ബദറുൽ മുനീർ - ഹുസ്നുൽ ജമാൽ ( കഥാ സംഗ്രഹം)




'ബദറുൽ മുനീർ -ഹുസ്നുൽ ജമാൽ' ഒരു പേർസ്യൻ കഥയാണ്. പേർസ്യൻ ഭാഷയിൽ മുഈനുദ്ദീൻഷാ രചിച്ച കാവ്യത്തിലാണ് ഈ കഥ പ്രതിപാദിക്കപ്പെടുന്നത്‌. ഈ ഇതിവൃത്തത്തെ അടിസ്ഥാനമാക്കിയാണ് മൊയീൻ കുട്ടി വൈദ്യർ മാപ്പിളപ്പാട്ടിൽ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ എന്ന കാവ്യം രചിച്ചത്. നിസാമുദ്ദീൻ എന്ന സുഹൃത്താണ് ഈ കഥ മൊയീൻ കുട്ടി വൈദ്യർക്കു പകർന്നു നല്കിയത്.


മൊയീൻകുട്ടി വൈദ്യർ ഭാവനാശാ ലിയായ മാപ്പിളപ്പാട്ട് രചയിതാവാണ്. പ്രസ്തുത കാവ്യ ശാഖയിൽ പ്രഥമഗണനീയനാണ് അദ്ദേഹം. മേല്പറഞ്ഞ കാവ്യത്തിനു പുറമേ ബദർ പടപ്പാട്ട്, ഉഹ്ദു പടപ്പാട്ട്, മലപ്പുറം പടപ്പാട്ട് എന്നിങ്ങനെ വേറെയും കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. 1852 ൽ. 1892 വരെയാണ് അദ്ദേഹത്തിൻ്റെ ജീവിത കാലയളവ്. മലബാറുകാരുടെ ഹൃദയത്തിൽ പ്രണയഭാവനയുടെ നറുനിലാവ് പകർന്ന കഥാപാത്രങ്ങളാണ് ബദറുൽ മുനീറും ഹുസ്നുൽ ജമാലും. മൊയീൻകുട്ടി വൈദ്യരുടെ കാവ്യത്തിന് കാരശ്ശേരി മാഷ് ഹുസ്നുൽ ജമാൽ എന്ന പേരിൽ ഒരു പുനരാഖ്യാനം തയ്യാറാക്കിയിട്ടുണ്ട്. അതിനെ ഉപജീവിച്ചു കൊണ്ട് കഥാസംഗ്രഹം തയ്യാറാക്കുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.


ഹിന്ദ് രാജ്യം ഭരിച്ചിരുന്നത് മഹാസിൻ എന്ന ശക്തനും ധീരനുമായ രാജാവായിരുന്നു. അസ്മീർ എന്ന നഗരത്തിലായിരുന്നു രാജധാനി സ്ഥിതി ചെയ്തിരുന്നത്. രാജാവിനെപ്പോലെ പേരുകേട്ടവനായിരുന്നു മന്ത്രി. മസാമിർ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. മന്ത്രിയെ തീവ്രമായ ഒരു ദു:ഖം ബാധിച്ചിരുന്നു. തനിക്ക് മക്കളില്ലല്ലോ എന്നതായിരുന്നു ദു:ഖം. അക്കാലത്ത് ഒരു ജ്യോത്സ്യൻ പ്രവചിച്ചതു പോലെ അതിസുന്ദരനും ബുദ്ധിമാനുമായ ഒരു പുത്രൻ മന്ത്രിക്ക് ഉണ്ടായി.  പൂർണ്ണചന്ദ്രനെപ്പോലെ ശോഭയുള്ളവനായ ഒരു മകൻ. അവന് ബദറുൽ മുനീർ എന്നു പേരിട്ടു. ബദറുൽ മുനീർ എന്നാൽ പൂർണ്ണചന്ദ്രൻ എന്നർത്ഥം. അവൻ പിറന്ന് മൂന്നു വർഷം തികഞ്ഞപ്പോൾ രാജാവിന് ഒരു മകൾ ജനിച്ചു. മകൾക്ക് ഹുസ്നുൽ ജമാൽ എന്ന പേര് വിളിച്ചു. ഭംഗിയുടെ തികവ് എന്നാണ് ആ പേരിനർത്ഥം. രണ്ടു കുട്ടികളും ഒരുമിച്ച് വളർന്നു. 


കാലം മുന്നോട്ടു പോയി. ബദറുൽ മുനീർ സൗന്ദര്യത്തിലും സംഗീതത്തിലും ഒന്നാമനായി. അയൽനാടുകളിൽപ്പോലും കേൾവിപ്പെടത്തക്കവിധം ഹുസ്നുൽ ജമാലിൻ്റെ സൗന്ദര്യം വർദ്ധനീയമായി. അവളുടെ ഹൃദയത്തിൽ പതിഞ്ഞത് പക്ഷേ, ബദറുൽ മുനീറിൻ്റെ മുഖമായിരുന്നു. ഇണപിരിയാത്ത അവരുടെ കൂട്ട് പ്രണയത്തിൽ കലാശിച്ചു. നുണ പറച്ചിലുകാർ ഈ വിവരം രാജാവിൻ്റെ കാതിലെത്തിച്ചു. രാജപുത്രിയെ മന്ത്രി പുത്രൻ കാമിക്കുകയോ ? രാജാവ് ക്ഷുഭിതനായി. ബദറുൽ മുനീർ ഇനി കൊട്ടാരത്തിൽ കടക്കരുതെന്നും കുമാരിയെ കാണരുതെന്നും അന്ത്യശാസനം പുറപ്പെടുവിച്ചു. ബദറുൽ മുനീർ ഭയന്നു. പ്രിയതമനെ കാണാതെ ഹുസ്നുൽ ജമാൽ തളർന്നു. ദു:ഖിതയായ അവൾ എപ്രകാരമെങ്കിലും അവനെ കാണണമെന്ന ചിന്തയാൽ കൂടിക്കാഴ്ചയ്ക്ക് പദ്ധതി തയ്യാറാക്കി. അതുപ്രകാരം പൂന്തോട്ടത്തിൽ വെച്ച് അർദ്ധരാത്രിയിൽ അവർ പരസ്പരം കണ്ടുമുട്ടി. ഒരുമിച്ചു ജീവിക്കാ ഒളിച്ചോടാൻ തീരുമാനിച്ചു. അവരുടെ സംഭാഷണം അബു സയ്യദ് എന്ന നീചൻ ഒളിച്ചിരുന്നു കേട്ടു. അയാൾ പുലർച്ചെ മന്ത്രിക്ക്‌ വിവരം നല്കി. മന്ത്രി പുത്രനെ തന്ത്രപൂർവം ഒരു മുറിയിലേക്ക് വിളിപ്പിച്ചു. കുമാരൻ പ്രവേശിച്ച ഉടനെ മുറി അടച്ചു പൂട്ടി. അങ്ങനെ ബദറുൽ മുനീർ ബന്ധനസ്ഥനായി. അന്ന് അർദ്ധരാത്രിയിൽ കാറ്റിൻ്റെ വേഗത്തിൽ പായുന്ന കുതിരയെ ഒരുക്കി എല്ലാ സന്നാഹങ്ങളോടും കൂടി ഹുസ്നുൽ ജമാൽ നിലകൊണ്ടു. എന്നാൽ മുനീർ എത്തിയില്ല. കാത്തിരുന്ന് അവൾ മുഷിഞ്ഞു. അപ്പോൾ കടന്നു വന്നത് മുനീറാണെന്ന് കരുതി അയാളെ കുതിരപ്പുറത്തേറ്റി രാജകുമാരി കുതിച്ചു. രാജ്യാതിർത്തി കടന്ന് വിശ്രമിക്കാനായി നിന്നപ്പോളാണ് അത് മുനീറല്ല, അബു സയ്യദാണെന്ന് അവൾ തിരിച്ചറിഞ്ഞത്. അവൾ ഞെട്ടി; ബോധമറ്റു. കുമാരിയെ അന്യനാട്ടിൽ വെച്ച് സ്വന്തമാക്കാമെന്ന അബു സയ്യദിൻ്റെ ആഗ്രഹം പാളി. ബോധം വീണ്ടു കിട്ടിയ രാജകുമാരി രോഷാകുലയായി. അബു സയ്യദ് താണുകേണു. രണ്ടു പേരും എത്തിച്ചേർന്നത് ബഹ്ജർ രാജാവിൻ്റെ പ്രദേശത്തായിരുന്നു. പദാർത്ഥങ്ങൾ സംഘടിപ്പിക്കാൻ രാജകുമാരിയുടെ ആജ്ഞ പ്രകാരം പട്ടണത്തിലേക്ക് പോയ അബു സയ്യദ് ഒരു ആൾക്കൂട്ടം കണ്ടു. അവർ ഒരു മുത്തു പരിശോധിക്കുകയായിരുന്നു. ബഹ്ജർ രാജാവിൻ്റെ ആജ്ഞ പ്രകാരമായിരുന്നു അത്. തൻ്റെ 'ഭാര്യ' മുത്തു പരിശോധിക്കുന്നതിൽ മിടുക്കിയാണെന്ന് സമർത്ഥിച്ച അബു സയ്യദ് മുത്തുമായി തിരിച്ചെത്തി. കുമാരിയോട് കാര്യങ്ങൾ ഉണർത്തിച്ചു. മുത്ത് കളങ്കമുള്ളതാണ് (ചീത്തയാണ്) എന്ന് അവൾ വിലയിരുത്തി. ശാം രാജാവ് ബഹ്ജർ രാജാവുമായി പന്തയം വെച്ചതായിരുന്നു. ബഹ്ജർ രാജാവ് മുത്ത് പൊട്ടയാണെന്ന് ശാം രാജാവിനെ അറിയിച്ചു. പറഞ്ഞയാളുടെ സാന്നിദ്ധ്യത്തിൽ മുത്തു പൊളിക്കാൻ നിശ്ചയിച്ചു. ഹുസ്നുൽ ജമാൽ പറഞ്ഞതായിരുന്നു വസ്തുത. മുത്ത് വെറും ചെളിയും വെണ്ണീറും നിറഞ്ഞതായിരുന്നു. പന്തയം വിജയിച്ച ബഹ്ജർ രാജാവ് ഹുസ്നുൽ ജമാലിൻ്റെ സൗന്ദര്യത്തിലും ബുദ്ധിശക്തിയിലും ഭ്രമിച്ച് അവളെ ഭാര്യയായി കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അവൾ അത് നിരസിച്ചു. പിടികൂടാൻ വന്ന പടയാളികളെ അരിഞ്ഞു തള്ളി അവൾ കുതിരപ്പുറത്തേറി രക്ഷപ്പെട്ടു.

ബഹ്ജർ രാജ്യാതിർത്തി പിന്നിട്ട് ക്ഷീണത്താൽ സമീപം കണ്ട പൊയ്കയിൽ അവൾ കുളിക്കാനിറങ്ങി. ഈ കാഴ്ച കണ്ട മുസ്താക്ക് എന്ന ജിന്ന് അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി. മുസ്താക്ക് രോഷത്തോടെ എതിരിടാനെത്തിയ കുമാരിയെ ഉഗ്രശബ്ദത്താൽ ബോധം കെടുത്തി എടുത്ത് തേരിലേറ്റി നാലാം കടലിലെ മാളികയിലേക്ക് കൊണ്ടുപോയി. അതിനു സമീപം കമനീയമായ ഒരു മാളിക പണിത് അവളെ പാർപ്പിച്ചു. മുസ്താക്കിൻ്റെ വിവാഹാഭ്യർത്ഥന കാരണ സഹിതം അവൾ നിരസിച്ചു. തനിക്ക് മാരകരോഗമാണെന്നും അത് ഭേദമാകുന്നതുവരെ കാത്തിരിക്കണമെന്നും അവൾ പറഞ്ഞു. കാത്തിരിക്കാൻ മുസ്താക്ക് സന്നദ്ധനായിരുന്നു. 


ഹുസ്നുൽ ജമാൽ പുറപ്പെട്ടു പോയതിനു പിറ്റേന്നാൾ ബദറുൽ മുനീർ മോചിതനായി. അവൻ തൻ്റെ പ്രിയതമയെ അന്വേഷിച്ചു പുറപ്പെട്ടു. പല പല ദേശങ്ങൾ താണ്ടി മലമുകളിലുള്ള ഒരു മാളികയിൽ എത്തി. അവിടെ ശദ്ദാദ് എന്ന ഭൂതത്തിൻ്റെ പിടിയിലകപ്പെട്ട, സ്വന്തം കാമുകനെക്കുറിച്ചോർത്ത് വ്യസനിച്ചു കഴിയുന്ന നജീമത്ത് എന്ന മനുഷ്യ യുവതിയെ കണ്ടു. ശദ്ദാദ് 39 യുവതികളെക്കൂടി അവിടെ പാർപ്പിച്ചിട്ടുണ്ടായിരുന്നു. നജീബിൻ്റെ വർത്തമാനം കേൾക്കെ ബദറുൽ മുനീർ ഉറങ്ങിപ്പോയി. അപ്പോൾ ശദ്ദാദ് അവിടെയെത്തി. ഉറങ്ങിക്കിടക്കുന്ന മുനീറിനെ കണ്ടു. അവൻ ഇവിടെ എങ്ങനെയെത്തി എന്ന് ആശ്ചര്യപ്പെട്ടു. മുനീറിനെ തൂക്കിയെടുത്ത് വെളിയിലേക്കെറിഞ്ഞു. ഏറിൻ്റെ ശക്തി കാരണം മുനീർ വളരെയകലെ കടലിൽ ചെന്നു വീണു. കടലിൽ മുങ്ങിപ്പൊങ്ങി, തളർന്ന് അവസാനം ഒരു തുരുത്തിൻ്റെ കരയിൽ എത്തി. അപ്പോൾ ദൂരെ കറുപ്പ് നിറമുള്ള മല കണ്ടു. അവൻ അതിൻ്റെ അടിവാരത്തിൽ എത്തി. മലമുകളിലേക്ക് കടക്കാനുള്ള കവാടത്തിൽ 'ജീവനിൽ കൊതിയുള്ളവർ കടക്കാൻ ശ്രമിക്കരുതെന്ന് ' എഴുതിയിരുന്നു. ഭയപ്പെടാതെ മുനീർ വാതിൽ കടന്നു. മീതേക്ക് കയറി. ഇഫരീത്ത് എന്നു പേരുള്ള ഭൂത രാജാവിൻ്റെ ഉബൈസ് എന്നു പേരുള്ള മകളുടെ കൊട്ടാരമായിരുന്നു അത്. അവിടെ ഒരു മാളികമുന്നിലെ തടാകത്തിൽ നിരവധി സുന്ദരികൾ കുളിക്കുന്നു. ചിലർ പാടുന്നു. അവർ മുനീറിൻ്റെ സൗന്ദര്യം കണ്ട് ജിന്നാണോ മനുഷ്യനാണോ എന്ന് അതിശയിച്ചു. ഉബൈസ് രാജകുമാരി വന്നു പോകുന്നതു വരെ അവന് ഒളിച്ചു കഴിയാൻ സൗകര്യം നല്കി. 


മൂന്നു ദിവസം കഴിഞ്ഞ് ഉബൈസ് വന്നു. തോഴിമാരോടൊപ്പം കുളിക്കാൻ പോയി. ബദറുൽ മുനീർ തൻ്റെ കയ്യിൽ കിട്ടിയ സിത്താറെടുത്ത് മധുരമായി വായിച്ചു. ആ ഗാനം കേട്ട് ഉബൈസടക്കമുള്ള സുന്ദരികൾ വിസ്മയിച്ചു. സകലതും അവർ വിസ്മരിച്ചു. അവനെ കാണ്മാനുള്ള മോഹത്തോടെ, അവൻ്റെ സൗന്ദര്യവും ഗാനവും ആസ്വദിക്കുന്നതിനായി മദോന്മത്തകളായി അവർ അണഞ്ഞു. ആഭരണങ്ങൾ മാറിയണിഞ്ഞും, വസ്ത്രം വേണ്ട വിധം ധരിക്കാതെയും തീരെ ധരിക്കാതെയുമൊക്കെയാണ് അവർ ഓടിയണഞ്ഞത്. സുന്ദരികളുടെ ചാപല്യം കണ്ട ബദറുൽ മുനീർ അത്ഭുതപ്പെട്ടു. ഉബൈസിന് അവൻ്റെ സൗന്ദര്യത്തോട് ഭ്രമം ഉണ്ടായി. അവൾ മറ്റാർക്കും ലഭ്യമാകാത്തവിധത്തിൽ അവനെ ചിറകില്ലാത്ത പക്ഷിയാക്കി കൂട്ടിലടച്ചു. അവൻ കരഞ്ഞു പറഞ്ഞപ്പോൾ ചിറക് അനുവദിച്ചു. പിന്നീട് ഉബൈസിൻ്റെ തോഴിമാരിൽ ചിലരുടെ സഹായത്തോടെ പക്ഷി രൂപത്തിൽ തന്നെ അവൻ പറന്നു രക്ഷപ്പെട്ടു.


വഴിമദ്ധ്യേ പരിചയപ്പെട്ട ഒരു പക്ഷിസുഹൃത്തിൻ്റെ സഹായത്തോടെ ജൂബൈനത്ത് എന്ന ജിന്നു സുന്ദരിയുടെ സമീപത്തും തുടർന്ന് അവളുടെ അനുജത്തിയായ റുബയ്യത്തിൻ്റെ സമീപത്തും വിധിവശാൽ അവനെത്തിച്ചേർന്നു. മന്ത്രവാദമറിയുന്ന റുബയ്യത്ത് അതൊരു സാധാരണപക്ഷിയല്ലെന്ന് മനസ്സിലാക്കി. സ്വന്തം കിടപ്പറയിലെ കൂട്ടിലാക്കി. രാത്രിയിൽ അവനെ അവൾ മനുഷ്യനാക്കി മാറ്റും. ജിന്നുകളുടെ സർവസൈന്യാധിപനായ അബ്ബാസിൻ്റെ മകളാണവൾ. ജുബൈനത്താണ് സഹോദരി. 28 സഹോദരന്മാരുമുണ്ട്. റുബയ്യത്തിൻ്റെ കൊട്ടാരം ചെമ്പ് കൊണ്ട് നിർമ്മിച്ച നിലത്താണ് നില്ക്കുന്നത്. കൊട്ടാരത്തിന് ചുറ്റും ചില്ലുമല. അതിനു ചുറ്റും വലിയൊരു കിടങ്ങ്. കിടങ്ങിൽ ആളിക്കത്തുന്ന അഗ്നി. ഈ കിടങ്ങിനെ ചുറ്റിയുള്ള എഴു വലിയ മലകൾ. അവ ചെമ്പിനാൽ നിർമ്മിതം. ഈ മലകളുടെ ഇടയ്ക്ക് കടലും. കടലിൻ്റെ അടിഭാഗവും ചെമ്പ്. നാലു ലക്ഷം ഭൂതങ്ങൾ ഓരോ മലയിലും കാവൽ. അബ്ബാസാണ് ഇവരുടെ നായകൻ. നേരത്തെപ്പറഞ്ഞ ഉബൈസ് റുബയ്യത്തിൻ്റെ ഒരു സഹോദരൻ്റെ ഭാര്യയാണ്. ഉബൈസ് പല പുരുഷരുടെയും കോലം മാറ്റിയിട്ടുണ്ട്. റുബയ്യത്ത് മുനീറിനെ സ്നേഹിച്ചെങ്കിലും അവളെ സ്നേഹിക്കാൻ അവൻ തയ്യാറായില്ല. അവൻ്റെ സ്നേഹം പിടിച്ചു പറ്റാനായി നിവൃത്തിയില്ലാതെ അവൾ ആ കഠിനമായ കോട്ടയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി പറഞ്ഞു കൊടുത്തു.


കൊട്ടാരത്തിൻ്റെ മുന്നിലുളള സവിശേഷമായ സർഹന്ത് മരം. അതിൻ്റെ ഇലയാലുണ്ടാക്കിയ തൊപ്പി ധരിച്ചാൽ ആർക്കും പറക്കാം. ഒരു കായ തിന്നാൽ ബലം ഇരട്ടിക്കും. തോൽക്കഷണം വായിലിട്ടാൽ ആൾ അദൃശ്യനാകും. പൂവിൽ വെള്ളമെടുത്തു ഒരാളുടെ ദേഹത്തു തളിച്ചാൽ അയാൾ ഉറങ്ങിപ്പോകും. ഇലച്ചാറ് പുരട്ടിയാൽ പൊള്ളലോ വേദനയോ ഉണ്ടാകില്ല. പൂവ് കൊണ്ട് തലോടിയാൽ ഉറക്കമുണരും.സർഹന്തിൻ്റെ തണ്ടുകൊണ്ട് അടിച്ചാൽ എന്തും തവിടുപൊടിയാകും.


മുനീർ ഈ അറിവ് പ്രയോഗിച്ചു. റുബയ്യത്തിനെ ഉറക്കിക്കിടത്തി അവൻ പറന്നു. കിടങ്ങിലെ ആളിക്കത്തുന്ന അഗ്നി അവനെ ബാധിച്ചില്ല. അവൻ ജിന്നുകളുടെ രാജ്ഞിയായ ഖമർബാൻ്റെ കൊട്ടാരത്തിലെത്തി. അവളുടെ സൗന്ദര്യം മുനീറിനെ ഭ്രമിപ്പിച്ചെങ്കിലും ഹുസ്നുൽ ജമാലിനോടുള്ള പ്രതിജ്ഞ അവൻ മറന്നില്ല. തുടർന്ന് തിരിച്ചു പോകെ, വായിൽ നിന്നും മരത്തോൽ താഴെ വീണു. അതോടെ അവൻ ദൃശ്യനായി. ഭൂതങ്ങൾ അവനെ ആക്രമിച്ചു. എന്നാൽ സർഹന്തിൻ്റെ ദണ്ഡു കൊണ്ട് അവൻ തിരികെ ആക്രമിച്ചു. അവൻ്റെ പരാക്രമം അബ്ബാസിൽ സംശയമുണ്ടാക്കി. അദ്ദേഹം റുബയ്യത്തിൻ്റെ കൊട്ടാരത്തിൽ ചെന്ന് ഉറക്കത്തിൽ നിന്നും അവളെ മോചിപ്പിച്ചു. കുപിതയായ റുബയ്യത്ത് സർഹന്ത് ദണ്ഡുമായി വന്ന് ബദറുൽ മുനീറിനോട് ഏറ്റുമുട്ടി. അവളുടെ ഗർജ്ജനം കേട്ട മുനീർ ബോധം കെട്ടു. മുനീറിനെ ഖമർബാൻ സമക്ഷം ഹാജരാക്കി. രാജ്ഞിയുടെ മുദ്രമോതിരം മുനീറിൻ്റെ പക്കൽ നിന്നും കിട്ടി. ഖമർബാൻ മുനീറിനെ ശിക്ഷിച്ചില്ല. അവൻ തനിക്കൊരു കൂട്ടാകുമെന്ന് പ്രതീക്ഷിച്ചു. മൂന്നു വർഷം കാത്തിരിക്കണമെന്ന് അവൻ അപേക്ഷിച്ചു. മുനീറിൻ്റെ ആവശ്യപ്രകാരം ഖമർബാൻ ശദ്ദാദ് എന്ന ഭൂതത്തെ പിടിച്ചുകെട്ടാൻ ഉത്തരവിട്ടു. നാല്പതു യുവതികളെയും അവരുടെ ഭർത്താക്കന്മാരെയും മോചിപ്പിച്ചു. ശദ്ദാദിൻ്റെ തല വെട്ടി. 


ഒരു ദിവസം പൂന്തോട്ടത്തിൽ കിടന്നുറങ്ങുകയായിരുന്ന മുനീറിൻ്റെ സൗന്ദര്യത്തിൽ വശംകെട്ട സുഫൈറ എന്ന പരിജിന്ന് (ജിന്നുകളിൽ മുന്തിയവർ) അവനെ തട്ടിക്കൊണ്ടുപോയി കൊട്ടാരത്തിൽ പാർപ്പിച്ചു. അവന് വേണ്ടുന്ന എല്ലാ സൗകര്യവും ഒരുക്കി. ഉല്ലാസയാത്രയ്ക്ക് ഒരു തേരും നല്കി. ആ ഉല്ലാസയാത്രയ്ക്കിടയിൽ അതീവ സുന്ദരിയായ ജമീല എന്ന രാജകുമാരിയെ പരിചയപ്പെട്ടു. തുടർന്ന് ജമീലയുടെ ആവശ്യപ്രകാരം അവളുടെ കൊട്ടാരത്തിൽ താമസമാക്കി. എന്നാൽ നർത്തകികളുടെ വേഷത്തിലെത്തിയ സുഫൈറയും കൂട്ടുകാരികളും മുനീറിനെ കണ്ടെത്തി തിരികെ കൊണ്ടുപോയി. തന്നെ വിവാഹം കഴിക്കാൻ തയ്യാറാകാത്ത മുനീറിനെ ആഴക്കിണറിൽ തള്ളി. സർവശക്തനായ ദൈവം അയാളെ രക്ഷിച്ചു. ആ കിണറ്റിൽ മുളച്ച എന്നും കായ്ക്കുന്ന, ഒരു വള്ളിയുടെ ഫലം അയാളുടെ ജീവൻ നിലനിർത്തി. 


ജമീലയുടെ പാരവശ്യം കണ്ട് സഹിയാഞ്ഞ  ജുമൈല കൊട്ടാരം വിട്ടിറങ്ങി. വഴിയിൽ അവൾ മുസ്താക്കിനെ കണ്ടു. നാലാം കടലിലെ മാളികയിലേക്ക് അവളെ കൊണ്ടുപോയി. അവളുടെ ദു:ഖ കാരണം മുസ്താക്ക് ആരാഞ്ഞു. മുനീറിനെ, മനുഷ്യ യുവാവിനെ, അന്വേഷിക്കാൻ ഉത്തരവിട്ടു. ദാസിമാരിൽ ഒരുവൾ മുസ്താക്കിൻ്റെ  ഏക സോദരിയായ സുഫൈറയുടെ കൊട്ടാരത്തിൽ കഠിന പീഡയനുഭവിച്ച് ഒരു യുവാവ് കഴിയുന്നുണ്ടെന്ന് അറിയിച്ചു. മുസ്തക്ക് കോപിഷ്ഠനായി. മുനീറിനെ മോചിപ്പിച്ചു. സുഫൈറയെ ശിക്ഷിച്ചു. മുനീറിൻ്റെ ശരീരത്തിനേറ്റ ക്ഷീണവും മറ്റും മാറുന്നതുവരെ സുഫൈറയെ കിണറ്റിൽ തള്ളി. നാലാം കടലിലെ മാളികയിലെത്തിയ മുനീറിൻ്റെ സങ്കട കാരണം ആരാഞ്ഞു. അവൻ്റെ ദു:ഖകഥ കേട്ട മുസ്താക്കിന് അടുത്ത മുറിയിൽ ഉറങ്ങുന്ന സുന്ദരിയെയാണ് അവൻ തേടുന്നതെന്ന് മനസ്സിലായി. മുസ്താക്കും ജുമൈലയും ഉണരുമ്പോൾ വിസ്മയം സൃഷ്ടിക്കാനായി കമിതാക്കളെ അടുത്തടുത്ത് ശയിപ്പിച്ചു. പ്രഭാതത്തിൽ ഉറക്കമുണർന്ന മുനീറും ഹുസ്നുൽ ജമാലും ആശ്ചര്യഭരിതരായി, ആലിംഗന ബദ്ധരായി. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയവർ ഇച്ഛാശക്തിയുടെ പ്രാബല്യത്താൽ ഒന്നിച്ചു. നാലുപേരും ജമീലയുടെ കൊട്ടാരത്തിലെത്തി. അവളെ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി അസ്മീറിലെത്തി. അവിടെ ഉജ്വലമായ വരവേല്പാണ് ലഭിച്ചത്.


ബദറുൽ മുനീറിൻ്റെയും ഹുസ്നുൽ ജമാലിൻ്റെയും വിവാഹത്തിന് നാട് അണിഞ്ഞൊരുങ്ങി. മുനീറിനെ തിരഞ്ഞ് നടക്കുകയായിരുന്ന ഖമർ ബാനും സാന്ദർഭികമായി അവിടെയെത്തി. തുടർന്ന് മഹാസിൻ രാജാവ് മുനീറിനെ മഹാരാജാവായി പ്രഖ്യാപിച്ചു. 


പിന്നീട് ഖമർബാൻ, സുഫൈറ, ജമീല എന്നീ സുന്ദരിമാരെയും ബദറുൽ മുനീർ വഴി പോലെ വിവാഹം കഴിച്ചു. മുസ്താക്കും ജുമൈലയും തമ്മിലുള്ള വിവാഹവും ഗംഭീരമായി നടത്തപ്പെട്ടു. 


തീവ്രമായ പ്രണയത്തിൻ്റെ വിജയകരമായ പര്യവസാനമാണ് ബദറുൽ മുനീർ ഹുസ്നുൽ ജമാൽ അവതരിപ്പിക്കുന്നത്. എന്നാൽ ഇതുപോലെ തീവ്രമായ ഒരു പ്രണയകാവ്യം മൊയീൻകുട്ടി വൈദ്യർ തുടർന്നെഴുതുകയുണ്ടായില്ല. ഇപ്രകാരം യുവതി പ്രണയസാഫല്യത്തിന് പോരാടുന്ന കാവ്യമെഴുതിയതിന് ശാസിക്കപ്പെടുന്ന അവസ്ഥ എഴുത്തുകാരന് വന്നു ചേർന്നുവെന്ന് കാരശ്ശേരി മാഷ് ഒരു ലേഖനത്തിൽ(സ്വാതന്ത്ര്യത്തിൻ്റെ പാട്ടുകാരൻ) പ്രസ്താവിക്കുന്നുണ്ട്. അതിനാലാകാം, പടപ്പാട്ടുകളിലാണ് വൈദ്യർ തുടർന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത്.

എങ്കിലും അനർഘമായ ഈ കാവ്യരചന കൊണ്ടു തന്നെ അദ്ദേഹം സാഹിത്യ മണ്ഡലത്തിൽ എന്നും പരിശോഭിക്കും. എഴുത്തുകാരൻ്റെ സ്വാതന്ത്ര്യത്തെ വിലക്കുന്ന മനോഭാവം സമൂഹത്തിൻ്റെ സർഗ്ഗാത്മകതയെത്തന്നെ അട്ടിമറിക്കുന്നുവെന്നാണ് എൻ്റെ അഭിപ്രായം.


ഗണേശൻ.വി


 



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ