ഒരു തോണിയുടെ ആത്മകഥയിൽ നിന്ന് : എൻ.പ്രഭാകരൻ (കഥാവലോകനം)

 സമകാലിക ജീവിത യാഥാർത്ഥ്യങ്ങളോട് വളരെ സജീവമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് എൻ.പ്രഭാകരൻ. എഴുത്തിൻ്റെ പ്രമേയങ്ങൾ ചുറ്റിലുമുള്ള സാമൂഹികജീവിതത്തിൽ നിന്നും അദ്ദേഹം നെയ്തെടുക്കുന്നു. അസ്വസ്ഥഭരിതവും സങ്കീർണ്ണവുമായ, ഇരുട്ടിലമർന്ന വ്യക്തിമനസ്സുകളിൽ വെളിച്ചത്തിൻ്റെ കണമുണ്ടോ എന്ന അന്വേഷണം സ്വന്തം സാഹിത്യത്തിലൂടെ നിർവഹിക്കുന്നു. എഴുത്തുകാരൻ സമൂഹത്തോടു നിർവഹിക്കേണ്ട ഉത്തരവാദിത്വത്തെ സംബന്ധിച്ച് വ്യക്തമായ ബോദ്ധ്യം അദ്ദേഹത്തിനുണ്ട്. ദാരിദ്ര്യവും ദുരിതവും രോഗവും ഗ്രസിക്കുന്ന നിരവധി ജീവിത സാഹചര്യങ്ങൾ അദ്ദേഹത്തിൻ്റെ തൂലികയ്ക്കു വിഷയീച്ചിട്ടുണ്ട്. ജീവിതാനുഭവങ്ങളെ ഒരു രാഷ്ട്രീയ സാംസ്കാരിക നിരീക്ഷണത്തിനു വിധേയമാക്കി അപഗ്രഥിക്കാനാണ് എൻ.പ്രഭാകരൻ ശ്രമിക്കുന്നത്.


അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു കഥയാണ് ‘ഒരു തോണിയുടെ ആത്മകഥയിൽ നിന്ന്’ എന്നത്. ഒരു തോണി. തോണി ജലാശയത്തെ തരണം ചെയ്യാനുപയോഗിക്കാവുന്ന വാഹനമാണ്. മനസ്സിനെ വഹിക്കുന്ന ഉപകരണമാണ് ശരീരം. ശരീരം തോണിയാകുമ്പോൾ മനസ്സ് അതിലെ സഞ്ചാരിയാകുന്നു. ഈ കഥ പ്രഭാകരൻ മാഷ് ആരംഭിക്കുന്നത് ഇപ്രകാരമാണ്: ”പോയജന്മത്തിൽ എന്നു തന്നെയോ പറയേണ്ടത് എന്നറിയില്ല. ഒരു തോണിയാകും മുൻപ് ഞാനൊരു മനുഷ്യനായിരുന്നു.” മനസ്സും ശരീരവും തമ്മിലുള്ള വിയോജനമാകാം ഈ പ്രസ്താവത്തിനു പിന്നിൽ. മനുഷ്യന് ഇത്തിരി മോഹങ്ങളും ആഗ്രഹങ്ങളും ആകാമല്ലോ. മറ്റേതു ജോലിയേക്കാളും അയാൾക്കു നിർവൃതി പകർന്നത് ഇടയ്ക്കിടയ്ക്ക് കഥയും കവിതയുമൊക്കെ എഴുതാനാകുന്നുവെന്നതാണ്. കൂടുതൽ സന്തോഷം മറ്റെന്തിനേക്കാളും എഴുത്തു പകർന്നു. 


പക്ഷേ അതേ കാലഘട്ടത്തിൽ ശാരീരികമായി കടുത്ത അസ്വാസ്ഥ്യങ്ങൾ അയാളെ അലട്ടി. ചികിത്സ പലതും ചെയ്തു. പലവട്ടം ആശുപത്രിയിൽ അഡ്മിറ്റായി. പരിഹാസത്തിനും അവഗണനയ്ക്കും രോഗം കാരണമായി. ഇത്തരം വേവലാതികൾ കേൾക്കാൻ ആർക്കാണ് സമയമുള്ളത്? അതിനാൽ പ്രണയം, കാമം, വിരഹം മുതലായവയാൽ ആരെയും വിവശരാക്കുന്ന നാടകീയ സംഭവങ്ങൾ നിറഞ്ഞ ഒരു കൊച്ചുകഥയിലേക്ക് ആഖ്യാതാവ് നമ്മെ കൊണ്ടുപോവുകയാണ്.


എൻ. പ്രഭാകരൻ ഈ കാലഘട്ടം സമ്മാനിച്ച ചില സന്ദിഗ്ധതകളിലേക്കാണ് വിരൽചൂണ്ടുന്നത്. യാഥാർത്ഥ്യമെഴുതുന്ന എഴുത്തുകാരനെ ആർക്കും വേണ്ട. എല്ലാർക്കും വേണ്ടത് ചാപല്യം നിറഞ്ഞ കഥകളാണ്. സൂക്ഷ്മവായനകളും ചിന്തകളും നമ്മുടെ സമൂഹത്തിൽ നിന്നും അകന്നിരിക്കുന്നു. അതിനാൽ ഈ കഥയിലെ ആഖ്യാതാവും അത്തരം കഥ പറയുകയാണ്. അതിനാൽ അസ്വാഭാവികമായ ദൃശ്യങ്ങളും വിസ്മയങ്ങളും ഇവിടെ പ്രതീക്ഷിക്കാം. അമാനുഷികതയോടും അത്ഭുതങ്ങളോടും കൈകോർക്കാനാണ് ഇവിടെ വായനക്കാരൻ തയ്യാറാകേണ്ടത്.


തീക്ഷ്ണമായ ജീവിതചിത്രം അയാളുടെ മുന്നിലുണ്ട്. ഭാര്യ. അവൾ തനിക്കായി ഏറെ കഷ്ടപ്പെടുന്നു. ബാങ്ക്, മരുന്നു കട എന്നിങ്ങനെ പലയിടങ്ങളിലും ചുറ്റിക്കറങ്ങി വന്ന്, തനിക്ക് ഭക്ഷണവും വിളമ്പിത്തന്ന് ക്ഷീണിച്ച് കിടപ്പാണ്. അവളെ കാണുമ്പോൾ സങ്കടവും തോന്നി. താനൊന്ന് മരിച്ചെങ്കിൽ എന്നു ചിന്തിക്കുകയും ചെയ്തു. 

പിന്നെ ഏതൊക്കെയൊ വഴികളിലൂടെ ചിന്ത കടന്നുപോയി. ഉറക്കം സ്വബോധത്തെ തൊട്ടിലാട്ടിത്തുടങ്ങി. ശ്വാസോച്ഛ്വാസത്തിൻ്റെ ശബ്ദത്തിനൊരു യന്ത്രസമാനത. ഒരേ താളത്തിൽ മന്ദഗതിയിലുള്ള ചലനം. അപ്പോൾ തൻ്റെ ശരീരം ഒരു യന്ത്രബോട്ടായി. ആഴക്കടലിലെത്തിയപ്പോഴേക്കും അത് കാറ്റുപായ കെട്ടിയ ചെറുതോണിയായി. തോണിയായതും തോണി തുഴയുന്ന തോണിക്കാരനായതും താൻ തന്നെ. തോണി മറിയാതെ സൂക്ഷിക്കലാണ് തോണിക്കാരൻ്റെ പണി. അനേക ദിനരാത്രങ്ങൾ കടലിലലഞ്ഞു. ഒരു ലക്ഷ്യവുമില്ല. ദിശയറിയില്ല. സ്വന്തം തീരുമാനവുമല്ല. ഇങ്ങനെ കടലിൽ ദിശയറിയാതെ ചുറ്റിക്കൊണ്ടിരിക്കുന്ന ഒരാളുടെ വേവലാതിയും സങ്കടവും വർണ്ണനാതീതമാണ്. അവസാനം ഒരു മല കണ്ടു. പെട്ടെന്നു വീശിയകടൽക്കാറ്റ് പ്രതീക്ഷകൾ തകർത്തു. നിലാവുദിച്ചപ്പോൾ

വീണ്ടും മല കണ്ടു. നിലാവ് ഏകാന്തത തീവ്രമാക്കി. ജീവിതം അസംബന്ധമാകാം. പക്ഷേ, പുതിയ അതിജീവനശ്രമങ്ങൾ അത് കാട്ടുന്നു. പുതിയ ആവശ്യങ്ങളും പ്രതീക്ഷകളും ഉണ്ടാക്കുന്നു. ചില ശുഭസൂചനകൾ നല്കി ഉത്തേജിപ്പിക്കുന്നു. 


തീരത്തിറങ്ങി. തോണി സുരക്ഷിത അകലത്തിലേക്കു മാറ്റി. തളർന്നുപോയി. ഇത്രയും നേരം ശ്വാസപ്രശ്നങ്ങളൊന്നുമില്ലാത്തത് അത്ഭുതം തന്നെ. കിടപ്പിൽ തന്നെ ഉറങ്ങിപ്പോയി. കണ്ണു തുറന്നപ്പോൾ ഒരു പെൺകുട്ടി. യുവതി എന്നു തന്നെ പറയാം. അവളുടെ മൂന്നായി പിന്നിയ മുടി അയാളിൽ വികാരമുളവാക്കി. അവർ പരിചയപ്പെട്ടു. ആ ദേശത്തിൻ്റെ പ്രത്യേകതകൾ മനസ്സിലാക്കി. എത്രയും കാലം ഭക്ഷിക്കാനുള്ള വിഭവം മലയിലുണ്ട്. പേടിക്കേണ്ടത് ഉപ്പുകാറ്റിനെയും പാമ്പുകളെയുമാണ്. അങ്ങനെ ദ്വീപിലെ ആളായി. സ്വന്തം മനസ്സിൻ്റെ തീക്ഷ്ണമായ വിളികൾക്കെല്ലാം മറുപടി കിട്ടി. അവളുടെ പേര് അഡോണിയ എന്നായിരുന്നു. അയാളെ അവൾ ബയോൺ എന്നു വിളിച്ചു. ദിവ്യമായ ജീവിതമാണവർ നയിച്ചത്. ജീവിതതാളം തെറ്റുമെന്ന ഭയത്താൽ അയാൾ അവിടെ നിന്നും പുറപ്പെടാൻ തീരുമാനിക്കുന്നു. അവൾ എതിർത്തില്ല. കുഞ്ഞിൻ്റെ പിറവി വരെ കാത്തിരിക്കണമെന്നവൾ പറഞ്ഞു. പിന്നെ അവൾ വന്നില്ല. ദ്വീപുജീവിതം അവസാനിപ്പിക്കാനുറച്ചു. ആ ദ്വീപിന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. ഓരോ നൂറുവർഷത്തിലും പ്രളയം വരും. നാലഞ്ചു പേരേ രക്ഷപ്പെടൂ. അതു തങ്ങളുടെ വിധിയാണെന്ന് നല്ലവരായ ആ ദ്വീപുകാർ കരുതി. ചരിത്രവും ഓർമ്മകളും മായ്ക്കപ്പെടുകയാണ്.


അയാൾ അടുത്തദിവസം തന്നെ പുറപ്പെട്ടു. വീണ്ടും തോണിജന്മം സ്വീകരിച്ചു. വീണ്ടും യാത്ര. യാത്രയോടു യാത്ര. വിജനവും വിശാലവുമായ ഒരു തീരത്തു കയറി. “ഞാൻ എന്നെ തീരത്തോടടുപ്പിച്ച് വസ്ത്രം അഴിച്ചു വെക്കുന്ന അത്രയും അനായാസമായി തോണിയിൽ നിന്ന് എന്നെ മാത്രമാക്കി വീണ്ടെടുത്ത്” നടക്കുമ്പോൾ ഒരു ഗാനം കേട്ടു. നാലു ചുറ്റിലും നോവും നൊമ്പരവുമാണ്. എങ്ങോട്ടാണ് രക്ഷപ്പെടുകയെന്ന പ്രശ്നമായിരുന്നു കവിതയിലെ ആശയം. ചൊല്ലിയ പെൺകുട്ടിയോടും പ്രണയാഭ്യർത്ഥന നടത്തി. അവൾ മറുപടി പറഞ്ഞു: ” പ്രണയം ഇങ്ങനെ വിളംബരം ചെയ്യാനുള്ളതല്ല. നിങ്ങൾക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം. എന്നെയും പ്രണയിക്കാം. അതിന് എൻ്റെ സമ്മതം ആവശ്യമില്ല. കടലിലും കരയിലും നിലാവ് പരക്കുന്നതുപോലെ അതു സംഭവിക്കും.” ഈ വാക്കുകൾ അവളോടുള്ള അയാളുടെ സ്നേഹം പലമടങ്ങായി വർദ്ധിച്ചു.


തുടർന്ന്, കഥാ വിവരണത്തിൽ നാടകീയമായ മാറ്റമുണ്ടാക്കുകയാണ് കഥാകൃത്ത്. അവൾ പറഞ്ഞതു മനസ്സിലാക്കാനുള്ള ശേഷി മനുഷ്യർക്കിനിയും കൈവന്നിട്ടില്ല. ശരീരമെന്ന ദുർബലവും നശ്വരവുമായ കൂടിനകത്താണ് ഓരോരാളും. ജീവിതം എന്നും സംഘർഷഭരിതമാണ്. പ്രതിസന്ധികളിൽ തന്നെ വിട്ടുപോകില്ലെന്നുറപ്പുള്ള ഒരാൾ കൂടെയുണ്ടാകുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. മനുഷ്യർക്ക് പ്രേമത്തിൻ്റെ സംശുദ്ധതയെ സ്വീകരിക്കാൻ കഴിയുന്നില്ല. 


ചെറിയ ചെറിയ ആഹ്ലാദങ്ങൾക്കുള്ള വകയ്ക്കപ്പുറം ചിന്തിക്കാൻ തനിക്കാകുന്നില്ലെന്ന് അയാൾ കരുതുന്നു. ലോകം, ജീവിതം, അധികാരപ്രമത്തത കലർന്ന രാഷ്ട്രീയം,വർഗീയത മുതലായ വിഷയങ്ങളിൽ ഒന്നും ആലോചിക്കാനാകുന്നില്ല. താൻ യഥാർത്ഥത്തിൽ ഒരു മനുഷ്യനായ തോണിയാണ്. മറ്റേതോ തീരത്ത് മറ്റൊരു സുന്ദരിയോ ഭ്രാന്തനോ ഭൂതമോ നക്ഷത്രമോ കാത്തു നില്ക്കുന്നുണ്ടാകാം. ഒരു സഞ്ചാരിക്കു വേണ്ടി ജീവിതം എന്നും അത്ഭുതങ്ങൾ കരുതി വെക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടും, ഇല്ലെങ്കിൽ തന്നെ സഞ്ചാരിയുടെ ജലവാഹനമായ തനിക്ക് പോയേ പറ്റൂവെന്നു പ്രഖ്യാപിച്ചുകൊണ്ടും കഥ അവസാനിക്കുന്നു.


2017 ഡിസംബറിലാണ് ഈ കഥ രചിക്കുന്നത്. ആഖ്യാനത്തിൽ തീർത്തും നവീനത പുലർത്തുന്ന കഥയാണിത്. ഇവിടെ എൻ.പ്രഭാകരൻ ഒരു കഥ പറച്ചിൽ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ‘കഥ; നാണ്യവും ധാന്യവും’ എന്ന ലേഖനത്തിൽ (കൃതി - എൻ. പ്രഭാകരൻ - കഥ, കാലം, ദർശനം - ഡോ. സോമൻ കടലൂർ - എഡി.) ഇ.പി. രാജഗോപാലൻ കഥ എന്ന വാക്ക് കഥയ്ക്കുള്ളിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന എഴുത്തുകാരൻ നമ്മുടെ ഭാഷയിൽ എൻ. പ്രഭാകരനാണെന്ന് അഭിപ്രായപ്പെടുന്നു. അദ്ദേഹം എഴുതുന്നു: ”സാമ്പത്തികാസമത്വത്തെയും മാനസിക ജീവിതത്തെയും അസ്തിത്വപ്രതിസന്ധികളെയും പോലെ കഥയെയും കഥയ്ക്ക് നേരിടേണ്ടി വരുന്നു.” (പു. 61).

ജീവിതമെന്നത് യാഥാർത്ഥ്യങ്ങൾക്കപ്പുറമുള്ള പട നയിക്കലാണ്. സ്വപ്നങ്ങളും ഭ്രമങ്ങളും ഒരു സാധാരണക്കാരനു പോലുമുണ്ട്. അതിനു തടയിടാനാകില്ല. കടുത്ത യാഥാർത്ഥ്യബോധം ജീവിതത്തിൻ്റെ നിറം കെടുത്തുന്നു. താളവും ഘടനയും പ്രമേയവും ശിഥിലമാക്കി ജീവിതത്തോടും എഴുത്തിനോടുമുള്ള നിലപാട് വ്യക്തമാക്കുന്ന കഥയാണ് ‘ഒരു തോണിയുടെ ആത്മകഥയിൽ നിന്ന്’’.

ഡോ. ഗണേശൻ വി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ