ഉളി പിടിച്ച കയ്യ്: അമ്പാടി നാരായണ പൊതുവാൾ (കഥാവിചാരം)

 ചെറുകഥയെ വിനോദമായും ജീവിതത്തിൻ്റെ വിശകലനമായും കാണുന്ന സമീപനമാണ് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലെ ചെറുകഥാകൃത്തുക്കൾ സ്വീകരിച്ചത്. ചെറുകഥയുടെ സമകാലിക പ്രയോഗസാദ്ധ്യതകളിലേക്ക് അവർ സാവധാനത്തിലാണ് മിഴി തുറന്നത്. പി.ജി. രാമയ്യർ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, ഓ എം. ചെറിയാൻ, അമ്പാടി നാരായണ പൊതുവാൾ മുതലായ ചെറുകഥാകൃത്തുക്കൾ മികവു തെളിയിച്ചവരാണ്.

അമ്പാടി നാരായണ പൊതുവാൾ സ്വന്തമായ ഒരു കഥാലോകം പടുത്തുയർത്തിയ എഴുത്തുകാരനാണ്. ‘കഥകളുടെ അന്തരീക്ഷസൃഷ്ടിയിലും വർണ്ണനയിലും നാരായണ പൊതുവാളുടെ ഭാഷാപ്രയോഗവ്യഗ്രത വ്യക്തമാണെന്ന്’ ഡോ. എം.എം. ബഷീർ മലയാള ചെറുകഥാ സാഹിത്യ ചരിത്രമെന്ന കൃതിയിൽ പരാമർശിക്കുന്നു. മുണ്ടശ്ശേരിയും നാരായണപൊതുവാളുടെ കഥാസമീപനം പ്രശംസിക്കുന്നു. സംഭവം വർണ്ണിക്കുന്നതോടൊപ്പമുള്ള അന്തരീക്ഷ സൃഷ്ടിയാണ് മുണ്ടശ്ശേരിയുടെ മനസ്സു കവർന്നത്. ഭാഷയും ഭാവനയും അതിൻ്റെ പൊലിമയ്ക്കായി ഉപയോഗപ്പെടുത്തുന്നു. ആദ്യകാല ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ അമ്പാടി നാരായണ പൊതുവാളുടെ മികച്ച കഥയാണ് ‘ഉളി പിടിച്ച കയ്യ്’. കഥാവിഷയസ്വീകരണത്തിലും ശൈലിയിലും പ്രമുഖ സാഹിത്യകാരനും പണ്ഡിതനുമായ അപ്പൻതമ്പുരാനോട് വളരെയേറെ സാദൃശ്യം പുലർത്തുന്ന എഴുത്തുകാരൻ കൂടിയാണ് അമ്പാടി നാരായണപൊതുവാൾ. [അപ്പൻതമ്പുരാൻ രചിച്ച അപസർപ്പക നോവലാണ് ഭാസ്കരമേനോൻ.] ഏകാഗ്രതയും വിഷയവൈവിദ്ധ്യവുമുള്ള കഥകളാണ് നാരായണപൊതുവാളുടേത്. ഇതിന് മികവുറ്റ ഉദാഹരണമാണ് ഉളി പിടിച്ച കയ്യ്. പല കഥകളിലും ചരിത്രപ്പഴമ കടന്നു വരുന്നു. അതിനും നല്ല ഉദാഹരണമാണ് ഉളി പിടിച്ച കയ്യ്. ഇത് ഒരു കുറ്റാന്വേഷണ കഥയാണ്. നമ്മുടെ പഴയ കഥാകൃത്തുക്കളെ പാശ്ചാത്യ അപസർപ്പക (കുറ്റാന്വേഷണ) കഥാകൃത്തുക്കൾ സ്വാധീനിച്ചിട്ടുണ്ട്. ഷെർലക്ഹോംസിൻ്റെ രചയിതാവായ ആർതർകോനൻ ഡോയൽ വലിയ സ്വാധീനം ചെലുത്തി. പാശ്ചാത്യ കാല്പനിക കഥാരചയിതാക്കളും മലയാളം കഥാകൃത്തുക്കളുടെ ശൈലി - രചനാ സമീപനങ്ങളിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചു.


ഒരു അപസർപ്പകകഥയാണ് അമ്പാടി നാരായണപൊതുവാളുടെ ഉളി പിടിച്ച കയ്യ്. തിരുവിതാംകൂർ രാജവംശത്തോടും നാടിനോടുമുള്ള ഭക്തി ഈ കഥയിൽ പ്രകടമാണ്. പരിണാമഗുപ്തിയുടെ സരസമായ പ്രയോഗം ഇതിൽ വീക്ഷിക്കാം.


രസികരഞ്ജിനി മാസികയിൽ കൊല്ലവർഷം 1081ലാണ് ഈ കുറ്റാന്വേഷണകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. പഴയ ഒരു കാലഘട്ടത്തിലെ സാമൂഹികാവസ്ഥയിലേക്കാണ് കഥ വിരൽ ചൂണ്ടുന്നത്. അന്ന് പോലീസും മജിസ്ട്രേറ്റും ഉണ്ടായിരുന്നില്ല. സമർത്ഥനായ കൊത്തുവാളായിരുന്ന ഉക്കണ്ടക്കുറുപ്പുകാര്യക്കാർ ജോലിയിൽ നിന്നും പിരിഞ്ഞു. അസാമാന്യമായ ധിഷണയും പ്രാപ്തിയും ഉള്ളയാളായിരുന്നു കുറുപ്പ്. പകരം ജോലിയിൽ നിയുക്തനായത് മമ്മതുഖാൻ എന്നൊരു പഠാണിയാണ്. കുറുപ്പ് കുറ്റക്കാരെ മാത്രമേ ശിക്ഷിച്ചിരുന്നുള്ളൂ. എന്നാൽ മമ്മതുഖാൻ ചിലപ്പോൾ നിരപരാധികളെയും ശിക്ഷിച്ചു. കുറുപ്പ് കൊട്ടാരത്തിലേക്കു പുറപ്പെടുന്നതിനിടെ കോപ്പൻ എന്ന ആശാരിച്ചെക്കൻ കുറിപ്പിൻ്റെ കാല്ക്കൽ വീണ് അഭയം ചോദിക്കുന്നു. തന്നെ രക്ഷിക്കണം. അതേ സന്ദർഭത്തിൽ തന്നെ കോപ്പന് ഇടതു കൈക്കാണ് സ്വാധീനമെന്നും ചോറ്റാനിക്കരക്കുന്നിൽ കൂടിയാണ് വരുന്നതെന്നും കുറുപ്പ് ശരിയായി നിരീക്ഷിച്ചിരുന്നു. കാലിൽ പറ്റിയ മണ്ണിൻ്റെ നിറവും വലതു കയ്യിലാണ് മുഴക്കോലെന്നതുമാണ് ഇതിന് മാനദണ്ഡമായത്. സംഗതിയന്വേഷിച്ചപ്പോൾ, മൂത്താശാരിയായ പറങ്ങോടനെ കോപ്പൻ കൊന്നുവെന്നും അതിനാലവനെ പിടികൂടണമെന്ന നിർബന്ധത്തിൽ മമ്മത് ഖാൻ പിന്തുടരുകയാണെന്നും വ്യക്തമായി. കോവിലകം പണിയുന്ന മൂത്താശാരിയാണ് പറങ്ങോടൻ. അയാളുടെ പണിയാലയ്ക്ക് തീ ബാധിക്കുകയും  കത്തിക്കരിഞ്ഞ ജഡസൂചനകൾ കിട്ടുകയും ചെയ്തു. പുര കത്തുന്നതിന് മുമ്പ് രാത്രിയിൽ അവിടെ സന്ദർശിച്ചത് കോപ്പനായിരുന്നു. അതിനാൽ കോപ്പൻ തെറ്റുകാരനാണെന്ന് നിലവിലെ കൊത്തുവാളായ മമ്മത്ഖാൻ തീർച്ചയാക്കി. നിരപരാധിയായ തന്നെ രക്ഷിക്കണമെന്ന് കോപ്പൻ കുറുപ്പിനോടപേക്ഷിക്കുന്നു. കുറുപ്പ് മമ്മതഖാനോട് സംസാരിക്കുന്നു. എന്നാൽ തൻ്റെ നിലപാടുമാറ്റാനയാൾ തയ്യാറാകുന്നില്ല. കോപ്പൻ പറങ്ങോടൻ്റെ പണിയിലെ കണക്കുപിശകുകൾ ചൂണ്ടിക്കാട്ടി തിരുത്താൻ പ്രേരിപ്പിക്കുന്നു. അയാൾ സന്തോഷിച്ച് കോപ്പനെ വീട്ടിലേക്കു കൂട്ടി സ്വീകരിക്കുന്നു. കോപ്പൻ്റെ കുടുംബവും പറങ്ങോടനും തമ്മിൽ ശത്രുതയുണ്ടായിരുന്നു. അതു തീർന്ന മട്ടായിരുന്നു പറങ്ങോടൻ പ്രകടിപ്പിച്ചത്. എന്നാൽ വസ്തുത അതല്ലെന്ന് പിന്നീട് കുറുപ്പിന് അന്വേഷണത്തിൽ മനസ്സിലായി. തൻ്റെ സ്വത്തിന് കോപ്പനെ അവകാശിയാക്കി പറങ്ങോടൻ  രേഖ നല്കിയിരുന്നു. കോപ്പൻ പുറപ്പെടുമ്പോൾ തിരികെച്ചെല്ലണം എന്ന ഉറപ്പിന് കോപ്പൻ്റെ ഉളിയും വാങ്ങി വെച്ചിരുന്നു. മമ്മതുഖാൻ

കോപ്പനെ കൈയാമം വെച്ചു കൊണ്ട് കൊണ്ടുപോയി. കുറുപ്പ് തൻ്റെ വഴിക്ക് കേസന്വേഷിക്കുന്നു. കോപ്പൻ്റെ വീട്ടിൽ ചെന്നപ്പോൾ കോപ്പൻ്റെ അമ്മ പറങ്ങോടൻ്റെ പഴയ വിരോധ കഥ പറഞ്ഞു കൊടുക്കുന്നു. മമ്മതുഖാൻ പിറ്റേന്ന് സ്ഥലപരിശോധന നടത്തിയപ്പോൾ കോപ്പൻ്റെ ഉളി കിട്ടുന്നു. കുറുപ്പ് വീണ്ടും അവിടെയെത്തി. സ്ഥലപരിശോധന നടത്തി. ചില ചുമരളവുകളൊക്കെയെടുത്തു. വൈക്കോൽ കൂട്ടി തീയിട്ടു. പറങ്ങോടൻ്റെ ആശാരിച്ചിയെക്കൊണ്ട് പുരകത്തുന്നേ എന്ന് നിലവിളിപ്പിച്ചു. അപ്പോൾ വാതിൽ തള്ളിത്തുറന്ന് പറങ്ങോടൻ പുറത്തുവന്നു. മമ്മതുഖാനും മറ്റും ആശ്ചര്യപ്പെട്ടു. മമ്മതുഖാന് കുറുപ്പിൻ്റെ മുന്നിൽ താൻ ചെറുതായതു പോലെ തോന്നി. എന്താണ് സംഭവിച്ചതെന്ന് കുറുപ്പ് വിശദീകരിച്ചു. ആദ്യദിവസം താൻ പരിശോധിച്ചപ്പോൾ ഉളി അവിടെ ഇല്ലായിരുന്നു. ഉളി പിറ്റേന്ന് സംഭവ സ്ഥലത്തു കിട്ടിയല്ലോ. അപ്പോൾ കള്ളൻ ഇവിടെത്തന്നെ. ഉളിപ്പിടിയിൽ പതിഞ്ഞ കയ്യിന് ആറു വിരലുണ്ട്. കോപ്പൻ്റെ വലംകയ്യിന് ആറു വിരലുണ്ട്. ഇത് ശ്രദ്ധിച്ച കുറ്റവാളി കോപ്പനെ കുടുക്കാൻ ചെയ്ത പണിയാണിത്. പക്ഷേ, കോപ്പന് ഇടതുകൈയാണ് സ്വാധീനം. അതിനാണ് ബലം. ബലമുള്ള, സ്വാധീനമുള്ള കയ്യല്ലേ പ്രവൃത്തിയിൽ ഉപയോഗപ്പെടുത്തുക? സ്വാധീനമില്ലാത്ത വലതു കൈ കൊണ്ട് ഒന്നും ചെയ്യാനാകില്ല. പുരയുടെ മുറികൾ അളന്നപ്പോൾ ഒരു മുറിയുടെ വീതിയിൽ കുറവു കണ്ടു. അപ്പോൾ അവിടെ ഇടഭിത്തിക്കുള്ളിൽ ഒളിക്കാനിടയുണ്ടെന്ന് ഊഹിച്ചു. പുറത്തുചാടിക്കാനായി പുകയിടുകയും ചെയ്തു. “ തമ്പുരാനേ, അടിയൻ അവനെ കല്പിച്ചുകൂട്ടി ഉപദ്രവിക്കണമെന്നു വിചാരിച്ചില്ല. ഒരു നേരംപോക്കു കാണിച്ചുവെന്നേയുള്ളൂ” വെന്ന് പറങ്ങോടൻ കേണെങ്കിലും രക്ഷയുണ്ടായില്ല. എല്ലാവരും കുറുപ്പിൻ്റെ ബുദ്ധിയെ അനുമോദിച്ചു. നിരപരാധിയായ കോപ്പൻ രക്ഷപ്പെടുകയും ചെയ്തു.


മികച്ചൊരു അപസർപ്പക കഥയാണെന്ന് പറയാനാകില്ലെങ്കിലും, ഈ മേഖലയിൽ മലയാളി വായനക്കാരെ ആകർഷിക്കാൻ പര്യാപ്തമായിട്ടുള്ള കഥയായിത്തന്നെ ഇതിനെ പരിഗണിക്കേണ്ടതുണ്ട്.


ഡോ. ഗണേശൻ വി.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ