പെദ്രോപരാമോ.... (ലേഖനം)

         {ഹുവാന്‍റൂള്‍ഫോ എന്ന മെക്സിക്കന്‍ നോവലിസ്റ്റിന്റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് പെദ്രോപരാമോ.നിശ്ശബ്ദതയുടെ പുസ്തകം എന്ന് ഇതിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാമെന്ന് ആമുഖത്തില്‍ വിവര്‍ത്തകന്‍ ജയകൃഷ്ണന്‍ പറയുന്നു.റൂള്‍ഫോ ജനിച്ചത് 1918 ല്‍ മെക്സിക്കോയിലെ സയൂലാ  എന്ന സ്ഥലത്താണ്. 1955 ലാണ് പ്രയ്തുത കൃതി പ്രസിദ്ധീകരിച്ചത്. 1925 ലെ ക്രിസ്തറോസ് യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ടു. തുടര്‍ന്ന് മരണം റൂള്‍ഫോയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് കാണാം.ഗുമസ്തന്‍, ടയര്‍വ്യാപാരി എന്നിങ്ങനെ ജോലി നോക്കി. നിദ്രയില്ലായ്മാ രോഗബാധിതനായിരുന്നു.16 വര്‍ഷത്തെ ശ്രമത്തിന്റെ ഫലമാണ് പെദ്രോപരാമോ.കൊമാല എന്ന ഗ്രാമം സങ്കല്പം മാത്രമാണ്. 1986 ല്‍ മരണം. }
       കഥയുടെ ആരംഭത്തില്‍ തന്റെ അമ്മയായ ഡോളറസ്സിന്റെ ആഗ്രഹപ്രകാരം കൊമാലയിലേക്കു വരുന്നു, മകനായ പ്രേസിയാദോ. അമ്മ മകന് ആ സ്ഥലത്തെ സംബന്ധിച്ച് നല്ല ചിത്രമാണ് പകര്‍ന്നിരുന്നത്.  കൊയ്യാറായ ചോളത്തിന്റെ മഞ്ഞനിറം കലര്‍ന്ന പച്ചപിടിച്ച ഒരു പ്രദേശം. അമ്മയുടെ മരണസമയത്തെ ആഗ്രഹമായിരുന്നു അത്,  അച്ഛനെ ചെന്നു കാണണം. അദ്ദേഹം വളരെ അകലെയാണ്. വിദൂരത്തിലാണ്. അദ്ദേഹത്തോട് സ്വത്തും മറ്റും ആവശ്യപ്പെടാനല്ല  ഈ യാത്ര. തങ്ങളെ ഇത്രയും കാലം മനസ്സില്‍ നിന്നും അകറ്റിനിര്‍ത്തിയതിന് അദ്ദേഹത്തെകൊണ്ട്  കണക്കു പറയിക്കണം, ഇതായിരുന്നു മരണസമയത്ത് അമ്മയുടെ ആഗ്രഹം.
       പ്രേസിയാദോവിന് വഴി കാണിച്ചു കൊടുക്കുന്നത്  അബൂണ്‍ ദിയോവാണ്. കഴുതകളെ മേയ്ച്ചുനടക്കുകയായിരുന്നു ഇദ്ദേഹം . തന്റെ അച്ഛനെ കാണാനാണ് താന്‍ കൊമാലയില്‍ വന്നിരിക്കുന്നത് എന്ന് പ്രേസിയാദോ പറയുന്നു. കൊമാലയിലേക്ക് അടുക്കുമ്പോള്‍ പക്ഷേ, അമ്മ പറഞ്ഞുകൊടുത്ത ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത വരണ്ട കാഴ്ചകളാണ് പ്രേസിയാദോവിനെ സ്വീകരിക്കുന്നത്. . അമ്മ കൊമാലവിട്ടിട്ട് ഒരുപാട് കാലമായി. കഴുതക്കാരനായ അബൂണ്‍ ദിയോവ് എന്ന വഴികാട്ടി പെദ്രോപരാമോ തന്റെയും അച്ഛനാണ് എന്നു പറയുന്നു. കൊമാലയിലെത്തുമ്പോല്‍ ഇതിലുമെത്രയോ ചൂടായിരിക്കും, ഇപ്പോളനുഭവപ്പെട്ട ചൂട് ഒന്നുമല്ല, എന്ന് വഴികാട്ടി പറയുന്നു. ഭൂമിയുടെ തീക്കനലുകള്‍ക്കു മുകളിലാണ്  ആ പട്ടണം ഇരിക്കുന്നത്. നരകത്തിന്റെ വായില്‍.    -- ഇങ്ങനെയാണ് കൊമാലയെ അയാള്‍ പരിചയപ്പെടുത്തുന്നത്.
      കാലത്തിന്റെ തുടര്‍ച്ചയില്ലായ്മ പെദ്രോപരാമോ എന്നകൃതിയുടെ സവിശേഷതയാണ്. പെദ്രോ മരിച്ചിട്ട് വര്‍ഷങ്ങളായി എന്ന് അബൂണ്‍ദിയോവ് പറയുന്നു.
     കൊമാലയിലെത്തി ഡോണ്യാ എദുഹഹേസിനെ അന്വേഷിക്കുന്നു. തന്റെ അമ്മയുടെ സുഹൃത്തായിരുന്നു അവള്‍. അവളെ അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നത് അബൂണ്‍ദിയോവാണ്. അവള്‍ താമസസൌകര്യവും ഭക്ഷണവും ഒരുക്കിക്കൊടുക്കും. ഇവിടെ, ഈ കൊമാലയില്‍  മരിച്ചവരും ജീവിക്കുന്നവരും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തതാണെന്ന ചിന്ത വായനക്കാരന് ഉണ്ടാകും. കൊമാലയില്‍ ഉള്ളവരെല്ലാം മരിച്ചവരാണ്. മരിച്ചവരുടെ ജല്പനങ്ങളിലൂടെയാണ് പ്രേസിയാദോ കാര്യങ്ങള്‍അറിയുന്നത്.
    ഇതിനിടെ പ്രേയിയാദോവും മരിക്കുന്നു.ഡൊറോത്തിയയുടെ ശവക്കല്ലറയിലാണ് രണ്ടു പേരും ഉറങ്ങുന്നത്.
   വിചിത്രമായ അനുഭവങ്ങളുടെ കൊട്ടിഘോഷണമാണ്  ഓരോരുത്തരുടെയും കഥനം.
   പെദ്രോവിന്റെത് ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു. പക്ഷേ, വല്ലാത്തൊരു പ്രകൃതക്കാരനായിരുന്നു, പെദ്രോ. സ്ത്രീകള്‍ അയാള്‍ക്കു ഭ്രമമായിരുന്നു. അയാളുടെ ഭാര്യമാര്‍ കീറപ്പായയില്‍ കിടന്നാണ് കുഞ്ഞുങ്ങള്‍ക്ക ജന്മം നല്കിയത്, എന്നു കഴുതക്കാരന്‍ പറയുന്നുണ്ട്. കാര്യം കാണാന്‍ ഏതു നികൃഷ്ട വഴികളും പെദ്രോ സ്വീകരിച്ചു. സത്യശീലയായ ഡോളറസ്സിനെ അയാള്‍ വിവാഹം ചെയ്യുന്നത് സ്വത്തിനു വേണ്ടിയും, തന്റെ ബാദ്ധ്യതകള്‍ നികത്തുന്നതിനുമാണ്. അതിലയാള്‍ വിജയിക്കുക മാത്രമല്ല, കൊമാല മുഴുവന്‍ അയാളുടേതായി മാറി. അയാളുടെ പറമ്പില്‍ കൃഷിപ്പണി നടത്തുന്നവരായി കൊമാലക്കാര്‍. പെദ്രോയുടെ അടിമകള്‍.
ഭൂപതിയായ പെദ്രോ പണക്കാരനായി. എതിര്‍ത്തവരെ മൃഗീയമായി കൊലചെയ്യുന്നു. ഡോളറസ്സിന്റെ സ്വത്താണ് ഈയൊരു നിലയില്‍  അയാളെ എത്തിക്കുന്നതെങ്കിലും അവള്‍ക്ക് അയാള്‍ സമാധാനം കൊടുക്കുന്നില്ല. അവളെ ദ്രോഹിക്കുന്നു. നില്ക്കക്കള്ളിയില്ലാതായ ഡോളറസ്സ് തന്റെ സഹോദരിയുടെ നാട്ടിലേക്കു പോകുന്നു.
    പെണ്ണുങ്ങളൊക്കെ ഏതെങ്കിലും രീതിയില്‍ പെദ്രൊയുടെ കയ്യില്‍പ്പെടുന്നു. നാട്ടുകാര്‍ക്ക് എതിര്‍ക്കാനുള്ള ശക്തിയില്ല. പെദ്രോയുടെതാണ് അവസാനവാക്ക്. പെദ്രോക്ക് ഒരു മകന്‍ ഉണ്ട്. നാട്ടില്‍ ധാരാളം മക്കള്‍ അയാള്‍ക്കുണ്ട് പക്ഷേ, അയാള്‍ അംഗീകരിച്ചത് ഇവനെ മാത്രമാണ്. മിഹ്വേല്‍. മഹാ തോന്നിവാസിയായ മിഹ്വേല്‍ വളരെച്ചെറുപ്പത്തില്‍ തന്നെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മറ്റൊരു ഭീഷണിയായി മാറുന്നു. പക്ഷേ, അവന്‍ കൊല്ലപ്പെടുന്നു. പെദ്രോ ദു:ഖിക്കുന്നുവെങ്കിലും തളരുന്നില്ല.
    പെദ്രോവിന് ഒരു ബാല്യകാലപ്രണയം ഉണ്ടായിരുന്നു. അവളാണ് സുസാനാ സാന്‍ ഹുവാന്‍. സുന്ദരിയും സുശീലയുമായ അവളെ പെദ്രോ കാമിക്കുന്നു. പക്ഷേ, ആ പ്രണയത്തില്‍ കളങ്കമില്ല. പെദ്രോവിനെ ഭയന്ന് കുടുംബം താമസം മാറ്റുന്നു. മറ്റെവിടെയും നില്ക്കക്കള്ളിയില്ലാത്തതിനാല്‍ പിന്നീട് വളരെ വര്‍ഷം കഴിഞ്ഞ് അവര്‍ തിരിച്ചുവരുന്നു. ഇതിനിടക്ക് സുസാനാ യുടെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് മരിച്ചു. വിധവയായ അവളും അച്ഛനും മാത്രം. അച്ഛന്‍ കൊല്ലപ്പെടുന്നു. സുസാനാ പെദ്രോയുടേതാകുന്നു.
    അവള്‍ രോഗിണിയാണ്. ഭ്രാന്തിന്റെ ലക്ഷണം. അസ്വസ്ഥമായ അവളുടെ ശരീരം പെദ്രോ നോക്കിയിരിക്കുന്നു. അവളോട് വല്ലാത്ത സ്നേഹം ഇരമ്പുന്നു. ഭോഗേച്ഛ അയാളെ വേട്ടയാടുന്നു. പക്ഷേ, അവള്‍ മരണമടയുന്നു. ഇത് പെദ്രോയെ തകര്‍ക്കുന്നു. പിന്നീട് അയാള്‍ക്ക് ഒന്നിലും താല്പര്യം ഉണ്ടാകുന്നില്ല. സുസാനായുടെ ശരീരം പോയ വഴിയില്‍ തുറിച്ചു നോക്കിയിരിക്കും. കൃഷിയില്‍ താല്പര്യമില്ല. ഭൂമി മുഴുവന്‍ പെദ്രോയുടെതാണ്. കൊമാലക്കാര്‍ തൊഴിലില്ലാതെ വലഞ്ഞു. അവര്‍ ജീവിക്കാന്‍ കൊമാല വിട്ടു പോയി. പെദ്രോ മരിച്ചാല്‍ ഭൂമി സ്വന്തമാക്കാം എന്നാഗ്രഹിച്ച കുബുദ്ധികള്‍ക്ക് തിരിച്ചടിയായി പെദ്രോ വര്‍ഷങ്ങള്‍ ജീവിച്ചു. അപ്പോഴേക്കും അക്കൂട്ടര്‍ പാപ്പരായി, മരിക്കുകയോ, നാടുവിട്ടു പോവുകയോ ചെയ്തു.
    കുടിച്ച് ഉന്മത്തനായ അബൂണ്‍ദിയോവ് തന്റെ മരിച്ച ഭാര്യയെ അടക്കം ചെയ്യാന്‍ കാശിന് പെദ്രോയുടെ സമീപമെത്തുന്നു. വൈകാരികമായ ബന്ധം പോലുമില്ലാത്ത, തന്നെ നിസ്വനും അന്യനുമാക്കിയ പിതാവിനോടുള്ള പ്രതിഷേധം പെദ്രോയുടെ വധത്തില്‍ കലാശിക്കുന്നു. തന്റെ അച്ഛനായ പെദ്രോയെ അബൂണ്‍ദിയോവ്  കുത്തിക്കൊല്ലുകയാണ്. ഒരു കല്ക്കൂമ്പാരം പോലെ പെദ്രോ തകര്‍ന്നടിയുന്നു. വളരെ വിചിത്രമായ ഒരു ലോകത്തിലൂടെയാകും പെദ്രോപരാമോ വായന കടന്നുപോകുന്നത്. രാഷ്ട്രീയമായ പ്രശ്നങ്ങല്‍ പോലും അതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.  യുദ്ധം, നാട്ടിലെ അസ്വസ്ഥതകള്‍ എന്നിവയുടെ കൃത്യമായ ചിത്രം നമുക്ക് സമ്മാനിക്കുന്ന കൃതിയാണിത്.  രാഷ്ട്രീയവും സാമൂഹികവുമായ അധികാരം കയ്യാളുന്നവരുടെ വിടത്വം ആ നാടിനെ എങ്ങനെ തകര്‍ക്കും എന്നതിനുള്ള ഉദാഹരണം കൂടിയാണിത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ