ബഷീറിയൻ ജീവിതദർശനം
ബഷീറിൻ്റെ സാഹിത്യദർശനത്തെക്കുറിച്ചും അതിൽ സ്വാധീനം ചെലുത്തിയ ഘടകങ്ങളെക്കുറിച്ചും ചില വസ്തുതകൾ പരാമർശിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇത് വളരെ വിപുലമായ വിഷയമാണെന്ന ബോദ്ധ്യം എനിക്കുണ്ട്. ബഷീറിൻ്റെ സാഹിത്യദർശനം സമഗ്രമായി കുറഞ്ഞ സമയത്തിൽ അപഗ്രഥിക്കുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. അടിസ്ഥാനപരമായ ചില കാര്യങ്ങൾ വിവരിക്കാനാണ് ശ്രമം.
ദർശനം എന്ന വാക്കിന് ജീവിത സംബന്ധിയായ കാഴ്ചപ്പാട് / ചിന്ത എന്ന സരളമായി വ്യാഖ്യാനം നല്കാം. ദർശനം വളരെ ഗഹനവും വ്യാപ്തിയുമുള്ള വിഷയ സഞ്ചയമാണ്. ശാഖോപശാഖകളാൽ വ്യാപരിക്കുന്ന ആശയങ്ങളുടെ തുറസ്സാണ്. ജ്ഞാനം, യാഥാർത്ഥ്യം, അസ്തിത്വം എന്നിവയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ചിന്താപദ്ധതിയാകുന്നു ദർശനം. അറിവ്, ശരിതെറ്റുകൾ, യുക്തിബോധം, മൂല്യം എന്നിവയെ സംബന്ധിക്കുന്ന അടിസ്ഥാന വസ്തുതകൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. ഒരു വ്യക്തിയോ സംഘമോ കൈക്കൊണ്ടിട്ടുള്ള നിഷ്കൃഷ്ട ആശയ പദ്ധതികളെയും വ്യവഹരിക്കാനുതകുന്ന പദമാണ് ദർശനം. ജീവിതത്തെയും അതിൻ്റെ പ്രവർത്തന രീതികളെയും സംബന്ധിക്കുന്ന ഉൾക്കാഴ്ചയും നിരീക്ഷണവും വിശകലനവും ദർശനത്തിൻ്റെ ഉൾക്കാമ്പാകുന്നു. എപ്രകാരം പ്രവർത്തിക്കണം, ജീവിക്കണം, പെരുമാറണം മുതലായ സംഗതികളെക്കുറിച്ചുള്ള വ്യക്തിനിഷ്ഠ കാഴ്ചപ്പാടുകൾ ദർശനം തന്നെയാണ്. പ്രത്യയശാസ്ത്രങ്ങളെല്ലാം ജീവിതത്തിലേക്ക് മിഴി തുറക്കുന്നവയാണ്. പ്രത്യയശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയോ അവയെ നിരാകരിച്ചോ ജീവിത ദർശനം വർത്തിക്കുന്നു.
സമൂഹം, മതം, ചുറ്റുപാടുകൾ, പ്രകൃതി, പാരമ്പര്യം എന്നിങ്ങനെ ബഷീറിനെ സ്വാധീനിച്ചതും തൻ്റേതായ കാഴ്ചപ്പാടുകൾ മെനഞ്ഞെടുക്കാൻ ബഷീറിനെ സഹായിച്ചതുമായ ഘടകങ്ങൾ നിരവധിയാണ്. അനുഭവങ്ങളുടെ കലവറയായിരുന്നു ബഷീറിന് ജീവിതം. അനുഭവങ്ങളിലൂടെയാണ് - അതിലേക്ക് കടന്നു വന്ന അന്തമറ്റ സംഭവങ്ങളിലൂടെയാണ് ബഷീർ മികച്ച ആഖ്യാതാവായത്. ഇതദേഹം വ്യക്തമാക്കിയിട്ടുണ്ട്. " ഞാൻ എഴുത്തുകാരനായത് യാദൃച്ഛിക സംഭവം ഒന്നുമല്ല.ഒമ്പതു പത്തുകൊല്ലം ലക്കും ലഗാനുമില്ലാതെ എന്നു പറഞ്ഞ മാതിരി ഇന്ത്യാമഹാരാജ്യത്തും മറ്റും കറങ്ങി….അവസാനം സ്വന്തം നാടായ കേരളത്തിൽ തിരിച്ചെത്തി. ആകെ സ്വത്തായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. അടുത്ത പടി എന്ത്? ജീവിക്കാൻ ആഹാരം വേണം. താമസിക്കാൻ വീടു വേണം. മറ്റാവശ്യങ്ങളുണ്ടല്ലോ. അതിനൊരു തൊഴിൽ വേണം. എന്തു ചെയ്യും? വളരെ ആലോചിച്ചു…..
വെയിലുകൊള്ളാനും ഒച്ചയെടുക്കാനും വയ്യ. അടുക്കും ചിട്ടയുമുള്ള ജീവിതം വയ്യ. തോന്നുമ്പോൾ തോന്നിയപോലെ. കുഴിമടിയനുമാണ്. കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞ് ആലോചിച്ചപ്പോൾ നിധി കിട്ടിയ മാതിരി ഒരെണ്ണം കിട്ടി. സാഹിത്യം.എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ഭാവനയും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിപ്പിടിച്ചിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ച്ചിരിപ്പിടിയോളമുണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി. എഴുതി" - ഇത് ബഷീറിൻ്റെ വാക്കുകളാണ്. സാഹിത്യത്തെ സംബന്ധിച്ച ദർശനം ഇപ്പറഞ്ഞതിലുണ്ട്. അത് ജീവിതഗന്ധിയാണ്. അനുഭവങ്ങളുടെ സാക്ഷാത്കാരമാണ്. സാമ്പ്രദായിക സാഹിത്യ സമീപനങ്ങളോടുള്ള വിമർശനവും അതിൽ അടങ്ങിയിട്ടുണ്ട്. ഭാവനയും ബുദ്ധിയുമൊന്നുമല്ല സാഹിത്യത്തിൻ്റെ മർമ്മമെന്ന ലളിത ദർശനത്തിലാണ് ബഷീറിയൻ സാഹിത്യത്തിൻ്റെ പൊരുൾ കുടികൊള്ളുന്നത്.
എപ്രകാരമാണ് ബഷീർ അനുഭവങ്ങളെ സ്വാംശീകരിച്ചത്? നമുക്ക് വിശകലനം ചെയ്യാം. അതിൽ പൈതൃകം, മതം, സമൂഹം, സഞ്ചാരം, മനോഭാവം മുതലായവ മുന്നിട്ടു നില്ക്കുന്നു. 1908 ജനു.19 നാണ് ബഷീർ തലയോലപ്പറമ്പിൽ ജനിച്ചത്. ഒരുപാട് പ്രാർത്ഥനയുടെ ഫലമായുണ്ടായ സന്തതി. പഠിക്കുമ്പോൾ വൈക്കത്ത് വന്ന ഗാന്ധിജിയെ തൊടാൻ സാധിച്ചെന്ന് അഭിമാനപുരസ്സരം ബഷീർ പരാമർശിച്ചിട്ടുണ്ട്. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യസമര പോരാളിയായി. ജയിൽവാസം ബഷീറിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. അഹിംസാവാദത്തോടുള്ള മമത കുറഞ്ഞു. തീവ്രവിപ്ലവപരമായ പ്രവർത്തനങ്ങളിലായി ശ്രദ്ധ. ഭഗത്സിങ്ങ് ആരാദ്ധ്യപുരുഷനായി. ഗാന്ധിയൻ ആശയങ്ങളും ഭഗത്സിങ്ങിൻ്റെ പ്രവർത്തനങ്ങളും ബഷീറിലെ പുരോഗമനവാദിയെ രൂപപ്പെടുത്തിയ ഘടകങ്ങളാണ്. രണ്ടു നേതാക്കൾ, രണ്ടു വഴി. പക്ഷേ, ലക്ഷൃം ഒന്ന്. മനുഷ്യരെ ചൂഷണമുക്തവും സമത്വ ഭരിതവും സ്വയംപര്യാപ്തവുമായ ലോകത്തേക്കാണ് അവർ നയിക്കുന്നത്. വൈവിധ്യമുള്ള, തീർത്തും പൊരുത്തപ്പെടാത്ത രണ്ടു ദർശനങ്ങൾ! പക്ഷേ, പര്യവസാനം ഒരേയിടത്തിൽ. മനുഷ്യസമൂഹത്തിൻ്റെ ക്ഷേമവും സമാധാനവും. എത്ര വിചിത്രമായ വഴികളിലൂടെയാണ് മനുഷ്യർ സഞ്ചരിക്കുന്നത്! ബഷീറിൽ സർവമത സാഹോദര്യത്തിൻ്റെയും സഹനത്തിൻ്റെയും വിശാലവീക്ഷണം രൂപപ്പെടാൻ ഇത്തരം സാമൂഹിക-രാഷ്ട്രീയ ചിന്താധാരകൾ ഇസ്ലാംമതമെന്നതുപോലെ തന്നെ കാരണമായി.
ഗാന്ധിജിയെ സ്പർശിച്ചതിൽ അഭിമാനിച്ച ബഷീർ പിന്നീട് ഭഗത്സിങ്ങിന് സമാനമായ മീശ വെച്ചു നടന്നു. തീവ്രവിപ്ലവ പ്രവർത്തനത്തിന് സഹായകമായ ഒരു മാസികയും നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ബഷീർ നാടുവിട്ടു. ബാല്യകാലസഖിയിൽ ബാപ്പയോട് പ്രതിഷേധിച്ച മജീദ് നാടുവിട്ടതു പോലെ ദീർഘകാലത്തേക്ക്. അതോടെ അന്തമില്ലാത്ത അനുഭവങ്ങളുടെ കലവറ ബഷീറിനെത്തേടിയെത്തി. ഭാരതം മുഴുവൻ സഞ്ചരിച്ചു. ഒരിക്കൽ അറേബ്യ വരെയെത്തി. വളരെ കയ്പ് നിറഞ്ഞ അനുഭവങ്ങളാണ് ബഷീറിന് നേരിടേണ്ടി വന്നത്. ജന്മദിനവും ഒരു മനുഷ്യനും ശബ്ദങ്ങളും ഒക്കെ പറയും പോലെ വിശപ്പും യാതനകളും ദാരിദ്ര്യവും നിറഞ്ഞ കാലം. ഉപജീവനത്തിനായി നിരവധി തൊഴിലുകൾ ചെയ്യേണ്ടി വന്നു. വിശപ്പിൻ്റെ തീവ്രത ബഷീറിയൻ ദർശനത്തിൻ്റെ അടിക്കല്ലായി രൂപപ്പെട്ടത് ഈ സന്ദർഭത്തിലാകാം. വിശപ്പെന്ന പരമമായ സത്യത്തിൻ്റെ മൂർത്താവിഷ്കാരമായി ബഷീർ സാഹിത്യം പരിണമിച്ചത് ഈ ലോകസഞ്ചാരത്തിലാണ്. തന്നെക്കുറിച്ചും ദേശത്തെക്കുറിച്ചുമുള്ള ധാരണ വിശാലമാക്കാൻ, സഹിഷ്ണുതയുടെയും സമഭാവനയുടെയും തലങ്ങളിലേക്കുയർത്താൻ ഈ യാത്രാ യാതനകൾ സഹായിച്ചു. ജാതിയും മതവുമല്ല മനുഷ്യൻ്റെ അടിസ്ഥാനാവശ്യം.വിശപ്പ് പരിഹരിക്കുകയെന്നതാണ്. വിശപ്പിൻ്റെ തീവ്രതയുടെ ഞെട്ടിക്കുന്ന മുഖമാണ് ജന്മദിനം എന്ന കഥ. സ്വയമനുഭവിച്ചറിഞ്ഞ, ഈ വിശപ്പാണ് അനുഭവങ്ങളുടെ ആഴക്കടലിലെ സാഹിത്യമോഹത്തെ ഉരുത്തിരിച്ചത്. സാഹോദര്യം, സ്നേഹം, നന്മ മുതലായ വിശേഷങ്ങൾ ബഷീറിയൻ സാഹിത്യത്തിൻ്റെ മുദ്രകളായി. വിശപ്പിന് മുന്നിൽ എല്ലാ ഭേദങ്ങളും അപ്രസക്തമാവുന്നത് ബഷീർ തിരിച്ചറിഞ്ഞു.
ഈ ലോകത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചും തന്നെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചുമുള്ള ബഷീറിയൻ കാഴ്ചപ്പാടുകളെയാണ് ബഷീറിയൻ ദർശനം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ബഷീറിൻ്റെ കൃതികൾ അതിൻ്റെ പരിസ്ഫുരണമാകുന്നു. ബഷീർ പരമപ്രധാനമായി കാണുന്നത് വ്യക്തിയുടെ - അഥവാ മനുഷ്യൻ്റെ -സാമൂഹികമായ അസ്തിത്വത്തെയാണ്. അതിനാണ് അദ്ദേഹം ഊന്നൽ നല്കുന്നത്. അസ്തിത്വത്തിന് ശേഷമാണ് ബോധം. ഈ ചിന്താപദ്ധതിയുടെ പ്രകാശം ബഷീറിൻ്റെ സാഹിത്യ ചക്രവാളത്തിൽ തെളിഞ്ഞു കാണാം. മതം, ജാതി മുതലായ ഘടകങ്ങളെ മനുഷ്യൻ്റെ നിലനില്പിനോ ഉപജീവന സൗകര്യത്തിനോ വേണ്ടിയുള്ള സൗകര്യങ്ങളായി അദ്ദേഹം വിഭാവനം ചെയ്യുന്നു. സർവചരാചരങ്ങളോടുള്ള കളങ്കരഹിതമായ സ്നേഹമാണ് ഈ ദർശനത്തിൻ്റെ പതാക.
ഓർമ്മയുടെ അറകൾ എന്ന കൃതി ബഷീറിൻ്റെ ജീവിത സ്മരണകളാണ്. വളരെ മൗലികമായ തൻ്റെ ദർശനം
ബഷീർ ഇതിൽ അവതരിപ്പിക്കുന്നു. വളരെ സരസമായ ആഖ്യാന ഘടനയാണ് ഈ കൃതിക്കുള്ളത്. ഇന്നത്തെ തന്നെ പരുവപ്പെടുത്തുന്നതിൽ കുട്ടിക്കാലത്തെ അനുഭവങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അതിലദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഒന്നിനെയും ഉപദ്രവിക്കാൻ പാടില്ലെന്ന ദർശനം പിതാവിൽ നിന്നും ബഷീർ കൈപ്പറ്റിയതാന്ന്. അതിൻ്റെ പശ്ചാത്തലമായി ഒരു നീർക്കോലിയെ കുടുക്കിട്ടു പിടിച്ച കഥ ബഷീർ വിശദീകരിക്കുന്നുണ്ട്. പിതാവിൻ്റെ താക്കീത് ബഷീറിൻ്റെ സാഹിത്യ ജീവിത ദർശനമായി ഉയിർത്തു. ഭൂമിയുടെ അവകാശികളിലും പാത്തുമ്മയുടെ ആടിലും മറ്റ് കൃതികളിലും കാണുന്ന ചരാചര പ്രേമത്തിൻ്റെ ദർശന സാകല്യത്തിന് പൈതൃകമൊഴികളും ഒരു ഘടകമത്രെ. ബഷീർ പറയുന്നു: "ജീവികളെല്ലാം സർവ സ്വതന്ത്രർ... ഒരു ജീവിയെയും വേദനിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അല്ലാഹുവിൻ്റെ കലാസൃഷ്ടിയാകുന്നു എല്ലാം. എല്ലാം മാനവ ജനതയെപ്പോലെ ജനത." ഹിംസയും അതിനെ ചുറ്റിപ്പറ്റിയുള്ള ദുഷ്ട വികാരങ്ങളും ബഷീർ കൃതികളിൽ എവിടെയെങ്കിലും കാണാൻ സാധിക്കുമോ? ഇല്ല. ജീവിതത്തെ വളരെ സരളമായും സരസമായും സുതാര്യതയോടെയും സമീപിക്കുന്ന സഹൃദയൻ്റെ ഹൃദയവിശാലതയാണ് അദ്ദേഹത്തിൻ്റെ കൃതികളിൽ കാണുന്നത്. പരിസ്ഥിതിയുമായി മനുഷ്യൻ ഹൃദയബന്ധത്തിലേർപ്പെടണമെന്ന ദർശനവും ബഷീറിയൻ സാഹിത്യത്തിലുണ്ട്.
ഇസ്ലാം മതത്തെക്കുറിച്ച് വ്യക്തമായ നിലപാട് ബഷീറിനുണ്ട്. ഇസ്ലാംമതം യുക്തിവാദത്തിൻ്റെ മതമത്രെ. ഇസ്ലാം വളരെ വളരെ ലളിതമായ മതവും ഉത്തമമായ ജീവിതരീതിയുമാണെന്ന് ബഷീർ വ്യക്തമാക്കുന്നു. സർവലോകസാഹോദര്യവും സ്നേഹവും നന്മയുമാണ് അതിൻ്റെ കാമ്പ്. അതിന് സംഭവിച്ച ഗതിവ്യതിയാനങ്ങളിലേക്കും ബഷീർ വിരൽചൂണ്ടുന്നു. എവിടെ നിലപാട് പറയുമ്പോഴും ഭയത്തിൻ്റെ നിഴൽപ്പാട് അദ്ദേഹത്തെ ബാധിക്കുന്നില്ല. ശുദ്ധവും കാര്യമാത്ര പ്രസക്തവുമായ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള വിമർശനം ഏതുമതത്തെയും സ്വയം നവീകരിക്കാൻ സഹായിക്കും. മാറ്റത്തിനുള്ള ഉൽപ്രേരകമായി അതുമാറും. ഇസ്ലാംമതത്തിൻ്റെ സാരാംശം ബഷീർ ഗ്രഹിച്ചിരുന്നു. അതിൻ്റെ യുക്ത്യധിഷ്ഠിത നിലപാടുകളിൽ അഭിമാനിച്ചു. എന്നാൽ, അതിൽത്തന്നെ വന്നുചേർന്നിട്ടുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരിഷ്കരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തനിക്ക് എല്ലാ മതവിഭാഗങ്ങളിലും നല്ല സുഹൃത്തുക്കളുണ്ട്. മതസൗഹാർദ്ദത്തിൻ്റെ പരവതാനിയാണ് ബഷീറിൻ്റെ സാഹിത്യവും ജീവിതവും. അപ്രകാരമുള്ള അനുഭവങ്ങളും ഓർമ്മയുടെ അറകളിൽ അദ്ദേഹം പങ്കുവെക്കുന്നു.
എന്താണ് നന്മ- ഈ സംശയം എല്ലാവർക്കുമുണ്ടാകാം. ബഷീർ ലളിതമായി അത് വിശദമാക്കുന്നു: ''വെള്ളം കിട്ടാതെ വാടിത്തളർന്ന് നില്ക്കുന്ന ഒരു ചെടി എവിടെയെങ്കിലും കണ്ടിട്ട് നിങ്ങൾ ലേശം വെള്ളം കൊണ്ടുവന്ന് അതിൻ്റെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ അത് നന്മ! വഴിയിൽ കിടക്കുന്ന മുള്ളെടുത്ത് കളയുന്നതും നന്മ!'' - ഈ പശ്ചാത്തലം മുൻനിർത്തി വളരെ മനോഹരമായ ഒരു കഥ ബഷീർ രചിച്ചിട്ടുണ്ട്. തേന്മാവ്. അദ്ദേഹത്തിൻ്റെ കൃതികളുടെയെല്ലാം സാരാംശം ഈ നന്മയാണ്. "പരസ്പരപ്രണയാമൃത തരുവിൻ ഫലപ്രകാണ്ഡമാണ് ' ഈ ലോകമെന്ന് തെളിയിക്കുകയാണ് ബഷീർ. സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണ് ബഷീറിൻ്റെ കൃതികൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
1943ൽ പ്രേമലേഖനം എന്ന കൃതിയോടെയാണ് ബഷീർ സാഹിത്യ രംഗത്തേക്ക് വരുന്നത്. രൂക്ഷമായ സ്ത്രീധന പ്രശ്നത്താൽ വിവാഹം വഴിമുട്ടിയ സാറാമ്മയെന്ന തൻ്റേടിയായ ക്രിസ്ത്യൻപെൺകുട്ടിയെ കേശവൻ നായരെന്ന ഹിന്ദു പ്രണയിക്കുകയാണ്. രസകരമായി വിടരുന്ന ഈ ലഘുനോവൽ സ്ത്രീധനത്തിനെതിരായ കലാപമാണ്. മതനിരപേക്ഷതയുടെ അടിയന്തരാവശ്യമായ മിശ്രവിവാഹത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു.അതോടൊപ്പം, ഒരു ജാതിയിലും മതത്തിലും പെടാതെ മക്കളെ വളർത്താമെന്ന നിർദ്ദേശം മുന്നോട്ടു വെക്കുകയും ചെയ്യുന്നു. ഏതു മതത്തിൽ ചേരണമെന്ന് ബുദ്ധിവികാസം വന്ന ശേഷം ഒരു ബാലകന് തീരുമാനിക്കാം. ഏത് രാഷ്ട്രീയപ്പാർട്ടിയിൽ ചേരണമെന്നതും അതുപോലെത്തന്നെ. ജാതി മത മുക്ത ലോകത്തിന് സംഭാവനയായി ഭാവി സന്താനത്തിനായി അവർ സങ്കല്പിക്കുന്ന പേര് ആകാശമിഠായി എന്നാണ്. ഇപ്രകാരമുള്ള ഭാവനയുടെ യഥാതഥസഞ്ചാരം അപാരം തന്നെ എന്നു പറയാം. ഈ കാഴ്ചപ്പാടുകൾ വരേണ്യവർഗ്ഗ വിരുദ്ധമാകയാൽ കൃതി തന്നെ നിരോധിക്കപ്പെടാൻ കാരണമാവുകയും ചെയ്തു. സമ്പൂർണ്ണമായ സാമൂഹിക പരിവർത്തനത്തിനുള്ള പ്രചോദന ഘടകമാവുകയായിരുന്നു ബഷീറിയൻ സാഹിത്യം.
1944ൽ രചിച്ച ബാല്യകാല സഖി ജീവിതത്തിൻ്റെ ദുരിതമയമായ ആഴങ്ങൾ വരച്ചുകാട്ടി. മജീദും സുഹ്രയും മലയാളികൾക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളായി. ജീവിതസുഖമെന്തെന്നറിയാത്ത, യാതനകളുടെ പാരാവാരം മാത്രമാകുന്ന ജീവിതങ്ങളും ഈ ലോകത്തിലുണ്ടെന്ന ദർശനം ഈ കൃതി മുന്നോട്ടുവെച്ചു. ''ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി വല്യ ഒന്ന് '' എന്ന ജീവിത ദർശനം മജീദിലൂടെ ബഷീർ പാകപ്പെടുത്തുന്നു.
സ്വാതന്ത്ര്യാനന്തരം പ്രസിദ്ധപ്പെടുത്തിയ 'ൻ്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു' എന്ന കൃതി മുസ്ലീം സമുദായം കൂടുതൽ പരിഷ്കരിക്കപ്പെടേണ്ടതിലേക്കും വിദ്യാഭ്യാസം നേടേണ്ടതിലേക്കും വിരൽ ചൂണ്ടുന്നു. ഉപ്പൂപ്പാൻ്റെ ആന വലിയൊരു കുയ്യാനയായിരുന്നുവെന്ന ' തിരിച്ചറിവ് പരമ്പരാഗതമായ പിന്തിരിപ്പൻ വാദങ്ങളെ തള്ളിക്കളയാൻ പ്രേരിപ്പിക്കുന്നു. പരിഷ്കൃത കഥാപാത്രങ്ങളായ നിസാർ അഹമ്മദും ആയിഷയും പാരമ്പര്യത്തിൻ്റെ മിഥ്യാലോകത്തുപെട്ട കുഞ്ഞുപ്പാത്തുമ്മയ്ക്ക് വിദ്യാഭ്യാസത്തിലൂടെ ലോകപരിചയം നല്കുകയാണ്. ഇത്തരം കാഴ്ചപ്പാടുകൾ ബഷീർ സാഹിത്യത്തിന് എന്നും പുതുമ നല്കി.
ഇപ്രകാരം സാമ്പ്രദായികതയെ നിഷേധിക്കുന്നതാണ് ബഷീറിൻ്റെ എഴുത്ത്. ഇതിൽ നിന്നും പുരോഗമനപരമായ എല്ലാ ജീവിതപ്പുതുമകളെയും സ്വാഗതം ചെയ്യുന്നതും, ഭേദമില്ലാത്ത സാർവത്രിക സൗഹൃദത്തിൻ്റെ അപാരതയെ വരവേല്ക്കുന്നതും സാഹോദര്യം, നന്മ, സ്നേഹം എന്നീ സദ്ഗുണങ്ങൾ വിളംബരം ചെയ്യുന്നതുമാണ് ബഷീറിയൻ ദർശനം എന്നും അതിൻ്റെ സാക്ഷ്യപത്രങ്ങളാണ് അദ്ദേഹത്തിൻ്റെ കൃതികൾ എന്നും അഭിപ്രായപ്പെടാം.
യുവാക്കളെയും യുവതികളെയും സംബോധന ചെയ്തു കൊണ്ട് ബഷീർ പുതു തലമുറയുടെ ആർജ്ജവത്തെയും ആത്മസമർപ്പണത്തെയും പ്രകീർത്തിച്ചുകൊണ്ട് ഇപ്രകാരം അവരോടുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നു:
''യുവാക്കളേ, യുവതികളേ
എല്ലാം ഞങ്ങൾ നിങ്ങളിൽ സമർപ്പിച്ചിരിക്കുകയാണ്. നിങ്ങൾക്കുള്ളതാണഖിലവും;നിങ്ങൾ തന്നെയാണഖിലവും.പോകുക! ഉജ്വല ഗംഭീരങ്ങളായ സംഗ്രാമഗീതങ്ങളാൽ പ്രപഞ്ചത്തെ ഞെട്ടിച്ചുണർത്തിക്കൊണ്ട്, അവസാനിക്കാത്ത ധീര പ്രവൃത്തികളിൽ ലോകത്തെ പുതുക്കിക്കൊണ്ട്, ആശയും ആവേശവും നിറഞ്ഞ യുവത്വമേ, പോവുക! മുന്നോട്ട്!''
ഗണേശൻ.വി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ