സൂര്യൻ ഇനിയും ഉദിക്കും: ആനന്ദ് (ലേഖനസംഗ്രഹം)


 കലിതകൗതുകേന.....


മതങ്ങള്‍ സമൂഹത്തിലുളവാക്കുന്ന സ്വാധീനം വലുതാണ്‌. നിര്‍ഭാഗ്യവശാല്‍ മതരീതികളും ചിഹ്നങ്ങളും

സമൂഹമൈത്രി തകര്‍ക്കാന്‍ ഉപയോഗപ്പെടുത്തുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. അന്യമതദ്വേഷം

സമൂഹത്തില്‍ വലിയ ആഘാതമുണ്ടാക്കുന്നു. സ്‌പര്‍ദ്ധയും കാലുഷ്യവും വളര്‍ത്തുന്നു. പുരോഗമനവീക്ഷണത്തെയും

യുക്തിചിന്തയെയും അപഹസിക്കുന്നു. തീവ്രമതവിശ്വാസികളെ നിയന്ത്രിക്കാന്‍ മതമേലധികാരികള്‍ക്കു

കഴിയാറുമില്ല. 


കൊറോണ വ്യാപിക്കുകയും ജനസമ്പര്‍ക്കമേഖലകള്‍ നിയന്ത്രിക്കപ്പെടുകയും

ചെയ്‌തപ്പോള്‍ ആരാധനാലയങ്ങള്‍ അടച്ചിടേണ്ടതായി വന്നു. അന്ന്‌ സാമാന്യജനതയുടെ യുക്തി ഭക്തിയെ

കീഴ്‌പ്പെടുത്തിയെന്ന്‌ നാം അഭിമാനം കൊണ്ടു. എന്നാല്‍ സമ്പര്‍ക്കം വീണ്ടും സാദ്ധ്യമാവുകയും

ആരാധനാലയങ്ങള്‍ തുറക്കുകയും ചെയ്‌തതോടെ യുക്തി വീണ്ടും ഭക്തിക്കടിപ്പെട്ടു. പരമ്പരാഗത

ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മാമൂലുകളും ആരാധകസമൂഹം മറന്നിരുന്നില്ലെന്ന്‌ ബോദ്ധ്യപ്പെടുത്തി.

രോഗത്തിന്റെയും മരണത്തിന്റെയും കണക്കെടുപ്പില്‍ ദൈവവിശ്വാസികള്‍ക്ക്‌ ‘വേണ്ട’ പരിഗണന ദൈവം

നല്‌കിയില്ലെങ്കിലും, ദൈവത്തിന്റെ റോള്‍ ചികിത്സകരും ആസ്‌പത്രികളും രോഗരക്ഷാസംവിധാനങ്ങളും

ഏറ്റെടുത്തെങ്കിലും രോഗത്തില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ശാസ്‌ത്രത്തിന്റെ

ബലത്തേക്കാളും ദൈവബലത്തില്‍ തന്നെ വിശ്വാസമര്‍പ്പിച്ചു. ഇത്‌ ഒരു വൈരുദ്ധ്യമായി തോന്നാം.


വിശ്വാസങ്ങളെ ഒരു പുരോഗമനവാദിയും എതിര്‍ക്കുന്നില്ല. അന്ധവിശ്വാസവും അനാചാരങ്ങളും

എതിര്‍ക്കപ്പെടേണ്ടവയാണ്‌. തങ്ങളുടെ മതം മാത്രമാണ്‌ ശരിയെന്ന തീവ്രവാദവും അപലപനീയമാണ്‌.

തന്റെ വിശ്വാസം സഹജരുടെ വിശ്വാസത്തിനും ജീവിതത്തിനുമെന്നപോലെ വ്യക്തികളുടെ

സഹവര്‍ത്തനത്തിനും സമാധാനത്തിനും ഭംഗംവരുത്താതെ മുന്നോട്ടുകൊണ്ടുപോകാന്‍ നല്ല വിശ്വാസികള്‍ക്കു

കഴിയും. മനഃശാന്തിക്കായി ആരാധനാലയങ്ങളില്‍ പോകുന്നവരെയോ,

സാംസ്‌കാരികത്തനിമകളറിയാനായി ആരാധനാലയസന്ദര്‍ശനം നടത്തുന്നവരെയോ തടയുന്നതിലോ

പഴിക്കുന്നതിലോ കാര്യവുമില്ല. സ്വന്തം വിശ്വാസം സ്വന്തം കാര്യം മാത്രമായിരിക്കണം. ഇന്ന്‌

കലാലയങ്ങളില്‍ പോലും പ്രാര്‍ത്ഥനാസൗകര്യം വേണമെന്നുള്ള വാദങ്ങളും ഉയരുന്നു. ഈ സന്ദര്‍ഭത്തില്‍

ഇന്ത്യന്‍ ഭരണഘടന സെക്കുലറിസത്തിനു നല്‌കുന്ന പ്രാധാന്യം ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്‌. 


ഏതെങ്കിലും

ഒരു പ്രത്യേകമതത്തിനു നല്‌കുന്ന ഇളവുകള്‍ മതസഹിഷ്‌ണുതയെ ബാധിക്കാനിടയുണ്ട്‌. മതങ്ങളെ

വോട്ടുബാങ്കുകളായി കരുതി പ്രീണിപ്പിക്കുന്ന രാഷ്‌ട്രീയകക്ഷികളുടെ സമീപനം ഏറെ ദോഷമുണ്ടാക്കുന്നു.

അതിനെക്കുറിച്ചവര്‍ ബോധവാന്മാരല്ലെന്നതു പോലെ നടിക്കുകയും ചെയ്യുന്നുവെന്നതാണ്‌ ഏറ്റവും വലിയ

വിപത്ത്‌. മതതീവ്രവാദത്തിന്റെ പോഷണത്തിനുപോലും അതു വഴിവെക്കുന്നു. ഈ സാഹചര്യത്തില്‍, മതം

സമൂഹത്തില്‍ സൃഷ്‌ടിക്കുന്ന വിപത്തുകളെക്കുറിച്ചുള്ള ആധികാരിക ലേഖനമാണ്‌ 2024 ജൂണ്‍ 09 ലക്കം

മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച `സൂര്യന്‍ ഇനിയും ഉദിക്കും'എന്നത്‌. ലേഖകന്‍

പ്രമുഖചിന്തകനും നോവലിസ്റ്റുമായ ആനന്ദാണ്‌. അദ്ദേഹം അവതരിപ്പിക്കുന്ന വീക്ഷണങ്ങള്‍

സമകാലികമായി വളരെ പ്രസക്തിയുള്ളതാണ്‌.


പീഡനത്തിന്റെ കാര്യത്തില്‍ എല്ലാ മതങ്ങളുടെയും പാത ഹിംസാത്മകം തന്നെയെന്ന്‌ ആനന്ദ്‌

വീക്ഷിക്കുന്നു. മൂല്യങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും മതങ്ങളില്‍ അന്വേഷിക്കുന്നത്‌ വ്യര്‍ത്ഥമാണ്‌.

യാതൊരു പ്രയോജനവുമില്ലെന്നു സാരം. അവ അടഞ്ഞമുറികളില്‍ അടച്ചിടപ്പെട്ടവയാണ്‌. ജീവനറ്റതും

ക്രൂരവുമായ ആചാരാനുഷ്‌ഠാനങ്ങളാണ്‌ അവയുടെ നട്ടെല്ല്‌. പിറവിയെടുത്ത സാഹചര്യങ്ങള്‍

അപ്രത്യക്ഷമായിട്ടും അവയെ കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു അവയുടെ നിലനില്‌പ്‌. മതവക്താക്കള്‍

കൂടെയുള്ളവരെ സംശയിക്കുകയും പുറമേയുള്ളവരെ ഭയക്കുകയും ചെയ്‌തു. പുരുഷാധിപത്യം മതത്തിന്റെ

അടിസ്ഥാനപ്രവണതയായി. ആചാരങ്ങളും വിശ്വാസപ്രമാണങ്ങളും അധികാരമുറപ്പിക്കാനുള്ള ആയുധങ്ങളായി.

സംസ്‌കാരം തുറന്ന വഴിയിലൂടെ ഇവിടെ മൂല്യങ്ങള്‍ പിറവിയെടുത്തു. മതങ്ങള്‍ക്ക്‌ സമാന്തരമായ

പാതയിലൂടെ പ്രവഹിക്കുന്ന സംസ്‌കാരം യുക്തിയിലൂടെയും ചോദ്യംചെയ്യലിലൂടെയും കാലത്തിനൊപ്പം

നീങ്ങി സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണ്‌. തടസ്സങ്ങളെ വെല്ലുവിളിച്ചുകൊണ്ട്‌, പ്രതികൂലതകളോട്‌

പൊരുതി അതുമുന്നേറുന്നു. 


ഓരോ കാലയളവിലും അന്നന്നത്തെ ബൗദ്ധിക ധാര്‍മ്മിക പുരോഗതിക്കനുസൃതമായ

ഒരു ജ്ഞാനയുഗം അതു സൃഷ്‌ടിക്കുന്നു. മൂല്യങ്ങളെ നിരന്തരം ഉത്‌പാദിപ്പിക്കുന്നു; ഉള്‍ക്കൊള്ളുന്നു.

എന്താണ്‌ സംസ്‌കാരത്തിന്റെ ചാലകശക്തി? നീതിക്കുവേണ്ടി നീതിനിഷേധിക്കപ്പെട്ടവരുടെ

ദാഹമാണത്‌. ഉപഭോഗവസ്‌തുക്കളായി മാറുന്ന സ്‌ത്രീകളും അടിമകളാകുന്ന കീഴാളജനവിഭാഗങ്ങളും

ഉള്‍പ്പെട്ട മര്‍ദ്ദിത-ചൂഷിത ജനതതിയുടെ ദാഹം. സ്വാതന്ത്ര്യം, സമത്വം,

അന്തസ്സുറ്റജീവിതത്തിനുള്ള കാംക്ഷ എന്നിവയാല്‍ നിര്‍ഭരമാണത്‌.

മനുഷ്യന്‍ സ്വന്തം ജീവിതം വികസിപ്പിക്കാന്‍ ബുദ്ധി പ്രയോജനപ്പെടുത്തി. സമൂഹത്തെ സൃഷ്‌ടിച്ചു.

കൂട്ടായ്‌മയിലൂടെയും ബൗദ്ധികാന്വേഷണങ്ങളിലൂടെയും സാമൂഹികപരിണാമം സാദ്ധ്യമാക്കി. നീതി,

നീതിബോധം, സമത്വം, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള പുരോഗമനപരമായ മുന്നേറ്റത്തിനുതകുന്ന

സാംസ്‌കാരികമൂല്യങ്ങള്‍ വ്യക്തികളും സമൂഹവും തമ്മിലുള്ള പാരസ്‌പര്യത്തില്‍ നിന്നും

ഉടലെടുത്തതാണ്‌. ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും മാര്‍ക്‌സിന്റെ വര്‍ഗ്ഗരഹിതസമുദായ

സിദ്ധാന്തങ്ങളും ചിന്താപരവും സാമൂഹികവുമായ മാറ്റങ്ങള്‍ക്ക്‌ കാരണമായി. ഭാഷകളുടെ കൂടിക്കലരലും

ഭാഷാസാമഗ്രികളുടെ നിര്‍മ്മാണത്തില്‍ കൈവരിച്ച പുരോഗതിയും സഞ്ചാരസ്വാതന്ത്ര്യത്തിലുണ്ടായ

മുന്നേറ്റവും ഓരോ കാലഘട്ടത്തിലും സംസ്‌കാരത്തെ പോഷിപ്പിച്ചു.

സംസ്‌കാരം എല്ലായ്‌പ്പോഴും വെല്ലുവിളികള്‍ നേരിടുന്നുണ്ട്‌. സംഘടിതമതങ്ങളും അവയുടെ

മര്‍ദ്ദനോപാധികളും സംസ്‌കാരമൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു. ഫാസിസവും കൊളോണിയലിസവും

മറ്റും മൂല്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. യുദ്ധവും അതിക്രമങ്ങളും വ്യാപിക്കുമ്പോളൊക്കെയും

മൂല്യങ്ങള്‍ക്കായുള്ള തിരച്ചിലും അതിനെ വീണ്ടെടുക്കാനുള്ള പ്രയത്‌നങ്ങളും ഒരന്തര്‍ധാരയായി

സമൂഹത്തില്‍ വര്‍ത്തിച്ചുവരുന്നു. കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‌പിന്റെ ഉജ്ജ്വല

അദ്ധ്യായമാണ്‌ കോംഗോ റിഫോം അസോസിയേഷന്‍. ബല്‍ജിയത്തിന്റെ അധിനിവേശത്തിനെതിരെ,

കോംഗോയില്‍ അവര്‍ നടത്തിയ വിനാശകാരിയായ കൂട്ടക്കൊലക്കെതിരെ ലോകമനസ്സുണര്‍ന്നപ്പോള്‍

രാഷ്‌ട്രീയ സാംസ്‌കാരികനായകര്‍ക്കൊപ്പം വ്യവസായികളും അണിനിരന്നു.


സമകാലികലോകത്തില്‍ സംസ്‌കാരമൂല്യങ്ങള്‍ വലിയവെല്ലുവിളി നേരിടുന്നു. ക്ഷതിപറ്റിയ

സംസ്‌കാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‌പായിരുന്നു രണ്ടാം ലോകയുദ്ധാനന്തരം കണ്ടത്‌. കോളനികള്‍

സ്വതന്ത്രമായി; അടിമത്തവും വംശീയതയും വെല്ലുവിളിക്കപ്പെട്ടു; ഐക്യരാഷ്‌ട്രസഭ

രൂപീകരിക്കപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ പരിഗണിക്കുവാന്‍ രൂപപ്പെട്ട സ്ഥാപനങ്ങളും സ്‌ത്രീകള്‍,

കുട്ടികള്‍, ജന്തുജാലം, പ്രകൃതി എന്നിവയ്‌ക്കായി രൂപം കൊണ്ട സവിശേഷ സംഘടനകളും

സംസ്‌കാരമൂല്യങ്ങളുടെ പ്രതിഫലനഫലമാണ്‌. ഏറ്റവും വിശേഷപ്പെട്ട സംസ്‌കാരമൂല്യമായ

അക്രമരഹിതമാര്‍ഗ്ഗത്തിന്റെ പ്രാധാന്യം സമകാലികലോകത്തിനു ബോദ്ധ്യപ്പെട്ടത്‌ ഗാന്ധിജിയിലൂടെയാണ്‌.

നിര്‍ഭാഗ്യവശാല്‍ യുദ്ധാനന്തരം ലോകം നേടിയെടുത്ത മൂല്യങ്ങള്‍ ഇന്ന്‌ അസ്‌തപ്രായമായിരിക്കുന്നു.

ഭയം ലോകമെമ്പാടും പടര്‍ന്നിരിക്കുന്നു. ആശങ്കകളും ഉത്‌കണ്‌ഠകളും വ്യാപിച്ചിരിക്കുന്നു.

ഭീകരാക്രമണങ്ങളും യുദ്ധങ്ങളും പട്ടാളഭരണങ്ങളും ജനജീവിതത്തെ കലുഷമാക്കിയിരിക്കുന്നു. ഫാസിസവും

സിയോണിസവും നിയോനാസിസവും ഇസ്ലാമിസവും തിരിച്ചുവരികയാണ്‌. ഇന്ത്യന്‍ ജനാധിപത്യവും

ഭരണഘടനയും വെല്ലുവിളി നേരിടുന്നു. 


സംസ്‌കാരമെന്നത്‌ ഒരു യാത്രയാണ്‌. കൂടുതല്‍ മൂല്യങ്ങളെ

ഉത്‌പാദിപ്പിക്കാനുള്ള യാത്ര. ഏതു വിനാശസന്ധിയിലും ഈ യാത്ര തുടരും, കൂടുതല്‍ മുന്നേറ്റം

സൃഷ്‌ടിക്കും. അനുസ്യൂതം ഈ യാത്ര തുടരുമെന്ന പ്രത്യാശയിലാണ്‌ ആനന്ദ്‌ തന്റെ ലേഖനം

അവസാനിപ്പിക്കുന്നത്‌.

മതം കൊണ്ട്‌ ഒരു സമൂഹവും മെച്ചപ്പെട്ടിട്ടില്ല; ഭൂമിയിലെ സംഘര്‍ഷവും ഭിന്നിപ്പും

വര്‍ദ്ധിച്ചുവെന്നല്ലാതെ. ഈ ആശയം വളരെ സ്‌പഷ്‌ടമായി സമൂഹത്തില്‍ വിനിമയം ചെയ്യുന്ന

ലേഖനമാണ്‌ `സൂര്യന്‍ ഇനിയും ഉദിക്കും'. സൂര്യന്‍ എന്നതു കൊണ്ട്‌ ആനന്ദ്‌ വിവക്ഷിക്കുന്നത്‌

സാംസ്‌കാരികമൂല്യങ്ങളെത്തന്നെ. `ഉദിക്കുക' എന്ന വാക്കിന്‌ ഉയര്‍ന്നുവരിക, ഉയരുക എന്നര്‍ത്ഥം.

മൂല്യങ്ങള്‍ അസ്‌തമിച്ചുവെന്ന്‌ ഓരോ സന്ദര്‍ഭത്തിലും തോന്നാമെങ്കിലും, അവയ്‌ക്കു നാശമില്ല, വളരെ

വേഗത്തില്‍ തന്നെ അവ ഉയര്‍ന്നുവരുമെന്ന പ്രത്യാശയാണ്‌ ലേഖകന്‍ അവതരിപ്പിക്കുന്നത്‌.

യഥാര്‍ത്ഥത്തില്‍ ഇത്തരം ലേഖനങ്ങള്‍ കലാലയ സിലബസ്സുകളില്‍ കടന്നുവരേണ്ടതാണ്‌.

മതബദ്ധസമൂഹത്തേക്കാളും മതേതരസമൂഹത്തിനും സഹിഷ്‌ണുതയ്‌ക്കും പ്രാധാന്യം നല്‌കുന്ന പൊതുജീവിതമാണ്‌

ആരോഗ്യകരം. ജാതിക്കും മതത്തിനും വീതം വെക്കാനുള്ളതല്ലല്ലോ പാഠ്യപദ്ധതികള്‍.

മതപ്രീണനമനോഭാവം പുരോഗമനചിന്തകളെ വിലക്കുന്ന ഘടകമാകുന്നു. യുക്തിബോധവും ആരോഗ്യകരമായ

സാമൂഹികചിന്തയും വിദ്യാര്‍ത്ഥികളില്‍ രൂപപ്പെടുത്തേണ്ടത്‌ നല്ല സമൂഹനിര്‍മ്മിതിക്ക്‌

അനിവാര്യമാണ്‌. എന്തുകൊണ്ടെന്നാല്‍, ഇന്ന്‌, സാമൂഹിക-രാഷ്‌ട്രീയ ആശയങ്ങളും പ്രത്യയശാസ്‌ത്രവും

വിദ്യാര്‍ത്ഥികളുടെ മുഖ്യധാരാവിഷയമല്ലാതായിരിക്കുന്നു. തത്‌സ്ഥാനം സാമൂഹികമാദ്ധ്യമങ്ങളിലൂടെ

ലോലചിന്തകളും മതചിന്തകളും കയ്യേറിയിരിക്കുന്നു. മതതീവ്രചിന്തകള്‍ സമൂഹത്തില്‍, കൂടുതലായും

ചെറുപ്പക്കാരിലാണ്‌ വേരൂന്നുക. ഈ പശ്ചാത്തലത്തില്‍ ഈ ലേഖനത്തെ മുന്‍നിര്‍ത്തി പുനര്‍ചിന്തനം

അത്യന്താപേക്ഷിതമാണ്‌.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ