻ ശിലകൾക്കിടയിൽ ജലോപരി
അൻപത്തിയൊൻപതു രാജഹംസങ്ങളെ"
വളരെ ഹൃദ്യവും തരളവുമാണ് ചുള്ളിക്കാടിന്റെ പരിഭാഷയെന്ന് മേല്പറഞ്ഞ വരികൾ തെളിയിക്കുന്നു. ഒക്ടോബർ മാസം എടുത്തു പറഞ്ഞിട്ടില്ല. "എങ്ങും ശരൽക്കാല വൃക്ഷസൗന്ദര്യങ്ങൾ"
എന്ന ആദ്യ വരിയിൽ നിന്നും കാലം വ്യക്തമാണ്. അത് ധ്വനിപ്പിച്ചു നല്കുന്നതിലൂടെ കൂടുതൽ ഭാവപ്രതീതി ഉളവാക്കാൻ സാധിച്ചിട്ടുണ്ട്. ഇംഗ്ലീഷ്പദങ്ങൾക്ക് അർത്ഥഭാവതലങ്ങളാൽ ഏറ്റവും ചേരുന്ന മലയാളപദങ്ങൾ തിരഞ്ഞെടുക്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ച ഔചിത്യബോധം ശ്ലാഘനീയമാണ്.
ഇത്തരം മഹത്തായ കവിതകളുമായി ഉണ്ടാകുന്ന പരിചയം വിശ്വസാഹിത്യത്തിന്റെ വഴിത്താരകളിലേക്ക് മലയാളികളെ ആകർഷിക്കാനുതകും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ