ഭാഷ മരിക്കുമ്പോൾ : സച്ചിദാനന്ദന്റെ വിവർത്തനം

ഭാഷ മരിക്കുമ്പോൾ

വളരെ പ്രസിദ്ധനായ സ്വീഡിഷ് എഴുത്തുകാരനാണ് ഷെൽ എസ്പ്മാർക്ക്. ബുദ്ധിജീവിയായ ഈ കവി സംസ്കാരത്തിനും പ്രകൃതിക്കും വേണ്ടിയുള്ള നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ഏറെ മൂർത്തവും സജീവമായതുമായ ഒരു പ്രശ്നമാണ്  'ഭാഷ മരിക്കുമ്പോൾ ' എന്ന കവിതയിൽ അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ കവിത മലയാളത്തിലേക്കു വിവർത്തനം ചെയ്തത് പ്രശസ്ത കവിയും നിരൂപകനും പ്രഭാഷകനും അദ്ധ്യാപകനും സാംസ്കാരികപ്രവർത്തകനുമായ സച്ചിദാനന്ദനാണ്. ഒരു ആശയവിനിമയോപാധിയുടെ ഹൃദയഭേദകമായ പതനം മാനവിക സംസ്കാരത്തിന് വലിയ ആഘാതമായി പരിണമിക്കുന്നു.

ബൗദ്ധിക നിലവാരം വേണ്ടുവോളമുള്ള ഇത്തരം കവിതകളുടെ വിവർത്തനം ഭാവുകത്വത്തിന്റെ പുതിയ മാനങ്ങളാണ് സംഭാവന ചെയ്യുന്നത്. ഒരു പുതിയവിഷയം അതിന്റെ സമഗ്രതയോടെ, എന്നാൽ പുതുമ കൈവിടാതെ എങ്ങനെ ആസ്വാദകസമക്ഷം അവതരിപ്പിക്കുമെന്നതിന് ഉദാഹരണം കൂടിയാണിത്. 

ഒരു ഭാഷ മരിക്കുമ്പോൾ മരിച്ചവർ ഒരു കുറികൂടി മരിക്കുന്നു എന്ന ആശയം അവതരിപ്പിച്ചു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. ഭാഷയുടെ മരണം ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും ഭാവിയുടെ തന്നെയും അന്ത്യമാണ്. വീണ്ടെടുക്കാനാകാത്ത നിരാകരണമാണതിലൂടെ ഭവിക്കുന്നത്. ഭാഷ എന്നത് തളിർപ്പും ഓർമ്മയും കൂടി നിറഞ്ഞതാണ്. ഭാഷയുടെ മരണം ഓർമ്മകളെ തിരസ്കരിച്ചു കൊണ്ടാണ് സംഭവിക്കുന്നത്. ചരിത്ര സംഭവങ്ങളും വ്യക്തികളും രക്തസാക്ഷികളും ജീവിക്കുന്നത് ഭാഷ സമ്മാനിക്കുന്ന ഓർമ്മ എന്ന അനുഭൂതിയിലൂടെയാണ്. ഭാഷയുടെ മരണം ഓർമ്മ പതിഞ്ഞ എല്ലാ അനുഭവങ്ങളുടെയും അനുഭൂതികളുടെയും തിരിച്ചു വരവില്ലാത്ത പടിയിറക്കമാകുന്നു.

ഇന്നത്തെ സവിശേഷമായ ലോക സാമൂഹ്യ സാഹചര്യങ്ങൾ ഭാഷകളുടെ മരണത്തിന് ആക്കം കൂട്ടുന്നു. ഇവിടെ ഭാഷ ജൈവത്തായ സംസ്കൃതിയുടെ പ്രതീകമാകുന്നു.

ഭാഷയുടെ പ്രായോഗികതലമാണ് വാക്ക്. ഈ വാക്ക് പ്രദാനം ചെയ്യുന്ന വ്യത്യസ്തവും ജീവിതഗന്ധിയുമായ പ്രയുക്ത ഇടങ്ങൾ കവിതയെ അനുഭവസാന്ദ്രമാക്കുന്നതിനായി കവി പ്രയോഗിക്കുന്നു. വാക്കിന് ഒരു പരു പരുക്കൻ തലമുണ്ട്. വളരെ പരുഷമായ തലം. ഇതിലൂടെ, ഈ കാർക്കശ്യത്തിലൂടെയാണ് അത് മണ്ണിനെ അദ്ധ്വാനത്തിലൂടെ മാറ്റിയെടുത്തത്. ഈ പുതുക്കിപ്പണിയലിൽ അനിവാര്യമായ കൂട്ടായിരുന്നു ഭാഷ. അദ്ധ്വാനത്തിന്റെ പരുക്കൻ സ്വഭാവത്തിനനുസൃതമായി വാക്കുകളും പരുക്കനായി. അദ്ധ്വാനത്തിന്റെ വിജയം, സമൃദ്ധിയിലേക്കുള്ള അതിന്റെ പലായനം 'ഈറനണിഞ്ഞു തിളങ്ങുന്ന ഉഴവുചാലുകളായി' എന്ന പ്രയോഗം സാക്ഷ്യപ്പെടുത്തുന്നു. വാക്കുകൾ നമ്മുടെ ജീവിതവ്യാപാരങ്ങളെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

വാക്കിന്റെ വ്യത്യസ്ത ജീവിത സന്ദർഭങ്ങളിലുള്ള പ്രയോഗാർത്ഥ സാദ്ധ്യതകളെ കവി തുടർന്ന് വ്യക്തമാക്കുകയാണ്.

ചൂടൻകാപ്പിക്കൊപ്പമുള്ള വറുത്ത വാക്ക് എന്നതിൽ ഔപചാരികമായ ജീവിതവ്യാപാരങ്ങളെ അവതരിപ്പിക്കുന്നു. വാക്ക് രഹസ്യങ്ങളുടെയും പ്രണയവിനിമയങ്ങളുടെയും വ്യത്യസ്തഭാവതലങ്ങളോടു കൂടിയ പ്രകടനമാകുന്നു. ചരിത്രത്തിൽ നിന്നും വാക്കുകൾ ചുരണ്ടി നീക്കപ്പെടുകയാണ്. ചരിത്രം ബാക്കിയാകാൻ പാടില്ലെന്ന് അനുശാസിക്കുന്ന അജ്ഞാതരായ അധികാരവൃന്ദങ്ങളുടെ പ്രവൃത്തിയാണത്. ചരിത്രം അവശേഷിക്കുന്നത് തിന്മകളുടെ നശീകരണത്തിനു ഹേതുവാകും. തിരിച്ചറിവിലേക്ക് നയിക്കുന്ന, ജനതതിയെ പ്രബുദ്ധമാക്കുന്ന ചരിത്രം നഷ്ടമാക്കാൻ ഭാഷയെ പറിച്ചെറിഞ്ഞാൽ മതിയെന്ന് അധിനിവേശത്തിന്റെ അതിബുദ്ധികൾ കണക്കുകൂട്ടുന്നു.

എന്നന്നേക്കുമായി ചരിത്രപുരുഷരും ജനാവലികളും വിസ്മൃതിയിലാകുന്നു. 

അക്ഷരങ്ങളോ അതു കൂട്ടിച്ചൊല്ലിയുള്ള വാക്കിന്റെ രൂപങ്ങളോ ആരുടെയും ഉള്ളിൽ നിലനില്ക്കുന്നില്ല. രണ്ടാമതും മരിച്ചവർ ഭൂമിയുടെ പാരുഷ്യവും അവർക്കൊപ്പം കൊണ്ടുപോയിരിക്കുന്നു. ഇലകളുടെ പച്ചയും അരുവിയുടെ തണുപ്പും ഇന്നിന് അജ്ഞാതമായിരിക്കുന്നു. എന്താണ് ഈ പ്രപഞ്ചത്തിന് നമ്മെക്കൊണ്ട് ഒരു ഉപകാരമുള്ളതെന്ന് ആർക്കുമറിയില്ല. കിളികളുടെ ശബ്ദം മരത്തിൽ ഇപ്പോഴും കേൾക്കാം, പക്ഷേ, പാട്ടെവിടെപ്പോയി എന്നു കവി ചോദിക്കുന്നു. ഇന്നത്തെ കിളികളിൽ നിന്നു പോലും ഭാഷയുടെ മാധുരി ചോർന്നുപോയിരിക്കുന്നു. അത്രയും സങ്കടകരമായ സാമൂഹികാവസ്ഥയെയാണ് കവി അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെയും സാമൂഹ്യബോധത്തിന്റെയും എല്ലാ അടരുകളിലും പ്രത്യക്ഷമായിട്ടുള്ള ഭാഷയെ അതിന്റെ എല്ലാ വൈവിദ്ധ്യത്തോടെയും കൂടെയേന്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ചുമതലയാണെന്ന സത്യം കവി നമ്മെ ഓർമ്മിപ്പിക്കുന്നു. മൂലകവിതയുടെ പൊരുൾ നഷ്ടമാകാതെയാണ് സച്ചിദാനന്ദൻ ഈ വിവർത്തനം നമുക്ക് സമ്മാനിച്ചിട്ടുള്ളത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ