അറബിമലയാളം - ആഖ്യാനത്തിലെ വിശേഷങ്ങൾ
കേരളത്തിൻ്റെ സാംസ്കാരികത്തനിമയുമായി ഇഴുകിച്ചേർന്ന വിഭാഗമായിരുന്നു അറബികൾ. അറബി ഭാഷ സംസാരിക്കുന്നവരായ ഈ കൂട്ടർ വളരെ പ്രാചീനവും ഉത്കൃഷ്ടവുമായ ഒരു സംസ്കാരത്തിൻ്റെ വക്താക്കളാണ്. ഇബ്രാഹിം നബിയുടെയും ഇസ്മായിൽ നബിയുടെയും വിശ്വാസപ്രമാണത്തെ അടിസ്ഥാനമാക്കിയാണ് അറബികൾ പ്രവർത്തിച്ചത്. ഇസ്ലാംമതത്തിൻ്റെ ആവിർഭാവത്തിന്നു മുന്നേ കേരളവുമായി അവർ കച്ചവടബന്ധത്തിൽ ഏർപ്പെട്ടിരുന്നു. അതിനു നിരവധി തെളിവുകളുണ്ട്. സാമൂതിരിയും അറബികളും തമ്മിലുള്ള ബന്ധം കേരളാ ചരിത്രത്തിൽ എടുത്തു പറയുന്ന ഒന്നാണ്. 16-ാം ശതകം വരെയും തദ്ദേശീയരുമായുള്ള അവരുടെ ബന്ധം ശക്തമായിരുന്നു. വാണിജ്യബന്ധം മാത്രമല്ല, അറബികൾ സാമൂഹിക സാംസ്കാരികബന്ധവും കെട്ടിപ്പടുത്തു. കച്ചവടത്തിന് വന്ന അറബികളും തദ്ദേശീയരായ ജനങ്ങളും തമ്മിലുള്ള സമ്പർക്കത്തിൻ്റെ, സാമൂഹിക ബന്ധത്തിൻ്റെ ഭാഗമായാണ് മാപ്പിളമാർ എന്ന ജനവിഭാഗം കേരളത്തിൽ രൂപപ്പെട്ടത് എന്നു പറയപ്പെടുന്നു. ഈ ഇഴചേരലിൻ്റെ ബാക്കിപത്രവും സാംസ്കാരിക മുന്നേറ്റവുമാണ് അറബി മലയാളമെന്ന സാഹിത്യരൂപം. പേരിൽ സൂചിതമായിട്ടുള്ളതു പോലെ മലയാളവും അറബിയുമാണ് അതിൽ ഉൾച്ചേർന്നിരിക്കുന്നത്.
ഒരു കാലയളവിൽ മലബാറിൽ ഏറെ പ്രചാരമുണ്ടായിരുന്ന മിശ്ര ഭാഷയാണ് അറബി മലയാളം. അറബിഭാഷാ പണ്ഡിതർ അതിനായി ഒരു സവിശേഷലിപി തന്നെ രൂപപ്പെടുത്തി. അറബി മലയാള ലിപി ഒരാവശ്യകതയായി മാറിയതിനു പിന്നിൽ ചില കാരണങ്ങളുണ്ട്. മുഖ്യമായിട്ടുള്ളത് മതപരമായ കാരണമാണ്. അറബികളായ ഇസ്ലാം മത വിശ്വാസികളുടെ പ്രമാണ ഗ്രന്ഥമായ ഖുർ-ആൻ, നബി വചനങ്ങൾ മുതലായവ എഴുതാൻ മലയാളലിപി അപര്യാപ്തമെന്നു തോന്നിയതും മതപരമായ വിഷയങ്ങൾ അറബി വിട്ട് മറ്റൊരു ഭാഷയിൽ എഴുതിക്കൂടെന്ന അന്ധവിശ്വാസവും ഇതിനു കാരണമായി. അതിനാൽ എഴുത്തിനായി പുതിയ ചിഹ്നങ്ങൾ നല്കി പ്രത്യേക അക്ഷരമാല തന്നെ നിർമ്മിക്കപ്പെട്ടു. ഒരു വിദേശീ സ്വദേശീ സംസ്കാര മിശ്രണം ഇവയിൽ അടങ്ങിയിട്ടുണ്ട്. പ്രാചീന കാലത്ത് മണിപ്രവാളം എന്ന മിശ്ര ഭാഷ ഇവിടെ രൂപം കൊണ്ടിരുന്നു. സ്വകീയ പദാവലികൾ മണിപ്രവാളത്തിനെന്ന പോലെ അറബിമലയാളത്തിനുമുണ്ട്. കേരളത്തിലെത്തിയ ആര്യന്മാരും തദ്ദേശീയരും തമ്മിലുള്ള സമ്പർക്കത്തിൻ്റെയും സങ്കലനത്തിൻ്റയും അടയാളമാണ് മണിപ്രവാളം. (മണിപ്രവാളം പക്ഷേ, ഭാഷാ സമന്വയമാണ്. പ്രത്യേക അക്ഷരമാലയോ ലിപിയോ അതിനില്ല) മണിപ്രവാളം, അറബിമലയാളം എന്നിവ പോലെ സംസ്കാര സമന്വയത്തിൻ്റെ മറ്റൊരടയാളമാണ് കുർസോനി. ക്രിസ്ത്യാനികൾ രൂപപ്പെടുത്തിയ ലിപിമാലയാണത്. കുർസോനി ചരിത്രത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. ഇന്നത് നിലവിലില്ല. പ്രാചീനമായ മണിപ്രവാളമുയർത്തിയ സാംസ്കാരിക സമ്പർക്കത്തിനും ഇന്ന് നിലനില്പില്ല. സാഹിതീയ സ്വത്വം എന്ന നിലക്ക് അറബിമലയാളത്തിൻ്റെ പ്രസക്തി അസ്തമിച്ചെങ്കിലും അത് അദ്ധ്യയന മാദ്ധ്യമം എന്ന നിലയ്ക്ക് ഇന്നും പലയിടങ്ങളിലും തുടരുന്നുണ്ട്.
അറബിമലയാളം രൂപപ്പെട്ടത് എന്നാണ് എന്നതിനെക്കുറിച്ച് കൃത്യമായി പറയാനാകില്ല. ചുരുങ്ങിയത് 500 വർഷത്തെയെങ്കിലും പഴക്കം അതിനുണ്ട്. ഒരു കാലത്ത് അറബിമലയാളത്തിൽ വാരികകളും മാസികളും ഇറങ്ങിയിരുന്നുവെന്ന് പറയുമ്പോഴാണ് അതിൻ്റെ വ്യാപ്തി അനുഭവപ്പെടുകയെന്ന് കാരശ്ശേരി മാഷ് ചൂണ്ടിക്കാട്ടുന്നു.

അറബിമലയാള സാഹിത്യത്തിൽ പദ്യവും ഗദ്യവുമുണ്ട്. ഇക്കൂട്ടത്തിലെ പദ്യശാഖ മാപ്പിളപ്പാട്ട് എന്നറിയപ്പെടുന്നു. മാപ്പിളപ്പാട്ടിന് വരമൊഴി(എഴുത്ത്) രൂപവും വാമൊഴി രൂപവുമുണ്ട്. മാപ്പിളപ്പാട്ടിൽ സംഗീതത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഒരു പാട്ട് മാപ്പിളപ്പാട്ടാണെന്ന് തീരുമാനിക്കുന്നതിൽ അതിൻ്റെ സംഗീതമാണ്. മാപ്പിളപ്പാട്ടിലെ ഈണത്തിൻ്റെ താളക്രമം 'ഇശൽ' എന്ന് അറിയപ്പെടുന്നു. തൊങ്കൽ, കൊമ്പ്, കപ്പപ്പാട്ട്, ഒപ്പന ചായൽ തുടങ്ങി നൂറുകണക്കിന് ഇശലുകളുണ്ട്. 'ഇയൽ' എന്ന തമിഴ് പദത്തിൽ നിന്നാണ് ഇശൽ രൂപപ്പെട്ടത്. ഇശൽ എന്ന ഗാനമാത്രകളാണ് മാപ്പിളപ്പാട്ടിൻ്റെ അടിസ്ഥാനം. എന്നാൽ ഇതിന് പ്രചോദനവും മാതൃകയും പകർന്നത് ദ്രാവിഡ ഗാനരീതികളാണ്. ഉദാഹരണത്തിന് തൊങ്കൽ എന്ന ഇശൽ 'മാവേലി നാടു വാണീടും കാലം' എന്ന മട്ടിലാണ്. അറബി ഈണവും ദ്രാവിഡതാളവും തമ്മിലുള്ള സമന്വയമാണ് മാപ്പിളപ്പാട്ടുക; രണ്ടു സംസ്കാരധാരകളുടെ സങ്കലനം.
മാപ്പിളപ്പാട്ടിൽ സംഗീതം വളരെ പ്രധാനമാകയാൽ പ്രാസനിബന്ധനകൾ കർശനമാണ്. പ്രധാനമായും നാല് പ്രാസവ്യവസ്ഥകളാണ് മാപ്പിളപ്പാട്ടിലുള്ളത്. കമ്പി, കഴുത്ത്, വാൽക്കമ്പി, വാലുമ്മൽക്കമ്പി എന്നിവയാണ് അവ. ഒരു പാദത്തിലെ(വരിയിലെ) ഓരോ ഖണ്ഡത്തിൻ്റെയും ആദ്യക്ഷരം സമാനമാകണം എന്ന നിബന്ധനയാണ് കമ്പി. ഇതിന് പാദാർദ്ധാദിപ്രാസം എന്നും പറയുന്നു. പ്രാചീനമായ പാട്ടുപ്രസ്ഥാനത്തിലെ മോനയാണ് ഇത്. നാലു പാദങ്ങളുടെയും രണ്ടാമത്തെ അക്ഷരം സമാനമാവണം എന്ന നിബന്ധനയാണ് കഴുത്ത്. ഇത് ദ്വിതീയാക്ഷര പ്രാസം തന്നെ. പാട്ടു പ്രസ്ഥാനത്തിൽ 'എതുക' എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. അന്ത്യാക്ഷരങ്ങളുടെ സമാനതയാണ് വാൽക്കമ്പി. അറബി മലയാളത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഓരോ നാലുവരിയും അവസാനിക്കുന്ന പദമോ പദങ്ങളോ അക്ഷരങ്ങളോ കൊണ്ട് അടുത്തവരി ആരംഭിക്കുന്ന ചിട്ടയാണ് വാലുമ്മൽ കമ്പി. ഇതിനെ അന്താദി എന്നും പറയാം. തമിഴ് അറബി പാരമ്പര്യങ്ങളിലെ പ്രാസനിബന്ധനകളാണ് മാപ്പിളപ്പാട്ടുകൾ തുടരുന്നത്. പ്രാസനിർബന്ധങ്ങളിലും സാംസ്കാരിക മിശ്രണം ഉണ്ടത്രെ. അറബി, സംസ്കൃതം, തമിഴ്, ഹിന്ദുസ്ഥാനി, പാർസി, കന്നഡ മുതലായ ഭാഷകളിലെ പദങ്ങൾ സമൃദ്ധമായി മാപ്പിളപ്പാട്ടിലുണ്ട്. വാമൊഴി വാക്കുകളുമുണ്ട്. ഈണത്തിനും താളത്തിനും പ്രാസത്തിനും വേണ്ടി പറ്റിയ വാക്കുകൾ ഏതുഭാഷയിൽ നിന്നും അവർ തെരഞ്ഞെടുത്തു. കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴയ മാപ്പിളപ്പാട്ടുകൃതി ' മുഹ് യിദ്ദീൻ മാല'യാണ്. എഴുതിയത് കോഴിക്കോട്ടുകാരനായ ഖാസി മുഹമ്മദ്. രചനാകാലം എ.ഡി. 1607. ലളിതസുന്ദരപദാവലികളാണ് അന്നത്തെ മാപ്പിളപ്പാട്ടിൻ്റെ വശ്യത.
അധിനിവേശ മനോഭാവത്തോടെയല്ലാതുള്ള ഏതു ഭാഷയുമായുള്ള ചേർച്ചയും ഭാഷാ വികാസത്തിൻ്റെ പടവാണെന്ന് പറയാം. അപ്രകാരമെങ്കിൽ, മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും സർഗ്ഗാത്മകതയുടെയും വളർച്ചയ്ക്ക് അറബിമലയാളം സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്. അതിൽ നമുക്ക് അഭിമാനിക്കാം.
റഫ.
സ്വാതന്ത്ര്യത്തിൻ്റെ പാട്ടുകാരൻ -എം.എൻ.കാരശ്ശേരി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ