ഓണപ്പാട്ടുകാർ: വൈലോപ്പിള്ളി

ഓണപ്പാട്ടുകാരെന്ന ശാശ്വത സ്ഥിതിസമത്വവാദികൾ. ജീവിതത്തിൻ്റെ യഥാർത്ഥ വഴികളെ കവിതയിൽ അവതരിപ്പിച്ച എഴുത്തുകാരനാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. ജീവിതമാകുന്ന അപാരമായ കടലാണ് തൻ്റെ കവിതയുടെ മഷിപ്പാത്രം എന്ന് അദ്ദേഹം വ്യക്തമാക്കി. സ്നേഹത്തിൻ്റെ മഹത്വവും അഹിംസയുടെ പ്രാധാന്യവും ഉൾക്കൊണ്ട കവിതകളായിരുന്നു വൈലോപ്പിള്ളിയുടേത്. ശാസ്ത്ര ബോധവും മാനവിക വീക്ഷണവും വൈലോപ്പിള്ളിയുടെ കവിതകൾക്ക് കരുത്തായി.ഇഴ മുറുകിയ പദാവലികളാൽ താൻ ഉദ്ദേശിക്കുന്ന ആശയാവലികൾ ആസ്വാദകരിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സമൂഹത്തോടുള്ള എഴുത്തുകാരൻ്റെ പ്രതിബദ്ധതയ്ക്ക് വൈലോപ്പിള്ളി ഉദാഹരണമാണ്. സാധാരണക്കാരൻ്റെ ഉയർച്ചയും സമൂഹത്തിൻ്റെ വളർച്ചയും പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലൂടെ സാദ്ധ്യമാകുമെന്ന് അ ദ്ദേഹം പ്രത്യാശിച്ചു. വിമോചന സമരം (1959) കേരളത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരിൻ്റെ പതനഹേതുവായി. ഈ സന്ദർഭത്തിൽ ഇ.എം.എസിനെ മഹാബലിയോട് സാദൃശ്യപ്പെടുത്തി വൈലോപ്പിള്ളി ഒരു കവിത എഴുതി. മാവേലി എന്ന സങ്കല്പം, ആ ആദി പ്രരൂപം,കവിയെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ഓണപ്പാട്ടുകാർ എന്ന കവിത. 1952 ലാണ് ...