സോവിയറ്റ് യൂണിയന്റെ പതനവും മലയാള യാത്രാവിവരണവും




സോവിയറ്റ് യൂണിയന്റെ പതനവും മലയാള യാത്രാവിവരണവും
                                                                                                                                               ഗണേശന്‍  വി.

മനുഷ്യസംസ്‌കാരനിര്‍മ്മിതിയിലും സാസ്‌കാരികചിഹ്നങ്ങള്‍ വിനിമയം ചെയ്യുന്നതിലും സഞ്ചാരത്തിനുള്ള പ്രാധാന്യം വലുതാണ്. ദേശദേശാന്തരങ്ങളിലൂടെയുള്ള സഞ്ചാരം തീര്‍ത്ത സഞ്ചിതസംസ്‌കാരം തന്നെയാണ് ഇന്നും മനുഷ്യവര്‍ഗ്ഗത്തിന്റെ സ്വത്വബോധം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകം. രാമായണം, മഹാഭാരതം മുതലായ ഇതിഹാസങ്ങളില്‍ വായനക്കാര്‍ക്ക് കമ്പമുണ്ടാക്കുന്ന ഭാഗങ്ങള്‍ സഞ്ചാരകഥനങ്ങള്‍ തന്നെ. ജീവിതത്തിലായാലും സാഹിത്യത്തിലായാലും  മനുഷ്യനെ ഇത്രമേല്‍ ആകര്‍ഷിക്കുന്ന മറെറാരു ഘടകമില്ല. സഞ്ചാരികളുടെ കുറിപ്പുകള്‍ ചരിത്രപഠനത്തിനുള്ള ഉപാദാന സാമഗ്രി കൂടിയാണ്. അനുഭവവും അറിവും , ചിന്തയും സര്‍ഗ്ഗശേഷിയും ഒന്നിക്കുന്ന സര്‍ഗ്ഗ-ശാസ്ത്ര മേഖലയാണ് യാത്രാവിവരണം. സഞ്ചാരിയുടെ  യാത്രാനുഭവാവിഷ്‌കാരങ്ങള്‍ വസ്തുതാപരങ്ങളാണെന്ന ബോദ്ധ്യമാണ് യാത്രാവിവരണങ്ങളെ നിര്‍വ്യാജം ഇഷ്ടപ്പെടുന്നതിന്നു പിന്നിലുള്ളത്. യാത്രികന്റെ സത്യസന്ധമായ പ്രതിപാദനം  പ്രസ്തുത വിവരണത്തെ ഓജസ്സുററതാക്കും. താന്‍ സഞ്ചരിച്ച നാട്ടില്‍ കണ്ടതും നടപ്പുള്ളതുമായ സംഗതികളെയാണല്ലോ അയാള്‍ ആഖ്യാനം ചെയ്യുന്നത് ! 

  എന്തു കാണണം, എന്തെഴുതണം, എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു യാത്രികനുണ്ട്. മററു സര്‍ഗ്ഗമേഖലകള്‍  പോലെ  സ്വതന്ത്രാവിഷ്‌കാരമാണത്. വായനക്കാരന്  അറിവും അനുഭൂതിയും പകരുക എന്നതാണ് ഇതിന്റെ ആത്യന്തികലക്ഷ്യം. അജ്ഞാതമായ അനുഭവമേഖലകള്‍ കണ്ടെത്തുകയാണ് തന്റെ ലക്ഷ്യം എന്നു കരുതുന്ന യാത്രാവിവരണകാരന്‍ അന്വേഷണ കുതുകിയും സാഹസികനുമായിരിക്കും.അതോടൊപ്പം  വായനയും വൈയക്തികാനുഭവങ്ങളും സാമൂഹികചിന്തയും തീര്‍ത്ത ചില പക്ഷപാതങ്ങളും അവയില്‍ ഉണ്ടാകാം. മുന്‍ധാരണകളെ മാററി മറിക്കുന്ന വിവരങ്ങളാണ്  ലഭിക്കുന്നതെങ്കില്‍ക്കൂടി, നിലപാടുകളില്‍ അവശ്യമായ മാററം വരുത്തി വാസ്തവം സമൂഹത്തെ അറിയിക്കാനുള്ള സാമൂഹികോത്തരവാദിത്വവും അയാള്‍ക്കുണ്ട്.  കൃതി പരായണക്ഷമതയാര്‍ജ്ജിക്കാന്‍ ചില സവിശേഷഘടകങ്ങള്‍ കൂടി വേണം. ഭാവന, സൂക്ഷ്മനിരീക്ഷണ പാടവം, ചടുലഭാഷണ സാമര്‍ത്ഥ്യം,അവതരണത്തില്‍ നാടകീയത,ചരിത്രജ്ഞാനം  എന്നിവ ഒരു സഞ്ചാര സാഹിത്യകാരന് അവശ്യം വേണ്ടതത്രെ.(ആധുനിക മലയാളസാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ,എഡി:കെ.എം.ജോര്‍ജ്ജ്,1998, പുറം 533)

മലയാളത്തിലെ ആദ്യ യാത്രാവിവരണകൃതി, പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ (1736-1799) 'വര്‍ത്തമാനപ്പുസ്തക'മാണ്. മതപരമായ ആവശ്യാര്‍ത്ഥം റോമിലേക്കു നടത്തിയ യാത്രയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. പത്തൊമ്പതാം നൂററാണ്ടിന്റെ അവസാന പാദങ്ങളിലും, ഇരുപതാം നൂററാണ്ടിന്റെ ആദ്യപാദങ്ങളിലും കൂടി വളരെക്കുറച്ചു യാത്രാവിവരണകൃതികള്‍  മാത്രമാണ്  പുറത്തിറങ്ങിയത്. യാത്രാമാര്‍ഗ്ഗങ്ങളെയും സഞ്ചാരസാഹിത്യത്തിന്റെ സാദ്ധ്യതകളെയും സംബന്ധിച്ച അറിവ് പരിമിതമായിരുന്നെങ്കിലും സ്ഥലങ്ങള്‍ കാണുക, ആസ്വദിക്കുക, എഴുതുക എന്ന ഉള്‍പ്രേരണയോടെ സാദ്ധ്യമായ ഇടത്തെല്ലാം മലയാളികള്‍ ചെന്നിട്ടുണ്ട്; യാത്രാവിവരണങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.  അതില്‍ കെ.പി. കേശവമേനോന്റെ'ബിലാത്തി വിശേഷം'(1916) ശ്രദ്ധേയമാണ്. യാത്രകള്‍ മുഖ്യപ്രമേയമായി വരുന്ന കാവ്യങ്ങളാണ് അക്കാലഘട്ടത്തില്‍ കൂടുതലായി രചിക്കപ്പെട്ടത്. എണ്ണത്തിലും വണ്ണത്തിലും ഗുണത്തിലും സ്വീകാര്യതയിലും അവ മുന്നിട്ടു നിന്നു. 1925 മുതല്‍ 1950 വരെ പുറത്തിറങ്ങിയ യാത്രാവിവരണകൃതികളില്‍ 'ഒരു ഹിമാലയ യാത്ര',(കെ.മാധവനാര്‍:1927) ,'ഹിമഗിരി വിഹാരം',(തപോവന സ്വാമികള്‍:1929), 'ഞാന്‍ കണ്ട യൂറോപ്പ് ',(മിസിസ്സ് കുട്ടന്‍നായര്‍: 1936) 'ആപത്കരമായ യാത്ര',(സര്‍ദാര്‍ കെ.എം. പണിക്കര്‍:1944) 'ഒററനോട്ടത്തില്‍',(ജോസഫ് മുണ്ടശ്ശേരി: 1947) മുതലായവ മികച്ചു നില്ക്കുന്നു.

Punathil kunhabdullah

'യാത്രാവിവരണശാഖയുടെ കുലപതി' യെന്നു വിശേഷിപ്പിക്കപ്പെടുന്ന എസ്.കെ. പൊറെറക്കാടിന്റെ ഇടപെടലുകളോടെ 1950 നു ശേഷം മലയാള സഞ്ചാര വിവരണങ്ങളുടെ രൂപവും ഭാവവും പൂര്‍ണ്ണമായും മാറി. സഞ്ചാരവിവരണങ്ങളുടെ 'പുഷ്‌കലകാലം' ആരംഭിക്കുകയായി. മലയാളി ചെന്നെത്തിയ ഏതാണ്ടെല്ലാ ഇടങ്ങളെക്കുറിച്ചും ആധികാരികമായ യാത്രാവിവരണങ്ങളിറങ്ങി. വിജ്ഞാനത്തിനും അനുഭവാവിഷ്‌കാരത്തിനും സമൃദ്ധി പകര്‍ന്ന യാത്രാ വിവരണങ്ങള്‍ക്കൊപ്പം, സാഹസികതയും വൈയക്തിക ചിന്തകളും ഭാവനയും ഊടും പാവും കോര്‍ത്ത, ആത്മനിഷ്ഠതയില്‍ ഊന്നുന്ന മനോഹരങ്ങളായ യാത്രാവിവരണങ്ങളും എഴുതപ്പെട്ടു.

TN Gopakumar

ഏതെങ്കിലും തരത്തിലുള്ള ഒരു പ്രചോദനം യാത്രകള്‍ക്ക് പിന്നില്‍ ഉള്ളതായി കാണാം. ഒരിടം സന്ദര്‍ശിക്കാന്‍ എഴുത്തുകാരനുണ്ടാകുന്ന  പ്രചോദനമാണ് യാത്രാഭിമുഖ്യം സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത്. ഒരു അമേരിക്കന്‍ മാസികയില്‍ വന്ന ലേഖനം കാരണമാണ്  ബാലിദ്വീപില്‍  താന്‍ ആകൃഷ്ടനായത് എന്ന് എസ്.കെ. പൊററക്കാട് 'ബാലിദ്വീപി'ന്റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഒരു ഗ്രാമമാണ് ബാലിദ്വീപ് എന്ന് തോന്നിക്കും മട്ടിലായിരുന്നു അതിലെ പ്രതിപാദനം. തന്നെ ആകര്‍ഷിച്ച ഘടകങ്ങളെപ്പററി അദ്ദേഹം ഇപ്രകാരം എഴുതുന്നു:
''കേരളത്തിന്റേതായ പ്രകൃതിവിലാസങ്ങളും പഴയ കേരളസംസ്‌കാരപ്രതിഭാസങ്ങളും ആചാരവിശേഷങ്ങളും ആരാധനാ സമ്പ്രദായങ്ങളും അങ്ങനെ തന്നെ ഇന്നും കണ്ടെത്താവുന്ന ഒരു കൊച്ചുനാട് നാലായിരം മൈല്‍ അകലെ നിലകൊള്ളുന്നുണ്ടെന്ന വസ്തുത എന്നെ ആവേശംകൊള്ളിച്ചു. ''(എസ്.കെ. പൊറെറക്കാട്, 2005:10)

തുടര്‍ന്ന് ബാലിദ്വീപ് സന്ദര്‍ശിക്കുമ്പോള്‍ 'ഈ വസ്തുതകളിലേക്കു വെളിച്ചം വീശുന്ന ചരിത്രാംശങ്ങള്‍ തേടിപ്പിടിക്കാനുള്ള' പരിശ്രമം നടത്തണമെന്നു തീരുമാനിച്ചു. ബാലി-കേരളാ ബന്ധം വെളിച്ചത്തു കൊണ്ടുവരണമെന്ന ആശയം മനസ്സില്‍ വെച്ചു കൊണ്ടാണ് അദ്ദഹം ബാലിദ്വീപ് സന്ദര്‍ശിക്കുന്നത്. അതിനു വേണ്ടുന്ന ഘടകങ്ങള്‍ സ്ഥലസന്ദര്‍ശനത്തില്‍ തേടിക്കണ്ടെത്തുകയും യാത്രാനന്തരം ബാലിദ്വീപിനെക്കുറിച്ചുള്ള കുറച്ചു ഗ്രന്ഥങ്ങളും മാസികകളും പരിശോധിച്ച് യാത്രാവിവരണം പൂര്‍ത്തിയാക്കുകയും ചെയ്തു.

സകുതുകം ലോകം വീക്ഷിക്കാന്‍ തുടങ്ങിയ മലയാളി രാജ്യങ്ങളെയും ഭൂപ്രകൃതികളെയും സംസ്‌കാരങ്ങളേയും അതിന്റെ തനിമകളോടെ ആവിഷ്‌കരിക്കാനുള്ള ഇടം  സാഹിത്യമേഖലയില്‍ രൂപപ്പെടുത്തി. പണ്ടുതന്നെ സഞ്ചാരികള്‍ അതീവ താല്പര്യത്തോടെ വീക്ഷിച്ച  അമേരിക്ക, ബ്രിട്ടന്‍  മുതലായ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഭൗതിക വികസനവും ജീവിത പുരോഗതിയും നമ്മുടെ സഞ്ചാരസാഹിത്യ കൃതികളില്‍ അനാവൃതമായി. പ്രമുഖ വിശ്വസാഹിത്യകൃതികളുടെ ഉറവിടവും, സമത്വവാദം, സോഷ്യലിസ്റ്റ് ഭരണസംവിധാനം എന്നിവയിലൂടെ ഏറെ പ്രചോദനവുമേകിയ സോവിയററ് യൂണിയനാണ്  രണ്ടാം ലോകമഹായുദ്ധാനന്തരം മലയാളി യാത്രികര്‍ക്ക് ശുക്രനക്ഷത്രമായത്.


1917ല്‍ നടന്ന റഷ്യന്‍ വിപ്‌ളവം അശരണജനതതിയില്‍ വലിയ പ്രത്യാശ പകര്‍ന്നു നല്കി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ ഒരു ഭരണകൂടം ലോകത്തിലാദ്യമായി  നിലവില്‍ വന്നു. സാമാന്യജനത അധികാരത്തിന്റെ ശൃംഗമേറി. ചൂഷണത്തിന്റെയും പീഡനത്തിന്റെയും അസ്പൃശ്യതയുടേയും കറപുരണ്ട ഏടുകള്‍ അവസാനിച്ചിരിക്കുന്നു. ഇനി മുതല്‍ ഏവരും തുല്യരാണ്. ലെനിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാനുള്ള ആത്മാര്‍ത്ഥവും കഠിനവുമായ പ്രയത്‌നം  ആരംഭിച്ചു.തൊഴിലാളി-കര്‍ഷക ക്ഷേമാര്‍ത്ഥം  പുതിയൊരു തൊഴിലാളി വികസന സംസ്‌കാരവും പുരോഗമന പദ്ധതിയും സോവിയററ് യൂണിയന്‍ നടപ്പിലാക്കി. 

സോവിയററ് യൂണിയന്‍ എക്കാലവും ഭാരതത്തിന് ആവേശവും പ്രചോദനവുമായിരുന്നു. ദേശീയ പ്രസ്ഥാനവും, ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും സോഷ്യലിസ്റ്റുമായ ജവഹര്‍ലാല്‍ നെഹ്‌റുവും സ്‌നേഹപൂര്‍ണ്ണവും ഉദാരവും സഹകരണത്തിലധിഷ്ഠിതവുമായ സമീപനമാണ് സോവിയററ് യൂണിയനോട് സ്വീകരിച്ചത്. പഞ്ചവത്സര പദ്ധതികളടക്കം രാഷ്ട്രവികസനത്തിനുതകുന്ന നിരവധി  പദ്ധതികളും, അവയുടെ സാമൂഹിക നടത്തിപ്പും  പുരോഗതിയും നേരില്‍ കണ്ടു പഠിക്കാന്‍ ആ രാജ്യത്തെയാണ് ഇന്ത്യ ആശ്രയിച്ചത്.  രാഷട്രീയവും  പ്രത്യയശാസ്ത്രപരവുമായ വൈരുദ്ധ്യങ്ങള്‍ റഷ്യയെ സ്‌നേഹിക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് തടസ്സമായി നിന്നില്ല. ഭാരതമാകെ സോവിയററ് ആഭിമുഖ്യം നിറഞ്ഞിരുന്നുവെന്നതാണ് സത്യം. റഷ്യയെ കാണാനും അവിടത്തെ സമൂഹം , സംസ്‌കാരം, സാഹിത്യം എന്നിവയെക്കുറിച്ച് ആഴത്തില്‍ അറിയാനും ഉള്ള ആഗ്രഹം പ്രബലമായി.

സ്വാതന്ത്ര്യം, ജനാധിപത്യം, മാനവികത, മതേതരത്വം, സോഷ്യലിസം എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട ആശയങ്ങള്‍ ലോകത്തിനു സമ്മാനിച്ച നവോത്ഥാന കാലത്തിന്റെ പിന്തുടര്‍ച്ചയായി സോഷ്യലിസ്റ്റ് വിപ്‌ളവാനന്തരം ലോകമൊട്ടുക്ക് തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങള്‍, കലാകാരന്മാരുടെയും സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മകള്‍ എന്നിവ വ്യാപകമായി  രൂപം കൊണ്ടു. തുല്യത, നീതി എന്നീ മാനവികമൂല്യങ്ങളില്‍ ഊന്നി യുദ്ധം, അടിമവ്യവസ്ഥ, ചൂഷണം എന്നിവയ്‌ക്കെതിരേ നിരവധി സാംസ്‌കാരിക സംഘടനകളും പിറവിയെടുത്തു. സാര്‍വദേശീയതലത്തില്‍ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ സോഷ്യലിസ്‌ററുവീക്ഷണത്തിന് വന്‍പ്രാധാന്യം കിട്ടാന്‍ ഒക്‌ടോബര്‍ വിപ്‌ളവം കാരണമായി. 


ഇരുപതാം നൂററാണ്ടിന്റെ തുടക്കം മുതല്‍ കേരളത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെപ്പോലുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ ലോകരംഗത്തു വന്നുകൊണ്ടിരുന്ന പുരോഗമനപരമായ മാററങ്ങളെ സസൂക്ഷ്മം  നിരീക്ഷിച്ചിരുന്നു. രാജവാഴ്ചക്കെതിരെപോരാടുന്ന റഷ്യയും അവരുടെ വിചാരപദ്ധതിയില്‍ പെട്ടിരുന്നു. 1905-ലെ ആദ്യ റഷ്യന്‍ വിപ്‌ളവത്തെക്കുറിച്ച് 'കേരളന്‍' പത്രാധിപരായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള എഴുതുകയുണ്ടായി. 1912- ല്‍ അദ്ദേഹം'കാള്‍മാര്‍ക്‌സ് 'എന്ന ജീവചരിത്രമെഴുതി. സോഷ്യലിസത്തെക്കുറിച്ച് 1913-14 കാലഘട്ടത്തില്‍  'ആത്മപോഷിണി'യില്‍  ഒരു ലേഖനപരമ്പര പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സോഷ്യലിസ്‌ററ് വിപ്‌ളവം കേരളത്തില്‍ സമസ്ത സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളെയും ത്രസിപ്പിച്ചു.'ആത്മപോഷിണി', 'മിതവാദി', 'സ്വദേശാഭിമാനി', എന്നീ പ്രസിദ്ധീകരണങ്ങളില്‍ വിപ്‌ളവ സംബന്ധിയായ വാര്‍ത്തകള്‍ വല്ലപ്പോഴുമാണെങ്കിലും വന്നിരുന്നു. അന്താരാഷ്ട്ര വാര്‍ത്തകള്‍ ശ്രവിക്കാന്‍ തല്പരരായ, സമത്വദര്‍ശനം അടിസ്ഥാനമാക്കി ആശയപ്രചരണം നടത്തുന്ന മലയാളികളെ അക്കാലത്തു തന്നെ സോവിയററ് യൂണിയന്‍ ആകര്‍ഷിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അത്ഭുതമില്ല. ആ നാടിന്റെ മിടിപ്പുകളെ ഏകാഗ്രമായി വിലയിരുത്തിയവരായിരുന്നു അക്കാലത്തെ മലയാളികള്‍. സഹോദരന്‍ അയ്യപ്പന്‍, വള്ളത്തോള്‍, കേശവദേവ് തുടങ്ങിയ സാഹിത്യകാരന്മാരിലൂടെയും വിവിധ ദേശീയ-പ്രാദേശിക രാഷ്ട്രീയനായകരിലൂടെയും മാദ്ധ്യമങ്ങളിലൂടെയും സാഹിത്യത്തിലൂടെയും നാം ആ രാജ്യത്തെ ഇഷ്ടപ്പെട്ടു. കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്ന എന്‍.ഇ.ബാലറാം സോവിയററ് യൂണിയന്റെ പ്രസക്തി ഇങ്ങനെ വ്യക്തമാക്കുന്നു:

''ഒക്‌ടോബറില്‍ നടന്ന സോഷ്യലിസ്റ്റു വിപ്‌ളവം ഇന്ത്യയിലെ ചിന്താശീലരെ അത്യധികം ആകര്‍ഷിച്ചിരുന്നുവെന്നു പറയോണ്ടതില്ലല്ലോ. കേരളത്തിലെയും നില അതു തന്നെയായിരുന്നു.രാഷ്ട്രീയപ്രവര്‍ത്തകര്‍, സാമൂഹ്യപരിഷ്‌കരണവാദികള്‍, സാഹിത്യകാരന്മാര്‍, തത്ത്വചിന്തകന്മാര്‍,തുടങ്ങിയവരില്‍ പലരും ആ മഹത്‌സംഭവത്തെ സ്വാഗതം ചെയ്തു........പലരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറെറാരു തരത്തില്‍ റഷ്യന്‍ വിപ്‌ളവത്തില്‍ സന്തുഷ്ടരായിരുന്നു....ചിലരെ ആകര്‍ഷിച്ചത് സോവിയററ് യൂണിയന്റെ സാമ്രാജ്യത്വവിരോധമാണെങ്കില്‍ മററു ചിലരെ ആകര്‍ഷിച്ചത് അവിടെ കൈവന്ന അവസരസമത്വമാണ്. വേറെ ചിലര്‍ക്കു മാര്‍ക്‌സിയന്‍ തത്ത്വശാസ്ത്രമാണ് ഇഷ്ടപ്പെട്ടത്. പിന്നീട് ചിലരെ ആകര്‍ഷിച്ചത് അവിടെ ഉണ്ടായ സാമ്പത്തിക പരിഷ്‌കരണങ്ങളാണ്. മാതൃഭൂമി, യുക്തിവാദി, തുടങ്ങിയ പല പത്രങ്ങളിലും സോവിയററ് പരീക്ഷണങ്ങളെ അഭിനന്ദിച്ച് ലേഖനങ്ങള്‍ വരാന്‍ തുടങ്ങി. ഈ സംഭവവികാസങ്ങളാണ് നവീനാശയങ്ങളിലേക്കു ധാരാളം ചെറുപ്പക്കാരെ ആകര്‍ഷിച്ചത്.''(പവനന്‍ ഉദ്ധരിച്ചത്, കൃതി- ഒക്‌ടോബര്‍ വിപ്‌ളവവും മലയാളസാഹിത്യവും,2011: 24 ). 

'സോവിയററ് ഡയറി' എന്ന യാത്രാവിവരണത്തിന്റെ 'പ്രസ്താവന' യില്‍ എസ്.കെ.പൊറെറക്കാട്  തന്റെ സോവിയററ് അനുഭവം വിവരിക്കുന്നത് ഇപ്രകാരമാണ്:
''അത്ഭുതമല്ല. മനുഷ്യനെക്കുറിച്ചുള്ള മതിപ്പിന്റെ മാറെറാലിയാണ് എന്റെ കുറിപ്പുകളിലും വിവരണങ്ങളിലും അടങ്ങിയിരുന്നത്.മാനുഷിക മൂല്യങ്ങളെ മാനിച്ചും ശാസ്ത്രീയ വിജ്ഞാനത്തിന്റെ നേട്ടങ്ങളെ നാട്ടിന്റെ നന്മയ്ക്കു വേണ്ടി വിനിയോഗിച്ചും ക്ഷേമവും സുഖവും സമാധാനവും ലക്ഷ്യമാക്കിക്കൊണ്ടും സംവിധാനം ചെയ്യപ്പെട്ട ഒരു മഹത്തായ സമുദായത്തെ മുന്നില്‍ കാണുമ്പോള്‍, മനുഷ്യന്‍ മനുഷ്യനെ കണ്ടറിയുകയും മാനിക്കുകയും സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പുതിയ നാട്ടിലാണ് കാലൂന്നി നില്ക്കുന്നതെന്ന് അനുഭവപ്പെടുമ്പോള്‍ അത്ഭുതമല്ല, മനുഷ്യനെന്ന നിലയില്‍ ഒരഭിമാനവും ആത്മവിശ്വാസവുമാണ് മനസ്സിലുദിക്കുക.''(2008:5)

S.K.Pottekkat

ജാതി മതാന്ധതയാല്‍ ഭ്രാന്താലയമായി, പരസ്പരമുള്ള സ്പര്‍ശവും , ബന്ധവും മരീചികയായിരുന്ന ഇന്നാട്ടില്‍ 'ജാതിരക്ഷസ്സില്‍'നിന്നും മോചനമാഗ്രഹിക്കുന്നവരുടെ നോട്ടം  സോഷ്യലിസത്തിലും തുടര്‍ന്ന് ലെനിന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍മ്മ പദ്ധതികളിലുമാകുന്നത് സ്വാഭാവികം. സോഷ്യലിസ്റ്റ് ലോകം സാക്ഷാത്കരിക്കുന്നതിനായി യുക്തിചിന്ത ആയുധമാക്കുന്ന,  സമത്വത്തിന് ഊന്നല്‍ നല്കുന്ന, രാഷ്ട്രവികസനത്തിന് മാനവവിഭവശേഷി ഉപയോഗപ്പെടുത്തുന്ന റഷ്യയില്‍ കമ്യൂണിസത്തിലേക്കുള്ള പാതയാണ് ലെനിന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചത്. 'കമ്യൂണിസം എന്ന വാക്ക് എല്ലായ്‌പോഴും ഒരു പരിപാടിയെയാണ് സൂചിപ്പിക്കുന്നത് ' എന്ന് വിഖ്യാത ചരിത്രകാരന്‍ എറിക് ഹോബ്‌സ് ബോം (ലോകത്തെ മാററുന്നത്, പരിഭാഷ: പി.കെ. ശിവദാസ് , 2013: 59) അതിന്റെ ക്രിയോന്മുഖതയില്‍ ഊന്നി വിലയിരുത്തിയിട്ടുണ്ട്.

1930 മുതല്‍ 1947 വരെ മലയാളസാഹിത്യത്തില്‍ ഉണ്ടായിട്ടുള്ളത് സോവിയററ് യുഗമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ലെന്ന് പവനന്‍ സ്പഷ്ടമാക്കുന്നു.(2011:42) 1930-കളില്‍ മലയാളസാഹിത്യത്തില്‍ ക്രിട്ടിക്കല്‍ റിയലിസത്തിന്റെ കാലഘട്ടം ആരംഭിച്ചു. പിന്നീട് അതു സോഷ്യലിസ്റ്റ് റിയലിസമായി രൂപാന്തരപ്പെട്ടു. അതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഇവിടത്തെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനും സാഹിത്യകാരന്മാര്‍ക്കും  റഷ്യയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടും നയപരിപാടികളോടും ഉള്ള യോജിപ്പ് കാരണമായി. സോവിയററുയൂണിയനെ മാതൃകാരാജ്യമായി കാണാനും ആരാധിക്കാനുമുള്ള പ്രവണത വര്‍ദ്ധിച്ചു. ആ രാജ്യത്തെ ഉല്ക്കടമായ ആവേശത്തോടെയാണ് കവികളും കലാകാരന്മാരും കണ്ടത്. രണ്ടാം ലോകയുദ്ധത്തില്‍ കടുത്ത യുദ്ധത്തിലൂടെ നാസിജര്‍മ്മനിയെ പരാജയപ്പെടുത്തിയതോടെ സ്റ്റാലിനും പൂജാബിംബമായിത്തീര്‍ന്നു.

1935 നു ശേഷം ധാരാളം മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്ര കൃതികള്‍ പുറത്തിറങ്ങി. മുതലാളിത്ത വ്യവസ്ഥയ്ക്കു പകരം നില്ക്കാന്‍ സോഷ്യലിസ്റ്റു വ്യവസ്ഥിതിക്കു കഴിയുമെന്ന കാര്യം ഉറപ്പായി. സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ അടിസ്ഥാനജനതയുടെ സമത്വദാഹം ചിത്രീകൃതമായി.സോഷ്യലിസ്റ്റു നാടായ സോവിയററ് യൂണിയന്റെ വളര്‍ച്ചയോടെ ആ നാട് സന്ദര്‍ശിക്കാനും അവിടത്തെ ജനതതിയെ കാണാനും ജീവിതരീതികള്‍ അറിയാനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനുമുള്ള ആഗ്രഹം കേരളീയരില്‍ വളര്‍ന്നു വന്നു. 

''സോവിയറെറന്നൊരു നാടുണ്ടത്രെ,
കാണാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം''- 

എന്ന് കെ.പി.ഗോവിന്ദന്‍ നമ്പൂതിരി (കെ.പി.ജി.) യെപ്പോലുള്ള കവികള്‍ മാത്രമല്ല, അദ്ധ്വാനിക്കുന്നവരോട് അനുതാപമുള്ള ആരും ആഗ്രഹിച്ചു പോകുന്ന അന്തരീക്ഷം സംജാതമായി. പുരോഗമനചിന്തയുടെ താങ്ങും തണലും പ്രസ്തുത രാജ്യമാണെന്ന് പ്രസ്തുത ചിന്തയുടെ വക്താക്കള്‍ സിദ്ധാന്തിച്ചു.സാമ്രാജ്യത്വവിരുദ്ധ സമീപനം സ്വീകരിച്ച സോവിയററ് യൂണിയനെ തങ്ങളുടെ  പുരോഗമനത്തിനും വിമോചനത്തിനും ഉള്ള മാതൃകയായി മൂന്നാം ലോകരാജ്യങ്ങള്‍ വീക്ഷിച്ചു. ആ വീക്ഷണം അക്ഷരംപ്രതി ശരിയാകും വണ്ണം സോവിയററ്  യൂണിയന്‍ മൂന്നാം ലോകരാജ്യങ്ങളില്‍ പുരോഗമനപരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. ഫാസിസ്റ്റു വിരുദ്ധ മുന്നേററത്തിനിടെ ചെമ്പട കമ്യൂണിസ്റ്റു സര്‍ക്കാരുകളെ പ്രതിഷ്ഠിച്ച രാജ്യങ്ങള്‍ സോവിയററ് യൂണിയന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റു ചേരിയിലായി. മുതലാളിത്ത ശക്തികള്‍ കമ്യൂണിസ്റ്റു രാജ്യങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടു. തുടര്‍ന്ന് സോഷ്യലിസ്‌ററ് ചേരിയെന്നും മുതലാളിത്ത ചേരിയെന്നുമുള്ള വിഭജനം ലോകരാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു. വന്‍ശക്തികള്‍ അന്യോന്യം ലോകരാജ്യങ്ങളുടെ ഇടയില്‍ മേധാവിത്വത്തിനു വേണ്ടി നടത്തിയ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ പില്ക്കാലത്ത് 'ശീതസമര'ത്തിനു വഴിവെച്ചു. മുതലാളിത്ത ചേരിയോട് കിടനില്ക്കുന്ന സന്നാഹങ്ങള്‍ സജ്ജമാക്കാന്‍ സോഷ്യലിസ്‌ററ് ചേരി നിര്‍ബന്ധിതമായി. മുതലാളിത്തത്തിനെതിരെ രാഷ്ടീയമായും ആശയപരമായും വന്‍ പ്രബുദ്ധത പുലര്‍ത്തുന്ന സോവിയററ് യൂണിയന്‍ തീര്‍ച്ചയായും കാണേണ്ടതും അറിയേണ്ടതുമായ നാടാണെന്ന ബോധം മൂന്നാം ലോക ജനതയില്‍ ഉണ്ടായി.

yeltsin

റഷ്യന്‍യാത്രാവിവരണങ്ങള്‍ മലയാളികളെ എന്തുകൊണ്ടാണ് സ്വാധീനിക്കുന്നത് ? ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യത്തിന്റെ ഗതിവിഗതികള്‍ അറിയാന്‍, സാമ്രാജ്യത്വത്തെ എപ്രകാരമാണ് അതു പ്രതിരോധിക്കുന്നതെന്ന് അറിയാന്‍, ആ നാടിന്റെ സാമൂഹിക സാംസ്‌കാരിക സ്ഥിതിഗതികളറിയാന്‍, അവിടത്തെ കുട്ടികളെയും വിദ്യാഭ്യാസത്തെയും കുറിച്ചറിയാന്‍...റഷ്യയില്‍ അധികാരത്തിലിരിക്കുന്ന കക്ഷിയുടെ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ഇവിടെയും പ്രബലമാണെന്നതിനാല്‍ പ്രത്യയശാസ്ത്ര പ്രയോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍, കമ്യൂണിസ്റ്റ് ഭരണകൂടത്തെ വിലയിരുത്താന്‍ എന്നിങ്ങനെ പല മറുപടികള്‍ ഉണ്ടാകാം. ഏതായാലും 1960 കള്‍ വരെ റഷ്യയുടെ നല്ല ചിത്രങ്ങള്‍ മാത്രമേ നമുക്കു ലഭിച്ചുള്ളു. ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതാവായ എ.കെ. ഗോപാലനാണ് (എ.കെ.ജി.) സോവിയററ് വിശേഷങ്ങള്‍ ആദ്യമായി മലയാളികള്‍ക്കു പകര്‍ന്നത്. 'സോവിയററ് യൂണിയനില്‍ എന്റെ അനുഭവങ്ങള്‍'(1953), 'ഞാന്‍ ഒരു പുതിയ ലോകം കണ്ടു' (1954) എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. സോവിയററ് യാത്രാവിവരണങ്ങള്‍ മലയാളത്തില്‍ ഉദയം ചെയ്തത് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം മാത്രമാണ്. എ.കെ.ജി.യുടെ തന്നെ 'എന്റെ വിദേശ പര്യടനത്തിലെ ചില ഏടുകള്‍'(1959), 'എന്റെ വിദേശയാത്രകള്‍'(1973), 'സ്വാതന്ത്ര്യത്തിലേക്കുള്ള വഴി'(1981), എന്നിവയിലും സോവിയററ് യൂണിയന്‍ പരാമര്‍ശിക്കപ്പെടുന്നു. ആ രാജ്യവും വ്യവസ്ഥയും നിലനില്‌ക്കെ എഴുതപ്പെട്ട മററു ചില യാത്രാവിവരണ കൃതികള്‍, 'റഷ്യയില്‍'(ആനിജോസഫ്,1956),'സോവിയററ്ഡയറി' (എസ്.കെ. പൊറെറക്കാട്,1957) ,'സോവിയററ് യൂണിയനില്‍'(സി.എച്ച്. മുഹമ്മദ്‌കോയ,1959), 'കമ്യൂണിസം കെട്ടിപ്പടുക്കുന്നവരുടെകൂടെ' (ഇ.എം.എസ്,1960), 'സോവിയററ് നാട്ടില്‍ ക്രൂഷ്‌ചേവിന്നു ശേഷം' (പവനന്‍,1964), 'സോവിയററ് നാട്ടില്‍ മൂന്നാഴ്ച'(ഡോ.കെ.എം.ജോര്‍ജ്ജ്,1964)'സോവിയററ്‌യൂണിയനിലൂടെ' (വി.ആര്‍.കൃഷ്ണയ്യര്‍,1971) 'ലെനിന്റെനാട്'(വി.പി.കുഞ്ഞിരാമന്‍നായര്‍,1972), 'ലെനിന്റെനാട്ടില്‍'(പി.ബാലഗംഗാധരമേനോന്‍,1973),'റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും' (ഡോ.എം.വി.പൈലി,1980),'ബീന കണ്ട റഷ്യ'(കെ.എ.ബീന,1981), 'ഭദ്രതയുടെ സമതലങ്ങളില്‍' (സി.രാധാകൃഷ്ണന്‍,1984),'സോവിയററ് നാട്ടില്‍ വീണ്ടും'(ഡോ.കെ.എം.ജോര്‍ജ്ജ്,1989) മുതലായവയാണ്.

Gorbachev

1991-ല്‍ സോവിയററ് യൂണിയന്റെ തകര്‍ച്ചയും പുതിയ റഷ്യയുടെ ഉദയവും  മലയാളികള്‍ വളരെ വികാരപരമായാണ് നോക്കിക്കണ്ടത്. മലയാളികള്‍ സോവിയററ് യൂണിയനോട് ആത്മാര്‍ത്ഥതയും സ്ഥിരതയുള്ളതുമായ ഹൃദയബന്ധം വെച്ചു പുലര്‍ത്തിയിരുന്നു.  അവിടത്തെ ആഭ്യന്തരമായ ആശയക്കുഴപ്പങ്ങളും അധികാര വടംവലികളും, വിശ്വാസരാഹിത്യവും, ജനതയും പാര്‍ട്ടിയും  തമ്മില്‍ ഉണ്ടായ അകല്‍ച്ചയും, സ്റ്റാലിന്‍ നടത്തിയ നരവേട്ടയും ഒക്കെ 'ഇരുമ്പുമറ'യ്ക്കുള്ളില്‍ ഒതുങ്ങിയതിനാല്‍ 'സോഷ്യലിസ്റ്റു ശുഭവാര്‍ത്തകള്‍' മാത്രമേ പുറംലോകം അറിഞ്ഞുള്ളൂ എന്നതാകാം പ്രധാനകാരണം. മറെറാന്ന്, സാര്‍വദേശീയ തൊഴിലാളിവര്‍ഗ്ഗവും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും എല്ലായ്‌പ്പോഴും സോവിയററ് യൂണിയന് നല്കിയ പിന്തുണയും സാധാരണ ജനതയ്ക്ക് സാമ്രാജ്യത്വ ചേരിയോടുള്ള ശക്തമായ വിരോധവുമാണ്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ  സ്റ്റാലിന്റെ നേതൃത്വത്തില്‍ നേടിയ മഹാവിജയം ലോകമാസകലമുള്ള തൊഴിലാളികളുടെ വിജയമായി വാഴ്ത്തപ്പെട്ടു.

അധികാര കേന്ദ്രത്തിലേക്ക് പെട്ടെന്നായിരുന്നു സ്റ്റാലിന്‍ ഉയര്‍ന്നത്. അദ്ദേഹം രാജ്യത്തെ വ്യാവസായികമായും സൈനികമായും സുശക്തമാക്കി. തന്റെ ഭരണത്തിനെതിരെന്ന് സംശയം തോന്നിയവരുടെ നേരെ നടപടികളെടുത്തു. പ്രമുഖരായ വ്യക്തികള്‍ ദേശത്തുനിന്നും 'അപ്രത്യക്ഷമാകാന്‍' തുടങ്ങി. തന്റെ വാഴ്ചയ്ക്ക് തടസ്സമാകാന്‍ പോകുന്നവരെ കണ്ടെത്തി  ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ കുററാരോപണം നടത്തി ഹത്യചെയ്യുന്ന രീതിയാണ് സ്വീകരിക്കപ്പെട്ടത്. ലെനിന്‍ വിശ്വാസമര്‍പ്പിച്ച പ്രമുഖരൊക്കെയും സ്റ്റാലിന് അനഭിമതരായി. സിനോവ്യേവ്(1883-1936), കാമനോവ് (1883-1936), ബോള്‍ഷെവിക് വിപ്‌ളവത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ട്രോട്‌സ്‌കി(1879-1940), ബോള്‍ഷെവിക് നേതാവും ബുദ്ധിജീവിയുമായ ബുഖാറിന്‍(1888-1938) മുതലായവര്‍ സ്റ്റാലിന്റെ 'ശുദ്ധീകരണത്തില്‍' ഇരകളായി. 1956 ഫെബ്രുവരിയില്‍ നടന്ന സോവിയററ് യൂണിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇരുപതാം കോണ്‍ഗ്രസ്സില്‍ പ്രതിനിധികള്‍ക്കു മാത്രമായുള്ള സമ്മേളനത്തിലാണ് രഹസ്യറിപ്പോര്‍ട്ട് ക്രൂഷ്‌ചേവ് അവതരിപ്പിച്ചത്. സ്റ്റാലിന്‍ എന്ന പൂജാബിംബത്തെ ഉടയ്ക്കുന്ന വിവരങ്ങളാണ് വെളിച്ചത്തു വന്നത്. സ്റ്റാലിന്റെ നടപടികളോടുള്ള ലെനിന്റെ എതിര്‍പ്പ് സൂചിപ്പിക്കുന്ന എഴുത്ത്,  സ്റ്റാലിന്റെ യുദ്ധപ്രാഗത്ഭ്യം വെറും മിഥ്യയാണെന്ന വാദം, അധികാരം നിലനിര്‍ത്താന്‍ അദ്ദേഹം നടത്തിയ ദുഷ്‌ചെയ്തികള്‍ എന്നിവ ക്രൂഷ്‌ചേവ് പരസ്യമാക്കി. സ്റ്റാലിന്റെ നാമവും പ്രതിമകളും പല മേഖലകളില്‍ നിന്നും ഭ്രഷ്ടമായി. ക്രെംലിനില്‍ ലെനിന്റേതിനു സമീപം അടക്കം ചെയ്തിരുന്ന മൃതദേഹപേടകം പോലും എടുത്തു മാററി.റഷ്യയെ ആവരണം ചെയ്തിരുന്ന ഇരുമ്പുമറ അദ്ദേഹം നീക്കം ചെയ്തു. ''തങ്ങളുടെ രാഷ്ട്രത്തെയോ തങ്ങളുടെ സംഘടിത പ്രയത്‌നഫലങ്ങളേയോ ഒരു ആററം യുദ്ധത്തിനല്ലാതെ ലോകത്തിലെ ഒരു വന്‍കിടശക്തിക്കും തകര്‍ക്കുവാന്‍ സാദ്ധ്യമല്ലെന്ന പൂര്‍ണ്ണബോധം വന്നതിനു ശേഷമാണ് സോവിയററ്ജനത ആശങ്കാകുലമായ ആ ആവരണം (ഇരുമ്പുമറ) എടുത്തു കളഞ്ഞത് '' (2008:7) എന്ന് എസ്.കെ. പൊറെറക്കാട് 'സോവിയററു നാടി'ല്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുണ്ട്. അത് സോവിയററ് ജനതയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന മലയാളിയുടെ ആത്മഗതമാണ്. തുടര്‍ന്ന് സോവിയററ് യൂണിയന്റെ നയങ്ങള്‍ മാറാനും പടിഞ്ഞാറന്‍ രാജ്യങ്ങളോട് അടുക്കാനും തുടങ്ങി.  ക്രൂഷ്‌ചേവിനും ഏറെക്കാലം തുടരാന്‍ പററിയില്ല. മുതലാളിത്ത ചേരിയോട് കാട്ടിയ ആഭിമുഖ്യത്തിന്റെ പേരില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. വ്യവസായ മേഖല പരാധീനതയിലായെന്നു വിമര്‍ശനമുയര്‍ന്നു.1964 ഒക്‌ടോബറില്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ലോകരാജ്യങ്ങള്‍ക്കിടയിലും സോഷ്യലിസ്റ്റു ബ്ലോക്കിലും സോവിയററുയൂണിയന്റെ അപ്രമാദിത്വം നിലനിന്നുവെങ്കിലും സ്വന്തം ജനതയെയും, ലെനിന്‍ മുന്നോട്ടു വെച്ച പ്രത്യയശാസ്ത്രപരമായ ഉള്‍ക്കാഴ്ചകളെയും കാലാനുസൃതമായി അപഗ്രഥിക്കുന്നതിലും പുതിയ ചുവടുകള്‍ രൂപപ്പെടുത്തുന്നതിലും സോവിയററു കമ്യൂണിസ്റ്റു പാര്‍ട്ടിയും ഭരണകൂടവും വിജയിച്ചില്ല. ക്രൂഷ്‌ചേവിന്നു ശേഷം ബ്രഷ്‌നേവ് (1964-1982), യൂറി ആന്ദ്രപ്പോവ് (1982-1984), ചെര്‍ണ്ണങ്കോ (1984-85)എന്നിവര്‍ തലവന്മാരായി. 1985 ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയററ് യൂണിയന്റെ പ്രസിഡണ്ടായി. തുടര്‍ന്ന് പരിഷ്‌കരണങ്ങള്‍ തകൃതിയായി നടന്നു.  സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലയില്‍ വലിയ മാററങ്ങള്‍  വരുത്താന്‍ ഭരണകൂടം തീരുമാനിച്ചു. ഗ്‌ളാസ്‌നോസ്ത്, പെരിസ്‌ട്രോയിക്ക മുതലായ പേരില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഉദ്ദേശിച്ച ഗുണമല്ല ഉണ്ടാക്കിയത്. ഗോര്‍ബച്ചേവിന്റെ നയങ്ങളുടെ ആദ്യപ്രതിഫലനം  ഉണ്ടായത് മദ്ധ്യയൂറോപ്പിലെ സോഷ്യലിസ്റ്റു രാജ്യങ്ങളിലായിരുന്നു. അവിടെയുള്ള ഭരണകൂടങ്ങള്‍ തകരാന്‍ തുടങ്ങി. പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ സോവിയററ് യൂണിയന്‍ പഴയ പോലെ എത്തിയില്ല; തയ്യാറായില്ല; അഥവാ, തങ്ങളുടെ സാമ്പത്തികാവസ്ഥ തകര്‍ന്നതിനാല്‍ സോവിയററ് യൂണിയന് അവരെ സഹായിക്കാന്‍ കഴിഞ്ഞതുമില്ല. യൂണിയന്‍ ഓഫ് സോവിയററ് സോഷ്യലിസ്‌ററ് റിപ്പബ്‌ളിക്ക്‌സ് (യു.എസ്.എസ്.ആര്‍) എന്ന ആ രാഷ്ട്രത്തിന്റെ  പതനത്തിലേക്ക് ഗോര്‍ബച്ചേവിന്റെ സാമ്പത്തിക പരിപാടികളില്‍ പതിയിരുന്ന അത്യുദാരത നയിച്ചു.  പുതിയ നയങ്ങള്‍ കാരണം കമ്പോള ശക്തികളും മതശക്തികളും സോവിയററ് യൂണിയനില്‍ ഇരമ്പിക്കയറി. സോവിയററ് റിപ്പബ്ലിക്കുകളില്‍ വംശീയ-മത പ്രക്ഷോഭങ്ങള്‍ ഉടലെടുത്തു.സോവിയററ് റിപ്പബ്‌ളിക്കുകള്‍ ഓരോന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ തുടങ്ങി.ബോറിസ് യെത്സിന്‍ റഷ്യന്‍ റിപ്പബ്‌ളിക്കിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതോടെ സോവിയററ് യൂണിയന്റെ തകര്‍ച്ച പൂര്‍ണ്ണമായി. അറുപതുകളില്‍ ആരംഭിച്ച് പിന്നീട് തീവ്രമായ മുരടിപ്പിന്റെ ബാക്കിപത്രം എന്നോണം 1991 ഡിസംബര്‍ 31 ന് റഷ്യന്‍ റിപ്പബ്ലിക് ഉദയം ചെയതതോടെ സോവിയററ് യൂണിയന്‍ ഇല്ലാതായി.

nikita krushchev

കമ്യൂണിസ്റ്റു വാഴ്ചയുടെ തകര്‍ച്ചക്കു ശേഷമുള്ള റഷ്യന്‍ ജീവിതത്തെ സുന്ദരമായും ഫലപ്രദമായും അവതരിപ്പിക്കുകയും കാണാപ്പുറങ്ങള്‍ തേടിപ്പോവുകയും, സാമൂഹിക ചിത്ര
ങ്ങളുടെ നേര്‍ക്കാഴ്ചകളിലൂടെയും അഭിമുഖങ്ങളിലൂടെയും കാരണങ്ങള്‍ അന്വേഷിക്കുകയുമാണ്  പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'വോള്‍ഗയില്‍ മഞ്ഞു പെയ്യുമ്പോള്‍'(2000),  എ.എം.ഷിനാസ് രചിച്ച 'റഷ്യ-മണ്ണില്‍ വീണ നക്ഷത്രം'(2007),ടി.എന്‍.ഗോപകുമാര്‍ രചിച്ച 'വോള്‍ഗാ തരംഗങ്ങള്‍'(2010) എന്നീ കൃതികള്‍. സച്ചിദാനന്ദന്റെ 'കിഴക്കും പടിഞ്ഞാറും' (2005) എന്ന കൃതിയിലെ 'വീണ്ടും റഷ്യ' എന്ന അദ്ധ്യായം അവയോട് ചേര്‍ന്നു നില്ക്കുന്നു. യെത്സിന്റെ ഉദയവും കോമാളിത്തങ്ങളും എന്തിനായിരുന്നു? കമ്യൂണിസ്റ്റു  സംഘടനാ പാടവവും ചെമ്പടയുടെ കരുത്തും എവിടെപ്പോയി ? പതന കാരണം പടിഞ്ഞാറന്‍ മാദ്ധ്യമങ്ങളുടെ ദുഷ്പ്രചരണമാണോ ? നിരവധി സംശയങ്ങള്‍. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലാകുന്നു, ഈ യാത്രാവിവരണങ്ങള്‍. സോവിയററ് യൂണിയന്റെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ അവരോഹണം പ്രസ്തുത കൃതികള്‍  അനാവരണം ചെയ്യുന്നു.

1991-ലെ  സോവിയററ് യൂണിയന്റെ തകര്‍ച്ചയ്ക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. പാര്‍ട്ടിയിലെ അച്ചടക്കരാഹിത്യം, അഴിമതി, സ്വജനപക്ഷപാതം, നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ വന്ന പിഴവ്, പാശ്ചാത്യ മാദ്ധ്യമങ്ങളുടെ ഇടപെടല്‍,സാമ്രാജ്യത്വത്തിന്റെ നുഴഞ്ഞു കയററം എന്നിവയൊക്കെ അതില്‍പ്പെടുന്നു. തകര്‍ച്ചയെ സംബന്ധിച്ച് പല വ്യാഖ്യനങ്ങള്‍ ഉണ്ടായി. ന്യൂനതകള്‍ ഇല്ലാതാക്കി സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് യു. എസ.് എസ്. ആര്‍. ഒരു കാലത്തു നടത്തിയത്. അമ്പതു വര്‍ഷത്തോളം പഴയ മുതലാളിത്തരാജ്യങ്ങള്‍ക്കെതിരെ ആഗോളപ്രതിചേരിയായി പ്രവര്‍ത്തിച്ച വ്യവസ്ഥിതിയാണ് ഇല്ലാതായത്. ''വരട്ടു തത്ത്വവാദത്തില്‍ അധിഷ്ഠിതമായ സോവിയററ് യാഥാസ്ഥിതികത്വം സോവിയററ് സമൂഹത്തില്‍ നടക്കുന്ന/നടന്ന ഒന്നിനെപ്പററിയും ഒരു യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ് വിശകലനത്തിന് വിധേയമാക്കാന്‍ അനുവദിക്കില്ലായിരുന്നു.1956 ന് ശേഷം കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലെ മിക്ക മാര്‍ക്‌സിസ്റ്റു ചിന്തകരും ഈ യാഥാസ്ഥിതികത്വത്തെ തെളിഞ്ഞും(മോസ്‌കോ ലൈന്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കകത്ത്) ഒളിഞ്ഞും വിമര്‍ശിച്ചിരുന്നു....മുതലാളിത്തത്തിന് അതിന്റെ മുഖ്യശത്രുവിനെ നഷ്ടമായതും മനുഷ്യമുഖത്തോടു കൂടിയ സോഷ്യലിസം, ഒക്‌ടോബര്‍ വിപ്‌ളവത്തിന്റെ പൈതൃകത്തില്‍ നിന്നും ആവിര്‍ഭവിക്കുന്ന പ്രത്യാശ പാടേ ഇല്ലാതാക്കുന്നതാണ് സോവിയററ് യൂണിയന്റെ അന്ത്യമെന്ന്'' എറിക്‌ഹോബ്‌സ് ബോം ചൂണ്ടിക്കാട്ടുന്നു (2013:431-33).


ഇന്ത്യക്കാരെ ഏററവും അധികം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമൂഹമായാണ് സോവിയററു നാട്ടുകാരെ എസ്.കെ.പൊറെറക്കാട് കാണുന്നത്. സോവിയററ് നാടിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്, 'മനുഷ്യനെ സാമൂഹ്യമായി സംസ്‌കരിക്കുന്ന മഹത്തായ ഒരു ഗവേഷണശാല' എന്ന നിലക്കാണ്. 

''ഇവിടുത്തെ (സോവിയററ് നാട്ടിലെ)തത്ത്വങ്ങളും വസ്തുക്കളുമെല്ലാം കറകളഞ്ഞവയാണെന്ന് ഇവിടുത്തുകാര്‍ പോലും പറയുന്നില്ല. ചപ്പും ചവറും ദുര്‍ന്നീരും കെടുചോരയും കരിക്കട്ടയും ചീരവും ഈ ഗവേഷണശാലയിലെ മുക്കിലും മൂലയിലും ചിതറിക്കിടക്കുന്നുണ്ട്. കുടിയന്മാരും തെരുവു വേശ്യകളും യാചനാശീലരും തെമ്മാടികളും കള്ളന്മാരും ഇവിടെ ഇല്ലെന്ന് പറഞ്ഞുകൂടാ. മനുഷ്യന്‍ നിര്‍മ്മിച്ചതും മനുഷ്യന്‍ അധിവസിക്കുന്നതുമായ ഒരു നഗരമാണ് മോസ്‌കോ.മനുഷ്യന്റെ സ്വഭാവവൈചിത്ര്യങ്ങളും ദൗര്‍ബല്യങ്ങളും ഇവിടെയും അടിഞ്ഞുകിടപ്പുണ്ട്-ലോകത്തിലെ മററു നഗരങ്ങളെ അപേക്ഷിച്ച് ഏററവും ലഘുവായ തോതിലാണെന്നു മാത്രം. ഇവിടുത്തെ ബഹുഭൂരിപക്ഷത്തിന്റെ സദാചാരബോധവും സമാധാനവാഞ്ഛയും പ്രസന്നതയും നമ്മെ പ്രത്യേകം ഈകര്‍ഷിക്കുന്നു.തെരുവിലോ, പൊതുസ്ഥലത്തോ വെച്ചു സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ചുംബിക്കുന്ന കാഴ്ച ഞാന്‍ ഇവിടെ കാണുകയുണ്ടായില്ല.''(എസ്.കെ.പൊറെറക്കാട് 2008: 6-7).

1950-കളിലെ നല്ലതും തിയ്യതുമായ സോവിയററ് കാഴ്ചകളാണ് പൊറെറക്കാട് അവതരിപ്പിക്കുന്നത്. 1953 ല്‍ സ്റ്റാലിന്റെ കാലശേഷം, പാര്‍ട്ടിത്തലവനും ഭരണത്തലവനും ആകുമെന്നു കരുതിയ മെലങ്കോവിനെ അട്ടിമറിച്ചു ഭരണത്തിലേറിയ നികിതാ ക്രൂഷ്‌ചേവ് ഭരിക്കുന്ന സന്ദര്‍ഭത്തില്‍ റഷ്യാ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം യാത്രാവിവരണകാരന്‍ എന്ന നിലയ്ക്ക് സത്യസന്ധമായ ചിത്രം നല്കാന്‍ ശ്രമിക്കുന്നു. ലോകത്തിനു മാതൃകയായി ശാസ്ത്രം, സാങ്കേതികം, ബഹിരാകാശം, കാര്‍ഷികം, വ്യവസായം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലകളില്‍ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പ്രത്യാശ വെച്ചു പുലര്‍ത്താവുന്ന പുരോഗതി കൈവരിച്ച നാടിനെയാണ് പൊറെറക്കാട് അവതരിപ്പിക്കുന്നത്. ഉന്നതമായ സദാചാരമൂല്യങ്ങളും റഷ്യ കാത്തു പോരുന്നു. ഏതായാലും വലിയ പ്രത്യയശാസ്ത്രപരമോ, രാഷ്ട്രീയമോ ആയ പ്രതിസന്ധികള്‍ തട്ടാത്ത റഷ്യന്‍ചിത്രമാണ് അദ്ദേഹം മുന്നില്‍വെക്കുന്നത്. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ സാധാരണക്കാരന്‍ ഇത്തരം വര്‍ത്തമാനങ്ങള്‍ തന്നെയാണ് വായിച്ചറിയാന്‍ കൊതിക്കുന്നതും.

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'വോള്‍ഗയില്‍ മഞ്ഞു പെയ്യുമ്പോള്‍' എന്ന  കൃതിക്ക്  അദ്ധ്യാപകനും എഴുത്തുകാരനുമായ എ.എം. ഷിനാസ് ആണ് ആമുഖം എഴുതിയത്. കമ്യൂണിസ്റ്റു രാജ്യത്തിന്റെ പതനം നേരില്‍ കാണാനുള്ള അവസരം ഷിനാസിന്  ഉണ്ടായിട്ടുണ്ട്. അദ്ദേഹം 1989 മുതല്‍ 1995 വരെ റഷ്യയില്‍ വിദ്യാര്‍ത്ഥിയായിരുന്നു. സമാധാനവും സുരക്ഷിതത്വവും ജോലിയും ഭക്ഷണവും എല്ലാമുള്ള ആ നാടിന് 1990-കളില്‍ സംഭവിച്ച പതനം ആ നാട്ടുകാര്‍ക്കു തന്നെ താങ്ങാനോ ഉള്‍ക്കൊള്ളാനോ വയ്യാത്ത വിധം ബഹുലമാണ്.  വാര്‍ദ്ധക്യത്തിന്റെ പിടിയിലമര്‍ന്നവര്‍ യെത്സിനെതിരേയും ഗോര്‍ബച്ചേവിനെതിരേയും രോഷം കൊള്ളുന്നു.''ഞങ്ങളുടെ ഈ കഷ്ടപ്പാടിനൊക്കെ കാരണം രണ്ടു 'സ്വിനിയ'(പന്നി)കളാണ്....ആ ഗോര്‍ബച്ചേവും യെത്സിനും, അല്ലാതാരാ..?''എന്ന ഒരു വൃദ്ധയുടെ പ്രതികരണം അതു ദ്യോതിപ്പിക്കുന്നു.(ആമുഖം,'വോള്‍ഗയില്‍ മഞ്ഞു പെയ്യുമ്പോള്‍', 2000:ഃ)

പ്രായം ചെന്നവര്‍ സ്റ്റാലിന്റെ കരുത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു. സ്റ്റാലിന്റെ പുനര്‍ജന്മത്തിനു മാത്രമേ റഷ്യയെ പ്രശ്‌നങ്ങളില്‍ നിന്നും മോചിപ്പിക്കാനാകൂ എന്നവര്‍ വിശ്വസിക്കുന്നു. എന്നാല്‍ സ്റ്റാലിന്‍ പുതിയ തലമുറയ്ക്ക്  അഭിമതനല്ല. എങ്കിലും ഈയടുത്ത കാലത്തായി ഗോര്‍ബച്ചേവിനെയാണോ സ്റ്റാലിനേക്കാള്‍ കൂടുതല്‍ റഷ്യന്‍ജനത വെറുക്കുന്നതെന്ന് തോന്നാറുണ്ട്.(ഷിനാസ്.എ.എം, 2007:34)

പുഷ്‌കിന്‍ എന്ന മഹാനായ റഷ്യന്‍ കവിയുടെ ജന്മശതാബ്ദിയില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ സച്ചിദാനന്ദനും സമാനമായ ഒരനുഭവം രേഖപ്പെടുത്തുന്നു. താനിയ എന്ന വിദ്യാര്‍ത്ഥിനിയോട് റഷ്യയിലെ മാററങ്ങളെക്കുറിച്ച് എന്തു തോന്നുന്നുവെന്ന് ചോദിച്ചപ്പോള്‍,''പണ്ടുണ്ടായിരുന്ന സ്ഥിരതയും സാമൂഹ്യ സുരക്ഷിതത്വവും നഷ്ടപ്പെട്ടു. പഴയ തലമുറ നിരാശരാണ്. ഞങ്ങള്‍ക്കു മുമ്പുള്ളതിനേക്കാളേരെ സ്വാതന്ത്ര്യമുണ്ട്, ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാന്‍, പക്ഷേ, വഴി ഏതെന്ന് അറിയില്ല '' എന്നായിരുന്നു മറുപടി. (സച്ചിദാനന്ദന്‍, 2005 :39)


സോവിയററുകളുടെ തകര്‍ച്ച കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു.തൊഴിലില്ലായ്മയും വിലക്കയററവും പട്ടിണിയും അരക്ഷിതാവസ്ഥയും ആ നാടിനെ പിടികൂടി. ദേശീയ നാണയമായ റൂബിളിന്റെ മൂല്യം ഇടിഞ്ഞപ്പോള്‍ പണത്തിനു വേണ്ടി ഒരു വിഭാഗം റഷ്യന്‍ യുവാക്കള്‍ അധാര്‍മ്മികവും അരാജകവുമായ വൃത്തികളിലേക്കു തിരിഞ്ഞു.ആധുനിക റഷ്യന്‍ യുവാക്കള്‍ മുതലാളിത്തത്തിന്റെ വന്യസൃഷ്ടികളായി തീര്‍ന്നിരിക്കുന്നു. ഏതു വഴിയിലൂടെയായാലും പണമുണ്ടാക്കി ജീവിതം ആഘോഷിക്കുകയാണവര്‍. ജര്‍മ്മനിയില്‍ നിന്നോ ഇററലിയില്‍ നിന്നോ മോഷ്ടിച്ചു കൊണ്ടു വന്നവയത്രെ റഷ്യന്‍ നിരത്തുകളിലോടുന്ന മിക്ക വിദേശനിര്‍മ്മിത കാറുകളും. ആണവ മൂലകങ്ങളായ യൂറേനിയം, പ്‌ളൂട്ടോണിയം തുടങ്ങിയവ വരെ റഷ്യക്കാര്‍ വിററു പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വാടകക്കൊലയാളികളായി 'ജോലി'നോക്കുവര്‍ പോലും ഉണ്ടത്രെ. റഷ്യക്കാര്‍ അമേരിക്കയെ എല്ലാ കാര്യങ്ങളിലും ഉററുനോക്കുകയും അനുകരിക്കുകയുമാണ്.

ചില അനുഭവങ്ങള്‍ ഷിനാസ് എഴുതുന്നു,
''പഴയ സോവിയററ് യൂണിയനില്‍ അര്‍ദ്ധരാത്രി പോലും നോട്ടുകെട്ടുകളുമായി യാതൊരു പേടിയുമില്ലാതെ നടക്കാമായിരുന്നെങ്കില്‍ ഇന്ന് സ്ഥിതി മാറി......''(2007:പുറം 26) ''ഒട്ടേറെ റഷ്യന്‍ മാഫിയാസംഘങ്ങള്‍ ന്യൂക്‌ളിയര്‍ കള്ളക്കടത്തിലേക്കും തങ്ങളുട ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്ന ഭയാനക സത്യമറിഞ്ഞിട്ടു കൂടിയാണത്രെ മോസ്‌കോയുടെ ഹൃദയഭാഗത്ത് അമേരിക്കയുടെ എഫ്.ബി.ഐ ഓഫീസ് തുറക്കപ്പെട്ടത്.'' (2007:പുറം 27)....''മക് ഡൊണാള്‍ഡ്‌സില്‍ വിളമ്പുന്ന  ജംഗ് ഫുഡ് കാണാനും കഴിക്കാനും വേണ്ടി റഷ്യക്കാരുടെ നീണ്ടനിര തന്നെ കാണാമായിരുന്നു''(2007:പുറം 27).....''കമ്യൂണിസത്തിനും മുതലാളിത്തത്തിനുമിടയ്ക്ക് വഴിവിളക്ക് കെട്ട് ഉഴലുന്ന ഇന്നത്തെ റഷ്യയില്‍ മാഫിയയുടെ മരണ താണ്ഡവമാണ്''(2007:പുറം 30).''1990 വരെ 'പവര്‍കട്ട്'എന്ന പദത്തെക്കുറിച്ചോ,ഗ്യാസ് വിതരണമില്ലായ്മ എന്ന അവസ്ഥയെക്കുറിച്ചോ കേട്ടിട്ടില്ലാത്ത ജനങ്ങള്‍ക്കാണീ ദുര്‍ഗതി.ആ നാട്ടുകാര്‍ക്കിന്ന് ഒരു ദിവസം രണ്ടു മൂന്നു മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്.ഗ്യാസാണെങ്കില്‍ കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി വിരുന്നുകാരനെപ്പോലെയാണ്...''.(ഷിനാസ്, 2007:പുറം 31) റഷ്യന്‍ സാമൂഹിക ജീവിതത്തിന്റെ തകര്‍ച്ച ഘോരം തന്നെയെന്ന് മേല്‍ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് റഷ്യ കുട്ടിക്കാലം തൊട്ടേയുള്ള സ്വപ്നമായിരുന്നു.തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആദ്യത്തെ പച്ചത്തുരുത്ത്. റഷ്യയുടെ കുതിപ്പും കിതപ്പും പതനവും ഒരു യക്ഷിക്കഥ പോലെ ഓര്‍ത്തു പോകുന്നുവെന്ന് അദ്ദേഹം എഴുതുന്നു. പുനത്തില്‍, 2011: 20). വിമാനത്താവളത്തില്‍ ഇറങ്ങിയതു മുതല്‍ റഷ്യന്‍ സാമൂഹിക ജീവിതത്തില്‍ വന്ന മാററങ്ങള്‍ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അമിതമായ കൂലിക്കു വേണ്ടി കടുത്ത വാശി പിടിക്കുന്ന പോര്‍ട്ടര്‍മാരെയും ,'കസ്റ്റമറെ' വലവീശാനിരിക്കുന്ന സ്തീയേയും അദ്ദേഹം വരച്ചുകാട്ടുന്നു. അതോടൊപ്പം നന്മയുടെ ചില മുഹൂര്‍ത്തങ്ങളും അദ്ദേഹം കാണുന്നുണ്ട്. ''അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളെപ്പോലെ ഇന്ത്യക്കാരെ കറുത്തവരായി കണ്ട് അപമാനിക്കുന്ന സമീപനം റഷ്യക്കാര്‍ക്കില്ല. നല്ല പെരുമാററം പ്രതീക്ഷിക്കാം ; റഷ്യന്‍ സംസ്‌കാരത്തിന്റെ മഹത്വം നമുക്കു കാണാം.''(പുനത്തില്‍, 2011: 33) ''യുവതീ യുവാക്കള്‍ക്ക് അവിടെ മറയോ അരുതായ്കകളോ ഇല്ലെങ്കിലും അമേരിക്കന്‍ നാടുകളിലെപ്പോലെ ഇത്തരം കാര്യങ്ങളില്‍ അരാജകത്വമില്ല. ഒരു വെടിയുണ്ടയുടെ ശബ്ദം നമുക്കവിടെ ഒരിക്കല്‍ പോലും കേല്‍ക്കാന്‍ കഴിയില്ല'' - റഷ്യന്‍ സമൂഹത്തിന് 'ഗുഡ് സര്‍ട്ടിഫിക്കററ്' നല്കാന്‍ അദ്ദേഹം മടിക്കുന്നുമില്ല.(2011: 34)

സംസ്‌കാരത്തില്‍ പടിഞ്ഞാറിന്റെ കലര്‍പ്പുണ്ടാകുമ്പോഴും സ്വത്വം കാത്തു സൂക്ഷിക്കാനുള്ള വെമ്പല്‍ റഷ്യന്‍ സമൂഹത്തില്‍ ഉണ്ട്. ജനാധിപത്യവിശ്വാസിയായിരുന്ന ഗോര്‍ബച്ചേവ് കുഴപ്പക്കാരനായിരുന്നില്ല. നല്ല ഉദ്ദേശത്തിലാണ് അയാള്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത് - പുനത്തില്‍ കുഞ്ഞബ്ദുള്ള നിരീക്ഷിക്കുന്നു. പക്ഷേ, സംഭവിച്ചത് ഗോര്‍ബച്ചേവ് പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. ''എല്ലാ വാതിലുകളും തുറന്നിട്ടു കൊടുത്തു.പുറത്താക്കിയ എല്ലാ പെരുച്ചാഴികളും തുറന്നുകൊടുത്ത വാതിലിലൂടെ അകത്തു കടന്നു.ബിഷപ്പുമാരും സന്യാസിമാരും മുസ്ലീം പുരോഹിതന്മാരും കച്ചവടക്കാരും അകത്തേക്കു കയറി. പക്ഷേ, ഇവരൊന്നും യഥാര്‍ത്ഥ മനുഷ്യരല്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണല്ലോ.''(പുനത്തില്‍, 2011:86) ഗോര്‍ബച്ചേവ് അമേരിക്കയുടെ സ്തുതിയില്‍ വീണതാണ് റഷ്യയുടെ പതനത്തിന്നാക്കം കൂട്ടിയത്. 'രണ്ടരക്കോടി റഷ്യക്കാരെ ചുട്ടുകൊന്നിട്ട് ഹിററ്‌ലര്‍ക്ക് കഴിയാത്തത് ഒരു വെടി പോലും പൊട്ടിക്കാതെ ഗോര്‍ബച്ചേവിനു കഴിഞ്ഞുവെന്ന് ' (2011:86)പുനത്തില്‍ രേഖപ്പെടുത്തുമ്പോള്‍ റഷ്യയുടെ നഷ്ടത്തിന്റെ ഗൗരവം വായനക്കാരനിലെത്തുന്നു. റഷ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പതനം ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും പാഠമാണ്.

റഷ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടേയും സോഷ്യലിസ്റ്റു വ്യവസ്ഥിതിയുടേയും തകര്‍ച്ചയ്ക്കു കാരണം ബാഹ്യശക്തികളല്ല , വര്‍ഗങ്ങള്‍ പുതിയ രൂപത്തില്‍ ആവിര്‍ഭവിച്ചതാണ് ; പാര്‍ട്ടിക്കാര്‍ഡുള്ളവരും, ഇല്ലാത്തവരും. പാര്‍ട്ടിക്കാര്‍ഡ് ഉള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിച്ചപ്പോള്‍ അതില്ലാത്തവര്‍ക്ക് കുറഞ്ഞസൗകര്യങ്ങളേ കിട്ടിയുള്ളൂ. സോവിയററ് യൂണിയന്റെ കാലയളവില്‍ ഒരു കാലത്തും ഉത്പാദനോപാധികളുടെ യഥാര്‍ത്ഥ സാമൂഹ്യവത്കരണം നടന്നിട്ടില്ല. അതൊക്കെ കയ്യാളിയിരുന്നത് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മുതലാളിത്തമായിരുന്നു. അതാണ് പരാജയപ്പട്ടത്.

സച്ചിദാനന്ദന്‍ മോസ്‌കോവിലെത്തുമ്പോള്‍ തെരുവിലുടനീളം പ്രത്യക്ഷപ്പെട്ട ബഹുരാഷ്ട്ര വ്യവസായികളുടെ പരസ്യങ്ങള്‍  ശ്രദ്ധിക്കുന്നു. മുഖച്ഛായ മാറിയ റഷ്യ. കൂററന്‍ വ്യവസായികളുടെ പരസ്യങ്ങള്‍. റോത്ത്മാന്‍സ് സിഗരററു പരസ്യം. ഫിലിപ്‌സ്, കൊഡാക്ക്, കൊക്കകോള, മക്‌ഡൊണാള്‍ഡ് ഭക്ഷണശാലകള്‍ .... എല്ലാം നിറഞ്ഞു നില്ക്കുന്നു.
കമ്യൂണിസ്റ്റു റഷ്യയെ കണ്ടു പരിചയിച്ചവര്‍ക്ക് സംഭ്രമമുണ്ടാക്കും വിധമാണ് പുതിയ റഷ്യയിലെ മാററം എന്നാണ് സച്ചിദാനന്ദന്റെ പക്ഷം. പരസ്യങ്ങളുടെ കമനീയതയും വിപണിയുടെ പ്രലോഭനീയതയും സച്ചിദാനന്ദനെ വിസ്മയിപ്പിക്കുന്നു. സ്റ്റാലിന്റെ കാലഘട്ടത്തില്‍ തകര്‍ത്ത പള്ളികള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ പുതിയ റഷ്യ ദത്തശ്രദ്ധമാണ്. കമ്യൂണിസ്റ്റ് ഭരണത്തിലും ക്രിസ്തുമതം ഇല്ലാതിരുന്നില്ലെന്നും ലെനിന്‍ ദൈവവിശ്വാസത്തിനെതിരായിരുന്നില്ലെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റാലിന്‍ ഭൗതികവാദം നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് മനോഹരങ്ങളും പൈതൃകസ്വത്തുക്കളുമായ പള്ളികള്‍ പൊളിക്കാന്‍ തുടങ്ങിയത്.(സച്ചിദാനന്ദന്‍,2005:44).

ജനങ്ങള്‍ക്കു വാങ്ങാന്‍ കഴിവുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ നല്ല വസ്തുക്കള്‍ ഇവിടെ ഇല്ലായിരുന്നു. എന്നാല്‍ സാധാരണക്കാര്‍ കൂടുതല്‍ ദരിദ്രരായപ്പോള്‍ അവരെ പരിഹസിച്ചു കൊണ്ട് ഉപഭോഗവസ്തുക്കള്‍ പെരുകി. (എ.എം.ഷിനാസ് 2007:18-19) ജനങ്ങള്‍ക്കു വാങ്ങാന്‍ കഴിവുണ്ടായിരുന്നത് സോവിയററ് കാലത്തിലാണ്. ഉപഭോഗവസ്തുക്കളില്‍ തെരഞ്ഞെടുപ്പിനുള്ള അവസരം കുറവായിരുന്നു. സൗന്ദര്യം ആസ്വദിക്കുവാനും ഉള്‍ക്കൊള്ളാനുമുള്ള മനസ്സിന് പരിഗണന തെല്ലും കിട്ടിയില്ല. പുതിയ റഷ്യ ഏറെ ദരിദ്രയാണ്. 1989 ല്‍ പഠനത്തിന് വേണ്ടി റഷ്യയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ, ' പ്രഥമദര്‍ശനനാനുരാഗത്തിനു പകരം പ്രഥമദര്‍ശനവിരക്തിയാണ് തനിക്കുണ്ടായതെന്നും റഷ്യയില്‍ പുലരുന്ന കമ്യൂണിസമെന്ന ആ മോഹന യാഥാര്‍ത്ഥ്യം വ്യാജാനുഭവങ്ങളുടെ മരീചികയാണെന്നും'ഷിനാസ് തന്റെ കൃതിയുടെ മുഖവുരയില്‍ എഴുതുന്നു.'വൈവിദ്ധ്യമാണ് സഖാവേ മനോഹരം' എന്ന അദ്ധ്യായത്തില്‍  'വൈവിദ്ധ്യം കെട്ട' സോവിയററ് റഷ്യന്‍ ജീവിതത്തെക്കുറിച്ച് വേദനയോടെയാണ് ഷിനാസ് പരാമര്‍ശിക്കുന്നത്. വൈവിദ്ധ്യമില്ലായ്മയും ആസ്വാദനത്തിലെ അരോചകതയും എപ്രകാരമാണ് റഷ്യയിലെ സാധാരണക്കാരന്റെ ജീവിതത്തിലും കമ്യൂണിസ്റ്റു ബോധത്തിലും അരുചി നിറച്ചത് എന്നത് ഉദാഹരണസഹിതം ചര്‍ച്ച ചെയ്യുന്നു. സോവിയററ് നാട്ടിലെ ഉപഭോഗ സാമഗ്രികളുടെ ഗുണനിലവാരമില്ലായ്മയെ സംബന്ധിക്കുന്ന വികാരം സച്ചിദാനന്ദനും ഷിനാസും ഒരു പോലെ പങ്കു വെയ്ക്കുന്നു. 'ഗ്‌ളാസ്‌നോസ്ത് 'കാലത്ത് ലോകത്തെമ്പാടും നിന്ന് ഉപഭോഗ വസ്തുക്കള്‍ റഷ്യയില്‍ വന്നു നിറയുകയായിരുന്നു. അവയുടെ വ്യത്യസ്തത-നിറത്തിലും ഗുണത്തിലും വലുപ്പത്തിലും വിലയിലും  ഒക്കെയുള്ള ധാരാളിത്തം -റഷ്യക്കാരെ അമ്പരപ്പിച്ചു. എന്നാല്‍ അതോടൊപ്പം വിപണിയില്‍ കുത്തകസ്ഥാപനങ്ങളും ചെറുകിട-വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും വല വിരിച്ചു കഴിഞ്ഞു.ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം പെട്ടെന്ന് പണക്കാരായി.സാമൂഹിക ജീവിതത്തിലാകട്ടെ,  അധോലോകസംഘങ്ങളും തെമ്മാടികളും, സ്വദേശീ വാദക്കാരും പിടി മുറുക്കി. സോവിയററ് യൂണിയന്റെ തകര്‍ച്ചക്കുള്ള കാരണങ്ങളില്‍ മതപീഡനത്തോടും ദേശീയതകളുടെഅടിച്ചമര്‍ത്തലിനോടുമൊപ്പം ദൈനംദിന ജീവിതത്തിന്റേ അതൃപ്തികളും ഉണ്ടെന്ന് സച്ചിദാനന്ദന്‍ എഴുതുന്നു.(2011: 45) അയ്യായിരത്തിലധികം ക്രിമിനല്‍ സംഘങ്ങള്‍ ഇന്ന് റഷ്യയിലുണ്ടെന്നു കേട്ടാല്‍ ആരും അമ്പരക്കും. അക്രമങ്ങളും കൊലപാതകങ്ങളും  നിത്യവാര്‍ത്തകളായി മാറിയിരിക്കുന്നു.

റഷ്യയിലെ നവസമ്പന്നര്‍ മാത്രമാണ് പുതിയ വ്യവസ്ഥിതിയുടെ ഗുണഭോക്താക്കള്‍. കാരണം പണം ഉള്ളത് അവരുടെ കയ്യില്‍ മാത്രമാണ്.പെട്ടെന്നുണ്ടായ മാററത്തെ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഭരണകൂടത്തിന്ന് അറിവില്ലാത്തത്  പ്രതിസന്ധി രൂക്ഷമാക്കി. പള്ളികളിലെ തിരക്ക് പഴയ ക്രിസ്ത്യന്‍ റഷ്യയുടെ ഉയിര്‍ത്തെഴുന്നേല്പായി സച്ചിദാനന്ദന്‍ വിവക്ഷിക്കുന്നു. മഹത്തായ കവിതകളെപ്പോലും മതപുനരുജ്ജീവനത്തിന്റെ ഭാഗമായി വീക്ഷിക്കുന്ന പുതിയ തലമുറ വളര്‍ന്നു വരുന്നു. സാമൂഹികപ്രതിബദ്ധതകളില്ലാത്ത പുതിയ വര്‍ഗ്ഗമാണ് ഉയര്‍ന്നു വരുന്നത്.ടോള്‍സ്റ്റോയിയും പുഷ്‌കിനും മയക്കോവ്‌സ്‌കിയും ഒക്കെ തൊട്ടുണര്‍ത്തിയ ആത്മാവിന്റെ ദേശം നൊമ്പരങ്ങളുടെ കൂടാരമായിരിക്കുന്നു.

ടി.എന്‍.ഗോപകുമാറിന്  പ്രചോദനമായത് കുട്ടിക്കാലത്തെ വായനയിലൂടെ ആര്‍ജ്ജിച്ച  റഷ്യന്‍ അനുഭൂതികളാണ്. അല്പസ്വല്പം വായനയുള്ള ഏതൊരാളെയും സോവിയററ് യൂണിയന്‍ ഹഠാദാകര്‍ഷിക്കുന്ന സാഹചര്യമായിരുന്നു അന്നു നിലവിലുണ്ടായിരുന്നത്.  റഷ്യന്‍ സാഹിത്യവും അവരുടെ പ്രസിദ്ധീകരണങ്ങളും കേരളീയരുടെ ബൗദ്ധികവളര്‍ച്ചയില്‍ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും, 'മാറിയ ലോകത്തിലെ മാറിയ റഷ്യയിലൂടെ ഒരു യാത്രയ്‌ക്കൊരുമ്പെടുമ്പോള്‍ പഴയ വികാരങ്ങള്‍ മാററി വെക്കണമെന്നാണ് ടി.എന്‍. ഗോപകുമാറിന്റെ പക്ഷം. സോവിയററ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കുറേപ്പേരുടെ മുന്‍വിധികളായിരുന്നു കാരണം.(ഗോപകുമാര്‍,2010:13)

റഷ്യയുടെ ചില കടുംചിത്രങ്ങള്‍ ഗോപകുമാര്‍ വരച്ചു കാട്ടുന്നു. അതില്‍ നിശാക്‌ളബ്ബുകളുണ്ട്, മോസ്‌കോവിലെ കോടീശ്വരന്മാരുണ്ട്, പുതുക്കിപ്പണിത പള്ളികളുണ്ട്, പള്ളികള്‍ കാണാനെത്തുന്ന ആയിരങ്ങളുണ്ട് ; ക്രെംലിനിലെ നിശ്ശബ്ദ ലെനിനും ലെനിനെ കാണുന്നതിലേറെ ആള്‍ക്കാര്‍ ഇന്ന് തിങ്ങിക്കൂടുന്ന ബസലിക്കാ പള്ളിയുമുണ്ട്. 'അവര്‍ക്കു ഭരിക്കാന്‍ മാത്രമേ അറിയൂ' എന്ന് കമ്യൂണിസ്റ്റു പാര്‍ട്ടിയെക്കുറിച്ച് പരിഹാസം ചൊരിയുന്ന നാട്ടുകാരനുണ്ട്, നിയോനാസികളെ പോലെ റഷ്യന്‍രക്തമെന്ന വാദം ഉയര്‍ത്തുന്ന യുവാക്കളുണ്ട്. ഭീതിദമാണ് കാഴ്ചകള്‍. കാലഘട്ടത്തിനും ആശയങ്ങള്‍ക്കും സംഭവിച്ച വിപര്യയം മോഹങ്ങളുടെ അന്തകനായി മാറിയ റഷ്യയില്‍ കാണാവുന്നതാണ്.

'മതപരമായ സ്വാതന്ത്ര്യത്തിലേക്കുള്ള തിരിച്ചു വരവ് റഷ്യക്കാരെ ഉന്മാദത്തിലാഴ്ത്തിയിരിക്കുകയാണ്....'(ഗോപകുമാര്‍, 2010:18) മതത്തെ അകററി നിര്‍ത്തി സമൂഹത്തെ പുനരുദ്ധരിച്ച ഒരു സമൂഹം വിപണിപ്രധാനമായ ലോകത്തില്‍ പരാജിതരായിരിക്കുന്നു.'മനുഷ്യനെ മയക്കുന്ന കറുപ്പ് 'എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നാടിനെ വിഴുങ്ങുകയാണ്. 
''മതത്തോട് റഷ്യക്കാര്‍ക്ക് പെട്ടെന്നു തോന്നിയ അഭിനിവേശത്തിന് കാരണം ഗ്‌ളാസ്സ് നോസ്ത് നല്കിയ സ്വാതന്ത്ര്യമോ കമ്യൂണിസ്റ്റു ഭരണകൂടത്തിന്റെ തിരോധാനമോ ആണെന്ന് തോന്നുന്നില്ലെന്ന് ''ഷിനാസ് എഴുതുന്നു.(2007:37)സോവിയററനന്തര റഷ്യയിലെ 'കഠിനവും ദുരിതം നിറഞ്ഞതുമായ ജീവിതചുററുപാടുകളാണ് 'ജനങ്ങളെ മതത്തോട് കൂടുതല്‍ അടുപ്പിക്കുന്നത് എന്നാണ് ഷിനാസിന്റെ വിലയിരുത്തല്‍.(2007:37)
മേല്പറഞ്ഞ യാത്രാവിവരണങ്ങളിലാകെ നന്മയുടെ പതനത്തില്‍ സ്വാഭാവികമായും ഉളവാകുന്ന ആതുരത കലര്‍ന്നിട്ടുണ്ട്. കുട്ടിക്കാലത്ത് റഷ്യന്‍ വിപ്‌ളവ കഥകള്‍ കേട്ടും വായിച്ചും  വളര്‍ന്ന തലമുറകള്‍. ഉണര്‍വിന്റെയും ആത്മവീര്യത്തിന്റെയും അളവില്ലാത്ത മുദ്രകള്‍. നാസിസത്തെയും ഫാസിസത്തെയും തുടച്ചു നീക്കിയ ആവേശം. റഷ്യയുടെ സമഗ്രവികസനത്തിന്റെയും സ്ഥൂലമായ സൈനികശേഷിയുടെയും കഥകള്‍. സമത്വവും സ്വാതന്ത്ര്യവും സ്വപ്നം കാണുന്ന ഇന്ത്യന്‍ ജനതയെ ഊര്‍ജ്ജിതമാക്കിയ സമൂഹം. പുരോഗമന ചിന്തയുടേയും സാക്ഷരതയുടെയും സമതയുടെയും ഭൂവ്. നമ്മുടെ എഴുത്തുകാരെ സമ്പൂര്‍ണ്ണമായും സാധാരണ ജനതയുടെ പക്ഷത്തേക്ക് നയിച്ച ദൂരദര്‍ശിനി. ഇങ്ങനെയൊക്കെയായിരുന്നല്ലോ നമുക്ക് റഷ്യ. 
ആഗോളീകരണത്തിന്റെ മോഹവലയില്‍ വീണു പിടയുന്ന റഷ്യന്‍ ജനതയെയാണ് 1991 നു ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ കാണുക. ഭക്ഷണത്തിനും പണത്തിനും സുഖഭോഗങ്ങള്‍ക്കും വേണ്ടിയുള്ള പരക്കംപാച്ചില്‍. സാമൂഹിക സുരക്ഷാ സംവിധാനമാകെ പൊളിഞ്ഞ് എല്ലാവിധ അരാജകവാഴ്ചയ്ക്കും വഴിമരുന്നിട്ടിരിക്കുന്നു. അതുവരെ ആത്മാഭിമാനത്തോടെ ജീവിച്ച ആള്‍ക്കാര്‍ അത് കാശിനായി വില്ക്കാനിറങ്ങുന്ന അവസ്ഥ വരെ ലോകം കണ്ടു. പുതിയ റഷ്യ പിറന്നിട്ട് 25 വര്‍ഷം പിന്നിട്ടിരിക്കുന്നു. നമ്മുടെ എഴുത്തുകാര്‍ ശുഭാപ്തിവിശ്വാസമുള്ളവരാണ്. റഷ്യ തിരിച്ചു വരും. 
മലയാളി യാത്രാവിവരണകാരന്മാര്‍ വളരെ താല്പര്യത്തോടെയും അന്വേഷണകുതുകത്തോടെയുമാണ് സോവിയററ് യൂണിയനെ സമീപിച്ചിട്ടുള്ളത്. 1960 നു മുമ്പ് യാത്രാവിവരണകാരന്‍ ഏത് 'ഇസ'ക്കാരനായാലും സോവിയററ് യൂണിയനോട് ആരാധന കലര്‍ന്ന സമീപനമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. എന്നാല്‍ ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ടു വന്നതോടെ റഷ്യന്‍ കാര്യങ്ങളില്‍ സംശയം നിഴലിക്കാന്‍ തുടങ്ങി. ദുരൂഹമായതെന്തോ ഉണ്ടെന്ന തോന്ന ലുളവായി. കുറേക്കൂടി വാസ്തവികമായ അന്വേഷണങ്ങള്‍ നടത്താനുള്ള ശ്രമം തുടങ്ങി. എങ്കിലും, അവിടത്തെ പുരോഗതിയും സംസ്‌കാരവും നോക്കിക്കാണാനും, ഒരു നല്ല നാളെ പടുത്തുയര്‍ത്തുന്നതില്‍ ആ രാജ്യത്തെ മാതൃകയാക്കാനുള്ള മാര്‍ഗ്ഗങ്ങളുമാണ് ഭൂരിഭാഗവും ആരാഞ്ഞത്.

സോവിയററ് യൂണിയന്റെ തകര്‍ച്ച ഇത്രയും വികാര വായ്‌പോടെ പകര്‍ത്തിയ ആഖ്യാതാക്കള്‍ ലോകത്തില്‍ വേറെയുണ്ടോ എന്നു സംശയിച്ചു പോകും. അത്രമാത്രം ഗൃഹാതുരത കലര്‍ന്ന ഓര്‍മ്മകളുടെ കൂടാണ് നമുക്കു സോവിയററ് യൂണിയന്‍. റഷ്യയുടെ ത്യാഗസുരഭിലമായ പൂര്‍വചരിത്രവും തരിശാര്‍ന്ന ആധുനികാവസ്ഥയും ഈ യാത്രാവിവരണകൃതികളില്‍ ആവിഷ്‌കൃതമാകുന്നു.അതിനെ ബാധിച്ച ഈ 'ലക്ഷണക്കേടുകള്‍'നമ്മുടെ മുന്നില്‍ എത്തിക്കാന്‍ ഈ സഞ്ചാര സാഹിത്യകാരന്മാര്‍ക്കു കഴിഞ്ഞത് വികാരങ്ങളും ഭാവനയും ചരിത്രവും രാഷ്ടതന്ത്രവും ഒക്കെ സഞ്ചാര സാഹിത്യത്തിന്റെ പിടിയിലൊതുക്കി എന്നതിനാലാണ്. യാത്രാ വിവരണം തുറസ്സായ ഭൂമികയാണ്. കാഴ്ചയിലെ അനിയന്ത്രിതത്വം, രചനയിലാകുമ്പോള്‍ നിയന്ത്രിതമാകണം. ഭാവന വേണ്ടിടത്ത് ഉപയോഗപ്പെടുത്തി , ചരിത്രത്തിലേക്കും ശാസ്ത്രത്തിലേക്കും അതിനെ കാടുകയറാന്‍ വിടാതെ, പൂര്‍ണ്ണമായ സംയമനം പാലിച്ചെഴുതിയ അവ യാത്രാവിവരണരചനയിലെ മികവിന് മകുടോദാഹരണങ്ങള്‍ തന്നെ. എ.എം. ഷിനാസിന്റെ യാത്രാവിവരണത്തിലെ അവസാന വരികള്‍ ഇപ്രകാരമാണ്:
''ഗോര്‍ബച്ചേവ് വാസ്തവത്തില്‍ ഒരു ദയാവധം നടത്തുകയായിരുന്നു. ലോകചരിത്രം കണ്ട ഏററവും ശ്രദ്ധേയമായ രാഷ്ടീയ ദയാവധം. മനുഷ്യന് കുരങ്ങിലേക്ക് തിരിച്ചു പോകാന്‍ പററാത്തതു പോലെ, ഓംലെററിനു മുട്ടയായി മാറാന്‍ കഴിയാത്തതു പോലെ സോഷ്യലിസത്തില്‍ നിന്നു മുതലാളിത്തത്തിലേക്കുള്ള തിരിച്ചു പോക്ക് അസാദ്ധ്യമാണെന്നായിരുന്നു പണ്ട് മാര്‍ക്‌സിസ്റ്റു സൈദ്ധാന്തികന്മാര്‍ പറഞ്ഞിരുന്നത്. അവര്‍ക്കു തെററിയില്ല. കാരണം, സോവിയററു യൂണിയന്‍ സോഷ്യലിസത്തില്‍ നിന്നു മുതലാളിത്തത്തിലേക്കല്ല, സര്‍ക്കാര്‍ മുതലാളിത്തത്തില്‍ നിന്നു ബൂര്‍ഷ്വാമുതലാളിത്തത്തിലേക്കാണ് തിരിച്ചു പോയിരിക്കുന്നത്.''(2007:68)

സോവിയററ് യൂണിയന്റെ ശൈഥില്യം മലയാളികളുടെ മനസ്സിനെ എത്രമാത്രം മഥിക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമാണ്  ഈ വരികള്‍. ഇപ്പോഴും സോവിയററ് യൂണിയന്റെ തകര്‍ച്ച  ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ നമ്മുടെ നാട്ടിലുണ്ട്. മുതലാളിത്ത ശക്തികള്‍ മാത്രമാണ് അതിനുത്തരവാദികള്‍ എന്നു ബാലിശമായി കരുതുന്നവരുമുണ്ട്. സോവിയററ് യൂണിയന്റെ തകര്‍ച്ചയ്ക്കു  കാരണങ്ങള്‍ പലതാണ്.  വായിച്ചും കേട്ടും അറിഞ്ഞതിനെ അനുഭവിച്ച് ആവിഷ്‌കരിക്കുക എന്നതാണ് യാത്രാവിവരണകാരന്മാര്‍ക്ക് ചെയ്യാനുള്ളത്. വിഷയത്തെ സംബന്ധിക്കുന്ന സൈദ്ധാന്തിക ചര്‍ച്ച അവരുടെ ലക്ഷ്യമല്ല.മൂന്നു കാരണങ്ങളാണ് പ്രധാനമായും സോവിയററു യൂണിയന്റെ ശിഥിലീകരണത്തിനു കാരണമായി പറയാറുള്ളത്. ഒന്ന്, വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു, രണ്ട്, സ്വതന്ത്ര വിപണിയില്‍ മുതലാളിത്തവുമായി മത്സരിക്കുന്നതിലും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ പ്രദാനം ചെയ്യുന്നതിലും സംഭവിച്ച പരാജയം, മൂന്ന്, മനുഷ്യപ്രകൃതത്തിനു നിരക്കുന്നതല്ല സോവിയററ് സോഷ്യലിസമെന്ന വാദം. സോവിയററ് തകര്‍ച്ചയ്ക്ക് 'ശീതയുദ്ധ വിജയികള്‍' നിരത്തുന്ന ഇത്തരം വാദങ്ങള്‍ക്ക് പ്രചുര പ്രചാരം കിട്ടിയിട്ടുണ്ട്. കാലിഫോര്‍ണിയാ സ്റ്റേററ് യൂണിവേഴ്‌സിററിയിലെ തത്ത്വചിന്താ വിഭാഗം അദ്ധ്യാപകനായ മര്‍കാര്‍ മെല്‍കോന്യാന്‍  ഈ വാദങ്ങളോട് യോജിക്കുന്നില്ല.

സ്വാതന്ത്ര്യനിഷേധമാണ് സോവിയററ് സ്വേച്ഛാധിപത്യത്തെ തകര്‍ത്തതെങ്കില്‍ കൂടുതല്‍ നിഷ്ഠുരവും ഇപ്പോള്‍ നിലവിലുള്ളതുമായ സ്വേച്ഛാധിപത്യ വാഴ്ചകള്‍ എന്തു കൊണ്ട് നിലം പതിച്ചില്ല എന്ന് അദ്ദേഹം ചോദിക്കുന്നു.(മര്‍കാര്‍ മെല്‍കോന്യാന്‍, സോവിയററ് സോഷ്യലിസത്തിന്റെ മാര്‍ക്‌സിസ്റ്റ് പോസ്റ്റ് മോര്‍ട്ടം. വിവ.,എ.എം.ഷിനാസ്.മാതൃഭൂമി ആഴ്ചപ്പതിപ്പ്,2016 മാര്‍ച്ച് 20-26.,പുറം 38)മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രകൃതിപരമായ തെരഞ്ഞെടുപ്പ് എന്ന വിഷയത്തേക്കാളും കൂടുതല്‍ ഭിന്നവും മൂര്‍ത്തവുമായ വ്യാഖ്യാനത്തിനു സമര്‍ത്ഥകവുമായ പ്രശ്‌നങ്ങള്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം തന്നെ മുന്നോട്ടു വെക്കുന്നുണ്ട് എന്ന നിരീക്ഷണത്തിലും അദ്ദേഹം എത്തിച്ചേരുന്നു:''വ്യത്യസ്ത സ്ഥലങ്ങളിലും  കാലങ്ങളിലും നിലനിന്ന/നിലനില്ക്കുന്ന വ്യത്യസ്തമായ സാമൂഹിക ബന്ധരൂപങ്ങള്‍ എന്തുകൊണ്ട് ശ്രദ്ധേയമായ തരത്തില്‍ ഭിന്നമായ മൂല്യങ്ങളും താത്പര്യങ്ങളും ആവശ്യങ്ങളുമുള്ള മനുഷ്യരെ നിര്‍മ്മിച്ചു എന്ന പ്രശ്‌നമാണത്.''(മര്‍കാര്‍ മെല്‍കോന്യാന്‍, സോവിയററ് സോഷ്യലിസത്തിന്റെ മാര്‍ക്‌സിസ്റ്റ് പോസ്റ്റ് മോര്‍ട്ടം.വിവ.,എ.എം.ഷിനാസ്.മാതൃഭൂമി ആഴ്ചപ്പതിപ്പ്,2016 മാര്‍ച്ച് 20-26,പുറം39)

സോവിയററ് സമ്പദ് വ്യവസ്ഥയുടെ പ്രകടനം മോശമായിരുന്നു എന്നത് അതിനെ കുറച്ചു കാണാന്‍ വേണ്ടി മാത്രമുള്ള പ്രസ്താവമാണ് എന്നതാണ് മെല്‍കോന്യന്റെ പക്ഷം. അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ ഗ്രസിച്ച 'സോവിയററ് മാന്ദ്യകാല'ത്തില്‍ പോലും ജനങ്ങള്‍ക്കു വേണ്ടുന്ന ഭക്ഷണവും തൊഴിലും വൈദ്യപരിരക്ഷയും ലഭിച്ചിരുന്നു. എന്നാല്‍, 1991 നു ശേഷം ഇതൊക്കെ നിഷേധിക്കപ്പെട്ടു. രണ്ടു ദശാബ്ദങ്ങള്‍ പിന്നിട്ട റഷ്യയിലെ മുതലാളിത്തം ആയുര്‍ ദൈര്‍ഘ്യം, ജനനനിരക്ക്, എന്നിവ ഗണ്യമായി കുറച്ചെന്നും മദ്യാസക്തിയും തൊഴിലില്ലായ്മയും വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം കുററപ്പെടുത്തുന്നു. ദരിദ്രരും സമ്പന്നരും തമ്മിലുള്ള അകലം വലുതായി. റഷ്യന്‍ കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചു. യഥാര്‍ത്ഥത്തില്‍ സോവിയററ് യൂണിയന്റെ തകര്‍ച്ചയ്ക്കു കാരണമായത് പ്രതിരോധ ആവശ്യങ്ങള്‍ക്കും ആയുധ നിര്‍മ്മാണത്തിനും വേണ്ടി ഒരു വന്‍തുക വിനിയോഗിക്കേണ്ടി വന്നതും പൗരന്മാര്‍ക്കായുള്ള ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തിനു  മാററി വെച്ച വിഭവങ്ങളടക്കം സൈനിക മേഖലയില്‍  ഉപയോഗിച്ചതും ഒരു നവറഷ്യന്‍ സമൂഹം റഷ്യയില്‍ ഉയര്‍ന്നു വന്നതുമാണ്. അന്ന് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റൊണാള്‍ഡ് റീഗന്‍ മുന്നില്‍ വെച്ച നക്ഷത്രയുദ്ധപദ്ധതിയാണ് സോവിയററ് യൂണിയന് മുന്നില്‍ വെല്ലുവിളി സൃഷ്ടിച്ചത്.1991 ആഗസ്തിലെ അട്ടിമറിക്ക് ഏറെ മുമ്പു തന്നെ സോവിയററ് രാഷ്ട്രത്തില്‍ ഒരു നവമുതലാളി വര്‍ഗ്ഗം വളര്‍ന്നു വന്നു. സോവിയററ് യൂണിയന്‍ തകര്‍ന്നിട്ടില്ല; ചുരുങ്ങിയ പക്ഷം രാഷ്ട്രീയമായെങ്കിലും.1989-91 കാലത്ത്  വാസ്തവത്തില്‍ സംഭവിച്ചത് സോവിയററ് രാഷ്ട്രശരീരത്തെ ആവരണം ചെയ്ത പുറംതൊലി പൊട്ടിച്ചിതറിയതാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.(മര്‍കാര്‍ മെല്‍കോന്യാന്‍, സോവിയററ് സോഷ്യലിസത്തിന്റെ മാര്‍ക്‌സിസ്റ്റ് പോസ്റ്റ് മോര്‍ട്ടം.വിവ.,എ.എം.ഷിനാസ്.മാതൃഭൂമി ആഴ്ചപ്പതിപ്പ്,2016 മാര്‍ച്ച് 20-26,പുറം43) പതനശേഷവും സോവിയററ് കാലഘട്ടത്തെക്കുറിച്ച് ഓര്‍ക്കുകയും പരിതപിക്കുകയും ചെയ്യുന്നവരുണ്ടെന്നും സോവിയററ് അനന്തര റഷ്യന്‍ ജീവിതം കൂടുതല്‍ യാതനാഭരിതമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിന്റെ പൊലിപ്പിക്കാത്ത ചിത്രമാണ് പുതിയ റഷ്യയെ സംബന്ധിക്കുന്ന മലയാള യാത്രാവിവരണങ്ങളില്‍ ഉള്ളത്.

മലയാള യാത്രാവിവരണങ്ങള്‍ സോവിയററ് റഷ്യയുടെ ശിഥിലീകരണത്തെ സംബന്ധിക്കുന്ന സാമൂഹിക രേഖകളായി കലാശിക്കുന്നത് അവയിലെ അഭിപ്രായ പ്രകാശനം കാരണമായിരിക്കും. യഥാര്‍ത്ഥ യാത്രാവിവരണം ഒരു സാമൂഹിക രേഖയാണ്. കണ്ടും കേട്ടും അനുഭവിച്ചും വായിച്ചും ഉള്ള അറിവിന്റെ കാവ്യാത്മകമായ ആവിഷ്‌കാരം. ഇവിടെ, കമ്യൂണിസ്റ്റു റഷ്യയുടെ പതനം നേര്‍ക്കാഴ്ചകളില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഇനിയും നിരവധി വസ്തുതകള്‍ പുറത്തുവരാം. എന്തായാലും, സോഷ്യലിസത്തിലും സോവിയററ് യൂണിയനിലും വിശ്വാസമര്‍പ്പിച്ചവര്‍ക്കേററ മാനസികാഘാതം വളരെ വലുതാണ്. അതു കൊണ്ടു തന്നെ, ഈ അന്വേഷണം റഷ്യയില്‍ ചെന്നെത്തുന്ന ഓരോ യാത്രികനും തുടര്‍ന്നു കൊണ്ടേയിരിക്കും.


സഹായഗ്രന്ഥങ്ങള്‍:

1. എറിക് ഹോബ്‌സ് ബോം, ലോകത്തെ മാററുന്നത്.വിവ.,പി.കെ.ശിവദാസ്.തിരുവനന്തപുരം: ചിന്തപബ്‌ളിഷേഴ്‌സ്,2013.
2. കുഞ്ഞബ്ദുള്ള, പുനത്തില്‍.വോല്‍ഗയില്‍ മഞ്ഞു പെയ്യുമ്പോള്‍.കോഴിക്കോട്: മാതൃഭൂമി ബുക്‌സ്, 2011.
3. ഗോപകുമാര്‍.ടി.എന്‍. വോള്‍ഗാ തരംഗങ്ങള്‍. കോഴിക്കോട്: മാതൃഭൂമി ബുക്‌സ്, 2010.
4. ജോര്‍ജ്,കെ.എം.എഡി., ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ.കോട്ടയം: ഡി.സി.ബുക്‌സ്,1998.
5. പവനന്‍. ഒക്‌ടോബര്‍ വിപ്‌ളവവും മലയാള സാഹിത്യവും.തൃശ്ശൂര്‍:കേരള സാഹിത്യഅക്കാദമി,2011.
6. പൊറെറക്കാട്, എസ്.കെ., സോവിയററ് ഡയറി. കോഴിക്കോട് :പൂര്‍ണ്ണാ പബ്‌ളിക്കേഷന്‍സ്,2008.
7. പൊറെറക്കാട്, എസ്.കെ., ബാലിദ്വീപ്, കോട്ടയം: ഡി.സി.ബുക്‌സ്,2005.
8. ഷിനാസ്,എ.എം., റഷ്യ മണ്ണില്‍ വീണ നക്ഷത്രം. കോഴിക്കോട്: മാതൃഭൂമി ബുക്‌സ്, 2007.
9. സച്ചിദാനന്ദന്‍. കിഴക്കും പടിഞ്ഞാറും. തൃശ്ശൂര്‍:ഗ്രീന്‍ ബുക്‌സ്,2005.
ആനുകാലികം

10. മര്‍കാര്‍ മെല്‍കോന്യാന്‍. സോവിയററ് സോഷ്യലിസത്തിന്റെ മാര്‍ക്‌സിസ്റ്റ് പോസ്റ്റുമോര്‍ട്ടം. വിവ.എ.എം.ഷിനാസ്. മാതൃഭൂമി ആഴിചപ്പതിപ്പ്,2016 മാര്‍ച്ച് 20-26.

* * * *

  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ