മിസാറു: സന്തോഷ് ഏച്ചിക്കാനം (ലഘുകുറിപ്പ്)


 

മിസാറു

സന്തോഷ്‌ ഏച്ചിക്കാനം


`മിസാറു'വിനെക്കുറിച്ചെഴുതുമ്പോള്‍ സത്യാനന്തരകാല കലയെക്കുറിച്ച്‌ പറയേണ്ടതുണ്ട്‌. ആഗോളീകരണം

പകര്‍ന്ന വിഭവശേഷി ഉപയോഗിച്ച്‌ നുണയും ഭാവനയും സൃഷ്‌ടിച്ചു നടത്തുന്ന കീഴടക്കല്‍വിദ്യയുടെ

നഗ്നമായ പ്രയോഗം പരസ്യങ്ങള്‍ വിട്ട്‌ സകലമേഖലകളിലും ചേക്കേറിയിരിക്കുകയാണ്‌. വിപണിമോഹവും

പ്രചാരവും ജനപ്രീതിയും ലക്ഷ്യമിട്ടുള്ള പ്രസ്‌താവങ്ങളും പ്രവര്‍ത്തനങ്ങളും കപടയാഥാര്‍ത്ഥ്യത്തെ

ഉള്‍ക്കൊള്ളുന്നതായിത്തീര്‍ന്നിരിക്കുന്നു. ഓരോ പ്രവൃത്തിയിലും തനിക്കെന്താണ്‌ ലാഭം എന്ന

സ്വാര്‍ത്ഥചിന്ത ഇന്നത്തെ ലാഭാധിഷ്‌ഠിതസമൂഹത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു.

പ്രത്യയശാസ്‌ത്രമേധാവിത്വം തന്നെയാണ്‌ സത്യാനന്തരത ലക്ഷ്യമാക്കുന്നത്‌. അതു ബോധപൂര്‍വം

പ്രയോഗിക്കുന്നവര്‍ തങ്ങള്‍ മുന്നോട്ടുവെയ്‌ക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ മറ്റുള്ളവരെ

നിര്‍ബന്ധിക്കുകയാണെന്നു പറായം. 


കിംവദന്തികള്‍ക്കും പുറംപൂച്ചുകള്‍ക്കും നുണകള്‍ക്കും കള്ളങ്ങള്‍ക്കും

പ്രാധാന്യമുള്ള ഈ സാഹചര്യത്തില്‍ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ `മിസാറു' വളരെ പ്രസക്തമാണ്‌.

പുതുലോക കമ്പോളവ്യവസ്ഥയുടെയും ലോകക്രമത്തിന്റെയും രീതിശാസ്‌ത്രം ഈ കഥയില്‍ അവലോകനം

ചെയ്യപ്പെടുന്നു.

സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ കഥകള്‍ വായിക്കുമ്പോള്‍ കിട്ടുന്ന പ്രധാനസന്തോഷം,

വായിക്കുന്നയാളുമായും കാലവുമായും കഥ സംവദിക്കുന്നുവെന്നതാണ്‌. പിടിതരാത്ത ഘടകങ്ങളൊന്നും തന്നെ

അദ്ദേഹത്തിന്റെ കഥകളില്‍ കാണാറില്ല. മറ്റൊരു പ്രത്യേകത, ഇന്നത്തെ കാലഘട്ടത്തില്‍

നഷ്‌ടമാകുന്ന സാംസ്‌കാരികമൂല്യങ്ങളെ തിരികെപ്പിടിക്കുകയെന്നതില്‍ ഊന്നിയാണ്‌ രചനയെന്നതാണ്‌.

സംസ്‌കാരത്തിന്റെ ചാലകശക്തി നീതിക്കുവേണ്ടിയുള്ള ദാഹമാണെന്ന്‌ സൂര്യന്‍ ഇനിയും ഉദിക്കും എന്ന

ലേഖനത്തില്‍ ആനന്ദ്‌ ചൂണ്ടിക്കാട്ടുന്നു. ഇപ്രകാരമുള്ള മനോഭാവം വളരെക്കുറച്ച്‌ എഴുത്തുകാരില്‍

മാത്രമാണ്‌ ആത്മാര്‍ത്ഥമായി കാണാനാവുക. 


സാംസ്‌കാരികമൂല്യങ്ങള്‍ പകര്‍ന്ന വെളിച്ചത്തിനു

വേണ്ടി രചനകള്‍ ഉണ്ടാകുമ്പോഴാണ്‌ പുരോഗമനസാഹിത്യം സജീവമാകുന്നത്‌. നീതി, സമത്വം,

സ്വാതന്ത്ര്യം, മതനിരപേക്ഷത മുതലായ മൂല്യങ്ങള്‍ക്കു വേണ്ടി എഴുത്തുകാരന്‍ തൂലിക ചലിപ്പിക്കുന്നു.

മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ 2024 ഓഗസ്‌ത്‌ 4 ന്‌ പ്രസിദ്ധീകരിച്ച ഏച്ചിക്കാനത്തിന്റെ കഥയായ

`മിസാറു' തകര്‍ന്ന മൂല്യങ്ങളെ തിരികെപ്പിടിക്കാനുള്ള വെമ്പല്‍ പ്രകടിപ്പിക്കുന്നു.


മിസാറുവെന്നത്‌, ജ്ഞാനികളായ കുരങ്ങുകളില്‍ ആദ്യത്തേതാണ്‌. തിന്മ കാണാതിരിക്കാന്‍ അതു

കണ്ണുകള്‍ ബന്ധിച്ചിരിക്കുന്നു. കികാസാറു തിന്മ കേള്‍ക്കാതിരിക്കാനായി ചെവികള്‍

അടച്ചിരിക്കുന്നു. ഇവാസാറു തിന്മ പറഞ്ഞുപോകാതിരിക്കാനായി വായ അടച്ചിരിക്കുന്നു. തിന്മ

കാണരുത്‌, കേള്‍ക്കരുത്‌, പറയരുതെന്ന്‌ ഇവ സൂചിപ്പിക്കുന്നുവെന്ന്‌ ഒരു വ്യാഖ്യാനം.

തിന്മയ്‌ക്കെതിരായ നിലപാട്‌ ഇവ ഉയര്‍ത്തുന്നു. നല്ലതു ചിന്തിക്കാനും പറയാനും കേള്‍ക്കാനുമുള്ള

പ്രേരണ ചെലുത്തുന്നു. ഇതില്‍ കണ്ണു ബന്ധിച്ചിരിക്കുന്ന മിസാറുവിനെയാണ്‌ കഥാകൃത്ത്‌ പ്രരൂപമായി

സ്വീകരിച്ചിരിക്കുന്നത്‌. 




മിസാറുവാകുന്ന ഒരു ബാലന്റെ കഥയാണ്‌ സന്തോഷ്‌ ഏച്ചിക്കാനം

അവതരിപ്പിക്കുന്നത്‌. അവന്‍ തിന്മയ്‌ക്കെതിരെ മിണ്ടാതിരിക്കുന്നില്ല.

അഭിജിത്ത്‌ എന്നു പേരുള്ള ബാലന്‍ ഒരു കൊലപാതകത്തിന്‌ ദൃക്‌സാക്ഷിയാണ്‌. പൊലീസിനു നല്‌കിയ

മൊഴിയില്‍ താന്‍ കണ്ട കൊലപാതകത്തിന്റെ വ്യക്തമായ ചിത്രം അവന്‍ നല്‌കിയിരുന്നു. പ്രതികളെയും

അവരുടെ ശാരീരിക സവിശേഷതകളും അവന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. കൊലപാതകം നടത്തിയത്‌ പ്രബല

വര്‍ഗ്ഗീയരാഷ്‌ട്രീയ ചേരിക്കാരാണ്‌. പ്രതികള്‍ക്കുവേണ്ടി ഒരു രാഷ്‌ട്രീയപ്പാര്‍ട്ടി ഇടപെടുന്നു.

അഭിജിത്തിനെയും അമ്മയെയും പ്രലോഭിപ്പിച്ച്‌ കോടതിയില്‍ മൊഴി തിരുത്തുവാന്‍

പ്രേരിപ്പിക്കുകയാണവര്‍. ഭക്ഷണവും സുഖതാമസവും ഒരുക്കി നല്‌കുന്നതിനൊപ്പം, താമസിക്കാനൊരു വീടും

ചെലവും അവര്‍ വാഗ്‌ദാനം ചെയ്യുന്നു. കടുത്ത ദാരിദ്ര്യത്തില്‍ നിന്നും രക്ഷ നേടാനൊരു

ഉപാധിയായി ഈ വാഗ്‌ദാനം അമ്മ അംഗീകരിക്കുന്നു. പക്ഷേ, അഭിജിത്ത്‌ ഈ പ്രലോഭനത്തില്‍

വീഴുന്നില്ല. അവന്‍ തന്റെ ഹീറോ ആയ സ്‌പൈഡര്‍മാനെ ഓര്‍ക്കുന്നു. അദ്ദേഹം ചിലന്തിവലയില്‍

നിന്നും ഇരകളെ രക്ഷിക്കുന്നവനാണ്‌. സ്‌പൈഡര്‍മാന്‍ ഒരു അതീന്ദ്രിയാനുഭവമായി കഥയില്‍

വഴിത്തിരിവു സൃഷ്‌ടിക്കുകയാണ്‌. കോടതിയില്‍ മൊഴിമാറ്റാന്‍ അഭിജിത്ത്‌ തയ്യാറായില്ല. പ്രതികള്‍

നിരാശരായി. അമ്മ അഭിജിത്തിനെ കുറ്റപ്പെടുത്തുന്നു. നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള

അവസരമാണ്‌ തുലച്ചത്‌. അപ്പോള്‍ അഭിജിത്ത്‌ കൊല്ലപ്പെട്ട ഹബീബുള്ള എന്ന ഹബീബ്‌ക്കായുടെ നല്ല

മനസ്സ്‌ അമ്മയ്‌ക്ക്‌ മനസ്സിലാക്കിക്കൊടുക്കുന്നു. താന്‍ അദ്ദേഹത്തിന്റെ കടയില്‍ നിന്നും

മോഷ്‌ടിച്ച വസ്‌തുക്കള്‍ പട്ടികപ്പെടുത്തുമ്പോഴും അവനോട്‌ ഒരു വിധത്തിലുമുള്ള വെറുപ്പുമില്ലാതെ

പൊറുത്ത്‌ ഉപദേശിക്കുന്ന യഥാര്‍ത്ഥമനുഷ്യനായ ഹബീബ്‌ക്ക. നല്ലവഴി മാത്രം ഉപദേശിക്കുകയും സ്വന്തം

മനസ്സില്‍ തുറന്നിടുകയും ചെയ്‌ത വിശാലഹൃദയമുള്ള വ്യക്തി. സ്വപ്‌നത്തില്‍ അഭിജിത്തിന്റെ വീരപുരുഷനായ

സ്‌പൈഡര്‍മാന്‍, ബലമേറുന്തോറും നമ്മുടെ ഉത്തരവാദിത്തങ്ങളും വലുതാകുമെന്ന്‌ പറയുന്നു.


തിന്മയുടെ രാഷ്‌ട്രീയവും വര്‍ഗ്ഗീയലഹളസൃഷ്‌ടിച്ച്‌ രാഷ്‌ട്രീയ ലാഭം കൊയ്യാനുമുള്ള രാഷ്‌ട്രീയ

ദുഷ്‌ടലാക്കുകളുമാണ്‌ ഈ കഥയില്‍ അനാവരണം ചെയ്യുന്നത്‌. സത്യത്തിന്റെ മുഖം മറച്ചുവെച്ച്‌

തിന്മയുടെ മുഖം സുന്ദരമാക്കാനുള്ള പരിശ്രമമാണ്‌ ഈ കാലഘട്ടത്തില്‍ തല്‌പരകക്ഷികള്‍ ചെയ്യുന്നത്‌.

താജുദ്ദീന്‍ എന്നു പേരുള്ള വക്കീല്‍ കൊലപാതകികളുടെ വക്കാലത്ത്‌ ഏറ്റെടുക്കുകയാണ്‌. `ജയ്‌

ശ്രീറാം'എന്നു വിളിച്ച്‌ അണികള്‍ വരവേല്‌ക്കുന്ന ഹരിപ്രസാദ്‌ എന്ന നേതാവ്‌

ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ മുഖമാണെന്ന്‌ വായനക്കാരനു പെട്ടെന്നു മനസ്സിലാകും. ഹബീബുള്ള എന്ന

വ്യക്തിയിലെ നന്മ കഥാകൃത്ത്‌ അവതരിപ്പിക്കുന്നത്‌ അഭിജിത്തിന്റെ ദൃഷ്‌ടിയിലൂടെയാണ്‌.

വിശാലഹൃദയമുള്ള, നേരും നെറിയും പുലര്‍ന്നുകാണണ മെന്നാഗ്രഹിക്കുന്ന ഹബീബുള്ളയെ പട്ടാപ്പകല്‍ ഒരു

സംഘം കഴുത്തറുത്ത്‌ കൊല്ലുന്നു. കൊലപാതകങ്ങളെ മരണമാക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള ആസക്തിയും

പദ്ധതിയുമാണ്‌ അഭിജിത്തിലൂടെ തകരുന്നത്‌. അവിടെ അസത്യത്തിന്റെ, വ്യാജചിത്രം തീര്‍ത്ത്‌ സത്യം

മറക്കാനുള്ള പരിശ്രമം നിലംപരിശാകുന്നു.


തിന്മയ്‌ക്ക്‌ ജാതിമതഭേദമില്ല. താജുദ്ദീനും `ജയ്‌ ശ്രീറാം' ഹരിപ്രസാദും ഒരേ നാണയത്തിന്റെ

വശങ്ങള്‍ തന്നെ. `കള്ളം പറയുന്നത്‌ ദോഷമാണ്‌'എന്ന മൂല്യം അവതരിപ്പിക്കുക മാത്രമാണോ കഥാകൃത്ത്‌

ലക്ഷ്യമാക്കുന്നത്‌? `ആഗോള'കള്ളങ്ങളാല്‍ തങ്ങളുടെ ചെയ്‌തികള്‍ക്ക്‌ സാര്‍വജനീനമായ അംഗീകാരം

പിടിച്ചുപറ്റാനുള്ള മെനക്കേടിലാണ്‌ മാദ്ധ്യമങ്ങളും ഭരണകൂടങ്ങളും രാഷ്‌ട്രീയസ്ഥാപനങ്ങളും

കക്ഷികളുമൊക്കെ. യഥാര്‍ത്ഥസത്യം മൂടിവെക്കുന്നത്‌ ഈ കഥയില്‍ പ്രതികളെ രക്ഷിക്കാന്‍ മാത്രമല്ല.

തങ്ങളുടെ സംഘടനയുടെ ജനപ്രിയതയെ രക്ഷിക്കാന്‍ വേണ്ടിയുമാണ്‌. ഈ വിധത്തില്‍

സാധാരണജനങ്ങള്‍ക്ക്‌ പിടികിട്ടാത്ത വിധത്തിലുള്ള നിഗൂഢപ്രവര്‍ത്തനങ്ങളാണ്‌ സംസ്‌കാരഘോഷകരില്‍

നിന്നുമുണ്ടാകുന്നത്‌. വ്യാജോക്തികളാലും വക്രോക്തികളാലും അസത്യം ഘോഷിക്കുന്ന

വ്യവസ്ഥിതിയെത്തന്നെയാണ്‌ അഭിജിത്തെന്ന കഥാപാത്രത്തിലൂടെ ഏച്ചിക്കാനം പ്രതിസ്ഥാനത്തു

നിര്‍ത്തുന്നത്‌. നല്ല സമൂഹത്തിന്റെ ഉറവ സാംസ്‌കാരികമൂല്യങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്നും

ആരംഭിക്കുന്നു.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ