കർണ്ണനും പരശുരാമനും
കർണ്ണനും പരശുരാമനും
കുന്തീപുത്രനായ കർണ്ണൻ ദാനദയാദികളാൽ വളരെ പ്രശസ്തനാണ്. കവച കുണ്ഡലങ്ങളോടെ പിറന്ന കർണ്ണനെ കുമാരിയായിരുന്ന കുന്തി പേടകത്തിലടച്ച് പുഴയിലൊഴുക്കുകയായിരുന്നു. ഒഴുകി വരുന്ന ആ പേടകം അതിരഥനും രാധയ്ക്കും കിട്ടുകയും തേജസ്വിയായ കുട്ടിയെ സന്തോഷപൂർവം വളർത്തുകയും ചെയ്തു. അർജ്ജുനനെ വെല്ലാൻ പോന്ന വിധം ആയുധപ്രയോഗത്തിൽ സമർത്ഥനായ കർണ്ണൻ ദിവ്യാസ്ത്രങ്ങൾ നേടാൻ ആഗ്രഹിച്ചു.
ബ്രഹ്മാസ്ത്രം അഭ്യസിക്കാനാണ് കർണ്ണൻ പരശുരാമനെ സമീപിച്ചത്. ഭൃഗുവംശത്തിൽപ്പെട്ട ബ്രാഹ്മണനാണ് താനെന്ന് കർണ്ണൻ കള്ളം പറഞ്ഞു. പരശുരാമൻ കർണ്ണനെ ശിഷ്യനായി സ്വീകരിച്ചു. പരശുരാമൻ്റെ കൂടെ മഹേന്ദ്ര പർവതത്തിൽ വസിക്കുമ്പോൾ കർണ്ണന് ദേവന്മാർ, ഗന്ധർവന്മാർ, അസുരന്മാർ മുതലായവരോട് സമ്പർക്കമുണ്ടായി. അവർക്ക് കർണ്ണൻ പ്രിയങ്കരനായി.
ഒരിക്കൽ ആശ്രമ സവിധത്തിൽ വെച്ച് ഒരു ബ്രാഹ്മണൻ്റെ ഹോമധേനു (പശു)വിനെ അമ്പെയ്തു കൊന്നു. ക്ഷമാപണം നടത്തിയെങ്കിലും കോപിച്ച ബ്രാഹ്മണൻ, ഈ ദുഷ്കർമ്മത്തിൻ്റെ ഫലം അനുഭവിക്കുമെന്ന് പറഞ്ഞു. ശത്രുവിനോട് ഏറ്റുമുട്ടുമ്പോൾ നിൻ്റെ രഥചക്രം ഭൂമിയിൽ പൂണ്ടു പോകും.
കർണ്ണൻ അപേക്ഷിച്ചെങ്കിലും ബ്രാഹ്മണൻ ശപഥം പിൻവലിച്ചില്ല.
കർണ്ണൻ്റെ ബാഹു വീര്യം, സ്നേഹം, നിയന്ത്രണം മുതലായ ഗുണങ്ങളിലും ഗുരുശുശ്രൂഷയിലും പരശുരാമൻ പ്രീതനായി. ബ്രഹ്മാസ്ത്രം ഉപദേശിച്ചു. കർണ്ണൻ അസ്ത്രം പഠിച്ചു. ധനുർവേദത്തിൽ യത്നം ചെയ്ത് ഗുരുകുലത്തിൽ കഴിഞ്ഞു.
ഒരു ദിനം രാമൻ ഉപവാസത്താൽ ക്ഷീണിച്ച് കർണ്ണൻ്റെ മടിയിൽ തലവെച്ച് ഉറങ്ങുവാൻ കിടന്നു. അപ്പോൾ കഫം, കൊഴുപ്പ്, മാംസം, രക്തം എന്നിവ ഭുജിക്കുന്ന ഒരു ഭയങ്കര കീടം കർണ്ണൻ്റെ തുടയിൽ രക്തം കുടിക്കാനായി കടിച്ചു. കർണ്ണൻ അവൻ്റെ കടി സഹിച്ചു. കീടത്തെ തട്ടിക്കളഞ്ഞില്ല. ഗുരുവിൻ്റെ ഉറക്കത്തിന് തടസ്സം വന്നാലോ എന്ന് അവൻ ഭയപ്പെട്ടു. അസഹ്യമായ വേദന കടിച്ചു പിടിച്ച് ഇളകാതെ കർണ്ണൻ ഇരുന്നു.
കർണ്ണൻ്റെ തുടയിൽ കടിച്ചത് അളർക്കൻ എന്നു പേരുള്ള കീടമായിരുന്നു. പണ്ടിവൻ ദംശൻ എന്നു പേരുള്ള മഹാസുരനായിരുന്നു. ഭൃഗുമഹർഷിയുടെ ഭാര്യയോട് അന്യായം പ്രവർത്തിച്ചതിനാൽ ഭൃഗു ശപിച്ചു. മൂത്രകഫാദികൾ ഭക്ഷിച്ച് പാപത്തിൽ പതിക്കുമെന്ന് ഋഷി കോപിച്ചു പറഞ്ഞു. ശാപമേറ്റ് ദംശൻ ഒരു കൃമിയായി നിലം പതിച്ചു. പരശുരാമനിൽ നിന്നും ശാപമോക്ഷമുണ്ടാകുമെന്ന് പറയുകയും ചെയ്തു.
ഗുരുവിൻ്റെ ഉടലിൽ ചോര തട്ടി. ഗുരു ഉണർന്നു. രക്തം ശരീരത്തിലായി അശുദ്ധി വന്നല്ലോ. എന്താണ് സംഭവിച്ചതെന്ന് പറയൂ. കർണ്ണൻ കീടം കടിച്ച കഥ പറഞ്ഞു. എട്ടുകാലുകളും കൂർത്ത ദംഷ്ട്രകളും മെയ്യിൽ നിറയെ രോമങ്ങളും ഉണ്ടായിരുന്നു. അളർക്കൻ എന്ന അവൻ പരശുരാമനോട് തൻ്റെ കഥ പറഞ്ഞു. ശാപമോക്ഷം നേടി അസുരൻ പോയി.
ഉടനെ പരശുരാമൻ കർണ്ണനു നേരെ തിരിഞ്ഞു. ക്രോധത്തോടെ കർണ്ണനെ നോക്കിപ്പറഞ്ഞു: ഹേ, മൂഢാ, ഇത്രയും കടുത്ത വേദന ഒരു ബ്രാഹ്മണന് താങ്ങാനാകില്ല. നിൻ്റെ വീര്യം കാണുമ്പോൾ ഒരു ക്ഷത്രിയനാണെന്ന് തോന്നുന്നു. നേരു പറയൂ '
ശാപം പേടിച്ച് ഗുരുവിന് മുന്നിൽ കർണ്ണൻ കുമ്പിട്ടു. ഞാൻ ബ്രാഹ്മണനും ക്ഷത്രിയനുമല്ല. ഞാൻ ഒരു സൂതനാണ്. രാധേയനായ കർണ്ണൻ എന്നാണ് അറിയപ്പെടുന്നത്. എന്നിൽ പ്രസാദിക്കണം. അപരാധം പൊറുക്കണം...... "
കൈകൂപ്പി മണ്ണിൽ കിടന്ന കർണ്ണനെ നോക്കി പരശുരാമൻ പറഞ്ഞു: നീ എന്നെ അസ്ത്രവിദ്യ പഠിക്കണമെന്ന മോഹത്താൽ കബളിപ്പിച്ച് മിഥ്യാശുശ്രൂഷ ചെയ്കയാൽ ,നീ നിൻ്റെ കിടയൊത്തവനുമായി പോരാടുമ്പോൾ, മരണം അടുക്കുമ്പോൾ ഈ ബ്രഹ്മാസ്ത്ര പ്രയോഗം നിനക്ക് ഓർമ്മയിൽ വരാതെ പോകും.. നുണ പറഞ്ഞ നിനക്ക് ഇനി ഇവിടെ സ്ഥാനമില്ല.''
മുറപ്രകാരം വേണ്ടതൊക്കെ ചെയത് കർണ്ണൻ ദുര്യോധനൻ്റെ സമീപത്തേക്ക് തിരിച്ചു പോയി. കുരുക്ഷേത്രയുദ്ധത്തിൽ മേല്പറഞ്ഞ ശാപങ്ങളൊക്കെ കർണ്ണന് പ്രതിസന്ധിയുണ്ടാക്കുകയും അർജ്ജുനാസ്ത്രമേറ്റ് മരിക്കുകയും ചെയ്തു.
അന്ത്യശ്വാസം വരെയും ദുര്യോധനൻ്റെ പ്രിയമിത്രമായി കർണ്ണൻ കൂടെയുണ്ടായിരുന്നു. വിശ്വസ്തതയ്ക്കും മൈത്രിക്കും പുരാണത്തിൽ നിന്നും കണ്ടെടുക്കാവുന്ന മികച്ച കഥാപാത്രമാണ് കർണ്ണൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ