ജാതിക്കുമ്മിയും പുരോഗമനസാഹിത്യ പ്രസ്ഥാനവും
ജാതിക്കുമ്മിയും പുരോഗമനസാഹിത്യ പ്രസ്ഥാനവും
---- ഗണേശന്‍.വി
സാമൂഹികമായും ജാതീയമായും പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളെ കീഴാളന്‍ എന്ന പദം പ്രതിനിധാനം ചെയ്യുന്നു. കീഴാളജനത രൂപം കൊള്ളുന്നതിനു പിന്നിലെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഘടകങ്ങള്‍ നിര്‍ദ്ധാരണം ചെയ്യപ്പെടേണ്ടതുണ്ട്. ഏതു സമൂഹത്തിലും ഉപജീവനത്തിന് കാര്‍ഷികത്തൊഴിലോ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട തൊഴിലോ മറ്റു അടിസ്ഥാനതൊഴിലുകളോ നിലനില്പിനായി ചെയ്യുകയും തുച്ഛമായ വേതനം കൊണ്ടുമാത്രം ഉപജീവനം നടത്തുകയും സാമൂഹികമായി പിന്നോക്കശ്രേണിയില്‍ പെടുകയും രാഷ്ട്രീയാവഗണന നേരിടുകയും ചെയ്ത വിഭാഗമാണ് കീഴാളര്‍. ഈ പ്രബലവിഭാഗം സംഘടിതരുമല്ല. കീഴാളന്‍ എന്ന വാക്കില്‍ തന്നെ ഒരു മേല്‍-കീഴ് ബന്ധം നിലവിലുണ്ടെന്നത് സുവിദിതമാണല്ലോ. കീഴ്‌പ്പെട്ടുനില്ക്കുന്നവന്‍ എന്നും തന്റെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മോഹങ്ങള്‍ക്കുമപ്പുറം തങ്ങളെ ഭരിക്കുന്നവരുടെ ഇംഗിതം നോക്കിനടക്കുന്നവന്‍ എന്നും വ്യാഖ്യാനങ്ങള്‍ ഉണ്ട്. സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും നിരാധാരമായ വര്‍ഗ്ഗം. രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികമായും മറ്റൊരു വര്‍ഗ്ഗത്തിന്റെ അധീശത്വം സ്വീകരിച്ച അവനില്‍ തങ്ങളെ കീഴാളരാക്കിത്തീര്‍ത്ത വര്‍ഗ്ഗത്തോടോ വിഭാഗത്തോടോ ഭരണകൂടത്തോടോ ഉള്ള അമര്‍ഷം അണയാതെ കിടപ്പുണ്ടാകും. ഈ വൈരുദ്ധ്യത്തെ സമഞ്ജസമായി അവതരിപ്പിക്കുന്ന കാവ്യമാണ് 'കുടിയൊഴിക്കല്‍'. തങ്ങളുടെ നിസ്സഹായാവസ്ഥയില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചനം ലഭിക്കുമ്പോള്‍ അവര്‍ അനീതികളോട് പ്രതിഷേധിക്കുകയും തങ്ങളുടേതായ രാഷ്ട്രീയ-സാമൂഹികാധിനിവേശത്തിന് ശ്രമിക്കുകയും ചെയ്യും. ബ്രാഹ്മണര്‍ക്കെതിരേ ശക്തമായി പ്രതിഷേധിച്ചുവെന്നതിന്റെ പേരിലാണല്ലോ ശൂദ്രരാജാക്കന്മാര്‍ക്ക് തങ്ങളുടെ രാഷ്ട്രീയ-സാമൂഹിക പദവികള്‍ കൈമോശം വന്നത്.
'എമ്പ്രാന്‍മാരുടെ ഏറാന്‍മൂളികളാ'യിമാറിയ കീഴാളര്‍ക്ക് വിദ്യാഭ്യാസവും സംസ്‌കാരവും വളരെ പരിമിതമോ നിഷേദ്ധ്യമോ ആയിരുന്നു. ഈ കീഴാളജനത സംഘടിക്കുന്നതും, അറിവ് വളര്‍ച്ചയുടെ ഭാഗമാണ് എന്നു മനസ്സിലാക്കുന്നതും സംഘടിതബഹുജനപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയോടെയാണ്. അതിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകപങ്കാണ് ജനകീയനവോത്ഥാനം വഹിച്ചിട്ടുള്ളത്. ജനാധിപത്യം, മതനിരപേക്ഷത, യുക്തിവാദം, സോഷ്യലിസം, മാനവികത മുതലായ ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള ആശയങ്ങള്‍ക്ക് വളര്‍ച്ചയുണ്ടായിയെന്നതു മാത്രമല്ല, അതിന്റെ പ്രായോഗികതലം എപ്രകാരമാണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനും അയ്യങ്കാളി, നാരായണഗുരു മുതലായ ജനകീയ നവോത്ഥാനപ്രവര്‍ത്തകര്‍ക്കു സാധിച്ചു. എന്നിരുന്നാലും, അതിനെ സംഘടനാരൂപത്തിലേക്ക് വളര്‍ത്തിയത് കര്‍ഷക പ്രസ്ഥാനവും ഇരുപതുകളില്‍ ആരംഭിച്ച് മുപ്പതുകളില്‍ ശക്തിയാര്‍ജ്ജിച്ച തൊഴിലാളി സംഘടനകളുമാണ്. കേരളത്തില്‍ ദേശീയപ്രസ്ഥാനവും കീഴാളരെ ഐക്യപ്പെടുത്താന്‍ ഉതകി. ഈ സന്ദര്‍ഭത്തില്‍ സ്വാഭാവികമായും സാഹിത്യത്തിനും സാഹിത്യ സംഘടനയ്ക്കും കീഴാളരെ ബോധവത്കരിക്കാന്‍ വേറിട്ട ചില പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. അവരിലേക്ക് ഇറങ്ങിച്ചെല്ലുകയെന്നതാണ് പ്രഥമം.
Pandit K.P. Karuppan |
കീഴാളന് ഒരു സാഹിത്യവും സാഹിത്യരചനാരീതിയും സംഭാവന ചെയ്തതാണ് ജീവത്-പുരോഗമനസാഹിത്യസംഘടനകള്‍ നിര്‍വഹിച്ച പരമപ്രധാന ദൗത്യം. സാഹിത്യലോകത്തു നിന്നും, വിശേഷിച്ച് അതിന്റെ ആസ്വാദനലോകത്തുനിന്നു പോലും കീഴാളന്‍ പടിയിറങ്ങിനില്‌ക്കേണ്ട സാഹചര്യം സവര്‍ണ്ണസാഹിത്യ മേലാളന്മാര്‍ രൂപപ്പെടുത്തിയിരുന്നു. താരതമ്യേന അധുനാതന സാഹിത്യരൂപമായ നോവലാണ് വളരെ വേഗത്തില്‍ കീഴാളരെ സ്വന്തം മണ്ഡലത്തില്‍ ആവിഷ്‌കരിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട 'ഘാതകവധം'(1878) മതംമാറാനിച്ഛിച്ച പുലയരുടെ യാതനകള്‍ യഥാതഥമായി രേഖപ്പെടുത്തി. ജാതീയബന്ധനത്തില്‍ നിന്നും മോചനം കാംക്ഷിച്ച് വ്യക്തിസ്വാതന്ത്ര്യവും പരിഗണനയും മോഹിച്ച് മതം മാറിയവര്‍ അനുഭവിക്കേണ്ടിവന്ന ദു:സ്ഥിതിയുടെ നേര്‍ചിത്രം നല്കുന്നതിനാല്‍ പ്രസ്തുത നോവല്‍ ഒരു സാമൂഹികരേഖയാണ്. ചെറുകഥയിലാകട്ടെ, ജീവത്-പുരോഗമനസാഹിത്യസംഘടനകളുടെ കാലഘട്ടത്തില്‍ മാത്രമാണ് കീഴാളരുടെ പ്രശ്‌നങ്ങളോട് പൂര്‍ണ്ണമായ അനുഭാവം ഉണ്ടാകുന്നത്. അതിനാല്‍ സമൂഹത്തില്‍ കീഴാളരുടെ നവോത്ഥാനോല്ലാസം ആദ്യമായി ഏറ്റുവാങ്ങിയ സാഹിത്യരൂപം നോവലാണെന്നു പറയാം. ജീവിതത്തിന്റെ വിസ്തൃതമായ ആ ആഖ്യാനരൂപത്തിന്റെ വിശാലമായ കാന്‍വാസ് പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ് കീഴാളജീവിതഗന്ധിയായിത്തീര്‍ന്നത്. തുടര്‍ന്ന്, കീഴാളജീവിതാവിഷ്‌കരണത്തിന് ജീവത്-പുരോഗമനസാഹിത്യപ്രസ്ഥാന കാലം വരെ അതിന് കാത്തിരിക്കേണ്ടിവന്നു.
സംസ്‌കൃതഭാഷാ പ്രിയതയും നിയോക്‌ളാസ്സിക് കാവ്യരചനാസങ്കേതങ്ങളും മലയാളകവിതയിലെ പുരോഗമനപരതയേയും കീഴാളപ്രാതിനിധ്യത്തേയും ഏറെക്കാലം അകറ്റിനിര്‍ത്തിയ ഘടകങ്ങളാണ്. എന്നാല്‍ ജനകീയനവോത്ഥാനത്തിന്റെ ആശയങ്ങള്‍ നവോത്ഥാനനായകരുടെ കാവ്യങ്ങളിലൂടെ വെളിച്ചം കണ്ടു. മൂലൂര്‍ എസ് പത്മനാഭപ്പണിക്കരെപ്പോലെ(1869-1930) കവിതയിലെ ജാതീയമേധാവിത്വത്തെ വെല്ലുവിളിക്കാനും സാഹിത്യത്തില്‍ കീഴാളനും ഇടമുണ്ടെന്ന് സ്ഥാപിക്കാനും ധൈര്യം കാട്ടിയത് അപൂര്‍വം ചിലര്‍ മാത്രമാണ്. അവരിലൊരാളായിരുന്നു, പണ്ഡിറ്റ് കെ പി കറുപ്പന്‍(1885-1938). സാഹിത്യത്തിലെ വരേണ്യതയും സാഹിത്യപ്രഭുതയുടെ അടിച്ചമര്‍ത്തലും നൂതന സാഹിത്യമേഖലകളായ നോവല്‍, ചെറുകഥ എന്നിവയേക്കാളും ബാധിച്ചത് കവിതയെയാണ്. അത് കോവിലകങ്ങളുടെയും തമ്പുരാക്കന്മാരുടെയും വരേണ്യരുടെയും കൈവിളയാട്ടകേന്ദ്രമായിരുന്നു. ഈ സാഹചര്യത്തിലാണ് കേസരി എ ബാലകൃഷ്ണപ്പിള്ള(കേസരി, 1889-1960) മലയാളത്തിലെ ആഢ്യമ്മന്യസാഹിത്യകാരന്മാരെ വിമര്‍ശിക്കുന്നതും അതിന്റെ ജനകീയമുഖത്തെ സംബന്ധിച്ച് എഴുതുന്നതും രാഷ്ട്രീയോന്മുഖ സാഹിത്യസംഘടനയായ ജീവത്സാഹിത്യ സംഘത്തെ പിന്തുണയ്ക്കുന്നതും. വസ്തുതകള്‍ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ സാഹിത്യത്തെ ജനകീയമാക്കുകയും അതില്‍ കീഴാളപ്രതിഷ്ഠ നടത്തുകയും ചെയ്ത സാഹിത്യസംഘടനയായി മേല്പറഞ്ഞ ജീവത്-പുരോഗമനസാഹിത്യസംഘടനകളെ (പേരില്‍ മാത്രമാണ് ഇവ രണ്ടായി നില്ക്കുന്നത്) സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ കഴിയും.
പലയിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതു പോലെ സാമൂഹികവും രാഷ്ട്രീയവുമായ ഒരാവശ്യം നേടിയെടുക്കാനാണ് ജീവത്-പുരോഗമനസാഹിത്യ സംഘടനകള്‍ രൂപം കൊണ്ടത്. അത് കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ലായിരുന്നു. ഫാസിസത്തെ ചെറുക്കുവാന്‍ എഴുത്തുകാരും കലാകാരന്മാരും കണ്ണിചേരുക എന്ന സന്ദേശം ലോകമെമ്പാടും രൂപം കൊണ്ട പുരോഗമനസാഹിത്യ സംഘടനകള്‍ ഉയര്‍ത്തി. വിഷയത്തിന്റെ സാര്‍വജനീനത അവയെ ലോകബന്ധമുള്ളതും അത്യന്താപേക്ഷിതവുമാക്കിത്തീര്‍ത്തു. മാക്‌സിം ഗോര്‍ക്കി(1868-1936), ഹെന്റ്രി ബാര്‍ബൂസ്സെ(1873-1935), റൊമെയിന്‍ റൊളാണ്ട്(1866-1944) മുതലായ പ്രഗത്ഭസാഹിത്യകാരന്മാരായിരുന്നു പുരോഗമന സാഹിത്യ സംഘടനയുടെ ലോകനേതൃതലത്തില്‍ പ്രവര്‍ത്തിച്ചത്. ഫാസിസ്റ്റുരാജ്യങ്ങളുടെ യുദ്ധപ്പുറപ്പാട് ലോകജനതയില്‍ ഉണ്ടാക്കിയ പ്രതിഷേധവും അസ്വാസ്ഥ്യവും നിരാശയും ഭയവും യുദ്ധവിരുദ്ധമുന്നേറ്റമുണ്ടാക്കി. തൊഴിലാളികള്‍, കര്‍ഷകര്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍ എന്നിങ്ങനെയുള്ള രാഷ്ട്രീയ-സാമൂഹികവിഭാഗങ്ങളുടെ ദ്രുതഗതിയിലുള്ള യോജിപ്പിന് അത് കാരണമായി. ഈ ഏകോപനത്തിന്റെ പ്രതിഫലനവും, ഫാസിസത്തോടുള്ള പ്രതിഷേധത്തിന്റെയും അക്രമത്തോടുളള പ്രതിരോധത്തിന്റെയും കണ്ണിചേരലുമാണ് സാര്‍വദേശീയ പുരോഗമനസാഹിത്യ പ്രസ്ഥാനം(1935).
സ്വാഭാവികമായും സാമ്രാജ്യത്വതാല്പര്യങ്ങള്‍ക്കെതിരേ (ഫാസിസത്തിനെതിരെയെന്നതിനേക്കാളും) ദേശസ്വാതന്ത്ര്യം, ചൂഷണത്തില്‍ നിന്നും മോചനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കോളനിവാഴ്ചയ്ക്കും കൊടിയചൂഷണത്തിനുമെതിരേ അതിശക്തമായ നിലപാട് സ്വീകരിച്ച് ദേശീയതലത്തില്‍ വിവിധ രാജ്യങ്ങളില്‍ പുരോഗമനസാഹിത്യ സംഘടനകള്‍ രൂപം കൊണ്ടു. എന്നാല്‍ പ്രാദേശികതലത്തില്‍, പ്രാദേശികതലത്തിലുള്ള ജനശത്രുക്കളെ അഭിമുഖീകരിച്ചുകൊണ്ടാണ് അതിന്റെ ഘടകങ്ങള്‍ രൂപീകൃതമായതും മുന്നേറിയതുമെന്നു കാണാവുന്നതാണ്. കേരളത്തില്‍ ജാതി-ജന്മി-നാടുവാഴിത്തത്തിനെതിരായ പ്രാദേശിക കാഴ്ചപ്പാടും, ദേശവിമോചനത്തിനുവേണ്ടിയുള്ള വിശാലമായ കാഴ്ചപ്പാടും പുരോഗമന സാഹിത്യസംഘടന സ്വീകരിച്ചുവെന്ന് കാണാം. സാധാരണക്കാരനെ അറിവിലൂടെ സമരസജ്ജനാക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അതിന്നു സാധിച്ചു.
കീഴാളന്റെ സ്വരത്തിന് പ്രാധാന്യമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അതിന് ഉച്ചസ്ഥായി നിര്‍മ്മിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് പുരോഗമനസാഹിത്യ സംഘടന കേരളത്തില്‍ നിര്‍വഹിച്ചത്. വിധേയപ്പെടലിന്റെ തത്ത്വശാസ്ത്രങ്ങളെ നിഷേധിച്ച്, നവോത്ഥാനചിന്തയില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കുകയും പൈതൃകത്തെ വിപ്‌ളവവത്കരിക്കുകയും ചെയ്തുകൊണ്ട് സമരസജ്ജമായ പാതയിലൂടെ അതിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള കര്‍മ്മരേഖകളാണ് കേസരിയും ജീവത്സാഹിത്യസംഘ പ്രവര്‍ത്തകനും അന്ന് സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടും(ഇ എം എസ്സ്) രണ്ടു വശങ്ങളിലിരുന്ന് തയ്യാറാക്കിയത്. ചോറും വിശപ്പും സാഹിത്യവിമര്‍ശനത്തിലെ പ്രധാന അജണ്ടകളായി രൂപപ്പെട്ടത് ഈ സാഹിത്യസംഘടനകളുടെ കാലഘട്ടത്തിലായിരുന്നു.
സര്‍വാത്മനാ ജീവത്സാഹിത്യസംഘത്തെ പിന്തുണച്ച സാഹിത്യാചാര്യരില്‍ അഗ്രഗണ്യനായിരുന്നു കേസരി. ജീവത്സാഹിത്യത്തിന്റെ സംഘാടകരൊക്കെ ചെറുപ്പക്കാര്‍. അതിന്റെ രൂപീകരണവേളയില്‍ ഇ എം എസ്സിന്(1909-1998) ഇരുപത്തിയെട്ടു വയസ്സുമാത്രം. ജീവത്സാഹിത്യ സംഘാടകനല്ലെങ്കിലും മാര്‍ഗ്ഗദര്‍ശിത്വം ചുമത്തപ്പെടുന്ന കേസരിക്ക് (1889-1960)നാല്പത്തിയെട്ട് വയസ്സ്. പക്ഷേ, മലയാളസാഹിത്യത്തിന്റെ അലകും പിടിയും മാറണമെന്ന പക്ഷക്കാരായിരുന്നു, രണ്ടു പേരും. ദുഷിച്ച സാഹിത്യസമീപനം വെച്ചുപുലര്‍ത്തുന്ന 'സമസ്തകേരള സാഹിത്യപരിഷത്ത്'(1927) എന്ന ആഢ്യസാഹിത്യ സംഘടന തകരുന്നതിലൂടെ മലയാള സാഹിത്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ വായു കടക്കുമെന്ന് കേസരി വിശ്വസിച്ചു. കേസരി, 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ല്‍ 'ജീവത്സാഹിത്യത്തിന്റെ വിഷയം' എന്ന ലേഖനം പ്രസിദ്ധീകരിക്കുന്നതിന്ന്(1937 ജൂലൈ 26) ഒരാഴ്ച മുമ്പെ ഇ എം എസ്സിന്റെ 'ജീവത്സാഹിത്യസംഘവും സൗന്ദര്യബോധവും'(1937 ജൂലൈ 19) എന്ന ലേഖനം പ്രസിദ്ധീകൃതമായി. 'പുരോഗമനസാഹിത്യസംഘത്തിന്റെ മാനിഫെസ്റ്റോ' എന്ന് ഇ എം എസ്സിന്റെ ലേഖനം പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
സാഹിത്യത്തില്‍ വിപ്‌ളവാത്മകത കൈവരിക്കേണ്ടതിനെപ്പറ്റി കേസരി 1935-നു മുമ്പേ എഴുതിയിട്ടുണ്ട്. കേരളത്തിലെ ഭാഷാഭിമാനികള്‍ സമസ്തകേരള സാഹിത്യ പരിഷത്തില്‍ ഉദാസീനരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേവലം അഞ്ചുവയസ്സുമാത്രം പ്രായമുള്ള 'പരിഷത്ത് ശിശു' ശിശുമരണങ്ങള്‍ക്ക് അന്ന് കുപ്രസിദ്ധമായ കേരളത്തില്‍ മരണമടയാന്‍ പോകുന്നുവെങ്കില്‍ പിതാക്കള്‍ക്കായിരിക്കും അതിന്റെ ഉത്തരവാദിത്തം എന്ന് കേസരി പ്രസ്താവിച്ചു. സാഹിത്യപരിഷത്ത് നേതാക്കളുടെ ഉദ്ദേശശുദ്ധിക്കുറവും സംഘടനയ്ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം നല്കാനുള്ള മടിയുമാണ് ഇതിന്റെ അടിസ്ഥാനഹേതുക്കള്‍ എന്ന് അദ്ദേഹം വിമര്‍ശിച്ചു. 1931 ജനുവരി 14 നെഴുതിയ മുഖപ്രസംഗത്തിലാണ് മേല്പറഞ്ഞ കാര്യങ്ങള്‍ കേസരി പരാമര്‍ശിച്ചത്. 1934 മെയ് 16 ന് കേസരിയിലെഴുതിയ മുഖപ്രസംഗം നിലമ്പൂര്‍ സമ്മേളനത്തെ വിലയിരുത്തി. നിലമ്പൂര്‍ രാജാവിന്റെ ആതിഥ്യമര്യാദയും പന്തിഭോജനവും ഒക്കെ ഗംഭീരം തന്നെ. എന്നാലും അതിലും ദുസ്സൂചനയുണ്ടെന്ന് കേസരി വ്യക്തമാക്കി. പ്രഭുക്കന്മാരെയും മുതലാളികളെയും അവരുടെ സ്ഥാനങ്ങളില്‍ നിന്നും മറിച്ചിട്ട് തൊഴിലാളികളെ ആ സ്ഥാനങ്ങളില്‍ സ്ഥാപിക്കുവാന്‍ സഹായിക്കേണ്ടവരായ സാഹിത്യകാരന്മാര്‍ക്ക് നിലമ്പൂര്‍ രാജാവിന്റെ ഉദാരഭോജ്യം കടപ്പാടാണ് ഉണ്ടാക്കിത്തീര്‍ക്കുന്നതെന്ന് തുറന്നെഴുതി. ഇത്തരം കടമമറന്നുള്ള കടപ്പാടുകള്‍ക്കെതിരാണ് കേസരി. കടമ അടിസ്ഥാനവര്‍ഗ്ഗത്തോടുതന്നെ. സ്ഥാപിതമായ വരേണ്യവര്‍ഗ്ഗതാല്പര്യങ്ങളോടും സാഹിത്യത്തിലെ പ്രഭുത്വമനോഭാവത്തോടും പൊരുത്തപ്പെടാന്‍ സാധിക്കാത്ത ഒരു വിപ്‌ളവകാരി എല്ലായ്‌പ്പോഴും കേസരിക്കുള്ളിലുണ്ടെന്നു കാണാം. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മാറ്റത്തെ ശരിയാംവണ്ണം ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തെ ശരിയായി മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും പുരോഗമനസാഹിത്യ സംഘടനയുടെ കാലഘട്ടത്തില്‍ തന്നെ പരാജയം നേരിട്ടു.
1939-ല്‍ കമ്യൂണിസ്റ്റു സംഘടന ഔപചാരികമായി രൂപം കൊള്ളുകയും നിരോധിക്കപ്പെടുകയും ചെയ്തു. ഇക്കാലയളവില്‍ ജീവത്സാഹിത്യസംഘടനയുടെ പ്രവര്‍ത്തനങ്ങളും രഹസ്യസ്വഭാവമുള്ളതായി. ഈ അവസരത്തിലാണ് ഏറ്റവും കൂടുതലായി മുദ്രാവാക്യകവിതകളും പടപ്പാട്ടുകളും ചെറുനാടകങ്ങളും ഓട്ടന്‍തുള്ളലുകളും ജനസാമാന്യത്തിനിടയില്‍ ആശയപ്രചരണത്തിന്റെ ഭാഗമായി പ്രചരിച്ചതും, സാധാരണക്കാരന്‍ എഴുതിയും ചൊല്ലിയും അഭിനയിച്ചും വായിച്ചും സാഹിത്യമേഖലയില്‍ വ്യാപൃതനാകാന്‍ തുടങ്ങിയതും. അതിലൂടെ സാഹിത്യത്തിന്റെ കുത്തക എഴുതിത്തഴക്കം വന്ന പരമ്പരാഗത/വരേണ്യസാഹിത്യകാരന്മാര്‍ക്കാണെന്ന ധാരണ പൊളിഞ്ഞു.
'ജീവത്സാഹിത്യവും സൗന്ദര്യബോധവും'(1937)എന്ന ലേഖനത്തില്‍ സാഹിത്യത്തില്‍ വന്നുകൊണ്ടിരുന്ന മാറ്റത്തെ വളരെ കൃത്യമായി നിര്‍ദ്ധാരണം ചെയ്തശേഷം സൗന്ദര്യബോധത്തെയും പ്രതിബദ്ധതയെയും സംബന്ധിച്ച നൂതനധാരണകളെ ഇ എം എസ്സ് ജീവത്സാഹിത്യമണ്ഡലത്തില്‍ പ്രതിഷ്ഠിച്ചു. സാഹിത്യത്തിലെ ഭാവരൂപങ്ങളെ സംബന്ധിക്കുന്ന ഈ ഉദാരവും മൗലികവുമായ വീക്ഷണത്തെ അതേരൂപത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വിഷമിക്കുന്ന ഇ എം എസ്സിനെയാണ് 1944-നു ശേഷം, പുരോഗമനസാഹിത്യ സംഘടനയുടെ രൂപീകരണത്തിനു ശേഷം, കൃത്യമായിപ്പറഞ്ഞാല്‍ 1946- മുതല്‍ കാണാന്‍ സാധിക്കുക. പുരോഗമനസാഹിത്യ സംഘടനയുടെ പിതൃത്വത്തെ സംബന്ധിക്കുന്ന ഉത്കണ്ഠ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ഉണ്ടാവുകയും അത് എം പി പോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കത്രികപ്പൂട്ടായിപ്പരിണമിക്കുകയും ചെയ്തു. കമ്യൂണിസ്റ്റുനിരൂപകര്‍ ചില സാഹിത്യകാരന്മാരെ നിശിതനിരൂപണത്തിനു വിധേയമാക്കി. (ചങ്ങമ്പുഴ, മുണ്ടശ്ശേരി, കേശവദേവ്, കേസരി എന്നിങ്ങനെ...). പക്ഷേ, ഈ സന്ദര്‍ഭവും മലയാളസാഹിത്യത്തിന് ഉപകാരപ്രദമായി. സാഹിത്യനിരൂപണത്തിലുളള മേലാളമനോഭാവവും അട്ടിമറിഞ്ഞു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിനു പിന്നില്‍ ഗോര്‍ക്കിയുടെ ആശയങ്ങളാണുള്ളതെന്ന് എം എന്‍ വിജയന്‍ ചൂണ്ടിക്കാട്ടുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആശയങ്ങളല്ല അതില്‍ അടങ്ങിയിട്ടുള്ളത്. എന്നാല്‍ ഗോര്‍ക്കിയുടെ ആശയങ്ങളിലും കമ്യൂണിസ്റ്റ്ആശയങ്ങളിലും ഒരു പോലെ നിഹിതമായിട്ടുള്ള ഘടകം, ലോകം അടിസ്ഥാനവര്‍ഗ്ഗത്തിനു വേണ്ടിയാകണമെന്നതാണ്. അടിസ്ഥാനജനതയെ ബോധവത്കരിക്കാനും കര്‍മ്മോന്മുഖതയുടെയും തിരിച്ചറിവിന്റെയും പാതയില്‍ അവരെ കൊണ്ടുചെന്നെത്തിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് അതിന്റെ പദ്ധതികള്‍. അതിനാല്‍ അടിസ്ഥാനജനതയ്‌ക്കൊപ്പം നില്ക്കാനും, അവനെ പ്രതിനിധാനം ചെയ്യാനും ഉദ്ദേശിച്ചുകൊണ്ടുള്ള പുരോഗമനസാഹിത്യ സംഘടനയ്ക്കു പിന്നില്‍ ജനം അണിനിരന്നത് സ്വാഭാവികമാണ്.
ഈ സന്ദര്‍ഭത്തില്‍, 1944 മുതല്‍, ബഹുഭൂരിപക്ഷം സാഹിത്യകാരന്മാരും ഭാഗഭാക്കായ പുരോഗമനസാഹിത്യ സംഘടനയ്ക്കു ദിശാബോധം ഉളവാക്കാനുള്ള യത്‌നമാണ് സംഘടനയിലെ കമ്യൂണിസ്റ്റുസാഹിത്യകാരന്മാര്‍ നടത്തിയത്. പുരോഗമന സാഹിത്യ സംഘടനയിലേക്ക് പലവിഭാഗങ്ങളില്‍ നിന്നുമുള്ള സാഹിത്യകാരന്മാരുടെ തള്ളിക്കയറ്റം കമ്യൂണിസ്റ്റുസാഹിത്യകാരന്മാരെ അങ്കലാപ്പിലാക്കി. വ്യക്തവും ലക്ഷ്യബോധമുള്ളതുമായ ഒരു മാനിഫെസ്റ്റോ നിര്‍മ്മിക്കേണ്ടത് അനിവാര്യതയായി അവര്‍ക്കനുഭവപ്പെടുകയും അതുപ്രകാരം 1946 ല്‍ 'പുരോഗമനസാഹിത്യം പുരോഗമിക്കാന്‍' എന്ന ലഘുലേഖ നിര്‍മ്മിക്കുകയും ചെയ്തു. അതിനെ മുന്‍നിര്‍ത്തിയും, ഇ എം എസ് എഴുതിയ 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന വിമര്‍ശനത്തെയും, തകഴിയുടെ 'തോട്ടിയുടെ മകന്‍' എന്ന നോവലിന് അവതാരിക എഴുതിയ ജോസഫ് മുണ്ടശ്ശേരിയുടെ രൂപഭദ്രതാ പ്രയോഗത്തെയും മുന്‍നിര്‍ത്തി സംഘടനയിലെ വിഭാഗീയനീക്കങ്ങള്‍ രൂക്ഷമാവുകയും സംഘടന തകരുകയും ചെയ്തുവെന്നത് ചരിത്രം. എങ്കിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ കീഴാളരുടെ ആശയും ആവേശവുമാകാന്‍ പ്രസ്തുത സാഹിത്യസംഘടനയ്ക്കു സാധിച്ചു. സാഹിത്യം ജനങ്ങളിലേക്കിറങ്ങുകയും പ്രചരണോദ്ദേശ്യത്തിലുള്ള കവിതകളും ഓട്ടന്‍തുള്ളലുകളും കുമ്മികളിപ്പാട്ടുകളും അക്ഷരോപാസനയിലേക്ക് അടിസ്ഥാനജനതയെ തള്ളിവിടുകയും ചെയ്തു. അതായത്, കീഴാളന്റെ സാംസ്‌കാരികജീവിതം പുഷ്‌കലമാക്കാന്‍ പുരോഗമനസാഹിത്യ സംഘടന ഒരു കാലഘട്ടത്തില്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നര്‍ത്ഥം.
ജീവത്സാഹിത്യകാലഘട്ടത്തില്‍ റിയലിസത്തിന്റെയും സോഷ്യലിസ്റ്റുറിയലിസത്തിന്റെയും കടന്നുവരവ് കീഴാളജനതയുടെ ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്കി. കവിതകളിലും ചെറുകഥകളിലും നോവലുകളിലും നാടകങ്ങളിലും സാധാരണക്കാരന്റെ ജീവിതം പ്രമേയമായി. തോട്ടികളും കൂലിപ്പണിക്കാരും റിക്ഷാതൊഴിലാളികളും നിസ്വരായ സാധാരണക്കാരും ചെറുമരും സര്‍ഗ്ഗാത്മകസാഹിത്യത്തിലെ പ്രധാന വിഷയങ്ങളായി ഭവിച്ചു. പരമ്പാരാഗതമായ സാഹിതീചിന്തകള്‍ പൊളിയുകയും സാധാരണീയരുടെ ജീവിതത്തോടുള്ള ആഭിമുഖ്യം വെളിപ്പെടുത്താന്‍ സാഹിത്യകാരന്മാര്‍ തയ്യാറാവുകയും ചെയ്തുവെന്നത് വലിയ നേട്ടം തന്നെയാണ്. ഇതിന്ന് മുന്നൊരുക്കം നല്കാന്‍ 'ജാതിക്കുമ്മി', 'ദുരവസ്ഥ'(കുമാരനാശാന്‍,1922) എന്നീ കൃതികളെപ്പോലെ പ്രാസസംവാദത്തിനും നവോത്ഥാനചിന്തകരുടെ രചനകള്‍ക്കും സാധിച്ചു. കീഴാളരുടെ ശബ്ദമായി രൂപപ്പെട്ട പുരോഗമനസാഹിത്യ പ്രസ്ഥാനം പാരമ്പര്യത്തിന്റെ മൗഢ്യത്തേയും ആവര്‍ത്തനപരതയേയും നിരാകരിച്ചു. ജീവത്സാഹിത്യകാലഘട്ടത്തിനു മുമ്പേ കീഴാളരെ ഏകോപിപ്പിക്കുന്നതിലും അവകാശബോധമുള്ളവരാക്കുന്നതിലും ചില രചനകള്‍ പ്രേരകങ്ങളായി ഭവിച്ചിട്ടുണ്ടെങ്കിലും പണ്ഡിറ്റ് കെ പി കറുപ്പന്റെ 'ജാതിക്കുമ്മി' (1912) വേറിട്ടു നില്ക്കുന്നു.
ജാതിക്കുമ്മി (1912)
കെ പി കറുപ്പന്റെ വിഖ്യാതരചനയായ ജാതിക്കുമ്മി, ജാതി വിരുദ്ധചിന്താഗതി വളര്‍ത്താനുപകരിക്കുന്നതും കുമ്മികളിമട്ടില്‍ എഴുതപ്പെട്ടതുമായ കാവ്യമാണ്. ഒരു അധ:കൃതന്‍ കൂടിയായ കെ പി കറുപ്പന്‍ എഴുതിയ ഈ കാവ്യം ജാതിയുടെ നിരര്‍ത്ഥകത വിളിച്ചോതുന്നു. ഒരു ബൂര്‍ഷ്വാ ലിബറല്‍ ബുദ്ധിജീവിയുടെ കൃതിയെന്ന നാട്യങ്ങളെന്യേ സമുദായത്തിനകത്തേക്ക് കടന്നു ചെല്ലാന്‍ 'ജാതിക്കുമ്മി'ക്കു സാധിച്ചു.
കീഴാളരെ പ്രതിനിധീകരിച്ച് എഴുതപ്പെട്ട 'ജാതിക്കുമ്മി' ജാതിയുടെ നിരര്‍ത്ഥകതയെ അവതരിപ്പിക്കുന്നു. ചരിത്രവും സാഹിത്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കരുവാക്കുകയാണ് രചയിതാവായ കെ പി കറുപ്പന്‍ ചെയ്തത്. ചരിത്രത്തെ ജനങ്ങളിലേക്കെത്തിക്കാന്‍ കാവ്യത്തിന്റെ രൂപഭാവങ്ങള്‍ നല്കി, ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു കലാവതരണത്തിന്റെ ചൊല്‍വടിവില്‍ ജനകീയവത്കരിച്ച ആശയങ്ങളെ ഇറക്കിവിട്ട് കെ പി കറുപ്പന്‍ കലാപം സൃഷ്ടിച്ചു. രാജ്യത്തുണ്ടായ രാഷ്ട്രീയമാറ്റങ്ങള്‍ കീഴാളവിഭാഗങ്ങളുടെ സാമൂഹികനിലയ്ക്കു മാറ്റമുണ്ടാക്കുമെന്നതിനാല്‍ അദ്ദേഹം സ്വാഗതം ചെയ്യുന്നുണ്ട്:
'പട്ടാണിമാര്‍ക്കും പറങ്കികള്‍ക്കും, കിട്ടാതെയീരാജ്യ മേങ്കോയ്മകള്‍
ബ്രിട്ടീഷിനാക്കിക്കൊടുത്ത ദൈവം, കൃപാവൃഷ്ടിപ്രദന്‍ തന്നെ യോഗപ്പെണ്ണേ
ഇപ്പോള്‍ തുഷ്ടന്‍മാരായി നാം ജ്ഞാനപ്പെണ്ണേ....'
ചരിത്രം രചിക്കുന്നത് എല്ലായ്‌പ്പോഴും കീഴാളരും എന്നാല്‍, ചരിത്രം എഴുതുന്നത് അധികാരികളുമാണെന്ന വൈചിത്ര്യം മാറേണ്ടതുണ്ട്. അതിന്നുള്ള ശ്രമം കൂടിയാണ് കെ പി കറുപ്പന്‍ നിര്‍വഹിക്കുന്നത്. ബ്രിട്ടീഷുകാരെ അദ്ദേഹം സ്വാഗതം ചെയ്യുന്നുണ്ട്. അവര്‍ക്ക് ജാതീയമായ ഉച്ചനീചത്വങ്ങളില്ല. അവരുടെ ഭരണം മര്‍ദ്ദകമോ ചൂഷണപരമോ എന്ന വിഷയം അവിടെ നില്ക്കട്ടെ. വിദേശികളുടെ അടിച്ചമര്‍ത്തലിനേക്കാളും കഠിനവും അസഹ്യവും അപമാനകരവുമാണ് സ്വദേശികളായ സവര്‍ണ്ണര്‍ തയ്യാറാക്കിയ ജാതിവ്യവസ്ഥിതിയിലധിഷ്ഠിതമായ അപരിഷ്‌കൃത ദുര്‍ന്നയങ്ങള്‍. അതിനാല്‍ കവി ബ്രിട്ടീഷുകാരെ നിര്‍ല്ലോഭം പിന്തുണക്കുന്നതില്‍ അതിശയപ്പെടാനില്ല. സ്വന്തം മണ്ണില്‍ നിന്നും അന്യവത്കരിക്കപ്പെട്ടവന്റെ വിലാപങ്ങളും വസ്തുതകളുമാണ്, ആര്‍ദ്രമായ ജീവിതസത്യങ്ങളാണ് കെ പി കറുപ്പന്‍ മുന്നോട്ടുവെക്കുന്ന ജാതിക്കുമ്മിയിലെ ചേരുവ.
'ജാതിക്കുമ്മി,' ശങ്കരാചാര്യരും പുലയനും തമ്മില്‍ നടന്ന ജ്ഞാനസംവാദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വിജ്ഞാനത്തിന്റെ വിമോചനവും അതിന്റെ വിതരണനീതിയുമായിരുന്നു കേരളീയനവോത്ഥാനത്തിന്റെ പ്രഥമമായ ലക്ഷ്യം എന്ന് പണ്ഡിറ്റ് കെ പി കറുപ്പന്റെ 'തിരഞ്ഞെടുത്ത കൃതികള്‍'ക്കുള്ള പഠനത്തില്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ പ്രസ്താവിക്കുന്നു.(2013:20).
സമൂഹത്തിലും സാഹിത്യത്തിലും വ്യാപിച്ച മാനവികവിരുദ്ധ കൊളോണിയല്‍ ആശയങ്ങളെയും വരേണ്യ-ജാതി പ്രതിനിധാനങ്ങളേയും ചെറുക്കുക എന്ന ദൗത്യമാണ് ഇവിടെ കെ പി കറുപ്പന്‍ നിര്‍വഹിക്കുന്നത്. സാമ്പത്തിക സാംസ്‌കാരിക രാഷ്ട്രീയവ്യവസ്ഥയുടെ ആധിപത്യനീതിബോധമായി ജാതി മേധാവിത്തത്തിന്റെ നീതിബോധമാണ് മുഴുവന്‍ സമൂഹത്തിനുമേലും ആധിപത്യം ചെലുത്തുന്നതെന്ന് കെ.കെ.എസ്. ദാസ് പരാമര്‍ശിക്കുന്നു. മതവും ജാതിയും സാമ്പത്തികാധിപത്യവും കൂടിച്ചേര്‍ന്ന പൊതുബോധമെന്ന നിലയില്‍ അദ്ദേഹം അധീശാധിപത്യത്തെ കാണുന്നു. മുഖ്യധാരാസാഹിത്യവും അധികാരരാഷ്ട്രീയവും അതിന്റെ ഉത്പന്നങ്ങളത്രെ( കെ.കെ.എസ്. ദാസ് 2011:103). പിന്നോക്കവര്‍ഗ്ഗക്കാരന് ചരിത്രമില്ലെന്ന സവര്‍ണ്ണാഭിമതങ്ങളെ വെല്ലുവിളിക്കുകയാണ് കെ പി കറുപ്പന്‍ തന്റെ കാവ്യത്തിലൂടെ ചെയ്യുന്നത്.
എറണാകുളത്ത് ഇര്‍വിന്‍പാര്‍ക്കില്‍ വെച്ച് കൊച്ചിരാജാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ നിയമസഭാംഗങ്ങളെയും ഉദ്യോഗസ്ഥരെയും ആസകലം ക്ഷണിച്ചിട്ടും അവര്‍ണ്ണനായ തന്നെ മാത്രം ക്ഷണിക്കാത്തതിലുള്ള പ്രതിഷേധം രാജാവിനോട് രേഖപ്പെടുത്തി രാജാവിനു തന്നെ സമര്‍പ്പിക്കുന്ന കാവ്യമാണ് 'ഉദ്യാനവിരുന്ന്'(1925). കവിയുടെ ആത്മാഭിമാനത്തിനും പൗരുഷത്തിനും നിദര്‍ശനമാണ് 'ഉദ്യാനവിരുന്ന്'(എരുമേലി 2006:189). കീഴാളസമൂഹത്തിനു വേണ്ടിയുള്ള ആത്മാര്‍ത്ഥമായ ഹൃദയക്ഷോഭമാണ് കെ പി കറുപ്പന്റെ കവിത.
ഇതര സാമൂഹികനവോത്ഥാന നായകരില്‍ നിന്നും പണ്ഡിറ്റ് കെ പി കറുപ്പനെ വ്യത്യസ്തനാക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. അവയെ സംബന്ധിച്ച് ഡോ. കെ എസ് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു, ''തന്റെ സമുദായത്തിലും താഴ്ന്നവര്‍ എന്നു കരുതപ്പെട്ടിരുന്ന പുലയര്‍ മുതല്‍ നായാടി വരെയുള്ള സമുദായങ്ങള്‍ക്ക് സംഘടനയുണ്ടാക്കിയ ഏക നവോത്ഥാനനായകന്‍, അധ:സ്ഥിത സമുദായങ്ങളുടെ കലാസാഹിത്യ സംഭാവനകളെ സമാഹരിച്ച് സംരക്ഷിക്കാന്‍ ശ്രമിച്ച ഏക നേതാവ്, 'ആചാരഭൂഷണ'മെഴുതുകയും പുലയര്‍ക്ക് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു നല്കുകയും ചെയ്ത സാമൂഹികപരിഷ്‌കര്‍ത്താവ്... ജാതിഭേദവിചാരത്തിന്റെ അയുക്തികതയും അനാശാസ്യതയും മുഖ്യപ്രമേയമാക്കിയ ആദ്യകാവ്യമെഴുതിയ കവി' - വിശേഷണങ്ങള്‍ നിരവധി. സാമുദായികമൈത്രിയുടെ മഹത്വവും മാനവികതയുടെ തിളക്കവും സാമൂഹികസമത്വത്തിനു വേണ്ടിയുള്ള ആഹ്വാനവും കറുപ്പന്‍ കവിതകളുടെ പ്രത്യേകതയാണെന്ന് എരുമേലി ചൂണ്ടിക്കാട്ടുന്നു(2006:189).
'ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരു ജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ യോഗപ്പെണ്ണേ-തീണ്ടല്‍
ധിക്കാരമല്ലയോ? ജ്ഞാനപ്പെണ്ണേ!' (ജാതിക്കുമ്മി)
ഇപ്രകാരം യാഥാര്‍ത്ഥ്യബോധത്തോടു കൂടിയുള്ള കെ പി കറുപ്പന്റെ കഥനവും പുരോഗമനസാഹിത്യ കാലഘട്ടത്തിലുള്ള രചനാസമീപനവും തമ്മില്‍ ഏറെ സാദൃശ്യമുണ്ട്. സ്വന്തം അനുഭവങ്ങളെ തീ പിടിപ്പിച്ചാണ് കറുപ്പന്‍ എഴുതിയതും സാമൂഹിക പരിവര്‍ത്തനത്തിന് പ്രചോദനമേകിയതും. ഇതേ നിലപാട് തന്നെയാണ് പുരോഗമന സാഹിത്യ സംഘടനയുടേതും. സാഹിത്യത്തില്‍ കീഴാളരുടെ ശബ്ദത്തിന് നേരവകാശിയാണ് ജീവത്-പുരോഗമനസാഹിത്യം. ഭാഷയിലെ ഋജുത്വം, ആവിഷ്‌കരണത്തിലെ യാഥാതഥ്യം, പാവപ്പെട്ടവരോടും അധ:സ്ഥിതരോടുമുള്ള അനുകമ്പ എന്നിങ്ങനെയുള്ള സാധര്‍മ്മ്യങ്ങള്‍ എടുത്തുപറയേണ്ടതാണ്. തന്റെ സമുദായം/കീഴാളര്‍ അനുഭവിക്കുന്ന സകലമാന പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരവാദിയായി ഫ്യൂഡലിസത്തിന്റെ തിക്തതയെ, ജാതിസമ്പ്രദായത്തെയാണ് കറുപ്പന്‍ നിരീക്ഷിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്ക് അതു ശമിപ്പിക്കാന്‍ കഴിയുമെന്ന് കറുപ്പന്‍ പ്രതീക്ഷിക്കുന്നു. ഇവിടെയുള്ള അന്തരം, ജീവത്-പുരോഗമനസാഹിത്യ സംഘടനകള്‍ എല്ലാതരം അധിനിവേശങ്ങള്‍ക്കും, ഉച്ചനീചത്വങ്ങള്‍ക്കും എതിരാണെന്നതാണ്. അതില്‍ സാമ്രാജ്യത്വവിരുദ്ധ നിലപാടും പെടും. സ്ഥിതിസമത്വമാണ് അതിന്റെ ലക്ഷ്യം. തൊഴിലാളിവര്‍ഗ്ഗസംസ്‌കാരം ഉള്‍ക്കൊള്ളുന്ന സമൂഹ-സാഹിത്യ നിര്‍മ്മിതിക്കായാണ് പ്രസ്തുത സാഹിത്യസംഘടനകള്‍ ശബ്ദമുയര്‍ത്തിയതും പ്രചരണം നടത്തിയതും. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വീരഗാഥ പുനരാവിഷ്‌കരിക്കുക വഴി കെ പി കറുപ്പനും നിര്‍വഹിച്ചത് അതുതന്നെയാണ്. അക്ഷരം നിഷേധിക്കപ്പെട്ട ജനതയ്ക്ക് അക്ഷരങ്ങളെ ആയുധമാക്കാനുള്ള അവസരം നല്കിയത് പ്രസ്തുത രാഷ്ട്രീയ-സാഹിത്യ സംഘടനയും അതിനു മുന്നോടിയായ കാവ്യം രചിച്ചത് കെ പി കറുപ്പനുമാണ്. കറുപ്പനും പുരോഗമനസാഹിത്യ സംഘടനയുമാണ് കീഴാളന് സാഹിത്യത്തിലും സമൂഹത്തിലും ഇടം പ്രദാനം ചെയ്തത്.
സഹായഗ്രന്ഥങ്ങള്‍:
എരുമേലി പരമേശ്വരന്‍ പിള്ള. മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ, പ്രതിഭാബുക്‌സ്, മാവേലിക്കര,2006.
കെ കെ എസ് ദാസ്. ദലിത് പ്രത്യയശാസ്ത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2011.
കേസരി എ ബാലകൃഷ്ണപ്പിള്ള. കേസരിയുടെ സാഹിത്യനിരൂപണങ്ങള്‍,
സാഹിത്യ അക്കാദമി, 1984.
ഇ എം എസ്. തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സാഹിത്യ അക്കാദമി, 1998.
എം എന്‍ വിജയന്‍. പ്രഭാഷണങ്ങള്‍ സ്മൃതിചിത്രങ്ങള്‍ സംഭാഷണങ്ങള്‍,
ബോധി, കോഴിക്കോട്, 1983.
കെ എസ് രാധാകൃഷ്ണന്‍,എഡി. പണ്ഡിറ്റ് കെ പി കറുപ്പന്റെ തെരഞ്ഞെടുത്തകൃതികള്‍, ഡി സി ബുക്‌സ്, 2013.
ഗണേശന്‍ വി,
ganeshanmalayalam@gmail.com, 9495900209.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ