മൊയിൻകുട്ടി വൈദ്യർ - ഒരു ലഘു കുറിപ്പ്.
അറബിമലയാളത്തിലെ പദ്യശാഖയായ മാപ്പിളപ്പാട്ടുകൾ സംഗീത നിർഭരവും സ്വതന്ത്ര ഭാവനയാൽ അനുഗ്രഹീതവുമാണ്. വിശുദ്ധന്മാരെ പ്രകീർത്തിക്കുന്ന മാലപ്പാട്ടുകൾ, വീരാ പദാനങ്ങളും യുദ്ധ പരാക്രമങ്ങളും വർണ്ണിക്കുന്ന പടപ്പാട്ടുകൾ, ശൃംഗാരപ്രധാനമായ കെസ്സുപാട്ടുകൾ, കത്തു പാട്ടുകൾ, കല്യാണപ്പാട്ടുകൾ, സർക്കീട്ട് പാട്ടുകൾ എന്നിങ്ങനെ പുതുമയുള്ളതും തനിമയുള്ളതുമായ വിവിധവിഭാഗങ്ങൾ അതിനുണ്ട്. ഈ മേഖലയിൽ വിജയക്കൊടി നാട്ടിയ എഴുത്തുകാരനാണ് മൊയിൻകുട്ടി വൈദ്യർ( 1852-1892).
മൊയിൻകുട്ടി വൈദ്യരെ സ്വാതന്ത്ര്യത്തിൻ്റെ പാട്ടുകാരനായാണ് കാരശ്ശേരി മാഷ് അവതരിപ്പിക്കുന്നത്. പ്രണയത്തെ ജീവിതാദർശമാക്കിയ ബദറുൽ മുനീർ - ഹുസ്നുൽ ജമാൽ എന്ന കാവ്യത്തിൻ്റെ രചയിതാവാണ് അദ്ദേഹം. നാട്ടുവൈദ്യരായ അഹമ്മദുകുട്ടി വൈദ്യരുടെ മകനാണ് മൊയിൻകുട്ടി. മതപാഠശാലയിൽ നിന്ന് അറബി, പാർസി ഭാഷകൾ പഠിച്ചു. പാരമ്പര്യ കുല വൃത്തി വൈദ്യമാണല്ലോ. അതിനായി സംസ്കൃതവും തമിഴും അഭ്യസിച്ചു. യാത്രാപ്രിയനാകയാലും വായനാ തൽപരനാകയാലും ഹിന്ദുസ്ഥാനി, കന്നഡ എന്നീ ഭാഷകൾ വശത്താക്കി. വിവിധ ഭാഷകളിലെ അറിവ് സ്വാഭാവികമായും സമൃദ്ധമായ തൻ്റെ കാവ്യഭാവനയെ ഒന്നു കൂടി പുഷ്കലമാക്കാൻ അദ്ദേഹം ഉപയോഗിച്ചു. കാവ്യങ്ങൾ പാടി അർത്ഥം പറയുന്ന പാടിപ്പറയലിന് കൂടുതൽ ഉപയോഗിക്കുന്നത് മൊയിൻകുട്ടി വൈദ്യരുടെ കൃതികളാണ്. ബദറുൽ മുനീർ - ഹുസ്നുൽ ജമാലിനു ശേഷം ചരിത്രത്തെ ആധാരമാക്കി മികച്ച ചില കാവ്യങ്ങൾ അദ്ദേഹം രചിച്ചു.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയാണ് വൈദ്യരുടെ ജന്മദേശം. മലബാറിലെ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥ അന്ന് പ്രശ്നഭരിതമായിരുന്നു. ജന്മിത്തത്തിൻ്റെ ചൂഷണവും ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ അടിച്ചമർത്തലും സ്വൈരതയെയും കർഷകരായ പാവപ്പെട്ടവരുടെ അവകാശങ്ങളെയും നിഷേധിച്ചു. ഭരണകൂടത്തിനെതിരെയും ജന്മിത്തത്തിനെതിരെയും പ്രതിഷേധമുയർന്നു. കർഷക ലഹളകൾക്ക് ഒരു പരിധി വരെ നേതൃത്വം നല്കിയത് മലബാറിലെ മാപ്പിളമാരായിരുന്നു. കൃതികളിൽ ഈയൊരു അന്തരീക്ഷം വിഭാവനം ചെയ്യാൻ വൈദ്യർക്ക് സാധിച്ചു.
സ്നേഹം, സ്വാതന്ത്ര്യം, ക്ഷമ എന്നിവയുടെ പ്രതീകമായ ഹുസ്നുൽ ജമാലിനെപ്പോലുള്ള കഥാപാത്രങ്ങളെ ഈ സങ്കീർണ്ണ സാമൂഹ്യ വ്യവസ്ഥയിൽ പോലും ചിത്രീകരിക്കാൻ സാധിച്ചു. ഒരു യുവതിയെ നായികയാക്കി, പ്രണയ സാഫല്യത്തിനു വേണ്ടി നാടും വീടും ഉപേക്ഷിച്ചു പോകുന്ന ഒരുവളുടെ തൻ്റേടം ഇതിവൃത്തമാക്കി, ഒരു 'കഥകേട്,' നിർമ്മിച്ചതിന് സമൂഹം യുവ കവിയെ (മൊയിൻകുട്ടിയെ )വിചാരണ ചെയ്തിട്ടുണ്ടെന്ന് കാരശ്ശേരി മാഷ് ചൂണ്ടിക്കാട്ടുന്നു.

കറ പുരളാത്ത സ്വാതന്ത്ര്യബോധമാണ് ചരിത്ര കാവ്യങ്ങളുടെ രചനയ്ക്ക് പിന്നിൽ. 1876 ൽ രചിച്ച ബദർപടപ്പാട്ട് ശ്രദ്ധേയമാണ്. മറ്റൊരു കൃതി 1879 ലെ ഉഹദ്പടപ്പാട്ടുമാണ്. അന്യായത്തിനും അക്രമത്തിനും എതിരെ പ്രതികരിക്കുന്ന കവിഹൃദയം ഇവിടെ കാണാവുന്നതാണ്. മലപ്പുറം പടപ്പാട്ട്, സലീഖത്ത് പടപ്പാട്ട് മുതലായവ സാക്ഷ്യങ്ങളായുണ്ട്.
മലപ്പുറത്ത് കുടിയാന്മാരും ജന്മിമാരും തമ്മിൽ 250 വർഷം മുമ്പ് നടന്ന ഒരു കലാപമാണ് മലപ്പുറം പടപ്പാട്ടിലെ പ്രതിപാദ്യം. കേരളചരിത്രത്തെ ആധാരമാക്കി മലയാളഭാഷയിൽ രചിക്കപ്പെട്ട ആദ്യകാല കാവ്യങ്ങളിൽ ഒന്നാണ് മലപ്പുറം പടപ്പാട്ട്. ഒരു കാലത്തിൻ്റെ നീതിബോധവും ഒരു ദേശത്തിൻ്റെ സ്വാതന്ത്ര്യബോധവും ഒരു സമൂഹത്തിൻ്റെ ധാർമ്മിക ബോധവും ചരിത്രത്തിലും സംഗീതത്തിലും ചാലിച്ചെഴുതിയ കവിയായ മൊയീൻ കുട്ടി വൈദ്യർ സാഹിത്യ ചരിത്രത്തിൽ സവിശേഷ സ്ഥാനം അർഹിക്കുന്നുവെന്ന എം.എൻ. കാരശ്ശേരിയുടെ നിഗമനത്തോട് യോജിക്കാവുന്നതാണ്.
റഫ.
സ്വാതന്ത്ര്യത്തിൻ്റെ പാട്ടുകാരൻ - ഡോ.എം.എൻ.കാരശ്ശേരി
ഗണേശൻ വി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ