ശ്രീ ചിത്രനും ദീപാനിശാന്തും പുരോഗമനവാദികളും

ശ്രീ ചിത്രനും ദീപാനിശാന്തും പുരോഗമനവാദികളും


താന്‍ ഭയങ്കര സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയയാകുന്ന സ്ത്രീയാണെന്ന് ദീപ അവകാശപ്പെടുന്നു.  ദീപാനിശാന്ത് പുരോഗമനപക്ഷത്തു നിലയുറപ്പിച്ചതു കാരണം ലോകത്തിലുള്ള സകല പിന്തിരിപ്പന്മാരും വര്‍ഗ്ഗീയവാദികളും ജാതിഭാന്തന്മാരും മതവാദികളും സ്ത്രീവിരുദ്ധരും കേരളത്തില്‍ വലിയ ആപത്തില്‍ പെട്ടിരിക്കുന്നതിനാല്‍ എപ്രകാരമെങ്കിലും അവരുടെ സ്വത്വം പൊളിച്ചടുക്കാനുള്ള തത്രപ്പാടിലത്രെ. ഈ സാമൂഹികകാലാവസ്ഥയില്‍ ദീപയ്ക്കു പിന്തുണ നല്കുകയെന്നതാണ നമുക്ക് ചെയ്യാനുള്ള കാര്യം.

ശ്രീചിത്രനാകട്ടെ, ശബരിമലവിഷയത്തിലൊക്കെ ഇടതുനിലപാടുകളുടെ ശക്തനായ പതാകാവാഹകനായിരുന്നു.  അതിനാല്‍ വര്‍ഗ്ഗീയവിഷം സ്‌പ്രേ ചെയ്യുന്നവരുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു.  ശബരിമല വിഷയമാണ് അടുത്തകാലത്ത് 'ആരാണ് നല്ല ഇടയന്‍' എന്ന് തെളിയിക്കാനുള്ള അവസരമാരുക്കിയത്.  ചാനല്‍ ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്ന ശ്രീചിത്രനെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത പുരോഗമനവാദികളെ സംബന്ധിച്ചുണ്ട്.

എന്നാല്‍, ഇവിടെ രണ്ടുപേരും കവിതാമോഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുരോഗമനവാദപരമായ നിലപാടല്ല സ്വീകരിച്ചുകാണുന്നത്.  ഇന്ന് ശ്രീചിത്രനെതിരെ രൂക്ഷമായി ആക്ഷേപം ചൊരിഞ്ഞ ദീപ തനിക്കു നേരെ ഒരു ക്രൈമാണ് നടന്നതെന്ന് ആക്ഷേപിക്കുന്നു.  ശ്രീചിത്രനു നേരെയായതിനാല്‍ അദ്ദേഹം ക്രിമിനല്‍ എന്നാണ് ധ്വനി.  മലയാളം അദ്ധ്യാപികയെന്ന് വാതോരാതെ അഭിമാനിക്കുന്നതില്‍ പിശുക്കൊട്ടും കാണിക്കാത്ത ദീപാ നിശാന്തിന്റെ കൃതികള്‍ സ്വയം ബിംബവത്കരണത്തിന്റെ ഉത്തമ ഉദാഹരണമാണ്.  വൈകാരികതയെ തൊങ്ങല്‍ ചാര്‍ത്തി സ്ഥാപിക്കുമ്പോള്‍ തനിക്കും നല്ല പട്ടുടയാട അവര്‍ തുന്നുന്നുണ്ടെന്നതാണ്. പുരോഗമനകവചമൊന്നും അതിലില്ലതാനും.

ഈ വിഷയത്തിലൂടെ കേരളത്തിലെ 'യഥാര്‍ത്ഥ പുരോഗമനവാദിയാര് 'എന്ന ചോദ്യം കൂടി ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു.  ദീപാനിശാന്ത് പ്രശസ്തിയെയും സാഹിത്യപദവിയെയും നിരങ്കുശം ആഗ്രഹിക്കുന്ന സ്ത്രീ തന്നെ.  അവരുടെ പ്രസ്താവങ്ങളിലെ 'സ്വയം ചമയല്‍ അതു സ്ഥാപിക്കുന്നു.  ശ്രീചിത്രനും കുഴിച്ചകുഴിയില്‍ വീണുവെന്ന് പറയാം.  ഇവിടെ രണ്ടുപേരും സംസ്‌കാരവ്യവസായത്തിന്റെ മാത്രം പ്രതിനിധികളാമെന്നതാണ് വസ്തുത.  രണ്ടുപേരും ആഗ്രഹിക്കുന്നത് പദവിയും പ്രശസ്തിയും മാത്രമാകുന്നു.  നിലപാടുകള്‍ അതിനുള്ള കവചം മാത്രം.  നൈതികതയില്ലാത്ത സംസ്‌കാരഘോഷണമാണ് രണ്ടുപേരും നടത്തിവന്നതെന്ന് ചുരുക്കം.  ഇത്തരം നിലപാടുകള്‍ പുരോഗമനവാദികളെ ഇരുത്തിച്ചിന്തിപ്പിക്കുന്നു.  മേല്പറഞ്ഞ രണ്ടുപേരെയും എങ്ങനെയാണ് പിന്തുണയ്ക്കുകയെന്ന ചോദ്യം അവശേഷിക്കുന്നു.  ഇത്തരത്തില്‍ സമൂഹം യോജിക്കാത്ത സാഹിത്യസംസ്‌കാരം വെച്ചു പുലര്‍ത്തുന്നവരെ, എങ്ങനെയും ശ്രദ്ധാകേന്ദ്രമാകണമെന്ന് മാത്രം ആലോചിക്കുന്നവരെ, അതിന്ന് മറ്റ് കവികളെയും സമൂഹത്തെയും ബലിയാടാക്കുന്നവരെ, പരാന്നഭോജികളെ, അതിന്റേതായ രൂപത്തില്‍ നേരിടാനാകണം.  കവിക്കും പ്രഭാഷകനും കേരളത്തില്‍ കിട്ടുന്ന ഗ്ലാമര്‍ പരിവേഷവും, കൂടാതെ പുരോഗമനപക്ഷത്തിന്റെ ശക്തമായ കാവലാളെന്ന മുദ്രയും കപടമാര്‍ഗ്ഗങ്ങളിലൂടെ ആരായുന്ന, ആഗോളമുതലാളിത്തത്തിന്റെ ഇത്തരം ചീങ്കണ്ണികളെ സംസ്‌കാര കേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണം.  അവരുടെ മലീമസമായ മുഖം പ്രദര്‍ശിപ്പിക്കാനുള്ള വേദിയാകരുത് കേരളത്തിന്റെ സായാഹ്നങ്ങള്‍.

കവികള്‍ക്ക് നിര്‍ഭയം എഴുതാനുള്ള സാഹചര്യം ഒരുക്കുകയാണ് പുരോഗമനവാദികള്‍ ചെയ്യേണ്ടത്.  മോഷ്ടിച്ച് സ്വയം പ്രശസ്തരാവുകയല്ല.  പുരോഗമനവിരുദ്ധനടപടികളാണ് മേല്പറഞ്ഞ രണ്ടുപേരും ചെയ്തിട്ടുള്ളത്.  ആരാണ് കൂടുതല്‍ തെറ്റു ചെയ്തത് എന്നത് പ്രസക്തമല്ല.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്