തരിശുനിലം - മാധവിക്കുട്ടി

 തരിശുനിലം

പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റും ജീവിതപ്രണയിനിയുമാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട മാധവിക്കുട്ടി. ആർദ്രമായ സ്നേഹത്തിൻ്റെയും ഊഷ്മളമായ സൗഹാർദ്ദത്തിൻ്റെയും അനുരണനം മാധവിക്കുട്ടിയുടെ കഥകളിൽ കാണാം. ജീവിതം പുഷ്പിക്കുന്നത് പരസ്പരവിശ്വാസത്താലും സ്നേഹത്താലുമാണ്. സ്ത്രീകളുടെ നൊമ്പരങ്ങൾ കഥകളിൽ ആവിഷ്കരിച്ചപ്പോഴും നായകരായ പുരുഷന്മാരെ വെറുക്കുന്ന സമീപനം അവരുടെ കഥകളിൽ കാണാനാകില്ല. മഹിതമായ സ്നേഹത്തെയാണ് അവർ പ്രത്യക്ഷമാക്കിയത്. സ്ത്രീകളുടെ ശക്തിയിലും സ്നേഹിക്കാനുള്ള സിദ്ധിയിലും അവർ വിശ്വസിച്ചു. അബലയല്ല സ്ത്രീ എന്ന് പ്രഖ്യാപിച്ചു. സ്ത്രീ അബലയാകുന്നത് സ്നേഹത്തിനു മുന്നിൽ മാത്രമാണ്. പുരുഷന്മാരുടെ ദൗർബല്യത്തെ നിരങ്കുശം മാധവിക്കുട്ടി തുറന്നുകാട്ടി.

ഇപ്രകാരം, സ്ത്രീയുടെ തീവ്രസ്നേഹത്തിൻ്റെ ശക്തിയും തൻ്റേടം നഷ്ടമായ പുരുഷൻ്റെ ബലഹീനതയും അനാവരണം ചെയ്യുന്ന കഥയാണ് തരിശുനിലം.


തരിശ് എന്ന വാക്കിന് 'പാഴായ', 'ഒന്നും വിളയാത്ത' എന്നിങ്ങനെയുള്ള അർത്ഥം ശബ്ദതാരാവലിയിൽ നിന്നും ലഭിക്കും. പാഴായ, ഒന്നും വിളയാത്ത നിലം. Waste Land എന്ന് ആംഗലേയം. അപ്പോൾ 'തരിശുനിലം' എന്ന ശീർഷകം ഈ കഥയിൽ എപ്രകാരമാണ് പ്രസക്തമാകുന്നത് എന്ന് നോക്കാം. ഇവിടെ വിവാഹിതയായ ഒരു സ്ത്രീയും വിവാഹിതൻ തന്നെയായ പുരുഷനും കണ്ടുമുട്ടുകയാണ്; ഏറെക്കാലത്തിനു ശേഷം. അവൾ/അയാൾ എന്നിങ്ങനെ പേരുപറയാതെ പ്രഥമപുരുഷ സർവനാമം ഉപയോഗിച്ചുകൊണ്ടാണ് കഥ ആഖ്യാനം ചെയ്തിട്ടുള്ളത്.


രണ്ടു പേരും പരസ്പരം പ്രണയിച്ചവരാണ്. കുറേക്കാലം മുന്നേ. അതിൻ്റെ ഓർമ്മ പുതുക്കാനും തൻ്റെ ചില മോഹങ്ങൾ തുറന്നുപറയാനുമാണ് അവൾ അയാളെ അവിടേക്ക് (കടലോരത്തുള്ള മൈതാനത്തിലേക്ക്) ക്ഷണിച്ചത്. എട്ടുവർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച. സ്നേഹിക്കുന്നവരുടെ നാട്യത്തിലല്ല, സ്നേഹിച്ചിരുന്നവരുടെ നാട്യത്തിലാണ് ആ കൂടിക്കാഴ്ച അരങ്ങേറിയത്. അയാളെ കാണാനും സമീപത്തിരിക്കാനും അയാളോട് വർത്തമാനം പറയാനും അവൾ ആഗ്രഹിച്ചു. കാരണം, ഒരു കാലത്ത് അവൾ അയാളെ തീവ്രമായി സ്നേഹിച്ചിരുന്നു.(ഇപ്പോഴും ആ പ്രണയം അവളിൽ കത്തിജ്വലിക്കുന്നു).


നിരവധി പാരതന്ത്ര്യങ്ങളുടെ, സ്വാതന്ത്ര്യമില്ലായ്മകളുടെ തടവറയിലായിരുന്നു അവൾ. മറ്റുള്ളവരിൽ നിന്നും അവളെ അകറ്റി നിർത്തിയിരുന്നതിൽ പ്രധാന ഘടകങ്ങളായത് അവളുടെ സൗന്ദര്യവും ധനസ്ഥിതിയും മന:സ്ഥിതിയും ഒക്കെയായിരുന്നു. ഇവ അവളുടെ കണ്ണിൽ വെറും ശാപങ്ങളായിരുന്നു.

അവളെ മനസ്സിലാക്കാൻ, അറിയാൻ, അവളുടെ മാതാപിതാക്കന്മാർക്കോ കാമുകനോ, ഭർത്താവിനോ കഴിഞ്ഞില്ല. സ്നേഹത്തിൻ്റെ പരിശുദ്ധി അവളെ ബോദ്ധ്യപ്പെടുത്താൻ ഭർത്താവിനായില്ല. അയാൾ രാത്രിയിൽ മാത്രം ഭംഗിവാക്കുകൾ പറഞ്ഞടുക്കുകയായിരുന്നു.

അച്ഛനും അമ്മയും സ്നേഹം പകരാൻ മറന്നു. അവളുടെ ആഗ്രഹങ്ങൾ ചോദിക്കാൻ മറന്നു. അവളെയറിയാൻ മറന്നു. എന്നാൽ അവൾ തൻ്റെ നിഷ്കപടമായ പുഞ്ചിരിയിലൂടെ ലോകത്തിന് കൂടുതൽ ഭംഗി പകർന്നു. 'അകത്ത് നട്ടുവളർത്തിയ ഒരു ചെടി പോലെ അവളുടെ ഉള്ളിൽ വളർന്നു നിന്ന ഏകാന്തത പൂവിട്ടു, കായ്ച്ചു' എന്നാണ് കഥാകാരി ഈ സാഹചര്യം വിവരിക്കുന്നത്. ആകെക്കൂടി അവൾക്ക് പ്രതീക്ഷയുള്ള 

കാമുകനാകട്ടെ, എന്തെങ്കിലും കാരണം പറഞ്ഞ് അവളെ പരിഹസിക്കുമായിരുന്നു. അവൾ പൊട്ടിക്കരയുമ്പോൾ അയാൾ സങ്കടപ്പെട്ട് അവളുടെ കാല്ക്കൽ വീണ് സ്നേഹപ്രകടനം നടത്തും. ഭർത്താവ് അവളെ അയാളുടെ ആഗ്രഹത്തിനു മാത്രം ഉപയോഗിച്ചു. ഒരർത്ഥത്തിൽ സർവരാലും അവൾ അവഗണിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്തു. കാമുകൻ കൂടുതൽ സുന്ദരമായ ജീവിതം കൊതിച്ച് മറ്റൊരു വിവാഹം ചെയ്തു പോയി. തൻ്റെ ഉള്ളറിയാത്ത ഭർത്താവിനോട് ഒരു മമതയും അവൾക്ക് തോന്നിയില്ല. ഇക്കാരണത്താൽ അവളുടെ ഹൃദയം തരിശുനിലമായി. കഥാകാരി വ്യക്തമാക്കുന്നു: നനവില്ലാത്ത, പശിമയില്ലാത്ത, തീരെ ഫലപുഷ്ടിയില്ലാത്ത ഒരു തരിശുനിലം പോലെ നഗ്നമായി കിടക്കുകയാണ് അവളുടെ ഹൃദയം.


കാമുകൻ എന്നും പലതരം ബന്ധനങ്ങളിലായിരുന്നു. വളരെ ഭയാനകമായിരുന്നു അയാളുടെ നിസ്സഹായത. അവളുടെ സ്നേഹം അഴികളുള്ള കൂടായിട്ടാണ് അയാൾ എന്നും പരിഗണിച്ചത്. ഒരിക്കൽ അയാൾ അവളോട് പറഞ്ഞു: 'നീ എന്നെ സ്നേഹിക്കേണ്ടിയിരുന്നില്ല. എൻ്റെ കാലിന്മേൽ ഒരു ചങ്ങലയുള്ള പോലെ എനിക്കു തോന്നുന്നു.' - ആത്മാർത്ഥതയില്ലാത്തതും കപടവുമാണ് പുരുഷൻ്റെ സ്നേഹം. അത് നൈമിഷികവുമാണ്. ഇപ്പോൾ നടന്ന കൂടിക്കാഴ്ചയിൽ അവൾ 'എന്നെ വെറുത്തു തുടങ്ങിയോ' എന്ന് ചോദിക്കുന്നു. അപ്പോൾ അയാൾ 'എന്തിന്' എന്ന മറുചോദ്യമുയർന്നു. ഈ സന്ദർഭത്തിൽ, 'ഒരിക്കൽ സ്നേഹിച്ചിരുന്നതുകൊണ്ട്' എന്ന് അവൾ മറുപടി പറയുന്നു. അതുകേട്ടപ്പോൾ അല്പം ക്രൂരതയോടെ അയാൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.'നിനക്ക് ഭ്രാന്താണ്. നീ പറയുന്നതിൻ്റെ അർത്ഥം ആർക്കും മനസ്സിലാവില്ല' എന്നായിരുന്നു അയാളുടെ പ്രതികരണം. ലജ്ജയില്ലാതെ അവളെ കുറ്റപ്പെടുത്തുന്നു അയാൾ. ഇതിലും സ്നേഹത്തോടുള്ള അയാളുടെ നിർമമത വ്യക്തമാണ്.


അയാൾ ഒരുപാട് മാറിയിരിക്കുന്നുവെന്ന് അവൾ വ്യക്തമാക്കുന്നുണ്ട്. അവൾ അയാളുമൊത്തുള്ള സുന്ദരമായ ഭൂതകാലസ്മൃതിയിൽ ആവേശിതയാണ്. നിങ്ങൾ എന്തിനാണ് വിവാഹം കഴിച്ചത്? നമുക്ക് അങ്ങനെ തമ്മിൽ സ്നേഹിച്ച് കഴിയാമായിരുന്നില്ലേ എന്നാണ് അവൾ ചോദിക്കുന്നത്. അയാൾ പഴയകാല പ്രണയാനുഭൂതികളെല്ലാം മറന്നിരിക്കുന്നു. അത് അവളെ നൊമ്പരപ്പെടുത്തുന്നു. അതെല്ലാം മറക്കാൻ കഴിഞ്ഞതിനാൽ നിങ്ങൾ ഭാഗ്യവാനാണെന്ന് അവൾ പറയുന്നു. പെട്ടെന്ന് മറക്കാനുള്ള പുരുഷൻ്റെ കഴിവ് അപാരമാണ്. എന്നാൽ അവൾക്കൊന്നും മറക്കാനാകുന്നില്ല. അയാളോടൊത്തുള്ള നിമിഷങ്ങൾ. കാഴ്ചകൾ. അസംബന്ധസല്ലാപങ്ങൾ... ഒന്നും! ദയാമസൃണമല്ലാത്ത അയാളുടെ പെരുമാറ്റം അവൾക്ക് അസഹ്യമായിരുന്നു. അതിനാൽ അവൾ തൻ്റെ ഉദ്ദേശ്യം വെളിപ്പെടുത്തി. ഞാൻ നിങ്ങളെ ചതിക്കാൻ ശ്രമിക്കുകയായിരുന്നു…. എനിക്ക് നമ്മുടേതായ ഒരു കുട്ടിയുണ്ടാവാൻ മോഹമുണ്ടായിരുന്നു. ഇത് കേട്ടപ്പോൾ നിസ്സംഗഭാവത്തിൽ, വിയർപ്പ് തുടച്ച് കുട മടക്കിയെഴുന്നേല്ക്കുകയാണയാൾ ചെയ്തത്. നേരം വളരെ വൈകി. നിൻ്റെ ഭർത്താവ് എന്തു വിചാരിക്കും? എന്നാണയാളുടെ ഭീരുത നിറഞ്ഞ ചോദ്യം.


പിരിയുമ്പോൾ അയാളിൽ നിന്നും ബസ് യാത്രക്കു വേണ്ടി രണ്ടണ ചോദിക്കാൻ അവൾ തയാറായി. അവളത് മേടിച്ച് നടക്കെ, നിസ്സഹായനും ബന്ധങ്ങളുടെ ചങ്ങലയിൽ തളക്കപ്പെട്ടവനുമായ ആ കാമുകൻ വിതുമ്പി. ബസ്റ്റോപ്പിലെത്തി അവൾ ദാഹിക്കുന്ന കണ്ണുകളോടെ തിരിഞ്ഞു നോക്കിയപ്പോൾ അകം പൊള്ളയായ ഇരുട്ട് മാത്രമാണ് കണ്ടത്.


ജീവിതത്തിലെ, വിശേഷിച്ച് സ്ത്രീ പുരുഷ ബന്ധങ്ങളിലെ വൈവിദ്ധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയുമാണ് മാധവിക്കുട്ടി ഇതിൽ അവതരിപ്പിക്കുന്നത്. സ്നേഹ ശൂന്യത നിറഞ്ഞ ലോകത്ത് ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്നു വരുന്നു. ജീവിത കാമനകളൊക്കെയും നിഷേധിക്കപ്പെട്ട ഒരു യുവതിയുടെ മോഹങ്ങളുടെ പരിസമാപ്തിയാണ് തരിശുനിലം എന്ന കഥ. യഥാർത്ഥത്തിൽ, സ്നേഹവും വിശ്വാസവും വറ്റിയ ഇടങ്ങളൊക്കെ തരിശുനിലങ്ങൾ തന്നെ. പുരുഷൻ്റെ കാമത്തേക്കാൾ ദൃഢവും ശാശ്വതവുമാണ് സ്ത്രീയുടെ പ്രണയമെന്ന സന്ദേശവും മാധവിക്കുട്ടി വായനക്കാർക്കായി സമ്മാനിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ