ഉണ്ണുനീലിസന്ദേശവും സന്ദേശകാവ്യപ്രസ്ഥാനവും

       ചമ്പുവെന്ന പോലെ സംസ്കൃതസാഹിത്യത്തിൽ നിന്ന് മലയാളത്തിൽ പറിച്ചു നടപ്പെട്ട സാഹിത്യപ്രസ്ഥാനമായാണ് സന്ദേശകാവ്യങ്ങളെ കണക്കാക്കുന്നത്. കാളിദാസന്റെ മേഘസന്ദേശമാണ് സന്ദേശകാവ്യങ്ങളുടെ ആദിമാതൃക. ഇതിഹാസകൃതികളായ രാമായണത്തിലും മഹാഭാരതത്തിലുമൊക്കെ സന്ദേശങ്ങൾക്കും സന്ദേശഹരന്മാർക്കുമുള്ള പ്രാധാന്യം വ്യക്തമാക്കുന്ന കഥാ സന്ദർഭങ്ങളുണ്ടെന്നു കാണാവുന്നതാണ്. ലങ്കാപുരിയിൽ അശോകവനത്തിലിരിക്കുന്ന സീതയെ രാമനിർദ്ദേശപ്രകാരം ഹനുമാൻ ചെന്നു കാണുന്നതും സന്ദേശവും അടയാളവും കൈമാറുന്നതാണല്ലോ ഹനൂമദ്ദൂത്. അതിന്റെ പ്രചോദനമാകാം പ്രേമലോലുപനായ യക്ഷന്റെ വിരഹാകുലമായ ശാരീരിക-മാനസികാവസ്ഥയ്ക്കനുയോജ്യമായ ഭാവനാ നിഷ്ഠമായ കഥ മെനഞ്ഞെടുക്കാൻ കാളിദാസനെ പ്രേരിപ്പിച്ചത്. 

മേഘസന്ദേശം അടിമുടി ഭാവനാധിഷ്ഠിതമാണ്. രാമഗിരിയിലുള്ള യക്ഷന്റെ വികാരവിചാരങ്ങൾ, പ്രകൃതിയോടുള്ള സമരസപ്പെടലുകൾ, ഹൃദയാവർജ്ജകമായി മഹാകവി കാളിദാസൻ അവതരിപ്പിച്ചിരിക്കുന്നു. സംസ്കൃതസന്ദേശകാവ്യങ്ങളുടെ മാതൃകയായി മേഘസന്ദേശത്തെ കരുതുന്നെങ്കിലും അതിന്റെ ഭാവനാത്മകത പിന്തുടരാൻ പിൻഗാമികൾക്ക് സാധിച്ചില്ല.

മണിപ്രവാളത്തിലുള്ള സന്ദേശകാവ്യങ്ങൾ സംസ്കൃതസന്ദേശകാവ്യങ്ങളെയാണ് ആധാരമാക്കിയത്. സംസ്കൃതമിശ്രശാഖയെക്കുറിച്ചുള്ള ലേഖനത്തിൽ പ്രമുഖചരിത്രകാരനായ ഇളംകുളം കുഞ്ഞൻ പിള്ള ഇപ്രകാരം എഴുതുന്നു: "കാളിദാസന്റെ സുപ്രസിദ്ധകൃതിയായ മേഘസന്ദേശത്തിന്റെ ചുവടുപിടിച്ചു സന്ദേശകാവ്യങ്ങൾ മിക്ക ഭാരതീയഭാഷകളിലും രൂപം കൊണ്ടിട്ടുണ്ടെങ്കിലും, അതിന്ന് പുഷ്കലമായ ഒരു പ്രസ്ഥാനമെന്ന നില മലയാളത്തിലെപ്പോലെ മറ്റൊരു ഭാഷയിലും ലഭിച്ചിട്ടില്ല. വിരഹിയായ ഒരു നായകൻ ദൂരത്തിരിക്കുന്ന തന്റെ കാമുകിക്കു സന്ദേശം അയയ്ക്കുന്നതാണല്ലോ സന്ദേശകാവ്യങ്ങളുടെയെല്ലാം അസ്ഥിപഞ്ജരം. നായകൻ, നായിക, സന്ദേശഹരൻ, കവി ഇങ്ങനെ നാലുപേരാണ് വായനക്കാരുടെ ശ്രദ്ധയിൽ വരുന്നത്. "


എന്താണ് സന്ദേശകാവ്യ പ്രസ്ഥാനം?


അവിചാരിതമായി തന്റെ പ്രിയതമയിൽ നിന്നും വേറിട്ട നായകൻ ഒരു സന്ദേശവാഹകൻ മുഖേന പ്രിയതമയ്ക്ക് സന്ദേശം പറഞ്ഞയക്കുന്ന ഇതിവൃത്തം ആവിഷ്കരിച്ചിട്ടുള്ള കാവ്യമാണ് സന്ദേശകാവ്യം. ഇത്തരം കാവ്യങ്ങൾ ഉൾക്കൊള്ളുന്ന സാഹിത്യശാഖയാണ് സന്ദേശകാവ്യ പ്രസ്ഥാനം. നായകൻ, നായിക, സന്ദേശഹരൻ എന്നീ ഘടകങ്ങൾ ഈ കാവ്യത്തിൽ അനിവാര്യമാണ്. 

നായകനെയും നായികയെയും യോജിപ്പിക്കുന്ന ഘടകമായാണ് സന്ദേശഹരൻ അഥവാ സന്ദേശ വാഹകൻ പ്രത്യക്ഷപ്പെടുന്നത്. അത് ചരമോ അചരമോ - ജീവനുള്ള വസ്തുവോ വെറും പദാർത്ഥമോ ആകാം. നായകനു മുന്നിൽ എന്തിനും പ്രാണനുണ്ട്. കാരണം കാളിദാസൻ വ്യക്തമാക്കിയിട്ടുണ്ടല്ലോ - കാമികളെ സംബന്ധിച്ച് ചേതനം, അചേതനം എന്ന ഭേദമില്ല. എല്ലാമൊരുപോലെയാണ്. 


സന്ദേശകാവ്യം അമൂല്യമായൊരു സാഹിത്യശാഖ


പ്രണയത്തെയും വിരഹത്തെയും മാർഗ്ഗവർണ്ണനയെയും ആഖ്യാനം ചെയ്യുന്ന സന്ദേശകാവ്യം വസ്തുസ്ഥിതി കഥനത്തിന്റെ വാസ്തവികതയാൽ ശ്രദ്ധേയമായ സാഹിത്യം കൂടിയാണ്. ഭാവനയ്ക്കൊപ്പം യാഥാർത്ഥ്യബോധവും കൂടിച്ചേർന്നാൽ അതു ഉചിതമായി. സന്ദേശകാവ്യങ്ങളുടെ മേന്മയെ തെന്ന് ഇളംകുളം കുഞ്ഞൻപിള്ള വിശദമാക്കുന്നു: (പ്രബന്ധം - സംസ്കൃതമിശ്രശാഖ, കൃതി - സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ ). "സന്ദേശകാവ്യങ്ങൾ പ്രായേണ ശൃംഗാരപ്രധാനമായ കൃതികൾ തന്നെയെങ്കിലും, അവയിൽ രചനാ കാലത്തെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാമൂഹികവുമായുള്ള പല കാര്യങ്ങളും വർണ്ണിച്ചിരിക്കുന്നതായി കാണാം. മറ്റൊരു സാഹിത്യപ്രസ്ഥാനത്തിലും ഇത്തരം മൂല്യങ്ങൾ ഈ തോതിലുണ്ടാകുമെന്നു തോന്നുന്നില്ല." ഇങ്ങനെ നിരൂപിച്ചാൽ ഭാവനയും യാഥാർത്ഥ്യവും കവിയുടെ മനോധർമ്മവും ഇടകലർത്തി പ്രയോഗിക്കുന്ന വിശിഷ്ടരംഗമായി സന്ദേശകാവ്യങ്ങൾ മാറുന്നു.


ഉണ്ണിയച്ചി, ഉണ്ണിച്ചിരുതേവി, ഉണ്ണിയാടി മുതലായ ചമ്പുക്കൾ ദേവദാസികളാകുന്ന നർത്തകികളെ വർണ്ണിക്കുന്നു. അവരാൽ പ്രചോദിതരാണ് അന്നത്തെ കവികൾ. സന്ദേശപ്പാട്ട് എന്ന ഒരുതരം കവിത പതിമൂന്നാം ശതകത്തിൽ പ്രചരിച്ചിരുന്നുവെന്ന് ഉണ്ണിച്ചിരുതേവീചരിതം വ്യക്തമാക്കുന്നു. ഏതോ ലഘുകാവ്യമെന്നല്ലാതെ മേഘദൂതത്തിന്റെ (മേഘസന്ദേശം) തോതിൽ നിർമ്മിച്ചതാണ് സന്ദേശപ്പാട്ടെന്ന ധാരണ ശരിയല്ലെന്ന് ഇളംകുളം കുഞ്ഞൻപിള്ള എന്ന പ്രമുഖ ചരിത്രകാരൻ അഭിപ്രായപ്പെടുന്നു. ലക്ഷ്മീദാസന്റെ ശുകസന്ദേശമെന്ന സംസ്കൃതകൃതിയാണ് കേരളത്തിൽ ആദ്യമായുണ്ടായ സന്ദേശകാവ്യം. പതിന്നാലാം ശതകത്തിന്റെ രണ്ടാം പാദത്തിലാണ് ഈ കൃതി എഴുതപ്പെട്ടത്. കാവ്യഗുണത്തിൽ

ഈ കൃതി മേഘസന്ദേശത്തോടു ചേർന്നു നില്ക്കുന്നു.


ശുകസന്ദേശത്തെ അനുകരിച്ച് ഭാഷയിലും സംസ്കൃതത്തിലും ധാരാളം കൃതികളുണ്ടായി. ദേവദാസീ ഗണത്തിൽ പെടുന്നവരായിരുന്നു മിക്ക നായികമാരും. തൃക്കണാമതിലകത്ത് നായികയോടൊത്ത് ഉറങ്ങിയ നായകൻ വിധിബലത്താൽ രാമേശ്വരത്തെത്തി നായികയ്ക്ക് ശുകം മുഖേന സന്ദേശമയച്ചതായി സ്വപ്നം കാണുകയാണ്. കോകസന്ദേശം, കാകസന്ദേശം, കോകിലസന്ദേശം, മയൂരദൂതം, ഭ്രമരസന്ദേശം, ഉണ്ണുനീലിസന്ദേശം എന്നിങ്ങനെയുള്ള സംസ്കൃതത്തിലും മണിപ്രവാളത്തിലും എഴുതപ്പെട്ട സന്ദേശകാവ്യങ്ങൾ വിഷയസ്വീകരണത്തിലും സന്ദർഭ സൃഷ്ടിയിലും ശുകസന്ദേശത്തെത്തന്നെയാണ് പിന്തുടരുന്നത്.


എന്താണ് സന്ദേശകാവ്യങ്ങളുടെ ഉള്ളടക്കം ?

സാധാരണ ഒരേ രീതിയാണ് സ്വീകരിച്ചു വരുന്നത്. 

1. കാമുകീ കാമുകന്മാർ / ഭാര്യാഭർത്തക്കന്മാർ യാദൃച്ഛികമായി പിരിയേണ്ടിവരുന്നു.

2. അപ്രതീക്ഷിതമായി വിദൂരത്തിലെത്തിച്ചേർന്ന കഥാനായകൻ തന്റെ വ്യഥ മനസ്സിലാക്കുന്ന ഒരാളെ / അഥവാ ഒന്നിനെ സന്ദേശഹരനാക്കി പ്രിയതമയെ വിവരമറിയിച്ച് ആശ്വസിക്കാനൊരുങ്ങുന്നു.

3. മാർഗ്ഗവർണ്ണനയും സന്ദേശ വാക്യവും പറഞ്ഞു കൊടുക്കുന്നു.

4. പ്രസ്തുത മാർഗ്ഗത്തിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തിലെത്തുന്നു.


ഉണ്ണുനീലിസന്ദേശം


മുണ്ടയ്ക്കൽ ഭവനത്തിലെ ഉണ്ണുനീലിയാണ് ഇതിലെ നായിക. നായകനാരെന്ന് വ്യക്തമാക്കുന്നില്ല.

മുണ്ടയ്ക്കൽ ഇല്ലം കാമന്റെ പടവീടാണെന്നും കുടുംബദേവത പൂവമ്പനാണെന്നും (കാമദേവൻ) കാവ്യത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ നിന്നും ഉണ്ണുനീലി ദേവദാസിയാകാമെന്ന് ഊഹിക്കാം. ഉർവശിയുടെ വംശത്തിലാണത്രെ അവൾ ജനിച്ചത്. ഉണ്ണുനീലി കടുത്തുരുത്തിക്കാരിയാണ്.

മാരക്രീഡാവിവശരായി മട്ടുപ്പാവിൽ ശയിക്കുകയായിരുന്ന നായികാനായകരുളവാക്കിയ താപം ഒരു യക്ഷിയെ പ്രകോപിതയാക്കി. അവൾ നായകനെ തൂക്കിയെടുത്ത് സഞ്ചരിച്ചു. തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിൽ വെച്ച് ബോധം വീണ നായകൻ നരസിംഹമന്ത്രം ജപിച്ചു. അതോടെ യക്ഷി അപ്പോൾത്തന്നെ അയാളെ താഴത്താക്കി കടന്നുകളഞ്ഞു.


തന്റെ പ്രിയതമയിൽ നിന്നും അകന്നു കഴിയേണ്ടി വന്നത് നായകനെ ദു:ഖിതനാക്കി. അവളിപ്പോൾ എന്തു ചെയ്കയാകാം? അവളെ താൻ സുഖമായിരിക്കുന്നുവെന്ന വിവരമറിയിക്കാൻ എന്താണ് പോംവഴി? അപ്പോളാണ് വേണാട്ടധിപതിയായ ഇരവിവർമ്മന്റെ അനുജനും തൃപ്പാപ്പൂർ ക്ഷേത്രത്തിൽ മൂപ്പുസ്ഥാനം വഹിക്കുന്ന വ്യക്തിയുമായ ആദിത്യവർമ്മയെ കാണുന്നത്. ആദിത്യവർമ്മയുടെ സമ്മതപ്രകാരം പ്രിയതമയ്ക്കുള്ള സന്ദേശം അദ്ദേഹം മുഖേന കൊടുത്തയക്കാൻ തീരുമാനിക്കുന്നു. കടുത്തുരുത്തി വരെ എത്തുവാനുള്ള മാർഗ്ഗനിർദേശവും നടത്തുന്നു.

വഴിമദ്ധ്യത്തിലുള്ള നാടുവാഴികളുടെ കൊട്ടാരങ്ങളും വളരെ പ്രശസ്തമായ ദേവാലയങ്ങളും വർണ്ണിക്കുന്നുണ്ട് കവി. മനോഹരവും നിഗൂഢവുമായ ഭൂപ്രകൃതിയും പേരുകേട്ട അങ്ങാടികളും ആചാരപ്രകാരം രാജകുടുംബാംഗത്തെ സത്ക്കരിക്കാൻ വരുന്ന ദേവദാസികളും ജനതതിയും ഒക്കെ നിറഞ്ഞ വർണ്ണനയാണ് കവി നിർവഹിക്കുന്നത്.


ഉണ്ണുനീലിസന്ദേശത്തിൽ ഒരു പൂർവസന്ദേശവും ഉത്തരസന്ദേശവും ഉണ്ടെന്നു കാണാം. മറ്റ് സന്ദേശകാവ്യങ്ങളിൽ നിന്നും വ്യത്യസ്തമായി അഞ്ചു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രസ്താവന കാവ്യാരംഭത്തിലുണ്ട്. അതിൽ ആദ്യത്തേത് ശിവസ്തുതിയാണ്. രണ്ടാമത്തെ ശ്ലോകത്തിൽ ഗണപതിയെ വന്ദിച്ചിട്ട് മുണ്ടയ്ക്കൽ ചേരുമുണ്ണുനീലിയെപ്പറ്റി കാതുകൾക്ക് അമൃതായ കാര്യം പറയാൻ പോകുന്നുവെന്ന് പരാമർശിക്കുന്നു. മൂന്നാം ശ്ലോകം സരസ്വതിയെ സ്തുതിച്ചിട്ട് ശേഷം ഉണ്ണുനീലിയെ വാഴ്ത്തുകയാണ്. നാലാം ശ്ലോകവും ഉണ്ണുനീലിസ്തുതിയാകുന്നു. അഞ്ചാം ശ്ലോകം കാവ്യരചനയുടെ ലക്ഷ്യം കുറച്ചു കൂടി വിശദമാക്കുന്നു. ഈ കാവ്യം ഉണ്ണുനീലിയുടെ ഇല്ലത്തിന് ഉന്നതിയെത്തരുമെന്ന് കീർത്തിക്കുന്നു. ഈ പ്രസ്താവന ശ്ലോകങ്ങൾക്കു ശേഷമാണ് പൂർവ ഭാഗം ആരംഭിക്കുന്നത്.


ഉണ്ണുനീലിസന്ദേശത്തിന് അതിന്റേതായ ചില സവിശേഷതകളുണ്ട്. സാധാരണ സന്ദേശകാവ്യങ്ങൾ സന്ദേശഹരന്റെ/ സന്ദേശവാഹകന്റെ നാമമാണ് സ്വീകരിക്കാറ്. ഇവിടെ നായികയുടെ പേരാണ് സ്വീകരിച്ചിട്ടുള്ളത്. അതൊരു മാറ്റമാണ്. മറ്റൊന്ന്, സന്ദേശഹരനായി മനുഷ്യൻ വരുന്നത് ഉണ്ണുനീലിസന്ദേശത്തിലാണ്. ഇതൊക്കെ മുൻനിർത്തി മലയാളത്തിലെ പ്രശസ്ത നിരൂപകനായ കുട്ടികൃഷ്ണമാരാര് മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി'യെന്ന് വിശദീകരിച്ചിട്ടുണ്ട്. പക്ഷേ, ഉജ്ജ്വലമായ ഭാവനയാലും വർണ്ണനയാലും ഭാഷയ്ക്കും സാഹിത്യത്തിനും ഈ കൃതി മുതല്ക്കൂട്ടാണ്. തകർപ്പൻ സർറിയലിസ്റ്റ് ഭാവന പോലും ഈ കൃതിയിലുണ്ടെന്ന് എൻ.കൃഷ്ണപിള്ള കൈരളിയുടെ കഥയിൽ വിഭാവനം ചെയ്തിട്ടുണ്ട്.


മറ്റുചില സന്ദേശകാവ്യങ്ങൾ

മുമ്പ് സൂചിപ്പിച്ചതു പോലെ സന്ദേശകാവ്യങ്ങളിൽ കാമുകികാമുകന്മാർ വേർപിരിയുന്നത് യാദൃച്ഛിക സംഭവങ്ങളാലാണ്. മേഘദൂതിൽ (കാളിദാസൻ) പ്രണയോന്മാദത്തിൽ യക്ഷന് പറ്റിയ ഉത്തരവാദിത്ത രാഹിത്യമാണ് അയാൾക്ക് ശിക്ഷ വിധിക്കാനുള്ള കാരണമാകുന്നത്. കുബേരൻ വിധിച്ച ശിക്ഷ ഒരു വർഷം രാമഗിരിയിൽ കഴിയണമെന്നതായിരുന്നു. യക്ഷന്റെ

സ്വന്തം സിദ്ധികൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.

ശുകസന്ദേശത്തിൽ (ലക്ഷ്മീദാസൻ) നായകൻ വിധി ബലാൽ രാമേശ്വരത്തെത്തുന്നു. ശുകം മുഖേന തൃക്കണാമതിലകത്തെ രംഗലക്ഷ്മിയെന്ന നായികയ്ക്ക് സന്ദേശമയക്കുന്നു.

കോകിലസന്ദേശത്തിൽ ചേന്ദമംഗലം മാരക്കരയില്ലത്തെ ദേവദാസിയെ നായികയാക്കിയിരിക്കുന്നു. നായകൻ അവളോടൊത്തുറങ്ങവേ വരുണപുരന്ധ്രിമാരുടെ കുസൃതിയാൽ കാഞ്ചീപുരത്തെത്തുന്നു.

മയൂരദൂതത്തിൽ തച്ചപ്പള്ളി ഇട്ടി ഉമ എന്ന നർത്തകി തന്റെ ഭർത്താവും മണക്കുളം രാജാവുമായ ശ്രീകണ്ഠനുമൊത്ത് രമിക്കുന്നത് കണ്ട് ചില ആകാശചാരികൾ പാർവതീപരമേശ്വരരാണെന്ന് തെറ്റിദ്ധരിക്കുന്നു. പിന്നീട് യാഥാർത്ഥ്യം മനസ്സിലാക്കിയപ്പോൾ ശപിക്കുകയും ചെയ്യുന്നു. ശ്രീകണ്ഠൻ തിരുവനന്തപുരത്തെത്തുന്നു.


നർത്തകിയായ മാനവീമേനകയാണ് സുഭഗസന്ദേശത്തിലെ നായിക. നായകൻ തൃശ്ശിവപേരൂർ നിന്ന് കന്യാകുമാരിയിൽ വിട്ടയക്കപ്പെടുന്നു. 

ഭ്രമരസന്ദേശത്തിൽ ഉറങ്ങിക്കിടന്ന നായകനെ യക്ഷി തൂക്കിയെടുത്ത് തിരുവനന്തപുരത്താക്കുന്നു.


ഉണ്ണുനീലിസന്ദേശം - കാലം


കൊച്ചിയിൽ വെള്ളാരപ്പള്ളി എന്ന സ്ഥലത്ത് ലക്ഷ്മീദാസൻ ക്രി.പി. 1325 - 1350 കാലയളവിൽ രചിച്ചതാണ് ശുകസന്ദേശം എന്ന് തെളിഞ്ഞിട്ടുണ്ട്. ഈ കൃതിയിൽ നിന്നും ചില പദാവലികളടക്കം ഉണ്ണുനീലിസന്ദേശം സ്വീകരിച്ചിട്ടുണ്ട്. അതിനാൽ ശുകസന്ദേശത്തിനു ശേഷമാകണം ഉണ്ണുനീലിസന്ദേശത്തിന്റെ രചന. 

14-ാം ശതകത്തിൽ അവസാന പാദത്തിൽ രചിക്കപ്പെട്ട ലീലാതിലകത്തിൽ ഉണ്ണുനീലിസന്ദേശത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ചിട്ടുണ്ട്. അപ്പോൾ ഈ കാലത്തിന്നു മുന്നേയാണെന്നും തീരുമാനിക്കാം.

സന്ദേശഹരനായ ആദിത്യവർമ്മ 1350 - 1375 കാലഘട്ടത്തിൽ തൃപ്പാപ്പൂർ മൂപ്പ് വഹിച്ചിരുന്നു. ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്ന തുലുക്കൻ പടയുടെ ഉപദ്രവം 1335 - 1365 കാലഘട്ടത്തിലാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഈ ഘടകങ്ങളുടെയൊക്കെ അടിസ്ഥാനത്തിൽ ഇളംകുളം കുഞ്ഞൻപിള്ള 1350 നും 1365 നു മിടയ്ക്കാണ് ഈ കൃതിയുടെ കാലമെന്ന് സ്ഥാപിക്കുന്നു.

അതായത് പതിന്നാലാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം.


സഹായഗ്രന്ഥങ്ങൾ:


കൈരളിയുടെ കഥ - എൻ.കൃഷ്ണപ്പിള്ള

സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ - എഡി.കെ.എം. ജോർജ്

(പ്രബന്ധം - സംസ്കൃതമിശ്ര ശാഖ - ഇളംകുളം കുഞ്ഞൻപിള്ള).

ഉണ്ണുനീലിസന്ദേശം - വ്യാഖ്യാ. ശൂരനാട്ട് കുഞ്ഞൻ പിള്ള.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ