ദുരവസ്ഥയും കൊമാലയും തമ്മിലെന്ത് ? (ലേഖനം)


      ദുരവസ്ഥയും  കൊമാലയും തമ്മിലെന്ത് ? ദുരവസ്ഥ പ്രശസ്തമായ ഒരു കാവ്യമാണ്. എഴുതിയത്  എന്‍.കുമാരനാശാന്‍. 1922 ലാണ് രചന. എന്നാല്‍ കൊമാല  ഒരു കഥയാണ്. എഴുതിയത് സന്തോഷ് ഏച്ചിക്കാനം. 2006 ല്‍ .

     ദുരവസ്ഥ എഴുതാന്‍ ആശാനെ പ്രേരിപ്പിച്ചത് മലബാര്‍ കലാപമായിരുന്നു എന്ന് ആ കൃതിയുടെ മുഖവുരയില്‍ ആശാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുജന്മികള്‍ക്കും പ്രതാപികള്‍ക്കും സമ്പന്നര്‍ക്കുമെതിരെ മുസ്ളിങ്ങളായ കര്‍ഷക തൊഴിലാളികള്‍  നടത്തിയ ലഹളയ്ക്ക് വര്‍ഗ്ഗീയലഹളയുടെ മുഖമുണ്ടെന്ന ആരോപണമുയര്‍ന്നപ്പോള്‍ അതുവിശ്വസിച്ചു പോയി ആശാന്‍. പിന്നീട് ചരിത്രകാരന്മാര്‍ അതിനെ കര്‍ഷക കലാപം എന്ന നിലയ്ക്കുതന്നെ അതിന്റെ പ്രാധാന്യം ഒട്ടും കുറച്ചു കാണാതെ ശരിയായി വിലയിരുത്തി.
    സാവിത്രി എന്ന ബ്രാഹ്മണയുവതിയും ചാത്തന്‍ എന്ന പുലയയുവാവും തമ്മിലുള്ള പരിണയത്തിലാണ് ദുരവസ്ഥ ചെന്നവസാനിക്കുന്നത്. അങ്ങനെ, വ്യത്യസ്ത ജാതിയില്‍ പിറന്നവര്‍ക്ക് ഒന്നിക്കാനുള്ള സാഹചര്യസൃഷ്ടിയാണ്  ആശാനെ സംബന്ധിച്ച് മലബാര്‍ കലാപം സാധിക്കുന്നത്. ചാത്തനെ സ്വാധീനിക്കാനും, അവനെ വിദ്യ അഭ്യസിപ്പിക്കാനും സാവിത്രി അഭിലഷിക്കുന്നു. അതുവഴി അവന്റെ സമുദായത്തെയാകെ മാറ്റിമറിക്കാനും, പ്രബുദ്ധമാക്കാനും, സംഘബോധമുള്ളവരാക്കാനും തനിക്കു കഴിയും എന്ന് അവള്‍ പ്രത്യാശിക്കുന്നു.
     ചാത്തന്റെ വര്‍ഗ്ഗത്തിന്റെ മനുഷ്യത്വം അവള്‍ അംഗീകരിക്കുന്നു. ചാത്തനും അവന്റെ വര്‍ഗ്ഗവും  മനുഷ്യരാണ് എന്ന ആശയം മുമ്പോട്ടു വെക്കുന്നു എന്നതാണ് ദുരവസ്ഥയിലെ വിപ്ളവം. അതുവരെയും അവന്റെ വര്‍ഗ്ഗത്തെ നികൃഷ്ട - നീച വര്‍ഗ്ഗമായാണ് യാഥാസ്ഥിതികസമൂഹം വിലയിരുത്തിക്കൊണ്ടേയിരുന്നത്. ‍ജാതീയത ക്രൂരമായി നടമാടിയ, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പുളച്ച കാലം. മനുഷ്യന് മനുഷ്യന്‍ സാമൂഹികമായും മാനസികമായും അടിമയായിത്തീര്‍ന്ന കാലം. പരസ്പരസ്നേഹമില്ലാതെ ഐക്യമില്ലാതെ സ്പര്‍ദ്ധ മാത്രം നിലനിന്ന കാലം. അതിനു പ്രതിവിധി യായാണ്  ചാത്തനെ വിവാഹം ചെയ്യാന്‍ അവള്‍ മുന്‍കൈയെടുക്കുന്നത്. ആശാനിലെ വിപ്ളവപരതയുടെ മറ്റൊരുജ്ജ്വല ഘട്ടമാണിത്. വൈദികരോ തലമുതിര്‍ന്നവരോ നിര്‍വഹിക്കേണ്ടുന്ന വിശിഷ്ടമായ ഒരു കര്‍മ്മത്തിന് ഒരു സ്ത്രീ മുന്‍കൈയെടുത്തു എന്നത്. ഇന്നത്തെ സ്തീപക്ഷവാദികള്‍ ചിന്തിക്കുന്നതിനപ്പുറം.
       ആ 1922 ഉം ഈ 2006 ഉം തമ്മില്‍ വ്യത്യാസമെന്ത് ? കൊമാല അതിനുത്തരം നല്കുന്നു. അന്നത്തെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അകന്നെങ്കിലും മറ്റൊരു രൂപത്തില്‍ അതിന്നും നിലനില്ക്കുന്നു. സാധാരണ ക്കാരനായ  വിശ്വന്‍ കുണ്ടൂരിന്റെ പ്രശ്നം ചര്‍ച്ച ചെയ്യുകയാണല്ലോ കൊമാലയില്‍. കടബാദ്ധ്യതയില്‍ കുരുങ്ങിയ വിശ്വനെ രക്ഷിക്കാന്‍ മാദ്ധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോ, ചര്‍ച്ചാ മോഡറേറ്ററോ, രമേശന്‍ എന്ന ലൈബ്രറി പ്രവര്‍ത്തകനോ നാട്ടുകാര്‍ക്കോ സാധിക്കുന്നില്ല.അഥവാ അവര്‍ക്ക് അതിലൊട്ടു താല്പര്യമില്ല. കവലയില്‍ കൂടിയവരിലും മദ്ധ്യവയസ്കനിലും സുധാകരനിലും ഒക്കെ മനുഷ്യത്വരാഹിത്യം തന്നെയാണ് ദര്‍ശിക്കാന്‍ കഴിയുന്നത്. വെള്ളൂര്‍ സഹകരണ ബാങ്കിന് മനുഷ്യന്റെ ജീവനെ രക്ഷിക്കേണ്ട ഉത്തരവാദിത്തമില്ലെന്ന ബാങ്ക് സെക്രട്ടറിയുടെ പ്രസ്താവന നോക്കുക.
       ആഗോളീകരണനയങ്ങളും അതിന്റെ ഭാഗമായ ഉദാരവത്കരണവും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിച്ച സാമ്പത്തീക സ്വാതന്ത്ര്യവും മാനുഷിക തലങ്ങളെ എത്രത്തോളം ദുര്‍ബലപ്പെടുത്തി എന്ന് ആ കഥ പറയുന്നു. ഇതിന്റെ ഫലമായി രൂപപ്പെട്ടത് എന്ത് ? പരസ്പരസ്നേഹവും വിശ്വാസവും തകര്‍ന്ന ലോകം. ഒരു പണാധിപത്യസമൂഹം. ചുറ്റും ഉയര്‍ന്ന ചുമരുകള്‍ മാത്രമുള്ള സമൂഹം. പണമുള്ളവനും ഇല്ലാത്തവനും തമ്മില്‍ നിലനില്ക്കുന്നതും ഒരുതരം തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമല്ലേ ?
     ദുരവസ്ഥ എന്ന കൃതിയുടെ വികാസം അന്നത്തെ സമൂഹത്തിലുണ്ടായി.എന്നാല്‍ സ്വാതന്ത്ര്യാനന്തരം ആ വികാസം തഴയപ്പെട്ടു. ആഗോളീകരണ കാലത്തോടെ വീണ്ടും  നമ്മുടെ സംസ്കാരത്തിന്റെ  സങ്കോചകാലം ആരംഭിച്ചു. അതിന്റെ മൂര്‍ദ്ധന്യ ദശയാണിത്. സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളെക്കുറിച്ച് ഒന്നാലോചിച്ചു നോക്കിയാല്‍ ഇതു കാണാം.
      അതിനാല്‍ ഇതുകൂടി- പരസ്പര സ്നേഹവും വിശ്വാസവുമറ്റ, മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത സമാനങ്ങളായ, രണ്ടു വ്യത്യസ്ത കാലങ്ങളെ നമുക്കു മുന്നില്‍ പരിചയപ്പെടുത്തുന്നു ഇവ. മാനവസംസകാരത്തിന്റെ യഥാര്‍ത്ഥഗതി അധോഗതിയാണെന്ന് ഇവ അറിഞ്ഞോ അറിയാതെയോ   വിളംബരം ചെയ്യുന്നുണ്ടോ ? ഏതായാലും ഒന്നു കാണാം,  സാവിത്രി ചാത്തനെ അക്ഷരം പഠിപ്പിച്ച് സമൂഹത്തില്‍ സമുന്നതനാക്കാന്‍ നോക്കുമ്പോള്‍, പൊദ്രോപരാമോ എന്നകൃതി വായിച്ച് സമൂഹത്തിന്റെ വികൃതികള്‍ തിരിച്ചറിയുന്നു, വിശ്വന്‍. അങ്ങനെ  അവസാനജയം അക്ഷരങ്ങള്‍ക്കും  പുസ്തകങ്ങള്‍ക്കും തന്നെയായിരിക്കും എന്ന കാലികമായ സന്ദേശം കൂടി ഇവ മുന്നോട്ടു വെക്കുന്നില്ലേ ?
                                              
                                                                       ഇത്രമാത്രം, സ്നേഹത്തോടെ..........

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ