ഉണ്ണുനീലി പാഠഭാഗം 36 - 50

 [ കണ്ണൂർ സർവകലാശാലാ 2019 സിലബസ്സ് പരിഷ്‌കരണത്തിൽ നാലാം സെമസ്റ്റർ മലയാളം മെയിൻ വിദ്യാർത്ഥികൾക്ക് പഠിക്കാനായി തീരുമാനിച്ച ഉണ്ണുനീലിസന്ദേശം പൂർവഭാഗത്തിലെ 36-50 വരെയുള്ള ശ്ലോകങ്ങളുടെ വ്യാഖ്യാനം.]


ശ്ലോകം - 36.

[എന്റാൽ കേൾപ്പൂ… അർത്ഥാന്തരാണി ]

നായികയുടെ - ഉണ്ണുനീലി - കടുത്തുരുത്തിയിലെ വീടുവരെയുള്ള മാർഗ്ഗവർണ്ണന ആരംഭിക്കുന്നു. 

പദാർത്ഥം:

നവരം - നിശ്ചയം

വാട്ടം - സന്ദേഹം

ആ കടത്തേത്തലാന്തം - കടത്തേത്തല വരെ.

[നായകൻ സന്ദേശഹരനായ ആദിത്യവർമ്മയ്ക്ക് വഴി പറഞ്ഞു കൊടുക്കുകയാണ്.  

സന്ദേശഹരൻ യാത്ര തിരിക്കേണ്ട ശുഭമുഹൂർത്തം ആഗതമായിരിക്കുന്നു].


സാരം: ഇവിടെ നിന്നും മറ്റേതലയ്ക്കൽ - കടുത്തുരുത്തി - എത്തുന്നതുവരെയുള്ള വഴിയും സുന്ദരീരത്നത്തെ അറിയിക്കാനുള്ള സന്ദേശവും ഞാൻ പറഞ്ഞുതരാം. അത് ഏറ്റവും നന്നായി, ദൃഢമായി അറിയുന്നവർക്കു പോലും കാര്യങ്ങളുടെ നിജസ്ഥിതി ഒന്നുകൂടി കേട്ടാൽ മനസ്സിന്റെ വിവശത അകലും. പിന്നെ മറ്റു ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും.


ശ്ലോകം 37.

[ നാഭീപത്മം നിഖിലഭുവനം …. നമ്മുടെ തമ്പിരാനെ]

ഈ ശ്ലോകം വിഷ്ണുവർണ്ണനയാണ്. 

പദാർത്ഥം:

ഞാറു പെയ്ത - സൃഷ്ടിച്ച

ആത്മയോനി - തനിക്കു താൻകാരണമായവൻ


സാരം: നിഖിലഭുവനത്തെയും (മുഴുവൻ പ്രപഞ്ചത്തെയും) സൃഷ്ടിച്ചവനും തനിക്ക് താൻ കാരണഭൂതനുമായ, അനന്തന്റെ മീതെ ശയിക്കുന്നവനുമായ തമ്പുരാനെ, ഗരുഡൻ കൊടിയടയാളമായിട്ടുള്ളവനെ നിശ്ചയമായും അല്ലയോ ആദിത്യവർമേ ആദ്യം നീ വണങ്ങണം. നാലു വേദത്തിന്റെയും പരമ പൊരുളാണ് നമ്മുടെ തമ്പുരാൻ. '


ശ്ലോകം 38

[വേലപ്പെണ്ണിൻ മുലയിൽ … വെൽ വുതാക]

വേലപ്പെണ്ണ് - സമുദ്രത്തിന്റെ മകൾ - ലക്ഷ്മി

അലിയുന്ന - വഴിയുന്ന

ചന്ദനാമോദം - ചന്ദനത്തിന്റെ സൗരഭ്യം

ചീറ്റം - കോപം

കോലക്കണ്ണ് - മനോഹരമായ കണ്ണ്

(വിഷ്ണുവിന്റെ നെഞ്ചിൽ ലക്ഷ്മിയുടെ മാറിൽ നിന്നും പറ്റിയ ചന്ദനം കണ്ട് വിഷ്ണുവിന്റെ മറ്റൊരു ഭാര്യയായ, ഭൂമിദേവി കോപിഷ്ഠയായി. തന്റെ കറുത്തു സുന്ദരമായ കണ്ണുകളാലുള്ള തീക്ഷ്ണമായ നോട്ടം ഭഗവാന്റെ നെഞ്ചിലെ അരുണരത്നമായ കൗസ്തുഭത്തെ നീലനിറത്തിലാക്കിയെന്ന് കവി ഭാവന.)


സാരം: മഹാലക്ഷ്മിയുടെ മുലയിൽ സ്ഥിതിചെയ്യുന്ന ചന്ദനത്തിന്റെ സൗരഭ്യത്താൽ മനോഹരമായ അങ്ങയുടെ നെഞ്ചിൽ സപത്നിയായ ഭൂമീദേവിയുടെ കോപം വളർന്ന് വെന്തുരുകുന്ന കറുത്ത് മനോഹരമായ കൺമുനയിൽ നിന്നുള്ള നോട്ടം കനത്തിൽ ഉള്ളിലേക്ക് തറച്ചു കയറിയപ്പോൾ വിഷ്ണുവിന്റെ നെഞ്ചിൽ സ്ഥിതി ചെയ്യുന്ന അരുണ നിറത്തിലുള്ള കൗസ്തുഭം നീലക്കല്ലായിത്തീർന്നു. ഭൂമീദേവിയുടെ കൺകോണിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ.


ശ്ലോകം 39

ക്ഷീരാംഭോധൗ - പാലാഴിയിൽ

ഭുജഗം - സർപ്പം

താരാർമാത് - മഹാലക്ഷ്മി

കുറവറപ്പോക്കുവാൻ - കുറവില്ലാത്ത വണ്ണം പരിഹരിക്കാൻ

പള്ളികൊള്ളുന്ന - കിടക്കുന്ന

കാരുണ്യാബ്ധേ - കരുണാസമുദ്രമേ

പദയുഗം - രണ്ടു പാദങ്ങളും

തുയിർ - അഴൽ


സാരം: പാലാഴിയിൽ, സർപ്പശ്രേഷ്ഠനായ അനന്തനുമീതേ, ലക്ഷ്മീദേവിയുടെ കുളുർമുലകൾ വർദ്ധിച്ച പ്രേമത്തോടെ പുണർന്നുകൊണ്ട്, ഏഴു ലോകങ്ങളുടെയും ദു:ഖം പൂർണ്ണമായും പരിഹരിക്കാനായി പള്ളി കൊള്ളുന്ന 

കാരുണ്യസമുദ്രമായ പത്മനാഭാ, അങ്ങയുടെ തൃപ്പാദങ്ങൾ ഇതാ ഞാൻ വന്ദിക്കുന്നു.


ശ്ലോകം 40

[ഈ ശ്ലോകത്തിൽ ദശാവതാരകഥകളെ സ്മരിക്കുന്നു. ദശാവതാരങ്ങൾ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ശില്‌പങ്ങളാകുന്നു.]

കമഠം - ആമ

വപുസ്സ് - ശരീരം

പന്റി - പന്നി

നാകാധീശം - സ്വർഗ്ഗാധിപൻ

നരഹരിരുചാ-നരസിംഹരൂപം കൈക്കൊണ്ട്

ഭൂഭൃത്തുക്കൾ - രാജാക്കന്മാർ 

വെന്റാ- നീ ജയിച്ചു

പോറ്റിനാ - നീ രക്ഷിച്ചു

നരഹരി - നരസിംഹം

മാണി - ബ്രഹ്‌മചാരി / ബ്രാഹ്‌മണബാലൻ


സാരം: മീനായി വേദങ്ങളെയും കൂർമ്മമായി മന്ദരപർവതത്തെയും വരാഹമായി ഭൂമിയെയും നരസിംഹമായും വാമനനായും ദേവേന്ദ്രനെയും രക്ഷിച്ചു. രാമനായും കൃഷ്ണനായും രാജാക്കന്മാരെയും രാക്ഷസരെയും സുരരിപു (അസുരന്മാർ ) ക്കളെയും ജയിച്ചു. ഈ ലോകത്തെ കല്ക്കിയാലും നീ ജയിച്ചു. അങ്ങനെയുള്ള നിനക്ക് നമസ്കാരം.


ഹയഗ്രീവനെന്ന അസുരനിൽ നിന്നും വേദങ്ങളെ വീണ്ടെടുക്കാനാണ് വിഷ്ണു മത്സ്യമായി അവതരിച്ചത്.


പാലാഴിമഥനത്തിൽ ആണ്ടുപോയ മന്ദരത്തെ ഉയർത്താൻ ആമയായി.


ഭൂമിയെ ഹിരണ്യാക്ഷനിൽ നിന്നും വീണ്ടെടുക്കാൻ വരാഹമായി.


ഹിരണ്യകശിപുവിനെ നിഗ്രഹിക്കാൻ നരസിംഹാവതാരം.


മഹാബലിക്കെതിരെ വാമനാവതാരം.


ക്ഷത്രിയരുടെ അധർമ്മം തടയാൻ പരശുരാമൻ


രാവണാദികളെ നിഗ്രഹിക്കുന്നതിന്ന് ശ്രീരാമൻ


അസുരന്മാരെ നിഗ്രഹിക്കാൻ കൃഷ്ണൻ, ബലരാമൻ


ദുഷ്ടരെ കലിയുഗാവസാനം നിഗ്രഹിക്കാൻ കല്ക്കി.


ശ്ലോകം 41

[വിഷ്ണുവർണ്ണന. ]

നീലസ്നിഗ്ദ്ധം - നീലവും സ്നിഗ്ദ്ധവുമായ, നീലനിറത്തിലുള്ളതും നനുനനുത്തതുമായ.

മിക്ക - മികച്ച

മേല്ക്കട്ടി - മീതെയുള്ള ആവരണം

പാലാർവെള്ളത്തിര- പാലാഴിത്തിര

ഭോഗീന്ദ്രഭോഗേ - സർപ്പരാജാവായ അനന്തന്റെ പത്തിയിൽ

ഭോഗീന്ദ്രൻ - അനന്തൻ

ഭോഗം - പാമ്പിന്റെ പത്തി, സുഖാനുഭവം, സന്തോഷം

മാറിൽത്തങ്ങുന്ന - മാറിടത്തിൽ പ്രകാശിക്കുന്ന

മഹാദീപിക - മഹത്തായ വിളക്ക്

പൂൺപ് - ആഭരണം

പൂവിൽമാത്- മഹാലക്ഷ്മി

ഭാഗ്യസീമൻ - ഭാഗ്യസ്വരൂപനായ


സാരം : നീലവും പ്രകാശമാനവുമായ ആകാശമാകുന്ന മേൽക്കട്ടിയുടെ കീഴിൽ, പാലാഴിത്തിരകൾക്കു സമാനമായ(വെളുപ്പ്) അനന്തന്റെ ശരീരത്തിൽ കൗസ്തുഭമാകുന്ന മഹാവിളക്കിന്റെ പ്രകാശത്തിൽ, ലക്ഷ്മീദേവിയുടെ പ്രിയപ്പെട്ട ആഭരണമായി തെളിഞ്ഞുശോഭിക്കുന്ന ഭാഗ്യവാനേ, താങ്കൾക്കു വന്ദനം.


നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങളുടെ സമ്മേളനവും വിരഹാതുരനായ കാമുകന് അസൂയയുളവാക്കുന്ന സാഹചര്യവും രസകരമായി കവി വർണ്ണിച്ചിരിക്കുന്നു. 


ശ്ലോകം 42

[ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നരസിംഹമൂർത്തി പ്രതിഷ്ഠയെ വർണ്ണിക്കുന്നു]

വജ്രക്രൂരൈർ - വജ്രായുധം പോലെ ക്രൂരങ്ങളായ, തീവ്രമായ, കടുപ്പമുള്ള

നഖരം - നഖങ്ങൾ

നികരം - കൂട്ടം

കുടർ - കുടൽമാല

ശിഖ - അഗ്രം, കിരീടം

ദാരിത - പിളർക്കപ്പെട്ട

ത്രാണം ചെയ്യുക - രക്ഷിക്കുക

ചരണാംഭോരുഹം -പാദങ്ങളാകുന്ന താമരപ്പൂക്കൾ

ചരണം - പാദം

അംഭോരുഹം - അംഭസ്സിൽ ഉണ്ടായത്

അംഭസ്സ് - ജലം


സാരം : വജ്രായുധം പോലെ തീക്ഷ്ണതയാർന്ന നഖങ്ങളുടെ അഗ്രത്താൽ പിളർക്കപ്പെട്ട ഹിരണ്യകശിപുവെന്ന അസുരവീരന്റെ കുടൽമാലയണിയുന്ന നരസിംഹമൂർത്തിയെ, ഭക്‌തരെ രക്ഷിക്കുന്നതിനു സമർത്ഥമായ പാദപത്മങ്ങളോടു കൂടിയ തെക്കിനിയിലെ ഭഗവാനായ നരസിംഹത്തെ, ശേഷം വണങ്ങിയാലും!


ശ്ലോകം 43

[വേദവ്യാസരെ തൊഴാനായി നിർദ്ദേശിക്കുന്നു. വേദവ്യാസരും ഈ ക്ഷേത്രത്തിലെ ഒരു പ്രതിഷ്ഠയാകുന്നു.]

 പ്രഗുണിതം - പ്രവർദ്ധിതം

ആഗമം - വേദം

കേദാരം - ഇരിപ്പിടം

തരസാ - പെട്ടെന്ന്

വീണു തൊഴുക - സാഷ്ടാംഗം പ്രണമിക്കുക

വേദാൻ - വേദങ്ങളെ നാലാക്കിയ മുനിവരൻ

വേദവേദാന്തബീജം - വേദങ്ങൾക്കും വേദാന്തങ്ങൾക്കും കാരണമായ

തം സർവാംഗനാഥം - ആ സർവാംഗനാഥനെ

(തല, നെറ്റി, മൂക്ക്, മാറിടം,രണ്ടുകൈ, രണ്ടു കാൽ - ഇവ ഒന്നിച്ചു ചേർത്തുള്ള തൊഴലാണ് സാഷ്ടാംഗ പ്രണാമം)


സാരം : ഭേദമുള്ളത്, ഭേദമില്ലാത്തത് എന്ന മട്ടിൽ പ്രഗുണിതമായതും പുരാണങ്ങൾ, ഇതിഹാസങ്ങൾ, വേദങ്ങൾ എന്നിവയുടെ വിളനിലവും എന്നും അടിവണങ്ങുന്നവർക്ക് ചിന്താമണിയും വേദം നാലാക്കി പകുത്തവനും വേദവേദാന്തങ്ങൾക്കൊക്കെ കാരണഭൂതനുമായ വേദവ്യാസരുടെ പാദപത്മങ്ങളിൽ നമസ്കരിക്കുക.


ശ്ലോകം 44

വിഷ്വക്സേനൻ - വിഷ്ണുവിന്റെ നിർമ്മാല്യ മൂർത്തിയെന്ന് സങ്കല്‌പം

അഥ- അനന്തരം

ദീപശാലാന്തരാളം- ദീപശാലയ്ക്കുള്ളിൽ

ഉദഞ്ചൽ - ഉജ്ജ്വലമായ

പ്രഥമം - ആദ്യം

കനകവളഭി - സ്വർണ്ണമേൽക്കൂര

മണ്ഡിതം - അലങ്കരിക്കപ്പെട്ട

അന്തേ - അടുത്തു ചെന്ന്


സാരം: അതിനു ശേഷം താങ്കൾ വിഷ്വക്സേനനെയും ദീപശാലയ്ക്കുള്ളിൽ ശ്രീരാമനെയും ലക്ഷ്മണനെയും ഹനുമാനെയും അടുത്തു ചെന്നു വണങ്ങുക. രത്നങ്ങൾക്കു തുല്യം ശോഭിച്ചു നില്ക്കുന്ന പൊൻമേൽക്കൂരയാൽ അലങ്കൃതമായ മണ്ഡപത്തിൽ ചെന്ന് അത്യന്ത സന്തുഷ്ടനായി വിനതാനന്ദനനെയും (ഗരുഡൻ) കൃഷ്ണനേയും വണങ്ങുക.


ശ്ലോകം 45

[കൃഷ്ണനും അയ്യപ്പനെയും തൊഴാൻ നിർദ്ദേശിക്കുന്നു. രണ്ടു ദേവന്മാരുടെയും പ്രതിഷ്ഠകൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലുണ്ട്.]

ഊയൽ - ഊഞ്ഞാൽ

ചൂഡ - കുടുമ്മ- തലമുടി - കിരീടം - അഗ്രം.


സാരം : ഊയൽപ്പൂമെത്തയിൽ മരുവുന്ന ഉണ്ണിക്കണ്ണനെ താലോലിച്ചും തഴുകിയും സ്വയം മറന്നു നില്ക്കാതെ മനോഹരമായ ചന്ദ്രബിംബത്തെ തൊടത്തക്കവിധം ഉയരമാർന്നു നില്ക്കുന്ന വാതിൽമാടത്തിൽക്കൂടി പുറത്തേക്കു വന്നിട്ട് വീര്യം സ്വന്ത രൂപത്തിലിരിക്കുന്നതു പോലെയുള്ള അയ്യപ്പനെ സന്തോഷത്തോടെ വലത്തുവെച്ചു വണങ്ങിയാലും.


ശ്ലോകം 46

[ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠയായ തിരുവമ്പാടി കൃഷ്ണനെ സ്തുതിക്കുന്നു ]

മന്റിൽ - മന്നിൽ

ചെൽവം - ഐശ്വര്യം

പെരിയ - വർദ്ധിച്ച

കൂടിയാടി - വസിച്ച്

കന്റ് - കന്ന്

കുന്റ് - കുന്ന്

അട മഴ - അടച്ചു പിടിച്ചു പെയ്യുന്ന മഴ

ആച്ചിമാർ - ഗോപസ്ത്രീകൾ

ചെന്റ് - ചെന്ന്

പരുകി - കുടിച്ച്


സാരം: ഭൂമിയിൽ ഐശ്വര്യമേറിയ അമ്പാടിയിൽ വസിച്ച് നർത്തനം ചെയ്ത്, പശുക്കളോട് കൂടിച്ചേർന്ന്, സന്തോഷത്തോടെ ഉല്ലസിക്കുന്നവനും കുന്നിനാൽ വലിയ മഴ തടുത്തവനും ഗോപസ്ത്രീകളുടെ വീടുതോറും നടന്ന് പാൽ നെയ്യ് മുതലായവ കുടിച്ച് കഴിയുന്നവനുമായ കണ്ണനാകുന്ന എന്റെ മൂർത്തിയെ കൈവണങ്ങണം.


ശ്ലോകം 47

[വളരെ പ്രസിദ്ധമായ ശ്ലോകം. വളരെ മനോഹരമായ കൃഷ്ണന്റെ ചിത്രം.]

പൊടിച്ചാർത്ത് - പൊടിപടലം

ആത്തശോഭം - വർദ്ധിച്ച ശോഭയോടെ.

പീലിക്കണ്ണ് - മയിൽപ്പീലിക്കണ്ണ്

കലിതം - കെട്ടപ്പെട്ട

ചികുരം - മുടിക്കെട്ട്

ഇയലും - ചേരും

പീതം - മഞ്ഞ

കൗശേയ വീതം - പട്ടു ധരിച്ചതും

കോല് - കമ്പ്

കോലക്കുഴൽ - ഓടക്കുഴൽ

ഇയലുക - ചേർന്ന, ഉള്ളത്

കോയിൽ കൊള്ളുക - കുടികൊള്ളുക.


സാരം : കാലികളുടെ കാലിൽ നിന്നുമുയരുന്ന പൊടിപടലത്താൽ ശോഭയാർന്നതും മയിൽപ്പീലി കണ്ണിനാൽ അലങ്കൃതവും കെട്ടപ്പെട്ടതുമായ മുടിയോടു കൂടിയവനും മഞ്ഞപ്പട്ടു ധരിച്ചവനും കാലികളെ മേയ്ക്കാനുള്ള കോലേന്തിയവനും മനോഹരമായ ഓടക്കുഴൽ കൈകളിൽ വഹിച്ചിട്ടുള്ളവനുമായ ബാലഗോപാലന്റെ ലീലാവിലാസങ്ങളോടുകൂടിയ നീല സ്വരൂപം ഞങ്ങളുടെ ഉള്ളിൽ കുടികൊള്ളട്ടെ.


ശ്ലോകം 48

[പത്മനാഭസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രപാലനെ വർണ്ണിക്കുന്നു. ]

ഇന്നും - ഇനിയും

സാരം: ഇപ്രകാരം തൊഴുത്, യാത്രാനുമതി മേടിച്ച ശേഷം എനിക്കും നിനക്കും നന്നായി നന്മയ്ക്കു വേണ്ടി ഇനിയും ഒന്നു വലം വെച്ചു കൊണ്ട്, നേരെ ചെന്ന് ക്ഷേത്രപാലനെ വണങ്ങുക.


ശ്ലോകം 49

ഉപകണ്ഠം -സമീപം

പുനരപി - വീണ്ടും

ചെമ്പൊൽക്കുന്നിന്റെ- സ്വർണ്ണപർവതത്തിന്റെ (മേരു പർവതം)

പെരുമ കവരുന്ന - പ്രശസ്തിയെ അപഹരിക്കുന്ന

പ്രാർത്ഥയൻ - ചോദിക്കുന്നവൻ


സാരം: നീ വലിയ ബലിക്കല്ലിന്റെ സമീപം ചെന്ന്, വൈകുണ്ഠനായ വിഷ്ണുവിനെ വീണ്ടും വണങ്ങി ഇഷ്ടകാര്യങ്ങൾ സാധിക്കാനായി പ്രാർത്ഥിക്കുക. സമ്പദ് പ്രാപ്തിക്കായ്, പൊന്നിറം പൂണ്ട മേരു പർവതത്തിന്റെ വലിപ്പത്തെ അതിശയിക്കുന്ന മറ്റേ (പടിഞ്ഞാറേ ) ഗോപുരം വഴി വേഗത്തിൽ വെളിയിൽ ഇറങ്ങി എഴുന്നള്ളുക.


ശ്ലോകം 50

മുൽപ്പാട് - മുമ്പിൽ

അണയ വഴിമേൽ - അടുത്തുള്ള വഴിയിൽ

വാമം -ഇടത്ത്

ദക്ഷിണം - വലത്ത്

അഭ്യേതി - അടുക്കുന്നത്

തേ കാണലാം - അങ്ങേയ്ക്ക് കാണാം

വയാൻ - കുയിൽ

വലംപാട് - വിജയഗാനം

അപ്പാൽ മുല്പാട് - ആ സ്ഥലത്തിനു മുമ്പിലായ്

നിജ സഹചരീം - ഇണയായ പെൺപക്ഷിയെ


സാരം: ഗോപുരം വിട്ടിറങ്ങുന്ന സന്ദർഭത്തിൽ വഴിയിൽ വലത്തുഭാഗത്ത് ശബ്ദിക്കുന്ന പ്രിയയെ ആൺപക്ഷിയായ ഉപ്പൻ ഇടതുവശത്തു നിന്നു സമീപിക്കുന്നതു കാണാം.തൃപ്പാപ്പൂർ മൂപ്പ് വാഴുന്ന വീരാ, മുമ്പിൽത്തന്നെ അല്പം ദൂരെ മംഗളമാശംസിച്ച് മധുരമായി വിജയഗാനം പാടുന്ന കുയിലിനെയും കാണാം.


ഹൃദയഹാരികളായ വർണ്ണനകളാൽ സമ്പന്നമായ ഉണ്ണുനീലിസന്ദേശം 237 ശ്ലോകങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. രചന നിർവഹിച്ചത് ആരെന്നു വ്യക്തമല്ലെങ്കിലും ഭാവനാ സമ്പന്നനും ഉത്കൃഷ്ട ഹൃദയനുമാണ് കവിയെന്ന് വർണ്ണനയും പ്രതിപാദ്യവും സ്പഷ്ടമാക്കുന്നു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ